ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2023

ചിട്ടതെറ്റാതെ കൊട്ടിയൂര്‍ ചടങ്ങുകള്‍

ചിട്ടതെറ്റാതെ കൊട്ടിയൂര്‍ ചടങ്ങുകള്‍

ദൈവത്തെ കാണല്‍ ദൈവത്തെ കാണല്‍ ചടങ്ങാണ് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വൈശാഖ മഹോല്‍സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യ ചടങ്ങ്. ദൈവത്തെ മലയിറക്കലും മണത്തണ പൊടിക്കളത്തില്‍ ദൈവത്തെ കാണലുമാണ് ചടങ്ങുകളില്‍ പ്രധാനം. ഇതോടെയാണ് കൊട്ടിയൂരും മണത്തണയും വൈശാഖോല്‍സവ നാളുകളിലേക്കു പ്രവേശിക്കുന്നത്. കാടന്‍ ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്‍ എന്നിവരാണ് ദൈവത്തെ കാണല്‍ ചടങ്ങിലെ പ്രധാനികള്‍. അവില്‍, നാളികേരം, പഴം, കള്ള് എന്നിവ ദൈവത്തിനു നിവേദിക്കുക. പ്രക്കൂഴം മേടമാസത്തിലെ വിശാഖം നാളില്‍ നടക്കുന്ന പ്രക്കൂഴത്തോടെയാണ് വൈശാഖോല്‍സവത്തിന്റെ തുടക്കം. ഉല്‍സവത്തിനുള്ള നെല്ല് അളന്നെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രക്കൂഴം എന്ന പേരുവന്നത്. നെല്ലു കുത്താന്‍ കൂഴത്തിനു കൊടുക്കുന്നതുമായി ബന്ധപ്പെട്ട പുറക്കൂഴം എന്നതു ലോപിച്ചാണു പ്രക്കൂഴമായത്. സമുദായ ഭട്ടതിരി, ക്ഷേത്രം ഊരാളന്മാര്‍, പടിഞ്ഞിറ്റ നമ്പൂതിരി, ഏഴില്ലക്കാര്‍, കണക്കപ്പിള്ളമാര്‍, നമ്പീശന്മാര്‍, ഓച്ചര്‍മാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും. ഇക്കരെ കൊട്ടിയൂര്‍ മഹാക്ഷേത്ര സന്നിധാനത്തിലും മന്ദംചേരിയിലും ബാവലി പുഴയിലും ആയില്യാര്‍ കാവിലുമായാണ് ചടങ്ങുകള്‍. കുത്തോടില്‍ നടക്കുന്ന അടിയന്തിര യോഗത്തിനു ശേഷമാണ് ചടങ്ങുകളുടെ തുടക്കം. ആദ്യം അവലളവാണ് നടക്കുക. പുല്ലഞ്ചേരി നമ്പൂതിരിപ്പാട് ക്ഷേത്രാവശ്യത്തിനുള്ള അവല്‍ അളക്കും. പിന്നീട് ഒറ്റപ്പിലാന്‍, പുറങ്കലയന്‍, ആശാരി, പെരുവണ്ണാന്‍, കൊല്ലന്‍, കാടന്‍, തൃക്കൈകുട കണിശന്‍ എന്നിവര്‍ ചേര്‍ന്നു തണ്ണീര്‍കുടി ചടങ്ങ് ഇക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ നടത്തുന്നു.
