ദേശദേവതയും ഭദ്രകാളിയും
പലതരത്തിലുള്ള പൂജകളും പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടും വീട്ടിൽ ദുരിതങ്ങൾ ഒഴിയാതിരിക്കുക, മംഗളകർമ്മങ്ങൾ യഥാസമയം നടക്കുന്നതിന് തടസം നേരിടുക, എത്ര പ്രയത്നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാതിരിക്കുക തുടങ്ങിയവ മിക്ക കുടുംബങ്ങളിലെയും പ്രശ്‌നമാണ്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ആ കുടുംബത്തിന്റെ ഭദ്രകാളീബന്ധം വെളിപ്പെടുക. കാവിലമ്മയായ കളരിമൂർത്തിയായും കുടുംബദേവതയായും ദേശദേവതയായും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. അതിനാൽ തീർച്ചയായും നമ്മുടെ പൂർവ്വികർക്ക് ഭദ്രകാളീബന്ധം ഉറപ്പാണ്. ഈ പൂർവ്വികർ നടത്തിയിരുന്ന ഉപാസകൾക്ക് പിൽക്കാലത്ത് ലോപം സംഭവിച്ചതാണ് ദുരിതങ്ങൾക്ക് കാരണം. പൂർവ്വികർ നടത്തി വന്ന ഉപാസനകൾ കൃത്യമായി തുടരാൻ കഴിയാതിരിക്കുക, പൂർവ്വികർ പ്രാർത്ഥനാപൂർവ്വം പ്രസാദിപ്പിച്ചിരുന്ന ദേവതയെ പിൻതലമുറ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപാദികൾ മാറ്റി ഭുവനേശ്വരിയായും വനദുർഗ്ഗയായും മറ്റും പ്രതിഷ്‌ഠിക്കുക തുടങ്ങിയവയെല്ലാം ദുരിത കാരണമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറിയിട്ടുണ്ടെങ്കിൽ അതും ദുരിതങ്ങൾക്ക് കാരണമാകും.
ഏതെങ്കിലും തരത്തിൽ പൂർവ്വബന്ധമുള്ള ഭക്തരെ അമ്മ കാത്തിരിക്കും എന്ന് വിശ്വാസമുണ്ട്. അങ്ങനെ വരുമ്പോൾ പൂർവ്വികർ ഏതെങ്കിലും തരത്തിൽ ഉപാസിച്ചിരുന്ന ദേവതയെ പിൻതലമുറയിൽപ്പെട്ടവരും ഉപാസിച്ചാൽ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും എന്ന കാര്യത്തിൽ തർക്കമില്ല. ആ ഉപാസനാപുണ്യം തലമുറയായി കൈമാറി വരുന്നതാണ്. പൂർവ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിൻതലമുറിയിൽപ്പെട്ടവർ അവഗണിക്കുമ്പോഴാണ് ദുരിതങ്ങൾ കൂടുന്നത്. ഭദ്രകാളിയുമായി പൂർവ്വബന്ധമുള്ളവരാകും മിക്കവരും. ദേശദേവതയായിത്തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഭദ്രകാളീക്ഷേത്രങ്ങളുണ്ടല്ലോ. ആ ദേശത്തിൽ കുടുംബവും വേരുകളുമുള്ളിടത്തോളം
കാലം ഭദ്രകാളീപ്രീതി അനിവാര്യമാണ്. നമ്മുടെ പൂർവ്വ പരമ്പരയിയിൽ എവിടെയോ ഉണ്ടായിരുന്ന ഒരു അമ്മ, അല്ലെങ്കിൽ അമ്മമാർ, അല്ലെങ്കിൽ പൂർവ്വ പിതാക്കന്മാർ; ഇവർ പ്രാർത്ഥിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത ഒരു ദേവതാശക്തിയെ തലമുറകൾക്കുശേഷം ആ പരമ്പരയിലെ ഒരാൾ പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചാൽ കൈവരുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. ആ ദേവത നമ്മെ കാത്തിരിക്കയാവും എന്നാണു വിശ്വാസം. ദീർഘകാലമായി കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ഇവിടെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു. ഇത്തരത്തിൽ ഭദ്രകാളിയുമായി പൂർവ്വബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഭദ്രകാളിയെ ഇഷ്ടദേവതയായും ദേശദേവതയായും ആരാധിക്കുന്നതിനും ഏറ്റവും പ്രയോജനപ്രദമായ ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.
