ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 February 2023

കുറൂളിചെക്കോൻ

കുറൂളിചെക്കോൻ 

മലബാറിലെ റോബിൻഹുഡ് എന്നും കടത്തനാടൻ സിംഹം എന്നും അറിയപ്പെടുന്ന കുറൂളിചെക്കോൻ്റെ കഥ കേരളത്തിൽ അധികമാർക്കും അറിയാത്ത ചരിത്രമാണ്, ഭൂപ്രമാണിമാരുടെ അന്യായത്തിനെതിരെ പോരാടിയ നവോത്ഥാന നായകനാണ് ചേക്കോൻ, കായംകുളം കൊച്ചുണ്ണിയുടെ കഥ കേരളം മുഴുവൻ നിറഞ്ഞ് നില്ക്കുമ്പോൾ നൻമയുള്ള കള്ളനെന്ന് വാഴ്ത്തുമ്പോൾ അതിനെക്കാളേറെ മഹത്വവും പാവങ്ങളുടെ ആശ്രയവുമായ എല്ലാം തികഞ്ഞ കളരി അഭ്യാസി കൂടിയായ കുറൂളിചെക്കോൻ്റെ കഥ മറയ്ക്കപ്പെട്ടിരിക്കുന്നതായി കാണാം, ആറാട്ടുപുഴ വേലായുധ പണിക്കരെ കേരള നവോത്ഥാന ചരിത്ര പുസ്തകത്തിൽ നിന്ന് മന:പൂർവ്വം ഇത്രെയും നാളും മാറ്റി നിർത്തിയപ്പോലെ കുറൂളിചെക്കോനെയും ചരിത്രകാരൻമാർ ഇരുട്ടത്ത് നിർത്തിയതായി കാണാം,
" ക്ഷേത്രങ്ങൾ കൊള്ളയടിച്ച കൊച്ചുണ്ണിയെ മഹത്വൽക്കരിക്കുന്നവർ യഥാർത്ഥനായകനായ കുറൂളിയെ മന:പൂർവ്വം ഒളിപ്പിച്ച് വെയ്ക്കാൻ ശ്രമിക്കുന്നതായി കാണാം"

കുറൂളിചെക്കോൻ്റെ യഥാർത്ഥ നാമം വാണിയകുറുവള്ളികുഞ്ഞി ചെക്കോൻ എന്നാണ്, കോഴികോട് ജില്ലയിലെ വെള്ളിയോട് ദേശത്ത് വാണിമേലിലെ ഇടത്തരം തീയർ കൂടുംബമായ ചടയച്ചം കണ്ടിവീട്ടിൽ ഒണക്കൻ - മന്ദി ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1861 മാർച്ച് 12 ന് ചെക്കോൻ ജനിച്ചു, 
ചാമൻ, കുനിചെക്കോൻ എന്നി രണ്ട് സഹോദരൻമാർ, ഭാര്യയുടെ പേര് മാതുവും, മകൻ കണ്ണനുമാണ്.

വാണിമേലിലെ കിടങ്ങോത്ത് കളരിയിൽ നിന്ന് ആയുധവിദ്യ പഠിച്ച അദ്ദേഹത്തെ നേരിടാൻ അന്ന് ആ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല, കൂടാതെ ചൂണ്ടുവിരൽപ്രയോഗവും കൺകെട്ട് വിദ്യയും അഭ്യസിച്ചിട്ടുള്ള കുറൂളിചേകോനെ എത്ര പേര് വന്നാലും പരാജയപ്പെടുത്തുക അസാധ്യമായിരുന്നു,

