ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 21

നമ:ശിവായ മന്ത്രരഹസ്യം - 21

നമോ ബ്രഹ്മ നിരാകാരം, ശിവായം ശിവ സർവദാ, അതോfഹം ച നമാ ഭദ്ര, ശിവായോfഹം ന സംശയം: 21

അർഥം :-

ശിവൻ നിരാകാരനും പൂർണനും ബൃഹത്തുമാവുന്നു. അതു കൊണ്ട് ഹേ മംഗളരൂപ, ഞാനും വികാരരഹിതനും ശിവനെ പ്രാപിച്ചവനുമാകുന്നു. ഇതിൽ സംശയമേയില്ല. ശിവൻ ബ്രഹ്മമാണ്. ഏറ്റവും ബൃഹത്താണ്. ബൃഹത്വാത് ബ്രഹ്മ.വിശ്വതോ വൃത്വാദ് അത്യതിഷ്ഠദ്ദശാംഗുലം. (യ ജു. 31. 1) എല്ലായിടത്തും വ്യാപിച്ച് പത്തംഗുലം അതിക്രമിച്ചു നില്ക്കുന്ന പരമാത്മാവ് ഏറ്റവും വലുതാണ്. അതിനേക്കാൾ വലുതായി മറ്റൊന്നില്ല. ശിവൻ നിരാകാരമാണ്. ആകാരം അതായത് ആകൃതിയില്ലാത്തവനാണ്. അതിരുകളും അളവുമുള്ള തിനേ ആകൃതിയുണ്ടാവൂ. ന തസ്യ പ്രതിമാ അസ്തി. യസ്യ നാമ മഹദ്യശ:( യജുർവേദം) ഈശ്വരന് അളവില്ല. അതിനാൽ ആകാരവുമില്ല. സർവവ്യാപിയായ പരമേശ്വരന് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളില്ല. അതിനാലും നിരാകാരനാണ്. ശിവൻ ശിവായനും കൂടിയാണ്. പരമാത്മാവ് തന്റെ നിരതിശയമഹിമയോലുന്ന സൃഷ്ടിയിലൂടെ മനനശീലരായ മനുഷ്യരെ തന്നിലേക്കാകർഷിക്കുന്നു. ശിവനിലേക്കുള്ള അയം -ഗതി -നല്കുന്നു. അങ്ങനെ ശിവനെ പ്രാപിച്ചവനും വികാരരഹിതനാണ്. യമ നിയമാദി യോഗ സാധനയിലൂടെ ശിവനെ പ്രാപിക്കുന്നവന്റെ ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികൾ നിരുദ്ധമായവൻസം പ്രജ്ഞാത സമാധിയുടെ അന്തിമ തലത്തിൽ ഋതംഭര പ്രജ്ഞ നേടുന്നു. തത്ഫലമായി മുൻ ചിത്തവൃത്തികളുടെ ഫലമായുണ്ടായ സംസ്കാരം വെന്തുപോവുന്നു. അതോടു കൂടി അസംപ്രജ്ഞാത സമാധിയിൽ പരമാത്മ ദർശനമുണ്ടാവുന്നു. ആത്മാവിൽ പരമാത്മ ദർശനം. ഈ സന്ദർഭത്തിൽ, "ഭിദ്യന്തേ ഹൃദയ ഗ്രന്ഥി:, ഛിദ്യന്തേ സർവ സംശയാ: ,ക്ഷീയന്തേ ചാസ്യ കർമാണി, തസ്മിൻ ദൃഷ്ടേ പരാവരേ.(മുണ്ഡകം.2.2.9) സാധകന്റെ ഹൃദയ ഗ്രന്ഥി പൊട്ടുന്നു. സകല സംശയങ്ങളും തീരുന്നു. സകല കർമങ്ങളും ക്ഷയിക്കുന്നു. ഈ അവസ്ഥയിൽ പരനെ - ശ്രേഷ്ഠനെ - അവരൻ - ശ്രേഷ്Oത കുറഞ്ഞവൻ സാക്ഷാത്കരിക്കുന്ന. പരൻ പരമാത്മാവാണ്. അവരൻ ജീവാത്മാവും. ഹൃദയം വാസനകളുടെ ഇരിപ്പിടമാണ്. ഹൃദയ ഗ്രന്ഥി പൊട്ടുന്നതോടെ വാസനാ ബീജം ദഗ്ദ്ധമാവുന്നു. വിത്തിന് മുളയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വാസനകളുടെ ബന്ധനത്തിൽ നിന്നും ജീവൻ മുക്തനാവുന്നു. ഈ ബന്ധനവിമുക്തിയാണ് ഹൃദയഗ്രന്ഥി വി ഭേദനം.ശിവ സാക്ഷാത്കാരത്തോടെ കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞു. അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു സംതൃപതി സന്തുഷ്ടിയായിത്തീരുന്നു. സദ്യയിൽ പ്രഥമൻ വിളമ്പിക്കഴിഞ്ഞാൽ പിന്നൊന്നും കിട്ടാനില്ല. പിന്നെയെല്ലാം ശാന്തം. ഓം ശാന്തി: ശാന്തി: ശാന്തി:

