ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 25

ദേവി തത്ത്വം - 25

PART - 01

സലില ഏകോ ദൃഷ്ടാ അദ്വൈതോ ഭവതി .

വസ്തു ഒന്നാണെന്ന് കണ്ട് കഴിയുമ്പോൾ പിന്നെ എന്തൊക്കെ തന്നെ കണ്ടാലും അത് തന്നെ. ഈ സ്ഥിതിയാണ് സഹജ സമാധി.

ഇതാണ് നമ്മുടെ സകല ബന്ധങ്ങളിലും നിന്നുമുള്ള വിമുക്തി മാർഗ്ഗം. നമ്മുടെ ലക്ഷ്യ സ്ഥാനം.

ഈ ലക്ഷ്യ സ്ഥാനത്തിലേയ്ക്കുള്ള പ്രയാണത്തിൽ ശ്രീവിദ്യ ഒന്നും അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും ശുദ്ധമായ വേദാന്ത വിചാരം ചെയ്ത് പോകുന്ന  ഒരാൾ വഴിയിൽ ശ്രീവിദ്യയെ കാണും. ആത്മ വിചാരം ചെയ്ത് സത്യത്തിലേയ്ക്കടുക്കുന്തോറും നമ്മളീ ശ്രീവിദ്യയെ തെളിഞ്ഞ് കാണും.

അതുകൊണ്ട് നമുക്ക് ശ്രീവിദ്യ പ്രത്യേകം ഒരു ശാസ്ത്രമായി പഠിക്കേണ്ട ആവശ്യമില്ല.

പഠിച്ചാലൊട്ട് മനസ്സിലാവുകയുമില്ല.

ശ്രീവിദ്യ ശ്രീവിദ്യയായിട്ട് പഠിച്ചാൽ മനസ്സിലാകില്ല

ബ്രഹ്മവിദ്യയുടെ തന്നെ ഒരു ഭാവമാണത്. സത്യത്തിലേയ്ക്കടുക്കുന്തോറും ഈ ശ്രീവിദ്യയെ നമ്മൾ കാണും.

സചലാ ശക്തിയെ കാണും.

നിശ്ചലത്തിൽ നിന്നും പൊന്തി വരുന്ന അനിർവചനീയമായ ശക്തിയെ കാണും.

ആ ശക്തിക്ക് നമ്മൾ ശരണാഗതി ചെയ്യുകയും ചെയ്യും. ശരണാഗതി ചെയ്ത് അത് നമ്മളിൽ പ്രവർത്തിക്കുന്നത് കാണുമ്പോൾ നമുക്കൊരാനന്ദം ഉണ്ടാകും.

പിന്നീടുള്ള ജീവിതത്തിൽ നമുക്ക് ആകെ കിട്ടാനുള്ളത് ഈ ആനന്ദമാണ്.

ആ നിശ്ചലതയിൽ സദാ ഇരിക്കാൻ പറ്റില്ല. നിശ്ചലതയിൽ നിന്നും സചലമായ ശരീര മണ്ഡലത്തിൽ വന്ന് കഴിയുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദം, ഈ ശക്തി ഉള്ളിൽ കിടന്ന് കളിപ്പിക്കുമ്പോഴു ണ്ടാകുന്നതാണത്.

അതിന്റെ കൈയ്യിൽ നമ്മുടെ ശരീരമൊരു ഉണക്ക പുല്ലുപോലെയാണ്. ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞ വാക്കാണിത്. നല്ല കാറ്റിൽ പറക്കുന്ന ഉണക്ക പുല്ലു പോലെ നമ്മുടെ ശരീരം ഒരു സ്വേച്ഛയുമില്ലാതെ ആ മഹാശക്തിയുടെ കൈയ്യിൽ ഒരു യന്ത്രമായിട്ട് പ്രവർത്തിക്കുമ്പോൾ നമുക്കൊരു ആനന്ദമുണ്ടാകും. ആരാ ആനന്ദിക്കുന്നത് എന്ന് ചോദിച്ചാൽ അതും അവൾ തന്നെ.

അവിടെ ഭേദമില്ലെങ്കിലും ഒരു കല്പിത ഭേദം ഉണ്ട് .

ഭക്ത്യർത്ഥം കല്പിതം ദ്വൈതം അദ്വൈതാതഭി സുന്ദരം എന്നൊരാചാര്യൻ പറഞ്ഞു.

