തെക്ക് തിരുവിതാംകൂറിനും വടക്ക് മലബാറിനുമിടയിൽ കേരളത്തിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ചെറിയൊരു നാട്ടുരാജ്യമായിരുന്നു കൊച്ചി രാജ്യം, പെരുമ്പടപ്പുസ്വരൂപം എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്, ആദ്യകാല ആസ്ഥാനം പെരുമ്പടപ്പു ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരം ആയിരുന്നു, പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു, പതിനാലാം നൂറ്റാണ്ട് മുതലാണ് കൊച്ചിൻ എന്ന് പശ്ചാത്യ രാജ്യങ്ങൾ വിളിച്ചുതുടങ്ങിയത്. അങ്ങനെ കൊച്ചിയായി, ചേരമാൻ പെരുമാളിൻ്റെ സഹോദരി പുത്രനാണ് ആദ്യത്തെ കൊച്ചി രാജാവ് എന്നാണ് വിശ്വാസം, മാടരാജ്യം, ഗോശ്രീരാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം പുരാതന കാലത്ത് ഇന്നത്തെ കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നി പ്രദേശങ്ങൾ ചേർന്നതായിരുന്നു, സാമുതിരിയുടെ ആക്രമണ ശേഷം നേർ പകുതിയായി ചുരുങ്ങി രാജ്യത്തിൻ്റെ വിസ്തൃതി, പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ രാഷ്ടിയാധിപത്യത്തിനായുള്ള വടംവലികൾ സാമൂതിരിയുടെ ഭാഗത്തു നിന്നു തുടർച്ചയായി ഉണ്ടായികൊണ്ടിരുന്നു, ഇക്കാലമായപ്പോഴെക്കും പെരുമ്പടപ്പുസ്വരൂപം മൂത്ത താവഴി, എളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു, ഓരോ താവഴിയിലേയും മുത്തവർ അടുത്ത രാജ അവകാശിയാകും, കണിയന്നൂർ, മുകുന്ദപുരം, തൃശൂർ, തലപ്പിള്ളി,ചിറ്റൂർ, കൊടുങ്ങല്ലുർ, കൊച്ചി എന്നി താലൂക്കുകൾ ഉൾപ്പെട്ടതായിരുന്നു ആധുനിക കൊച്ചി രാജ്യം, തൃപ്പൂണിത്തുറയായിരുന്നു ആ സ്ഥാനം, രാമവർമ്മ, രവിവർമ്മ, കേരളവർമ എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്ഥാനപേരായി സ്വീകരിച്ചാണ് ഇവർ ഭരിച്ചിരുന്നത്, പേരുകൾ ഒരു പോലെയായതിനാൽ തീപ്പെട്ട സ്ഥലത്തിൻ്റെയോ, മാസത്തിൻ്റെയോ പേരിലാണ് പില്ക്കാലത്ത് ഇവരിൽ പലരും അറിയപ്പെട്ടത്, പതിനെട്ടാം നൂറ്റാണ്ടിൽ ഭരണം ഏറ്റെടുത്ത ശക്തൻ തമ്പുരാനാണ് കൊച്ചി കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി, ശക്തൻ തമ്പുരാൻ മുതൽ അവസാനത്തെ രാജാവായ പരീക്ഷിത്തു തമ്പുരാൻ വരെയുള്ള ഏറ്റവും പ്രധാനപ്പെട്ട കൊച്ചി രാജാക്കൻമാരെ പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം,
1) രാമവർമ്മ ശക്തൻ തമ്പുരാൻ.
