ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2024

തച്ചോളി ഒതേനൻ

തച്ചോളി ഒതേനൻ

തച്ചോളിമേപ്പേലേ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ...
ലോകനാർക്കാവിലെ അമ്മയാണേ
മുങ്ങി കുളിക്കാൻ കുളവും കണ്ട് ..
അരയാൽ തറ മേല് ഇരുന്നു അമ്മ
തച്ചോളിലുണ്ടൊരു പെണ്ണുംപ്പിള്ള...
ഒതേനന് ആറേഴു മാസല്ലള്ളു...
ഓള് കുളിക്കാൻ വരുന്നേരത്ത്...
അമ്മോട് ഇങ്ങനെ ചോദിച്ചല്ലോ
തന്നയിരിക്കുന്നതെന്തിന്നമ്മേ ..
ദാഹിച്ചീട്ടാണെന്ന് ചൊല്ലിയമ്മ '
കുഞ്ഞനൊരുത്തേലും വയ്പ്പാനില്ല..
കുഞ്ഞനെ ഈ തറ മേല് വയ്ക്കങ്കടോ..
കുഞ്ഞി വന്ന് പാല് കൊടുത്തമ്മയ്ക്ക്...
അന്നേരം അമ്മ പറഞ്ഞോളോടൊന്ന്...
എന്നെ നീ തറ മേല് വിട്ടിട്ടാണോ ...
ചീന്തോല കൊണ്ടന്ന് കെട്യ വള്
അപ്പോൾ പറയുന്നു കാവിലമ്മ
'നീ കെട്ടിയ പന്തലിൽ ഇരിക്കൂലാന്ന്..
നിൻ്റെ മോൻ അങ്ങനെ കെട്ടണന്ന് ..
ഒതേനൻ്റെ കൈയും പിടിച്ചിട്ടാണേ
ഓലോണ്ട് പന്തല് കെട്ടോണ്ടല്ലോ..
' മൂന്നോളം കൊല്ലങ്ങൾ കാവിലമ്മ
ചീന്തോല പന്തലിൽ ഇരുന്നങ്ങനെ ..
ഒതേനന് അഞ്ച് വയസായാവേ..
ഓലകൊണ്ട് അമ്പലം കെട്ടിണച്ചു..
ഒതേനന് ഒൻപത് വയസായാവേ..
ഓലപ്പുര നീക്കി ഓടിടിച്ചു..
ഒതേനന്പതിന്നാല് വയസായാവേ..
ഇന്നത്തെ ചെമ്പും ച്ചോട്ടിൽ ഇരുന്നീടുന്നു ..
അങ്ങനെ വളർന്നൊരു കുഞ്ഞതേനൻ...
തച്ചോളി മാണിക്കോത്ത് തറവാട്ടിന്ന് ...
ഓണം തിരുവോണം നാളായീട്ട്
ചമയങ്ങളൊക്കെ ചമഞ്ഞിറിങ്ങി...

പതിനാറാം നൂറ്റാണ്ടിൽ വടകരയിലെ കടത്തനാട്ടിലാണ് ഒതേനൻ ജീവിച്ചിരുന്നത്, യഥാർത്ഥ പേര് തച്ചോളി ഒതേനൻ നായനാർ, (കളരി അഭ്യാസികൾക്ക് കുറുപ്പ് എന്ന സ്ഥാനപേരുള്ളതു കൊണ്ട് ഒതേനക്കുറുപ്പ് എന്ന പേരിലും അറിയപ്പെടുന്നു), 
തച്ചോളി മേപ്പയിൽ മാണിക്കോത്ത് തറവാട്ടിലെ ഉപ്പാട്ടിയമ്മയെ പുതുപ്പണം ദേശവാഴി ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തുമൂപ്പിൽ വാഴുന്നോർ: AD 1584 ) സംബന്ധം കഴിച്ചു, 
ഈ ബന്ധത്തിൽ കോമക്കുറുപ്പുംഒതേനനും ഉണിച്ചാറ എന്ന മകളും ഉണ്ടായി, ദേശവാഴിയുടെ മകനായിട്ടും ദാരിദ്രത്തിലായിരന്നു ഒതേനൻ്റെ കുട്ടിക്കാലം, ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകര വാഴുന്നോർ വല്യ ശ്രദ്ധയൊന്നും കാട്ടിയില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലുവിറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത്,
കേരളത്തിൻ്റെ പുരാതന ആയോധനകലയായ കളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ ഒതേനൻ അഭ്യസിച്ചു തുടങ്ങി, ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു, 
അങ്ങനെ കഴിവു കൊണ്ടും സാമർത്യം കൊണ്ടും കടത്തനാട്ട് രാജാവിൻ്റെ പടത്തലവനായി തച്ചോളി ഒതേനൻ, " ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വടക്കൻപാട്ടിൽ വാഴ്ത്തുന്നു"
ശക്തനായ കോഴിക്കോട് സാമൂതിരി രാജാവ് പ്പോലും തച്ചോളി ഒതേനനെ ബഹുമാനിച്ചിരുന്നു,

കടത്തനാട്ട് രാജാവിൻ്റെ മകൾ കുഞ്ഞികന്നിയോട് ഒതേനന് ഇഷ്ടമുണ്ടായിരുന്നു, 
എന്നാൽ കാവിൽചാത്തോത്ത് തറവാട്ടിലെ കുഞ്ഞികുങ്കിയെ ആളറിയാതെ ആക്ഷേപിച്ച് കളിയാക്കിയതിൽ ഒതേനന്' മന:പ്രയാസവും ദു:ഖവും ഉണ്ടായി, പ്രായശ്ചിത്തമായി കുങ്കിയെ ഒതേനൻ വിവാഹം കഴിക്കുന്നു, എന്നാൽ കുങ്കിയെ സംബന്ധം ആലോചിച്ചിരുന്ന പരുന്തുങ്കൽ എമ്മൻകിടാവ് പണിക്കർക്ക് ഇത് അറിഞ് ഒതേനനോട് കടുത്ത പക തോന്നുന്നു, കുങ്കിയിൽ ഒതേനന് അമ്പാടി എന്ന മകൻ ജനിച്ചു;

കടത്തനാട്ട് രാജകുമാരി കുഞ്ഞികന്നിയെ പൊന്നാപുരം കോട്ട കേളുക്കുറുപ്പ് തട്ടിക്കൊണ്ടു പോകുന്നു, ഒതേനൻ കടത്തനാട്ടു പടയുമായി ചെന്ന് പൊന്നാപുരം കോട്ടപിടിച്ചടക്കി, 
കേളു മൂപ്പനെ വധിച്ച് രാജകുമാരിയെ രക്ഷിച്ചു,

പയ്യനാടൻ ചിണ്ടൻ നമ്പ്യാർ, പുറമാല നമ്പിക്കുറുപ്പ് ,
പുന്നോറൻ കേളപ്പൻ എന്നീ വീരയോദ്ധാക്കളെയും ഒതേനൻ പടക്കളത്തിൽ വധിച്ചിട്ടുണ്ട്, മുപ്പത്തിരണ്ട് വയസിനുളളിൽ അറുപത്തിനാല് അങ്കം ജയിച്ച വീരനായകനായിരുന്നു തച്ചോളി ഒതേനൻ.

ഒതേനൻ്റെ വളർച്ചയിൽ കതിരൂർ ഗുരുക്കൾക്ക് കടുത്ത അസൂയയായിരുന്നു, അങ്ങനെയിരിക്കെ ലോകനാർകാവിലെ ഉത്സവത്തിൻ്റെ അന്ന് ഗുരുക്കളും ഒതേനനും തമ്മിൾ ചെറിയ വാഗ്വാദം ഉണ്ടാകുന്നു, അഹങ്കാരിയായ കതിരൂർ ഗുരുക്കൾ കടത്തനാടിനോട് അങ്കം കുറിക്കുന്നു, കതിരൂർദേശവും കടത്തനാടും തമ്മിൽ പൊന്നിയംപാടത്ത് വെച്ചാണ് അങ്കം നടന്നത്, പൊന്നിയത്തങ്കത്തിൽ വെച്ച് കടത്തനാട്ട് പടത്തലവൻ തച്ചോളി ഒതേനൻ പൂഴിക്കടകൻ പ്രയോഗിച്ച് ഗുരുക്കളെ വധിക്കുന്നു, കടത്തനാട് അങ്കം ജയിച്ചു.
പട ജയിച്ച് ആർപ്പുവിളികളുമായി തിരിച്ച് വരുമ്പോൾ താൻ പടക്കളത്തിൽ കഠാര വെച്ച് മറന്നതായി ഒതേനൻ പറഞ്ഞപ്പോൾ 'പടക്കളത്തിലേക്ക് തിരിച്ച് പോകുന്നത് നല്ലതല്ല എന്നും പോകരുത് എന്നും ഏട്ടൻ കോമക്കുറുപ്പ് പറഞ്ഞു,
പട ജയിച്ചവൻ പടക്കളത്തിൽ കഠാര മറന്നു വെച്ചു എന്ന് കേൾക്കുന്നത് നാണകേടാണെന്ന് പറഞ്ഞ് ഒതേനൻ തിരിക്കുന്നു.

