ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 November 2018

പുരാണങ്ങള്‍

പുരാണങ്ങള്‍

ഭാരതീയ സംസ്‌കാര പാരമ്പര്യത്തിന്റെ ബൃഹത്തായ സ്രോതസ്സെന്ന നിലയില്‍ പഠനാര്‍ഹങ്ങളും ശ്രദ്ധേയവുമാണ് പുരാണങ്ങളും ഉപപുരാണങ്ങളും. പുരാണങ്ങളെ ലക്ഷണം വച്ചുകൊണ്ട് മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും രണ്ടായി തരംതിരിക്കാറുണ്ട്.

രജോഗുണ പ്രധാനമായ ബ്രഹ്മാവിനെ സംബന്ധിക്കുന്ന ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡ പുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, മാര്‍ക്കണ്‌ഡേയ പുരാണം, ഭവിഷ്യപുരാണം, വാമനപുരാണം എന്നീ ആറെണ്ണമാകുന്നു.

സത്വഗുണപ്രധാനമായ വിഷ്ണുവിന് പ്രധാനം നല്‍കുന്ന വിഷ്ണുപുരാണം, ഭാഗവതപുരാണം, നാരദീയപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം എന്നിവ ആറെണ്ണമാണ്.

തമോഗുണപ്രധാനമായ ശിവനു പ്രാധാന്യം നല്‍കുന്ന വായുപുരാണം, ലിംഗപുരാണം, സ്‌കന്ദപുരാണം, അഗ്നിപുരാണം, മത്‌സ്യപുരാണം, കൂര്‍മ്മപുരാണം എന്നിവയാണ് ആറെണ്ണം.

പതിനെട്ട് പുരാണങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു ശ്ലോകംതന്നെയുണ്ട്.

”മ”ദ്വയം ”ഭ”ദ്വയം ചൈവ, ”ബ” ത്രയം, ”വ” ചതുഷ്ടയം,
”അ” ”നാ” ”പ” ”ലിം” ”ഗ” ”കൂ” ”സ്‌കാന്ദനി” പുരാണാനി പൃഥക്പൃഥക്

”മ”ദ്വയം = മത്‌സര്യപുരാണം = 14000,       
                  മാര്‍ക്കണ്ഡേയം = 9000

”ഭ”ദ്വയം = ഭവിഷ്യപുരാണം = 14500
                  ഭാഗവതം= 18000

”ബ” ത്രയം = ബ്രഹ്മ പുരാണം = 10000
                      ബ്രഹ്മാണ്ഡ പുരാണം = 12000
                      ബ്രഹ്മവൈവര്‍ത്ത പുരാണം = 18000.

”വ” ചതുഷ്ടയം = വാമന പുരാണം = 10000
                              വായുപുരാണം = 24000
                              വിഷ്ണുപുരാണം -23000
                              വരാഹപുരാണം = 24000.

”അ” അഗ്‌നി പുരാണം = 15400
”നാ” നാരദീയ പുരാണം = 25000
”പ” പത്മപുരാണം = 55000
”ലിം” ലിംഗപുരാണം = 11000
”ഗ” ഗരുഡപുരാണം = 19000
”കൂ” കൂര്‍മ്മ പുരാണം = 17000
”സ്‌കാന്ദനി” സ്‌കന്ദപുരാണം = 81100.

ഉപപുരാണ സംഖ്യകളും പതിനെട്ട് തന്നെയാണ്.

സനല്‍കുമാരം, നരസിംഹം, സ്‌കാന്ദം, ശിവധര്‍മ്മം, ദുര്‍വാസസം, നാരദീയം, കാപിലം, മാഹേശ്വരം, ഔശനസം, ബ്രഹ്മാണ്ഡം, വാരുണം, കാളികം, വാമനം, സാംബം, സൗരം, പരാശരം, മാരീചം, ഭാര്‍ഗ്ഗവം എന്നിവയാണ്.

പുരാണങ്ങള്‍ക്ക് പത്ത് ലക്ഷണങ്ങള്‍ സര്‍ഗ്ഗം, വിസര്‍ഗ്ഗം, സ്ഥാനം, പോഷണം, ഊതികള്‍, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം എന്നിവയാണ്.

പത്ത് ലക്ഷണങ്ങളുള്ളവയെ മഹാപുരാണം എന്നും അഞ്ച് ലക്ഷണങ്ങള്‍ ഉള്ളവയെ ഉപപുരാണം എന്നും പറഞ്ഞുവരുന്നു.