കള്ള് ചെത്ത് തൊഴിലാളിയായ അച്ചൻ ഒണക്കന് 'പാട്ടഭൂമിയിൽ നെൽകൃഷിയും ഉണ്ടായിരുന്നു, പക്ഷെ വീട്ടിൽ എപ്പോഴും ദാരിദ്രം തന്നെ, വിളവെടുപ്പ് നടന്നാൽ മൂന്നിൽ രണ്ട് ഭാഗം നാടുവാഴിക്കും ഒരു ഭാഗം മാത്രം കൃഷിക്കാരനും, കൃഷി ചെയ്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങളിലും ഇത് തന്നെ സ്ഥിതി, കാലത്ത് തൊട്ട് അന്തി വരെ കഷ്ടപ്പെട്ട് പാടത്ത് പണിയെടുത്തിട്ടും വീട്ടിൽ ദാരിദ്രം തന്നെ, എന്ത് വിളവെടുപ്പ് നടന്നാലും അതിൽ ഭൂരിഭാഗം നാടുവാഴിക്ക് പോകുകയും മിച്ചം വരുന്നതു കൊണ്ടുള്ള ഉപജീവനവും, ഭൂപ്രമാണിമാരുടെ ഇത്തരം അന്യായത്തിനെതിരെ ചെക്കോൻ ആ പ്രദേശത്തെ തിയ്യ, കുറിച്യർ സമുദായങ്ങളിലെ യുവാക്കളെ സംഘടിപ്പിച്ച് പ്രക്ഷോപം നടത്തി, പാവപ്പെട്ടവരുടെയും ആദിവാസികളുടെയും ഉറ്റ തോഴനും ആരാധ്യപുരുഷനുമായി മാറിയ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കടത്തനാട്ട് രാജാവിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും കണ്ണിലെ കരടായി മാറി, കടത്തനാട് രാജാവിന് നികുതി പിരിക്കാൻ അവകാശം ഇല്ലായിരുന്ന വെള്ളിയോട് ദേശത്ത് ബ്രിട്ടിഷുകാരുടെ സഹായത്തോടെ രാജാവ് നികുതി പിരിക്കാൻ ആരംഭിച്ചത് ചേകോൻ ചോദ്യം ചെയ്തു, ഇതും ശത്രുതയ്ക്ക് കാരണമായി, 

രാജാവിൻ്റെ അധീനതയിൽ ഉണ്ടായിരുന്ന പാച്ചപാലംപൊയിൽ (പാനോംമല) കൈയേറി ചെക്കോനും സംഘവും കൃഷിയിറക്കി, വിളവ് പാവങ്ങൾക്ക് വീതിച്ച് നല്കി, കൊല്ലിനും കൊലയ്ക്കും അധികാരമുള്ള നാടുവാഴിതമ്പുരാക്കൻമാർ ഭരിച്ചിരുന്ന കാലത്താണ് അവരുടെ ഭൂമി പിടിച്ചെടുത്ത് ചെക്കോൻ ഈ ധീരകൃത്യം ചെയ്തത്, ഇതോടെ കൂടി എല്ലാ ഭൂപ്രമാണിമാരും രാജാവും കൂടി ചെക്കോനെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യാൻ ഗൂഢാലോചന നടത്തി, രാജാവിനെ വെല്ലുവിളിച്ച് ജീവിക്കുന്ന അഭ്യാസിയായ ചേകോനെ വകവരുത്തുവാൻ ഇവർകച്ചകെട്ടി, വാടക കൊലയാളികളെ നിരന്തരം അയച്ചിട്ടും പരാജയപ്പെട്ടു,

വിലങ്ങാടൻ മലയിലെ നാല്പത്തോളം വരുന്ന കുറിച്യർ യോദ്ധാക്കളും അത്ര തന്നെ തീയർ പോരാളികളും ചേകോൻ്റെ സംഘത്തിലുണ്ടായിരുന്നു, കുറിച്യ സംഘത്തിൻ്റെ നേതാവ് തേനിയെടൻ കുഞ്ഞനായിരുന്നു, സംഘത്തിലെ മറ്റ് പ്രധാനികൾ വേലിയേരി ചന്തു, കുങ്കൻ എന്നിവരാണ്, കൊള്ളസംഘം എന്നാണ് പ്രമാണിമാർ ഈ സംഘത്തെ വിളിച്ചത്,

വധശ്രമങ്ങൾ പരാജയപ്പെട്ടതോടെ അധികാരിവർഗ്ഗം ചെകോനെതിരെനാട്ടിൽ നടക്കുന്ന മോഷണകുറ്റങ്ങൾ ചുമത്തി കള്ളകേസ് കൊടുത്തു, ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു,
 മജിസ്ട്രേറ്റ് അദ്ദേഹത്തെ12 വർഷം തടവുശിക്ഷക്ക് വിധിച്ചു,

