ദേവിയുടെ ഉത്ഭവമെങ്ങനെയെന്നറിയാന്‍ സമീപിച്ച ജനമേയ രാജാവിനോട് വ്യാസമഹര്‍ഷി പറഞ്ഞു, ദേവിയുടെ ഉത്ഭവത്തെപ്പറ്റി വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ശക്തിയില്ലെന്നിരിക്കെ ഞാനെന്തു പറയാന്‍? എനിക്ക് നിശ്ചയമുള്ളതുമാത്രം പറഞ്ഞു തരാം എന്നറിയിച്ച് തുടര്‍ന്നു: പ്രപഞ്ചത്തില്‍ നാനാരൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം നിത്യയും അരൂപിയും നിരാമയയുമായ ആ ദേവി തന്നെയാകുന്നു. നിര്‍ഗുണയെങ്കിലും പ്രപഞ്ചകര്‍മങ്ങള്‍ക്കായി ദേവി അനേക രൂപങ്ങള്‍ കൈക്കൊണ്ട് സഗുണയാകുന്നു. രൂപങ്ങളെയും ധര്‍മ്മകര്‍മ്മാദികളെയും ആധാരമാക്കി ദേവി പല നാമങ്ങളിലും അറിയപ്പെടുന്നു. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവയാണ് ദേവിയുടെ പ്രധാന രൂപങ്ങള്‍. എന്നുവച്ചാല്‍ പഞ്ചരൂപങ്ങള്‍. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നുപറയുന്നു. ദേവിയുടെ അംശത്തില്‍ നിന്നു രൂപംകൊണ്ട ആറു ദേവികളുണ്ട്. വിഷ്ണുവിന്റെ ദേഹത്തുനിന്നുത്ഭവിച്ച ഗംഗാദേവി, വിഷ്ണുവിന്റെ പാദസേവിനിയായ തുളസി, ശിവന്റെ പ്രിയ ശിഷ്യയും മഹാമായയുടെ അംശവുമായ മനസാദേവി, മഹാമായയില്‍ നിന്നുത്ഭവിച്ച ദേവസേനാദേവി, മൂലപ്രകൃതിയുടെ വദനത്തില്‍നിന്നും ജനിച്ച മംഗളചണ്ഡിക, ബ്രഹ്മാവിന്റെ പുത്രിയും വിഷ്ണുവിന്റെ പത്‌നിയുമായ ഭൂമിദേവി. മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ച 37 ദേവിമാര്‍ കൂടിയുണ്ട്.
അംശകലാദേവികളുടെ പേരുകള്‍ ഇങ്ങനെ:
സ്വാഹാദേവി, ദക്ഷിണാദേവി, ദീക്ഷാദേവി, സ്വധാദേവി, സ്വസ്തിദേവി, പുഷ്ടിദേവി, തുഷ്ടിദേവി, സമ്പത്തി, ധൃതി, സതീദേവി, ദയാദേവി, പ്രതിഷ്ഠാദേവി, സിദ്ധാദേവി, കീര്‍ത്തി ദേവി, ക്രിയാദേവി, മിഥ്യാദേവി, ശാന്തിദേവി, ലജ്ജാദേവി, ബുദ്ധിദേവി, ധൃതിദേവി, മൂര്‍ത്തി, ശ്രീദേവി, നിദ്രാദേവി, രാത്രി, സന്ധ്യ, ദിവസം, വിശപ്പ്, ദാഹം, പ്രഭാദേവി, ദാഹികാദേവി, മൃത്യു, ജര, തന്ദ്രി, പ്രീതി, ശ്രദ്ധ, ഭക്തി.
കേരളീയര്‍ക്ക് ദേവി ഭഗവതിയാണ്. അമ്മയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് അമ്മന്‍. ഉത്തരേന്ത്യക്കാര്‍ക്ക് മാ യും അംബയും. ഭഗവതിയും അംബയും അംബികയും അമ്മയും ശക്തിയുടെ രൂപാന്തരങ്ങള്‍ തന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങി എല്ലാ ദേവകളിലും ഈ ശക്തി അംശമായുണ്ട്. ദേവാസുരയുദ്ധമുണ്ടായപ്പോള്‍ ചണ്ഡികാദേവിയുടെ സഹായാര്‍ത്ഥം ദേവ് ശക്തികള്‍ ആവിര്‍ഭവിച്ചു:- ബ്രഹ്മാണി, വൈഷ്ണവി, ശങ്കരി, കൗമാരി, വാരാഹി, നാരസിംഹി, കൗബേരി, വരുണി. സര്‍വം ദേവീമയം.
No comments:
Post a Comment