ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 May 2019

ശ്രീ വിദ്യാ ഷോഡശി മന്ത്ര മഹത്വം

"ശ്രീ വിദ്യാ ഷോഡശി മന്ത്ര മഹത്വം"

പൂർവ്വ ജന്മ വാസനയാണ് ഒരു മനുഷ്യൻ തന്റെ സ്വത്തയെ തിരിച്ചറിയാനുള്ള പാത കണ്ടെത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജന്മ ലക്‌ഷ്യം അറിയാതെ അനേകം ശരീരങ്ങൾ സ്വീകരിച്ചു ജനന മരണ ചാക്രിക പ്രവർത്തനങ്ങളിൽ സദാ ചരിക്കുന്നു.

ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...

അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

ഓരോ മനുഷ്യനും ജന്മ ലക്‌ഷ്യം ഉണ്ട് ആ ജന്മ ലക്‌ഷ്യം എന്താണന്നു നമുക്ക് നമ്മുടെ പൂർവ്വ സൂരികൾ പറഞ്ഞു തന്നിട്ടുണ്ട്. ഓരോ മനുഷ്യനും അത് ആർജ്ജിച്ചു സ്വയം പ്രകാശിതമാകാൻ പ്രകൃതി എന്ന മഹാ സത്യത്തെ തിരിച്ചറിയണം. ശാശ്വതമല്ലാത്ത ധന ജീവിതം മാത്രം പോരെ വൃഷ്ടിയും സമഷ്ടിയും ഒരുപോലെ പ്രാധന്യമുള്ളവയാണ്. സമൂഹ ജീവി ആയത് കൊണ്ട് കടമകളിൽ നിന്നുള്ള ഒളിച്ചാട്ടമല്ല സാധന മറിച്ചു സുഖകരമായ കുടുംബ ജീവിതത്തോടൊപ്പം നമ്മുടെ സ്വതയെ കൂടി തിരിച്ചറിയുമ്പോഴാണ് നാം നമ്മൾ ആകുന്നത്.അത് തന്നെ ആകണം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞത്. "യജ്ഞാനാം ജപ യജ്ഞോസ്മി" എന്ന് ജപം ബൗദ്ധീകമാണ് കാരണം സംസാരത്തിൽ നിന്നുള്ള മോചനം ആണ് ജപം

"ജകാരോ ജന്മ വിച്ഛേദേ പകാരോ  പാപ നാശകം"

സംസാര ചക്രം ആകുന്ന കാമ കലാ ചക്രത്തിൽ ചരിക്കുന്ന ആത്മാവ് ഏതോ ഒരു ഘട്ടത്തിൽ മനുഷ്യ ജന്മം ലഭിക്കുന്നത് ആ മനുഷ്യ ജന്മത്തിൽ തന്നെ "സ്വയം" തിരിച്ചറിയുന്നത് ദുര്ലഭം ആ തിരിച്ചറിവിലൂടെ മഹാ ജ്ഞാനം തേടി പോകുന്നത് അതി ദുർലഭം അപ്രകാരം ഈ കാല ചക്രത്തിൽ നിൽക്കുന്ന മനുഷ്യനെ ത്രാണനം ചെയ്യുന്ന സദാശിവ സ്വരൂപൻ ആണ് "ഗുരു" "ഗുരുരേവ ജഗത് സർവ്വം" ആ പരമ ശിവ സ്വരൂപൻ ആയ ഗുരു തരുന്ന മഹാ മന്ത്ര ജ്ഞാനങ്ങൾ ഉരുവിട്ട് കൊണ്ടാണ് പടി പടിയായി നമ്മൾ പരമമായ സത്യത്തിലോട്ടു അടുക്കുന്നത്. അറിവ് നേടാനുള്ള ഏറ്റവും നല്ല യോഗ്യത അറിവില്ലായ്മ ആണ് എന്ന സത്യം തിരിച്ചറിയിക്കുന്നതാണ് ശിഷ്യന് ഗുരുവിന്റെ ആദ്യ ദാനം. സമ്പ്രദായത്തിൽ നിർത്തി ശാരീരികവും മാനസികവുമായ പക്വത വരുത്തി. അവിടുന്ന് ചിന്തിക്കാൻ തുടങ്ങിയ ശിഷ്യനെ അനേക പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ  പാസ്വേർഡ് നൽകും അതാകുന്നു ശ്രീ വിദ്യാ (നല്ല ഗുരു ശ്രീ വിദ്യാ നൽകുന്നത് എല്ലാം നല്ല ഗുരു ആണന്നു ധരിക്കേണ്ട അതിനും തന്ത്രം മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്)