ശ്രീമദ് പത്മപാദാചാര്യ വിരചിത നമ:ശിവായ മന്ത്രരഹസ്യം സമാപ്തം. അസ്യ ഭാഷാ ഭാഷ്യമപി സമാപ്തം. ഓം ശം ഭൂയാത്.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 20

നമ:ശിവായ മന്ത്രരഹസ്യം - 20

നമോ നമസനം ശംഭോ,നിരാകാരായ തേ നമ:, നിർഗുണം നിഷ്ക്രിയം ശാന്തം, ഇത്യാദ്യാ: ശ്രുതയോ ജഗു: 20

അർഥം :-

ഹേ ശംഭോ അവിടത്തേക്ക് പരിണാമമില്ല. അങ്ങ് വികാരരഹിതനാണ്. നിരാകാരനായ അങ്ങേയ്ക്ക് നമസ്കാരം. അങ്ങയെ നിർഗുണം നിഷ്ക്രിയം ശാന്തം എന്നീ വിശേഷണങ്ങൾ കൊണ്ട് വേദങ്ങൾ സ്തുതിക്കുന്നു. പരമാത്മാവ് അഥവാ ഈശ്വരൻ ചേതനതത്ത്വമാണ്. അത് മറ്റൊന്നായി പരിണമിക്കുകയില്ല. അത് അവ്യയമാണ്. ശിവൻ ആപ്തകാമനാകയാൽ കാമ ക്രോധാദി വികാരങ്ങളുമില്ല. ഈശ്വരന് ആകൃതിയില്ല. ഏകദേശിക്കേ ആകൃതിയുണ്ടാവൂ. സകലയിടത്തും അതിനപ്പുറവും വ്യാപിച്ചിരിക്കുന്നവന് ആകൃതിയില്ല. ഈശ്വരൻ ഒരിക്കലും ശരീരമെടുക്കുന്നില്ല." സപര്യഗാത് ശുക്രമകായമ വ്രണമ സ്നാവിരം'' (ഈശം.8) ഈശ്വരൻ എല്ലായിടത്തും വ്യാപിച്ചവനും പ്രകാശവാനും സ്ഥൂല സൂക്ഷ്മ ശരീരങ്ങളില്ലാത്തവനുമാണ്. " അപാണി പാദോ ജവനോഗ്രഹീതാ, പശ്യത്യക്ഷു: സശൃണോത്യകർണ:, സവേത്തി വേദ്യം ന ച തസ്യാസ്തി വേത്താ, തമാഹുര ഗ്ര്യം പുരുഷം മഹാന്തം.( ശ്വേതാശ്വത രോപനിഷത് 3.19 ) അവൻ പാദങ്ങളില്ലാതെ നടക്കുന്നു. കൈകളില്ലാതെ പിടിക്കുന്നു. കണ്ണുകളില്ലെങ്കിലും കാണുന്നു. ചെവികളുടെ സഹായം കൂടാതെ കേൾക്കുന്നു. അവയവ രഹിതനായ പരമേശ്വരന് സൃഷ്ടിസ്ഥിതി സംഹാരാദി ജഗദ് വ്യാപാരങ്ങൾ ചെയ്യുന്നതിന് കരചരണാദി അവയവങ്ങളുടെ ആവശ്യമില്ല. ഈശ്വരൻ നിഷ്ക്രിയനാണ്. കർമങ്ങൾ രണ്ടു വിധം - സ്വാർഥ കർമവും നിസ്വാർഥ കർമവും. സ്വാർഥ കർമത്തിന് സകാമ കർമമെന്നും നിസ്വാർഥ കർമത്തിന് നിഷ്കാമ കർമമെന്നും നാമം. ഈശ്വരൻ നിഷ്ക്രിയൻ എന്നതിന് സകാമ കർമം ചെയ്യാത്തവൻ എന്നർഥം. ഈശ്വരന്റെ ജഗത് സൃഷ്ടി ജീവാത്മാക്കളുടെ ഭോഗത്തിനും അപവർഗത്തിനുമാണ്. ഭോഗാപവർഗാഭ്യാം ദൃശ്യം ( യോഗദർശനം) ഈശ്വരൻ നിർഗുണ നാണ്. ഈശ്വരനിൽ പ്രകൃതി ഗുണങ്ങളായ സത്വര ജ സ്തമോഗുണങ്ങളില്ല. അതിനാൽത്തന്നെ ശാന്തനാണ്. അശാന്തിയുടെ കാരണം രജോഗുണമാണ്.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 19

