ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2024

കാട്ടാളന്റെ ഭാര്യ

കാട്ടാളന്റെ ഭാര്യ

രാമായണത്തിന്റെ താളുകളില്‍ മുഖം തരാത്ത ഒരു സ്ത്രീകഥാപാത്രമുണ്ട്-

വാല്മീകിയുടെ പൂര്‍വാശ്രമത്തിലെ രത്‌നാകരനെന്ന കാട്ടാളന്റെ ഭാര്യ. വാല്മീകിയുടെ വാങ്മയത്തിലൂടെ മാത്രം നമ്മളറിയുന്ന ഒരു സ്ത്രീ സാന്നിദ്ധ്യമാണ്, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ആ കാട്ടാളത്തി.

നിരക്ഷരയായ ഒരു വെറും വീട്ടമ്മ. ശബരിപോലും മഹര്‍ഷിമാരുടെ പാദസേവയുടെ സംസ്‌ക്കാര സൗഖ്യം അനുഭവിച്ചപ്പോള്‍, കാടകങ്ങളിലെ കുടിലുകളിലിരുന്ന് കാട്ടുകള്ളനായ ഭര്‍ത്താവിനും കുട്ടികള്‍ക്കും വെച്ചുവിളമ്പി ജീവിതം നയിച്ചവളാണ് ഈ അമ്മ.

പക്ഷേ, അവളുടെ സവിശേഷമായ സര്‍ഗശക്തി പുറത്തുവന്ന ഒരു മുഹൂര്‍ത്തമുണ്ടായി.

പിടിച്ചുപറിക്കു ശ്രമിച്ച രത്‌നാകരനോട് മഹര്‍ഷിമാര്‍ ആരായുകയാണ്; ”നിന്റെ പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും കുട്ടികളും ഏറ്റെടുക്കുമോ?”

താപസരുടെ ചോദ്യത്തിന് മുന്നില്‍ പതറിയ രത്‌നാകരന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ; സ്വന്തം ഭാര്യയോട് നേരിട്ടു ചോദിക്കുക തന്നെ. പക്ഷേ, ചോദ്യവുമായി ഭാര്യയെ അഭിമുഖീകരിച്ച ആ കാട്ടാളന് കിട്ടിയ മറുപടി അവന്റെ ജീവിതത്തെത്തന്നെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു.

 എട്ടുംപൊട്ടും തിരിയാത്ത ആ ഭാര്യ ഭാരതത്തിന്റെ മഹത്തായ ഒരു സിദ്ധാന്തമാണ് അവാങ്മുഖിയാകാതെ അവതരിപ്പിച്ചത്. നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന്‍ ഭുജിക്കുമോ?

താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!”

കര്‍മഫല സിദ്ധാന്തത്തിന്റെ ഐതിഹാസികമായ ഒരു പ്രഖ്യാപനമായി മാറുകയാണ് അവളുടെ വാക്കുകള്‍.

വിസ്മയഭരിതനായ കാട്ടാളന്‍ മഹര്‍ഷിമാരെ വീണ്ടും സമീപിക്കുകയും ‘രാമ’മന്ത്രം സ്വീകരിച്ച് തപസ്സു ചെയ്യുകയും ചെയ്തത് പിന്നീടുള്ള കഥ.

അങ്ങനെ തപസ്സിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടിയ രത്‌നാകരന്‍, ‘അഹം ബ്രഹ്മാസ്മി’യുടെ പൊരുളറിഞ്ഞവനായി.

ശരീരബോധത്തിന്റെ മണ്‍പുറ്റ് തട്ടിയകറ്റിക്കൊണ്ട് ആത്മബോധത്തിന്റെ ഋഷിഭാവത്തിലെത്തിയപ്പോള്‍ രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹര്‍ഷിയായി മാറി.

സ്വന്തം ഭര്‍ത്താവിനെ അധര്‍മത്തിന്റെ പാപത്തറയില്‍നിന്ന് ധര്‍മബോധത്തിന്റെ ദിവ്യാചലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഭാര്യ അവിടെ ധര്‍മപത്‌നിയെന്ന പദത്തിനര്‍ഹയായി.

ഒരേ ജീവിതത്തില്‍ തന്നെ, കാട്ടാളജന്മത്തില്‍നിന്ന് മഹര്‍ഷിയുടെ രണ്ടാം ജന്മത്തിലേക്ക് ഭര്‍ത്താവിന് പിറവി നല്‍കിയ ആ ധര്‍മപത്‌നി, അവിടെ ഭാര്യയും അമ്മയുമായി മാറുകയാണ്.

ധര്‍മരക്ഷകയുടെ രൂപത്തിലേക്ക് മാറുന്ന ആ ഭാര്യതന്നെയാണ് സമൂഹത്തിന്റെ ധര്‍മചാലകനാകാന്‍ വാല്മീകിയെ പ്രേരിപ്പിച്ചതും

 അസാധാരണത്വത്തിലേക്ക് കണ്‍തുറന്ന വാല്മീകി, ആദ്യം ശ്രദ്ധിച്ചതും ഒരു കുടുംബദുരന്തത്തെത്തന്നെയാണ്.

 ഇണക്കിളികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയ കാടത്തം, ഹിംസയുടെ ക്രൂരത, വാല്മീകിയുടെ മുന്നില്‍ വെളിപ്പെടുത്തി.

ഇണകളുടെ വേര്‍പാടിന്റെ വേദനയും ആ കവിമനസ്സനുഭവിച്ചു. ഭാര്യ പകര്‍ന്ന ധര്‍മബോധത്തിന്റെ കണ്ണടയിലൂടെ വേടസാന്നിദ്ധ്യത്തിന്റെ ക്രൂരത കണ്ടപ്പോള്‍ ആ കാട്ടാളത്തിനെതിരെ കൈവിരല്‍ ചൂണ്ടിക്കൊണ്ട് ആ മഹര്‍ഷി ആക്രോശിക്കുകയാണ് ‘മാനിഷാദ’, (അരുത് കാട്ടാളാ…)

 അകത്തും പുറത്തുമുള്ള കാരണങ്ങളെ പര്‍വതീകരിച്ച് വിവാഹമോചനത്തിനും കുടുംബഛിദ്രത്തിനും വഴിയൊരുക്കുന്ന ഇന്നത്തെ യുവതലമുറക്ക് ചൊല്ലിക്കൊടുക്കാനുള്ള നാലക്ഷരത്തിന്റെ മന്ത്രമായി മാറുകയാണ് 

"മാ നിഷാദ"





എന്താണ് പ്രപഞ്ചം?

എന്താണ് പ്രപഞ്ചം?

എനിക്ക് നല്ല ഉറപ്പുണ്ട് അതിനുത്തരം, ഇന്ന് സാമാന്യ വിദ്യാഭാസം ലഭിച്ച ഏതൊരാളും നല്കുന്നത് ഇങ്ങനെയായിരിക്കും. "ഈ ഭൂമിയും സൌരയൂധവും അകാശഗംഗയെപ്പോലുള്ള കോടാനുകോടി ഗാലക്സികലും കോടാനുകോടി നക്ഷത്രക്കൂട്ടങ്ങളും ഉള്പ്പെടുന്ന, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന, ഈ എല്ലാം". ഏതാണ്ട് 8500 കോടി പ്രകാശവർഷം പരന്നു കിടക്കുന്നു, ഈ ദൃശ്യ പ്രപഞ്ചം (ഒരു സെക്കണ്ടിൽ 3,00,000 കി. മി സഞ്ചരിക്കുന്ന പ്രകാശം ഒരു വര്ഷം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്ഷം).

യഥാർഥത്തിൽ പ്രപഞ്ചം എന്നാൽ ഇതുതന്നെയോ എന്ന് ഒന്നുകൂടെ ചോദിച്ചാൽ നമുക്ക് പറയേണ്ടിവരും, ഇത് സ്ഥൂല പ്രപഞ്ചത്തിന്റെ മാത്രം കാര്യമാണ്. ഇതുപോലെ തന്നെ അനന്തതയിലേക്ക് നീളുന്ന മറ്റൊരു സൂക്ഷ്മ പ്രപഞ്ചം കൂടി ചേർന്നാലേ ചിത്രം പൂര്ത്തിയാവൂ. ഇനിയും ചോദിക്കാം, അപ്പോൾ അതുതന്നെയാണോ യഥാര്ഥ പ്രപഞ്ചം? അതിനു നമുക്കുള്ള മറുപടി, ആയിരിക്കണമെന്നില്ല, ഒരുപക്ഷെ ആയിരിക്കില്ല. ഇന്ന് നാം അറിയുന്ന പ്രപഞ്ചം ഇതാണ് എന്ന് മാത്രമേ നമുക്ക് പറയാൻ കഴുയു. യഥാര്ഥ പ്രപഞ്ചം മറ്റെന്തോ ആവാം, അതായത് നാം പറയുന്ന, നമ്മുടെ ഈ പ്രപഞ്ചം, നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ കൂടെ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന അറിവുകളെ, നമ്മുടെതന്നെ ജ്ഞാനെന്ദ്രിയങ്ങടെ വിശകലനത്തിന് വിഷയമാക്കി, നമുക്ക് സ്വീകാര്യമായ തെളിവുകളുടെ അടിസ്താനത്തിൽ ഉണ്ടാക്കുന്ന ഒരു രൂപലേഖ മാത്രമാണു ഇപ്പറഞ്ഞ പ്രപഞ്ചം. അത് യാധാർത്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് നമുക്ക് അറിയില്ല. 

എന്തായാലും ഒരു കാര്യം സത്യമാണ്. ഏതൊരു സമൂഹത്തിനും, അവരുടെതായ ഒരു പ്രപഞ്ചം ഉണ്ട്. സൂര്യന്റെ ഉദയാസ്തനങ്ങളും, ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളും, നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയും, മാനും മരഞ്ചാടിയും, പുഴകളും പൂക്കളും, കടലും മലയും, നമ്മുടെ ദുഖവും സന്തോഷവും എല്ലാം അടുക്കി ക്രമീകരിക്കുന്ന ഒരു പ്രപഞ്ചം എല്ലാവര്ക്കും ഉണ്ട്. എത്ര അപരിഷ്ക്രുതമാണെങ്കിലും, എവിടെ ഒരു സമൂഹം ഉണ്ടോ അവിടെ ഒരു പ്രപഞ്ചം ഉണ്ട്, അതുപോലെ തന്നെ മറിച്ചും, എവിടെ ഒരു പ്രപഞ്ചം ഉണ്ടോ അവിടെ ഒരു സമൂഹവും കാണും. രണ്ടും ഒരുമിച്ചു മാത്രമേ നിലനില്ക്കു.

ഈ പ്രസ്താവന അല്പ്പം കടന്നതായിപ്പോയി എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് തോന്നാം, കാരണം ഇന്നത്തെ നമ്മുടെ അറിവ് അനുസരിച്ച് ഇതാണ് 1400 കോടി കൊല്ലങ്ങല്ക്കുമുന്പു ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ (ബിഗ്‌ ബാങ്ങ്) ഉണ്ടായതാണ് ഈ പ്രപഞ്ചം. അപ്പോൾ ഏതാനും ലക്ഷം വര്ഷം മാത്രം പഴക്കമുള്ള, മനുഷ്യ സമൂഹം ഇത്തരം ഒരു അവകാശവാദം മുന്നോട്ടു വൈക്കുന്നത് തീര്ത്തും അനുചിതമല്ലേ?

ഈ പ്രപഞ്ചൊൽപ്പത്തി മുതൽ നാം വരെയുള്ള വികാസ പരിണാമങ്ങളുടെ ചരിത്രം, നമ്മുടെ ഒരു വര്ഷത്തെ ഒരു ചരിത്രമായി ചുരുക്കി ഒന്ന് സങ്കൽപ്പിച്ചാൽ എങ്ങനെയിരിക്കും? സുപ്രസിദ്ധ ശാസ്ത്രഞ്ഞനായ കാൾ സാഗൻ അങ്ങനെ ഒരു ചിത്രം ഉണ്ടാക്കിയിട്ടുണ്ട്.      

ഏതാണ്ട് 1400 കോടി കൊല്ലം നീളുന്ന ഈ ചരിത്രം നാം എടുക്കുമ്പോൾ, അതിലെ ഓരോ നിമിഷവും നമ്മുടെ 500 കൊല്ലങ്ങൾ ആണ്. ഓരോ മാസവും 115 കോടി കൊല്ലങ്ങളും.

ജനുവരി ഒന്നിന് ബിഗ്‌ ബാങ്ങ് ഉണ്ടാവുന്നു

മെയ്‌ മാസത്തിൽ നമ്മുടെ ഗാലക്സിയായ ക്ഷീര പഥം ഉണ്ടാവുന്നു

സെപ്റ്റംബർ മാസത്തിൽ സൂര്യനും അതിന്റെ ഗ്രഹങ്ങൾ എല്ലാം ഉണ്ടാവുന്നു

ഭൂമിയിൽ ജീവൻ ഉണ്ടാവുന്നത് ഒക്റ്റോബർ മാസത്തിലാണ്

ഡിസംബർ 31, രാത്രി 10:30-നു ആദ്യത്തെ മനുഷ്യൻ ഉണ്ടാവുന്നു

രാത്രി 11:46 നു മനുഷ്യൻ തീയ് കണ്ടുപിടിക്കുന്നു

രാത്രി 11:59 കഴിഞ്ഞ് 20 സെക്കണ്ട് ആവുമ്പോൾ നാം മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങുന്നു  

രാത്രി 11:59 കഴിഞ്ഞ് 35 സെക്കണ്ട് കഴിയുമ്പോൾ നാം കൃഷി കണ്ടുപിടിക്കുന്നു

ഡിസംബർ 31-ലെ അവസാനത്തെ പത്ത് സെക്കണ്ടാണ് നമ്മുടെ, അതായത് മനുഷ്യന്റെ, അറിയപ്പെടുന്ന ചരിത്രം.

പക്ഷെ മറക്കാതിരിക്കുക, ഇത് നാം ഉണ്ടാക്കിയ ചരിത്രമാണ്. ഒരു 500 കൊല്ലം മുൻപ് ജീവിച്ചിരുന്ന മനുഷ്യന് ഒരിക്കലും ഈ ചിത്രം ഉണ്ടായിരുന്നില്ല. ഇത് നമ്മുടെ മാത്രം യാതാർത്യമാണു.

ബി സി നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാ പ്രതിഭ ആയിരുന്ന അരിസ്റൊട്ടിലിനോട് എന്താണ് പ്രപഞ്ചം എന്ന ചോദ്യം ചോദിച്ചാൽ എന്ത് പറയുമായിരുന്നു എന്ന് അറിയുമോ? രണ്ടു ഗോളങ്ങൾ, അതിൽ ഉള്ളിലെ ഗോളം, നിശ്ചലയായി നിക്കുന്ന ഭൂമി, അതിനു ചുറ്റും ഉള്ള വലിയ ഗോളത്തിന്റെ ഉള്ഭാഗം നക്ഷത്ത്രങ്ങൾ പതിച്ചിരിക്കുന്നു. ആ ഗോളം ദിവസവും ഭൂമിയെ ചുറ്റുന്നു. അതിനു തൊട്ടു താഴെ ഗ്രഹങ്ങൾ അവയുടെ സ്വന്തം പഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഇതാണ് ഈ പ്രപഞ്ചം.