പൊന്നിയത്ത് ഒതേനൻ്റെ കഠാര കാണാനിടയായ എമ്മൻ പണിക്കർ 'അഭിമാനിയായ ഒതേനൻ കഠാര എടുക്കാൻതിരിച്ച് വരുമെന്നും അപ്പോൾ ചതിയിൽ വീഴ്ത്താമെന്നും കരുതി കൊള്ളക്കാരനായ മായൻകുട്ടി മുസലിയാരെ ഏർപ്പാടാക്കുന്നു,
പടക്കളത്തിൽ എത്തി കഠാരയെടുത്ത് മടങ്ങാൻ നേരം മറയത്തു നിന്ന മായൻകുട്ടി ഒതേനനെ നാടൻ തോക്കു കൊണ്ട് മാറിൽ വെടിവെച്ചു, അപ്പോൾ തന്നെ തിരിഞ്ഞ് ചതിയൻ മായിൻകുട്ടിയെ കത്തിയെറിഞ്ഞ് ഒതേനൻ വധിച്ചു,

തച്ചോളി തറവാട്ടിലേക്ക് പോകാൻ പല്ലക്ക് ഏർപാടാക്കിയെങ്കിലും ഒതേനൻ അതിൽ കയറിയില്ല.
"എൻ്റെ കടത്തനാട് രാജ്യത്തിൻ്റെ മണ്ണിലൂടെനടക്കണം, കടത്തനാട്ടിലെ വീര്യം വിളഞ്ഞ മണ്ണ് ... 
വീരയോദ്ധാക്കളുടെ രക്തം വീണ മണ്ണ് ... 
എൻ്റെ ലോകനാർകാവിലമ്മ കുടികൊള്ളുന്ന മണ്ണ്.''
പാതി വഴിയിൽ വെച്ച് വിശ്രമിക്കാൻ ഇരുന്നപ്പോൾ ഒരു പിടി മണ്ണുവാരിനെഞ്ചോടു ചേർത്തു പിടിച്ചു ഒതേനൻ,
സന്തതസഹജാരിയായ കണ്ടാച്ചേരി ചാപ്പനും ആത്മമിത്രമായ പയ്യംവെള്ളി ചന്തുവും കൂടി താങ്ങി പിടിച്ച് ഒതേനനെ തച്ചോളി കോലായിൽ കിടത്തി, എല്ലാവരെയും പേരെടുത്ത് വിളിച്ച് ഒതേനൻ സംസാരിച്ചു, അമ്പാടി മോന് തൻ്റെ കഠാര നല്കി അനുഗ്രഹിച്ചു, ഒടുവിൽ നേർപെങ്ങൽ ഉണിച്ചാറയോട് "പെങ്ങളെ ഏട്ടന് ദാഹിക്കുന്നു 'ഉണിച്ചാറ വേഗം പാല് കൊണ്ടുവന്നു ഒരു തുള്ളി വായിൽ ഒഴിച്ച് കൊടുത്തു, രണ്ടാമതും ഒഴിച്ചപ്പോൾ വളരെ ശ്രമപ്പെട്ട് കുടിച്ചു, മൂന്നാമത് ഒഴിക്കും മുമ്പേ '
"എൻ്റെ ലോകനാർക്കാവിലമ്മേ ...." എന്ന് അവസാനമായി ഉച്ചരിച്ചു കൊണ്ട് വീരൻ കണ്ണടച്ചു ....!

തച്ചോളി മേപ്പേലെ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ..


 

No comments:

Post a Comment