നമ:ശിവായ മന്ത്രരഹസ്യം - 19

നമോfഹം ശിവായോfഹം, നമോ മഹ്യാം നമോ നമ:, നമോ നമായ ശുദ്ധായ, മംഗലായ നമോ നമ: 19

അർഥം :-

ഞാൻ പരിണാമ രഹിതനാണ്. ഞാൻ ശിവനെ പ്രാപിച്ചവനാണ്.മഹത്തായ പരിണാമ രഹിതനു നമസ്കാരം. ശുദ്ധനായ അളവില്ലാത്തവന് നമസ്കാരം. മംഗള സ്വരൂപന് വീണ്ടും വീണ്ടും നമസ്കാരം. ലോകത്തിൽ രണ്ടേ രണ്ട് പദാർഥങ്ങളേയുള്ളു. ചേതനവും അചേതനവും. അചേതന പദാർഥംപ്രകൃതിയാണ്. ചേതന പദാർഥത്തിന് പുരുഷൻ, ആത്മാവ് എന്നെല്ലാം നാമധേയം. പുരുഷൻ രണ്ടു വിധം പിണ്ഡപുരുഷനും ബ്രഹ്മാണ്ഡ പുരുഷനും. ഇവ തന്നെ യഥാക്രമം ജീവാത്മാവും പരമാത്മാവും. പ്രകൃതി പുരുഷയോരന്യത് സർവമനിത്യം (സാംഖ്യം) പ്രകൃതിയും പുരുഷനും നിത്യമാണ്. ബാക്കിയെല്ലാം അനിത്യമാണ്. പരിണാമം അചേതന പദാർഥത്തിനു മാത്രമേയുള്ളു. ചേതന പദാർഥമായ പുരുഷൻ അവ്യയനാണ് - മാറ്റമില്ലാത്തവനാണ്. പുരുഷന്റെ ഈ ക്ഷണം പ്രകൃതിയുടെ സാമ്യാവസ്ഥക്കു മാറ്റമുണ്ടാക്കുന്നു. അതാണ് സൃഷ്ടിയുടെ ആരംഭം. പരമാത്മാവ് ശുദ്ധനാണ്. സ്വയം ശുദ്ധനായിരുന്നു കൊണ്ട് അന്യമായതിനെ ശുദ്ധമാക്കുന്നു. അതുപോലെ പരമാത്മാവ് മംഗളമാണ്, ഭദ്രമാണ്. ജീവാത്മാക്കൾ അനേകമാണ് അശുദ്ധവുമാണ്. വിഷയ ബന്ധം ജീവാത്മാവിനെ അശുദ്ധമാക്കുന്നു. വിഷയ ബന്ധം വിടുന്ന തോടുകൂടി ജീവൻ ശുദ്ധനാവുന്നു. ശുദ്ധനാവുമ്പോൾ ശിവനെ പ്രാപിക്കുന്നു. ശിവനെ പ്രാപിക്കുന്നതോടെ സ്വരൂപത്തിലവസ്ഥിതനാവുന്നു.തദാദ്രഷ്ടു: സ്വരൂപേ fവസ്ഥാനം ( യോഗദർശനം 1.3 ) ചിത്തവൃത്തികൾ നിരുദ്ധമാവുമ്പോൾ അതായത് അസംപ്രജ്ഞാത സമാധിയിൽ ജീവാത്മാവ് സ്വരൂപത്തിൽ -ആനന്ദത്തിൽ സ്ഥിതി ചെയ്യുന്നു.സ്വരൂപേ എന്ന പദം സപ്തമീ വിഭക്തിയിലാണ്. സപ്തമിഅധികരണ കാരകമാണ്. ജീവാത്മാവിന്റെ ആധാരം ശിവനെന്ന ആനന്ദമാണ്. ബ്രഹ്മവിദ്ബ്രഹ്മണി സ്ഥിത: എന്ന് ഭഗവദ് ഗീതാ. ബ്രഹ്മത്തെയറിഞ്ഞവൻ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 18

