കോഴികളേ, നിങ്ങൾക്കുമുണ്ട് ഒരു ക്ഷേത്രം, ഒരഭയകേന്ദ്രം. കേരളത്തിന്റെ തീന്മേശകളിൽ ഇന്ന് ഏറ്റവും കൂടുതൽ രക്തസാക്ഷികളാകുന്നത്, കോഴിവംശമാണെന്നിരിക്കെ, ഇതാ തൃശ്ശൂർജില്ലയിൽ, ഗായത്രിപ്പുഴ അരികുചേർന്നൊഴുകുന്ന പഴയന്നൂരിൽ പുരുഷകുക്കുടങ്ങളെ സ്നേഹാദരപൂർവ്വം സംരക്ഷിക്കുന്ന ഒരു പ്രശസ്ത ക്ഷേത്രപരിസരം.
ഇന്ന് നാട്ടിടവഴികളിൽക്കൂടി വൈകുന്നേരങ്ങളിൽ നടക്കുമ്പോൾ പോലും അഗ്നിയിൽ ഹോമിക്കപ്പെടുന്ന. പച്ചമാംസത്തിന്റെ തീഷ്ണതമോഗന്ധം
അസഹനീയം. കനലെരിയുന്ന ഒരു ശ്മശാനത്തിന്റെ മധ്യത്തിലൂടെ നടന്നുപോകുന്ന അനുഭവമാണ് അങ്ങാടികളിലൂടെയുള്ള സന്ധ്യാ നടത്തം.
പുതുതലമുറയുടെ ഈ കുക്കുടസേവ. ആർത്തി... ആവേശം.. അതിന്റെ ഉത്തുംഗ പാരമ്യത്തിൽ എത്തിനിൽക്കുന്ന
ഇക്കാലത്ത് അവയെ ജീവന്റെ ഈ സ്പന്ദനങ്ങളെ ഈശ്വരസാന്നിധ്യമായി സങ്കൽപ്പിച്ച്, സഹാനുഭൂതിയോടെ, ആദരവോടെ
പോറ്റി വളർത്തുന്ന അസാധാരണമായ ഒരു സഹജീവിസഹവാസമാണ് ഈ ക്ഷേത്രത്തിലെ വിസ്മയക്കാഴ്ച്ച.!
ചുറ്റമ്പലത്തിനകത്ത്തും, സോപാനസമീപത്തും ക്ഷേത്ര പരിസരമാകെത്തന്നെ ഭയലേശമന്യേ ഈ
അരുമപ്പക്ഷികൾ.,
ഈ അമ്പലവാസികൾ. ആഹ്ലാദിച്ചു നടക്കുന്നു.
കൊടുങ്ങല്ലൂരമ്മയുടെ സഹോദരീസങ്കല്പത്തിലുള്ള ഈ ക്ഷേത്രപരിസരത്തിൽ, ഭരണിപ്പാട്ട് നിരോധിതമാണ്.. കൊടുങ്ങല്ലൂരിൽ കോഴിഹത്യ ക്ഷേത്രാചാരമായിരുന്നെങ്കിൽ, ഇവിടെ ഈ കുക്കുടക്കൂട്ടങ്ങൾ പൂജനീയരാണ്.
അങ്ങിനെ ഏതു യുക്തിബോധത്തേയും തോൽപ്പിക്കുന്ന. ആത്മീയതയുടെ, ഉൽകൃഷ്ടവും ഉദാത്തവും ഉന്നതവുമായ ഈ ലോകോത്തര മാതൃക.!
ഈ അസാധാരണമായ നന്മ, കാരുണ്യം. അതെല്ലാം ലോകശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. മാധ്യമങ്ങൾ തിരിച്ചറിയേണ്ടതാണ്.! അനിമൽ പ്ലാനറ്റ് പോലുള്ള സാർവ്വദേശീയ ചാനലുകളിൽ വാർത്തയും കാഴ്ച്ചയുമായി, ജനങ്ങളിൽ എത്തിക്കേണ്ടതാണ്.
ഭക്തിയും പ്രകൃതിസ്നേഹവും സമന്വയിക്കുന്ന
അപൂർവ്വമായൊരിടം..
കോഴികളേ, നിങ്ങൾക്കുമുണ്ടൊരു അമ്പലം...!!!
കനവ് പെയ്യുന്ന സ്നേഹർദ്രമായൊരിടം..
കൊച്ചി രാജവംശത്തിലെ രാജാവ് മനക്ലേശം കാരണം കാശിക്ക് പോവുകയും അവിടെ പുരാണപുരി എന്ന സ്ഥലത്തെ ഭഗവതി ക്ഷേത്രത്തിൽ ഭജനമിരുന്നു ദേവിയെ പ്രസാദിപ്പിച്ചു കൂടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം എന്ന് ഐതീഹ്യങ്ങളിൽ പറയുന്നു. പുരാണപുരി മലയാളീകരിച്ച് പഴയന്നൂർ ആയതാണ് എന്നാണ് വിശ്വാസം. ദേവി ഒരു പൂവൻകോഴിയുടെ രൂപത്തിലാണത്രേ അവിടെ നിന്നും രാജാവിനോടൊപ്പം വന്നത്. അന്നിവിടെ പള്ളിപ്പുറത്ത് മഹാവിഷ്ണുക്ഷേത്രം മാത്രമാണുണ്ടായിരുന്നത്. ഒരു ബാലികയുടെ രൂപത്തിൽ തിടപ്പള്ളിയിൽ കയറി ഭഗവതി ഭക്ഷണം ചോദിച്ചു എന്നും പെട്ടെന്ന് ദേവി അപ്രത്യക്ഷയായി എന്നുമാണ് ഐതീഹ്യം. അതിനാൽ തിടപ്പള്ളിയോട് ചേർന്ന് പുറത്താണ് ദേവിയുടെ ശ്രീകോവില്‍. രാവിലെ 4.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 8 മണി വരെയും ക്ഷേത്രം തുറന്നിരിക്കും. മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്. അതിന് എട്ടു ദിവസം മുൻപ് കൊടിയേറ്റ്. ആ ദിവസങ്ങളിൽ കഞ്ഞിയും പുഴുക്കും ഭക്തർക്ക് നൽകുന്നു. എല്ലാ മാസവും തിരുവോണം നക്ഷത്രത്തിന് അന്നദാനം ഉണ്ട്.