വേദജ്ഞാനമില്ലാത്തവര്‍ക്ക് വൈദികാശയങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതാണ് പുരാണങ്ങള്‍.

പുരാണങ്ങളെക്കുറിച്ച് നിഷ്‌കൃഷ്ടമായ പഠനം ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ പരിവര്‍ത്തന കഥ വ്യക്തമാക്കുന്ന ഒരു ഉരുക്കുകണ്ണിയാണ്. ഓരോ മന്വന്തരത്തിലും വരുന്ന ദ്വാപുരയുഗത്തില്‍ വ്യാസന്‍ ആവിര്‍ഭവിച്ച് പുരാണങ്ങള്‍ ചമയ്ക്കുന്നു. ഇത് ഏഴാമത്തെ വൈവസ്വത മന്വന്തരമാണ്. ഇതില്‍ ഇരുപത്തിയെട്ടാമത്തെ ചതുര്‍യുഗമാണ്. ഈ ചതുര്‍യുഗത്തിലെ ദ്വാപരത്തില്‍ സത്യവതീസൂനുവായ വ്യാസനാണ് പുരാണ കര്‍ത്താവ്.

കഴിഞ്ഞ ഇരുപത്തിയേഴ് ദ്വാപര യുഗങ്ങളിലും വ്യാസന്മാര്‍ പുരാണ രചന നടത്തിയിട്ടുണ്ട്.

നൈമിശാരണ്യത്തില്‍വച്ച് സൂതനും ഋഷിമാരും സംവാദ രൂപത്തിലാണ് പുരാണങ്ങള്‍ നടത്തുന്നത്. വേദതത്വം വ്യാസമുഖത്തുനിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞ ആളാണ് സൂതന്‍.

പുരാണ സംഹിതകള്‍ ക്രോഡീകരിച്ച് വ്യാസന്‍ സ്വശിഷ്യന്മാരെ പഠിപ്പിച്ചു. ആദ്യം ശിഷ്യനായ ലോമഹര്‍ഷനെ പഠിപ്പിച്ചു. അതിനുശേഷം ആറ് ബ്രഹ്മജ്ഞാനികളെ പഠിപ്പിച്ചുവെന്നും വിഷ്ണുപുരാണത്തില്‍ പറയുന്നു.

പുരാണങ്ങള്‍ വേദതുല്യം വേദാര്‍ത്ഥങ്ങളെ വിശദീകരിക്കുന്നുണ്ട്. പുരാണങ്ങള്‍ പഞ്ചമ വേദംകൂടിയാണ്. പുരാണങ്ങളുടെ അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്നത് ധര്‍മ്മം തന്നെയാണ്.

ലോകത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനവും ധര്‍മ്മം തന്നെയാണ്. വ്യക്തികള്‍ക്ക് സ്വധര്‍മ്മം നിര്‍വ്വഹിക്കാനുള്ള ജ്ഞാനവും അന്യരോടുള്ള കടമയും പഠിപ്പിക്കുന്ന ഒരു പഠന കളരിയാണ് പുരാണങ്ങള്‍.

ഈ വ്യവസ്ഥകള്‍ക്ക് വിധേയമായ ജീവിതം നയിക്കുന്ന ഭക്തജനങ്ങള്‍ക്ക് ഭഗവാന്‍ ഭക്തിയും മുക്തിയും നല്‍കുന്നു.

ജീവിതം സ്വാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ പുരാണങ്ങള്‍ നാല് ഉപാധികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

സാമൂഹിക സമായോഗം, ഉപാസന, ശാസ്ത്രാവബോധം, സ്വകര്‍മ്മാനുഷ്ഠാനം ഇവയാണ് നാല് ഉപാധികള്‍. ഈ നാലും യഥായോഗ്യം അനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ക്ക് അപ്രാപ്യമായി ഒന്നുമില്ല.

പുരാണങ്ങള്‍ ഭക്തിയും മുക്തിയും ഒരുപോലെ തരുന്നു. ഈശ്വരഭക്തി ഇഹലോകസുഖങ്ങള്‍ നല്‍കിക്കൊണ്ട് മുക്തിയിലെത്തിക്കുന്നു. അതിനാല്‍ ഭൗതിക ജീവിതത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടുള്ള ആത്മീയ വീക്ഷണമല്ല പുരാണങ്ങള്‍ നല്‍കുന്നത്.