നമ:ശിവായ മന്ത്രരഹസ്യം - 18

ശിവമേഷി യതോ ജ്ഞപ്ത്യാ, ശിവായ സ്ത്വം പ്രപദ്യസേ, ന തേ മായാ യതോ ജ്ഞപ്ത്യാ, നമോ വേദൈ പ്രപദ്യതേ. 18

അർഥം :-

യാതൊരു ജ്ഞാനം കൊണ്ട് നീ ശിവനെ പ്രാപിക്കുന്നുവോ അക്കാരണത്താൽ നീ ശിവായൻ എന്നറിയപ്പെടുന്നു. ഏതൊരു കാരണം കൊണ്ട് നിന്റെ മായ ഇല്ലാതാവുന്നുവോ ആ ജ്ഞാനത്തിലൂടെ വേദങ്ങളാൽ നമൻ എന്നറിയപ്പെടുന്നു. ജ്ഞാനം കൊണ് ശിവനെ പ്രാപിക്കുന്നു. ജ്ഞാനാത് മുക്തി: (സാം'ഖ്യം) അറിവാണ് ഈശ്വര പ്രാപ്തിക്കു കാരണം." വേദാഹ മേതം പുരുഷം മഹാന്തം ആദിത്യവർണം ത മ സ:പരസ്താത് തമേവ വിദിത്വാ അതി മൃത്യുമേതിനാf ന്യപന്ഥാവിദ്യതേ അയനായ " ( പുരുഷസൂക്തം -യജുർവേദം) തമസിനപ്പുറം ആദിത്യനെപ്പോലെ പ്രകാശിക്കുന്ന മഹാനായ പുരുഷനെ ഞാനറിയുന്നു. അവനെ അറിഞ്ഞിട്ടു തന്നെ മൃത്യുവിനെ കടക്കുന്നു. മൃത്യു ദു:ഖമൊഴിവാക്കാൻ വേറെ വഴിയില്ല. ശിവനെ അറിയാനൊരു വഴിയേയുള്ളു, ശിവായ നാവുക.ശിവായ ശബ്ദം ചതുർഥീ വിഭക്തിയാണ്. അത് സംപ്രദാന കാരകമാണ്. ഇവിടെ സമ്യക്കായി - പൂർണമായി - ദാനം ചെയ്യണം. എന്തിനെ ദാനം ചെയ്യണം? നമ്മുടെ സകലമാന സമ്പത്തും നമുക്ക് ലഭിച്ചതാണ്. സത്യത്തിൽ അവയൊന്നും നമ്മുടെതല്ല. ഈ ശരീരം, പേര്, വസ്ത്രാഭരണങ്ങൾ, ഭുമിയാദിയായ സമ്പത്തുക്കൾ ഒന്നും