അദ്വൈത ജ്ഞാനത്തിന് ശേഷം ഭക്തിക്ക് വേണ്ടി കാല്പനികമായ ദ്വൈതം.

ശ്രീരാമകൃഷ്ണൻ തന്റെ ശിഷ്യരോട് ഇടക്ക്  ചോദിക്കും എനിക്കഹങ്കാരം ഉണ്ടോയെന്ന്. കുറച്ചുണ്ടെന്ന് മാസ്റ്റർ മഹാശയ പറഞ്ഞു. അപ്പോൾ ചിരിച്ച് കൊണ്ടദ്ദേഹം പറഞ്ഞു ശരിയാണ് ഇത്തിരി അഹങ്കാരം ഇല്ലാതെ ജീവിക്കാൻ പറ്റില്ല. തനി സ്വർണ്ണം കൊണ്ട് ആഭരണമുണ്ടാക്കാൻ പറ്റില്ല.

ഇവിടെ അഭിമാനം എന്ന് പറയാൻ പറ്റില്ല എന്നാൽ അഭിമാനം പോലെ ഒന്ന്. ആനന്ദമനുഭവിക്കാൻ വേണ്ടി മാത്രം നിൽക്കുന്ന അഭിമാനം.

ശരീര പ്രാരാബ്ധം കഴിയുന്നതുവരെ ആ അഭിമാനം അങ്ങനെ നിൽക്കും. അങ്ങനെ നിന്ന് ആനന്ദിക്കും. കാരണം ആ അഭിമാന വൃത്തി ബന്ധ കാരണമല്ല. ആ ശക്തി പ്രവർത്തിക്കുന്നതും കളിക്കുന്നതും കണ്ട് ആനന്ദിക്കും.

ആ ആനന്ദമാണ് ജീവൻ മുക്തന്റെ ആനന്ദം,പൂർണ്ണത, ധന്യത.

ദേവി തത്ത്വം - 24

ദേവി തത്ത്വം - 24

PART - 01

ബ്രഹ്മ ഭൂത പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമ സർവ്വേശു ഭൂതേശു മത് ഭക്തിം ലഭതേ പരാം

ബ്രഹ്മ ഭൂതനായതിന് ശേഷമാണ് പരാ ഭക്തിയെ പറയുന്നത്. ഉള്ളിൽ തത്ത്വം തെളിഞ്ഞ് കഴിഞ്ഞ ശേഷം നാമ രൂപാത്മക പ്രപഞ്ചത്തിൽ ശരീരം ധരിച്ചിരിക്കുമ്പോൾ ഈ കാണുന്നതെല്ലാം അംബിക തന്നെയാണ് പല രൂപം ധരിച്ച് നമ്മുടെ മുമ്പിൽ നിൽക്കുന്നത്. നല്ല ആളുകളായിട്ടും ചീത്ത ആളുകളായിട്ടും എല്ലാം അവൾ തന്നെയാണ് വേഷം കെട്ടി നിൽക്കുന്നത്. അപ്പോൾ നമുക്ക് ആരോടും രാഗമോ ദ്വേഷമോ ഉണ്ടാകില്ല. രാഗ ദ്വേഷങ്ങൾ കൊണ്ടാണ് നമ്മൾ കുടുങ്ങുന്നത്. തത്ത്വം തെളിഞ്ഞാൽ നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് കർതൃത്വവും ഭോക്തൃത്വവും ഉണ്ടാകില്ല.

