ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2022

നമ:ശിവായ മന്ത്രരഹസ്യം - 15

നമ:ശിവായ മന്ത്രരഹസ്യം - 15

യസ്മാത് ത്വം നേതിനേതീതി, ന ഞർഥം മാസിവേദജം, തസ്മാത് നമോfസി ഭദ്രം മേ,യതോ ജാതോ നമോ നമ:15

അർഥം :-

യാതൊരു കാരണത്താൽ ഇതല്ല ഇതല്ല എന്ന നിഷേധത്തിലൂടെ നിന്നെ അളക്കുന്നു അതു കൊണ്ട് നീ അളവില്ലാത്തവനാണ്. നീ വേദത്തിൽ നിന്നുണ്ടായ ഭദ്രമാണ്. അളവുള്ള എന്റെ ജനനത്തിനു കാരണമായ അവന് നമസ്ക്കാരം. അറിവിന്റെ മാർഗമാണ് വിധിയും നിഷേധവും.ഈശ്വരൻ ഇന്ദ്രിയവിഷയ മോ ബുദ്ധിഗമ്യമോ അല്ലാത്തതിനാൽ ഈശ്വരൻ' ഇങ്ങനെ'യാണെന്നു പറയാനാവില്ല. ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ ഒടുങ്ങാത്ത പൊരുൾ നാം കണ്ടെത്തുന്നു. ആ ഒടുങ്ങാത്ത പൊരുളാണീശ്വരൻ. അത് ഒടുങ്ങാത്തതായതു കൊണ്ട് അതിനളവില്ല."ന തസ്യ പ്രതിമാ അസ്തി യസ്യ നമ മഹദ്യശ: " ( യജു. 32.3) ഈശ്വരൻ വേദജമാണ്, ഭദ്രമാണ്. വേദത്തിലൂടെയേ ഈശ്വരനെ അറിയാനാവൂ.ശബ്ദ ബ്രഹ്മണി നിഷ്ണാത: പരം ബ്രഹ്മമധിഗച്ഛതി എന്ന വ്യാസവചനം സ്മരണീയം. പരമാത്മാവിനളവില്ല. അദ്ദേഹം വിഭുവാണ്. പക്ഷേ ഞാൻ അളവുള്ളവനാണ്, പരിച്ഛിന്നനാണ്. ശ്വേതാശ്വത രോപനിഷത്തിലെ ജ്ഞാ ജ്ഞൗ ദ്വാവ ജാവീശാനീശാവജാ..... (1,9) എന്ന മന്ത്രം ഭാഷ്യംചെയ്യവേ ശ്രീ ശങ്കരൻ പറയുന്നു - "ജ്ഞ അജ്ഞ രണ്ടും രണ്ടാണ്. ഈശ്വരൻ സർവജ്ഞനും ജീവൻ അല്പജ്ഞനുമാണ്. ഇവ രണ്ടും ജന്മാദി രഹിതമാണ്. പരമാത്മാവ് സർവേശ്വരനാണ്. ജീവൻ അനീശ്വരനും.പരമേശ്വരൻ സർവജ്ഞനും ജീവൻ അസർവജ്ഞനുമാണ്. പരമേശ്വരൻ സർവകൃത്തും ജീവൻ അസർവകൃത്തുമാണ്. പരമേശ്വരൻ എല്ലാറ്റിനേയും പോഷിപ്പിക്കുന്നു. ജീവൻ ശരീരത്തെ മാത്രം പോഷിപ്പിക്കുന്നു.പരമേശ്വരൻ സർവാത്മാവാണ്. ജീവൻ അങ്ങനെയല്ല. പരമേശ്വരൻ സർവൈശ്വര്യ വാനും ആപ്ത കാമനുമാണ്.ജീവനാകട്ടെ അല്പൈ ശ്വര്യ വാനും അനാപ്ത കാമനുമാണ്. അതിനാൽ ഞാൻ പരമാത്മസ്വരൂപമായ ശിവനല്ല. ജീവാത്മാവ് ശരീരം സ്വീകരിക്കുന്നത് ജനനവും ശരീരമുപേക്ഷിക്കുന്നത് മരണവുമാണ്. പരിച്ഛിന്നനാകയാൽ ജീവാത്മാവിന് ശരീരത്തിൽ മാത്രമേ സ്ഥിതിയുള്ളു. ഈ ശരീരത്തിനളവുണ്ട്. ജീവാത്മാവ് ജനിച്ചതല്ല അത് അനാദിയാണ്. എന്നാൽ എന്റെ ഈ ശരീരഗ്രഹണത്തിന് നിമിത്ത കാരണം ഈശ്വരനാണ്. ആ ഈശ്വരനെ ഞാൻ നമസ്കരിക്കുന്നു.

Swami Darshananda saraswathi 

No comments:

Post a Comment