അഭ്യാസിയായ അദ്ദേഹം ജയിൽ ചാടി, വാണിമേൽ പുഴ നീന്തി കടന്ന് ഒരു ക്കാവിൽ എത്തിച്ചേർന്നു, അവിടെ ഒരു കാരണവർ വിളക്ക് തെളിയിക്കുകയായിരുന്നു, ഇത്രയും ആഴമേറിയ പുഴ നീന്തി വരുന്ന ചേകോനെ അത്ഭുതത്തോടെ കാരണവർ വീക്ഷിച്ചു,
ഇത് ഏത് കാവാണന്ന് ചെക്കോൻ ചോദിച്ചപ്പോൾ "കുറൂളിക്കാവാണന്നും സ്വത്ത് തർക്കം മൂലവും അടിപിടി കാരണവും ഇവിടെ ഉത്സവം നടക്കുന്നില്ലന്നും അതുകൊണ്ട് തന്നെ നാട്ടിൽ കുറെ അനിഷ്ടങ്ങൾ നടുക്കുന്നു എന്നും കാരണവർ മറുപടി പറഞ്ഞു, "

ഉത്സവം ഞാൻ നടത്തി കാണിക്കാമെന്ന് ചെക്കോൻ വാക്കു നൽകുന്നു,
അങ്ങനെ കുഞ്ഞിചേൻ്റെ കാവലിൽ കുറൂളിക്കാവിൽ വർഷങ്ങൾക്ക് ശേഷം ഉത്സവം നടന്നു, കുറൂളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ട് കുഞ്ഞിചേകോൻ "കുറൂളിചെക്കോൻ ' എന്നറിയപ്പെട്ടു, (വടകരയിൽ നിന്ന് തലശേരിക്ക് പോകുന്ന വഴിയിൽ പെരിങ്ങത്തൂർ പുഴയ്ക്ക് അക്കരെ കടവത്തൂരിൽ ആണ് കുറൂളികാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് )

പിന്നീട് ചേകോനും സംഘവും ജൻമിമാരുടെ പത്തായങ്ങളും മറ്റും കൊള്ളയടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്തു, അദ്ദേഹത്തെ കൊണ്ട് പൊറുതിമുട്ടിയ ഭൂപ്രമാണിമാർ പിടിക്കാനായി നാടു മുഴുവനും ആളുകളെ ഏർപ്പാടാക്കി, പിടിച്ച് കൊടുക്കുന്നവർക്ക് വലിയ സമ്മാനതുകയും പ്രഖ്യാപിച്ചു,

പാനോംമല, ചിറ്റാരിമല, അടച്ചിപ്പാറ, വിലങ്ങാൻമല എന്നി നിരവധി മലകളിൽ അദ്ദേഹം ഒളിവിൽ താമസിച്ചു, അപ്പോഴല്ലാം അദ്ദേഹം വേഷം മാറി നാട്ടിലൂടെ സഞ്ചരിക്കുകയും പല കാര്യങ്ങളും ചെയ്ത് അത്ഭുതപെടുത്തിയിട്ടുണ്ട് ജനങ്ങളെ,

ഒരു ദിവസം അദ്ദേഹം ചടയച്ചം കണ്ടികുടംബവീട്ടിൽ വന്നു, ഇത് മണത്തറിഞ്ഞ പോലിസ് വീടിന് ചുറ്റും വളഞ്ഞു, കതക് തട്ടിയ പോലിസുകാരോട് അമ്മ മന്ദി പറഞ്ഞു, " മാസം തികഞ്ഞ പെണ്ണെരുത്തിയുണ്ട് അകത്ത്, അവളെ ഒന്ന് പുറത്തേക്ക് കൊണ്ടു പോയീട്ട് വീടിനകത്ത് കയറിയാൽ മതി"

വെള്ള തുണികൊണ്ട് തല മറച്ച് ഗർഭിണിയെ അമ്മ അവിടെ നിന്ന് പതുക്കെ പതുക്കെ പുറത്തേക്ക് കൊണ്ടു പോയി...