എന്തുകൊണ്ടാണ് ഈ വ്യത്യാസം വരുന്നത്? അറിസ്റൊട്ടിലിനെ സംബന്ധിചെടത്തോളം അത് യാധാര്ത്യമായിരുന്നില്ലേ? അതുപോലെ നമ്മളെ സംബന്ധിച്ചേടത്തോളം ഇത് യാധാര്ത്യമല്ലേ? പക്ഷെ ഈ രണ്ടു യാധാര്ത്യങ്ങളും ഇത്രമാത്രം വ്യത്യാസമായിരിക്കാൻ കാരണം എന്ത്? ഇവിടെയാണ്‌, നാം മനുഷ്യർ, കാര്യങ്ങൾ ഗ്രഹിക്കുന്നത് എങ്ങനെ എന്ന് അറിയേണ്ടത്. അതാതു കാലത്ത് ലഭ്യമായ തെളിവിന്റെയും ദൃഷ്ട്ടാന്തങ്ങളുടെയും അടിസ്ഥാനത്തിൽ നാം നിര്മിക്കുന്ന ഒരു ചിത്രത്തിലൂടെ, ഒരു മൊഡലിലൂടെ (Model) ആണ് നാം കാര്യങ്ങൾ മനസ്സിലാക്കുന്നത്.

സാമാന്യ ബുദ്ധി പറയുന്നത്, കഴിഞ്ഞു പോയ എല്ലാ പ്രപഞ്ച സങ്കല്പ്പങ്ങളും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ തെറ്റായ സങ്കല്പങ്ങൾ ആയിരുന്നു എന്നായിരിക്കും. എന്നാൽ അല്പ്പം ഒന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാവും, നാം ഇന്ന് ഉറച്ചു വിശ്വസിക്കുന്നതുപോലെ, അവരും അവരുടെ കാലത്തെ പ്രപഞ്ച സങ്കല്പ്പത്തെ ശരിയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന്. അതിനർഥം ഒരു നൂറ്റാണ്ടു കഴിയുമ്പോൾ, ഒരു പക്ഷെ, ഇന്നത്തെ രൂപമായിരിക്കുകയില്ല അന്നത്തെ പ്രപഞ്ചത്തിനു എന്ന് തന്നെയാണ്.

പക്ഷെ ഇന്ന്‌ പ്രപഞ്ചത്തെപ്പറ്റി നാം പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, മറിച്ചു നാം നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്‌. ബ്രഹ്മത്തിന്റെ വ്യാവഹാരിക സത്തയാണ് നാം ഈ പറയുന്ന പ്രപഞ്ചം, ഇതിനപ്പുറം ഒരു പാരമാര്ധിക സത്തയുണ്ടായിരിക്കണം, അതാണു വേദാന്തം പറയുന്നത്, ഭഗവത് ഗീതയിൽ പറഞ്ഞ പരാപ്രകൃതിയും അപരാപ്രക്രുതിയും.  

ശാസ്ത്രഞ്ഞനും എഴുത്തുകാരനുമായ ആർതർ എഡിങ്ങ്ടൻ ഒരിക്കൽ പറയുകയുണ്ടായി "അനന്തയുടെ തീരങ്ങളിൽ നാം അപരിചിതവും അജ്ഞാതവുമായ ചില അടയാളങ്ങൾ കണ്ടു. അതിന്റെ ഉല്പ്പത്തി അറിയുന്നതിന് നാം ഒന്നിന് പിറകെ ഒന്നായി വലിയ വലിയ തിയറികൾ നിർമിച്ചു. അവസാനം ആ അടയാളങ്ങളുടെ ഉത്ഭവകേന്ദ്രം നാം കണ്ടെത്തുക തന്നെ ചെയ്തു, അത്ഭുതം, അത് നമ്മുടെ സ്വന്തം തന്നെയായിരുന്നു. മനസ്സ് പ്രകൃതിയിലേക്ക് വിക്ഷേപിച്ചത്തിനെതന്നെ അവിടെനിന്നും തിരിച്ചെടുക്കുക ആയിരുന്നു നാം.” പ്രകൃതിയെ ക്കുറിച്ചുള്ള നമ്മുടെ അറിവ്, നമ്മുടെ തന്നെ മനസ്സ് സ്രുഷ്ട്ടിക്കുന്നതാണെന്നു ആലങ്കാരികമായി പറയുകയായിരുന്നു എഡിങ്ങ്ടൻ. 

അതുപോലെതന്നെ ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഓരോ സമൂഹവും ഓരോരോ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏതാണ്ട് മൂവായിരത്തിൽ കൂടുതൽ കൊല്ലങ്ങൾക്ക് മുൻപ് ഭാരതത്തിലെ സത്യാന്വേഷികൾ പ്രപഞ്ച ഉത്ഭവത്തിനും മുൻപ് എന്തായിരുന്നു എന്നാണ് ചോദിച്ചത്. ഭാരതീയ ദർശനങ്ങലെക്കുറിച്ചു പഠിച്ച പണ്ഡിതന്മാരെ എല്ലാം അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണു ഋഗ് വേദം പത്താം മണ്ഡലത്തിലെ സൃഷ്ട്ടിഗീതം അഥവാ അസ്യവാമീയസൂക്ത്തം. ഇത് പിന്നീട് മുൻഡകൊപനിഷത്തിലും ആവര്ത്തിച്ചിട്ടുണ്ട്. 

നാസദാസീന്നൊ സദാസീത്തദാനീം
നാസീദ്രജോ നോവ്യോമാപരോ യത്
കിമാ വരീവ: കുഹു കസ്യശർമ്മൻ
അംഭ: കിമാസീദു ഗഹനം ഗംഭീരം

എന്ന് തുടങ്ങുന്ന ഏഴു സൂക്തങ്ങൾ. സൃഷ്ടി ക്രിയയുടെ ആദ്യബിന്ദു എന്തായിരുന്നു എന്നാണു ഈ പ്രസ്താവന.

“അപ്പോൾ (സൃഷ്ട്ടിക്കു മുൻപ്) അസത്തുണ്ടായിരുന്നില്ല, സത്തും ഉണ്ടായിരുന്നില്ല. അതിനപ്പുറത്ത് വായുവും വ്യോമവും ഉണ്ടായിരുന്നില്ല. മൂടിനിന്നിരുന്നത് എന്തായിരുന്നു? എവിടെ? ആരുടെ സംരക്ഷണത്തിൽ? അഗാധവും ഗംഭീരവുമായ ജലപ്പരപ്പായിരുന്നുവോ അത്?”

“മൃത്യുവും അമരത്വവും ഉണ്ടായിരുന്നില്ല. രാത്രിയെയോ പകലിനെയോ അറിവുണ്ടായിരുന്നില്ല. ഏകമായ അത് സ്വശക്ക്തികൊണ്ട് സൃഷ്ട്ടിച്ചു. അതല്ലാതെ അതിനപ്പുറത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല. “

“ഇരുട്ടുമാത്രം ഉണ്ടായിരുന്നു. ഇരുട്ടുകൊണ്ട് മൂടിയ ഇരുട്ട്. ഒന്നും വേർതിരിച്ചു അറിയില്ല. തപനത്തിന്റെ മഹിമകൊണ്ട് ആ ഒന്ന് ഉണ്ടായി.”

അങ്ങനെ പുരോഗമിച്ച്‌ ചോദിക്കുന്നു

 "ആരറിഞ്ഞു ഈ സൃഷ്ട്ടി ഉണ്ടായത് എവിടെന്നാണെന്ന്? അതെപ്പറ്റി ആര്ക്ക് പറയാൻ കഴിയും? ദേവന്മാർ പോലും അതിനു ശേഷം പിറന്നവർ ആണ്. അതുകൊണ്ട് സ്ര്ഷ്ട്ടിയെ ആര്ക്കറിയാം?"

സൂക്ത്തം അവസാനിപ്പിക്കുന്നത് ചെറിയൊരു ഹാസ്യത്തിലൂടെയാണ്.

“ഇയം വിസ്യഷ്ട്ടിര്യത ആബഭുവ
യതി വാ ദധെ യദി വാന
യോ സ്യാധ്യക്ഷ: പരമേ വ്യോമൻ
സൊ അംഗ വേദ യദി വാ ന വേദ”

“അദ്ദേഹം ഇതിനെ സൃഷ്ട്ടിചാലും ഇല്ലെങ്കിലും ഈ സൃഷ്ട്ടി ആരില്നിന്നുണ്ടായോ, പരമമായ ആ അധ്യക്ഷന് ഇതേക്കുറിച്ച് അറിയുമായിരിക്കും, ചിലപ്പോൾ അയാള്ക്കും അറിയില്ലായിരിക്കും”.

ലോകചരിത്രത്തിലെ ആദ്യത്തെ ദാര്ശിനിക സന്നേഹത്തിന്റെ രൂപ രേഖയാണിത്. ചിന്തയുടെ വികാസത്തിന്റെ പരമോന്നതമായ അവസ്ഥ.  

വായുവും, വ്യോമവും, ഇരുട്ടും, വെളിച്ചവും ഒന്നുമില്ലാത്ത ഒരു ഇല്ലായ്മയിൽ നിന്ന് അതിന്റെ സ്വശക്ക്ത്തികൊണ്ട്, അത് ഉണ്ടായി. ഇതാണു ഋഗ് വേദ കവികൾ ദർശിച്ച സത്യം. നിരവധി സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും അവിടെനിന്നും നാം വളരെ ഒന്നും മുന്നോട്ടു പോയിട്ടില്ല എന്ന് പറയുന്നതിൽ വലിയ അതിശയോക്ക്ത്തി ഒന്നും ഇല്ല തന്നെ.   

സ്റ്റീഫൻ ഹവ്കിംഗ് തന്റെ “ദി ഗ്രാൻഡ്‌ ഡിസൈൻ” എന്ന ബുക്ക്‌ ഉപസംഹരിക്കുന്നത്‌ എങ്ങനെയെന്നു കാണുക.

“ഗ്രാവിറ്റി യുടെ ഏതോ നിയമങ്ങളാൽ ഈ പ്രപഞ്ചം ഇല്ലായ്മയിൽ നിന്നും സ്വയം സൃഷ്ടിച്ചു. നൈസര്ഗീയമായ ആ സ്വയം സൃഷ്ടി മൂലമാണ് നാമും ഈ പ്രപഞ്ചവും ഇവിടെ നിലനില്ക്കുന്നത്. ഇവിടെ, നീലവെളിച്ചം വീശി, ഈ പ്രപഞ്ചത്തിനു ആദ്യചലനം നല്കാൻ ദൈവത്തിന്റെ ഒരു ആവശ്യവും ഞാൻ കാണുന്നില്ല.“

കാലം

കാലം

എന്താണ് അത്? നമ്മെ സംബന്ധിച്ചേടത്തോളം കാലം, സമയം എന്നൊക്കെയുള്ളതു ഒരു ക്ലോക്കിന്റെ, അല്ലെങ്കിൽ വാച്ചിന്റെ ഒരു കറക്കമാണ്. അതുമല്ലെൻകിൽ, ദിന-രാത്രങ്ങളുടെയും സംവത്സരങ്ങളുടെയും ഒരു ഒഴുക്കാണ്. പക്ഷെ അതൊക്കെ കാലത്തിന്റെ ഒരു അളവ് മാത്രമല്ലേ? അപ്പോൾ എന്താണ് കാലം, അല്ലെങ്കിൽ സമയം? നമ്മൾ അളക്കുന്ന അത്, യഥാർത്ഥത്തിൽ എന്താണ്, എന്തിനെയാണ്?

ഒരുപക്ഷെ നമുക്ക് പറയാൻ കഴിയുമായിരിക്കും, നാം, നമ്മൾ, നമ്മുടെ സൗകര്യത്തിന് തെരെഞ്ഞെടുത്ത ഒരു അളവുകോലുകൊണ്ടു രണ്ടു സംഭവങ്ങളുടെ ഇടയിലുള്ള ദൈർഖ്യം അളക്കുന്നതാണ് സമയം എന്ന്. അതായത്, അടുത്ത ബസ്സ് അഞ്ചു മിനിട്ടു കഴിഞ്ഞു വരും എന്നതുപോലെ. പക്ഷെ, ഈ വാദം, ഒരു പക്ഷെ, അടുത്ത ബസ് എപ്പോൾ വരും എന്ന അറിവിന് വളരെ പ്രയോജനം ചെയ്യുമെങ്കിലും, നമ്മൾ, അതുകൊണ്ടു എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്, അല്ലെങ്കിൽ എന്തിനെയാണ് നാം അളക്കുന്നതെന്ന് അത്ര വ്യക്തതമാകുന്നില്ല. 

കാലത്തിന്റെ സ്വഭാവം എന്തെന്ന് കൃത്യമായി മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് നാലുകാര്യങ്ങളിൽ സാമാന്യേന ഒരു തീർപ്പു ഉണ്ടാകേണ്ടിയിരിക്കുന്നു.

1 കാലം യഥാർത്ഥത്തിൽ ഇടമുറിയാത്ത ഒരു ഒഴുക്കാണോ?

2 കാലത്തിനു ഒരു ദിശ മാത്രമേ ഉള്ളുവോ അതോ അങ്ങോട്ടും ഇങ്ങോട്ടും ഇരു ദിശയിലേക്കും ഒരു പോലെ ആണോ?

3 ഈ പ്രപഞ്ചിത്തിനാകെ സാർവർത്തികമായ ഒറ്റ സമയം ആണോ?

4 സമയം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവ് കോൽ തന്നെ ആണോ?

ഒന്നാമത്തെ ചോദ്യത്തിന്റെ നമ്മുടെ അനുഭവത്തിൽ ഉള്ള ഉത്തരം അതെ, അതൊരു ഇടമുറിയാത്ത ഒഴുക്ക് ആണ് എന്നാണു. പക്ഷെ ആധുനിക ഭൗതിക ശാസ്ത്രം അത് അത്ര അംഗീകരിക്കുന്നില്ല. കാരണം, ക്വാണ്ടം മെക്കാനിക്കിസിന്റെ ദൃഷ്ടിയിൽ പ്രകൃതിയിൽ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നത്ത് ഒരു നിർദ്ദിഷ്ട അളവിലുള്ള, ഒരു 'ഫോട്ടോൺ' വലുപ്പത്തിലുള്ള 'ക്വാണ്ടാ' യിലാണ്, അല്ലാതെ തുടർച്ചയായ ഒരു പ്രവാഹം ആയല്ല . അങ്ങനെയെങ്കിൽ കാലത്തിന്റെ പോക്കും, അങ്ങനെതന്നെ, ചെറിയ ചെറിയ അടിവച്ചു തന്നെ ആയിരിക്കില്ല? ഇന്നത്തെ ശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയം 'പ്ലാങ്ക് സമയം' ആണ്, അതായത് 10^-43 സെക്കൻഡ്, അതായത് ഒരു ദശാംശ കുത്തു കഴിഞ്ഞു നാൽപ്പത്തി മൂന്നു പൂജ്യം ഇട്ടു കഴിഞ്ഞു ഒന്നിട്ടാൽ കിട്ടുന്ന (സെക്കന്റിന്റെ) എത്രയാണോ അത്രയും ചെറിയ ഭാഗം. അതുകൊണ്ടു നമ്മെ സംബന്ധിച്ചേടത്തോളം അത് തുടർച്ചയായ ഒരു ഒഴുക്ക് തന്നെ.