കർതൃത്വ ഭോക്തൃത്വ രാഗ ദ്വേഷ രൂപം ജഗത്. ആചാര്യ സ്വാമികൾ ഭാഷ്യത്തിലൊരിടത്ത് പറയുകയാണ്. ജഗത്തെന്താണ്? എന്നിൽ എനിക്ക് കർതൃത്വം അതായത് ഞാനാണെല്ലാം ചെയ്യുന്നതെന്നുള്ള ഭാവം, അതിന്റെ പരിണാമമായി വരുന്ന സുഖ ദു:ഖങ്ങളെ ഞാനനുഭവിക്കുന്നു എന്ന ഭോക്തൃത്വം. ചുറ്റും കാണുന്നതിൽ എനിക്കുണ്ടാകുന്ന രാഗമോ ദ്വേഷമോ. ഇത് നാലും എന്നിൽ നിന്ന് നീങ്ങിയാൽ നിത്യ നിരന്തര സമാധിയാണ്. എങ്ങനെ നീങ്ങും? ഇത് മുഴുവൻ ഒരേ ശക്തിയുടെ ചലനമാണെന്ന് കാണുമ്പോൾ എന്നിൽ ഞാനെന്നുള്ള വ്യക്തിയേയില്ല. പുറമേയുള്ള വ്യവഹാരങ്ങൾ രാഗ ദ്വേഷത്തിന് ആസ്പദമേയല്ല. ഒരേ ഒരു ഈശ്വരൻ തന്നെയാണ് പല നാമ രൂപങ്ങളിൽ കളിക്കുന്നത് എന്നറിഞ്ഞ് കഴിയുമ്പോൾ കണ്ണു തുറന്നിരുന്നു കൊണ്ട് തന്നെ സമാധിയാണ്.

എത്ര വിചാരങ്ങൾ വന്നാലും സമാധിക്ക് ഭംഗമില്ല. എത്ര വ്യവഹരിച്ചാലും ആ നിത്യ യോഗത്തിന് ഭംഗമില്ല. ഇത് യോഗമല്ല ബോധമാണ്. യോഗം ചിത്തത്തിനെ നിശ്ചലമായി നിർത്തുമ്പോഴേ ഉള്ളു. ബോധം അങ്ങനെയല്ല. ബോധം പ്രത്യഭിജ്ഞ കൊണ്ടുണ്ടാകുന്നതാണ്. യോഗം സാധന കൊണ്ടുണ്ടാകുന്നതാണ്. യോഗം സാധന ചെയ്തിട്ട് പിടിച്ച് നിർത്തലാണ് . ബോധത്തിൽ  പിടിച്ച് നിർത്താനൊന്നുമില്ല. പ്രത്യഭിജ്ഞ കൊണ്ട് എല്ലാ ചലനങ്ങൾക്കും പുറകിലുള്ള നിശ്ചലമായ അധിഷ്ഠാനത്തിനെ അറിയലാണ് ബോധം. അറിഞ്ഞ് കഴിഞ്ഞാൽ ചലനമുണ്ടായാലും കുഴപ്പമില്ല. വെള്ളത്തിലലയുന്ന കുമിളയും വെള്ളം തന്നെ.

ദേവി തത്ത്വം - 23

ദേവി തത്ത്വം - 23

PART - 01

മനസ്ത്വം വ്യോമത്വം മരുതസി മരുത് സാരഥി രസി ത്വം ആപഹ ത്വം ഭൂമിഃ ത്വയ് പരിണതായാം നഹി പരം ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വ വപുഷാ ചിദാനന്ദാകാരം ശിവ യുവതി ഭാവേന വിദൃശേ
എന്നാണ് സൗന്ദര്യ ലഹരിയിൽ.

മനസ്ത്വം നിശ്ചലമായ ശിവനിൽ നിന്നും അംബികാദേവി ആദ്യം ആവിർഭവിക്കുന്നത് മനസ്സിന്റെ രൂപത്തിലാണ്. പിന്നെ time and space. മനസ്സ് അടുത്ത പടിയായി വിരിയുന്നത് ആകാശമായിട്ടാണ്. പിന്നെ കാറ്റ്. പിന്നെ കാറ്റും ആകാശവും തമ്മിലുള്ള ഫ്രിക്ഷനിൽ ഉണ്ടാകുന്ന അഗ്നി. പിന്നെ അഗ്നിയും കാറ്റും തമ്മിലുള്ള സമ്പർക്കത്തിൽ ജലം. ജലം ബാക്കിയുള്ള ഭൂതങ്ങളുമായിട്ടുള്ള സമ്പർക്കത്തിൽ പ്രഥ്വി. ഇങ്ങനെ പ്രപഞ്ചം മുഴുവനായി പരിണമിക്കുന്നത് ശുദ്ധമായ നിർഗ്ഗുണമായ തത്ത്വം തന്നെയാണ്. ആ തത്ത്വം തന്നെയാണ് പ്രപഞ്ചാകാരം പൂണ്ട് നമ്മുടെ മുമ്പിൽ നിൽക്കുന്നത്.