തന്നെ നമ്മൾ ഉണ്ടാക്കിയതല്ല. ഇതെല്ലാം അവൻ തന്നതാണ്. ഇവയൊന്നും ദാനം ചെയ്യാൻ നമുക്കധികാരമില്ല. കാരണം ഇവയുടെയൊന്നും ഉടയവൻനാമല്ല. എനിക്കു സ്വന്തമായി ഞാൻ മാത്രമേയുള്ളു. അതിനാൽ ആത്മ നിവേദനമാണ് സംപ്രദാനം. ഈ ആത്മ നിവേദനത്തെ ഈശ്വരപ്രണിധാനം എന്നു പറയുന്നു.'ഈശ്വരപ്രണിധാനാദ്വാ, (യോഗദർശനം) പരമഗുരുവായ ഈശ്വരന് സമർപ്പിക്കുന്നതുകൊണ്ടും മുക്തി ലഭിക്കുന്നു. ശിവായൻ തന്നെത്തന്നെ ഈശ്വരന് മുക്ത്യാർ നല്കിയവനാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയാണ് മായ. ലൗകിക സുഖഭോഗങ്ങൾ ആത്യന്തികമായി ദു:ഖത്തിലേക്ക് നയിക്കുന്നു. ഭോഗേ രോഗ ഭയം. ബുദ്ധി അഥവാ ചിത്തം വിഷയങ്ങളിൽ നിന്നും പിന്തിരിഞ്ഞ് ഈശ്വരനിൽ മുഴുകുമ്പോൾ നിരതിശയാനന്ദം ലഭിക്കുന്നു. ഈ ആനന്ദം നല്കുന്ന അറിവാണ് പ്രകൃതി - പുരുഷ വിവേക ജ്ഞാനം. ഈ ജ്ഞാനമുണ്ടാവുന്നതോടുകൂടി മായാബന്ധനം - പ്രകൃതി ബന്ധനം -ഒഴിയുന്നു. അപ്പോൾ നമൻ ആവുന്നു. ആരാണ് നമൻ? മന: എന്ന പദം തിരിച്ചിട്ടാൽ നമ: എന്നാവും. വിഷയങ്ങളിൽ മുഴുകിയ മനസ്സിനെ അവിടെ നിന്നും തിരിച്ചെടുത്ത് ഈശ്വരനിൽ മുഴുകുമ്പോൾ നമൻ ആവും. ഹേ ഭഗവൻ എന്റെ മനസ്സെപ്പോഴും അങ്ങയിൽ മുഴുകട്ടെ.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 17