ഭൂമിയിലെ ദേവതാസാന്നിധ്യം
💗●➖➖●ॐ●➖➖●💗
ഒരുകാലത്ത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ പരക്കെ പാരായണം ചെയ്യപ്പെട്ടിരുന്ന ഗ്രന്ഥമായിരുന്നു ഭദ്രകാളീമാഹാത്മ്യം. ഇന്നും പല ക്ഷേത്രങ്ങളിലും ധർമ്മദേവതാസ്ഥാനങ്ങളിലും ഇതു തുടരുന്നുമുണ്ട്. ഇതിലെ ദിവ്യവും അതിശക്തവുമായ സ്തോത്രങ്ങൾ വീടുകളിൽ സന്ധ്യാസമയത്ത് ജപിക്കുന്ന പതിവുമുണ്ടായിരുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം പോലെ വിശിഷ്ടമാണ് ഭദ്രകാളീമാഹാത്മ്യം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ ഇരുപത്തൊൻപതുവരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്‌തുതി. പൂർവ്വികമായ ദോഷങ്ങൾ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ഐശ്വര്യത്തിനുമായി
ആർക്കും ജപിക്കാവുന്ന സ്തോത്രമാണിത്. ധർമ്മദേവതാക്ഷേത്രങ്ങളിൽ വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യിച്ചിരുന്നതും ഒരുകാലത്ത് പതിവായിരുന്നു. ഇത്തരം ഉപാസനകൾ തുടർന്നാൽ ജീവിതത്തിലും കുടുംബത്തിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുക.
ഏറ്റവും വിശ്വാസവും ആത്മബന്ധവുമുള്ള പ്രിയക്ഷേത്രത്തിലെ ഭദ്രകാളിയെ തീവ്രമായി മനസ്സിൽ ഭാവന ചെയ്‌ത് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യുകയോ അതിലെ സ്തോത്രങ്ങൾ എല്ലാ ദിവസവും ജപിക്കുകയോ ചെയ്യുക. അതിന് പറ്റുന്നില്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കാം. പുരോഗതിക്കു പ്രതിബന്ധമായി നിൽക്കുന്ന പല ദോഷങ്ങളും ഉപദ്രവങ്ങളും പെട്ടെന്ന് ഇല്ലാതാകും. കരുത്തിന്റെ പ്രതീകമായ ഭദ്രകാളി തടസ്സങ്ങളെയും ബാധോപദ്രവങ്ങളെയുമൊക്കെ അതിശക്തമായി തട്ടിത്തകർക്കുന്നവളാണ്. മനസ്സുരുകി, ഭക്തിപൂർവ്വം അമ്മയെ സ്തുതിച്ചാൽ മതി. ഇത്തരത്തിൽ അത്ഭുതകരമായ വളർച്ച നേടുന്ന കുടുംബങ്ങൾ നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാൽ ധാരാളം കാണാൻ കഴിയും. എന്നാൽ ഇക്കാലത്ത് പലർക്കും തങ്ങളുടെ ധർമ്മദൈവം ഏതാണെന്നു പോലും അറിയില്ല,ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയില്ല.
മൂലകുടുംബത്തിൽനിന്നു വേർപെട്ട് വിവിധ പ്രദേശങ്ങളിലും വിദേശത്തും മറ്റും താമസമുറപ്പിച്ചിട്ടുള്ളവർക്ക് യഥാവിധി ധർമ്മദൈവാരാധന നടത്തുന്നതിനും കഴിയുന്നില്ല.
ഇതിനൊക്കെ ഒരു പരിധിവരെ പരിഹരമാണ് ഭദ്രകാളിമാഹാത്മ്യം പാരായണം ചെയ്യുക എന്നത്.
No comments:
Post a Comment