ഇതറിഞ്ഞ് കഴിഞ്ഞാൽ ഈ കാണുന്ന പ്രപഞ്ചം മഹാമായയുടെ പ്രത്യക്ഷ സ്വരൂപമാണ്, ശക്തിയുടെ സ്വരൂപമാണ്. അവളാണ് നമ്മുടെ ഉള്ളിലിരുന്ന് ഓരോ വികാരമായിട്ടും ചിന്തയായിട്ടും അഭിമാന വൃത്തിയായിട്ടുമൊക്കെ പ്രവർത്തിക്കുന്നത്. അവളാണ് ഈശ്വരനായി ഹൃദയ സ്ഥാനത്തിരുന്ന് നമ്മെ നിയന്ത്രിക്കുന്നതും.

ഈശ്വര സർവ്വ ഭൂതാനാം ഹൃദ്ദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ്വ ഭൂതാനാം യന്ത്രാരൂഢാനി മായയാ.
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത

ആ അന്തർയാമിയായിട്ടുള്ള ഈശ്വരന് അഥവാ ശക്തിയുടെ ശുദ്ധ സാത്വിക രൂപത്തിന് ശരണാഗതി ചെയ്താൽ പരാം ശാന്തീം സ്ഥാനം പ്രാപ്സ്യസി ശാശ്വതം. പരമമായ ശാന്തി, നിർവൃതിയുണ്ടാകും. ഇതാണ് അദ്ധ്യാത്മ സാധനയുടെ അവസാന വാക്ക്.

നമ്മൾ ധ്യാനത്തിൽ ആത്മ വിചാരം കൊണ്ട് അകമേയ്ക്ക് അഹങ്കാരത്തിന് മൂലാന്വേഷണം ചെയ്ത് നിത്യ ശുദ്ധ മുക്ത സ്വഭാവമായ പ്രജ്ഞയെ അഥവാ ബോധത്തിനെ അകമേയ്ക്ക് തെളിച്ച് കണ്ട് കഴിഞ്ഞാലും വീണ്ടും ശരീരത്തിന്റെ മണ്ഡലത്തിൽ വരുമ്പോൾ നാമ രൂപാത്മകമായ പ്രപഞ്ചം കാണപ്പെടും.
ഇങ്ങനെ കാണപ്പെടുമ്പോൾ രണ്ട് വഴികളാണ് നമുക്കുള്ളത്.

ഒന്ന് സമ്പ്രദായ ശാസ്ത്രീയ വേദാന്തത്തിൽ പറയുന്നത് മരുഭൂമിയിൽ കാണുന്ന വെള്ളം പോലെയാണ് എന്ന് അറിഞ്ഞു കൊള്ളുക. വെറും  മരീചികയായ വെള്ളത്തിന് ദാഹം തീർക്കാൻ സാധിക്കില്ലല്ലോ.  അങ്ങനെ അതിനെ ശ്രദ്ധിക്കാതിരിക്കാം. മറ്റൊരു മാർഗ്ഗം ഈ പ്രപഞ്ചം ജഗദീശ്വരി തന്നെയാണ് എന്ന് അറിയുക. ശിവനിൽ നിന്നു ദിക്കുന്ന ഈ നാമരൂപാത്മക പ്രപഞ്ചം ആ ശിവൻ തന്നെയാണ് അഥവാ ശിവന്റെ തന്നെ മാതൃ ഭാവമാണ്. ഇതറിഞ്ഞ് കഴിയുമ്പോൾ നമുക്ക് എല്ലാത്തിനോടും പ്രിയവും എല്ലാവരുടേയും ഹൃദയ സ്ഥാനത്തിരിക്കുന്ന ഈശ്വരനോട് ഭക്തിയുണ്ടാവുകയും ചെയ്യുന്നു.