രണ്ടു ഭാഗങ്ങളായി നടന്ന തണ്ണീര്‍കുടി തുടര്‍ന്ന് മന്ദംചേരി വലിയ മാവിന്‍ചുവട്ടില്‍ പൂര്‍ത്തീകരിക്കുകയും ബാവലി പുഴയിലെ കെട്ടിനുള്ള സ്ഥാനം നിശ്ചയിക്കുകയും ചെയ്യുന്നു. തണ്ണീര്‍കുടി ആദ്യഭാഗത്തിനു ശേഷം ആയില്യാര്‍കാവില്‍ ശുദ്ധികലശം. തുടര്‍ന്ന് ഇക്കരെ ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ നെല്ലളവ് നടത്തുന്നു. തിടപ്പള്ളിയില്‍ ചൊരിയുന്ന നെല്ല് പടിഞ്ഞിറ്റ നമ്പൂതിരി പൂജിക്കും. രാത്രി പടിഞ്ഞിറ്റ നമ്പൂതിരി ആയില്യാര്‍കാവില്‍(ആയിരം വില്ലുകാര്‍കാവ്) വിളക്കുവച്ചു നിഗൂഢ പൂജ നടത്തും. അര്‍ധരാത്രി പൂജ അവസാനിക്കുമ്പോള്‍ അവകാശികള്‍ക്ക് അപ്പട എന്ന പ്രസാദം നല്‍കും. തുടര്‍ന്ന് ഉല്‍സവച്ചടങ്ങുകളുടെ തീയതി കുറിക്കും. തന്ത്രിമാര്‍, പാരമ്പര്യ അവകാശികള്‍, ഊരാളന്‍മാര്‍, കണക്കപ്പിള്ള എന്നിവരെല്ലാം വിവിധ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കും. പ്രക്കൂഴം കഴിയൂന്നതോടെ അക്കരെ ക്ഷേത്രസന്നിധിയിലെ കയ്യാലകളുടെ നിര്‍മാണവും ബാവലി പുഴയിലെ തടയണ നിര്‍മാണവും തുടങ്ങുകയായി. നെയ്യമൃത് സദ്യ കൊട്ടിയൂര്‍ വൈശാഖ മഹോല്‍സവത്തിലെ സുപ്രധാന ചടങ്ങായ നെയ്യാട്ടത്തിന് നെയ് എത്തിക്കുന്ന പാരമ്പര്യ അവകാശികള്‍ക്ക് മുറക്കണക്കു വച്ച് ക്ഷേത്ര ഊരാളന്‍മാരും പാരമ്പര്യ തറവാട്ടുകാരും നല്‍കുന്ന സദ്യയാണ് നെയ്യമൃത്. മേടമാസത്തിലെ ഉത്രട്ടാതി നാള്‍ മുതല്‍ ഇടവത്തിലെ ആയില്യം വരെയാണ് വ്രതക്കാര്‍ക്ക് ഈ അപൂര്‍വ സദ്യ വിളമ്പുക.വിപണിയില്‍ നിന്നു വാങ്ങുന്ന വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ തനി പ്രകൃതി ജീവനപരമായതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത. ചവര് (അരിയുടെ പുറത്തെ ചുവന്ന തവിട് ) കളയാതെ കുത്തിയെടുത്ത് അരി കൊണ്ട് വളരെ കുറച്ച് വെള്ളത്തില്‍ ഉണ്ടാക്കുന്ന കഞ്ഞിയാണ് വിളമ്പുക. വാഴപ്പോള കൊണ്ട് വട്ടത്തില്‍ തടയുണ്ടാക്കി അതില്‍ തൂശനിലയിട്ട് ഭൂമിയോടു ചേര്‍ത്ത് അമര്‍ത്തി കുഴിയാക്കി അതിലാണ് കഞ്ഞി വിളമ്പുക. നാക്കിലയിലാണ് കറികള്‍ വിളമ്പുക. ചക്ക, മാങ്ങ, വെള്ളരിക്ക, പച്ചക്കായ, ചെറുപയര്‍, ഉഴുന്ന് എന്നിവയാണ് കറി വിഭവങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കൊണ്ട് പരമാവധി വിഭവങ്ങള്‍ ഉണ്ടാക്കും. ചെറുപയര്‍ പുഴുക്ക്, ഉഴുന്ന് ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക് (കുഞ്ഞുണ്ണി), മധുരമൂറുന്ന മധുരപ്പുഴുക്ക്, തേങ്ങാപ്പൂള്, നെയ്യ്, പപ്പടം എന്നിവയടങ്ങുന്നതാണ് നെയ്യമൃത് സദ്യ എന്നറിയപ്പെടുന്ന നെയ്യമൃത് കഞ്ഞി. ഇലയും തടയും ഉപയോഗിച്ച് വിഭവങ്ങള്‍ വിളമ്പിയാല്‍ പിന്നെ പ്ലാവില കുമ്പിളില്‍ കഞ്ഞി കോരി കുടിച്ചു തുടങ്ങും. എല്ലാ ഇലയിലും കഞ്ഞിയും കറികളും വിളമ്പിയ ശേഷം സദ്യയുടെ നാഥന്‍ ഊരാളന്‍ വന്ന് വണങ്ങിയ ശേഷം എല്ലാവരും ഒന്നിച്ചു മാത്രമേ കഞ്ഞി കുടിക്കൂ. വിളമ്പുമ്പോള്‍ ആദ്യ ഇലയും തടയും നിലവിളക്കു വച്ച് പെരുമാള്‍ക്ക് സമര്‍പ്പിച്ച ശേഷം മാത്രം വ്രതക്കാരുടെ സദ്യ. പരസ്പരം തൊടാന്‍ പാടില്ല എന്ന് നിര്‍ബന്ധം. തൊട്ടാല്‍ കുളിച്ച ശേഷം മാത്രം സദ്യ. ഒരാള്‍ തൊട്ടാലും അയാള്‍ കുളി കഴിഞ്ഞ് വന്ന ശേഷം മാത്രമേ എല്ലാവരും സദ്യക്ക് ഇരിക്കൂ. മകം നാളില്‍ നെയ്യമൃത് മഠങ്ങളില്‍ പ്രവേശിച്ചാര്‍ ബ്രാഹ്മണര്‍ വന്ന് വ്രതക്കാരെ കുളിപ്പിക്കും. കലശം കുളി എന്നാണ് ഇതിന്റെ പേര്. കലശം കുളി കഴിഞ്ഞാല്‍ പിന്നെ മഠം വിട്ട് പുറത്തിറങ്ങുക നെയ്യാട്ട ദിനത്തില്‍ കൊട്ടിയൂര്‍ക്ക് പുറപ്പെടാന്‍ മാത്രം. നമ്പ്യാര്‍, കുറുപ്പ്, ചില നായര്‍ സമുദായക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് നെയ്യമൃത് അവകാശവും സദ്യയും അനുവദിച്ചിട്ടുള്ളൂ. അതുപോലെ കൊട്ടിയൂരില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ പേരാവൂരിനടുത്തുള്ള കാഞ്ഞിരപ്പുഴയ്ക്ക് അപ്പുറത്ത വരെ മാത്രമേ മഠങ്ങള്‍ പാടുള്ളൂ എന്നും പാരമ്പര്യം. പ്രാട്ടര (പുറനാട്ടുകര സ്വരൂപം) യുടെ സാംസ്‌കാരിക പെരുമയില്‍ തനതു ഭക്ഷണ സംസ്‌കാരവും ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്നതാണ് മണ്ധണ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ നടത്തി വരുന്ന നെയ്യമൃത് കഞ്ഞി. നീരെഴുന്നള്ളത്ത് ഇടവത്തിലെ മകംനാളിലാണു നീരെഴുന്നള്ളത്ത്. അക്കരെ സന്നിധാനവും മണി്ധറയും ശുദ്ധീകരിച്ച് ഉല്‍സവ ഒരുക്കങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ചടങ്ങാണിത്. കൂത്തുപറമ്പു നിന്നു മണിയന്‍ചെട്ടി സ്ഥാനികന്‍ വിളക്കുതിരി എഴുന്നള്ളിച്ച് ഇക്കരെ ക്ഷേത്രത്തില്‍ എത്തിക്കുന്നതോടെയാണു ചടങ്ങുകള്‍ തുടങ്ങുന്നത്. തുടര്‍ന്ന് കുത്തോടില്‍ അടിയന്തരയോഗം ചേര്‍ന്നു ചടങ്ങുകള്‍ക്ക് അനുമതി നല്‍കും. ഇതോടെ ആയില്യാര്‍കാവില്‍ പുണ്യാഹം ആരംഭിക്കും. ഇതേസമയം മന്ദംചേരിയിലെ സങ്കേതസ്ഥാനത്ത് ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്‍മാശാരി, കൊല്ലന്‍ സ്ഥാനികര്‍ തണ്ണീര്‍കുടി ചടങ്ങ് നിര്‍വഹിക്കും. തണ്ണീര്‍കുടിക്കുശേഷം കുറിച്യസ്ഥാനികനും ഒറ്റപ്പിലാനും