"ചരമേ ജന്മനി യഥാ ശ്രീ വിദ്യോപാസകോ ഭവേത്"

{മന്ത്ര മഹത്വം}

"വാക്യ കോടി സഹസ്രേഷു ജിഹ്വാ കോടി ശതൈരപി" |
വർണ്ണിതം നൈവ ശാക്യോഹം ശ്രീ വിദ്യാ ഷോഡശാക്ഷരീം" ||

എണ്ണമില്ലാത്ത വാക്കുകളാലും എണ്ണമില്ലാത്ത നാവിനാലും വർണ്ണിക്കാൻ സാധ്യമല്ല ഈ വിദ്യയെ

"ഏകോച്ചാരേണ ദേവേശി ! വാജപേയസ്യ കോടയ: |
അശ്വ മേധ സഹസ്രാണി പ്രാദക്ഷിണ്യം ഭുവസ്തഥാ ||
(ഭൈരവാഗമം 17/8/190)

ഒരു പ്രാവശ്യം ജപിക്കുന്നത് കോടി വാജപേയ യാഗം ചെയ്തതിനു തുല്യം ആകുന്നു ഇങ്ങനെ ശ്രീ വിദ്യാ മന്ത്ര മഹത്വം അനേകം ശാസ്ത്രം പറയുന്നു. തുടർന്ന് നല്ല കഴിവും ഗുരു ഭക്തിയും ഉപാസ്യ ദേവതയിൽ വിശ്വാസവും നിശ്ചയ ദാർഢ്യം ഉള്ള ശിഷ്യനെ വാർത്തെടുക്കാൻ ഇപ്രകാരം പറയുന്നു.

"അപി പ്രിയതമം ദേയം സുത ദാര ധനാധികം !
രാജ്യം ദേയം ശിരോ ദേയം ന ദേയം ഷോഡശാക്ഷരി ||

ആശാപാശങ്ങളാലോ ധന മോഹങ്ങളാലോ ശ്രീ വിദ്യാ മന്ത്രം കൊടുക്കരുത് "നീ രാജ്യം കൊടുത്തോ ശിരസ്സ് കൊടുത്തോ ഒരിക്കലും കൊടുക്കരുത് ശ്രീ വിദ്യാ മന്ത്രം "

ഇപ്രകാരം ജന്മാന്തര തപസ്സിന്റെ ഫലമാണ് ഗുരുവും സമ്പ്രദായവും ഉപാസ്യ ദേവതയും കൈവരുന്നത് അപ്രകാരം കയ്യിൽ വന്നിട്ടും സമ്പ്രദായ മഹത്വം അറിയാതെ ഗുരു മഹത്വം അറിയാതെ ഗുരുവിനെ ശിലാ ബുദ്ധിയിൽ കാണുന്ന ശിഷ്യൻ അജ്ഞാനത്തിന്റെ നരകത്തിൽ എത്തുമെന്നുള്ളത് നിസംശയം പറയാം..

ഹൈന്ദവ ധർമ്മത്തിൻറെ ശാസ്ത്രീയമായ അടിത്തറ

ഹൈന്ദവ ധർമ്മത്തിൻറെ ശാസ്ത്രീയമായ അടിത്തറ

ഹിന്ദുമതം ഒരു വിശ്വാസം മാത്രമല്ല. ശാസ്ത്രീയ അടിസ്ഥാനമുള്ള ജീവിത രീതി കൂടിയാണ്. ഇത്രയും കാലത്തെ മതേതര വിദ്യാഭ്യാസം കാരണം ഹിന്ദുക്കൾ മാത്രം സ്വന്തം രാജ്യത്തെയും മതത്തേയും കുറിച്ച് അറിയാതെ പോയി.

ഹിമാലയത്തിൽ നിന്ന് ആരംഭിച്ച ഇന്ത്യൻ സമുദ്രം വരെ നീളുന്ന ദേവനിർമ്മിതമായ പരമപവിത്ര ദേശത്തെ ഹിന്ദുസ്ഥാനം എന്ന് പറയുന്നു.  സ്വരാജ്യത്തെ മാതൃഭൂമിയും പിതൃഭൂമിയും പുണ്യ ഭൂമിയുമായി കാണുന്ന ജനങ്ങളെ ആണ് ഹൈന്ദവജനത എന്ന് പറയുന്നത്.

നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കേവല വിശ്വാസമായി മാത്രം കണക്കാക്കരുത്.

ഇന്ത്യൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്നത് നാല് അടി സ്ഥാനങ്ങളിലാണ്. ഈ അടിസ്ഥാനമില്ലാത്ത ഒന്നും ആചാരമോ അനുഷ്ഠാനമോ അല്ല.

1) പ്രത്യക്ഷം പ്രമാണം
➖➖➖➖➖➖➖➖➖
ആചാരങ്ങൾ അനുഷ്ടിക്കുന്നത് കൊണ്ട് പ്രത്യക്ഷത്തിൽ അതിൻറെ ഗുണങ്ങൾ കിട്ടിയിരിക്കണം.
ഉദാഹരണം: സൂര്യനമസ്കാരം. നമ്മുടെ രാജ്യത്ത് മാത്രം അർത്ഥം അറിയാതെയാണ് സൂര്യനമസ്കാരം ചെയ്യുന്നത്. എന്നാൽ ആധുനിക ശാസ്ത്രം പറയുന്നു ശരീരത്തിലെ186 movable joints വ്യായാമങ്ങൾക്ക് വിധേയമാകുന്ന പ്രക്രിയയാണത്. ഇതാണ് പ്രത്യക്ഷപ്രമാണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

2) ശാസ്ത്രം പ്രമാണം
➖➖➖➖➖➖➖➖➖
ഈ ഭാരതത്തിൽ നടന്നുവരുന്ന എല്ലാ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ശാസ്ത്രീയമായ പിൻബലം ഉണ്ടായിരിക്കണം. ശാസ്ത്രീയമായി പ്രയോജനകരം ഇല്ലാത്ത ഒന്നും നമ്മുടെ ആചാരമോ അനുഷ്ഠാനമോ ആകാൻ പാടില്ല.
ഉദാഹരണം: ഗണപതി ഹോമം.
ഇടവപ്പാതി കഴിഞ്ഞാൽ മിക്ക ഭവനങ്ങളിലും ഗണപതിഹോമം സ്ഥിരമായി നടത്തിയിരുന്നു. ഇടവപ്പാതി കഴിഞ്ഞാൽ ഉണ്ടാകുന്ന അണുബാധയും മറ്റും ഒഴിവാക്കാനുള്ള അണു നശീകരണം  കൂടിയാണത്. ഗണപതിഹോമം നടത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ചിരട്ടയിലെ ഫിനോൾ പെരൻസിസ് എന്നിവ 36 തരം അനുബന്ധരോഗങ്ങളെ അകറ്റുന്നു. ആ ഗൃഹത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടായിരിക്കും. ഇതാണ് ഗണപതിഹോമത്തിന് അടിസ്ഥാനം.

3) ആപ്തവാക്യം പ്രമാണം
➖➖➖➖➖➖➖➖➖
മഹർഷി അഥവാ ശാസ്ത്രജ്ഞൻമാർ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഗ്രന്ഥരൂപത്തിൽ വിശദീകരിക്കുന്നുണ്ട്. ശാസ്ത്രീയ അടിസ്ഥാനം ഉള്ളവയാണ് ഇവ. ഇതിനെ ആപ്തവാക്യം പ്രമാണം എന്ന് പറയുന്നു.

4) അനുമാനം പ്രമാണം
➖➖➖➖➖➖➖➖➖
ശാസ്ത്രീയമായ മാനദണ്ഡങ്ങളിൽ വിശകലനം നടത്തുന്നതിന് അനുമാനപ്രമാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു.
ഉദാഹരണം: നമുക്ക് തലവേദനയോ വയറുവേദനയോ വരുന്ന സമയത്ത് ശരീരം കീറി പരിശോധിച്ചില്ല വൈദ്യൻമാർ ചികിത്സ നടത്തിയിരുന്നത്. പലവിധ ചോദ്യങ്ങളിലൂടെ ആണ് ഇത്തരം രോഗങ്ങൾക്ക് ആധുനിക ശാസ്ത്രവും പ്രതിവിധി നിശ്ചയിക്കുന്നത്.