ദേവി തത്ത്വം - 22

ദേവി തത്ത്വം - 22

PART - 01

പൂർണ്ണാഹന്ത കബളിതം വിശ്വം. ആ പൂർണ്ണാഹന്ത വിശ്വത്തെ കബളിപ്പിക്കുന്നു. നിശ്ചലമായ അധിഷ്ഠാനം അകമേയ്ക്ക് പ്രകാശിക്കുകയും. നിർവ്വികല്‌പമായ തത്ത്വ ജ്ഞാനം ഉള്ളിലുദിക്കുകയും ചെയ്യും. ഈ സത്യത്തിനെ അകമേയ്ക്ക് അന്തർമുഖമായി വേണം അന്വേഷിച്ച് കണ്ടെത്താൻ. ബഹിർമുഖമായി അന്വേഷിച്ച്  അന്തർമുഖമായി ആരാഞ്ഞ് കണ്ടെത്തിയിട്ടില്ലെങ്കിൽ മായയാം വൻ പക ഭ്രമമേകിടുന്നു. നാരായണ ഗുരു സ്വാമി പറയുന്നതാണിത്. അന്തർമുഖമായി ആരായാതെ പുറമേയ്ക്കന്വേഷിച്ച് ഈ ശക്തിയുടെ മൂലം കണ്ടെത്താൻ ശ്രമിക്കരുത്. ശാസ്ത്രം ഇത് തന്നെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ വൻ പകയാണത്രേ മായ. അത് നമ്മളെ വല്ലാതെ ഇട്ട് കുഴക്കും.

മൂലത്തിലേയ്ക്ക് ചെല്ലുന്തോറും പൂർണ്ണതയും, ശാന്തിയും, നിർവൃതിയും നമുക്ക് തരും. അങ്ങനെയുള്ള മുക്തി സ്വരൂപിണിയായുള്ള ശക്തി ബ്രഹ്മ സ്വരൂപിണിയായ ശക്തിയാണ് ഈ നവരാത്രി കാലത്തിൽ ആരാധ്യയായിട്ടുള്ളത്. അവളെ ആരാധിച്ചാലേ നമ്മൾ സ്വതന്ത്രരാവുകയുള്ളു. അവളെ ഈശ്വര രൂപത്തിലാരാധിക്കാം. ഏത് ഈശ്വരന്റെ രൂപത്തിൽ ആരാധിച്ചാലും ദേവി ആരാധന തന്നെയാണ്. അതിനാൽ ഏത് പേരിൽ ആരാധിച്ചാലും വേണ്ടില്ല അവളെ ആരാധിക്കണം. അവൾക്ക് ശരണാഗതി ചെയ്യണം. ഈ പ്രകൃതി മുഴുവൻ അവളുടെ സ്വരൂപമാണ്. നമ്മൾ കണ്ണു തുറന്നിരുന്നാലും കണ്ണടച്ചിരുന്നാലും ശക്തിയുടെ മണ്ഡലത്തിലാണ്.

ഈ ശക്തിയാവട്ടെ ശുദ്ധമായ നിശ്ചലമായ വസ്തുവിൽ നിന്നും ഉദിച്ച് പൊന്തിയതാണ്. സമുദ്രത്തിൽ അലയും കുമളയും ഒക്കെ വെള്ളമാണ് എന്നറിയുന്ന പോലെ ചൈതന്യത്തിൽ നിന്നുദിച്ച ശക്തി ചൈതന്യം തന്നെയാണ് എന്നറിഞ്ഞാൽ കണ്ണ് തുറന്നിരുന്നാലും നമുക്ക് ധ്യാനം തന്നെയാണ് അഥവാ സമാധി തന്നെയാണ്.

ദേവി തത്ത്വം - 21

ദേവി തത്ത്വം - 21

PART - 01

മായയുടെ ഉള്ളിൽ കിടന്ന് വിഷമിച്ച് കഴിയുമ്പോൾ അവസാനം ആ മഹാമായ നമുക്ക് കാണിച്ച് തരുന്നതാണ് ബ്രാഹ്മീ അഥവാ ബ്രഹ്മ വിദ്യ. ഈ ബ്രഹ്മ വിദ്യയാണ് return to the pavillion അല്ലെങ്കിൽ വന്ന വഴിയേ തിരിച്ചു പോകൽ.