ഇനി കാലത്തിന്റെ ദിശയിലേക്കു വരാം. നമ്മെ സംബന്ധിച്ചു, സമയം ഭൂതകാലത്തിൽനിന്നും വർത്തമാനത്തിലേക്കും അവിടെനിന്നും ഭാവിയിലേക്കുമാണ് പോകുന്നത്. അതായത് 'ഇപ്പോഴിനു' 'മുൻപും' 'അതിനു ശേഷവും'. പക്ഷെ ഇതിന്റെ ഒരു പ്രഹേളിക എന്തെന്നാൽ, ‘ഇപ്പോഴിനു’ മുൻപ് എന്നത് നമ്മുടെ ഓർമ്മയിൽ മാത്രമേ ഉള്ളു, ‘ഇപ്പോഴിനു’ ശേഷം എന്നത് നമ്മുടെ വെറും ഭാവന മാത്രമാണ്. ‘ഇപ്പോഴിനു’ ശഷം എന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ 'ഇപ്പോൾ' തന്നെയായി തീരും.

അതെങ്ങനെയാണെങ്കിലും നമ്മെ സംബന്ധിച്ച് സമയത്തിനു അഥവാ കാലത്തിനു ഒരു ദിശയുണ്ട്, ഒരു ദിശ മാത്രമേ ഉള്ളു. അത് മുന്നോട്ടെന്നോ, ഭാവിയിലേക്കെന്നോ ഒക്കെ പറയാം. കാലത്തെ ഒരു അമ്പ് ആയി സങ്കല്പിച്ചാൽ (Arrow of time) അതിന്റെ മുന എല്ലായിപ്പോഴും മുന്നോട്ടുതന്നെയായിരിക്കും. ഒരിക്കിലും നമുക്ക് കാലത്തിലൂടെ പിന്നിലേക്ക് പോകാൻ കഴിയില്ല. കാരണം, നമ്മുടെ കാലബോധം നിലനിക്കുന്നതു സംഭവങ്ങളെ, അതിന്റെ ക്രമത്തിൽ അടുക്കി വൈക്കുന്നിടത്താണ്, ഒരു സംഭവം കഴിഞ്ഞു മറ്റൊന്ന് അതുകഴിഞ്ഞു മറ്റൊന്ന് എന്നിങ്ങനെ.

കാലത്തിന്റെ ഈ ദിശയെ മറ്റൊരു തരത്തിലും കാണാൻ കഴിയും. ഭൗതിക ശാസ്ത്രത്തിൽ (തെർമോ ഡൈനാമിക്സിൽ) അത് എൻട്രോപ്പിയാണ്, എന്നുവച്ചാൽ ക്രമയില്ലായ്മയുടെ ഒരു അളവാണിത്. അതായത് കൂടുതൽ ക്രമത്തിലുള്ള ഒരു അവസ്ഥയിൽ നിന്നും കുറഞ്ഞ ക്രമത്തിലുള്ള മറ്റൊരു അവസ്ഥയിലേക്കുള്ള, പ്രപഞ്ചത്തിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഒരു ദിശയാണിത്. അതായത് മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു, ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്ന നമ്മുടെ പ്രപഞ്ചത്തിന്റെ സാധ്യത (പൊട്ടൻഷ്യൽ) കാലത്തിന്റെ ആദ്യ നിഷാർദ്ധത്തിൽനിന്നും (10^-43 സെക്കൻഡ്) ഇന്നത്തെ ദൃശ്യപ്രപഞ്ചം ആയി മാറിയ, ആ ആയിരത്തി നാനൂറു കോടി കൊല്ലങ്ങളുടെ സഞ്ചാര പഥമാണ് കാലവും അതിന്റെ ദിശയും. അതായത് കാലം തിരിച്ചു നടക്കണമെങ്കിൽ പ്രപഞ്ചം അതിന്റെ മഹാവിസ്ഫോടന കാലത്തേക്ക് തിരിച്ചു പോകേണ്ടിവരും.

എന്നാൽ ഭൗതിക ശാസ്ത്ര നിയമങ്ങളിൽ (laws of physics) കാലത്തിനു അങ്ങനെ ഒരു ദിശ ഇല്ല. ഏതു സംഭവത്തിന്റെയും ഗണിത ശാസ്ത്ര പ്രസ്താവനയിൽ, ഒരു സംഭവത്തെ അതിന്റെ അവസാനത്തിൽ നിന്നും ആദ്യത്തിലേക്കും, തിരിച്ചും, ഒരേപോലെ ശരിയാണ്. സബ് ആറ്റമിക് തലത്തിലും കാലത്തിനു അങ്ങനെ ഒരു ദിശയില്ല, അവിടെ ഭൂതകാലവും ഭാവികാലവും ഇല്ല. ക്വാണ്ടം മെക്കാനിക്സിൽ രണ്ടു കണികകൾ തമ്മിൽ അടുത്തുവരുകയും അവ തമ്മിലുണ്ടാവുന്ന പാരസ്പര്യത്തിൽ (interaction) നിന്നും തികച്ചും വ്യത്യസ്തമായ മറ്റു രണ്ടു കണികകൾ ആയി മാറുന്നതും സാധാരമാണ്. ഈ പുതിയ കണികകൾ വീണ്ടും പാരസ്പര്യത്തിൽ ഏർപ്പെടുകയും തിരിച്ചു ആദ്യത്തെ കണികകൾ ആയി വീണ്ടും മാറുന്നതിൽ അവിടെ യാതൊരു വ്യത്യാസവും ഇല്ല. അതായത് രണ്ടു കണികകൾ തമ്മിലുള്ള പാരസ്പര്യത്തിൽ പുതിയ മറ്റു രണ്ടു കണികകൾ ആവുന്ന ആ പ്രക്രിയയിൽ ആദ്യം ഏതു സംഭവിച്ചു (ഭൂതകാലം) രണ്ടാമത് ഏതു സംഭവിച്ചു (ഭാവികാലം) എന്ന് യാതൊരു വ്യത്യാസവും ഇല്ലെന്നർദ്ധം.  

ഇനി നമ്മുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിൽ സാർവർത്തികമായ ഒറ്റ സമയമാണോ? അതായത് എന്റെ 'ഇപ്പോൾ' തന്നെയാണോ പ്രപഞ്ചത്തിൽ മറ്റെല്ലായിടത്തെയും 'ഇപ്പോൾ'? ഒരു പരീക്ഷണം ഇത് എങ്ങനെയെന്നു കാണിച്ചുതരും. ഇത് വെറും തിയരെറ്റിക്കൽ ആയ ഒരു പരികല്പന അല്ല, മറിച്ചു, യഥാർത്ഥത്തിൽ പല പ്രാവശ്യം ആവർത്തിക്കപ്പെട്ടിട്ടുള്ള ഒരു പരീക്ഷണം ആണ്.

രണ്ടു ആറ്റമിക് ക്ളോക്കുകൾ ഒരേ സമയത്തിൽ സെറ്റു ചെയിതു വയ്ക്കുക. ആ സെറ്റപ്പ് അങ്ങനെതന്നെ വച്ചാൽ, കാലാകാലങ്ങളിൽ, രണ്ടു ക്ളോക്കും ഒരേ സമയം കാണിക്കുമെന്ന് നമുക്ക് അറിയാം. ഇനി അതിൽ, ഒന്ന്, ഒരു കൃത്രിമ ഉപഗ്രഹത്തിൽ ഭൂമിയെ പലവട്ടം ചുറ്റാൻ അനുവദിക്കുക. പിന്നീട് തിരിച്ചുവന്ന് ഭൂമിയിലുള്ള ക്ളോക്കുമായി സമയം താരതമ്യം ചെയ്തുനോക്കിയാൽ, ഭൂമിയെ ചുറ്റിയിരുന്ന ക്ളോക്കിലെ സമയം മറ്റേതിനേക്കാളും അൽപ്പം, ഒരു നിമിഷത്തിന്റെ വളരെ ചെറിയ ഒരംശം, പിന്നിലാണെന്ന് കാണാം. ഇവിടെ എന്താണ് സംഭവിച്ചത്? ഇതിനുത്തരം ഐൻസ്റ്റീന്റെ റിലേറ്റിവിറ്റിയിൽ ഉണ്ട്. അതായത് ഒരു വസ്തു എത്രമാത്രം വേഗത്തിൽ സഞ്ചരിക്കുന്നോ അതിനു ആനുപാതികമായി അതിന്റെ സമയം പതുക്കെയാവുന്നു. അങ്ങനെ ആ വസ്തു പ്രകാശത്തിന്റെ വേഗത്തിൽ എത്തിയാൽ അതിന്റെ സമയം നിശ്ചലമാവുന്നു. ഇതിനെയാണ് ടൈം ഡയലേഷൻ (Time Dilation) എന്ന് പറയുന്നത്. ഒരു വസ്തുവിന് പ്രകാശവേഗം കൈവരിക്കാൻ കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ നമുക്ക് മനസ്സിലാവുന്ന വേഗത്തിൽ, ഒരു ഗഗന സഞ്ചാരി ഒരു വര്ഷം, ഒരു ഉപഗ്രഹത്തിൽ ശൂന്യാകാശത്തിൽ സഞ്ചരിച്ചതിനു ശഷം തിരിച്ചു വരുമ്പോൾ, അയാൾക്ക് ഭൂമിയിലുള്ള നമ്മളെക്കാൾ 0.0085 സെക്കൻഡ് വയസ്സ് കുറവായിരിക്കും എന്നാണു കണക്കു കൂട്ടൽ. ചുരുക്കത്തിൽ നമ്മുടെ കാലം കടന്നു പോകുന്നത് നാം ആപേക്ഷികമായി എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ ശക്ത്തമായ ഗുർത്വാകര്ഷണവും കാലത്തിന്റെ വേഗം കുറയ്ക്കും എന്നതാണ് ശാസ്ത്രീയ കണ്ടെത്തൽ. അതായത് പ്രപഞ്ചത്തിൽ എല്ലായിടത്തും, സമയം, ഒരേ വേഗത്തിലല്ല സഞ്ചരിക്കുന്നത്, മറ്റു പല ഘടകങ്ങളും അനുസരിച്ചാണ് അതിന്റെ വേഗത എന്നർത്ഥം.   
    
ഇനി നാലാമത്തത്തെ നമ്മുടെ ചോദ്യത്തിലേക്ക് വരാൻ സമയമായി. അപ്പോൾ സമയം അല്ലെങ്കിൽ കാലം യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒരു അളവുകോൽ ആണോ?

മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു് കാലം ആരംഭിക്കുന്നത് അവിടെയാണ്. അതായത് പ്രപഞ്ചം ഇല്ലെങ്കിൽ കാലം ഇല്ല, കാലം ഇല്ലെങ്കിൽ പ്രപഞ്ചവും ഇല്ല. രണ്ടും രണ്ടല്ല, പിന്നെയോ ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. റിലേറ്റിവിറ്റി പറയുന്നത്, നീളം, വീതി, ഉയരം എന്ന ത്രിമാന അളവിനൊപ്പം തന്നെയുള്ള നാലാമത്തെ അളവാണ് സമയം എന്നാണ്. അതായത് ഒരു വസ്തു എവിടെയാണ് നിൽക്കുന്നത്, (അതായത് അതിന്റെ സ്ഥാനം) എന്ന് പറയണമെങ്കിൽ, അതിനു പഴയ ത്രിമാന സ്ഥലം പോരാ, മറിച്ചു, ഒരു ചതുർമാന സ്ഥലം തന്നെ വേണമെന്നാണ്. അതാണ് സ്ഥലകാല സാകല്യം (Space-time continuum) എന്ന് പറയുന്നത്. അതായത് സ്ഥലകാല സാകല്യം എന്ന് പറയുന്നത്, ഈ പ്രപഞ്ചത്തിന്റെ ഭൂതകാല, വർത്തമാനകാല, ഭാവികാലങ്ങളെ അടയാളപ്പെടിത്താവുന്ന ഒരു മാപ് ആയി സങ്കല്പിക്കാം എന്ന് അർദ്ധം. ഇതിൽ കാലവും സ്ഥലത്തിന്റെ മറ്റു അളവുകളെപ്പോലെ നിശ്ചലമാണ്. കാലം മുന്നോട്ടു ഒഴുകുന്നില്ല, നാമാണ് അതിലൂടെ സഞ്ചരിക്കുന്നത്. ഇതിലൂടെയുള്ള നമ്മുടെ സഞ്ചാരത്തിന്റെ ദിശ, മുമ്പു നാം പറഞ്ഞ സമയത്തിന്റെ ദിശയാണ് (arrow of time), വേഗം, നമ്മുടെ ആപേക്ഷിക വേഗമാണ്.  

ഇതെല്ലാം ആത്യന്തികമായ് നമുക്ക് നൽകുന്ന ആകെത്തുക എന്താണെന്നു നോക്കാം. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന വേഗം പ്രകാശത്തിന്റെ വേഗമാണ്. അതാണെങ്കിലോ സ്ഥലത്തൂടേയും കാലത്തിലൂടെയുമുള്ള വേഗത്തിന്റെ ആകെത്തുകയുമാണ്. സ്ഥലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കൂടുംതോറും കാലത്തിലൂടെയുള്ള നമ്മുടെ യാത്രയുടെ വേഗം കുറയും, അതുപോലെതന്നെ മറിച്ചും. അങ്ങനെ ഒരാൾ പ്രകാശത്തിന്റെ വേഗം എത്തിയാൽ അയാൾ കാലത്തിൽ നിശ്ചലനായിത്തീരുന്നു. അതുപോലെ ഒരാൾ സ്ഥലത്തിൽ നിശ്ചലനായാൽ പ്രകാശവേഗത്തിൽ അയാൾ കാലത്തിലൂടെ സഞ്ചരിക്കും. 

ഇനി, മുൻ പറഞ്ഞ ചതുർമാന (Four dimensional) ഗ്രാഫിൽ ഒരാളുടെ നിലനിൽപ്പ് എങ്ങനെയെന്നു ഒന്ന് സങ്കൽപ്പിച്ചു നോക്കാം, അയാൾക്ക് അമ്പതു വയസ്സും ഉണ്ടെന്നു സങ്കൽപ്പിക്കുക. മുൻപറഞ്ഞ രീതിയിൽ നോക്കിയാൽ, അയാളുടെ നിലനിൽപ്പ് അമ്പതു കൊല്ലത്തെ ഒരു തുടർച്ചയായി കാണാം, അൻപതുകൊല്ലം കാലത്തിലൂടെ നീണ്ട, ഒരു പുഴുവിനെപ്പോലെ.