ഇങ്ങനെ ഉള്ള 4 അടിസ്ഥാനങ്ങളും ഉൾപ്പെടുന്ന ഒന്നാണ് ഹിന്ദു ധർമ്മശാസ്ത്രം. അല്ലാതെ വെറും വിശ്വാസം, ആചാരം എന്നിവ ഇവിടെ ഇല്ല. ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഒന്നും നമ്മുടെ മതത്തിൽ ഇല്ല. ഈ നാട്ടിൽ ജനിച്ച നമ്മൾക്ക് ഭാരതീയ പൈതൃകം യഥാർത്ഥത്തിൽ അറിയില്ല.

4 May 2019

ദേവീ പീഠങ്ങൾ

എന്താണ് ദേവീ പീഠങ്ങൾ

സതീദേവിയുടെ മൃതശരീരം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഷ്ണം കഷ്ണങ്ങളായി മുറിഞ്ഞു വീണു.  ആ സ്ഥാനങ്ങൾക്കാണ് ദേവീ പീഠങ്ങൾ എന്ന് പറയുന്നത്. 
ശിവനെ ക്ഷണിക്കാതെ ദക്ഷൻ നടത്തിയ യാഗത്തിൽ വച്ച് സതി അഗ്നിയിൽ ചാടി മരിച്ചു.  കുപിതനായ ശിവൻ ദക്ഷനെ നശിപ്പിച്ച ശേഷം സതീദേവിയുടെ മൃതശരീരവുമായി ഒരു ഭ്രാന്തനെപ്പോലെ സർവദിക്കിലും ചുറ്റി നടന്നു.  ശിവന്റെ മാനസിക വിഭ്രമത്തിന് അറുതി കാണാതെ വന്നപ്പോൾ ദേവകൾ പരിഭ്രമിച്ചു.  ശിവനെ ഈ ദുഃഖത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹാവിഷ്ണു ഒരു അമ്പും വില്ലും എടുത്ത് ആരും കാണാതെ  ശിവനെ അനുഗമിച്ചു.  സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം ശിവനറിയാതെ മൃതദേഹത്തിൽ ശരം ഏല്പിച്ചുകൊണ്ടിരുന്നു.  ശരം ഏറ്റു സതിയുടെ ശരീരം കഷ്ണം കഷ്ണങ്ങളായി പല ദിക്കുകളിലും ചിതറി വീണു.  അങ്ങനെ ഏതാനും നാളുകൾ കൊണ്ട് സതിയുടെ ശരീരം മുഴുവൻ പലസ്ഥലങ്ങളിലായി നിലംപതിച്ചുകഴിഞ്ഞപ്പോൾ ശിവൻ ഏകനായി കൈലാസത്തിലേക്ക് പോവുകയാണുണ്ടായത്. 

ശവശരീരത്തിന്റെ കഷ്ണങ്ങൾ 108 ദിക്കുകളിൽ വീണു.  അതുകൊണ്ടുതന്നെ 108 ദേവിപീഠങ്ങളും ഉണ്ടായി. അവ താഴെ പറയുന്നു.

