ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 December 2024

മനസാദേവി

മനസാദേവി

കശ്യപ പുത്രിയും ശങ്കരന്റെ പ്രിയശിഷ്യയും മഹാജ്ഞാന വിശാരദയും നാഗരാജാവായ അനന്തന്റെ സഹോദരിയും നാഗവാഹിനിയും തപോധനന്മാര്‍ക്കു ഫലം കൊടുക്കുന്നവളും മന്ത്രങ്ങളുടെ അധിദേവതയും ജരല്‍ക്കാരുമുനിയുടെ പത്നിയും ആസ്തികമുനിയുടെ മാതാവുമായ തപസ്വിനിയാണ് മനസാദേവി.

പണ്ട് ഒരു കാലത്ത് സർപ്പങ്ങളുടെ ഉപദ്രവം നിമിത്തം ഭൂമിയിലുള്ള മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടി... അവർ കശ്യപ പ്രജാപതിയോട് സങ്കടമുണർത്തിച്ചു. കശ്യപനും അദ്ദേഹത്തിന്റെ പിതാവായ ബ്രഹ്മാവും കൂടി ആലോചിച്ച് സർപ്പങ്ങളുടെ ഉപദ്രവശാന്തിക്കായി അനേകം മന്ത്രങ്ങളെയും, അതിന്റെ അധിഷ്ടാന ദേവതയായി ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ച് കശ്യപന്റെ മനസ്സുകൊണ്ട് മനസാദേവിയെയും സൃഷ്ടിച്ചു...

കശ്യപ പ്രജാപതിയുടെ മനസ്സിൽ നിന്ന് ഉണ്ടായിട്ടുള്ളവളാകയാൽ ആ ദേവിക്ക് മനസ്സാദേവി എന്നാ പേരുണ്ടായി... 
ഈ ദേവി മൂന്നു യുഗക്കാലം മുഴുവനും ശ്രീകൃഷ്ണപരമാത്മാവിനെ തന്നെ ധ്യാനിച്ചുകൊണ്ടിരുന്നതിനാൽ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നവളും സിദ്ധയോഗിനിയായും വിഷ്ണുഭക്തയായും തീർന്നു... 

ഈ ദേവിക്ക് പന്ത്രണ്ട് പേരുകളുണ്ട്...
1 ) ജരൽക്കാരു :- മനസാദേവി മൂന്നുയുഗക്കാലം ശ്രീകൃഷ്ണപരമാത്മാവിനെ ഉദ്ദേശിച്ച് തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീർണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാൻ ദേവിക്ക് ജരൽക്കാരു എന്ന പേര് നൽകി.

2 ) ജഗൽഗൌരി :- സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതുകൊണ്ടും ജഗൽ ഗൌരി എന്ന പേര് ലഭിച്ചു.

3 ) മനസാ :- കശ്യപന്റെ മാനസപുത്രിയായതിനാൽ മനസായെന്നും പേര് കിട്ടി.

4 ) സിദ്ധയോഗിനി :- ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേരിൽ അറിയപ്പെട്ടു.

5 ) വൈഷ്ണവി :- വിഷ്ണുഭഗവാനിൽ സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു.

6 ) നാഗഭഗിനി :- നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു.

7 ) ശൈവി :- ശിവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു.

8 ) നഗേശ്വരി :- പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയൻ ചെയ്ത സർപ്പയാഗത്തിൽ നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു.

9 ) ജരൽക്കാരുപ്രിയ :- ജരൽക്കാരു എന്ന് തന്നെ പേരായ മഹർഷിയുടെ ഭാര്യ ആയതുകൊണ്ട് ജരൽക്കാരു പ്രിയ എന്ന് അറിയപ്പെട്ടു.

10 ) ആസ്തികമാതാ :- ആസ്തിക മഹർഷിയുടെ മാതാവായതുകൊണ്ട് ഇങ്ങനെ പേര് ലഭിച്ചത്.

11 ) വിഷഹാരി :- വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു.

12 ) മഹാജ്ഞാനവതി :- മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു..

No comments:

Post a Comment