കാലത്തിലെ 'ഇപ്പോൾ' എന്ന ഒരു നിമിഷത്തിൽ മാത്രമേ ഇന്ന് നാം കരുതിയിരിക്കുന്ന അയാളുടെ രൂപം നിങ്ങള്ക്ക് കണ്ടെത്താൻ കഴിയൂ.

ഇത് വായിക്കുന്ന നിങ്ങള്ക്ക് ഇതൊരു സയൻസ് ഫിക്ഷൻ നോവലിലിന്റെ പ്രതീതി ഉണ്ടാക്കുന്നെങ്കിൽ, അതിൽ ഞാൻ ഉത്തരവാദി അല്ല. ഇന്നത്തെ ഗണിത ശാസ്ത്ര സൂത്രങ്ങളെ സാധാരണ നാം ഉപയോഗിക്കുന്ന ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ കിട്ടുന്ന ഒരു ചിത്രം ഇത് മാത്രമാണ്.

അപ്പോഴും, ചലനത്തിൽ നിശ്ചലതയും, നിശ്ചലതയിൽ ചലനവും ഇതിൽ വളരെ സ്പഷ്ടമാകുന്നില്ലേ ?

പരമശിവൻ്റെ പുത്രിമാർ

പരമശിവൻ്റെ പുത്രിമാർ

പരമശിവന് മൂന്ന് പെൺമക്കൾ ഉണ്ടെന്ന് പറയപ്പെടുന്നു.
1. അശോകസുന്ദരി
2. ജ്യോതി
3. മനസാ (വാസുകി)

അച്ഛൻ്റെയോ അമ്മയുടെയോ (പാർവ്വതി) സഹോദരന്മാരുടെയോ (കാർത്തികേയൻ, ഗണേശൻ, അയ്യപ്പൻ) അത്രയും പ്രാധാന്യം പെന്മക്കൾക്ക് കിട്ടിയിട്ടില്ല. ഇന്ത്യയിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇവർക്ക് ആരാധനാലയങ്ങൾ ഉള്ളൂ.

1. അശോകസുന്ദരി

ശിവൻ്റെ ആദ്യത്തെ മകൾ. പാർവ്വതിയുടെ ഏകാന്തത മാറ്റുവാൻ പാർവ്വതിയാൽ സൃഷ്ടിക്കപ്പെട്ടവൾ. പാർവ്വതിയുടെ ശോകം അകറ്റുവാനായി ജന്മമെടുത്തതിനാൽ "അ ശോക" എന്നും അതിസുന്ദരിയായതിനാൽ സുന്ദരി എന്നും രണ്ടും കൂടി ചേരുമ്പോൾ അശോകസുന്ദരി എന്നും വിളിക്കുന്നു. 

പ്രധാനമായും ഗുജറാത്തിലാണ് അശോകസുന്ദരിയെ കൂടുതൽ ആരാധിക്കുന്നത്. ശിവൻ ഗണപതിയുടെ ശിരസ്സ് അറുക്കുമ്പോൾ അശോകസുന്ദരി സാക്ഷിയായിരുന്നു എന്നും അതുകണ്ട് പേടിച്ച് ഒരു ഉപ്പുചാക്കിൻ്റെ പുറകിൽ ഒളിച്ചിരുന്നു എന്നും ആയതിനാൽ ഉപ്പുരസത്തോട് ബന്ധപ്പെടുത്തിയും പറയാറുണ്ട്. ദക്ഷിണേന്ത്യയിൽ ചിലയിടത്ത് ബാല ത്രിപുരസുന്ദരി എന്നും പറയാറുണ്ട്. പദ്മപുരാണത്തിലാണ് അശോക സുന്ദരിയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്.

ചന്ദ്രവംശത്തിലെ പ്രശസ്തനായ ചക്രവർത്തി നഹുഷന്റെ പത്നിയാണ് അശോകസുന്ദരി. പദ്മപുരണത്തിലാണ് അശോക സുന്ദരിയെ സംബന്ധിക്കുന്ന കഥയുള്ളത്.

ഒരിക്കൽ നന്ദനോദ്യാനത്തിൽവച്ച് പാർവതി ശിവനോട് ആ ഉദ്യാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ വനസ്പതി ഏതാണ്' എന്നുചോദിച്ചു. ശിവൻ 'കല്പവൃക്ഷം' എന്ന ഉത്തരം കൊടുത്തു. ആരുടെയും ഏതഭീഷ്ടവും ആ വൃക്ഷം സാധിച്ചുകൊടുക്കും എന്നുകേട്ടപ്പോൾ 'തനിക്ക് ഒരു സുന്ദരിയായ പെൺകുഞ്ഞ് വേണമെന്നായി' പാർവതി. അഭീഷ്ടം ഉടനടി സാധിതപ്രായമായി. ആ കുഞ്ഞിന് 'അശോകസുന്ദരി' എന്ന പേരിട്ടു. ഒരിക്കൽ അവൾ തോഴിമാരോടൊത്ത് നന്ദനോദ്യാനത്തിൽ നടക്കുമ്പോൾ ഒരസുരൻ അവളുടെ മുൻപിൽ പ്രത്യക്ഷനായി പ്രേമാഭ്യർഥന നടത്തി. വിപ്രചിത്തിയുടെ പുത്രനായ ഹുണ്ഡനായിരുന്നു അത്. അശോകസുന്ദരി ആ ദുഷ്ടന്റെ അഭ്യർഥന നിരസിച്ചു. എന്നുമാത്രമല്ല ചന്ദ്രവംശരാജാവായ ആയുസ്സിന് ഇന്ദുമതിയിൽ പിറക്കുന്ന നഹുഷൻ എന്ന രാജകുമാരൻ ആയിരിക്കും തന്നെ പരിണയിക്കുന്നത് എന്നുമറിയിച്ചു. നഹുഷൻ ജനിക്കുകപോലും ചെയ്തിട്ടില്ലെന്നും അയാൾ യുവാവാകുമ്പോൾ നീ വൃദ്ധയാകും എന്നും ഹുണ്ഡൻ പറഞ്ഞു. 'അമ്മയുടെ അനുഗ്രഹം മൂലം ഞാൻ നിത്യയുവതിയായിരിക്കും. നഹുഷനെ മാത്രമേ ഞാൻ വരിക്കൂ' എന്ന് അശോക സുന്ദരി ഉറപ്പിച്ചു പറഞ്ഞു.

ഇക്കാലത്താണ് ഇന്ദുമതി ഒരു കുഞ്ഞിനു ജന്മം നൽകിയത്. അതിനെ വളരാൻ അനുവദിച്ചുകൂടാ എന്നു നിശ്ചയിച്ച് ഹുണ്ഡൻ ഒരു ദാസിയുടെ വേഷത്തിൽ ചെന്ന് ശിശുവിനെ തട്ടിയെടുത്തശേഷം അതിന്റെ മാംസം വേവിച്ചുതരാൻ ഭാര്യയോടാവശ്യപ്പെട്ടു. ഭാര്യ കുഞ്ഞിനെ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലാക്കി ഏതോ മൃഗത്തിന്റെ മാംസം വേവിച്ച് ഹുണ്ഡനു നൽകി. കുഞ്ഞ് മരിച്ചെന്നറിഞ്ഞാൽ അശോകസുന്ദരി തന്നെ ഇഷ്ടപ്പെട്ടേക്കുമെന്നു വ്യാമോഹിച്ച് ഹുണ്ഡൻ അവളുടെയടുത്തുചെന്ന് കാര്യം പറഞ്ഞു. ദുഃഖിതയായ അവളെ വിദ്യുന്ധരൻ എന്ന കിന്നരൻ സമാധാനിപ്പിച്ചിട്ട് നഹുഷൻ ജീവിച്ചിരിക്കുന്നെന്നും ഒരുനാൾ ഇവിടെയെത്തി അവളെ വരിക്കുമെന്നും അറിയിച്ചു. ഉന്മേഷവതിയായ അവൾ 'നഹുഷനാൽ നീ വധിക്കപ്പെടട്ടെ' എന്ന് ഹുണ്ഡനെ ശപിച്ചു.

പ്രവചനം സഫലമായി. നഹുഷൻ, ഉഗ്രമായ യുദ്ധത്തിൽ ഹുണ്ഡാസുരനെ വധിച്ച് സിംഹാസനാരൂഢനാവുകയും , അശോകസുന്ദരിയെ പട്ടമഹിഷിയാക്കുകയും ചെയ്തു.

2. ജ്യോതി

പേരുതന്നെ പ്രകാശമാനമായതിനാൽ പ്രകാശദേവതയായി കണക്കാക്കുന്നു. ജ്വാലാമുഖി എന്ന പേരിൽ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

അക്ഷരാർത്ഥത്തിൽ 'ജ്യോതി' എന്നാൽ പ്രകാശം. ബാഹ്യ ലൈറ്റുകൾ കാഴ്ച്ചയെ സംബന്ധിക്കുന്നതാണ്, എന്നാൽ അകത്തെ പ്രകാശം കാണാൻ അമ്മ ജ്യോതി അനുഗ്രഹിക്കുന്നു. ഇരുട്ട് എന്നത് നെഗറ്റീവ്, നെഗറ്റീവ് ഗുണങ്ങൾ, വികാരങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. ഇവ അജ്ഞതയെയും അത് മനുഷ്യമനസ്സിലേക്കും ജീവിതത്തിലേക്കും വരുത്തുന്ന ദൂഷ്യഫലങ്ങളെയും പ്രതീകപ്പെടുത്തുന്നു. പ്രകാശം തികച്ചും വിപരീതത്തെ സൂചിപ്പിക്കുന്നു, ഒപ്പം പ്രകാശം, സത്യം, സ്നേഹം എന്നിവയെ പ്രതിനിധീകരിക്കുന്നു. വേദാന്ത ചിന്തകളിൽ ബ്രഹ്മം സ്വയം പ്രകാശിക്കുന്നതും സ്വയം പ്രകാശിക്കുന്നതും സ്വന്തം പ്രകാശത്താൽ പ്രകാശിക്കുന്നതുമാണ്. 'അവൻ തിളങ്ങുന്നതുപോലെ, മറ്റെല്ലാം തിളങ്ങുന്നുണ്ടോ?'

ജ്യോതിയുടെ ആശയം ബൃഹദാരണ്യക ഉപനിഷത്ത് 1.3.28 ന് അനുസൃതമാണ്: 'അസതോ മാ സത് ഗമയ; തമസോ മാ ജ്യോതിർ ഗമയ; മൃത്യോർ മാ അമൃതം ഗമയ' എന്നാൽ അജ്ഞതയിൽ നിന്ന് എന്നെ സത്യത്തിലേക്ക് നയിക്കുന്നു, ഇരുട്ടിൽ നിന്ന് എന്നെ വെളിച്ചത്തിലേക്ക് നയിക്കുന്നു, മരണത്തിൽ നിന്ന് എന്നെ അമർത്യതയിലേക്ക് നയിക്കുന്നു. പ്രകാശത്തെ അഗ്നിയുടെ പവിത്രമായ അഗ്നികളിലേക്കും സൂര്യദേവനായ സൂര്യൻ്റെ പ്രകാശത്തിലേക്കും ബന്ധിപ്പിക്കുന്ന ജ്യോതിയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥ വ്യാഖ്യാനങ്ങളുണ്ട്.

പഞ്ചമഹാഭൂതങ്ങൾ - ഭൂമി, ജലം, അഗ്നി, വായു, സ്ഥലം എന്നിവ ബ്രഹ്മത്തിൽ നിന്ന് പുറപ്പെടുന്നു; അവ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഊർജ്ജവും ഉൾക്കൊള്ളുന്ന സർവ്വവ്യാപിയായ കോസ്മിക് ബോധമാണ് - തൈത്തിരിയ ഉപനിഷത്ത് 2.1. യോഗകുണ്ഡലിനി ഉപനിഷത്ത് കൂട്ടിച്ചേർക്കുന്നു, ഒരു വ്യക്തിയുടെ ശരീരം മാരകമായ മരണം കണ്ടതിന് ശേഷം, അവൻ അല്ലെങ്കിൽ അവൾ 'ശരീരം നഷ്ടപ്പെട്ട അവസ്ഥയിൽ എത്തുന്നു, അതിനുശേഷം ആ വ്യക്തി വായുവിലൂടെ സഞ്ചരിക്കുന്നതുപോലെ ശരീരം ഉപേക്ഷിക്കുന്നു. വിമോചിതമായ 'സ്വയം' എത്തിച്ചേരുന്ന ഏറ്റവും ഉയർന്ന പ്രകാശം പ്രകൃതിയാൽ ദൈവികമാണ്. ഹിന്ദുമതത്തിൽ ദൈവികത പല പേരുകളിൽ അറിയപ്പെടുന്നു. എന്നിരുന്നാലും, ആത്മീയ പാരമ്പര്യം വ്യക്തമാണ്, നമ്മൾ ഐക്യത്തെ വൈവിധ്യത്തിൽ കാണുന്നുവെന്നും ഇവ ഒരു ദൈവിക യാഥാർത്ഥ്യത്തിൻ്റെ പ്രകടനങ്ങളാണെന്നും വ്യക്തമാണ്. നാരദപരിവ്രാജക ഉപനിഷത്ത് ഈ ദിവ്യത്വം 'ഉന്നതമായതിനെക്കാൾ ഉയർന്നതാണ്, മഹത്തായതിനെക്കാൾ വലുതാണ്, സ്വാഭാവികമായും ഉജ്ജ്വലമാണ്.' സ്കന്ദ ഉപനിഷത്ത് ഇതിനെ എല്ലാ പ്രകാശങ്ങളുടെയും പ്രകാശം എന്ന് പരാമർശിക്കുന്നു.

പുരാണത്തിൽ, ഈ സൃഷ്ടിപരമായ പ്രക്രിയയെ ശിവൻ്റെ ദിവ്യ കുടുംബം പ്രതീകപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയായ പാർവതി, മക്കളായ ഗണേശൻ, സ്കന്ദ എന്നിവരെ കൂടാതെ, ഒരു മകളായ ജ്യോതി ദേവിയെയും സാങ്കൽപ്പികമായി പരാമർശിക്കുന്നു.

3. മനസാ

സർപ്പമാതാവായ കദ്രുവിനാൽ നിർമ്മിക്കപ്പെട്ട ഒരു പ്രതിമയിൽ ശിവാംശം വീണപ്പോളുണ്ടായതാണ് മനസാ എന്ന് പറയപ്പെടുന്നു. ശിവപുത്രിയാണെങ്കിലും പാർവ്വതിയുമായി ബന്ധമൊന്നുമില്ല. 