നമ:ശിവായ മന്ത്രരഹസ്യം - 17

ശിവാം യാതോ മഹാ ഭദ്ര, നമോ മായയാfധ്രുവം, തതോനമായമഹ്യം മ:ശിവായം കുരു സർവഥാ .17

അർഥം :-

അല്ലയോ മഹാഭദ്ര ഞാൻ മായ ഹേതുവായി ഉറപ്പില്ലാത്തവനായി. അതിനാൽ വിദ്യാവിഹീനനായ എനിക്ക് സകലതും എല്ലാ പ്രകാരത്തിലുംമംഗളമാക്കിയാലും. ശിവൻ മഹാഭദ്രനാണ്. ദുരിതാനി പരാസുവ യദ്ഭദ്രം തന്ന ആസുവ(ഋഗ്വേദം) ദുരിതങ്ങൾ അകലെയാവണം.ഭദ്രം വന്നു ചേരണം. ദുരിതങ്ങൾ അനവധിയാണ്. ഭദ്രം ഒന്നേയുള്ളു. ആ ഒന്നാണ് ശിവൻ. അവൻ മഹാഭദ്രനാണ്‌. മഹത്തായ മംഗളവും സുഖവും നല്കുന്നവനാണ്. മായ പ്രകൃതിയാണ്. മായാം തു പ്രകൃതിം വിദ്യാത് (ശ്വേതാശ്വതരോപനിഷത്) മായ ഇല്ലാത്തതല്ല, മിഥ്യയല്ല. പ്രകൃതി നിത്യ പരിണാമശീലയാണ്. ആ പ്രകൃതിയോടുള്ള ആകർഷണം എന്നെ ചഞ്ചലനാക്കുന്നു. തന്മൂലം ഞാൻ അവിദ്യയുടെ പിടിയിലകപ്പെടുന്നു. ഈ അവിദ്യ വേണ്ടാത്തതല്ല. മൃത്യുവിനെക്കടക്കാൻ അവിദ്യയാവശ്യമാണ്‌. അവിദ്യയാമൃത്യും തീർത്വാ വിദ്യയാf മൃതമശ് നുതേ (ഈ ശാവാസ്യം ) വിദ്യകൊണ്ട് അമൃത നാവണമെങ്കിൽ അവിദ്യകൊണ്ട് മൃത്യുവിനെ ജയിക്കണം. ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയമാf മൃതാത്. ഉർവാരുക പഴം പോലെ മൃത്യു ബന്ധനത്തിൽ നിന്നും വിട്ടു പോരണം. പഴത്തിന്റെ ഞെട്ടാണ് മൃത്യു ബന്ധനം. ഞെട്ടുണ്ടെങ്കിലേ കായ മുഴുകുകയും പഴുക്കകയും ചെയ്യൂ. മുഴുക്കാനും പഴുക്കാനും ബന്ധനമാവശ്യമാണ്. പഴുത്താൽ സ്വയമേവ ഞെട്ടറ്റു കൊള്ളും. ചിരട്ടയുടെ ബന്ധനത്തിൽ നിന്നും കൊപ്ര വിട്ടു പോരാൻ വിഷയരസം വറ്റണം. പ്രകൃതിയോടുള്ള ബന്ധനമാണ് മൃത്യു ബന്ധനം. പ്രകൃതി - പുരുഷ വിവേക ഖ്യാതി നേടുന്നതോടുകൂടി അവിദ്യ നശിക്കുന്നു. വിദ്യ നേടുന്നു. വിദ്യകൊണ്ട് മോക്ഷ സ്വരൂപമായ ആനന്ദമനുഭവിക്കുന്നു. ശിവസായൂജ്യം നേടുന്നു.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 16

നമ:ശിവായ മന്ത്രരഹസ്യം - 16

ശിവം ശിവമഥാപ്രാപ്ത:, ശിവായേതി നിഗദ്യ സേ, ശിവായ മേ തഥാപ്രാപ്ത്യാ, ശിവായം കുരു സർവദാ. 16

