ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 December 2022

വൈക്കം മഹാദേവാ ക്ഷേത്രത്തിലെ നന്ദികേശൻ

വൈക്കം മഹാദേവാ ക്ഷേത്രത്തിലെ നന്ദികേശൻ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ തങ്ങളുടെ മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും ആവലാതികളും ബോധിപ്പിക്കാൻ എത്തുന്നത് നന്ദികേശൻ്റെ സമീപമാണ്. നന്ദികേശൻ്റെ ചെവിയിൽ കാര്യങ്ങൾ അറിയിച്ചാൽ പ്രശ്‌നങ്ങൾക്കു പരിഹാരം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.ശ്രീകോവിലിൻ്റെ മുന്നിലുള്ള മണ്ഡപത്തിൽ കരിങ്കല്ലിൽ തീർത്ത ചെറുതും വലുതുമായ രണ്ട് ഋഷഭങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്.കൂടാതെ നാലമ്പലത്തിന് പുറത്തായി കരിങ്കല്ലിൽ തീർത്ത് ഓടു പൊതിഞ്ഞ നാലു ഋഷഭങ്ങളാണ് ഉള്ളത്.

ബാല്യം, കൗമാരം, യൗവനം,വാർധക്യം എന്നീ നാലു ഭാവങ്ങൾ നാലുവശങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. തെക്കു കിഴക്കു ഭാഗം ബാല്യവും തെക്കുപടിഞ്ഞാറു ഭാഗം കൗമാരവും വടക്കു കിഴക്കു ഭാഗം യൗവനവും വടക്കുപടിഞ്ഞാറു ഭാഗം വാർധക്യവും സൂചിപ്പിക്കുന്നു.

അതതു പ്രായക്കാർ അതതു ഋഷഭത്തിൻ്റെ കാതിൽ മന്ത്രിച്ചാലേ അവതരിപ്പിച്ച കാര്യങ്ങൾക്കു പരിഹാരം ലഭിക്കയുള്ളൂ എന്നാണ് വിശ്വാസം. ഭക്തർ തങ്ങളുടെ പ്രയാസങ്ങൾ വൈക്കത്തപ്പനെ അറിയിച്ച് നന്ദികേശൻ്റെ കാതിലും അറിയിച്ച ശേഷമാണ് ക്ഷേത്രം വിടാറ്.

നന്ദികേശനിലൂടെ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു പരിഹാരം കാണാൻ പരമശിവൻ പ്രാധാന്യം കൽപിച്ചിരുന്നതായും വിശ്വാസമുണ്ട്. പരമശിവൻ്റെ വാഹനമാണ് നന്ദികേശൻ എന്ന ഋഷഭം. വിശേഷ ദിവസങ്ങളിൽ ഭഗവാൻ പുറത്തേയ്ക്ക് എഴുന്നള്ളുന്നത് അലങ്കരിച്ച ഋഷഭത്തിൻ്റെ പുറത്താണ്. വൈക്കത്തഷ്ടമി ഉത്സവത്തിൻ്റെ ഏഴാം നാൾ നടക്കുന്ന ഋഷഭ വാഹന എഴുന്നള്ളിപ്പും വിശ്വ പ്രസിദ്ധമാണ്.

No comments:

Post a Comment