ഈ കലിയുഗത്തിലും സദാചാര നിഷ്ടയോടുകൂടി നമ്മുടെ കര്‍മ്മങ്ങളെ ധര്‍മ്മമാക്കി മാറ്റി ലോകനന്മയ്ക്ക് ഹിതമായിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പുരാണങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.

27 November 2018

ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം

ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം

മനുഷ്യായുസ്സ് നൂറ്റിയിരുപതെന്ന് കണക്കാക്കിയിരുന്ന കാലത്ത് അറുപത് ഒരിടവേളയെ ഓര്‍മ്മിപ്പിക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ജനനത്തെ ഓര്‍മ്മിക്കുന്നതുപോലെ വരാനുള്ള മരണത്തെകുറിച്ച് ഓര്‍ക്കാനുള്ള ഒരവസരവും. എന്നാല്‍ ജനനസമയത്ത് സംഭവിച്ചതുപോലെതന്നെ ജ്യോതിര്‍ ഗൃഹനില ഉണ്ടാവുകയെന്ന സ്ഥിതിവിശേഷം കൂടിയുണ്ട്. മനസ്സിനെ ഏകാഗ്രതയിലും ആത്മാവിലും ഉറപ്പിച്ചുനിര്‍ത്തി ശിഷ്ടകാലം ജ്ഞാനലബ്ധിയുടെ മോക്ഷദായകമായി മുന്നോട്ടു പോകാനും കഴിയുന്നു.

അറുപതുപോലെ എഴുപതും എണ്‍പതും തൊണ്ണൂറുമൊക്കെ ചിലര്‍ക്ക് കിട്ടിയെന്നുവരാം. എണ്‍പത്തിനാലില്‍ ശതാഭിഷേകം ആചരിക്കുന്നു. നൂറ് ശരത് ഋതുക്കള്‍ കടന്നുപോകുന്ന അസുലഭ സന്ദര്‍ഭം. ഒരു മനുഷ്യന്‍ ആയിരം പൌര്‍ണ്ണമികള്‍ പൂര്‍ത്തിയാക്കുന്ന കാലം. എണ്‍പത്തിമൂന്നു വയസ്സ് തികഞ്ഞ് പിന്നെയും മൂന്നരമാസം കഴിയുമ്പോള്‍ ശതാഭിഷേകമായി.

ചാന്ദ്രമാസങ്ങള്‍

ചാന്ദ്രമാസങ്ങള്‍

ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ചാന്ദ്രമാസമനുസരിച്ച് പറഞ്ഞുവരാരുള്ളതുകൊണ്ട് ആ മാസങ്ങള്‍ എങ്ങനെ കണക്കാക്കുന്നു എന്ന് മനസ്സിലാക്കുന്നത് ഉപകാരപ്രദമായിരിക്കും.

മീനമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന പ്രഥമ മുതല്‍ അടുത്ത കറുത്തവാവ് വരെയുള്ള കാലത്തിന് ചൈത്രമാസമെന്നും, അടുത്ത പ്രഥമ മുതല്‍ അമാവാസിവരെയുള്ള കാലങ്ങള്‍ക്ക് വൈശാഖമെന്നും പറയപ്പെടുന്നു. ഇങ്ങനെ ക്രമത്തില്‍ ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തികം, ആഗ്രഹായണം, പൗഷം, മാഘം, ഫാല്‍ഗുനം എന്ന് 12 പേരുകള്‍ പറയപ്പെടുന്നു.

ഉപസ്ഥാനം

ഉപസ്ഥാനം

ഉച്ചസമയത്തുള്ള സന്ധ്യാവന്ദനത്തെ ഉപസ്ഥാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉച്ചയ്ക്കാകയാല്‍ ഈ സന്ധ്യാവന്ദനം ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. പണ്ടുകാലത്ത് ഉപസ്ഥാനാനുഷ്ഠാനം കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ. എങ്കിലും അതിന് മറ്റു സന്ധ്യാവന്ദനത്തോടോപ്പംതന്നെ പണ്ട് സ്ഥാനം കല്പിച്ചുവന്നിരുന്നുവത്രെ!.

