ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2024

എന്താണ് പ്രപഞ്ചം?

എന്താണ് പ്രപഞ്ചം?

എനിക്ക് നല്ല ഉറപ്പുണ്ട് അതിനുത്തരം, ഇന്ന് സാമാന്യ വിദ്യാഭാസം ലഭിച്ച ഏതൊരാളും നല്കുന്നത് ഇങ്ങനെയായിരിക്കും. "ഈ ഭൂമിയും സൌരയൂധവും അകാശഗംഗയെപ്പോലുള്ള കോടാനുകോടി ഗാലക്സികലും കോടാനുകോടി നക്ഷത്രക്കൂട്ടങ്ങളും ഉള്പ്പെടുന്ന, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന, ഈ എല്ലാം". ഏതാണ്ട് 8500 കോടി പ്രകാശവർഷം പരന്നു കിടക്കുന്നു, ഈ ദൃശ്യ പ്രപഞ്ചം (ഒരു സെക്കണ്ടിൽ 3,00,000 കി. മി സഞ്ചരിക്കുന്ന പ്രകാശം ഒരു വര്ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്ഷം).

യഥാർഥത്തിൽ പ്രപഞ്ചം എന്നാൽ ഇതുതന്നെയോ എന്ന് ഒന്നുകൂടെ ചോദിച്ചാൽ നമുക്ക് പറയേണ്ടിവരും, ഇത് സ്ഥൂല പ്രപഞ്ചത്തിന്റെ മാത്രം കാര്യമാണ്. ഇതുപോലെ തന്നെ അനന്തതയിലേക്ക് നീളുന്ന മറ്റൊരു സൂക്ഷ്മ പ്രപഞ്ചം കൂടി ചേർന്നാലേ ചിത്രം പൂര്ത്തിയാവൂ. ഇനിയും ചോദിക്കാം, അപ്പോൾ അതുതന്നെയാണോ യഥാര്ഥ പ്രപഞ്ചം? അതിനു നമുക്കുള്ള മറുപടി, ആയിരിക്കണമെന്നില്ല, ഒരുപക്ഷെ ആയിരിക്കില്ല. ഇന്ന് നാം അറിയുന്ന പ്രപഞ്ചം ഇതാണ് എന്ന് മാത്രമേ നമുക്ക് പറയാൻ കഴുയു. യഥാര്ഥ പ്രപഞ്ചം മറ്റെന്തോ ആവാം, അതായത് നാം പറയുന്ന, നമ്മുടെ ഈ പ്രപഞ്ചം, നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ കൂടെ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവുകളെ, നമ്മുടെതന്നെ ജ്ഞാനെന്ദ്രിയങ്ങടെ വിശകലനത്തിന് വിഷയമാക്കി, നമുക്ക് സ്വീകാര്യമായ തെളിവുകളുടെ അടിസ്താനത്തിൽ ഉണ്ടാക്കുന്ന ഒരു രൂപലേഖ മാത്രമാണു ഇപ്പറഞ്ഞ പ്രപഞ്ചം. അത് യാധാർത്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് നമുക്ക് അറിയില്ല. 

എന്തായാലും ഒരു കാര്യം സത്യമാണ്. ഏതൊരു സമൂഹത്തിനും, അവരുടെതായ ഒരു പ്രപഞ്ചം ഉണ്ട്. സൂര്യന്റെ ഉദയാസ്തനങ്ങളും, ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളും, നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയും, മാനും മരഞ്ചാടിയും, പുഴകളും പൂക്കളും, കടലും മലയും, നമ്മുടെ ദുഖവും സന്തോഷവും എല്ലാം അടുക്കി ക്രമീകരിക്കുന്ന ഒരു പ്രപഞ്ചം എല്ലാവര്ക്കും ഉണ്ട്. എത്ര അപരിഷ്ക്രുതമാണെങ്കിലും, എവിടെ ഒരു സമൂഹം ഉണ്ടോ അവിടെ ഒരു പ്രപഞ്ചം ഉണ്ട്, അതുപോലെ തന്നെ മറിച്ചും, എവിടെ ഒരു പ്രപഞ്ചം ഉണ്ടോ അവിടെ ഒരു സമൂഹവും കാണും. രണ്ടും ഒരുമിച്ചു മാത്രമേ നിലനില്ക്കു.