അകത്ത് കയറിയ പോലീസിന് ചേകോൻ്റെ പൊടി പോലും കാണാൻ കഴിഞ്ഞില്ല,

ഗർഭിണി വേഷത്തിൽ അവിടെ നിന്ന് പുറത്ത് പോയത് ചേകോൻ ആയിരുന്നു,

കുറൂളിചേകോൻ്റെ വീരസാഹസികകഥകൾ കേട്ടറിഞ്ഞവടകര മജിസ്ട്രേറ്റിന് അദ്ദേഹത്തെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ടായി, ഇക്കാര്യം അദ്ദേഹം വാണിമേൽ വില്ലേജ് ഓഫിസറോടും അധികാരിയോടും സൂചിപ്പിച്ചിരുന്നു,

ഒരു ദിവസം മജിസ്ട്രേറ്റിൻ്റെ ബംഗ്ലാവിനു മുന്നിൽ കമ്പിളി പുതുപ്പ് വ്യാപാരി വന്നു, കമ്പിളി ഒരെണ്ണം നിർബന്ധിപ്പിച്ച് അദ്ദേഹത്തെ കൊണ്ട് വാങ്ങിപ്പിച്ച് വ്യാപാരിതിരിച്ചു പോയി..
കമ്പിളി നിവർത്തി നോക്കിയ മജിസ്‌ട്രേറ്റ് അതിൽ ഒരു കുറിപ്പ് കണ്ടു
 അങ്ങ് എന്നെ കാണാൻ ആഗ്രഹിച്ചു' ഞാൻ വന്നു "കുറൂളിചേകോൻ "

ചേകോൻ്റെ കൂട്ടാളികളായ ചന്തു, കുങ്കൻ എന്നി രണ്ട് പേരെ പ്രമാണിമാർ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വാധീനത്തിലാക്കി,

അങ്ങനെ വിലങ്ങൻമലയിലെ ഒരു മരച്ചുവട്ടിൽ വിശ്രമിച്ച് ഉറങ്ങികിടക്കുകയായിരുന്ന ചേകോനെ 1913 ഫെബ്രുവരി 14 ന് വേലിയേരി ചന്തു, തേനിയെടൻ കുഞ്ഞൻ എന്നിഒറ്റുകാർ ഒളിച്ചിരുന്ന് വിഷം പുരട്ടിയ അമ്പെയ്തും വെടിവെച്ചും ആ വീരയോദ്ധാവിനെ കൊലപ്പെടുത്തി. മരിക്കുമ്പോൾ അദ്ദേഹത്തിന് 55 വയസായിരുന്നു, ബ്രിട്ടീഷ് രേഖകളിൽ കുറൂളിചേകോൻ്റെ മരണം രജിസ്റ്റർ ചെയ്തിട്ടുണ്ട്,

വാണിമേലിൽ ചേകോൻ്റെ പേര കുട്ടികളുടെ മക്കളും കുടുംബാംഗങ്ങളും ഉണ്ട്, 22 വർഷം മുമ്പ് ചടയച്ചം കണ്ടി കുടുംബവീട് പൊളിച്ച് പുതുക്കി നിർമ്മിച്ചു, വീടിനോട് ചേർന്ന് കുടുംബ പരദേവതാ ക്ഷേത്രവും തറയും ഉണ്ട്, ചേകോൻ്റെ പേരകുട്ടിയുടെ മകനാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്.

കുറൂളിക്കാവിൽ ചേകോൻ്റ തെയ്യം കെട്ടിയാടാറുണ്ട്, ചേകോൻ്റെ കഥ പറയുന്ന വില്ലടിച്ചപാട്ടും ആ ദേശത്ത് പ്രചാരത്തിലുണ്ട്, കൊല ചെയ്യപ്പെട്ട വിലങ്ങാൻ മലയിൽ ചെറിയ കാവും അദ്ദേഹത്തിൻ്റെ മേൽ തറച്ച അമ്പും ഉണ്ട്,
വടകര, നാദാപുരം, വാണിമേലിൽ ചെന്ന് ആരോട് ചോദിച്ചാലും ചടയച്ചം കണ്ടിവീട് കാണിച്ചു തരും...

No comments:

Post a Comment