അച്ഛനായ ശിവനിൽ നിന്നും, ഭർത്താവിൽ നിന്നും, രണ്ടാനമ്മയായ പാർവ്വതിയിൽ നിന്നും അവഗണനകൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന മനസാ എപ്പോഴും ദേഷ്യഭാവം കൈക്കൊണ്ടിരുന്നൂ. മനസായെ കൂടുതൽ ആരാധിക്കുന്നത് ബംഗാളിലാണ്. 

പക്ഷേ രൂപരഹിതമാണ്. എന്നാൽ ചിലയിടത്ത് സർപ്പാകൃതിയിലും, ചിലേടത്ത് മൺകലത്തിൻ്റെ രൂപത്തിലും, മറ്റ് ചിലയിടങ്ങളിൽ വൃക്ഷ ശിഖരത്തിൻ്റെ രൂപത്തിലും ആരാധിച്ചുവരുന്നു. പാമ്പുകടിയിൽനിന്നും പകർച്ചവ്യാധികളിൽനിന്നും രക്ഷനേടാൻ മനസാദേവിയെ ആരാധിക്കാറുണ്ട്.

ഉണ്ണിയാർച്ച

ഉണ്ണിയാർച്ച

വടക്കൻപാട്ടിലെ വീര നായികയായ ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ പഴയ കോലത്തുനാട്ടിലെ( വടകര) കടത്തനാട് എന്ന നാട്ടുരാജ്യത്താണ് ജീവിച്ചിരുന്നത്,
1549 ൽ 'പുത്തൂരംവീട്' എന്ന തിയ്യ തറവാട്ടിൽ കണ്ണപ്പചേകവരുടെ മകളായി ഉണ്ണിയാർച്ച ജനിച്ചു, പുത്തൂരം കളരിയിൽ അച്ചൻ്റെ ശിഷ്യണത്തിൽ സഹോദരൻ ആരോമൽചേകവർക്കൊപ്പം എല്ലാ കളരിമുറകളും അഭ്യാസങ്ങളും പയറ്റിതെളിഞ്ഞു ഉണ്ണിയാർച്ച, കരവാളിലും ഉറുമിയിലും വൈദഗ്ധ്യം നേടി, ഉണ്ണികണ്ണൻ എന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്,

കണ്ണപ്പചേകവർ തൻ്റെ സഹോദരി പുത്രനായ ചന്തുവുമായി ഉണ്ണിയാർച്ചയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു, എന്നാൽ ചന്തുവിൻ്റെ സ്വഭാവദൂഷ്യം കാരണം ഉണ്ണിയാർച്ചയ്ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല, ആരോമൽചേകവർ തൻ്റെ കൂട്ടുകാരനായ ആറ്റുംമണമ്മേൽ കുഞ്ഞിരാമനെ സഹോദരിക്കു വേണ്ടി ആലോചിച്ചു, ആർച്ചയ്ക്കും ആ ബന്ധം ഇഷ്ടമായിരുന്നു, അവൾ വിവാഹത്തിന് സമ്മതം മൂളി, അങ്ങനെ കുഞ്ഞിരാമനുമായി ഉണ്ണിയാർച്ചയുടെ വിവാഹം നടന്നു. ഇതോടെ ചന്തുവിന് ആരോമലിനോട് കടുത്ത പ്രതികാരം മനസിൽ ഉണ്ടായി.

ഭർതൃവീടായ ആറ്റുമണമ്മേൽ വെച്ച് ഉണ്ണിയാർച്ചയ്ക്ക് അല്ലിമലർക്കാവിൽ കൂത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് കൂത്ത് കാണാൻ മോഹം ഉണ്ടായി, ഇത് ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞപ്പോൾ അവർ എതിർത്തു, കാരണം നാദാപുരത്തങ്ങാടിയിൽ കൂടി വേണം ക്ഷേത്രത്തിലേക്ക് പോകാൻ, നാദാപുരം കവലയിൽ നൂറുകണക്കിന് ജോനകർമാർ (കാക്കാൻമാർ) കൊള്ളയും കൊലയുമായി തമ്പടിച്ചിട്ട് വർഷങ്ങളായി, അവർക്ക് ഒരു മൂപ്പനും ഉണ്ട്, കുടുംബത്തോടെ വരുന്നവരെ കൊള്ളയടിച്ച് ആണുങ്ങളെ കൊല്ലുകയും സ്ത്രികളെ തട്ടികൊണ്ട് പോയി അടിമകളാക്കുകയും ചെയ്യുന്നു, നാട്ടുപ്രമാണിമാർക്കും കടത്തനാട്ട് രാജാവിനു പോലും ഇതുവരെ ആ കാക്കാൻമാരെ അവിടെ നിന്ന് തുരത്താൻ കഴിഞ്ഞിട്ടില്ല'

ഇത് കേട്ടതും ആർച്ചയ്ക്ക് വാശി കൂടി, ' എങ്കിൾ ഞാൻ അതു വഴി തന്നെ പോകു " കാക്കാൻമാരുടെ ശല്യം ഇന്നത്തോടെ തീർത്ത് തരാം''

കുഞ്ഞിരാമൻ ഭയന്ന് പോയി, പോകരുത് എന്ന് പറഞ്ഞിട്ടും ആർച്ച ഉറുമിയെടുത്ത് പുറപ്പെട്ടു. മനസില്ലാ മനസ്സോടെ പിന്നാലെ പതിയെ കുഞ്ഞിരാമനും പുറപ്പെട്ടു,

"മുടിമേലെ കെട്ടിവെച്ച് 'കച്ചകെട്ടി' സർവ്വാഭരണ വിഭൂഷിതയായി മന്ദം മന്ദം നടന്ന് വരുന്ന ആ സ്ത്രിയെ കണ്ട് കാക്കാൻമാർക്ക് കൊതിയായി .. " നിറയെ പൊന്നുണ്ട് 'കാണാനും അതിസുന്ദരി' ഇന്നത്തെ കാര്യം കുശാലായി 'അവളെ നമുക്ക് മൂപ്പന് കാഴ്ചവെയ്ക്കാം എന്ന് പറഞ്ഞു കൊണ്ട് ജോനകർമാർ ഉണ്ണിയാർച്ചയെ വളഞ്ഞു!
ഇത് കണ്ട് പിന്നാലെ വന്ന കുഞ്ഞിരാമൻ ഭയന്നു വിറച്ചു. അപ്പോൾ രാമനെ നോക്കി ആർച്ച പറയുന്ന ചൊല്ല് വളരെ പ്രശസ്തമാണ്.
" പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
ആയിരം വന്നാലും കാര്യമില്ല
പുത്തൂരം വീട്ടിലെ പ്പെണ്ണുങ്ങളും
ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?"

പുത്തൂരം വീട്ടിൽ ആരോമൽചേകവരുടെ പെങ്ങളാണു ഞാൻ എന്ന് പറഞ്ഞ് കൊണ്ട് ഉണ്ണിയാർച്ച അരയിൽ ചുറ്റിയ ഉറുമിയെടുത്തൊന്ന് വീശീ - ..! നാലുപാടും ചിതറിയോടി കാക്കാൻമാർ, ചിലർ ഭയന്ന് നിലവിളിച്ച് ഓടിയൊളിച്ചു'
ഉറുമി പിടിച്ച എൻ്റെ കൈയുടെ തരിപ്പ് തീരണില്ലാ.. ഇനിയും ആയിരം വരട്ടെ.' കലിപൂണ്ട ഉണ്ണിയാർച്ചവെല്ലുവിളിച്ചു,
 സംഭവം അറിഞ്ഞെത്തിയ മൂപ്പൻ ആർച്ചയുടെ കാലിൽ വീണ് മാപ്പപേക്ഷിച്ചു,
"ഇനി കൊള്ളയും കൊലയുമായി നടക്കരുതെന്നും സ്ത്രികളെ അപമാനിക്കരുതെന്നും മൂപ്പനെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് ഉണ്ണിയാർച്ച അവരെ അവിടെ നിന്നും ഓടിച്ചു വിട്ടു, അതിനു ശേഷം നാദാപുരം കവലയിൽ കൂടി സ്ത്രീകൾ നിർഭയത്തോടെ നടന്നു,

ഈ സംഭവത്തോടെ ഉണ്ണിയാർച്ചയുടെ ഖ്യാതി മലയാളദേശം മുഴുവനും പരന്നു, അവൾ പെൺകരുത്തിൻ്റെയും വീര്യത്തിൻ്റെയും പര്യായമായി മാറി, കടത്തനാട്ട് രാജാവ് പട്ടും വളയും നേരിട്ടെത്തി സമർപ്പിച്ച് ഉണ്ണിയാർച്ചയെ ആദരിച്ചു,

ദേശത്തെ നാടുവാഴി മരണപ്പെട്ടപ്പോൾ അടുത്ത അവകാശത്തിനായി മരുമക്കൽ തമ്മിൽ വയസ്സ് മൂപ്പ് തർക്കമായി, രണ്ട് ചേകവൻമാരെ വെച്ച് അങ്കം വെട്ടി ജയിക്കുന്ന ആൾക്ക് അടുത്ത നാടുവാഴി ആകാം എന്ന് കടത്തനാട്ട് രാജാവ് കല്പിച്ചു: ഒരാൾ അങ്കവിദ്യയിലും ചതിപ്രയോഗങ്ങളിലും കേമനായ അരിങ്ങോടർ ചേകവരെ സമീപിച്ചു, മറ്റെയാൾ ആരോമൽചേകവരെയും, അങ്ങനെ ആരോമൽ അരിങ്ങോടരുമായി അങ്കം കുറിച്ചു, അച്ചൻ പറഞ്ഞതനുസരിച്ച് ചന്തുവിനെ അങ്കത്തിന് സഹായിയായി ആരോമൽ കൂടെ കൂട്ടി,

അങ്കത്തട്ടിൽ അരിങ്ങോടർ എല്ലാ ചതിപ്രയോഗങ്ങളും നടത്തി. എന്നാൽ സത്യവും ധർമ്മവും ഉള്ള ആരോമൽ അങ്കം ജയിച്ചു "
അങ്കം ജയിച്ചതളർച്ചയിൽ ആരോമൽ ' ചന്തുവിൻ്റെ മടിയിൽ അല്പനേരം തല വെച്ച് കിടന്നു 'എന്നാൽ മുൻ വൈരാഗ്യമുള്ള ചതിയൻ ചന്തു മടിയിൽ തല വെച്ച് മയങ്ങുന്ന ആരോമൽചേകവരെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊലപ്പെടുത്തി...!

ചതിയനായ ചന്തുവിൻ്റെ തല വെട്ടി പുത്തൂരം വീടിൻ്റെ പടിപ്പുരയിൽ വെച്ചീട്ടേ ഇനി മുടി കെട്ടുകയൊള്ളുവെന്ന് ഉണ്ണിയാർച്ച ശപദം ചെയ്തു, " ആർച്ചയെ പേടിച്ച് ചന്തു നാടുവിട്ടോടി... അരിങ്ങോടരുടെ വീടിനു ചുറ്റും വലിയ കോട്ട കെട്ടി അവിടെ താമസിച്ചു, ഉണ്ണിയാർച്ചയെ ഭയന്ന് അവൻ ആ കോട്ട വിട്ട് ഒരിക്കലും പുറത്ത് വന്നില്ല:

വർഷങ്ങൾക്ക് ശേഷം ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി' അമ്മാവൻ്റെ മകനായ കണ്ണപ്പനുണ്ണിയുമായി ചേർന്ന് കോട്ട പൊളിച്ച് അകത്ത് കടന്ന് ചതിയൻ ചന്തുവിൻ്റെ തല വെട്ടി അരിഞ്ഞെടുത്ത് പുത്തൂരം തറവാടിൻ്റെ പടിപ്പുരയിൽ വെച്ച് 'ഉണ്ണിയാർച്ച അമ്മയുടെ ശപദം നിറവേറ്റി "
" ശത്രുവിൻ്റെ മുമ്പിൽ പിന്തിരിഞ്ഞ് ഓടാതെ നേരിട്ട് വെട്ടി മരിക്കുന്നതാണ് അഭികാമ്യമെന്നും 'കീഴടങ്ങി ഒളി വാളുകൊണ്ട് മരിച്ചു വീഴുന്നത് മരണത്തെക്കാളും ദുഷ്ക്കരവും അപമാനവുമാണെന്ന് 'ഉണ്ണിയാർച്ചയുടെ വാക്കുകൾ "

1620 ൽ 71 മത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കേരളത്തിൻ്റെ പെൺസിംഹം ഉണ്ണിയാർച്ച അന്തരിച്ചു :

(ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ പേരും പറഞ്ഞ് ഇന്ന് പലരും പല ചരിത്രകഥയെ തിരുത്തിയും, നുണകൾ എഴുതി, ഇല്ലാത്തതിനെ കൂട്ടി ചേർക്കുകയും ഉള്ളതിനെ മായ്ച്ച് കളയുകയും ചെയ്യുന്നുണ്ട്, ഉണ്ണിയാർച്ചയുടെ പേരിൽ പല നുണ കഥകളും പ്രചാരത്തിലുണ്ട്, ടിപ്പു ആർച്ചയെ തട്ടിക്കൊണ്ട് പോയീന്നു മറ്റും .. ഉദാ. നമ്മൾ എം ടിയുടെ വടക്കൻ വീരഗാഥയും കണ്ടതാണ്, ഗൂഗിളിലും യൂട്യൂബിലും പല നുണ പ്രചരിപ്പിക്കുന്നുണ്ട്, അത്തരം നുണകൾ വായിച്ചവരും കണ്ടവരും ഈ ചരിത്ര കഥയെ വിമർശിക്കാൻ വന്നാൽ അവർ മറുപടി അർഹിക്കുന്നില്ല എന്ന് മുൻകൂട്ടി പറയുന്നു.