കാലുകഴുകി ആചമിച്ച് ജപിച്ചുതളിച്ച് സന്ധ്യാവന്ദനത്തിനു എന്ന പോലെ ഗായത്രീമന്ത്രം ചൊല്ലി ഒരു കുടന്ന വെള്ളം കിഴക്കോട്ട് വീഴ്ത്തുക. അതിനുശേഷം കരയിലേക്ക് കയറിവന്ന് 10 ഗായത്രി ജപിക്കണം. വീണ്ടും ഗായത്രി ജപിച്ച് വെള്ളം വീഴ്ത്തി സൂര്യനെ നോക്കി കാണുക. അപ്പോള്‍ പെരുവിരലും ചെറുവിരലും ഉപയോഗിച്ച് രണ്ടു കാതുകളും പിടിച്ച് മന്ത്രം ചൊല്ലി തല ഉയര്‍ത്തിവേണം നോക്കാന്‍, മന്ത്രം

"തല്‍ചക്ഷുഃ ദേവഹിതം ശുക്രം ഉച്ചരല്‍
പശ്യേമ ശാരദഃ ശതം ജീവേമ ശാരദഃ ശതം"

(സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥനയാണ്. നൂറ് വര്‍ഷം കാണാനും രോഗാദിബാധകള്‍ ഇല്ലാതെ ജീവിക്കാനും സാധിക്കട്ടെയെന്ന് സാരം.)

വീണ്ടും തര്‍പ്പിച്ച് കാലുകഴുകി ആചമിച്ചാല്‍ ഉപസ്ഥാനം പൂര്‍ത്തിയായി..

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?

എന്തിനാണ് നാം ദാന – ദക്ഷിണാദികള്‍ നല്‍കുന്നത് ?

നമുക്കായി മറ്റൊരാള്‍ ഏതു കര്‍മ്മവും ചെയ്യുമ്പോള്‍, ചെയ്തുതീരുന്ന നിമിഷംവരെ ആ ആളില്‍ (കര്‍മ്മിയില്‍) തന്നെ അതിന്റെ പുണ്യശക്തി കുടികൊള്ളുന്നു.

ദക്ഷിണ കൊടുക്കു മ്പോഴാണ് പൂജകന്റെ പക്കല്‍ നിന്നും തങ്ങളിലോട്ട് ആ കര്‍മ്മപുണ്യം മാറ്റം ചെയ്യപ്പെടുന്നത്, അങ്ങനെയാണ് പൂജാകര്‍മ്മങ്ങളുടെ പൂര്‍ണ്ണഫലം നമുക്ക് ലഭിക്കുന്നത്.

ദോഷനിവാരണിക്കും, സുകൃതത്തിനും വേണ്ടിയാണല്ലോ നാം പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ പ്രതിഫല ഇച്ഛയാണ് ഇവിടെ പ്രകടിപ്പിക്കുന്നത്, അതു പാപമാണ്.

അതുപോലെ തന്നെ പൂജാ കര്‍മ്മം ചെയ്ത വ്യക്തിക്ക് ദാനം നല്‍കുന്നതും പാപമാണ്. ദാനത്തിന്റെ പാപം മാറ്റാന്‍ ധനത്തിന്റെ ഒരു ഭാഗം ദക്ഷിണയായി നല്‍കണം. ഈ ദക്ഷിണ കൊടുക്കുന്നതിലുണ്ടായ പാപം മാറാന്‍ സര്‍വ്വപാപ സമര്‍പ്പണമായി പൂജകനെ സാഷ്ടാംഗം നമസ്കരിക്കുകയും വേണം. അങ്ങനെയാണ് ദാന – ദക്ഷിണ – സമര്‍പ്പണാദി ചടങ്ങുകള്‍ പൂര്‍ണ്ണമാകുന്നത്.

വെറ്റില, അടയ്ക്കാ മുതലായവയോടുകൂടി വേണം ദക്ഷിണ നല്‍കാന്‍. വെറ്റില സത്ഗുണത്തിന്റേയും, അടയ്ക്കാ രജോ ഗുണത്തിന്റേയും പ്രതീകമാണ്. വെറ്റിലയുടെ അഗ്രം ദക്ഷിണ കൊടുക്കുന്ന ആളിന്റെ നേരെവെച്ച് ദക്ഷിണ നല്‍കണം.

എന്നാല്‍, ദേവ കാര്യാര്‍ത്ഥം ഗുരുവിനോ, ആശ്രമത്തിലോ, ക്ഷേത്രത്തിലോ ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലയുടെ അഗ്രം കൊടുക്കേണ്ട ആളിന്റെ നേരെ ആയിരിക്കണം, ഇത് നമ്മില്‍ നിന്നും കര്‍മ്മസമര്‍പ്പണം അവിടേയ്ക്ക് നല്‍കുന്നത്തിന്റെ സൂചനയാണ്.

