ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2023

ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

രാമായണ കഥയിൽ
രഥചക്രത്തിൽ, ഊരിപ്പോയ ആണിയുടെ സ്ഥാനത്ത് വിരൽ കടത്തി, രഥത്തെ രക്ഷിച്ചപ്പോൾ; കൈകേയിയുടെ വിരലെന്താ ചതയാതിരുന്നത്.?

ദശരഥമഹാരാജാവ് യുദ്ധത്തിൽ കേമനായിരുന്നു. ഒരേസമയം പത്ത് ദിശകളിൽ തേര് പായിക്കാൻ കഴിവുള്ള ആളായിരുന്നതുകൊണ്ടാണ് ദശരഥൻ എന്ന പേര് തന്നെ വന്നത്.

ദശരഥന്റെ ഈ അസാമാന്യ യുദ്ധപാടവം ദേവൻമാർ വരെ ശ്രദ്ധിച്ചിരുന്നു. 
ഒരിക്കൽ, ദേവാസുരയുദ്ധം നടന്നപ്പോൾ, ദേവപക്ഷത്തെ സഹായിക്കാൻ ദശരഥനോട് ഇന്ദ്രൻ അപേക്ഷിച്ചു.

കേകയരാജാവായ അശ്വപതിയുടെ മകളായ കൈകേയിയെ ദശരഥരാജാവ് വിവാഹം ചെയ്ത സമയമാണ്. കൈകേയിയെ പിരിഞ്ഞിരിക്കാൻ ഉള്ള വിഷമത്തിൽ ദശരഥൻ, ആകെ കഷ്ടത്തിലായി. ദേവാസുരയുദ്ധമാണ്! എത്ര കാലം നീണ്ടു നിൽക്കും എന്നൊന്നും ആർക്കും പറയാൻ പറ്റില്ല.

ദേവേന്ദ്രൻ, യുദ്ധത്തിൽ സഹായിക്കാൻ ആവശ്യപ്പെട്ട് ആളെ വിട്ടതറിഞ്ഞ കൈകേയി, രാജാവിനോടു ചോദിച്ചു.

"പോണില്ലേ യുദ്ധത്തിന്?"

"പോണില്ലാന്ന് വെച്ചാലോന്നാ ....!"

"അതെന്താ!?"

കൈകേയിയുടെ ചോദ്യത്തിന് രാജാവ്, ഉള്ള കാര്യം പറഞ്ഞു.
"നിന്നെ പിരിഞ്ഞിരിക്കാനൊരു മടി!"

"എന്നാ പിന്നെ, ഞാനുംകൂടി യുദ്ധത്തിന് വന്നാലോ?എനിക്കും ദേവലോകമൊന്നു കാണാലോ..!!"

"യുദ്ധത്തിനോ..! നിനക്ക് പേടിയില്ലേ?"

"എന്തിന് ? അങ്ങെന്റെ അടുത്തുള്ളപ്പോൾ ഞാൻ പേടിക്കേണ്ട കാര്യമെന്താ!"

അങ്ങനെ ഇരുവരും ദേവവിഭാഗത്തിനെ യുദ്ധത്തിൽ സഹായിക്കാൻ ദേവലോകത്തെത്തി.

അങ്ങനെ, യുദ്ധക്കാഴ്ചകൾ കണ്ട്, കൈകേയി തേരിൽ ഇരിക്കുമ്പോൾ, അപ്രതീക്ഷിതമായി ദശരഥന്റെ തേരിന്റെ അച്ചുതണ്ട് പൊട്ടിപ്പോയതും (ആണി ഊരിപ്പോയി എന്നും പറയാറുണ്ട് ) തേര് മറിയാതിരിക്കാൻ, യുദ്ധം തീരുംവരെ, തന്റെ കൈ, അച്ചുതുളയിൽ കയറ്റി, തേരിനെ രക്ഷിച്ചതും പ്രശസ്തമായ കഥയാണ്.