ദേവീ പീഠം                     ദേവീ നാമം

1. വാരണാസി               വിശാലാക്ഷി  
2. നൈമിശാരണ്യം        ലിംഗാധാരിണി
3. പ്രയാഗ്                       കുമുദ
4. ഗന്ധമാദനം               കാമുകി
5. ദക്ഷിണകൈലാസം  കുമുദ
6. ഉത്തരകൈലാസം     കുമുദ
7. ഗോമന്ദം                     ഗൗതമി
8. മന്ദരം                         കാമചാരിണി
9. ചൈത്രരഥം               മധോൽക്കട
10.ഹസ്തിനപുരം         ജയന്തി
11.കന്യാകുബ്ജം          ഗൗരി
12. മലയാചലം              രംഭ
13. ഏകാംരപീഠം           കീർത്തിമതി
14. വിശ്വം                       വിശ്വേശ്വരി
15. പുഷ്കരം                 പുരുഹൂത
16. കേദാരപീഠം             സന്മാർഗദായിനി
17. ഹിമവൽപൃഷ്ഠം      മന്ദ
18. ഗോകർണം              ഭദ്രകർണികാ
19. സ്ഥാനേശ്വരം           ഭവാനി
20. വില്വകം                    വില്വപത്രിക
21. ശ്രീശൈലം               മാധവി
22. ഭദ്രേശ്വരം                  ഭദ്ര
23. വരാഹശൈലം        ജയ
24. കമലാലയം              കമല
25. രുദ്രകോടി                 രുദ്രാണി
26. കാലാഞ്ജരം             കാളി
27. സാലഗ്രാമം               മഹാദേവി
28. ശിവലിംഗം                ജലപ്രിയ
29. മഹാലിംഗം               കപില
30. മാകോടം                   മുകുടേശ്വരി
31. മായാപുരി                കുമാരി
32. സന്താനം                   ലളിതാംബിക
33. ഗയ                            മംഗല
34. പുരുഷോത്തമം        വിമല
35. സഹസ്രോക്ഷം         ഉല്പലാക്ഷി
36. ഹിരണ്യാക്ഷം            മഹോൽപ്പല
37. വിപാശ                      അമോഘാക്ഷി
38. പുണ്ഡ്രവർധനം         പാടല
39. സുപാർശ്വം                 നാരായണി
40. ത്രികൂടം                      രുദ്രസുന്ദരി
41. വിപുലം                       വിപുല
42. മലയാചലം                 കല്യാണി
43. സഹ്യാദ്രി                      ഏകവീര
44. ഹരിശ്ചന്ദ്രം                   ചന്ദ്രിക
45. രാമതീർത്ഥം                രമണ
46. യമുനാതീർത്ഥം           മൃഗാവതി
47. വികോടതീർത്ഥം          കോടി
48. മാധവവനം                   സുഗന്ധ
49.ഗോദാവരീ തീർത്ഥം      ത്രിസന്ധി
50. ഗംഗാദ്വാരം                     രതിപ്രിയ
51. ശിവകുണ്ഡം                  ശുഭാനന്ദ
52. ദേവികാ തടം                 നന്ദിനി
53. ദ്വാരവതി                        രുക്മിണി
54. വൃന്ദാവനം                       രാധ
55. മധുര                              ദേവകി
56. പാതാളം                         പരമേശ്വരി
57. ചിത്രകൂടം                       സീത
58. വിന്ധ്യ                             വിന്ധ്യാദിവാസിനി
59. കരവീരം                         മഹാലക്ഷ്മി
60. വിനായകം                      ഉമാദേവി
61. വൈദ്യനാഥതീർത്ഥം      ആരോഗ്യ
62. മഹാകാളം                      മഹേശ്വരി
63. ഉഷ്ണതീർത്ഥം              അഭയ
64. വിന്ധ്യാപർവതം              നിതംബ
65. മാണ്ഡവ്യയം                    മാണ്ഡവി
66. മഹേശ്വരിപുരം                സ്വാഹ
67. ഛഗലാണ്ഡം                    പ്രചണ്ഡ
68. അമരകാടകം                  ചണ്ഡിക
69. സോമേശ്വരം                    വരാരോഹ
70. പ്രഭാസം                            പുഷ്കരവതി
71. സരസ്വതി                         ദേവമാതാ
72. മഹാലയം                        മഹാഭോഗ
73. പായോഷ്ണി                  പിങ്കളെശ്വരി    
74. കൃതശൗചം                     സിംഹിക
75. കാർത്തിക                     അതിശാങ്കരി
76. വർത്തകം                       ഉൽപ്പല
77. ശോണസംഗമം              സുഭദ്ര
78. സിദ്ധവനം                     മാതാ (ലക്ഷ്മി )
79.  ഭാരതാശ്രമം                അനംഗ
80. ജാലന്ധരം                    വിശ്വമുഖി
81. കിഷ്കിന്ധ പർവതം   താര
82. ദേവദാരു വനം            പുഷ്ടി
83. കാശ്മീരമണ്ഡലം        മേധ
84. ഹിമാദ്രി                        ഭീമ
85. കപാലമോചനം          ശുദ്ധി
86. കായാവരോഹണം     മാതാവ്
87. ശംഖോദാരണം           ധര
88. പിണ്ടാരകം                 ധൃതി
89. ചന്ദ്രഭാഗ                     കല
90. മച്ച്ചോദം                 ശിവധാരിണി
91. വേണ                         അമൃത
92. ബദര്യാശ്രമം            ഉർവശി
93. ഉത്തരകുരു              ഔഷധി
94. കുശദീപം                 കുശോഭഗ
95. ഹേമകൂടം                മന്മഥ
96. കുമുദം                    സത്യവാദിനി
97. അശ്വധം                 വന്ദനീയ
98. വൈശ്രവണാലയം നിധി
99. വേദപതനം             ഗായത്രി
100. ശിവസന്നിധി        പാർവതി
101. ദേവലോകം         ഇന്ദ്രാണി
102. ബ്രഹ്മലോകം       സരസ്വതി
103. സൂര്യബിംബം         പ്രഭ
104. മാതൃലോകം         വൈഷ്ണവി
105. സതീതീർത്ഥം       അരുന്ധതി
106. രാമതീർത്ഥം          തിലോത്തമ
107. ചിത്തം                    ബ്രഹ്മകല
108. ജീവശക്തി              ശക്തി