തച്ചോളി ഒതേനൻ

തച്ചോളി ഒതേനൻ

തച്ചോളിമേപ്പേലേ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ...
ലോകനാർക്കാവിലെ അമ്മയാണേ
മുങ്ങി കുളിക്കാൻ കുളവും കണ്ട് ..
അരയാൽ തറ മേല് ഇരുന്നു അമ്മ
തച്ചോളിലുണ്ടൊരു പെണ്ണുംപ്പിള്ള...
ഒതേനന് ആറേഴു മാസല്ലള്ളു...
ഓള് കുളിക്കാൻ വരുന്നേരത്ത്...
അമ്മോട് ഇങ്ങനെ ചോദിച്ചല്ലോ
തന്നയിരിക്കുന്നതെന്തിന്നമ്മേ ..
ദാഹിച്ചീട്ടാണെന്ന് ചൊല്ലിയമ്മ '
കുഞ്ഞനൊരുത്തേലും വയ്പ്പാനില്ല..
കുഞ്ഞനെ ഈ തറ മേല് വയ്ക്കങ്കടോ..
കുഞ്ഞി വന്ന് പാല് കൊടുത്തമ്മയ്ക്ക്...
അന്നേരം അമ്മ പറഞ്ഞോളോടൊന്ന്...
എന്നെ നീ തറ മേല് വിട്ടിട്ടാണോ ...
ചീന്തോല കൊണ്ടന്ന് കെട്യ വള്
അപ്പോൾ പറയുന്നു കാവിലമ്മ
'നീ കെട്ടിയ പന്തലിൽ ഇരിക്കൂലാന്ന്..
നിൻ്റെ മോൻ അങ്ങനെ കെട്ടണന്ന് ..
ഒതേനൻ്റെ കൈയും പിടിച്ചിട്ടാണേ
ഓലോണ്ട് പന്തല് കെട്ടോണ്ടല്ലോ..
' മൂന്നോളം കൊല്ലങ്ങൾ കാവിലമ്മ
ചീന്തോല പന്തലിൽ ഇരുന്നങ്ങനെ ..
ഒതേനന് അഞ്ച് വയസായാവേ..
ഓലകൊണ്ട് അമ്പലം കെട്ടിണച്ചു..
ഒതേനന് ഒൻപത് വയസായാവേ..
ഓലപ്പുര നീക്കി ഓടിടിച്ചു..
ഒതേനന്പതിന്നാല് വയസായാവേ..
ഇന്നത്തെ ചെമ്പും ച്ചോട്ടിൽ ഇരുന്നീടുന്നു ..
അങ്ങനെ വളർന്നൊരു കുഞ്ഞതേനൻ...
തച്ചോളി മാണിക്കോത്ത് തറവാട്ടിന്ന് ...
ഓണം തിരുവോണം നാളായീട്ട്
ചമയങ്ങളൊക്കെ ചമഞ്ഞിറിങ്ങി...

പതിനാറാം നൂറ്റാണ്ടിൽ വടകരയിലെ കടത്തനാട്ടിലാണ് ഒതേനൻ ജീവിച്ചിരുന്നത്, യഥാർത്ഥ പേര് തച്ചോളി ഒതേനൻ നായനാർ, (കളരി അഭ്യാസികൾക്ക് കുറുപ്പ് എന്ന സ്ഥാനപേരുള്ളതു കൊണ്ട് ഒതേനക്കുറുപ്പ് എന്ന പേരിലും അറിയപ്പെടുന്നു), 
തച്ചോളി മേപ്പയിൽ മാണിക്കോത്ത് തറവാട്ടിലെ ഉപ്പാട്ടിയമ്മയെ പുതുപ്പണം ദേശവാഴി ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തുമൂപ്പിൽ വാഴുന്നോർ: AD 1584 ) സംബന്ധം കഴിച്ചു, 
ഈ ബന്ധത്തിൽ കോമക്കുറുപ്പുംഒതേനനും ഉണിച്ചാറ എന്ന മകളും ഉണ്ടായി, ദേശവാഴിയുടെ മകനായിട്ടും ദാരിദ്രത്തിലായിരന്നു ഒതേനൻ്റെ കുട്ടിക്കാലം, ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകര വാഴുന്നോർ വല്യ ശ്രദ്ധയൊന്നും കാട്ടിയില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലുവിറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത്,
കേരളത്തിൻ്റെ പുരാതന ആയോധനകലയായ കളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ ഒതേനൻ അഭ്യസിച്ചു തുടങ്ങി, ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു, 
അങ്ങനെ കഴിവു കൊണ്ടും സാമർത്യം കൊണ്ടും കടത്തനാട്ട് രാജാവിൻ്റെ പടത്തലവനായി തച്ചോളി ഒതേനൻ, " ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വടക്കൻപാട്ടിൽ വാഴ്ത്തുന്നു"
ശക്തനായ കോഴിക്കോട് സാമൂതിരി രാജാവ് പ്പോലും തച്ചോളി ഒതേനനെ ബഹുമാനിച്ചിരുന്നു,

കടത്തനാട്ട് രാജാവിൻ്റെ മകൾ കുഞ്ഞികന്നിയോട് ഒതേനന് ഇഷ്ടമുണ്ടായിരുന്നു, 
എന്നാൽ കാവിൽചാത്തോത്ത് തറവാട്ടിലെ കുഞ്ഞികുങ്കിയെ ആളറിയാതെ ആക്ഷേപിച്ച് കളിയാക്കിയതിൽ ഒതേനന്' മന:പ്രയാസവും ദു:ഖവും ഉണ്ടായി, പ്രായശ്ചിത്തമായി കുങ്കിയെ ഒതേനൻ വിവാഹം കഴിക്കുന്നു, എന്നാൽ കുങ്കിയെ സംബന്ധം ആലോചിച്ചിരുന്ന പരുന്തുങ്കൽ എമ്മൻകിടാവ് പണിക്കർക്ക് ഇത് അറിഞ് ഒതേനനോട് കടുത്ത പക തോന്നുന്നു, കുങ്കിയിൽ ഒതേനന് അമ്പാടി എന്ന മകൻ ജനിച്ചു;

കടത്തനാട്ട് രാജകുമാരി കുഞ്ഞികന്നിയെ പൊന്നാപുരം കോട്ട കേളുക്കുറുപ്പ് തട്ടിക്കൊണ്ടു പോകുന്നു, ഒതേനൻ കടത്തനാട്ടു പടയുമായി ചെന്ന് പൊന്നാപുരം കോട്ടപിടിച്ചടക്കി, 
കേളു മൂപ്പനെ വധിച്ച് രാജകുമാരിയെ രക്ഷിച്ചു,

പയ്യനാടൻ ചിണ്ടൻ നമ്പ്യാർ, പുറമാല നമ്പിക്കുറുപ്പ് ,
പുന്നോറൻ കേളപ്പൻ എന്നീ വീരയോദ്ധാക്കളെയും ഒതേനൻ പടക്കളത്തിൽ വധിച്ചിട്ടുണ്ട്, മുപ്പത്തിരണ്ട് വയസിനുളളിൽ അറുപത്തിനാല് അങ്കം ജയിച്ച വീരനായകനായിരുന്നു തച്ചോളി ഒതേനൻ.

ഒതേനൻ്റെ വളർച്ചയിൽ കതിരൂർ ഗുരുക്കൾക്ക് കടുത്ത അസൂയയായിരുന്നു, അങ്ങനെയിരിക്കെ ലോകനാർകാവിലെ ഉത്സവത്തിൻ്റെ അന്ന് ഗുരുക്കളും ഒതേനനും തമ്മിൾ ചെറിയ വാഗ്വാദം ഉണ്ടാകുന്നു, അഹങ്കാരിയായ കതിരൂർ ഗുരുക്കൾ കടത്തനാടിനോട് അങ്കം കുറിക്കുന്നു, കതിരൂർദേശവും കടത്തനാടും തമ്മിൽ പൊന്നിയംപാടത്ത് വെച്ചാണ് അങ്കം നടന്നത്, പൊന്നിയത്തങ്കത്തിൽ വെച്ച് കടത്തനാട്ട് പടത്തലവൻ തച്ചോളി ഒതേനൻ പൂഴിക്കടകൻ പ്രയോഗിച്ച് ഗുരുക്കളെ വധിക്കുന്നു, കടത്തനാട് അങ്കം ജയിച്ചു.
പട ജയിച്ച് ആർപ്പുവിളികളുമായി തിരിച്ച് വരുമ്പോൾ താൻ പടക്കളത്തിൽ കഠാര വെച്ച് മറന്നതായി ഒതേനൻ പറഞ്ഞപ്പോൾ 'പടക്കളത്തിലേക്ക് തിരിച്ച് പോകുന്നത് നല്ലതല്ല എന്നും പോകരുത് എന്നും ഏട്ടൻ കോമക്കുറുപ്പ് പറഞ്ഞു,
പട ജയിച്ചവൻ പടക്കളത്തിൽ കഠാര മറന്നു വെച്ചു എന്ന് കേൾക്കുന്നത് നാണകേടാണെന്ന് പറഞ്ഞ് ഒതേനൻ തിരിക്കുന്നു.

പൊന്നിയത്ത് ഒതേനൻ്റെ കഠാര കാണാനിടയായ എമ്മൻ പണിക്കർ 'അഭിമാനിയായ ഒതേനൻ കഠാര എടുക്കാൻതിരിച്ച് വരുമെന്നും അപ്പോൾ ചതിയിൽ വീഴ്ത്താമെന്നും കരുതി കൊള്ളക്കാരനായ മായൻകുട്ടി മുസലിയാരെ ഏർപ്പാടാക്കുന്നു,
പടക്കളത്തിൽ എത്തി കഠാരയെടുത്ത് മടങ്ങാൻ നേരം മറയത്തു നിന്ന മായൻകുട്ടി ഒതേനനെ നാടൻ തോക്കു കൊണ്ട് മാറിൽ വെടിവെച്ചു, അപ്പോൾ തന്നെ തിരിഞ്ഞ് ചതിയൻ മായിൻകുട്ടിയെ കത്തിയെറിഞ്ഞ് ഒതേനൻ വധിച്ചു,

തച്ചോളി തറവാട്ടിലേക്ക് പോകാൻ പല്ലക്ക് ഏർപാടാക്കിയെങ്കിലും ഒതേനൻ അതിൽ കയറിയില്ല.
"എൻ്റെ കടത്തനാട് രാജ്യത്തിൻ്റെ മണ്ണിലൂടെനടക്കണം, കടത്തനാട്ടിലെ വീര്യം വിളഞ്ഞ മണ്ണ് ... 
വീരയോദ്ധാക്കളുടെ രക്തം വീണ മണ്ണ് ... 
എൻ്റെ ലോകനാർകാവിലമ്മ കുടികൊള്ളുന്ന മണ്ണ്.''
പാതി വഴിയിൽ വെച്ച് വിശ്രമിക്കാൻ ഇരുന്നപ്പോൾ ഒരു പിടി മണ്ണുവാരിനെഞ്ചോടു ചേർത്തു പിടിച്ചു ഒതേനൻ,
സന്തതസഹജാരിയായ കണ്ടാച്ചേരി ചാപ്പനും ആത്മമിത്രമായ പയ്യംവെള്ളി ചന്തുവും കൂടി താങ്ങി പിടിച്ച് ഒതേനനെ തച്ചോളി കോലായിൽ കിടത്തി, എല്ലാവരെയും പേരെടുത്ത് വിളിച്ച് ഒതേനൻ സംസാരിച്ചു, അമ്പാടി മോന് തൻ്റെ കഠാര നല്കി അനുഗ്രഹിച്ചു, ഒടുവിൽ നേർപെങ്ങൽ ഉണിച്ചാറയോട് "പെങ്ങളെ ഏട്ടന് ദാഹിക്കുന്നു 'ഉണിച്ചാറ വേഗം പാല് കൊണ്ടുവന്നു ഒരു തുള്ളി വായിൽ ഒഴിച്ച് കൊടുത്തു, രണ്ടാമതും ഒഴിച്ചപ്പോൾ വളരെ ശ്രമപ്പെട്ട് കുടിച്ചു, മൂന്നാമത് ഒഴിക്കും മുമ്പേ '
"എൻ്റെ ലോകനാർക്കാവിലമ്മേ ...." എന്ന് അവസാനമായി ഉച്ചരിച്ചു കൊണ്ട് വീരൻ കണ്ണടച്ചു ....!

തച്ചോളി മേപ്പേലെ കുഞ്ഞതേനൻ
ലോകനാർകാവിലെ കുഞ്ഞനല്ലോ..


 

പഴയന്നൂര്‍ ക്ഷേത്രം

പഴയന്നൂര്‍ ക്ഷേത്രം [കോഴി അമ്പലം]

കോഴികളേ, നിങ്ങൾക്കുമുണ്ട് ഒരു ക്ഷേത്രം, ഒരഭയകേന്ദ്രം. കേരളത്തിന്റെ തീന്മേശകളിൽ ഇന്ന് ഏറ്റവും കൂടുതൽ രക്തസാക്ഷികളാകുന്നത്, കോഴിവംശമാണെന്നിരിക്കെ, ഇതാ തൃശ്ശൂർജില്ലയിൽ, ഗായത്രിപ്പുഴ അരികുചേർന്നൊഴുകുന്ന പഴയന്നൂരിൽ പുരുഷകുക്കുടങ്ങളെ സ്നേഹാദരപൂർവ്വം സംരക്ഷിക്കുന്ന ഒരു പ്രശസ്ത ക്ഷേത്രപരിസരം.

ഇന്ന് നാട്ടിടവഴികളിൽക്കൂടി വൈകുന്നേരങ്ങളിൽ നടക്കുമ്പോൾ പോലും അഗ്നിയിൽ ഹോമിക്കപ്പെടുന്ന. പച്ചമാംസത്തിന്റെ തീഷ്ണതമോഗന്ധം
അസഹനീയം. കനലെരിയുന്ന ഒരു ശ്മശാനത്തിന്റെ മധ്യത്തിലൂടെ നടന്നുപോകുന്ന അനുഭവമാണ് അങ്ങാടികളിലൂടെയുള്ള സന്ധ്യാ നടത്തം.

പുതുതലമുറയുടെ ഈ കുക്കുടസേവ. ആർത്തി... ആവേശം.. അതിന്റെ ഉത്തുംഗ പാരമ്യത്തിൽ എത്തിനിൽക്കുന്ന
ഇക്കാലത്ത് അവയെ ജീവന്റെ ഈ സ്പന്ദനങ്ങളെ ഈശ്വരസാന്നിധ്യമായി സങ്കൽപ്പിച്ച്, സഹാനുഭൂതിയോടെ, ആദരവോടെ 
പോറ്റി വളർത്തുന്ന അസാധാരണമായ ഒരു സഹജീവിസഹവാസമാണ് ഈ ക്ഷേത്രത്തിലെ വിസ്മയക്കാഴ്ച്ച.!

ചുറ്റമ്പലത്തിനകത്ത്തും, സോപാനസമീപത്തും ക്ഷേത്ര പരിസരമാകെത്തന്നെ ഭയലേശമന്യേ ഈ
അരുമപ്പക്ഷികൾ.,
 ഈ അമ്പലവാസികൾ. ആഹ്ലാദിച്ചു നടക്കുന്നു.

കൊടുങ്ങല്ലൂരമ്മയുടെ സഹോദരീസങ്കല്പത്തിലുള്ള ഈ ക്ഷേത്രപരിസരത്തിൽ, ഭരണിപ്പാട്ട് നിരോധിതമാണ്.. കൊടുങ്ങല്ലൂരിൽ കോഴിഹത്യ ക്ഷേത്രാചാരമായിരുന്നെങ്കിൽ, ഇവിടെ ഈ കുക്കുടക്കൂട്ടങ്ങൾ പൂജനീയരാണ്. 

അങ്ങിനെ ഏതു യുക്തിബോധത്തേയും തോൽപ്പിക്കുന്ന. ആത്മീയതയുടെ, ഉൽകൃഷ്ടവും ഉദാത്തവും ഉന്നതവുമായ ഈ ലോകോത്തര മാതൃക.!

ഈ അസാധാരണമായ നന്മ, കാരുണ്യം. അതെല്ലാം ലോകശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. മാധ്യമങ്ങൾ തിരിച്ചറിയേണ്ടതാണ്.! അനിമൽ പ്ലാനറ്റ് പോലുള്ള സാർവ്വദേശീയ ചാനലുകളിൽ വാർത്തയും കാഴ്ച്ചയുമായി, ജനങ്ങളിൽ എത്തിക്കേണ്ടതാണ്.

