ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 December 2022

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

വ്യത്യസ്തമായ ആചാരം നിലനിൽക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം. കർക്കടകവാവ് നാളിൽ മാത്രം തുറക്കുന്ന ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് കൈകൊണ്ട് ചികഞ്ഞെടുക്കുന്ന മണ്ണ് പ്രസാദമായും ഗുഹയുടെ മുകൾ ഭാഗത്തുനിന്നു വീഴുന്ന ജലകണങ്ങൾ തീർഥമായും കരുതുന്ന ആചാരമാണ് ഇവിടെ ഇപ്പോഴും നിലനിൽക്കുന്നത്. ഒരു വൻമലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽനിന്നു ചന്ദനവും പൂവും പ്രസാദമായി വാങ്ങുന്നതിനെക്കാൾ വിശിഷ്ടമായി കരുതുന്നത് തെക്കുഭാഗത്തെ മലഞ്ചരിവിലുള്ള ഗുഹയിലെ മണ്ണെടുത്ത് നെറ്റിയിൽ തൊടുന്നതാണ്.

സമുദ്രനിരപ്പിൽ നിന്നു 2000 അടിയിലേറെ ഉയരം കണക്കാക്കുന്ന തൃച്ചേർപ്പുറം മലയുടെ മുകളിൽ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ മാത്രം നിരപ്പായ സ്ഥലത്താണ് ക്ഷേത്രം. 4 പതിറ്റാണ്ടു മുൻപാണ് ക്ഷേത്രം പുനരുദ്ധാരണം നടത്തിയത്. ചുറ്റമ്പലത്തിന്റെയും 2 കൊടിമരത്തിന്റെയും നിർമാണപ്രവൃത്തികൾ ഇപ്പോൾ നടക്കുന്നു. 9 ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. പ്രധാനമായി ശങ്കരനാരായണ സ്വാമിയും തൊട്ടടുത്തു തെക്കുഭാഗത്തായി മഹാദേവന്റെയും ശ്രീകോവിലുകൾ സ്ഥിതിചെയ്യുന്നു.

2 ശ്രീകോവിലുകൾക്കും നമസ്കാര മണ്ഡപവുമുണ്ട്. കൂടാതെ ഗണപതി, ശാസ്താവ്, ഭഗവതി, യതീന്ദ്രൻ, രക്ഷസ്, നീലി, നാഗരാജാവ് എന്നിങ്ങനെ 7 ഉപദേവതാ പ്രതിഷ്ഠയുമുണ്ട്. നേരത്തെ കർക്കടകവാവിനും പ്രതിഷ്ഠാദിനത്തിനും മാത്രമേ നട തുറന്നിരുന്നുള്ളുവെങ്കിലും ഇപ്പോൾ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകിട്ടും പൂജ നടക്കുന്നു.

കർക്കടകവാവിലാണ് വൻ ഭക്തജനത്തിരക്ക്. ക്ഷേത്രക്കുളക്കരയിലുള്ള ബലിത്തറയിൽ പിതൃബലിതർപ്പണം നടത്തുന്നതിനും ഗുഹാ ദർശനം നടത്തുന്നതിനുമാണ് ഭക്തർ എത്തുന്നത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽനിന്ന് 700 അടിയോളം താഴ്ചയിലുളള ഗുഹയിലേക്ക് കർക്കടകമാസത്തിലെ അമാവാസി ദിനത്തിൽ പ്രവേശിച്ച് തീർഥവും പ്രസാദവും ശേഖരിക്കും. രാമായണ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഇതു വെളിവാക്കുന്നത്.

പുരാണകാലത്ത് പ്രദേശം വൻ കാടായിരുന്നു. ഇവിടെ മഹർഷിമാർ തപസ്സ് ചെയ്തിരുന്നു. രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോയപ്പോൾ അന്വേഷിച്ച് ശ്രീരാമനും ലക്ഷ്മണനും ഇതുവഴി വന്നതായും മഹർഷിമാരെ കണ്ടുമുട്ടുകയും അവർ ശ്രീരാമലക്ഷ്മണന്മാർക്ക് വഴികാട്ടി കൊടുക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇത്തരത്തിൽ സഹായിച്ചതിനാൽ ലങ്കയിൽ ചെന്ന് രാവണനെ വധിച്ച് സീതയുമായി ഈ വഴി വരാമെന്ന് പറഞ്ഞ് യാത്രയായതായാണ് ഐതീഹ്യം.

രാമരാവണയുദ്ധം ജയിച്ചപ്പോഴേക്കും 14 സംവത്സരം അവസാനിക്കാറായിരുന്നു. ആ ദിവസം തന്നെ ശ്രീരാമൻ അയോധ്യയിൽ ചെന്നില്ലെങ്കിൽ ഭരതൻ ആത്മഹൂതി ചെയ്യുമെന്നു വാക്കുണ്ടായിരുന്നു. അതുകൊണ്ട് ശ്രീരാമലക്ഷ്മണന്മാർ സീതയോടൊപ്പം ഈ വഴി വരില്ലെന്ന് ദൂതൻമാർ മുഖേന അറിയിച്ചു.

എന്നാൽ, അവരെ സ്വീകരിക്കാനായി പൂജാദ്രവ്യങ്ങളൊരുക്കി മഹർഷിമാർ കാത്തിരുന്നു. വരില്ലെന്നറിഞ്ഞതോടെ മഹർഷിമാർ നിരാശരായി. പൂജാദ്രവ്യങ്ങളും മറ്റും നശിപ്പിച്ചു കളയാതിരിക്കാൻ സമീപത്തുണ്ടായിരുന്ന മല ഇളക്കിയെടുത്ത് ഇവ മൂടിവച്ചതായാണ് ഐതിഹ്യം. ഇത്തരത്തിൽ ചേർത്തുവച്ച മലയുടെ മുകളിലെ ഭാഗമാണ് ചേർപ്പുറമായത്. പിൽക്കാലത്ത് തൃച്ചേർപ്പുറമായി.

മലയുടെ അടിയിലായ പൂജാദ്രവ്യങ്ങളുടെ അംശങ്ങളാണ് ഗുഹയിൽനിന്നു ലഭിക്കുന്നതെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. ഓരോ ഭക്തനും ചുരണ്ടിയെടുക്കുന്ന പ്രസാദത്തിന് ഓരോരുത്തരുടെയും അനുഭവവുമായി ബന്ധമുണ്ടെന്ന വിശ്വാസവും നിലനിൽക്കുന്നു. ഒരാൾ എടുക്കുന്നത് ചുവപ്പാണെങ്കിൽ മറ്റൊരാൾക്ക് മഞ്ഞ നിറമായിരിക്കും ലഭിക്കുന്നത്. അടുത്തൊരാൾ കിട്ടുന്നത് വെള്ളയുമായിരിക്കും. ഇതിനു വ്യത്യസ്ത ഗന്ധവുമുണ്ട്. ഗുഹയ്ക്കുള്ളിൽ നിന്നു ധാരയായി ഒഴുകുന്ന ജലം ശേഖരിക്കുന്ന തീർഥക്കുളത്തിൽ പിതൃതർപ്പണം നടത്തുന്നതോടെ പാപമോക്ഷം ലഭിക്കുന്നുവെന്നു ഭക്തർ വിശ്വസിക്കുന്നു

No comments:

Post a Comment