3 May 2019

ശിവലിംഗം

ശിവലിംഗം

ശിവം = മംഗളം
ലിംഗം = ബാഹ്യലക്ഷണം

ശിവലിംഗം എന്ന് പറഞ്ഞാൽ ''ശിവം ലിംഗ്യതേ ഇതി ശിവലിംഗം".

ശിവം എന്നാല് മംഗളം എന്നര്ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില് ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്ത്ഥം.

ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല് ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല് ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല് കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല് ശിഖയാണ് (തലയുടെ പിന് ഭാഗത്ത് നീട്ടി വളര്ത്തിയ മുടി) എന്നു പറയാം.

അങ്ങിനെ എല്ലാവര്ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല് ജടയാണ് എന്ന് പറയാം. യഥാര്ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള് ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല് ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്ത്ഥം.

എന്താണിത്? ഉപാസനാ തലത്തില് എന്താണിതിന്റെ പ്രാധാന്യം?

ഈശ്വരനു പ്രതിമയില്ല. ‘നതസ്യ പ്രതിമാ അസ്തി’, അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, ‘അശബ്ദ അസ്പര്ശ അരൂപമവ്യയം’. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം.

പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിർഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല. അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ.

അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. ‘വിഗ്രഹം’ എന്ന് പറഞ്ഞാല് ‘വിശേഷേണ ഗ്രാഹയതി’. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു.

അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു.

ഇവിടെ അമൂർത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂർത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു.

അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്. ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്.

വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്. അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു.

ഇങ്ങനെ സഗുണ സാകരമായ, സകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം.

കർണ്ണനേറ്റ അപമാനം

കർണ്ണനേറ്റ അപമാനം

ഒരു ദിവസം ഹസ്തിനപുരിയിൽ പാണ്ഡവ, കൗരവരാജകുമാരന്മാരുടെ ആയുധ വിദ്യകൾ കാണാനായി യുദ്ധഭൂമിക്ക് ചുറ്റും ജനങ്ങൾ സ്ഥാനം പിടിച്ചു. ധൃതരാഷ്ട്രരും, ഭീഷ്മരും, കൃപാചാര്യരും കുന്തിയും, ഗാന്ധാരി, ശകുനി, വിധുരരും എല്ലാം അവരവർക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്ത് വന്ന് ഇരുന്നു. കുന്തി അവിടെ നടക്കുന്ന ഓരോ കാര്യവും ഗാന്ധാരിക്ക് വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു.

അല്പസമയം കഴിഞ്ഞു ദ്രോണാചാര്യരും കുമാരന്മാരും രണഭൂമിയിലേക്ക്‌ എത്തി. കുമാരന്മാരെ ഓരോരുത്തരെയായി പേര് വിളിച്ചു പരിചയപ്പെടുത്തിയ ശേഷം അവർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ തുടങ്ങി.

ആദ്യം യുധിഷ്‌ഠിരന്റെ ഊഴം ആയിരുന്നു. യുധിഷ്ടിരൻ കുന്തം കൊണ്ടുള്ള യുദ്ധത്തിൽ നിപുണൻ ആയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് മറ്റുള്ള എല്ലാ കുമാരന്മാരെയും നേരിട്ടു. അവർ കഠിന പരിശ്രമം നടത്തിയെങ്കിലും ആർക്കും യുധിഷ്ഠിരനെ പരാജയപെടുത്താൻ ആയില്ല.