ഭക്തിയും പ്രകൃതിസ്നേഹവും സമന്വയിക്കുന്ന
അപൂർവ്വമായൊരിടം..

കോഴികളേ, നിങ്ങൾക്കുമുണ്ടൊരു അമ്പലം...!!!
കനവ് പെയ്യുന്ന സ്നേഹർദ്രമായൊരിടം..

കൊച്ചി രാജവംശത്തിലെ രാജാവ് മനക്ലേശം കാരണം കാശിക്ക് പോവുകയും അവിടെ പുരാണപുരി എന്ന സ്ഥലത്തെ ഭഗവതി ക്ഷേത്രത്തിൽ ഭജനമിരുന്നു ദേവിയെ പ്രസാദിപ്പിച്ചു കൂടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം എന്ന് ഐതീഹ്യങ്ങളിൽ പറയുന്നു. പുരാണപുരി മലയാളീകരിച്ച് പഴയന്നൂർ ആയതാണ് എന്നാണ് വിശ്വാസം. ദേവി ഒരു പൂവൻകോഴിയുടെ രൂപത്തിലാണത്രേ അവിടെ നിന്നും രാജാവിനോടൊപ്പം വന്നത്. അന്നിവിടെ പള്ളിപ്പുറത്ത് മഹാവിഷ്ണുക്ഷേത്രം മാത്രമാണുണ്ടായിരുന്നത്. ഒരു ബാലികയുടെ രൂപത്തിൽ തിടപ്പള്ളിയിൽ കയറി ഭഗവതി ഭക്ഷണം ചോദിച്ചു എന്നും പെട്ടെന്ന് ദേവി അപ്രത്യക്ഷയായി എന്നുമാണ് ഐതീഹ്യം. അതിനാൽ തിടപ്പള്ളിയോട് ചേർന്ന് പുറത്താണ് ദേവിയുടെ ശ്രീകോവില്‍. രാവിലെ 4.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 8 മണി വരെയും ക്ഷേത്രം തുറന്നിരിക്കും. മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്. അതിന് എട്ടു ദിവസം മുൻപ് കൊടിയേറ്റ്. ആ ദിവസങ്ങളിൽ കഞ്ഞിയും പുഴുക്കും ഭക്തർക്ക് നൽകുന്നു. എല്ലാ മാസവും തിരുവോണം നക്ഷത്രത്തിന് അന്നദാനം ഉണ്ട്.

മേടം മാസത്തില്‍ നാല് ദിവസം നങ്ങ്യാർകൂത്ത് പതിവുണ്ട്. കർക്കടകത്തിൽ രാമായണമാസാചരണം. ചിങ്ങത്തിൽ തിരുവോണത്തിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട്. കന്നിയിൽ നവരാത്രി ആഘോഷം. തുലാം അവസാന വെള്ളിയാഴ്ച നിറമാല ആഘോഷം. വൃശ്ചികത്തിൽ മണ്ഡലമാസാചരണം. കുംഭത്തിൽ മൂലം നക്ഷത്രത്തിൽ മൂലം ഊട്ട് (സദ്യ). യാഗം നടത്തുന്ന ബ്രാഹ്മണർക്ക് ദക്ഷിണ കൊടുത്തു ക്ഷേത്രം ഭാരവാഹികളും ഭക്തരും നമസ്കരിക്കുന്നു.

അന്നദാനം വഴിപാട് കഴിക്കുന്നത് വിശേഷമാണ്. ഇവിടത്തെ പ്രസാദ ഭക്ഷണം കഴിക്കുന്ന ഭക്തന്റെ സകല മനക്ലേശവും ഭഗവതി ഒഴിവാക്കി കൊടുക്കുന്നു. ഭഗവതി ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടുള്ള രൂപത്തിലാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ മഹാവിഷ്ണുവിനെ നരസിംഹ സങ്കൽപത്തിലാണ് പൂജിക്കുന്നത്. പ്രഹ്ലാദന് അനുഗ്രഹം കൊടുക്കുന്ന ശാന്തസ്വരൂപനാണ് ഭഗവാൻ. കുട്ടികൾ ഇല്ലാത്തവർ കുട്ടിയുണ്ടായാൽ തൊട്ടിലിൽ കുട്ടിയെ ഇവിടെ കൊണ്ടുവന്ന് കിടത്താം എന്ന് നേർന്നാൽ കുട്ടികൾ ഉണ്ടാകും എന്നാണ് വിശ്വാസം.

കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ തൃശൂർ ജില്ലയിൽ തൃശൂർ പാലക്കാട് ഹൈവേയിലാണ് പഴയന്നൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ ആൽത്തറയും കോഴിയുടെ പ്രതിമയും കാണാം. നൂറടി അകലെ ക്ഷേത്രഗോപുരവും കാണാം. കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും ഇവിടത്തെ പ്രധാന വഴിപാടാണ്. ധാരാളം പൂവൻകോഴികളെ ക്ഷേത്രപരിസരത്തും മതിലിനകത്തും കാണാം. ഇവിടെ കോഴിക്ക് അശുദ്ധിയില്ല. കൂകി തുടങ്ങും മുൻപ് കോഴിയെ സമർപ്പിക്കണം. ഒരു കോഴിയേയും വിൽക്കില്ല. എല്ലാത്തിനെയും വളർത്തുന്നു. കോഴിരൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും ഊട്ടുന്നതും ഇവിടെ മുഖ്യ വഴിപാടായി. കോഴി അമ്പലം എന്നും അറിയപ്പെടുന്ന ഇവിടേയും പരിസരത്തുമായി അഞ്ഞൂറോളം കോഴികൾ എപ്പോഴുമുണ്ടാവും.

ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവർ ഉപദേവതമാരാണ്. ക്ഷേത്രത്തിനു പുറത്ത് നാഗങ്ങളും ഉണ്ട്. ഈ ക്ഷേത്രത്തിൽ വരുന്നവർ ഇവിടെ അടുത്തുള്ള വേട്ടയ്ക്കാരൻ (ശിവ) ക്ഷേത്രത്തിലും കൂടി ദർശനം നടത്തിയാലേ ദർശനം പൂർത്തിയാകൂ എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മൂന്ന് ഭാഗത്തും കുളവുമുണ്ട്.

ഭഗവാന് പാൽ പന്തീരുനാഴി, ഭഗവതിക്ക് പന്തീരുനാഴി പായസം എന്നിവയും വിശേഷാൽ ചതുർശ്ശതം (200 നാളികേരം, 101കദളിപ്പഴം, 100 നാഴി അരി, 100 ഇടങ്ങഴി ശർക്കര, നെയ്യ് ചേർന്ന പായസം) വഴിപാടാണ്. ചതുർശ്ശതത്തിന്റെ എട്ടിലൊന്നാണ് പന്തീരുനാഴി പായസം.

ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഇവിടെ നിന്നും തീർഥം നൽകുന്ന പതിവ് പണ്ടുമുതലേ ഇല്ല. പഴയന്നൂർ ഭഗവതി കൊച്ചി രാജകുടുംബത്തിന്റെ പരദേവതയാണ്.


25 ശിരസുള്ള ശിവഭഗവാൻ

25 ശിരസുള്ള ശിവഭഗവാൻ

കാഞ്ചി കാമകോടി പീഠത്തിന്റെ 57-ാം ആചാര്യനായിരുന്ന ഗുരു പരമശിവേന്ദ്ര സരസ്വതിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു മഹാജ്ഞാനിയായ സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ....

സമാധി സ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള നെരൂരിലാണ്. ഇവിടെ അദ്ദേഹത്തിന് ഒരു വേദാന്ത ആശ്രമമുണ്ട്. "നെരൂർ ശ്രീസദാശിവ ബ്രഹ്മേന്ദ്ര സഭയാണ്" ഈ ആശ്രമം ഇപ്പോൾ പരിപാലിക്കുന്നത്.

ആശ്രമത്തിന്റെ കീഴിൽ വിശിഷ്ഠമായ ഒരു ശിവക്ഷേത്രം പ്രവർത്തിക്കുന്നുണ്ട്. സ്വാമിയുടെ സമാധിക്ക് മുൻപ് ഈ ക്ഷേത്രം അഗ്നീശ്വരം ക്ഷേത്രമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് തകർച്ചയുടെ വക്കിലെത്തി നിന്ന ഈ ക്ഷേത്രം സ്വാമീ മുൻകൈ എടുത്ത് പുനർ നിർമ്മിക്കുകയും അതിന്റെ അരികിലൊരു ആശ്രമം നിർമ്മിച്ചു താമസം ആരംഭിക്കുകയും ചെയ്തു.

പിന്നീട് 1756 ൽ സ്വാമി സമാധി ആയതിനു ശേഷം ഈ ക്ഷേത്രം സ്വാമിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നിത് അറിയപ്പെടുന്നത് സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം എന്നാണ്.

25 മൂർത്തി ഭാവങ്ങൾ

ഈ ക്ഷേത്രത്തിലെ മഹാദേവ പ്രതിഷ്ഠയ്ക്ക് 25 ശിരസുകളും, 50 കൈകളും, 75 കണ്ണുകളും ഉണ്ട്. മഹാദേവന് ഒരു മുഖത്ത് മൂന്നു കണ്ണുകൾ ഉണ്ടന്ന് കൂട്ടുകാർ ഓർക്കുമല്ലോ. ചുരുക്കത്തിൽ 25 ഭാവത്തിൽ മഹാദേവനെ ഈ ക്ഷേത്രത്തിൽ പൂജിക്കുന്നുണ്ട് എന്ന് സാരം.

01. ഭിക്ഷാടന മൂർത്തി.
02. നടരാജ മൂർത്തി.
03. ഏകപദ മൂർത്തി.
04. യോഗ-ദക്ഷിണാമൂർത്തി.
05. ലിംഗോഭവ മൂർത്തി.
06. കാമദഹന മൂർത്തി.
07. ത്രിപുരാന്തക മൂർത്തി.
08. മഹാകാലേശ്വര മൂർത്തി.
09. ജലന്ധരവത് മൂർത്തി.
10. ഗജാസുരസംഹാര മൂർത്തി.
11. വീരഭദ്ര മൂർത്തി.
12. കങ്കള ഭൈരവ മൂർത്തി.
13. കല്യാണസുന്ദര മൂർത്തി.
14. വൃഷഭാരൂഢ മൂർത്തി.
15. ചന്ദ്രശേഖര മൂർത്തി.
16. ഉമ- മഹേശ്വര മൂർത്തി.
17. ശങ്കരനാരായണ മൂർത്തി.
18. അർദ്ധനാരീശ്വര മൂർത്തി.
19. കിരാത മൂർത്തി.
20. ചന്ദേശ്വരനുഗ്രഹ മൂർത്തി.
21. ചക്രദാനേശ്വര മൂർത്തി.
22. സോമാനന്ദ മൂർത്തി.
23. ഗംഗാധര മൂർത്തി.
24. നീലകണ്ഠ-മഹേശ്വര മൂർത്തി.
25. സുഖാസന മൂർത്തി.

ഉത്സവം

എല്ലാ വർഷവും, തമിഴ് മാസമായ വൈകാശിയിൽ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ), പഞ്ചമി മുതൽ (അമാവാസി കഴിഞ്ഞ് അഞ്ചാം ദിവസം) 8 ദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു.

എത്തിചേരാനുള്ള മാർഗം

ബാംഗ്ലൂരിൽ നിന്ന് 340 കിലോമീറ്റർ ദൂരത്തിലാണ് കരൂർ. അവിടെ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലാണ് നെരൂർ സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാന താവളമാണ് അടുത്തുള്ള എയർപോർട്ട്.

സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ

അച്ഛൻ : മോക്ഷസോമസുന്ദരൻ.
അമ്മ : പാർവതി.
ജനനം : 17--)0 നൂറ്റാണ്ട്.
പൂർവ്വനാമം : ശിവരാമകൃഷ്ണൻ.
സ്ഥലം : കുംഭകോണം.
ഗുരു : പരമശിവേന്ദ്ര സരസ്വതി.
സമാധി : 1756.

25 December 2024

നാലു കാശ്

നാലു കാശ്

പിള്ളേര് ജോലി എന്തെങ്കിലും ചെയ്താല്‍, നാല് കാശു കുടുംബത്തില്‍ വരും. 

നാല് കാശു സമ്പാദിക്കാന്‍, മനുഷ്യര്‍ രാപ്പകല്‍ കഷ്ടപ്പെടുന്നു. 

കൈയിൽ നാല് കാശ് ഇല്ലെങ്കിൽ, ആർക്കും ഒരു വിലയും ഇല്ല.

ചിന്തിച്ചിട്ടുണ്ടോ എന്താ ഈ "നാല് കാശിന്റെ " സാംഗത്യം എന്ന് ??

എന്തു കൊണ്ട് 3 കാശ് അല്ലെങ്കിൽ 5 കാശ് എന്നു പറയുന്നില്ല.

പഴമക്കാരുടെ വിവരണം കേള്‍ക്കുമ്പോള്‍ മനസ്സിലാകും. 
 
ആദ്യത്തെ കാശ് കിണറ്റിലേക്ക് ഇടാൻ. 
 
രണ്ടാമത്തേത് പഴയ കടം വീട്ടാന്‍. 

മൂന്നാമത്തേത് ഭാവിയിലെ കടം വീട്ടാന്‍. 

നാലാമത്തേത് ഭാവിയിലേക്കുള്ള മൂലധനം. 

ഇനി ഇതിന്റെ ശരിയായ ഗൂഢമായ അർത്ഥം നോക്കു. 

കിണറ്റിലേക്ക് ഇടുന്നത്:--
അവനവന്റെ പരിവാരങ്ങളുടെയും സന്താനങ്ങളുടെയും വയറുകള്‍ (കിണര്‍) പോറ്റാന്‍. 

പഴയ കടം വീട്ടാന്‍ :-
നമ്മളെ ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാ പിതാക്കളോടുള്ള കടം വീട്ടാന്‍. 

ഭാവിയിലെ കടം വീട്ടാന്‍ :-
അവനവന്റെ സന്താനങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിലേക്ക് എത്തിക്കുക എന്ന കടം വീട്ടാന്‍. 

ഭാവിയിലേക്കുള്ള മൂലധനം:-
നല്ല കാര്യങ്ങള്‍ക്ക് ദാനമായിട്ടും അർഹിക്കുന്നവർക്ക് സഹായം ആയിട്ടും ഉള്ള പുണ്യ പ്രവര്‍ത്തികള്‍ ചെയ്യാൻ വേണ്ടി ചിലവാക്കാന്‍.

പഴമക്കാര്‍ പറയുന്ന "നാലു കാശിന്റെ " പൊരുള്‍ ഇതാണ്.