യുദ്ധശേഷം, ഭാര്യയുടെ ഈ ധീരതയറിഞ്ഞ ദശരഥൻ, രണ്ട് വരങ്ങൾ കൊടുത്തതും; 'വരങ്ങൾ ഇപ്പോൾ വേണ്ട; ആവശ്യ സമയത്ത് ചോദിച്ചു വാങ്ങിക്കോളാം.' എന്ന്, കൈകേയി പറഞ്ഞതും രാമായണത്തിലെ പ്രശസ്ത ഭാഗങ്ങളാണ്. പിന്നീട്, രാമനെ പതിനാല് വർഷം കാട്ടിലേക്കയച്ചതും സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടതും ഏവർക്കുമറിയാവുന്ന കഥകളാണ്.

എന്നാൽ, ഈ കഥ കേട്ട ആർക്കും തോന്നേണ്ടതായ ഒരു സംശയമുണ്ട്.
കറങ്ങിക്കൊണ്ടിരിക്കുന്ന തേരിൽ, സ്വന്തം കൈ കടത്തിയിട്ടും; കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നതെന്താണ്!? 
ഒന്നു ചതഞ്ഞതു പോലുമില്ലേ!?

ഒരു പോറൽ പോലുമേറ്റിട്ടില്ല എന്നതാണ് സത്യം!

എന്തുകൊണ്ടാണ് കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നത് എന്നറിയണമെങ്കിൽ, നമ്മൾ കഥയിലൂടെ കുറേ കാലം പുറകിലേക്ക് സഞ്ചരിക്കണം.

കേകയരാജ്യത്തെ രാജാവായ അശ്വപതിയുടെ കുറേ മക്കളിൽ, ആൺമക്കളേക്കാൾ രാജാവിന് ഇഷ്ടവും വാത്സല്യവും കൊഞ്ചിക്കലുമെല്ലാം; മകളായ കൈകേയിയോടായിരുന്നു.
അങ്ങനെ ഒരു നാൾ, കൊട്ടാരത്തിൽ, ഉതഥ്യൻ എന്നൊരു മുനി അതിഥിയായെത്തി.

നീണ്ട യാത്ര കഴിഞ്ഞുവന്ന മുനി, ഭക്ഷണം കഴിച്ച് കിടന്നതും, കൂർക്കം വലിച്ചുറക്കമായി.
വായ അൽപം തുറന്നുപിടിച്ച് ഉറങ്ങുന്ന മഹർഷിയെ കണ്ടപ്പോൾ, കൈകേയിക്കൊരു കുസൃതി തോന്നി.
മുനിയുടെ മുഖത്ത്, തനിക്കറിയാവുന്ന ചിത്രങ്ങളൊക്കെ കൈകേയി കരി കൊണ്ട് വരച്ചുചേർത്തു!
ചിത്രംവരയുടെ ഹരം കയറിക്കയറി, ചില വരകൾ അമർത്തി വരച്ചതും; മുനി ഉണർന്നു. കാഴ്ച കണ്ടുനിൽക്കുന്ന പലരും ചിരിയടക്കി.
എന്താണ് സംഭവം എന്നറിയാതെ, ചുറ്റും നോക്കിയ മുനിക്ക്, കൈകേയീകുമാരിതന്നെ ഒരു വാൽക്കണ്ണാടി കൊടുത്തു.
'എങ്ങനെയുണ്ട് ഞാൻ എന്ന് സ്വന്തം മുഖം കണ്ട് പറയൂ.' എന്ന ഭാവത്തിൽ, മുനിയെ നോക്കിയ കൈകേയിയെ, മുനി ക്രുദ്ധനായി നോക്കി.

 ഉറക്കം പോയതിന്റെ ദേഷ്യം. പൊതുസഭയിൽ അപമാനിച്ചതിന്റെ ദേഷ്യം... അങ്ങനെ, അടിമുടി വിറച്ച മുനി രാജകുമാരിയെ ശപിച്ചുകളഞ്ഞു!
"നീ കാരണം, എന്നെ നോക്കി പലരും പരിഹസിച്ചു ചിരിച്ചു. ഇതുപോലെ ഒരു നാൾ, ഈ ലോകം മുഴുവൻ നിന്നെ പരിഹസിക്കുന്ന കാലം വരും. നിനക്ക്, നനച്ചാലും കുളിച്ചാലും; എന്ത് പരിഹാരം ചെയ്താലും മാറ്റാൻ കഴിയാത്ത ദുഷ്ക്കീർത്തി വന്നുപെടും. ആ ചീത്തപ്പേരു മൂലം, ഈ ലോകത്ത്, നിന്റെ മോനടക്കം ആരും നിന്റെ മുഖത്തു നോക്കാത്ത കാലം വരും."