അർഥം :-

ഇപ്രകാരം സർവ മംഗളവും നിരതിശയവുമായ ശിവതത്ത്വത്തെ പ്രാപിച്ച അങ്ങ് ശിവനെ പ്രാപിച്ചവനായി പറയപ്പെടുന്നു. അപ്രകാരം ശിവനാൽ പൂർണമായും പ്രാപിക്കപ്പെട്ട എന്നെ സർവദാശിവനെ പ്രാപിച്ചവനാക്കൂ. ശിവതത്ത്വം മംഗളമാണ്, നിരതിശയമാണ്. ശിവൻ പൂർണമായും ശുദ്ധനാണ്.ശിവനിൽ ശിവത്വമേയുള്ളു. മറ്റു കലർപ്പുകളൊന്നുമില്ല. മായമില്ലാത്ത ഒരു പദാർഥമുണ്ടെങ്കിൽ അത് ശിവനാണ്. ശിവൻ പരിപൂർണമായും ശിവമയമാണ്. സാധനയിലൂടെ ശിവനെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ശിവത്വം കിട്ടുകയുള്ളു. ഹേ പരമ പവിത്രനും മംഗള സ്വരൂപനമായ ഭഗവൻ അവിടുന്ന് എന്നെ പരമ പവിത്രനും മംഗള പ്രദനുമാക്കിയാലും. അങ്ങ് ലോകത്തിനു പകാരം ചെയ്യുന്നതു പോലെ ലോകോപകാരിയാവാൻ ഞാനും സമർഥനാകട്ടെ. ഞാനെപ്പോഴും അങ്ങയിൽത്തന്നെ വസിക്കട്ടെ. തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങളെ തന്നിലേയ്ക്കാവാഹിക്കുന്നതാണ് പ്രാർഥന. ലൗകിക വിഷയങ്ങൾ ചോദിക്കുന്നത് പ്രാർഥനയല്ല, യാചനയാണ്. ഭക്തൻ യാചകനല്ല.സത്യമ സി സത്യം മയിധേ ഹി അവിടുന്നു സത്യമാണ്. ആ സത്യമെനിക്കു നല്കിയാലും എന്ന് പ്രാർഥിക്കുമ്പോൾ വാക്കിലും പ്രവൃത്തിയിലും സത്യസന്ധരാകാനുള്ള പരിശ്രമവും കൂടിയുണ്ടാവണം. എങ്കിലേ അത് പ്രാർനയാവൂ. ശിവായം കുരു സർവദാ എന്ന പ്രാർഥന ഒരു നിതാന്ത രഹസ്യം വെളിപ്പെടുത്തുന്നു. സാധകൻ എല്ലായ്പ്പോഴും ശിവനെ പ്രാപിച്ചവനേ ആകുന്നുള്ളു. ഒരിക്കലും ശിവനാകുന്നില്ല. അപ്പോൾ ശിവം ഭൂത്വാശിവം യജേത് എന്നതിനെന്താണർഥം? ശിവനായിട്ട് ശിവനെയജിക്കണമെന്നല്ലേ? അല്ല.സംസ്കൃത ഭാഷയിൽ പ്രഥമ ഗണത്തിലും ദശമഗണത്തിലും ഭൂ ധാതു വരുന്നുണ്ട്. പ്രഥമഗണത്തിലെ ഭൂ ധാതു വിന് ആവുക എന്നർഥം. ദശമഗണത്തിലെ ഭൂ ധാതുവിന് പ്രാപിക്കുക എന്നർഥം. ശിവം ഭൂത്വാ എന്നിടത്ത് ദശമഗണത്തിലെ ഭൂ ധാതുവിന്റെ അർഥമെടുക്കണം. ശിവനെ പ്രാപിച്ചിട്ട് ശിവനെയജിക്കണം. പ്രാപിക്കാനായി ഉപാസന ചെയ്യണം. യജനം അഥവാ പൂജ സത്ക്കാരമാണ്. സത്കാരം സത്ക്കരിക്കുന്നവനെ പ്രാപിച്ചിട്ടേ ചെയ്യാൻ സാധിക്കൂ.യജനം സംഗതീകരണമാണ്, കൂടി ചേരലാണ്.

Swami Darshananda saraswathi 

നമ:ശിവായ മന്ത്രരഹസ്യം - 15

നമ:ശിവായ മന്ത്രരഹസ്യം - 15

യസ്മാത് ത്വം നേതിനേതീതി, ന ഞർഥം മാസിവേദജം, തസ്മാത് നമോfസി ഭദ്രം മേ,യതോ ജാതോ നമോ നമ:15