ഒരിക്കൽ രമണ മഹർഷിയുടെ അടുത്ത് ആന്ധ്രാ പ്രദേശിൽ നിന്ന് ഒരാൾ വന്നു. അദ്ദേഹത്തിന്റെ ഗുരു പറഞ്ഞുവത്രേ തിരുവണ്ണാമലയിൽ ഒരു സ്വാമിയുണ്ട് തപസ്സ് ചെയ്യാൻ പറ്റിയ സ്ഥലം ആ സ്വാമി തന്നെ പറഞ്ഞ് തരുമെന്ന്. ഇതെല്ലാം കേട്ടിരുന്നതല്ലാതെ രമണ ഭഗവാൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ മഹർഷി പറഞ്ഞു തപസ്സ് പണ്ണണമാ വന്ത വഴിയെ  പോ. ഇത് പറഞ്ഞിട്ട് മഹർഷി നടക്കാൻ പോയി. വന്നയാൾ വലിയ വിഷമത്തിലായി. മഹർഷിയുടെ ഉപദേശം എപ്പോഴും ആ കേന്ദ്രത്തെ ആസ്പദമാക്കി ആയത് കൊണ്ട് ചുറ്റുമുള്ളവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം അടുത്തിരിക്കുന്ന ആളോട് ചോദിച്ചു എന്താ ആ പറഞ്ഞതിനർത്ഥം. അയാൾ വിശദീകരിച്ചു തപസ്സ് എന്നാൽ വേഷം മാറലോ ഗുഹയിൽ പോയി ഇരിക്കലോ ഒന്നുമല്ല. ഈ ഞാൻ എവിടെ നിന്ന് വന്നുവോ ആ വന്ന വഴിക്ക് അന്വേഷിച്ച് മൂലത്തിൽ അടങ്ങുന്നതാണ് തപസ്സ്. ആ മൂലത്തിലടങ്ങുമ്പോൾ തപസ്സുണ്ടാകും.

എന്നാൽ ആ തപസ്സ് നമ്മുടെയല്ല.
ആചാര്യ സ്വാമികൾ  തപശ്ശാസ്മി തപസ്വിഷു എന്ന് ഭഗവത് ഗീതയിലെ ശ്ലോകത്തിനെ വ്യാഖ്യാനിക്കുമ്പോൾ ഭാഷ്യത്തിൽ പറയുന്നത് തപസ്സുണ്ട് ആ തപസ്സിനെ തപസ്വികൾ കണ്ടെത്തുകയാണ്. തപസ്സ് നമ്മുടെ ഉള്ളിലാണ്. ആ തപസ്സിൽ സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ ശുദ്ധമായ ചിത്തിന്റെ സ്രോതസ്സ് അല്ലെങ്കിൽ ധാര അതിനാണ് തപസ്സെന്ന് പേര്. ആ സ്രോതസ്സിനെ കണ്ടെത്തുന്നവനാണ് തപസ്വി. അല്ലാതെ ജഡ ശക്തിയായ മനസ്സിന്റെ വിൽ പവർ വച്ച് ചെയ്യുന്ന തപസ്സൊക്കെ സിദ്ധികളുണ്ടാക്കുകയും അയാളെ ലോകത്തിൽ വലിയ ആളാക്കുകയും ഒക്കെ ചെയ്യുമായിരിക്കും. ഉത്തമമായ തപസ്സ് ഈ ജീവന് മുക്തി പദത്തിലേയ്ക്കുള്ള വഴി കാണിക്കുകയും, സ്വതന്ത്രനാക്കുകയും ചെയ്യുന്നു. ലോക മംഗളത്തിനായി പ്രയോജനപ്പെടണമെങ്കിൽ ഈ ജീവൻ തന്നെയില്ലാതാക്കണം. തന്റെ യഥാർത്ഥ സ്രോതസ്സിൽ തന്നെ ഇല്ലാതാക്കണം.

ഞാനെന്നുള്ള വ്യക്തിത്വത്തിനെ അന്വേഷിച്ചാലെ ഈ സ്രോതസ്സിനെ കണ്ടെത്താനൊക്കുകയുള്ളു. ഈ ബൈന്ധവ സ്ഥാനത്തിലേയ്ക്ക് ചെന്നാലേ ശക്തിയുടെ തപോ രൂപത്തിനെ നാം അകമേയ്ക്ക് കാണുകയുള്ളു. തപസ്സ് ചെയ്തിട്ടാണ് അംബികാ ദേവി തന്നെ ശിവനെ പ്രാപിച്ചത്. തപോ രൂപത്തിൽ അവൾക്ക് അപർണ്ണ എന്നാണ് പേര്. അപർണ്ണ എന്നതിനർത്ഥം പർണ്ണ അഥവാ ഇല പോലും ഭക്ഷിക്കാതെ ദേവി തപസ്സ് ചെയ്തു എന്നാണ്. അപ്പോഴാണ് അപർണ്ണ എന്ന് പേര് വന്നത്. മറ്റൊരർത്ഥം ഋണം മുഴുവൻ ഇല്ലാതാക്കി തീർത്തവൾ. അതായത് ശരീരത്തിന് എന്തെങ്കിലുമൊക്കെ കടം കൊടുക്കാനുണ്ടെങ്കിൽ ഈ ശക്തി ഉള്ളിൽ ആവിർഭവിക്കില്ല. ശരീര മണ്ഡലത്തിലും, മനോ മണ്ഡലത്തിലും ലോകത്തിലുള്ള ഋണം മുഴുവൻ തീർന്ന് കഴിയുമ്പോൾ മനസ്സന്തർമുഖമാവുകയും.

