ചെറുകുന്നിലമ്മ മാതാ അന്നപൂർണേശ്വരിയാണ്. ബ്രഹ്മഹത്യാ പാപം തീർക്കാൻ ഭിക്ഷാടനത്തിനിറങ്ങിയ പരമശിവന് ഭിക്ഷയായി അന്നം നൽകി അന്നപൂർണേശ്വരിയായ കാശീപുരാധീശ്വരി സാക്ഷാൽ ശ്രീ പാർവ്വതി.
ഒരിക്കൽ കണ്ണൂർ വളപട്ടണം പാപ്പിനിശ്ശേരി നാട്ടിലെ കോലത്ത് തമ്പുരാൻ തന്റെ നാടിന്റെ ദുർഭിക്ഷങ്ങളകലാൻ കാശീപുരാധീശ്വരിയെ തൊഴുത് പ്രാർത്ഥിച്ചു. പ്രാർത്ഥനകേട്ട് മനസ്സലിഞ്ഞ ദേവി കോലത്ത് നാട്ടിലേക്ക് എഴുന്നെള്ളാൻ തീരുമാനിച്ചു.
ദേവശില്പിയായ വിശ്വകർമ്മാവ് ദേവിക്കായ് ഒരു സ്വർണ്ണ കപ്പൽ. തീർത്തു.
ആണ്ടാർ പെരുവിത്തും ചെന്നെല്ലും പൊന്നാര്യനും കഴമയും കീരിപ്പാലയും തുടങ്ങി വിത്തുകളനവധി കോരി നിറച്ചു കപ്പലിൽ.
1000 യോഗികൾ,1001 കൊങ്ങിണിമക്കൾ, 1001 വെടിക്കാർ,,1001 അമരക്കാർ ഇവരെല്ലാം കുത്ത് വിളക്കെടുത്ത് 3 ഇല്ലത്തമ്മമാർ, ഒരു മുസ്‌ലിം കപ്പിത്താൻ എന്നിവരൊത്ത് ദേവി സ്വർണ്ണകപ്പലേറി കോലത്ത് നാട്ടിലേക്ക് യാത്രയായി.
108 ആഴികൾ താണ്ടി ദേവി കോലത്ത് രാജന്റെ അധീനതയിൽ ഉള്ള ആയിരംതെങ്ങിൽ വന്നിറങ്ങി. പച്ചോലപന്തലൊരുക്കി കാത്തിരുന്ന ആയിരങ്ങൾ ദേവിയെ ചെക്കി പൂക്കളെറിഞ്ഞെതിരേറ്റു.
അവിടെ എന്നും ചെക്കിപൂക്കൾ പൂത്ത് നിൽക്കുന്ന ചെക്കിത്തറയിൽ ഇരുന്ന ദേവി കുഴിയടുപ്പിൽ അന്നമൊരുക്കി. തടിയാർ കടപ്പുറത്തെ പാവങ്ങൾക്ക് അമ്മ തന്നെ കോരികയും ചട്ടുകവും എടുത്ത് അന്നം വിളമ്പി. ആ നാട്ടിലെ ചെറുകുന്നിലമ്മയായി.
ഒരുമകരമാസ ദ്വാദശി നാളിൽ സന്തോഷ വാനായ കോലോത്ത് തമ്പുരാൻ, ദേവിയെ മണിയങ്ങാട്ടില്ലം വക മഹാവിഷ്ണുക്ഷേത്രത്തിന്റെ (കണ്ണപുരത്തപ്പൻ) ഇടതുഭാഗത്ത് അതേവലുപ്പത്തിൽ ശ്രീകോവിൽ പണിയിച്ച് , കോരികയും ചട്ടുകവും കൈയിലേന്തി കല്പകവൃക്ഷത്തിന്റെ കീഴിലിരിക്കുന്ന രൂപത്തിലുള്ള (സകാര രൂപം) വിഗ്രഹംതീർത്ത് അന്നപൂർണേശ്വരിയായി , ചെറുകുന്നിലമ്മയായി പ്രതിഷ്ഠിച്ചു.
പൂർവകാലത്ത് പ്രതിഷ്ഠിച്ച ഏകദേശം 4 അംഗുലം ഉയരമുള്ള ഈ രൂപത്തിലുള്ള വിഗ്രഹം മൂല വിഗ്രഹത്തിന്റെ പിന്നിൽ വെച്ച്പൂജിച്ച് വരുന്നു.
ഇരട്ട ദേശത്ത് ഒരു ക്ഷേത്രം അതാണ് ചെറുകുന്നമ്പലത്തിന്റെ പ്രത്യേകത.
കണ്ണപുരം ദേശത്ത് ചതുർബഹുവായ മഹാവിഷ്ണു , ചെറുകുന്ന് ദേശത്ത് അന്നപൂർണേശ്വരിയായ ചെറുകുന്നിലമ്മ. ചുറ്റമ്പലത്തിനുള്ളിൽ തൊട്ടടുത്തായി രണ്ട് ശ്രീകോവിലിൽ. ക്ഷേത്ര നാഥൻ മഹാവിഷ്ണുവാണെങ്കിലും ഇവിടെ പ്രാധാന്യം അന്നപൂർണേശ്വരിക്കാണ്.