അടുത്തതായി ഗദാ യുദ്ധത്തിൽ കേമന്മാരായ ദുര്യോധനനും ഭീമനും ഏറ്റു മുട്ടി. പതുക്കെ പതുക്കെ അവരുടെ വീറും വാശിയും ഏറി വന്നു. ജനങ്ങൾ രണ്ടു ചേരി തിരിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അവർ അതൊരു പ്രകടനം ആണ് എന്നത് മറന്ന് അപകടകരമായ രീതിയിലായിരുന്നു യുദ്ധം ചെയ്തിരുന്നത് യുദ്ധം നിയന്ത്രണമില്ലാതെ നീണ്ടുപോകുന്നതു കണ്ടു ദ്രോണർ പറഞ്ഞത് അനുസരിച്ച് അശ്വത്ഥാമാവ്‌ അവരെ പിടിച്ചു മാറ്റി യുദ്ധം അവസാനിപ്പിച്ചു.

അടുത്തതായി അർജ്ജുനന്റെ ഊഴമായിരുന്നു.
അർജ്ജുനൻ ദ്രോണാചാര്യർ പറഞ്ഞതനുസരിച്ച് അമ്പെയ്ത് ചുഴലി കാറ്റ്, മഴ,തീ, ഒരു പർവതം എന്നിവ സൃഷ്ടിച്ചു. അവസാനം അമ്പു എയ്ത് മായാ വിദ്യയിലൂടെ അപ്രത്യക്ഷനാകുയും മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപെടുകയും ചെയ്തു.

അർജ്ജുനനന്റെ പ്രകടനത്തിന് ശേഷം ദ്രോണർ എഴുന്നേറ്റു. തന്റെ പ്രിയ ശിഷ്യന്റെ കഴിവ് ജനങ്ങളും മനസ്സിലാക്കട്ടെ എന്ന് കരുതി ജനങ്ങളോട് പറഞ്ഞു. അർജ്ജുനൻ എന്റെ പ്രിയ ശിഷ്യനായത് കൊണ്ട് പറയുകയല്ല ഇവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വില്ലാളി. ഇവനെ ജയിക്കാൻ കഴിവുള്ളവർ ആരും ഈ ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല.

പെട്ടെന്ന് ആ സദസ്സിലേക്ക് ഒരു യുവാവ് കടന്നു വന്നു ചോദിച്ചു.

പരീക്ഷിക്കാതെ എങ്ങനെയാണ് അത് നിശ്ചയിക്കുന്നത്. ഇവനുള്ളതിൽ ഒരു ഗുണം മാത്രമേ എനിക്ക് കുറവുള്ളൂ. അത് ഞാൻ അങ്ങയുടെ (ദ്രോണാചാര്യരുടെ ) ശിഷ്യനല്ല എന്നതാണ്.

ഇത്രയും പറഞ്ഞു കർണ്ണൻ ആകാശത്തേക്ക് ഒരു അമ്പു എയ്ത് ഒരു മാല സൃഷ്ട്ടിച്ച് ധൃതരാഷ്ട്രരുടെ കഴുത്തിൽ അണിയിച്ചു. അതിനു ശേഷം പരസ്യമായി അർജ്ജുനനെ വെല്ലുവിളിച്ചു.

അപ്പോൾ കൃപാചാര്യർ കർണ്ണനോട് പറഞ്ഞു. ആദ്യം നീ ഈ വെല്ലുവിളിക്കുന്ന അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കിക്കോളൂ. പാണ്ഡുവിൻ്റെയും കുന്തിയുടെയും പുത്രൻ, ദ്രോണാചാര്യരുടെ ശിഷ്യൻ, മഹാരാജാവ് ധൃതരാഷ്ട്രരുടെ അനുജന്റെ മകൻ. ഇനി നീ ആരാണെന്ന് പറ ? ഏതു കുലത്തിൽ ജനിച്ചു? ആരുടെ മകനാണ് നീ ?

രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല". ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിക്കുന്നു
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും വാഗ്ദാനത്തിൻറ പേരിൽ കർണ്ണന് കൂട്ട് നിൽക്കേണ്ടതായി വന്നു. കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വൃഷസേനൻ, ശുദ്ധാമാ, ശത്രുഞ്ജയ, ദ്വിപത, സുഷേണൻ, സത്യേശ, ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നീപേരുകളിൽ അറിയപ്പെടുന്നു.