അന്തർമുഖ സമാരാദ്ധ്യ ബഹിർമുഖസുദുർല്ലഭ
മനസ്സന്തർമുഖമാകുമ്പോൾ ഈ ബ്രാഹ്മീ ശക്തിയെ ചിത് ശക്തിയെ ശാരദാ ശക്തിയെ നമ്മൾ അകമേ കാണുകയും ആ ശക്തിയുടെ കൃപ കൊണ്ട് ഇവൻ പൂർണ്ണ തത്ത്വത്തിനെ അഥവാ പൂർണ്ണാഹന്തയെ അകമേ കാണുകയും ചെയ്യുന്നു.

ദേവി തത്ത്വം - 20

ദേവി തത്ത്വം - 20

PART - 01

ഞാനെന്നുള്ളത് അഹങ്കാര രൂപിണിയാണ് . ആ അഹങ്കാരത്തിനെ ബിന്ദു അല്ലെങ്കിൽ ബൈന്ധവ സ്ഥാനം എന്ന് പറയും. അതിൽ നിന്നുമാണ് ശബ്ദം അല്ലെങ്കിൽ നാദം ഉദിക്കുന്നത്. അതിൽ നിന്നുമാണ് വെളിച്ചമുദിക്കുന്നത്. ഊർജ്ജത്തിന്റെ മൂല സ്രോതസ്സാണ് ഞാനെന്നുള്ള സ്പന്ദനം. ഊർജ്ജം ,ശബ്ദം, വെളിച്ചം. നാദം, ബിന്ദു, കലാ.

ആത്മവിചാരം എന്ന് പറയുന്നത് ഒരു ബൗദ്ധിക വ്യായാമമല്ല. ഞാനെന്നുള്ള വ്യക്തിത്വം സൃഷ്ടിയുടെ മുഴുവൻ കേന്ദ്രമാണ്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാണ്. അതിനെ കേന്ദ്രമാക്കിയാണ് നമ്മൾ ജീവിക്കുന്നത്. സത്സംഗത്തിൽ ഇരിക്കുമ്പോൾ പോലും നമുക്ക് വേണ്ടത് കിട്ടിയിട്ടില്ലെങ്കിൽ നമ്മൾ എഴുന്നേറ്റ് പോകും. ലോകത്തെവിടെയും നമ്മളുമായി സംബന്ധിക്കുന്ന കാര്യങ്ങളേ നമ്മളെ ബാധിക്കാറുള്ളു. ഒരു ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരിക്കയാണെങ്കിൽ അതിൽ എന്റെ എന്ന് കരുതുന്ന പക്ഷം ജയിക്കയാണെങ്കിൽ സന്തോഷവും, തോൽക്കുകയാണെങ്കിൽ വിഷമവും ഉണ്ടാകുന്നത് ഈ ചിത്ജഡഗ്രന്ഥിയുടെ പ്രവർത്തനമാണ്.

ചുരുക്കത്തിൽ ഈ ജീവിതം മുഴുവൻ നിങ്ങൾ ശ്രദ്ധിക്കുക ഞാനെന്നുള്ള കേന്ദ്രത്തിൽ നിന്ന് കൊണ്ട് ദൃശ്യത്തോടുള്ള വിനിമയമാണ്. അതിനാൽ ഈ ഞാനിനെ ബിന്ദു എന്ന് പറയുന്നു. ശക്തിയുടെ മുഴുവൻ മൂലസ്ഥാനം, ആദ്യ സ്പന്ദനം.