പ്രതിഷ്ഠ കഴിഞ്ഞ ഉടനെ കോലോത്തരചൻ ആയിരങ്ങൾക്ക് അന്നദാനം നൽകി. വിശന്ന് വരുന്നവർക്ക് രണ്ട് നേരം അന്നം നൽകാൻ കോലത്തിരി അന്ന് തന്നെ വ്യവസ്ഥ ചെയ്തു.
അതിനായി പഴയങ്ങാടിമുതൽ പാപ്പിനിശ്ശേരിവരെയുള്ള വിശാലമായ കോലോത്ത് വയൽ, തമ്പുരാൻ ക്ഷേത്രത്തിനായി ചാർത്തി കൊടുത്തു. അന്നദാനം ഒരുക്കിവിളമ്പാനുള്ള ചുമതല മണിയങ്ങാട്ടില്ലക്കാർക്കും ഭക്ഷണത്തിന് ഇല കൊണ്ടുവരാനുള്ളചുമതല ക്ഷേത്രം കോയ്മയ്ക്കും നൽകി.
മേട സംക്രമം മുതൽ മേടം ഏഴ് വരെ വിഷുവിളക്കുത്സവവും 7 ദേശത്തേക്കുള്ള നട്ടെഴുന്നെള്ളത്തും കളത്തിലരിയും പാട്ടുംകൽപ്പിച്ച് നിശ്ചയിച്ചു തമ്പുരാൻ.
ദേവിയുടെ കൂടെ കാശിയിൽ നിന്നും കപ്പിത്താനായി വന്ന മുസ്ലിമിനെ തമ്പുരാൻ ഇവിടെ കുടിയിരുത്തി.
ഒളിയങ്കര പള്ളിയുടെ ഉത്ഭവത്തിന് കാരണം അതാണെന്ന് പറയപ്പെടുന്നു.
ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അവകാശം മുസ്ലിമിനാണ്. ക്ഷേത്രത്തിൽ ഉച്ച പൂജ കഴിഞ്ഞത്തിന് ശേഷവും അത്താഴ പൂജ കഴിഞ്ഞ ശേഷവും "ഇലക്യ " നെ വിളിക്കുക എന്ന ചടങ്ങുണ്ട്.
അതിന് ശേഷമാണ് കോയ്മ അന്നദാനത്തിനുള്ള ഇല കൊണ്ട് വരുന്നത്.
ഇതിന് പിന്നിൽ ഒരുകഥയുണ്ട്.
ചെറുകുന്നിലമ്മയുടെ തട്ടകത്ത് അനുവാദമില്ലാതെ ഏത് പറമ്പിൽ നിന്നും ക്ഷേത്രത്തിലേക്ക് അന്നദാനത്തിന് വേണ്ട ഇല മുറിക്കാമെന്നാണ് നിശ്ചയം. അങ്ങിനെയിരിക്കെ ഒരുനാൾ ഇലക്യൻ കോമൻ ക്ഷേത്രത്തിലേക്ക് വേണ്ടി ഒരുപറമ്പിൽ നിന്നും ഇല മുറിക്കവെ സ്ഥലമുടമ തടഞ്ഞു. അവർ തമ്മിൽ വാഗ്വാദമായി. ഇലക്യനെ അയാൾ വെട്ടി. ക്ഷേത്രത്തിൽ അന്നദാനത്തിന് സമയമായിട്ടും ഇലക്യൻ കോമനെ കാണാഞ്ഞപ്പോൾ മണിയങ്ങാട്ടില്ലത്ത് നമ്പൂതിരി ഇലക്യൻ "കോമാ " എന്ന് ഉറക്കെ ഉച്ചത്തിൽ വിളിച്ചു.
വെട്ടേറ്റ് അവശനായ ഇലക്യൻ വേച്ച് വേച്ച് വന്ന് ഇല ക്ഷേത്രത്തിന്റെ ഗോപുരപടിയിൽ വെച്ച് മരിച്ച് വീണു. അതിന്റെ സ്മരണാർത്ഥം ഇന്നും അന്നദാനത്തിന് മുമ്പ് "ഇലക്യൻ കോമാ" എന്ന് വിളിച്ചു വരുന്നു.
ഭക്തജനങ്ങൾക്ക് ചുറ്റമ്പലത്തിൽ തന്നെ അന്നം വിളമ്പുന്ന ഏക ക്ഷേത്രമാണിത്.
ചെറുകുന്നിലമ്മയുടെ തട്ടകത്ത് ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് നിശ്ചയം.
വൈകി എത്തുന്നവർക്കും മോഷ്ട്ടാക്കൾക്കും വരെ ഭുജിക്കാൻ ക്ഷേത്രമുറ്റത്തെ ആൽത്തറമേൽ അന്നം ഇലപ്പൊതിയിൽകെട്ടി തൂക്കുമത്രെ.