ദാനം എന്നാല്‍ ത്യാഗം എന്നും, ദക്ഷിണ എന്നാല്‍ ധനാര്‍പ്പണം എന്നും, സമര്‍പ്പണം എന്നാല്‍ പ്രതിഫലേച്ഛ കൂടാതെ സര്‍വ്വവും ഈശ്വരനു സമര്‍പ്പിക്കുന്നത് എന്നുമാണ് അര്‍ത്ഥം.

ദാനം ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതാണ്, എന്നാല്‍ ദക്ഷിണയാകട്ടെ ദേവനും, ഗുരുവിനും, ദൈവീകകാര്യങ്ങള്‍ക്കും, ദേവപൂജ ചെയ്ത ആള്‍ക്കും മാത്രമെ അര്‍ഹതയുള്ളൂ. അതേസമയം, സമര്‍പ്പണം ഈശ്വരനോടു മാത്രമേ പാടുള്ളൂ. ദേവന്‍മാരുടെ ആസ്ഥാന ഭാഗകൂടിയാണ് തെക്കുവശമായ ദക്ഷിണം. സത്ക ര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണ മാകുന്ന അവസ്ഥയെ യാണ് ദക്ഷിണ സൂചിപ്പിക്കുന്നത്.

അതേസമയം, ചിലര്‍ പറയുന്ന ഒരു പല്ലവി നാം കേട്ടിട്ടില്ലേ “ഹോ എന്തൊക്കെ ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല, ഇതൊക്കെ പറ്റിപ്പാണ്”.

മേല്‍പ്പറഞ്ഞ പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യാതെ സര്‍വ്വതും “സൗജന്യമായി” നേടാന്‍ ആഗ്രഹിക്കു ന്നവര്‍ക്കാണ് ഫലസിദ്ധി ലഭിക്കാതെ പോകുന്നത്.

26 November 2018

സോപാന സംഗീതം

സോപാന സംഗീതം

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അതാതു ദേവിയേയോ ദേവനെയോ പ്രകീര്‍ത്തിച്ച് ആലപിക്കുന്ന ഒരു ദേവസംഗീതം.

ശ്രീകോവിലില്‍നിന്ന് പുറത്തേക്കിറങ്ങുന്ന സോപാനപ്പടവുകളുടെ (അതാതു മൂര്‍ത്തികളുടെ ഇടതുവശം) ഇടതുവശത്തു നിന്നുകൊണ്ട് ഇടയ്ക്ക എന്ന വാദ്യോപകരണത്തില്‍ താളമിട്ടാണ് സംഗീതം ആലപിക്കുന്നത്.

ഈ സംഗീതം പൊതുവെ സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

കേരളത്തിലെ പുരാതന ക്ഷേത്രോല്‍പ്പത്തിയോളം തന്നെ പഴക്കം ഈ സംഗീതരൂപത്തിനും ഉണ്ട്.

കര്‍ണ്ണാടകസംഗീതം കേരളത്തില്‍ പ്രചരിക്കുന്നതിനും മുമ്പുതന്നെ സോപാനസംഗീതാലാപനം ക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്നു.

ക്ഷേത്രങ്ങളില്‍ പള്ളിയുണര്‍ത്തല്‍, പ്രസന്നപൂജ, ദീപാരാധന, പള്ളിയുറക്ക സമയം തുടങ്ങിയ സമയങ്ങളില്‍ നടയടച്ച് തുറക്കുന്നതുവരെയാണ് ഇത് ആലപിക്കുന്നത്.

ഇടയ്ക്കയില്‍ കൊട്ടി പാടുന്നതുകൊണ്ട് ഇതിനു കൊട്ടിപ്പാടിസേവ എന്നും പറയപ്പെടുന്നു.

എട്ടു പദങ്ങള്‍ ചേര്‍ന്ന അഷ്ടപദിയിലുള്ള കീര്‍ത്തനങ്ങളാണ് പൊതുവേ സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്.
ഒറീസയിലെ പുരി എന്ന സ്ഥലത്തിനടുത്തുള്ള കേന്ദുളി എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ജയദേവന്‍ എന്ന കവി സംസ്കൃതത്തില്‍ എഴുതിയ ഗീതഗോവിന്ദം എന്ന കൃതിയിലെ 24 ഗാനങ്ങളാണ് കൂടുതലായി ആലപിക്കുന്നത്.

