തങ്ങളുടെ ധർമ്മ ദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മ ദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മൂലകുടുംബത്തിൽ നിന്നും വേർപെട്ട് വിദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും മാറി താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ...
കുടുംബദേവതകൾ, ഗ്രാമദേവതകൾ, ദേശദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീമാഹാത്മ്യം10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ
മമാ പരാ'
ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.
അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലക്ഷ്മിയായും, കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണുവായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യലീലാമയിയെ, അന്യദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോദയമായ, മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ ജനനമരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമുയർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാപരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം, ഇത് പലർക്കും സംശയമാണ്.. അങ്ങനെയുള്ള സന്ദർഭത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകലദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്.. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ, ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.
ഒന്നാമത് പരദേവതയെടുക്കാം.
'പര' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്, ദേവതയെന്ന വാക്ക്'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ'പര' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ് അതായത് ശബ്ദത്തിന്4 അവസ്ഥകളുണ്ട്, പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ.
ലളിതാസഹസ്രനാമത്തിൽ366, 368, 370, 371 എന്നീ നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്. ശബ്ദബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ.. ഇതിന്റെ ഉൽപ്പത്തി സൂഷ്മശരീരത്തിലെ ആധാരചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്, ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീശക്തി കുടികൊള്ളുന്നത്.
ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്, മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു. ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു. ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു. ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന 514-ാം നാമവും വ്യക്തമാക്കുന്നത്. കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്. ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്.
യജുർവേദഭാഷ്യകാരനായ മഹീധരന്റെ'മന്ത്രമഹോദധി'യെന്ന തന്ത്രഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക.
"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത:"
അർത്ഥം:
ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും
പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു.
ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി. കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതായെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്.
No comments:
Post a Comment