ഇത്രയും പറഞ്ഞ് ഇറങ്ങിപ്പോകാൻ തുടങ്ങിയ മുനിയെ, ഇടതു കൈനീട്ടി കൈകേയി തടഞ്ഞു.
ശാപം കൊടുത്ത തന്റെ നേരെ ഇത്രയും ധൈര്യത്തിൽ;
ഒരു ഇടർച്ച പോലുമില്ലാതെ നിൽക്കുന്ന കൈകേയിയെ കണ്ട് മുനി ഒന്ന് അമ്പരന്നു!

ശാപവും ദേഷ്യവും മൂലം, വരുമ്പോൾ കയ്യിൽ കൊണ്ടുവന്ന, ദണ്ഡും തീർത്ഥക്കിണ്ടിയുമെല്ലാം മറന്നായിരുന്നു മുനിയുടെ മടങ്ങിപ്പോക്ക്.
ഇങ്ങനെ ഇടംകൈ നീട്ടി, ക്രുദ്ധനായ മുനിയെ തടഞ്ഞ്, മുനി മറന്നുവെച്ച തീർത്ഥക്കിണ്ടിയും ദണ്ഡും അദ്ദേഹത്തിന് നൽകി, കൈകേയി, ധൈര്യപൂർവം കൈകൂപ്പി തൊഴുത്, മുനിയെ നമസ്ക്കരിച്ചു.

എന്നിട്ട്, കണ്ണു നിറയ്ക്കാതെ, വാക്കുകൾ ഇടറാതെ പറഞ്ഞു,
"മഹർഷേ, എന്റെ മൂത്ത ജ്യേഷ്ഠനോടോ അച്ഛനോടോ കാണിക്കുന്ന ഒരു നിർദ്ദോഷമായ കുസൃതി പോലെ മാത്രമേ ഞാനീ ചിത്രം വരയ്ക്കലിനെ കണ്ടിരുന്നുള്ളൂ. ഞാൻ ചെയ്ത തെറ്റിന് അങ്ങെനിക്ക് മാപ്പ് തരണം 

വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ. 

'ശപിച്ചും പോയല്ലോ!
എന്നാലും, ഇടംകൈ നീട്ടി എന്നെ തടഞ്ഞ രാജകുമാരിയുടെ ആ നിൽപ് എന്തൊരു ഗംഭീരമായിരുന്നു!
സധൈര്യം... അക്ഷോഭ്യയായി.

മഹർഷി ഒന്നയഞ്ഞു.

"മകളേ, ശാപം വാങ്ങൽ നിന്റെയൊരു നിയോഗമായിരിക്കാം. അത് സംഭവിക്കുകതന്നെ ചെയ്യും.
പക്ഷേ, ഞാൻ നിന്റെ ഈ ധൈര്യത്തിനും ഈ തുറന്നു പറച്ചിലിനും നിനക്കൊരു വരം തരാൻ പോകുന്നു.
ശപിച്ച ആ സമയത്തുപോലും എന്നെ തടഞ്ഞ നിന്റെ ഈ ഇടതു കൈ, ഇന്നു മുതൽ വജ്രം പോലെ ഉറപ്പുള്ളതായിരിക്കും."

അപ്പോൾ അതാണ്.
ഇളകിപ്പോയത് തേരിന്റെ അണിയായാലും അച്ചുതണ്ടായാലും അവിടെ കൈകേയി വെച്ചത് വിരലായാലും കൈ മുഴുവൻതന്നെ ആയാലും, അതിനൊരു പോറൽ പോലുമേൽക്കില്ല! വജ്രമാണത്.
വജ്രം.

No comments:

Post a Comment