ഈ പ്രസ്താവന അല്പ്പം കടന്നതായിപ്പോയി എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് തോന്നാം, കാരണം ഇന്നത്തെ നമ്മുടെ അറിവ് അനുസരിച്ച് ഇതാണ് 1400 കോടി കൊല്ലങ്ങല്ക്കുമുന്പു ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ (ബിഗ്‌ ബാങ്ങ്) ഉണ്ടായതാണ് ഈ പ്രപഞ്ചം. അപ്പോൾ ഏതാനും ലക്ഷം വര്ഷം മാത്രം പഴക്കമുള്ള, മനുഷ്യ സമൂഹം ഇത്തരം ഒരു അവകാശവാദം മുന്നോട്ടു വൈക്കുന്നത് തീര്ത്തും അനുചിതമല്ലേ?

ഈ പ്രപഞ്ചൊൽപ്പത്തി മുതൽ നാം വരെയുള്ള വികാസ പരിണാമങ്ങളുടെ ചരിത്രം, നമ്മുടെ ഒരു വര്ഷത്തെ ഒരു ചരിത്രമായി ചുരുക്കി ഒന്ന് സങ്കൽപ്പിച്ചാൽ എങ്ങനെയിരിക്കും? സുപ്രസിദ്ധ ശാസ്ത്രഞ്ഞനായ കാൾ സാഗൻ അങ്ങനെ ഒരു ചിത്രം ഉണ്ടാക്കിയിട്ടുണ്ട്.      

ഏതാണ്ട് 1400 കോടി കൊല്ലം നീളുന്ന ഈ ചരിത്രം നാം എടുക്കുമ്പോൾ, അതിലെ ഓരോ നിമിഷവും നമ്മുടെ 500 കൊല്ലങ്ങൾ ആണ്. ഓരോ മാസവും 115 കോടി കൊല്ലങ്ങളും.

ജനുവരി ഒന്നിന് ബിഗ്‌ ബാങ്ങ് ഉണ്ടാവുന്നു

മെയ്‌ മാസത്തിൽ നമ്മുടെ ഗാലക്സിയായ ക്ഷീര പഥം ഉണ്ടാവുന്നു

സെപ്റ്റംബർ മാസത്തിൽ സൂര്യനും അതിന്റെ ഗ്രഹങ്ങൾ എല്ലാം ഉണ്ടാവുന്നു

ഭൂമിയിൽ ജീവൻ ഉണ്ടാവുന്നത് ഒക്റ്റോബർ മാസത്തിലാണ്

ഡിസംബർ 31, രാത്രി 10:30-നു ആദ്യത്തെ മനുഷ്യൻ ഉണ്ടാവുന്നു

രാത്രി 11:46 നു മനുഷ്യൻ തീയ് കണ്ടുപിടിക്കുന്നു

രാത്രി 11:59 കഴിഞ്ഞ് 20 സെക്കണ്ട് ആവുമ്പോൾ നാം മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങുന്നു  

രാത്രി 11:59 കഴിഞ്ഞ് 35 സെക്കണ്ട് കഴിയുമ്പോൾ നാം കൃഷി കണ്ടുപിടിക്കുന്നു

ഡിസംബർ 31-ലെ അവസാനത്തെ പത്ത് സെക്കണ്ടാണ് നമ്മുടെ, അതായത് മനുഷ്യന്റെ, അറിയപ്പെടുന്ന ചരിത്രം.

പക്ഷെ മറക്കാതിരിക്കുക, ഇത് നാം ഉണ്ടാക്കിയ ചരിത്രമാണ്. ഒരു 500 കൊല്ലം മുൻപ് ജീവിച്ചിരുന്ന മനുഷ്യന് ഒരിക്കലും ഈ ചിത്രം ഉണ്ടായിരുന്നില്ല. ഇത് നമ്മുടെ മാത്രം യാതാർത്യമാണു.