ആദ്യ സ്പന്ദനത്തിനെ ശ്രദ്ധിച്ചാൽ കാണാം അത് നമ്മെ വീണ്ടും ഒരു മൂലത്തിലേയ്ക്ക് കൊണ്ട് പോകും. ചിത്ശക്തി എവിടെ ഉദിച്ചോ അവിടെ അടങ്ങും, അവിടെ ശക്തി ശിവനിൽ ഇല്ലാതാകും.
ശക്തിയെ നമുക്ക് പൂർണ്ണമായി അറിയാൻ കഴിയില്ല. പക്ഷേ ശക്തിയെ ശിവനിൽ ഇല്ലാതാക്കാൻ കഴിയും. ശിവത്തിനെ കാണാൻ ശക്തിയുടെ മൂലത്തിനെ അന്വേഷിച്ചാൽ അറിയും അവിടെ ശിവമേയുള്ളു ശക്തിയില്ല എന്ന്. സകല വിഷമത്തിനും പരിഹാരം ഈ വിഷമിക്കുന്നവനെ അന്വേഷിക്കലാണ്.

ദേവി തത്ത്വം - 19

ദേവി തത്ത്വം - 19

PART - 01

മുക്തിക്ക് തക്കൊരുപദേശം നൽകും ജനനമറ്റീടുമന്നവന് നാരായണായ നമഃ  കേഴുന്ന ജീവന് എന്താണുപദേശം?  നീയൊരു വ്യക്തിയല്ല എന്നാണ് ഉപദേശിക്കുന്നത്. ആ ഉപദേശം തികച്ചും പക്വമായ അവസ്ഥയിൽ പഞ്ഞിയുടെ കൂമ്പാരത്തിൻ മേൽ വീഴുന്ന തീ പോലെയാണ്. അഥവാ ഇരുട്ടിനെ മാറ്റുന്ന സൂര്യ വെളിച്ചം പോലെയാണ്. നീയൊരു വ്യക്തിയല്ല അഖണ്ഡമായ തത്ത്വമാണ്.

ഈ വ്യക്തിത്വം എന്താണ്? എനിക്ക് ദുഃഖമുണ്ട് എന്ന് പറയുന്ന ആൾ സത്യത്തിൽ ആരാണ് ദുഃഖിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അപരാ പ്രകൃതിയിൽ അഹങ്കാരമെന്നുള്ള ഒരേയൊരു element മാത്രം അകന്നാൽ മതി അപരാ പ്രകൃതിയിൽ നിന്ന് തന്നെ അതിന്റെ ഉത്തരം കിട്ടുമെന്ന്. ഞാനെന്നുള്ള ഈ മൂലാ വിദ്യയെ അന്വേഷിക്കുമ്പോൾ ഞാനെന്നുള്ള വ്യക്തിത്വം കേവലമൊരു സ്പന്ദനം മാത്രമാണെന്നും. ആ സ്പന്ദനത്തിൽ നിന്നാണ് മനസ്സും, ബുദ്ധിയും ,ശരീരവുമൊക്കെ പൊങ്ങുന്നത്.

നാദം, ബിന്ദു, കലാ എന്ന് പറയും. അതിൽ ബിന്ദു എന്നുള്ള സ്ഥാനമാണ്  ഞാനെന്നുള്ള അനുഭവം. ബിന്ദു അഥവാ ബൈന്ദവ സ്ഥാനം എന്ന് പറയുന്നത് ഞാനെന്നുള്ള വ്യക്തി കേന്ദ്രത്തേയാണ്. അവിടെ ചെല്ലുമ്പോൾ മഹാമായയുടെ മൂലത്തിനെ കാണുന്നു. ഇതിനെ വേദാന്തത്തിൽ ചിത്ജഡഗ്രന്ഥി എന്ന് പറയും. ജഡത്തിനേയും ചിത്തിനേയും കൂട്ടി കെട്ടുന്ന ഗ്രന്ഥി. അതിനേയാണ് നമ്മളൊക്കെ ഞാൻ ഞാൻ എന്ന് പറയുന്നത്. ഈ ഞാൻ ഞാൻ എന്ന് പറയുന്നിടത്തോളം മായയുടെ പിടിയുടെ ഉള്ളിലുമാണ്.