വിഷ്ണു, കൃഷ്ണന്‍, ശിവന്‍, ഭദ്രകാളി, ശാസ്താവ് തുടങ്ങിയ ദേവീദേവ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം പതിവായി നടത്തുന്ന അനുഷ്ഠാന കലയാണ്‌.

നടയടച്ചു തുറക്കുവോളം തോഴുതുനില്‍ക്കുന്ന ഭക്തരുടെ മനസ്സില്‍ മറ്റു ചിന്തകള്‍ ഒഴിവാക്കുക എന്നതുംകൂടിയാകാം ഈ സംഗീതാലാപനത്തിന്‍റെ ഉദ്ദേശം.
ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈ സംഗീതാര്‍ച്ചന ഇത്രയും ജനകീയമാക്കിയത്‌ ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന മഹാനായ കലാകാരനാണ്.

പുതുതലമുറയിലെ പ്രശസ്തരാണ് രാമപ്പൊതുവാളിന്‍റെ മകനായ ഞെരളത്ത് ഹരിഗോവിന്ദന്‍, അമ്പലപ്പുഴ വിജയകുമാര്‍ തുടങ്ങിയവര്‍. അനുഷ്ഠാന ക്ഷേത്രകലയായ സോപാനസംഗീതം പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ ആലപിക്കാവുന്നതാണ്.

25 November 2018

അഥിതി അഗ്നിയെപോലെ...

അഥിതി അഗ്നിയെപോലെ...

കഠോപനിഷത്തിലെ മൂന്ന് മന്ത്രങ്ങള്‍ അതിഥി പൂജനത്തിന്റെ മഹത്വത്തെ അറിയാന്‍വേണ്ടിയാണ്.

യമധര്‍മ്മാലയത്തില്‍ എത്തിയ നചികേതസ്സ്, യമന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ അവിടെ വെള്ളംപോലും കുടിക്കാതെ മൂന്നുദിവസം കാത്തിരുന്നു. പിന്നീട് അവിടെയെത്തിയ യമനോട് മന്ത്രിമാരോ ഭാര്യയോ അതിഥിയായി ഒരു ബ്രാഹ്മണ ബാലന്‍ വന്നകാര്യം പറയുന്നു.

”വൈശ്വാനരഃ പ്രവിശത്യതിഥിര്‍ ബ്രാഹ്മണോ ഗൃഹാന്‍തസൈ്വതാം ശാന്തിം കുര്‍വന്തി ഹര വൈവസ്വതോദകം”അതിഥിയായ ബ്രാഹ്മണന്‍ അഗ്നിയെപ്പോലെയാണ് വീടുകളില്‍ വരുന്നത്. ആ അഗ്നിയെ ശാന്തനാക്കാനാണ് അതിഥിയെ കൈകാലുകള്‍ കഴുകിച്ച് ഇരിപ്പിടം കൊടുത്ത് കുടിക്കാന്‍ വെള്ളം നല്‍കി സ്വീകരിക്കുന്നത്. അതിനാല്‍ നചികേതസ്സിനെ അതുപോലെ കാലുകഴുകിച്ച് സ്വീകരിക്കാനാണ് യമനോട് പറയുന്നത്. അതിഥിയെ ദേവനായി കരുതണം. ആ ഭാവനയില്‍ പൂജിക്കണം. ദേവനെ പൂജിക്കുംപോലെയാണ് അതിഥിയെ പൂജിക്കേണ്ടത്.

അല്ലെങ്കില്‍ അതിഥിയെ പൂജിക്കും പോലെയാണ് നമ്മുടെ പൂജാ സമ്പ്രദായവും. തിഥി നോക്കാതെ എത്തുന്നയാളാണ് അതിഥി. മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ വന്നുകയറുന്നയാള്‍. അതിഥിയെ വേണ്ടവിധത്തില്‍ സ്വീകരിക്കാത്ത വീട് വൈശ്വാനരാഗ്നിയാകുന്ന അതിഥിയുടെ ചൂടില്‍ ദഹിക്കും. അങ്ങനെ ദഹിക്കാതിരിക്കാനാണ് സജ്ജനങ്ങള്‍ വെള്ളം നല്‍കി അതിഥിയെ സ്വീകരിക്കുന്നത്.