ബി സി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ പ്രതിഭ ആയിരുന്ന അരിസ്റൊട്ടിലിനോട് എന്താണ് പ്രപഞ്ചം എന്ന ചോദ്യം ചോദിച്ചാൽ എന്ത് പറയുമായിരുന്നു എന്ന് അറിയുമോ? രണ്ടു ഗോളങ്ങൾ, അതിൽ ഉള്ളിലെ ഗോളം, നിശ്ചലയായി നിക്കുന്ന ഭൂമി, അതിനു ചുറ്റും ഉള്ള വലിയ ഗോളത്തിന്റെ ഉള്ഭാഗം നക്ഷത്ത്രങ്ങൾ പതിച്ചിരിക്കുന്നു. ആ ഗോളം ദിവസവും ഭൂമിയെ ചുറ്റുന്നു. അതിനു തൊട്ടു താഴെ ഗ്രഹങ്ങൾ അവയുടെ സ്വന്തം പഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഇതാണ് ഈ പ്രപഞ്ചം.

എന്തുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത്? അറിസ്റൊട്ടിലിനെ സംബന്ധിചെടത്തോളം അത് യാധാര്ത്യമായിരുന്നില്ലേ? അതുപോലെ നമ്മളെ സംബന്ധിച്ചേടത്തോളം ഇത് യാധാര്ത്യമല്ലേ? പക്ഷെ ഈ രണ്ടു യാധാര്ത്യങ്ങളും ഇത്രമാത്രം വ്യത്യാസമായിരിക്കാൻ കാരണം എന്ത്? ഇവിടെയാണ്‌, നാം മനുഷ്യർ, കാര്യങ്ങൾ ഗ്രഹിക്കുന്നത് എങ്ങനെ എന്ന് അറിയേണ്ടത്. അതാതു കാലത്ത് ലഭ്യമായ തെളിവിന്റെയും ദൃഷ്ട്ടാന്തങ്ങളുടെയും അടിസ്ഥാനത്തിൽ നാം നിര്മിക്കുന്ന ഒരു ചിത്രത്തിലൂടെ, ഒരു മൊഡലിലൂടെ (Model) ആണ് നാം കാര്യങ്ങൾ മനസ്സിലാക്കുന്നത്.

സാമാന്യ ബുദ്ധി പറയുന്നത്, കഴിഞ്ഞു പോയ എല്ലാ പ്രപഞ്ച സങ്കല്പ്പങ്ങളും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ തെറ്റായ സങ്കല്പങ്ങൾ ആയിരുന്നു എന്നായിരിക്കും. എന്നാൽ അല്പ്പം ഒന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാവും, നാം ഇന്ന് ഉറച്ചു വിശ്വസിക്കുന്നതുപോലെ, അവരും അവരുടെ കാലത്തെ പ്രപഞ്ച സങ്കല്പ്പത്തെ ശരിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന്. അതിനർഥം ഒരു നൂറ്റാണ്ടു കഴിയുമ്പോൾ, ഒരു പക്ഷെ, ഇന്നത്തെ രൂപമായിരിക്കുകയില്ല അന്നത്തെ പ്രപഞ്ചത്തിനു എന്ന് തന്നെയാണ്.

പക്ഷെ ഇന്ന്‌ പ്രപഞ്ചത്തെപ്പറ്റി നാം പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, മറിച്ചു നാം നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്‌. ബ്രഹ്മത്തിന്റെ വ്യാവഹാരിക സത്തയാണ് നാം ഈ പറയുന്ന പ്രപഞ്ചം, ഇതിനപ്പുറം ഒരു പാരമാര്ധിക സത്തയുണ്ടായിരിക്കണം, അതാണു വേദാന്തം പറയുന്നത്, ഭഗവത് ഗീതയിൽ പറഞ്ഞ പരാപ്രകൃതിയും അപരാപ്രക്രുതിയും.  

