ഒരിക്കല്‍ മഹാദേവന്‍ സതീദേവിയോടോത്ത് അഗസ്ത്യ മുനിയെ സന്ദര്‍ശിക്കാന്‍ ഇടയായി. മഹര്‍ഷി പറഞ്ഞ ഹരികഥകള്‍ കേട്ടു സന്തുഷ്ടരായി തിരിച്ചെത്തിയ ശേഷം മാരീചനിഗ്രഹം കഴിഞ്ഞ് സീതാവിരഹ ദുഖാര്‍ത്തനായി വനത്തില്‍ അലയുന്ന രാമദേവനെ കാണാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഹരിയുടെ അവതാരരഹസ്യം നല്ല പോലെ അറിയാമായിരുന്ന മഹാദേവന്ന് മനസ്സില്‍ ഭക്തിബഹുമാനങ്ങള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം രാമനാമം സദാ ജപിച്ചുകൊണ്ടിരുന്നു. അത് കണ്ട സതീദേവിക്ക് മനസ്സില്‍ വലിയ സംശയങ്ങള്‍ ഉദിച്ചു. മഹേശ്വരനായി എല്ലാവരാലും വാഴ്ത്തപ്പെടുന്ന തന്‍റെ പതി മറ്റൊരു ദേവനെ സ്മരിക്കുന്നതിന്‍റെ രഹസ്യം ആസാധ്വിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രാപഞ്ചിക ദു:ഖങ്ങള്‍ അനുഭവിച്ചു കൊണ്ടു വിരഹാര്‍ത്തനായി വനത്തില്‍ അലയുന്ന നിസ്സഹായനായ ഒരു രജപുത്രകുമാരനെ എന്തിന്നാണ് സര്‍വ്വലോക മഹേശ്വരനായ തന്‍റെ പതി ഭക്തിപൂര്‍വം സ്മരിക്കുന്നത്. ഇത്തരമൊരു മനുഷ്യനെ എങ്ങിനെയാണ് സച്ചിദാനത്തിന്‍റെയും മോക്ഷത്തിന്‍റേയും പരമധാമമായി കണക്കാക്കുന്നത്. അങ്ങിനെ പോയി ദേവിയുടെ വൃഥാ സന്ദേഹങ്ങള്‍. വിവരം മനസ്സിലാക്കിയ മഹാദേവന്‍ രാമമാഹാത്മ്യം ആവുംവിധം പറഞ്ഞു കൊടുത്തെങ്കിലും ദേവിക്കത് ബോധ്യപ്പെട്ടില്ല. രാമനെ ഒന്നു പരീക്ഷിക്കണമെന്ന് തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി. ദക്ഷസുതയ്ക്ക് സംഭവിക്കാനിരിക്കുന്ന അമംഗളം ശിവന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം രാമനാമജപത്തില്‍ തന്നെ വീണ്ടും ഏകാഗ്രതയോടെ വ്യാപൃതനായി.
വനത്തില്‍ സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ടു നടന്ന രഘു രാമന്‍റെ മുന്നില്‍ സതീദേവി സീതാരൂപം ധരിച്ച് പ്രത്യക്ഷപ്പെട്ടു. സ്മരണമാത്രേണ എല്ലാ അജ്ഞാനങ്ങളും നീക്കാന്‍ പ്രാപ്തനായ ഹരിയുടെ മനസ്സില്‍ കപടവേഷ ധാരിണിയായി നില്‍ക്കുന്ന സതീദേവിയുടെ രൂപം പെട്ടെന്നു തന്നെ വ്യക്തമായി. പ്രഭു പ്രപഞ്ചമാതാവിനെ വന്ദിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “ദശരഥപുത്രനായ ഈ രാമന്‍ അമ്മയെ വന്ദിക്കുന്നു. മഹാദേവനെ കൂടാതെ അമ്മ ഈ ഘോരവനത്തില്‍ എന്താണ് തനിയെ നടക്കുന്നത്?”
സ്വന്തം ജാള്യതയില്‍ സങ്കോചപ്പെട്ടുകൊണ്ട് ഒന്നും പറയാനാകാതെ ദേവി നമ്രശിരസ്കയായി ശിവസന്നിധിയിലേക്ക് തന്നെ തിരിച്ചു പോകുമ്പോള്‍ മഹാപ്രഭു മറ്റൊരു അത്ഭുതം കൂടി അവള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സീതാലക്ഷ്മണ സമേതനായി അതാ ശ്രീരാമന്‍ മുന്നില്‍ നില്‍ക്കുന്നു. സിദ്ധമുനീശ്വരസേവിതനായി, ചുറ്റിനും ബ്രഹ്മവിഷ്ണു മഹേശ്വര മൂര്‍ത്തികളും എണ്ണമറ്റ അന്യദേവതാദേവിമാരും ശ്രീരാമനെ വലം വെച്ചുകൊണ്ടിരിക്കുന്നു. അവരേയും വലം വെച്ചു കൊണ്ടു പ്രപഞ്ചത്തിലെ സമസ്തകോടി ജീവികളും രാമപാദങ്ങളെ തന്നെ പൂജിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതസ്ഥബ്ധയായ ദേവിയുടെ ഹൃദയത്തുടിപ്പുകള്‍ വര്‍ധിച്ചു. ശരീരബോധം നഷ്ടപ്പെട്ടപോലെയായി. അല്പം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ തന്‍റെ മഹാമായയെ പിന്‍വലിച്ചു. വല്ലാതെ ക്ഷീണിച്ച് വിറച്ച് ഭര്‍ത്തൃസവിധത്തിലെത്തിയ ദേവിയെ നോക്കി മഹാദേവന്‍ ചോദിച്ചു “ഏത് വിധത്തിലാണ് രാമനെ പരീക്ഷിച്ചത്? എന്നിട്ടെല്ലാം വ്യക്തമായോ?”
“ഞാന്‍ പരീക്ഷിക്കാനൊന്നും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ടു പ്രണാമം അര്‍പ്പിച്ചു പോന്നു.” ദേവി ഒരു വ്യാജം പറഞ്ഞു.
സതീദേവി സീതാദേവിയുടെ രൂപമെടുത്ത് ഭഗവാന്‍റെ മുന്നില്‍ ചെന്നത് അക്ഷന്തവ്യമായ അപരാധമായി മഹാദേവന്ന് തോന്നി. അടക്കിയ തീക്കനലു കളുമായി സതീദേവി കൈലാസത്തില്‍ പതിയുടെ ലാളനകള്‍ ലഭിക്കാതെ കുറെക്കാലം കഴിച്ചു കൂട്ടി. തന്‍റെ തെറ്റിന് പരിഹാരം എന്തെന്ന് ചിന്തിച്ച് അവള്‍ ഏറെ വിഷമിച്ചു. പാപം ചെയ്ത തന്‍റെ ശരീരം എളുപ്പത്തില്‍ വീണു പോകേണമേയെന്നവള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ഇങ്ങിനെ 87000 വര്‍ഷങ്ങള്‍ ദേവി ദു:ഖനിമഗ്നയായി കഴിച്ചു കൂട്ടിയെന്നാണ് പുരാണങ്ങള്‍ പറയുന്നത് ആയിടക്കാണ് ദക്ഷയാഗം സംഭവിക്കുന്നത്.
No comments:
Post a Comment