യമനോട് ഉദകം (വെള്ളം) നല്‍കാനാണ് വീട്ടിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്. പാദ്യം (കാല്‍കഴുകല്‍), അര്‍ഘ്യം (കൈകഴുകല്‍), ആചമനീയം (കുടിക്കാന്‍ വെള്ളം) എന്നിവയൊക്കെയാണ് അതിഥിയെ സ്വീകരിച്ചിരുത്തി ആദ്യം ചെയ്യേണ്ടത്. ഇതിന് വേദവിധിതന്നെയുണ്ട്. അതിഥി അഗ്നിയെപ്പോലെ എന്നാല്‍ അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശേഷിയുണ്ട് എന്നറിയണം. അതിഥി സന്തുഷ്ടനായാല്‍ വീട്ടുകാരന് അനുഗ്രഹം.

അനാദരിക്കപ്പെട്ടാല്‍ കുടുംബത്തിന് നാശം. അതിഥിയെ ഗൃഹനാഥന്‍ തന്നെ സ്വീകരിക്കണമെന്നാണ് സമ്പ്രദായം. ബ്രഹ്മഭവനത്തിലേക്ക് പോയ യമന്‍ തിരിച്ചെത്താതിരുന്നതിനാല്‍ നചികേതസ്സ് ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ കാത്തിരുന്നു. വൈശ്വാനരന്‍ അഗ്നിയാണ്. ജഠരാഗ്നിയാണ്. അതിഥിയുടെ ദാഹത്തേയും വിശപ്പിനേയും നീക്കാനായില്ലെങ്കില്‍ അത് അഗ്നിപോലെ ആളിക്കത്തും.

വൈദികകാലത്ത് അഗ്നി ഉപാസനയ്ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നുതാനും. പഞ്ചമഹായജ്ഞങ്ങളിലൊന്നായ അതിഥിയജ്ഞം ഇപ്രകാരം അതിഥിയെ പൂജിച്ച് ആദരിക്കലാണ്. വൈശ്വാനരഃ എന്നതിന് ‘എല്ലാ മനുഷ്യരുടേയും’ എന്നും അര്‍ത്ഥം പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണന്‍ എന്നതിന് ജന്മം കൊണ്ട് ബ്രാഹ്മണന്‍ എന്നതിനേക്കാള്‍ അറിവ് നേടിയവന്‍, സംസ്‌കാരമുള്ളവന്‍ എന്ന് മനസ്സിലാക്കണം.

ബ്രഹ്മവിദ്യ നേടാന്‍ യോഗ്യത നേടിയ നചികേതസ്സ് ആ വിശേഷണത്തിന് തികച്ചും അര്‍ഹന്‍ തന്നെ.

ആശാ പ്രതീക്ഷേ സംഗതം സൂഹൃതാംചഇഷ്ടാപൂര്‍ത്തേ പുത്രപശുംശ്ച സര്‍വാന്‍ഏതദ് വൃങ്‌ക്തേ പുരുഷസ്വാല്പമേധസോയസ്യാനസനന്‍
വസതി ബ്രാഹ്മണോ ഗൃഹേ

ആരുടെ വീട്ടിലാണോ അതിഥിയായി വന്ന ബ്രാഹ്മണന്‍ ഭക്ഷണം കഴിക്കാതെ വസിക്കുന്നത് അയാള്‍ക്ക് നാശമാണ്.

അല്പബുദ്ധിയായ അയാളുടെ ആശയേയും പ്രതീക്ഷയേയും സത്സംഗം കൊണ്ടുനേടിയ ഫലത്തേയും അത് ഇല്ലാതാക്കും. സത്യം പറയുന്നതിന്റെ ഫലം യാഗത്തിന്റെയും പുണ്യകര്‍മ്മങ്ങളുടെയും ഫലം എന്നിവയേയും പുത്രന്‍മാരേയും പശുക്കളെയും എല്ലാറ്റിനേയും നശിപ്പിക്കും.

ശ്രേഷ്ഠനായ അതിഥിയെ അനാദരിക്കുന്നയാള്‍ക്ക് ജീവിതത്തിലെ ആശകളും പ്രതീക്ഷകളും നശിച്ചുപോകും. അതിഥിയെ സത്കരിക്കാത്തയാളെ അല്‍പബുദ്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. സത്സംഗ ഫലത്തെപോലും ഇല്ലാതാക്കും.