ശാസ്ത്രഞ്ഞനും എഴുത്തുകാരനുമായ ആർതർ എഡിങ്ങ്ടൻ ഒരിക്കൽ പറയുകയുണ്ടായി "അനന്തയുടെ തീരങ്ങളിൽ നാം അപരിചിതവും അജ്ഞാതവുമായ ചില അടയാളങ്ങൾ കണ്ടു. അതിന്റെ ഉല്പ്പത്തി അറിയുന്നതിന് നാം ഒന്നിന് പിറകെ ഒന്നായി വലിയ വലിയ തിയറികൾ നിർമിച്ചു. അവസാനം ആ അടയാളങ്ങളുടെ ഉത്ഭവകേന്ദ്രം നാം കണ്ടെത്തുക തന്നെ ചെയ്തു, അത്ഭുതം, അത് നമ്മുടെ സ്വന്തം തന്നെയായിരുന്നു. മനസ്സ് പ്രകൃതിയിലേക്ക് വിക്ഷേപിച്ചത്തിനെതന്നെ അവിടെനിന്നും തിരിച്ചെടുക്കുക ആയിരുന്നു നാം.” പ്രകൃതിയെ ക്കുറിച്ചുള്ള നമ്മുടെ അറിവ്, നമ്മുടെ തന്നെ മനസ്സ് സ്രുഷ്ട്ടിക്കുന്നതാണെന്നു ആലങ്കാരികമായി പറയുകയായിരുന്നു എഡിങ്ങ്ടൻ. 

അതുപോലെതന്നെ ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഓരോ സമൂഹവും ഓരോരോ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതാണ്ട് മൂവായിരത്തിൽ കൂടുതൽ കൊല്ലങ്ങൾക്ക് മുൻപ് ഭാരതത്തിലെ സത്യാന്വേഷികൾ പ്രപഞ്ച ഉത്ഭവത്തിനും മുൻപ് എന്തായിരുന്നു എന്നാണ് ചോദിച്ചത്. ഭാരതീയ ദർശനങ്ങലെക്കുറിച്ചു പഠിച്ച പണ്ഡിതന്മാരെ എല്ലാം അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണു ഋഗ് വേദം പത്താം മണ്ഡലത്തിലെ സൃഷ്ട്ടിഗീതം അഥവാ അസ്യവാമീയസൂക്ത്തം. ഇത് പിന്നീട് മുൻഡകൊപനിഷത്തിലും ആവര്ത്തിച്ചിട്ടുണ്ട്. 

നാസദാസീന്നൊ സദാസീത്തദാനീം
നാസീദ്രജോ നോവ്യോമാപരോ യത്
കിമാ വരീവ: കുഹു കസ്യശർമ്മൻ
അംഭ: കിമാസീദു ഗഹനം ഗംഭീരം

എന്ന് തുടങ്ങുന്ന ഏഴു സൂക്തങ്ങൾ. സൃഷ്ടി ക്രിയയുടെ ആദ്യബിന്ദു എന്തായിരുന്നു എന്നാണു ഈ പ്രസ്താവന.

“അപ്പോൾ (സൃഷ്ട്ടിക്കു മുൻപ്) അസത്തുണ്ടായിരുന്നില്ല, സത്തും ഉണ്ടായിരുന്നില്ല. അതിനപ്പുറത്ത് വായുവും വ്യോമവും ഉണ്ടായിരുന്നില്ല. മൂടിനിന്നിരുന്നത് എന്തായിരുന്നു? എവിടെ? ആരുടെ സംരക്ഷണത്തിൽ? അഗാധവും ഗംഭീരവുമായ ജലപ്പരപ്പായിരുന്നുവോ അത്?”