പെരുവണ്ണാനും ജന്‍മാശാരിയും അക്കരെ സന്നിധാനത്തു കടന്ന് മണിത്തറയില്‍ സ്വയംഭൂ ദര്‍ശിച്ച് തീര്‍ഥാഭിഷേകം നടത്തും. നമ്പൂതിരിയും അടിയന്തര യോഗക്കാരും ഇവര്‍ക്കു ശേഷമാണ് അക്കരെ സന്നിധാനത്ത് എത്തുക. സരവും വൃത്തിയാക്കും. മണിത്തറയ്ക്കു താല്‍ക്കാലിക മേല്‍ക്കൂരയും ട്രസ്റ്റിമാര്‍ക്കും മറ്റ് അവകാശികള്‍ക്കും താമസിക്കാനുള്ള പര്‍ണശാലയും നിര്‍മിക്കും. നെയ്യാട്ടം ചോതി നാളിലാണു നെയ്യാട്ടം. നിടുമ്പ്രത്തെ വില്ലിപ്പാലന്‍ കുറുപ്പിന്റെയും കുറ്റിയാട്ടൂരിലെ തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നേതൃത്വത്തിലാണ് നെയ്യ് എഴുന്നള്ളിച്ചു കൊണ്ടുവരിക. ചോതിവിളക്കിനുള്ള നെയ്യും അഗ്‌നിയും കുറ്റിയാടിയിലെ ചാതിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് തേടന്‍ വാരിയര്‍ കൊട്ടിയൂര്‍ക്ക് എഴുന്നള്ളിക്കും. വിഷു മുതല്‍ വ്രതമെടുത്ത് കാത്തിരിക്കുന്ന നെയ്യമൃത് സംഘങ്ങള്‍ ഓംകാരം മുഴക്കി കൊട്ടിയൂരില്‍ എത്തുന്നതോടെ വൈശാഖോല്‍സവത്തിന്റെ ആരവമുയരുകയായി. പഴയ പാട്ടസ്വരൂപത്തിനു കീഴിലാണ് നെയ്യമൃത് മ~ഠങ്ങളുള്ളത്. തറ്റുടുത്ത് ചൂരല്‍മുദ്ര ധരിച്ച് വാട്ടിയ വാഴയിലകൊണ്ട് മൂടിയ നെയ്ക്കിണ്ടികളുമായാണ് വ്രതക്കാര്‍ എത്തുന്നത്. ജാതിയൂരില്‍ നിന്നു കൊണ്ടുവരുന്ന ഓടയും തീയും ഉപയോഗിച്ചാണ് നെയ്യമൃതുകാര്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിനായി ഉരുക്കുന്നത്. അരിങ്ങോട്ടു നമ്പൂതിരിയാണ് (തൃക്കടാരി) നെയ്ക്കിണ്ടികള്‍ തൃത്തറയില്‍ വയ്ക്കുന്നത്. നെയ്യാടുന്നതാകട്ടെ ഉഷകാമ്പ്രം നമ്പൂതിരിയും. മുതിരേരി വാള്‍ എഴുന്നള്ളത്ത് യാഗഭുമിയില്‍ നിന്ന് ദക്ഷന്റെ ശിരസ് അറുത്ത് വീരഭദ്രന്‍ ചുഴറ്റിയെറിഞ്ഞ വാള്‍ വയനാട് മാനന്തവാടിക്കടുത്ത മുതിരേരിയില്‍ ചെന്നു വീണു എന്നാണ് വിശ്വാസം. മുതിരേരി ക്ഷേത്രത്തിലെ പ്രത്യേക വാളറയില്‍ സൂക്ഷിക്കുന്ന വാള്‍ നെയ്യാട്ട ദിവസം സന്ധ്യയ്ക്കാണ് കൊട്ടിയൂരില്‍ എത്തിക്കുക. മൂഴിയോട്ടില്ലത്തെ സ്ഥാനിക ബ്രാഹ്മണനാണ് വാള്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. മുതിരേരി വാള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തുന്നതോടെയാണു വൈശാഖോല്‍സവത്തിന്റെ തുടക്കം. ഇവിടെ ഭണ്ഡാര അറയില്‍ സൂക്ഷിക്കുന്ന വാള്‍ മകം കലം വരവിനു മുന്‍പ് തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് കാര്യത്ത് കൈക്കോളന്‍ കാങ്കോലില്‍ നിന്നെത്തിക്കുന്ന യാഗമണ്ണുകൊണ്ട് യാഗശാല ശുദ്ധീകരിക്കും. സന്ധ്യയോടെ ഇടവാവലിക്കരയിലെത്തി മുഹൂര്‍ത്തം കാത്തിരിക്കുന്ന വ്രതക്കാര്‍ പരാശക്തിയുടെ വാള്‍ ഇക്കരെ എത്തിയാല്‍ വ്രതശുദ്ധിയോടെ അക്കരെയെത്തും. ഓടയും തീയുമായി ആയില്യന്‍മാരും അടിയന്തിരക്കാരും അക്കരെ എത്തിയാല്‍ ചോതി വിളക്കു തെളിയും. തുടര്‍ന്നു മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം പൂര്‍ണമായും നീക്കുന്ന നാളം തുറക്കല്‍ ചടങ്ങാണ്. ബ്രാഹ്മണര്‍ മാത്രമാണ് നാളം തുറക്കല്‍ ചടങ്ങ് നടത്തുക. തുടര്‍ന്ന് ഓടയും തീയും ഉപയോഗിച്ചു വ്രതക്കാര്‍ നെയ്ക്കിണ്ടികളിലെ നെയ് ഉരുക്കും. ആദ്യം വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തുടര്‍ന്ന് തമ്മേങ്ങാടന്‍ വലിയ നമ്പ്യാരുടെയും കിണ്ടികളിലെ നെയ്യ് ആദ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. തുടര്‍ന്നു മറ്റു മഠങ്ങളിലെ വ്രതക്കാരുടെ നെയ്യമൃത് അഭിഷേകം. ഉഷകാമ്പ്രം നമ്പൂതിരിക്കാണ് നെയ്യാട്ടത്തിന്റെ കാര്‍മികത്വം. ഭണ്ഡാരം എഴുന്നള്ളത്ത് നെയ്യാട്ടത്തിന്റെ പിറ്റേന്നു രാവിലെ മണത്തണയിലെ കരിമ്പന ഗോപുരത്തില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും വാദ്യഘോഷസമേതം കൊട്ടിയൂരേക്ക് എഴുന്നള്ളിക്കും. ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ വാളുകള്‍ ഏഴില്ലക്കാര്‍ എഴുന്നള്ളിച്ചു കൊണ്ടുവരും. ഇവയ്‌ക്കൊപ്പം ഇക്കരെ ക്ഷേത്രത്തില്‍നിന്ന് ഭഗവാന്റെയും ഭഗവതിയുടെയും തിടമ്പുകളും അക്കരെ കൊട്ടിയൂരിലേക്കു യാത്രയാവും. വാളുകളും തിടമ്പും വാവലിപ്പുഴയില്‍ ആറാടിച്ച് അക്കരെ എത്തിക്കും. ഇതിനുശേഷം മുന്‍വര്‍ഷം പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ ആയിരംകുടം അഭിഷേകത്തോടെ തൃത്തറയില്‍ പൂജകള്‍ തുടങ്ങും. തിരുവോണം ആരാധന പുലര്‍ച്ചെ പനയൂര്‍ നമ്പൂതിരി സ്വയംഭൂ വിഗ്രഹത്തിലെ മാലകള്‍ നീക്കി 36 കുടം അഭിഷേകം ചെയ്തുകഴിഞ്ഞാല്‍ ഉഷപൂജ ആരംഭിക്കും. തുടര്‍ന്ന് ആരാധനാ പൂജ കഴിഞ്ഞശേഷം മുഖമണ്ഡപത്തില്‍വച്ചു നിവേദ്യം പൂജിക്കും. ശീവേലിക്കു വിളിച്ചാല്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ എഴുന്നള്ളത്ത് സാധനങ്ങള്‍ ഏഴില്ലക്കാര്‍ എടുത്ത് മനുഷ്യങ്ങള്‍ക്കു നല്‍കും. മനുഷ്യങ്ങള്‍ സ്ഥാനികര്‍ ഒരുചുറ്റു പ്രദക്ഷിണം നടത്തിയാല്‍ ബ്രാഹ്മണര്‍ ബലിബിംബങ്ങളെടുത്ത് ശീവേലിക്കൊപ്പം നടക്കും. അന്നുമുതല്‍ ശീവേലിക്കു വാദ്യങ്ങള്‍ ആരംഭിക്കും. ശീവേലിക്ക് ദേവീ വിഗ്രഹം മുന്നിലും ഭഗവാന്റെ വിഗ്രഹം പിന്നിലുമായാണ് ഇവിടെ എഴുന്നള്ളിക്കുക. ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് പൊന്നിന്‍ശീവേലി എന്നാണു പറയുക. പന്തീരടി പൂജ കഴിഞ്ഞാല്‍ തിടപ്പള്ളിയില്‍വച്ച് ബ്രാഹ്മണര്‍ക്ക് ഊണുകൊടുക്കും. പകര്‍ച്ച എല്ലാ കയ്യാലകള്‍ക്കും കൊടുക്കുന്നു. എല്ലാ ആരാധനാ ദിവസങ്ങളിലും ഇങ്ങനെയാണു ചടങ്ങുകള്‍. തറയില്‍ നിന്നു മാലയും പൂവും നീക്കംചെയ്താല്‍ ഓച്ചര്‍മാര്‍ അഷ്ടപതി, തായമ്പക എന്നിവ ആരംഭിക്കും. തിരുവോണം, രേവതി, അഷ്ടപതി, രോഹിണി എന്നീ ആരാധനാ ദിവസങ്ങളില്‍ അത്താഴപൂജയുടെ നവകത്തിനു മുന്‍പായി കരോത്ത് നായര്‍ പഞ്ചഗവ്യത്തിനുള്ള സാധനങ്ങള്‍ മുഖമണ്ഡപത്തില്‍വച്ച് മച്ചനെ ഏല്‍പ്പിക്കും. അന്നു പഞ്ചഗവ്യ അഭിഷേകവും കളഭ അഭിഷേകവും നടക്കും. കോട്ടയം കിഴക്കേകോവിലകം വകയാണ് തിരുവോണം ആരാധന. രേവതി ആരാധന തെക്കേകോവിലകം വകയും രോഹിണി ആരാധന പടിഞ്ഞാറേകോവിലകം വകയുമാണ്. ഈ മൂന്ന് ആരാധനയും പഴശി കോവിലകം വയയായാണു നടത്തുക. മത്തവിലാസം കൂത്ത് തിരുവഞ്ചിറയ്ക്കു തെക്കുഭാഗത്തുള്ള കൂത്തരങ്ങിലാണു മത്തവിലാസം കൂത്ത് നടക്കുക. ഇവിടെ കൂത്ത് നടത്താനുള്ള ജന്മാവകാശം ചാക്യാര്‍കൂത്തിന്റെ കുലപതി മാണി മാധവ ചാക്യാരുടെ കുടുംബത്തിനാണ്. സന്താനഭാഗ്യം, ഇഷ്ടമംഗല്യഭാഗ്യം, സന്തോഷകരമായ കുടുംബജീവിതം എന്നീ കാര്യസാധ്യത്തിനായാണ് ഇവിടെ മത്തവിലാസം കൂത്ത് നടത്തുന്നത്. മൂന്നു ദിവസം കൊണ്ടാണ് ഒരു കൂത്ത് അവസാനിക്കുന്നത്. തിരുവോണം ആരാധന നാളിലാണ് കൂത്ത് ആരംഭിക്കുന്നത്. അത്തംനാളില്‍ കൂത്ത് സമര്‍പ്പണം നടത്തും. മണിതറയിലെ പൂജകളുമായി ബന്ധപ്പെടുത്തിയാണ് മത്തവിലാസം കൂത്ത് നടത്തുന്നത്. സന്ധ്യാനേരതെ കൂത്തിനിടയില്‍ ചാക്യാര്‍ മണിത്തറയിലെത്തി വേഷത്തോടെ നിന്ന് പ്രസാദവും വാങ്ങുന്ന ചടങ്ങുണ്ട്. മകം കലംവരവിനു സ്ത്രീകള്‍ക്കു കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ പ്രവേശനം അവസാനിച്ചാലും നങ്ങ്യാരമ്മമാര്‍ സന്നിധിയില്‍ തന്നെ തുടരും. ഇളനീര്‍വയ്പ് അഷ്ടമിക്കു ഭഗവദ് വിഗ്രഹത്തില്‍ അഭിഷേകം നടത്താനുള്ള ഇളനീര്‍ക്കാവുകള്‍ സപ്തമി നാളില്‍ തിരുവഞ്ചിറയില്‍ എത്തിക്കും. ഇളനീരെത്തിക്കാന്‍ അധികാരപ്പെട്ടവരുണ്ട്. എരുവട്ടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയില്‍, കോവിലയത്ത്, തെയ്യന്‍, കുറ്റിയാടി എന്നീ തണ്ടയന്മാരാണ് ഓങ്കാരധ്വനിയും ഹരിഗോവിന്ദ നാമാക്ഷരവും മുഴക്കി ഇളനീര്‍ക്കാവുകളുമായി എത്തുക. ഇളനീര്‍ക്കാവുമായി ആയിരങ്ങള്‍ മന്ദഞ്ചേരി മൈതാനത്ത് മുഹൂര്‍ത്തം കാത്തു നില്‍ക്കും. ഇളനീര്‍ സമര്‍പ്പിക്കാന്‍ സമയമായാല്‍ എരുവട്ടിക്കാവില്‍നിന്ന് എഴുന്നള്ളിവരുന്ന ശ്രീ വീരഭദ്രന്‍ ഇളനീര്‍ക്കാരെ അനുഗ്രഹിക്കും. എത്രവെള്ളമുണ്ടായാലും വാവലിപ്പുഴ ഇറങ്ങിക്കടന്നാണ് ഇളനീര്‍ക്കാവുകള്‍ അക്കരെയെ്ധിക്കുക.