പ്രായമായും സത്യമായും പറഞ്ഞ വാക്കുകളെ തുടര്‍ന്നുണ്ടായ ഫലവും നശിക്കും. സര്‍വനാശമാണ് വരിക. അറിയപ്പെട്ടിട്ടില്ലാത്ത (കിട്ടിയിട്ടില്ലാത്ത) സ്വര്‍ഗാദി ഇഷ്ടാര്‍ത്ഥത്തെ പ്രാര്‍ത്ഥിക്കുന്നതാണ് ആശ.

അറിഞ്ഞ ലൗകിക ഇഷ്ടാര്‍ത്ഥത്തെ കിട്ടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നത് പ്രതീക്ഷ. പ്രിയവും സത്യവുമായ വാക്ക് സുഹൃതം. യാഗത്തിലൂടെ ലഭിക്കുന്ന പുണ്യം ഇഷ്ടം. കുളം, കിണര്‍, തോട്ടം മുതലായവ ഉണ്ടാക്കികൊടുന്നതിലൂടെ ലഭിക്കുന്ന പുണ്യം പൂര്‍ത്തം. അതിഥിയെ ആദരിച്ചില്ലെങ്കില്‍ ഇവയൊക്കെ നാശം.

അതുകൊണ്ട് ഒരു കാരണവശാലും അതിഥിയെ സത്കരിക്കുന്നതില്‍ മടി കാണിക്കരുത്. അതിഥിയെ യഥാസമയം സ്വീകരിക്കാത്തതിന്റെ തെറ്റിന് ക്ഷമ ചോദിച്ച് യമന്‍ ആദ്യം നചികേതസ്സിനെ നമസ്‌കരിക്കുന്നു.

തിസ്രോരാത്രിര്‍ യദവാത്സീര്‍ ഗൃഹമേ-അനശനന്‍ ബ്രഹ്മണതിഥിര്‍ നമസ്യഃനമസ്‌തേളസ്തു ബ്രഹ്മന്‍ സ്വസ്തിളസ്തു തസ്മാത് പ്രതി ത്രീന്‍ വരാന്‍

വുണിഷ്വതന്റെ വീഴ്ചയ്ക്ക് ക്ഷമാപണം ചെയ്ത് നചികേതസ്സിനെ നമസ്‌കരിക്കുകയാണ് യമന്‍ ആദ്യം ചെയ്തത്.

മൂന്നുരാത്രി ഭക്ഷണമൊന്നും കഴിക്കാതെ എന്റെ വീട്ടില്‍ കഴിഞ്ഞ അങ്ങയോട് താന്‍ വലിയ അപരാധം ചെയ്തുവെന്നും നമസ്‌കാരത്തിന് അര്‍ഹനായ ബ്രാഹ്മണ അതിഥിയായ നചികേതസ്സിനെ ഇപ്പോള്‍ നമസ്‌കരിക്കുകയാണെന്നും യമന്‍ പറഞ്ഞു.

നചികേതസ്സ് ഭക്ഷണം കഴിക്കാതിരിക്കുന്നതിനാലുള്ള ദോഷം തനിക്ക് ഉണ്ടാകാതിരിക്കട്ടെ. അതിഥി അനുഗ്രഹംകൊണ്ട് തനിക്ക് മംഗളം വരട്ടെ. കൂടുതല്‍ സന്തോഷിപ്പിക്കാനായി മൂന്നു രാത്രി വൈകിയതിന്റെ പരിഹാരമായി ഒരു രാത്രിക്ക് ഒരുവരം എന്ന കണക്കില്‍ ഇഷ്ടമുള്ള മൂന്ന് വരത്തെ ചോദിക്കുവാന്‍ യമന്‍ നചികേതസ്സിനോട് ആവശ്യപ്പെടുന്നു.

ചെറിയ കുട്ടിയുടെ മുന്നില്‍ താണുവണങ്ങി മാപ്പ് ചോദിക്കുന്ന യമരാജാവിന്റെ മഹത്വം ഇന്ന് ഒരുപക്ഷേ ആശ്ചര്യകരമായി തോന്നും. താന്‍ അറിയാതെ വന്ന തെറ്റാണെങ്കില്‍ കൂടിയും ക്ഷമ ചോദിക്കുവാനുള്ള ഔചിത്വം ബ്രഹ്മവിദ്യാചാര്യന്റെ എളിമയും ഔന്നിത്യവും തന്നെ; സംശയമില്ല...