( ഭരണകാലം AD 1790- 1805)
കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെട്ട രാമവർമ്മ ശക്തൻ തമ്പുരാനാണ് കൊച്ചിയെ കെട്ടുറപ്പുള്ള ഒരു രാജ്യമാക്കി തീർത്തത്, ഉടൻ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവ നടപ്പിലാക്കാനുള്ള ധൈര്യവുമുള്ള അദ്ദേഹം ശക്തൻ തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായി, കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൻ്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു, തൃശൂർ പൂരം തുടങ്ങിവെച്ചത് അദ്ദേഹമാണ്, തൃശൂരിലും തൃപ്പൂണത്തുറയിലും അദ്ദേഹം കോട്ടയും കോട്ടാരവും പണികഴിപ്പിച്ചു, ചാലക്കുടിക്കടുത്തുള്ള പരിയാരം ഗ്രാമത്തിലെ കാഞ്ഞിരപ്പള്ളി കൊട്ടാരം അദ്ദേഹത്തിൻ്റെ വേനൽകാല വസതിയായിരുന്നു' (ഈ കൊട്ടാരം സർക്കാർ ഒരു പോത്തിറച്ചി സംസ്കരണ ഫാക്ടറി നിർമ്മിക്കുന്നതിനായി ഒരു കമ്പനിക്ക് വിറ്റു, സംരക്ഷിക്കപെടെണ്ട ഈ കൊട്ടാരം തകർന്നടിഞ്ഞു, ഫാക്ടറി തുടങ്ങിയതുമില്ല), ആലുവ കാഞ്ഞൂർ പള്ളിയിലേക്ക് സംഭാവന ചെയ്ത വെങ്കലത്തിൽ പണിതീർത്ത ആനവിളക്ക് ശക്തൻ തമ്പുരാൻ്റെ മതസൗഹാർദ്ദത്തിന് നേർസാക്ഷ്യം വഹിക്കുന്നു, 1805 ൽ തമ്പുരാൻ തീപ്പെട്ടു,
2 ) തുലാമാസത്തിൽ തീപ്പെട്ട തമ്പുരാൻ
(ഭരണക്കാലം 1829-1837),
1829 ൽ രാമവർമ്മ മഹാരാജാവ് കൊച്ചിയുടെ ഭരണം ഏറ്റെടുത്തപ്പോഴെക്കും ബ്രിട്ടീഷുകാർ നിയമിക്കുന്ന ' ദിവാൻ' ഭരണകാര്യങ്ങൾ നിയന്ത്രിച്ച് തുടങ്ങിയിരുന്നു, തുലാമാസത്തിൽ തീപ്പെട്ടതുകൊണ്ട് ' തുലാമാസത്തിൽ തീപ്പെട്ട തമ്പുരാൻ എന്ന് ചരിത്രകാരൻമാർ പറഞ്ഞു പോരുന്നു,
3) രാമവർമ്മ തമ്പുരാൻ
(ഭരണകാലം 1844-1851)
കൊച്ചിയുടെ ചരിത്രത്തിൽ ഉജ്വലമായ ഒന്നായിരുന്നു 1844 ൽ അധികാരത്തിൽ വന്ന രാമവർമ്മയുടെ ഭരണകാലം, കൊച്ചി ദിവാനായ ശങ്കരവാരിയർ 1845 ൽ എർണാകുളത്ത് ഒരു ഇംഗ്ലിഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു, ഇതാണ് പിന്നീട് മഹാരാജാസ് കോളേജായി ഉയർന്നത്, കൊച്ചി രാജ്യത്ത് അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള രാജകീയ വിളംബരം പുറപ്പെടുവിച്ചത് രാമവർമ്മ തമ്പുരാനാണ്, 1851 ൽ അദ്ദേഹം തീപ്പെട്ടു,
4) രാജർഷി രാമവർമ്മ തമ്പുരാൻ
(ഭരണകാലം 1895-1914)
" ടൗൺ കൗൺസിലുകൾ' എന്നറിയപ്പെടുന്ന പ്രത്യേക സഭകൾ സംഘടിപ്പിച്ച ഇദ്ദേഹത്തിൻ്റെ കാലത്ത് പി രാജഗോപാലാചാരി ആയിരുന്നു ദിവാൻ, പാണ്ഡിത്വവും ഋഷിത്വവുമുള്ള രാജാവായതുകൊണ്ടാണ് രാജർഷി എന്ന പേരു ലഭിച്ചത്, ബ്രിട്ടിഷ് റസിഡൻ്റുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇദ്ദേഹം അധികാരം ഒഴിഞ്ഞു, അതു കൊണ്ട് വാഴ്ചയൊഴിഞ്ഞ തമ്പുരാൻ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്,
5) ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ
(ഭരണകാലം 1932-1941)
ധാർമിക ചക്രവർത്തി എന്നറിയപ്പെട്ട ഇദ്ദേഹം 1932ൽ അധികാരമേറ്റെടുത്തു, കൊച്ചി വൈദ്യുതികരിച്ചത് ഇദ്ദേഹത്തിൻ്റെ കാലത്താണ്, അറബികടലിൻ്റെ റാണിയെന്ന് കൊച്ചി തുറമുഖത്തിന് പേരുകൊടുത്ത ഷൺമുഖം ചെട്ടിയായിരുന്നു ദിവാൻ, സ്റ്റാഫ് സെലക്ഷൻ ബോർഡ് സ്ഥാപിച്ചത് ഈ കാലഘട്ടത്തിലെ വിപ്ലവകരമായ ഭരണ പരിഷ്കാരമായിരുന്നു, 1941ൽ തമ്പുരാൻ തീപ്പെട്ടു, തൃപ്പൂണിത്തുറനഗരത്തിൽ ഇദ്ദേഹത്തിൻ്റെ ഒരു പ്രതിമ ഇന്നും കാണാം,
6) കേരളവർമ്മ മിടുക്കൻ തമ്പുരാൻ
(ഭരണ കാലം 1941- 1943)
രണ്ടാം ലോകമഹായുദ്ധകാലത്ത് കൊച്ചി ഭരിച്ചിരുന്ന രാജാവാണ് കേരളവർമ്മ മിടുക്കൻ തമ്പുരാൻ, വിഷ ചികിത്സയിൽ മിടുക്കനായിരുന്നതുകൊണ്ടാണ് ഈ പേരു കിട്ടിയത്, രാജാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ദിവാൻ ഷൺമുഖം ചെട്ടി രാജിവെച്ചത് ഇക്കാലത്താണ്, സ്വതന്ത്ര ജനകീയ സംഘടനയായ 'കൊച്ചി പ്രജാ മണ്ഡലം ' ഇക്കാലത്ത് നിലവിൽ വന്നു,
7 ) രവിവർമ്മ തമ്പുരാൻ
(ഭരണകാലം 1943-1946)
ഇദ്ദേഹത്തിൻ്റെ കാലത്ത് ഭരണം പൂർണ്ണമായും ദിവാനായിരുന്ന സർ ജോർജ് ബോഗാണ് നടത്തിയിരുന്നത്, ഇക്കാലത്ത് കൊച്ചിയിലെ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തി, പത്താ ക്ലാസ് പാസായവർക്കും നികുതി കൊടുക്കുന്നവർക്കും മാത്രമായിരുന്നു വോട്ടവകാശം, തിരഞ്ഞെടുപ്പിനു ശേഷം കൊച്ചിയിൽ രണ്ട് ജനകീയ മന്ത്രിമാർ കൂടി നിയമിതരായി
8) ഐക്യകേരളതമ്പുരാൻ
(ഭരണകാലം 1946-1948)
കൊച്ചിയിൽ പുതിയൊരു മന്ത്രിയെ കൂടി നിശ്ചയിക്കുകയും കൂടുതൽ വകുപ്പുകൾ ജനപ്രതിനിധികൾക്ക് കൈമാറുകയും ചെയ്ത രാജാവാണ് കേരളവർമ്മ ,കൊച്ചിയിലെ പല ക്ഷേത്രങ്ങളും എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു, മറ്റ് നാട്ടുരാജ്യങ്ങളെ കൂട്ടി ചേർത്ത് ' ഐക്യകേരളം' നിലവിൽ വരുത്താനുള്ള ശ്രമത്തിന് തുടക്കം കുറിച്ചതുകൊണ്ട് ഐക്യകേരളതമ്പുരാൻ എന്നറിയപ്പെടുന്നു,
9 ) രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
(ഭരണ കാലം 1948-1949)
1947 ൽ ഇന്ത്യ സ്വാതന്ത്രമായെങ്കിലും കേരള സംസ്ഥാനം അപ്പോഴും നിലവിൽ വന്നിട്ടുണ്ടായിരുന്നില്ല, ഇക്കാലത്താണ് പരീക്ഷിത്ത് തമ്പുരാൻ കൊച്ചിയുടെ രാജാവായത്, സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം ഐക്യകേരളം ഉണ്ടാക്കുന്നതിനു വേണ്ടി തൻ്റെ അധികാരവും പദവിയും ഉപേക്ഷിക്കാൻ തയ്യാറായി, തിരുവിതാംകൂറുമായുള്ള ചർച്ചകൾക്കൊടുവിൽ 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു, കൊച്ചി എന്ന രാജ്യവും രാജാവിൻ്റെ ഭരണാധികാരങ്ങളും അതോടു കൂടി ഇല്ലാതായി.
No comments:
Post a Comment