പ്രാചീനകാലത്തെ പ്രസിദ്ധമായ തളികൾ
എന്താണ് 'തളി' ?
പ്രാചീനകാലത്ത്, കേരളത്തിലേയും തുളുനാട്ടിലേയും 32 ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാന്‍ പതിനെട്ടര തളികള്‍ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയില്‍ പറയുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നിരുന്നതായി പറയപ്പെടുന്നു. ഇതിന്‍റെ സങ്കേതമാണ് തളി. കേരളത്തിൽ ഈ സങ്കേതങ്ങളോടൊപ്പം ശിവക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി കാണുവാൻ സാധിക്കും. അപ്രകാരമുള്ള ശിവക്ഷേത്രവും അവയോടനുബന്ധിച്ചുള്ള സഭയേയുമാണ് 'തളി' എന്ന് വിളിച്ചിരുന്നത്. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദി കൂടിയായിരുന്നു ഇത്തരം തളികൾ. തളികളുടെ അധിപന്മാര്‍ 'തളിയംതിരിമാര്‍' എന്നറിയപ്പെട്ടു. ഇവരാണ് ക്ഷേത്രപരിപാലനം നടത്തിയിരുന്നത്.
ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് 'ചേരമാൻ പെരുമാൾ' അഥവാ 'കുലശേഖര കോയിലധികാരികൾ' എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് (കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണപണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ നിന്ന് തന്നെ തളികൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ...
തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നതായി ചരിത്രം പറയുന്നു. ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നതായി കാണുവാൻ സാധിക്കും. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യം ചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു നടന്നിരുന്നത്.
പതിനെട്ടര തളികൾ
പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട തളികൾ പയ്യന്നൂർ, പെരിഞ്ചല്ലൂർ (തളിപ്പറമ്പ്), പറവൂർ, ചെങ്ങന്നൂർ എന്നീ നാലു ബ്രാഹ്മണകഴകങ്ങൾക്കും അവയിലുൾപ്പെടുന്ന 32 ഗ്രാമങ്ങൾക്കുമായി ആകെ പതിനെട്ടെണ്ണമാണ്.
1. നീലേശ്വരം തളി (കാസർഗോഡ് ജില്ല)
2. തളിപ്പറമ്പ് (കണ്ണൂർ ജില്ല)
3. രാമന്തളി (കണ്ണൂർ ജില്ല)
4. കോഴിക്കോട് തളി (കോഴിക്കോട് ജില്ല)
5. അങ്ങാടിപ്പുറം തളി (മലപ്പുറം ജില്ല)
6. ആലിപ്പറമ്പു തളി (മലപ്പുറം ജില്ല)
7. പാറൽ തളി (മലപ്പുറം ജില്ല)
8. ഈശാനമംഗലം തളി / ഓങ്ങല്ലൂർ തളി (പാലക്കാട് ജില്ല)
9. കൈത്തളി (പട്ടാമ്പി, പാലക്കാട് ജില്ല)
10. ദേശമംഗലം തളി (വരവൂർ, തൃശ്ശൂർ ജില്ല)
11. പറമ്പന്തളി (മുല്ലശ്ശേരി, തൃശ്ശൂർ ജില്ല)
12. മേൽത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
13. കീഴ്ത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
14. ചിങ്ങപുരത്തു തളി (ശൃംഗപുരം, കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
15. നെടിയതളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
16. കടുത്തുരുത്തി തളി (കോട്ടയം ജില്ല)
17.കോട്ടയം തളി (കോട്ടയം ജില്ല)
18. കരമന തളി (തിരുവനന്തപുരം ജില്ല)
ചേരമാൻ പെരുമാളിന്റെ അധികാര പ്രാതിനിധ്യത്തിനായി ഒരു തളി കൊടുങ്ങല്ലൂർ ഉണ്ടായിരുന്നതിനെ അരത്തളി എന്നു വിളിച്ചിരുന്നതായും അതുകൂടി ഉൾപ്പെടുത്തി പതിനെട്ടര തളികൾ എന്നു പറയുന്നയായും ചില ചരിത്രകാരന്മാർ പറയുന്നു. ഇത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രമാണെന്ന് ചിലരുടെ വാദം. എന്നാൽ പെരുമാളുടെ അരത്തളിയാണ് മാലിക് ദിനാറിന് പള്ളി വയ്ക്കാനായി വിട്ടുകൊടുത്തത് എന്നും ചിലർ വാദിക്കുന്നു.
പത്താം നൂറ്റാണ്ടിന് മുമ്പ് മേൽപ്പറഞ്ഞതിൽ മേൽത്തളി, കീഴ്ത്തളി, നെടിയതളി, ചിങ്ങപുരത്തു തളി എന്നീ കൊടുങ്ങല്ലൂരിലെ "നാങ്കു തളികൾ" മാത്രമാണുണ്ടായിരുന്നത്. പിന്നീട് ബ്രാഹ്മണർ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായാണ് കടുത്തുരുത്തി, കോട്ടയം തളി അടക്കം മറ്റു തളികളും സ്ഥാപിച്ചത്.
ഈ പതിനെട്ടര തളികൾ കൂടാതെ തളി എന്നു പേരായി മറ്റനവധി ക്ഷേത്രങ്ങൾ കേരളത്തിൽ കാണാമെങ്കിലും ചരിത്രപരമായ പ്രസക്തി പതിനെട്ടര തളികൾക്ക് മാത്രമാണ്. മറ്റുള്ളവയ്ക്ക് ക്ഷേത്രമെന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുന്നു എന്നേയുള്ളൂ.
No comments:
Post a Comment