പാചകത്തിന്റെയും അന്നദാനത്തിന്റെയും ചുമതല അമ്മ നേരിട്ട് നിർവഹിക്കുന്നു എന്നാണ് വിശ്വാസം. ചുറ്റമ്പലത്തിനുള്ളിലെ അമ്മയുടെ ശ്രീകോവിലിന് നേരെ മുമ്പിൽ ആഗ്രശാലയിലെ ഊട്ടുപുരയിൽ ദേവിയുടെ ശ്രദ്ധ സദാ ഉണ്ടാകും എന്നാണ് വിശ്വാസം.
അമ്മ തന്നെ തന്റെ ഭക്തർക്ക് ആഗ്രശാലയിൽ വെച്ച് ചട്ടുകവും കോരികയും എടുത്ത് അന്നം വിളമ്പുന്നു എന്നാണ് വിശ്വാസം. അത് കൊണ്ട് തന്നെ ദേവിയെ "അഗ്രശാലാ മാതാവ് "എന്ന് പറയുന്നു.
ചെറുകുന്നിലമ്മയുടെ ശ്രീകോവിലിന് മുന്നിൽ ഗോപുരമില്ല. ഒരു വലിയ അഴി ജനാല മാത്രമേയുള്ളു. ചുറ്റമ്പലത്തിന് പുറത്ത് നിന്ന് ദേവിയെ ജനലഴിയിലൂടെയാണ് ഭക്തർ ദർശിക്കുന്നത്.
പ്രധാന ഗോപുരത്തിൽ നിന്ന് നേരെ കാണുന്നത് ക്ഷേത്രനാഥനായ മഹാവിഷ്ണുവിനെയാണ്. വിഷുവിളക്കിനായി നിർമ്മിക്കുന്ന വട്ടപ്പന്തൽ ഒരു വിസ്മയമാണ്. 111 വലിയ തേക്കിൻ കാൽ നാട്ടി 1600 മുളയും 6000മടൽ ഓലയും കെട്ടി നിർമ്മിക്കുന്ന വട്ടപന്തൽ ധനു 2ന് ശുഭ മുഹുർത്തത്തിൽ തുടങ്ങി മേട സംക്രമത്തിന് മുമ്പായി പൂർത്തിയാക്കുന്നു.
1500 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഭാരതത്തിലെ തന്നെ നാലാമത്തെ അന്നപൂർണേശ്വരി ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ അഞ്ചാമത് പുനരുദ്ധാരണം 1067 ൽ ആണെന്ന് വിശ്വസിക്കുന്നു.
അന്നപൂർണേശ്വരിയുടെ തട്ടകത്തെ കർഷകർ വിളവെടുപ്പ് കഴിഞ്ഞാൽ അമ്മയുടെ ഊട്ടിലേക്ക് അരി നീക്കി വെച്ചതിന് ശേഷമേ ഉപയോഗിക്കൂ.
മിക്ക കാർഷിക കുടുംബങ്ങളിൽ നിന്നും ചെറുകുന്നിലമ്മയ്ക്ക് അരി കൊടുക്കാൻ മത്സരമാണ്. സ്ത്രീകൾ ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലെത്തി ദേവിയുടെ അന്നം ഭുജിച്ച് വീട്ടിലേക്ക് മടങ്ങും.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് അന്നദാനം തന്നെ. ഉദരരോഗശമനത്തിന് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അരച്ച് കലക്കി. തേങ്ങ, ഇഞ്ചി, തൈര്, പച്ചമുളക് എന്നിവ ചേർത്തുണ്ടാക്കുന്നതാണ് ഈ അരച്ച് കലക്കി. മറ്റൊരു വിശേഷ വഴിപാടാണ് ഉപ്പിലിട്ടത്.
അത് പോലെ ഉറുമ്പ് ശല്യം ഇല്ലാതിരിക്കാൻ നേരുന്ന വഴിപാടാണ് കടു ഒപ്പിക്കൽ. ഹരിജനങ്ങൾ പറകൊട്ടി ഭക്ത്യാദരപൂർവ്വം കൊണ്ട് വന്ന് കതിർവെക്കും. തറയിൽ വെക്കുന്ന കതിർ കറ്റകളാണ് അമ്മയ്ക്ക് ഇല്ലംനിറയ്ക്കായി ഉപയോഗിക്കുന്നത്.
കോലത്ത് നാടിന് കാർഷിക അഭിവൃദ്ധിക്കായി കെട്ടിയാടുന്ന" കോതാമൂരിയാട്ടം "ആടി തുടങ്ങുന്നത് തുലാം 10 ന് ചെറുകുന്നമ്പലത്തിന്റെ തിരുമുറ്റത്ത് അവതരിപ്പിച്ച് കൊണ്ടാണ്.
പിന്നീട് കോതാമൂരി എല്ലാ വീടുകളിലും ആടുന്നു.
ചിറക്കൽ വില്ലേജിൽ നിന്നും മൂന്നു കിലോമീറ്ററും തളിപ്പറമ്പ് നിന്നാണെങ്കിൽ പന്ത്രണ്ട് കിലോമീറ്ററും കണ്ണൂരിൽ നിന്ന് ഏകദേശം 14 കിലോമീറ്ററും ഉണ്ട് ഈ ക്ഷേത്രത്തിലേക്ക്.
No comments:
Post a Comment