ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 February 2023

ആറാട്ടുപുഴ വേലായുധപണിക്കർ

ആറാട്ടുപുഴ വേലായുധപണിക്കർ

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധപണിക്കർ, കേരളത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോപങ്ങൾക്ക് തുടക്കം കുറിച്ചത് പണിക്കർ ആണ്, ഈഴവരാദി അധ:കൃത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതി വിജയം വരിച്ച പണിക്കരെ കേരള സ്വാതന്ത്രസമരചരിത്രത്തിൽ നിന്ന് മന:പൂർവ്വം ഒഴിവാക്കിയതായി കാണാം.

കേരളത്തിൽ അയിത്തത്തിനെതിരെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്ത് അവകാശങ്ങൾ നേടിയെടുത്ത കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനും ആണ് ആറാട്ടുപുഴ വേലായുധ പണിക്കർ, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പിന്നീട് ശ്രീ നാരായണ ഗുരു, അയ്യൻകാളി തുടങ്ങി നവോത്ഥാന നായകൻമാർ ഉണ്ടായത്, എന്നാൽ ഇന്ന് കേരളത്തിൽ മാത്രം ഉള്ള ഒരു പ്രത്യേകരാഷ്ടീയപാർട്ടീ കേരളത്തിലെ മൊത്തം നവോത്ഥാനസമരങ്ങളുടെ കുത്തകവകാശവാദവും പിതൃത്വവും ഏറ്റെടുത്ത് പുതിയ തലമുറയെ പറ്റിച്ച് വഴിതെറ്റിക്കുന്നത് കാണാം..
"നുണ പറയുന്നവരെ തിരിച്ചറിയുക.''

1825 ൽ ആലപ്പുഴ ജില്ലയിലെ മംഗലത്ത് ദേശത്ത് കല്ലിശ്ശേരി എന്ന ഈഴവ കുടുംബത്തിലാണ് പണിക്കരുടെ ജനനം, അന്ന്തിരുവിതാംകൂറിൽ ആലമൂട്ടിൽ ചാന്നാർ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടഭൂമി ഉണ്ടായിരുന്ന കുടുംബക്കാരാണ് കല്ലിശ്ശേരി വീട്, കായംകുളം പുതുപ്പള്ളി വാരണപ്പള്ളിയിലെ ആയോധന കളരിയിലാണ് പണിക്കർ കളരി അഭ്യസിച്ചത്, കളരിയാശാൻ്റെ മകളായ വെളുമ്പിയെ വിവാഹം കഴിക്കുകയും ചെയ്തു,

ഇരിങ്ങാലക്കുടയിൽ നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തരണനല്ലൂർ നമ്പൂതിരിയെ കായംകുളം കായലിൽ വെച്ച് കൊള്ളക്കാർ ആക്രമിച്ച് സ്വർണ്ണവും രത്നങ്ങളും കവർന്നു, ഇതറിഞ്ഞ് എത്തിയ പണിക്കർ കൊള്ളക്കാരെ കീഴ്പ്പെടുത്തി സ്വർണ്ണങ്ങൾ വീണ്ടെടുത്ത് തിരുമേനിയെ ഏല്പിച്ചു, കൊള്ളക്കാരെ തുരത്തിയ പണിക്കർക്ക് ആയില്യം തിരുനാൾ മഹാരാജാവ് പട്ടുംവളയും വീരശൃംഗലയും 'പണിക്കർ ' സ്ഥാനനാമവും നല്കി ആദരിച്ചു, തിരുവിതാംകൂറിൽ പണിക്കർ സ്ഥാനം ലഭിക്കുന്ന ആദ്യത്തെ കീഴ്ജാതിക്കാരനാണ് വേലായുധ പണിക്കർ.

പണിക്കർ നയിച്ച സമരങ്ങൾ:

1) ശിവപ്രതിഷ്ഠ (1852) :
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വിശ്വബ്രാഹ്മണവേഷത്തിൽതാമസിച്ച് തച്ചുശാസ്ത്രവും വാസ്തു ശാസ്ത്രവും പഠിച്ചെടുത്ത അദ്ദേഹം 1852 ൽ കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് അവർണർക്കായിശിവക്ഷേത്രം നിർമ്മിച്ചു, (1888 ൽ ശ്രി നാരായണഗുരു അരുവിപുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിലും 36 വർഷം മുമ്പാണ് ഇത് നടന്നത്, )

2) കർഷകസമരം (1866) :
1866 ൽ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കർഷക സമരം നയിച്ചത് വേലായുധ പണിക്കരാണ്

3) മുക്കുത്തി സമരം (1860) :
ഉന്നതകുലജാതസ്ത്രികൾക്ക് മാത്രം മുക്കുത്തി ധരിക്കാൻ അവകാശം ഉണ്ടായിരുന്ന അക്കാലത്ത് പന്തളം ചന്തയിൽ മുക്കുത്തി ധരിച്ച് എത്തിയ ഒരു ഈഴവസ്ത്രിയുടെ മൂക്ക് പ്രമാണിമാർ ഛേദിച്ചു,ഇതറിഞ്ഞ പണിക്കർ ഒരു കൂട നിറയെ മുക്കുത്തിയുമായി വന്ന് എല്ലാ സ്ത്രികൾക്കും വിതരണം ചെയ്തു, ഇതാണ് മുക്കുത്തി സമരം എന്നറിയപ്പെടുന്നത്,

4) അച്ചിപ്പുടവ സമരം (1859):
മുട്ടിന് താഴെക്ക് വസ്ത്രം നീട്ടി ഉടുക്കാൻ അവകാശം ഇല്ലാതിരുന്ന ഈഴവരാദിഅധകൃത വിഭാഗസ്ത്രികളെ കാൽപാദം തൊടും വരെ മുണ്ടുടുപ്പിച്ച് പണിക്കർ പാടവരമ്പിലൂടെ നിരനിരയായി നടത്തിച്ചു, ഇതാണ് അച്ചിപ്പുടവ സമരം എന്നറിയപ്പെടുന്നത്

5 ) ഏത്താപ്പു സമരം (1859):
തുണി ഉപയോഗിച്ച് മാറ് മറച്ച് നടക്കാൻ അവകാശമില്ലാതിരുന്ന അധകൃത വിഭാഗസ്ത്രികളുടെ അവകാശത്തിനായി പണിക്കർ നടത്തിയ സമരമാണ് എത്താപ്പു സമരം

6) വഴിനടക്കൽ സമരം (1867):
രാജാക്കൻമാരും നാടുവാഴി കളുംവരുന്ന വഴിയിൽ കീഴ്ജാതിക്കാർക്ക് നടക്കാൻ അവകാശം ഇല്ലായിരുന്നു, ഇടപ്പളളി രാജാവ് വരുന്ന വഴിക്ക് എതിരെ 'ഹോയ് ഹോയ് വിളിച്ച് പണിക്കർ വഴി നടക്കൽ സമരം നടത്തി,

7) കഥകളിയോഗം (1862) :
അക്കാലത്ത് ഉന്നതകുലജാതർക്ക്മാത്രം അവകാശം ഉണ്ടായിരുന്ന കഥകളി വേലായുധ പണിക്കർ അഭ്യസിച്ചു, കഥകളി പഠിച്ച ആദ്യ കീഴ്ജാതിക്കാരനാണ് പണിക്കർ ,1862 ൽ ഈഴവരെയും പുലയരെയും ചേർത്ത് കഥകളിയോഗം സ്ഥാപിച്ചു,


(കടപ്പാട്: കെ വാസുദേവൻ രചിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുസ്തകം)

No comments:

Post a Comment