മേടം മാസത്തില്‍ നാല് ദിവസം നങ്ങ്യാർകൂത്ത് പതിവുണ്ട്. കർക്കടകത്തിൽ രാമായണമാസാചരണം. ചിങ്ങത്തിൽ തിരുവോണത്തിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട്. കന്നിയിൽ നവരാത്രി ആഘോഷം. തുലാം അവസാന വെള്ളിയാഴ്ച നിറമാല ആഘോഷം. വൃശ്ചികത്തിൽ മണ്ഡലമാസാചരണം. കുംഭത്തിൽ മൂലം നക്ഷത്രത്തിൽ മൂലം ഊട്ട് (സദ്യ). യാഗം നടത്തുന്ന ബ്രാഹ്മണർക്ക് ദക്ഷിണ കൊടുത്തു ക്ഷേത്രം ഭാരവാഹികളും ഭക്തരും നമസ്കരിക്കുന്നു.
അന്നദാനം വഴിപാട് കഴിക്കുന്നത് വിശേഷമാണ്. ഇവിടത്തെ പ്രസാദ ഭക്ഷണം കഴിക്കുന്ന ഭക്തന്റെ സകല മനക്ലേശവും ഭഗവതി ഒഴിവാക്കി കൊടുക്കുന്നു. ഭഗവതി ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടുള്ള രൂപത്തിലാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ മഹാവിഷ്ണുവിനെ നരസിംഹ സങ്കൽപത്തിലാണ് പൂജിക്കുന്നത്. പ്രഹ്ലാദന് അനുഗ്രഹം കൊടുക്കുന്ന ശാന്തസ്വരൂപനാണ് ഭഗവാൻ. കുട്ടികൾ ഇല്ലാത്തവർ കുട്ടിയുണ്ടായാൽ തൊട്ടിലിൽ കുട്ടിയെ ഇവിടെ കൊണ്ടുവന്ന് കിടത്താം എന്ന് നേർന്നാൽ കുട്ടികൾ ഉണ്ടാകും എന്നാണ് വിശ്വാസം.
കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ തൃശൂർ ജില്ലയിൽ തൃശൂർ പാലക്കാട് ഹൈവേയിലാണ് പഴയന്നൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ ആൽത്തറയും കോഴിയുടെ പ്രതിമയും കാണാം. നൂറടി അകലെ ക്ഷേത്രഗോപുരവും കാണാം. കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും ഇവിടത്തെ പ്രധാന വഴിപാടാണ്. ധാരാളം പൂവൻകോഴികളെ ക്ഷേത്രപരിസരത്തും മതിലിനകത്തും കാണാം. ഇവിടെ കോഴിക്ക് അശുദ്ധിയില്ല. കൂകി തുടങ്ങും മുൻപ് കോഴിയെ സമർപ്പിക്കണം. ഒരു കോഴിയേയും വിൽക്കില്ല. എല്ലാത്തിനെയും വളർത്തുന്നു. കോഴിരൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും ഊട്ടുന്നതും ഇവിടെ മുഖ്യ വഴിപാടായി. കോഴി അമ്പലം എന്നും അറിയപ്പെടുന്ന ഇവിടേയും പരിസരത്തുമായി അഞ്ഞൂറോളം കോഴികൾ എപ്പോഴുമുണ്ടാവും.
ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവർ ഉപദേവതമാരാണ്. ക്ഷേത്രത്തിനു പുറത്ത് നാഗങ്ങളും ഉണ്ട്. ഈ ക്ഷേത്രത്തിൽ വരുന്നവർ ഇവിടെ അടുത്തുള്ള വേട്ടയ്ക്കാരൻ (ശിവ) ക്ഷേത്രത്തിലും കൂടി ദർശനം നടത്തിയാലേ ദർശനം പൂർത്തിയാകൂ എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മൂന്ന് ഭാഗത്തും കുളവുമുണ്ട്.
ഭഗവാന് പാൽ പന്തീരുനാഴി, ഭഗവതിക്ക് പന്തീരുനാഴി പായസം എന്നിവയും വിശേഷാൽ ചതുർശ്ശതം (200 നാളികേരം, 101കദളിപ്പഴം, 100 നാഴി അരി, 100 ഇടങ്ങഴി ശർക്കര, നെയ്യ് ചേർന്ന പായസം) വഴിപാടാണ്. ചതുർശ്ശതത്തിന്റെ എട്ടിലൊന്നാണ് പന്തീരുനാഴി പായസം.
ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഇവിടെ നിന്നും തീർഥം നൽകുന്ന പതിവ് പണ്ടുമുതലേ ഇല്ല. പഴയന്നൂർ ഭഗവതി കൊച്ചി രാജകുടുംബത്തിന്റെ പരദേവതയാണ്.
No comments:
Post a Comment