അർഥം :-

യാതൊരു കാരണത്താൽ ഇതല്ല ഇതല്ല എന്ന നിഷേധത്തിലൂടെ നിന്നെ അളക്കുന്നു അതു കൊണ്ട് നീ അളവില്ലാത്തവനാണ്. നീ വേദത്തിൽ നിന്നുണ്ടായ ഭദ്രമാണ്. അളവുള്ള എന്റെ ജനനത്തിനു കാരണമായ അവന് നമസ്ക്കാരം. അറിവിന്റെ മാർഗമാണ് വിധിയും നിഷേധവും.ഈശ്വരൻ ഇന്ദ്രിയവിഷയ മോ ബുദ്ധിഗമ്യമോ അല്ലാത്തതിനാൽ ഈശ്വരൻ' ഇങ്ങനെ'യാണെന്നു പറയാനാവില്ല. ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ ഒടുങ്ങാത്ത പൊരുൾ നാം കണ്ടെത്തുന്നു. ആ ഒടുങ്ങാത്ത പൊരുളാണീശ്വരൻ. അത് ഒടുങ്ങാത്തതായതു കൊണ്ട് അതിനളവില്ല."ന തസ്യ പ്രതിമാ അസ്തി യസ്യ നമ മഹദ്യശ: " ( യജു. 32.3) ഈശ്വരൻ വേദജമാണ്, ഭദ്രമാണ്. വേദത്തിലൂടെയേ ഈശ്വരനെ അറിയാനാവൂ.ശബ്ദ ബ്രഹ്മണി നിഷ്ണാത: പരം ബ്രഹ്മമധിഗച്ഛതി എന്ന വ്യാസവചനം സ്മരണീയം. പരമാത്മാവിനളവില്ല. അദ്ദേഹം വിഭുവാണ്. പക്ഷേ ഞാൻ അളവുള്ളവനാണ്, പരിച്ഛിന്നനാണ്. ശ്വേതാശ്വത രോപനിഷത്തിലെ ജ്ഞാ ജ്ഞൗ ദ്വാവ ജാവീശാനീശാവജാ..... (1,9) എന്ന മന്ത്രം ഭാഷ്യംചെയ്യവേ ശ്രീ ശങ്കരൻ പറയുന്നു - "ജ്ഞ അജ്ഞ രണ്ടും രണ്ടാണ്. ഈശ്വരൻ സർവജ്ഞനും ജീവൻ അല്പജ്ഞനുമാണ്. ഇവ രണ്ടും ജന്മാദി രഹിതമാണ്. പരമാത്മാവ് സർവേശ്വരനാണ്. ജീവൻ അനീശ്വരനും.പരമേശ്വരൻ സർവജ്ഞനും ജീവൻ അസർവജ്ഞനുമാണ്. പരമേശ്വരൻ സർവകൃത്തും ജീവൻ അസർവകൃത്തുമാണ്. പരമേശ്വരൻ എല്ലാറ്റിനേയും പോഷിപ്പിക്കുന്നു. ജീവൻ ശരീരത്തെ മാത്രം പോഷിപ്പിക്കുന്നു.പരമേശ്വരൻ സർവാത്മാവാണ്. ജീവൻ അങ്ങനെയല്ല. പരമേശ്വരൻ സർവൈശ്വര്യ വാനും ആപ്ത കാമനുമാണ്.ജീവനാകട്ടെ അല്പൈ ശ്വര്യ വാനും അനാപ്ത കാമനുമാണ്. അതിനാൽ ഞാൻ പരമാത്മസ്വരൂപമായ ശിവനല്ല. ജീവാത്മാവ് ശരീരം സ്വീകരിക്കുന്നത് ജനനവും ശരീരമുപേക്ഷിക്കുന്നത് മരണവുമാണ്. പരിച്ഛിന്നനാകയാൽ ജീവാത്മാവിന് ശരീരത്തിൽ മാത്രമേ സ്ഥിതിയുള്ളു. ഈ ശരീരത്തിനളവുണ്ട്. ജീവാത്മാവ് ജനിച്ചതല്ല അത് അനാദിയാണ്. എന്നാൽ എന്റെ ഈ ശരീരഗ്രഹണത്തിന് നിമിത്ത കാരണം ഈശ്വരനാണ്. ആ ഈശ്വരനെ ഞാൻ നമസ്കരിക്കുന്നു.

Swami Darshananda saraswathi