“മൃത്യുവും അമരത്വവും ഉണ്ടായിരുന്നില്ല. രാത്രിയെയോ പകലിനെയോ അറിവുണ്ടായിരുന്നില്ല. ഏകമായ അത് സ്വശക്ക്തികൊണ്ട് സൃഷ്ട്ടിച്ചു. അതല്ലാതെ അതിനപ്പുറത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല. “

“ഇരുട്ടുമാത്രം ഉണ്ടായിരുന്നു. ഇരുട്ടുകൊണ്ട് മൂടിയ ഇരുട്ട്. ഒന്നും വേർതിരിച്ചു അറിയില്ല. തപനത്തിന്റെ മഹിമകൊണ്ട് ആ ഒന്ന് ഉണ്ടായി.”

അങ്ങനെ പുരോഗമിച്ച്‌ ചോദിക്കുന്നു

 "ആരറിഞ്ഞു ഈ സൃഷ്ട്ടി ഉണ്ടായത് എവിടെന്നാണെന്ന്? അതെപ്പറ്റി ആര്ക്ക് പറയാൻ കഴിയും? ദേവന്മാർ പോലും അതിനു ശേഷം പിറന്നവർ ആണ്. അതുകൊണ്ട് സ്ര്ഷ്ട്ടിയെ ആര്ക്കറിയാം?"

സൂക്ത്തം അവസാനിപ്പിക്കുന്നത് ചെറിയൊരു ഹാസ്യത്തിലൂടെയാണ്.

“ഇയം വിസ്യഷ്ട്ടിര്യത ആബഭുവ
യതി വാ ദധെ യദി വാന
യോ സ്യാധ്യക്ഷ: പരമേ വ്യോമൻ
സൊ അംഗ വേദ യദി വാ ന വേദ”

“അദ്ദേഹം ഇതിനെ സൃഷ്ട്ടിചാലും ഇല്ലെങ്കിലും ഈ സൃഷ്ട്ടി ആരില്നിന്നുണ്ടായോ, പരമമായ ആ അധ്യക്ഷന് ഇതേക്കുറിച്ച് അറിയുമായിരിക്കും, ചിലപ്പോൾ അയാള്ക്കും അറിയില്ലായിരിക്കും”.

ലോകചരിത്രത്തിലെ ആദ്യത്തെ ദാര്ശിനിക സന്നേഹത്തിന്റെ രൂപ രേഖയാണിത്. ചിന്തയുടെ വികാസത്തിന്റെ പരമോന്നതമായ അവസ്ഥ.  

വായുവും, വ്യോമവും, ഇരുട്ടും, വെളിച്ചവും ഒന്നുമില്ലാത്ത ഒരു ഇല്ലായ്മയിൽ നിന്ന് അതിന്റെ സ്വശക്ക്ത്തികൊണ്ട്, അത് ഉണ്ടായി. ഇതാണു ഋഗ് വേദ കവികൾ ദർശിച്ച സത്യം. നിരവധി സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും അവിടെനിന്നും നാം വളരെ ഒന്നും മുന്നോട്ടു പോയിട്ടില്ല എന്ന് പറയുന്നതിൽ വലിയ അതിശയോക്ക്ത്തി ഒന്നും ഇല്ല തന്നെ.   

സ്റ്റീഫൻ ഹവ്കിംഗ് തന്റെ “ദി ഗ്രാൻഡ്‌ ഡിസൈൻ” എന്ന ബുക്ക്‌ ഉപസംഹരിക്കുന്നത്‌ എങ്ങനെയെന്നു കാണുക.

“ഗ്രാവിറ്റി യുടെ ഏതോ നിയമങ്ങളാൽ ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും സ്വയം സൃഷ്ടിച്ചു. നൈസര്ഗീയമായ ആ സ്വയം സൃഷ്ടി മൂലമാണ് നാമും ഈ പ്രപഞ്ചവും ഇവിടെ നിലനില്ക്കുന്നത്. ഇവിടെ, നീലവെളിച്ചം വീശി, ഈ പ്രപഞ്ചത്തിനു ആദ്യചലനം നല്കാൻ ദൈവത്തിന്റെ ഒരു ആവശ്യവും ഞാൻ കാണുന്നില്ല.“

No comments:

Post a Comment