നമ:ശിവായ മന്ത്രരഹസ്യം - 21
നമോ ബ്രഹ്മ നിരാകാരം, ശിവായം ശിവ സർവദാ, അതോfഹം ച നമാ ഭദ്ര, ശിവായോfഹം ന സംശയം: 21
അർഥം :-
ശിവൻ നിരാകാരനും പൂർണനും ബൃഹത്തുമാവുന്നു. അതു കൊണ്ട് ഹേ മംഗളരൂപ, ഞാനും വികാരരഹിതനും ശിവനെ പ്രാപിച്ചവനുമാകുന്നു. ഇതിൽ സംശയമേയില്ല. ശിവൻ ബ്രഹ്മമാണ്. ഏറ്റവും ബൃഹത്താണ്. ബൃഹത്വാത് ബ്രഹ്മ.വിശ്വതോ വൃത്വാദ് അത്യതിഷ്ഠദ്ദശാംഗുലം. (യ ജു. 31. 1) എല്ലായിടത്തും വ്യാപിച്ച് പത്തംഗുലം അതിക്രമിച്ചു നില്ക്കുന്ന പരമാത്മാവ് ഏറ്റവും വലുതാണ്. അതിനേക്കാൾ വലുതായി മറ്റൊന്നില്ല. ശിവൻ നിരാകാരമാണ്. ആകാരം അതായത് ആകൃതിയില്ലാത്തവനാണ്. അതിരുകളും അളവുമുള്ള തിനേ ആകൃതിയുണ്ടാവൂ. ന തസ്യ പ്രതിമാ അസ്തി. യസ്യ നാമ മഹദ്യശ:( യജുർവേദം) ഈശ്വരന് അളവില്ല. അതിനാൽ ആകാരവുമില്ല. സർവവ്യാപിയായ പരമേശ്വരന് സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളില്ല. അതിനാലും നിരാകാരനാണ്. ശിവൻ ശിവായനും കൂടിയാണ്. പരമാത്മാവ് തന്റെ നിരതിശയമഹിമയോലുന്ന സൃഷ്ടിയിലൂടെ മനനശീലരായ മനുഷ്യരെ തന്നിലേക്കാകർഷിക്കുന്നു. ശിവനിലേക്കുള്ള അയം -ഗതി -നല്കുന്നു. അങ്ങനെ ശിവനെ പ്രാപിച്ചവനും വികാരരഹിതനാണ്. യമ നിയമാദി യോഗ സാധനയിലൂടെ ശിവനെ പ്രാപിക്കുന്നവന്റെ ചിത്തവൃത്തികൾ നിരുദ്ധമാവുന്നു. ചിത്തവൃത്തികൾ നിരുദ്ധമായവൻസം പ്രജ്ഞാത സമാധിയുടെ അന്തിമ തലത്തിൽ ഋതംഭര പ്രജ്ഞ നേടുന്നു. തത്ഫലമായി മുൻ ചിത്തവൃത്തികളുടെ ഫലമായുണ്ടായ സംസ്കാരം വെന്തുപോവുന്നു. അതോടു കൂടി അസംപ്രജ്ഞാത സമാധിയിൽ പരമാത്മ ദർശനമുണ്ടാവുന്നു. ആത്മാവിൽ പരമാത്മ ദർശനം. ഈ സന്ദർഭത്തിൽ, "ഭിദ്യന്തേ ഹൃദയ ഗ്രന്ഥി:, ഛിദ്യന്തേ സർവ സംശയാ: ,ക്ഷീയന്തേ ചാസ്യ കർമാണി, തസ്മിൻ ദൃഷ്ടേ പരാവരേ.(മുണ്ഡകം.2.2.9) സാധകന്റെ ഹൃദയ ഗ്രന്ഥി പൊട്ടുന്നു. സകല സംശയങ്ങളും തീരുന്നു. സകല കർമങ്ങളും ക്ഷയിക്കുന്നു. ഈ അവസ്ഥയിൽ പരനെ - ശ്രേഷ്ഠനെ - അവരൻ - ശ്രേഷ്Oത കുറഞ്ഞവൻ സാക്ഷാത്കരിക്കുന്ന. പരൻ പരമാത്മാവാണ്. അവരൻ ജീവാത്മാവും. ഹൃദയം വാസനകളുടെ ഇരിപ്പിടമാണ്. ഹൃദയ ഗ്രന്ഥി പൊട്ടുന്നതോടെ വാസനാ ബീജം ദഗ്ദ്ധമാവുന്നു. വിത്തിന് മുളയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. വാസനകളുടെ ബന്ധനത്തിൽ നിന്നും ജീവൻ മുക്തനാവുന്നു. ഈ ബന്ധനവിമുക്തിയാണ് ഹൃദയഗ്രന്ഥി വി ഭേദനം.ശിവ സാക്ഷാത്കാരത്തോടെ കിട്ടേണ്ടതെല്ലാം കിട്ടിക്കഴിഞ്ഞു. അറിയേണ്ടതെല്ലാം അറിഞ്ഞു കഴിഞ്ഞു സംതൃപതി സന്തുഷ്ടിയായിത്തീരുന്നു. സദ്യയിൽ പ്രഥമൻ വിളമ്പിക്കഴിഞ്ഞാൽ പിന്നൊന്നും കിട്ടാനില്ല. പിന്നെയെല്ലാം ശാന്തം. ഓം ശാന്തി: ശാന്തി: ശാന്തി:
ശ്രീമദ് പത്മപാദാചാര്യ വിരചിത നമ:ശിവായ മന്ത്രരഹസ്യം സമാപ്തം. അസ്യ ഭാഷാ ഭാഷ്യമപി സമാപ്തം. ഓം ശം ഭൂയാത്.
Swami Darshananda saraswathi
No comments:
Post a Comment