ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 19

നമ:ശിവായ മന്ത്രരഹസ്യം - 19

നമോfഹം ശിവായോfഹം, നമോ മഹ്യാം നമോ നമ:, നമോ നമായ ശുദ്ധായ, മംഗലായ നമോ നമ: 19

അർഥം :-

ഞാൻ പരിണാമ രഹിതനാണ്. ഞാൻ ശിവനെ പ്രാപിച്ചവനാണ്.മഹത്തായ പരിണാമ രഹിതനു നമസ്കാരം. ശുദ്ധനായ അളവില്ലാത്തവന് നമസ്കാരം. മംഗള സ്വരൂപന് വീണ്ടും വീണ്ടും നമസ്കാരം. ലോകത്തിൽ രണ്ടേ രണ്ട് പദാർഥങ്ങളേയുള്ളു. ചേതനവും അചേതനവും. അചേതന പദാർഥംപ്രകൃതിയാണ്. ചേതന പദാർഥത്തിന് പുരുഷൻ, ആത്മാവ് എന്നെല്ലാം നാമധേയം. പുരുഷൻ രണ്ടു വിധം പിണ്ഡപുരുഷനും ബ്രഹ്മാണ്ഡ പുരുഷനും. ഇവ തന്നെ യഥാക്രമം ജീവാത്മാവും പരമാത്മാവും. പ്രകൃതി പുരുഷയോരന്യത് സർവമനിത്യം (സാംഖ്യം) പ്രകൃതിയും പുരുഷനും നിത്യമാണ്. ബാക്കിയെല്ലാം അനിത്യമാണ്. പരിണാമം അചേതന പദാർഥത്തിനു മാത്രമേയുള്ളു. ചേതന പദാർഥമായ പുരുഷൻ അവ്യയനാണ് - മാറ്റമില്ലാത്തവനാണ്. പുരുഷന്റെ ഈ ക്ഷണം പ്രകൃതിയുടെ സാമ്യാവസ്ഥക്കു മാറ്റമുണ്ടാക്കുന്നു. അതാണ് സൃഷ്ടിയുടെ ആരംഭം. പരമാത്മാവ് ശുദ്ധനാണ്. സ്വയം ശുദ്ധനായിരുന്നു കൊണ്ട് അന്യമായതിനെ ശുദ്ധമാക്കുന്നു. അതുപോലെ പരമാത്മാവ് മംഗളമാണ്, ഭദ്രമാണ്. ജീവാത്മാക്കൾ അനേകമാണ് അശുദ്ധവുമാണ്. വിഷയ ബന്ധം ജീവാത്മാവിനെ അശുദ്ധമാക്കുന്നു. വിഷയ ബന്ധം വിടുന്ന തോടുകൂടി ജീവൻ ശുദ്ധനാവുന്നു. ശുദ്ധനാവുമ്പോൾ ശിവനെ പ്രാപിക്കുന്നു. ശിവനെ പ്രാപിക്കുന്നതോടെ സ്വരൂപത്തിലവസ്ഥിതനാവുന്നു.തദാദ്രഷ്ടു: സ്വരൂപേ fവസ്ഥാനം ( യോഗദർശനം 1.3 ) ചിത്തവൃത്തികൾ നിരുദ്ധമാവുമ്പോൾ അതായത് അസംപ്രജ്ഞാത സമാധിയിൽ ജീവാത്മാവ് സ്വരൂപത്തിൽ -ആനന്ദത്തിൽ സ്ഥിതി ചെയ്യുന്നു.സ്വരൂപേ എന്ന പദം സപ്തമീ വിഭക്തിയിലാണ്. സപ്തമിഅധികരണ കാരകമാണ്. ജീവാത്മാവിന്റെ ആധാരം ശിവനെന്ന ആനന്ദമാണ്. ബ്രഹ്മവിദ്ബ്രഹ്മണി സ്ഥിത: എന്ന് ഭഗവദ് ഗീതാ. ബ്രഹ്മത്തെയറിഞ്ഞവൻ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു.

Swami Darshananda saraswathi 

No comments:

Post a Comment