സ്ഥാനീയരായ എരുവട്ടി, മേക്കിലേരി, കുറ്റിയാടി തണ്ടയന്മാര്‍ എണ്ണയും ഇളനീരും കഞ്ഞിയും സമര്‍പ്പിക്കുന്നതോടെയാണ് ഇളനീര്‍വയ്പ് പൂര്‍ത്തിയാവുന്നത്. ഇളനീരാട്ടം തറ ശുചിയാക്കിയശേഷം രാവിലെ മുതല്‍ കാര്യത്തു കൈക്കോളന്റെ നേതൃത്വത്തില്‍ ഇളനീര്‍ ചെത്താന്‍ തുടങ്ങും. വൈകിട്ട് ആയിരം കുടം കഴിഞ്ഞ് ഒറ്റ നവകം ആടും. അന്ന് അ്ധാഴപൂജയും ശീവേലിയും ഉണ്ടാകില്ല. രാത്രി കൊട്ടേരികാവില്‍ കുടികൊള്ളുന്ന മുത്തപ്പന്‍ദൈവവും അകമ്പടിക്കാരും ഓടച്ചൂട്ടു കത്തിച്ചു ക്ഷേത്രത്തിലെത്തും. അകമ്പടിയായി കുറിച്യ യോദ്ധാക്കളുമുണ്ടാകും. ഇവര്‍ കോവിലകം കയ്യാല കയ്യേറി കണ്ടതെല്ലാം കയ്യടക്കും. ദക്ഷയാഗം മുടിപ്പിച്ച ശിവഭൂതഗണങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് മുത്തപ്പന്‍ സംഘം കയ്യാലകളില്‍ അതിക്രമം നടത്തുക. ഏഴില്ലക്കാര്‍ ചപ്പാരത്തിലെ വാള്‍ പുറത്തെടുത്താലേ മുത്തപ്പനും സംഘവും പിന്‍വാങ്ങുകയുള്ളൂ. ദൈവത്തിനു നമ്പീശന്‍ അരി ചൊരിഞ്ഞുകൊടുക്കുന്നതോടെ മുത്തപ്പന്‍ കൊട്ടേരികാവിലേക്കു തിരിച്ചുപോകും. തുടര്‍ന്നാണ് ഇളനീരഭിഷേകം. ആലിംഗന പുഷ്പാഞ്ജലി രോഹിണി ആരാധനയോടനുബന്ധിച്ചാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന കുറുമാത്തൂരില്ലത്തെ മുതിര്‍ന്ന കാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ദക്ഷനാല്‍ അപമാനിതയായി യാഗാഗ്‌നിയില്‍ സതീദേവി എരിഞ്ഞടങ്ങിയത് അറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണു ഭഗവാന്‍ ആലിംഗനം ചെയ്തു സാന്ത്വനിപ്പിച്ചതിന്റെ അനുസ്മരണമായാണത്രെ ഈ ചടങ്ങ് നടത്തുന്നത്. രോഹണി ആരാധനയ്ക്കു തലേന്ന് കുറുമാത്തൂര്‍ ഇല്ലത്തെ കാരണവരും പരിവാരങ്ങളും മണത്തണ ശ്രീകുണ്ടേന്‍ ക്ഷേത്രത്തില്‍ എത്തും. കുളിയും തേവാരവും കഴിഞ്ഞാല്‍ ആക്കല്‍ തറവാട്ടില്‍നിന്നും താംബൂലം നല്‍കി ക്ഷണിക്കണം. അന്ന് അവിടെ താമസിക്കുന്ന കുറുമാത്തൂര്‍ പിറ്റേന്ന് അക്കരെ കൊട്ടിയൂരിലെത്തിയാല്‍ ആക്കല്‍ കയ്യാലയിലാണു വിശ്രമിക്കേണ്ടത്. പുഷ്പാഞ്ജലിക്ക് സമയമായാല്‍ തീര്‍ഥക്കുളത്തില്‍ കുളിച്ച് മുഖമണ്ഡപത്തിലെത്തും. അപ്പോള്‍ ഉഷ കാമ്പ്രം കൈപിടിച്ചു മണിത്തറയില്‍ കയറ്റി ഇരുത്തണം. മണിത്തറയില്‍ പനയൂരും താഴെ പാലക്കുന്നം നമ്പൂതിരിയും കുറുമാത്തൂരിന് പരികര്‍മികളാകണം. കുറുമാത്തൂര്‍ തറയില്‍ കയറിയാല്‍ വാദ്യക്കാര്‍ ദ്രുദഗതിയില്‍ വാദ്യങ്ങള്‍ മുഴക്കും. ആലിംഗന പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂര്‍ തറയില്‍ നിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടരണം. തിരുവാതിര ചതുശ്ശതം വലിയവട്ടളം പായസ നിവേദ്യങ്ങളില്‍ ആദ്യത്തേതു നടക്കുന്നത് തിരുവാതിര ചതുശ്ശതത്തിലാണ്. ഇത്തവണ ജൂണ്‍ പത്തിനാണു തിരുവാതിര ചതുശ്ശതം. പന്തീരടി പൂജയ്‌ക്കൊപ്പമാണ് വലിയവട്ടളം പായസം പെരുമാളിനു നിവേദിക്കുക. പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാടാണ് വലിയവട്ടളം നിവേദ്യം ചെയ്യുക. തിടപ്പള്ളിയില്‍വച്ച് ബ്രാഹ്മണര്‍ ചേര്‍ന്നാണ് 101 നാഴി അരി, 200 നാളികേരം, 100 റാത്തല്‍ ശര്‍ക്കര എന്നിവ ഉപയോഗിച്ചു പായസം ഉണ്ടാക്കുക. ഇതില്‍ ചേര്‍ക്കുന്ന മറ്റു മേമ്പൊടികള്‍ എന്തൊക്കെയാണെന്നതു രഹസ്യമാണ്. പുണര്‍തം, ആയില്യം, അത്തം നാളുകളിലും വലിയവട്ടളം പായസം നിവേദിക്കും. ഇതില്‍ പുണര്‍തം നാളിലെ നിവേദ്യം ജൂണ്‍ 11നും ആയില്യം നാളിലെ നിവേദ്യം ജൂണ്‍ 14നുമാണു നടക്കുക. മകം നാളില്‍ കലംവരവ് മകം നാളിലാണു കലംവരവ്. രാത്രിയില്‍ അക്കരെ സന്നിധിയില്‍ ഗൂഢപൂജകള്‍ തുടങ്ങും. മുഴക്കുന്നിനടുത്ത നല്ലൂരില്‍നിന്ന് നല്ലൂരാന്‍ എന്ന കുലാലസ്ഥാനികന്‍ കലപൂജകള്‍ക്കായുള്ള മണ്‍കലങ്ങള്‍ കൊട്ടിയൂരിലെത്തിക്കുന്നതോടെയാണ് ഗൂഢപൂജകള്‍ തുടങ്ങുക. സന്ധ്യയോടെ കലമെഴുന്നള്ളത്തു കൊട്ടിയൂരിലെത്തിച്ചേരും. ആ സമയത്തു സന്നിധാനത്തു മറ്റാര്‍ക്കും പ്രവേശനമില്ല. മാത്രമല്ല മണിത്തറയിലെ വിളക്കുകളല്ലാതെ മറ്റെല്ലാ പ്രകാശങ്ങളും സന്നിധാനത്തുനിന്നും ഒഴിവാക്കും. മണിത്തറയില്‍ പനയൂര്‍ നമ്പൂതിരി മാത്രം ഉണ്ടാവും. അദ്ദേഹം പുറംതിരിഞ്ഞിരിക്കും. ഈ സമയത്ത്ധാവും 12 അംഗ കലം സംഘം സന്നിധാനത്തു പ്രവേശിക്കുക. സംഘം കലങ്ങള്‍ സമര്‍പ്പിച്ചു പ്രസാദം വാങ്ങി കരിമ്പനയ്ക്കല്‍ ചാത്തോത്ത് കയ്യാലയില്‍ കയറി ഭക്ഷണം കഴിക്കും. അപ്പോള്‍ മാത്രമേ വീണ്ടും സന്നിധാനത്തു മറ്റു വിളക്കുകള്‍ തെളിയിക്കൂ. മകം നാളില്‍ ഉച്ചയ്ക്കു ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം അനുവദിക്കൂ. ശീവേലി കഴിഞ്ഞ് ആനയൂട്ട് നടത്തും. തുടര്‍ന്ന് ആനകള്‍ പുറകോട്ടു നടന്നു പടിഞ്ഞാറെ നട വഴി ഇക്കരേക്കു മടങ്ങും. കൂത്തമ്പലത്തിലെ നങ്ങ്യാരമ്മമാര്‍ മാത്രം സന്നിധാനത്തു തുടരും. അത്തം ചതുശ്ശതം കലശപൂജ വരെ കൊട്ടിയൂരില്‍ പ്രത്യേക ആരാധനകളോ പ്രത്യേക പൂജകളോ ഇല്ല.

No comments:

Post a Comment