തുമ്പയുടെ ഗുണങ്ങൾ

തുമ്പയുടെ ഗുണങ്ങൾ

ഓണം എത്തുമ്പോൾ ആദ്യം ഓർക്കുക തുമ്പപ്പൂവിനെയാകും. തുമ്പ ചെടിയുടെ ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുമ്പ. തുളസിയെ പോലെ ഔഷധഗുണമുള്ള ഒന്നാണ് തുമ്പ. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. ഓണത്തിന് മാത്രമാണ് തുമ്പപ്പൂവിന് വൻഡിമാന്റ്. പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഔഷധഗുണമുണ്ട്.`

തുമ്പചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും. അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്. തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്. തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്. 

`തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും. തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല്‍ വെന്തു സേവിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല`

തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്. വ്രണങ്ങൾ ഉണ്ടായാൽ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങാൻ തുമ്പ ഏറെ നല്ലതാണ്. തുമ്പയിലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും.

NB: മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക. 


മരണം

മരണം 

ജനിച്ചവർ എല്ലാം മരിക്കണം... മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌..? ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്...

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു.

സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു. ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ ഇല്ല എന്ന്, ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച ,കേൾവി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ ഉച്ചാരണ ശേഷി നശിക്കുന്നു. ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപസംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും. ചില മരണങ്ങളിൽ മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ സ്വയം ഉപസംഹരിക്കപ്പെടുന്നു. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല. ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു.

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച് ജീവന്‍റെ ചുറ്റുമായി നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ ചൂട് ഉണ്ടായിരിക്കും മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ ജീവനുണ്ട് മരിച്ചിട്ടില്ല എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു.

അനന്തരം ജീവൻ അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു.

ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു ..

24 December 2024

സ്വയംവര മന്ത്രം

സ്വയംവര മന്ത്രം

ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാനശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും .
കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.

അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം ജപിക്കുന്നത്‌ ഉത്തമമാണ്. നിലവിളക്കിനു മുമ്പിലിരുന്ന്‍ ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 പ്രാവശ്യം രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിനു ഇതിലും ഉത്തമമായ മറ്റൊരു കര്‍മ്മമില്ല.

ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം വിലോക്യലജ്ജകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം സംബിഭ്രതീം അദ്രി സുതാം ഭജേയം

മൂലമന്ത്രം :
💗✥━═══🪷═══━✥💗
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗഭയങ്കരി 
സകല സ്ഥാവരജംഗമസ്യ മുഖഹ്രദയം മമ വശം
ആകർഷയ ആകർഷയ സ്വാഹ...


സർവം ദേവീമയം

സർവം ദേവീമയം

ദേവിയുടെ ഉത്ഭവമെങ്ങനെയെന്നറിയാന്‍ സമീപിച്ച ജനമേയ രാജാവിനോട് വ്യാസമഹര്‍ഷി പറഞ്ഞു, ദേവിയുടെ ഉത്ഭവത്തെപ്പറ്റി വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ശക്തിയില്ലെന്നിരിക്കെ ഞാനെന്തു പറയാന്‍? എനിക്ക് നിശ്ചയമുള്ളതുമാത്രം പറഞ്ഞു തരാം എന്നറിയിച്ച് തുടര്‍ന്നു: പ്രപഞ്ചത്തില്‍ നാനാരൂപങ്ങളിലായി സ്ഥിതിചെയ്യുന്ന ശക്തികളെല്ലാം നിത്യയും അരൂപിയും നിരാമയയുമായ ആ ദേവി തന്നെയാകുന്നു. നിര്‍ഗുണയെങ്കിലും പ്രപഞ്ചകര്‍മങ്ങള്‍ക്കായി ദേവി അനേക രൂപങ്ങള്‍ കൈക്കൊണ്ട് സഗുണയാകുന്നു. രൂപങ്ങളെയും ധര്‍മ്മകര്‍മ്മാദികളെയും ആധാരമാക്കി ദേവി പല നാമങ്ങളിലും അറിയപ്പെടുന്നു. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവയാണ് ദേവിയുടെ പ്രധാന രൂപങ്ങള്‍. എന്നുവച്ചാല്‍ പഞ്ചരൂപങ്ങള്‍. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നുപറയുന്നു. ദേവിയുടെ അംശത്തില്‍ നിന്നു രൂപംകൊണ്ട ആറു ദേവികളുണ്ട്. വിഷ്ണുവിന്റെ ദേഹത്തുനിന്നുത്ഭവിച്ച ഗംഗാദേവി, വിഷ്ണുവിന്റെ പാദസേവിനിയായ തുളസി, ശിവന്റെ പ്രിയ ശിഷ്യയും മഹാമായയുടെ അംശവുമായ മനസാദേവി, മഹാമായയില്‍ നിന്നുത്ഭവിച്ച ദേവസേനാദേവി, മൂലപ്രകൃതിയുടെ വദനത്തില്‍നിന്നും ജനിച്ച മംഗളചണ്ഡിക, ബ്രഹ്മാവിന്റെ പുത്രിയും വിഷ്ണുവിന്റെ പത്‌നിയുമായ ഭൂമിദേവി. മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ച 37 ദേവിമാര്‍ കൂടിയുണ്ട്.

അംശകലാദേവികളുടെ പേരുകള്‍ ഇങ്ങനെ: 

സ്വാഹാദേവി, ദക്ഷിണാദേവി, ദീക്ഷാദേവി, സ്വധാദേവി, സ്വസ്തിദേവി, പുഷ്ടിദേവി, തുഷ്ടിദേവി, സമ്പത്തി, ധൃതി, സതീദേവി, ദയാദേവി, പ്രതിഷ്ഠാദേവി, സിദ്ധാദേവി, കീര്‍ത്തി ദേവി, ക്രിയാദേവി, മിഥ്യാദേവി, ശാന്തിദേവി, ലജ്ജാദേവി, ബുദ്ധിദേവി, ധൃതിദേവി, മൂര്‍ത്തി, ശ്രീദേവി, നിദ്രാദേവി, രാത്രി, സന്ധ്യ, ദിവസം, വിശപ്പ്, ദാഹം, പ്രഭാദേവി, ദാഹികാദേവി, മൃത്യു, ജര, തന്ദ്രി, പ്രീതി, ശ്രദ്ധ, ഭക്തി.

കേരളീയര്‍ക്ക് ദേവി ഭഗവതിയാണ്. അമ്മയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് അമ്മന്‍. ഉത്തരേന്ത്യക്കാര്‍ക്ക് മാ യും അംബയും. ഭഗവതിയും അംബയും അംബികയും അമ്മയും ശക്തിയുടെ രൂപാന്തരങ്ങള്‍ തന്നെ. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങി എല്ലാ ദേവകളിലും ഈ ശക്തി അംശമായുണ്ട്. ദേവാസുരയുദ്ധമുണ്ടായപ്പോള്‍ ചണ്ഡികാദേവിയുടെ സഹായാര്‍ത്ഥം ദേവ് ശക്തികള്‍ ആവിര്‍ഭവിച്ചു:- ബ്രഹ്മാണി, വൈഷ്ണവി, ശങ്കരി, കൗമാരി, വാരാഹി, നാരസിംഹി, കൗബേരി, വരുണി. സര്‍വം ദേവീമയം. 


മനസാദേവി

മനസാദേവി

കശ്യപ പുത്രിയും ശങ്കരന്റെ പ്രിയശിഷ്യയും മഹാജ്ഞാന വിശാരദയും നാഗരാജാവായ അനന്തന്റെ സഹോദരിയും നാഗവാഹിനിയും തപോധനന്മാര്‍ക്കു ഫലം കൊടുക്കുന്നവളും മന്ത്രങ്ങളുടെ അധിദേവതയും ജരല്‍ക്കാരുമുനിയുടെ പത്നിയും ആസ്തികമുനിയുടെ മാതാവുമായ തപസ്വിനിയാണ് മനസാദേവി.

പണ്ട് ഒരു കാലത്ത് സർപ്പങ്ങളുടെ ഉപദ്രവം നിമിത്തം ഭൂമിയിലുള്ള മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടി... അവർ കശ്യപ പ്രജാപതിയോട് സങ്കടമുണർത്തിച്ചു. കശ്യപനും അദ്ദേഹത്തിന്റെ പിതാവായ ബ്രഹ്മാവും കൂടി ആലോചിച്ച് സർപ്പങ്ങളുടെ ഉപദ്രവശാന്തിക്കായി അനേകം മന്ത്രങ്ങളെയും, അതിന്റെ അധിഷ്ടാന ദേവതയായി ബ്രഹ്മാവിന്റെ നിർദ്ദേശമനുസരിച്ച് കശ്യപന്റെ മനസ്സുകൊണ്ട് മനസാദേവിയെയും സൃഷ്ടിച്ചു...

കശ്യപ പ്രജാപതിയുടെ മനസ്സിൽ നിന്ന് ഉണ്ടായിട്ടുള്ളവളാകയാൽ ആ ദേവിക്ക് മനസ്സാദേവി എന്നാ പേരുണ്ടായി... 
ഈ ദേവി മൂന്നു യുഗക്കാലം മുഴുവനും ശ്രീകൃഷ്ണപരമാത്മാവിനെ തന്നെ ധ്യാനിച്ചുകൊണ്ടിരുന്നതിനാൽ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നവളും സിദ്ധയോഗിനിയായും വിഷ്ണുഭക്തയായും തീർന്നു... 

ഈ ദേവിക്ക് പന്ത്രണ്ട് പേരുകളുണ്ട്...
1 ) ജരൽക്കാരു :- മനസാദേവി മൂന്നുയുഗക്കാലം ശ്രീകൃഷ്ണപരമാത്മാവിനെ ഉദ്ദേശിച്ച് തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീർണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാൻ ദേവിക്ക് ജരൽക്കാരു എന്ന പേര് നൽകി.

2 ) ജഗൽഗൌരി :- സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതുകൊണ്ടും ജഗൽ ഗൌരി എന്ന പേര് ലഭിച്ചു.

3 ) മനസാ :- കശ്യപന്റെ മാനസപുത്രിയായതിനാൽ മനസായെന്നും പേര് കിട്ടി.

4 ) സിദ്ധയോഗിനി :- ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേരിൽ അറിയപ്പെട്ടു.

5 ) വൈഷ്ണവി :- വിഷ്ണുഭഗവാനിൽ സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു.

6 ) നാഗഭഗിനി :- നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു.

7 ) ശൈവി :- ശിവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു.

8 ) നഗേശ്വരി :- പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയൻ ചെയ്ത സർപ്പയാഗത്തിൽ നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു.

9 ) ജരൽക്കാരുപ്രിയ :- ജരൽക്കാരു എന്ന് തന്നെ പേരായ മഹർഷിയുടെ ഭാര്യ ആയതുകൊണ്ട് ജരൽക്കാരു പ്രിയ എന്ന് അറിയപ്പെട്ടു.

10 ) ആസ്തികമാതാ :- ആസ്തിക മഹർഷിയുടെ മാതാവായതുകൊണ്ട് ഇങ്ങനെ പേര് ലഭിച്ചത്.

11 ) വിഷഹാരി :- വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു.

12 ) മഹാജ്ഞാനവതി :- മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു..

വസന്തപഞ്ചമി

വസന്തപഞ്ചമി

കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യം കൊടുത്തുകാണുന്നില്ല. ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍... എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായ വസന്തപഞ്ചമിയെ കുറിച്ചാണ് വിവരിക്കുന്നത്. ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു (മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാഘശുക്ലപഞ്ചമി ദേവിയുടെജന്മദിനമായി ആഘോഷിക്കപ്പെടുന്നു. കാളിദാസനുമുന്നില്‍ സരസ്വതീദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണ് എന്നും വിശ്വസിക്കപ്പെടുന്നു. മാഘശുക്ലപഞ്ചമി വസന്തപഞ്ചമി എന്ന പേരിലാണു കൂടുതലായി അറിയപ്പെടുന്നത്. ശ്രീപഞ്ചമി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. മാഘമാസം അതീവ വൈശിഷ്ട്യമാര്‍ന്ന പുണ്യമാസമാണ്. മാഘം (മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവയ്ക്ക് ഹൈന്ദവ പുരാണങ്ങള്‍ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വസന്തകാലം ആരംഭിക്കുന്നത് മാഘമാസത്തിലാണ്. വസന്തപഞ്ചമി ദിനം വിജയദശമിപോലെതന്നെ പ്രധാനപ്പെട്ടതാണ്. ഉത്തരേന്ത്യയില്‍ ഈ ദിവസം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കേരളീയര്‍ വിദ്യാരംഭം കുറിക്കുവാന്‍ വിജയദശമി തിരഞ്ഞെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കുന്നത് ദേവിയുടെ ജന്മദിനമായ വസന്തപഞ്ചമിയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നു ദേവിയെ പൂജിക്കാറുണ്ട്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (കാശി ഹിന്ദുവിശ്വവിദ്യാലയം) യ്ക്കു പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ശിലാസ്ഥാപനം നടത്തിയത് ഒരു വസന്തപഞ്ചമി നാളിലായിരുന്നു. സത്വപ്രധാനയും ശുക്ലവര്‍ണ്ണയുമായ സരസ്വതീദേവിയെ വസന്തപഞ്ചമി നാളില്‍ പ്രഭാതത്തില്‍ ജലഗന്ധപുഷ്പദീപാദികളാല്‍ പൂജിക്കേണ്ടതാണ്. വസന്തപഞ്ചമി നാളില്‍ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണു ഉത്തരേന്ത്യയില്‍ പതിവ്. ദേവിക്ക് അന്നേദിവസം നിവേദിക്കുന്ന മധുരപലഹാരങ്ങളും മഞ്ഞനിറമുള്ളതായിരിക്കും (മഞ്ഞ ലഡ്ഡു, കേസര്‍ഹല്‍വ, കേസരി). ആളുകളും മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുന്നു. വസന്തത്തിന്റെ വര്‍ണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ. പുസ്തകവും, പേനയുമെല്ലാം ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമി നാളില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക് ജ്ഞാനസിദ്ധിയും മോക്ഷവും ലഭിക്കുന്നതാണ്. മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയുകയും പുനര്‍ജന്മത്തില്‍ മഹാപണ്ഡിതനായി ഭവിക്കുകയും ചെയ്യും.

 മാഘസ്യശുക്ലപഞ്ചമ്യാം പൂജയേദ്യഃസരസ്വതീം സംയതോ ഭക്തിതോദത്വാചോപചാരാണിഷോഡശ മഹീയതേമണിദ്വീപേ യാവദ്ബ്രഹ്മദിവാനിശം സംപ്രാപ്യ ച പുനര്‍ജ• സഭവേത്കവി പണ്ഡിതഃ (ദേവീഭാഗവതം 9:30:1820)

അന്നേദിവസം സരസ്വതീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും സരസ്വതീ സ്‌തോത്രങ്ങളും (വിശിഷ്യാ സഹസ്രനാമസ്‌തോത്രം) മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും ഫലദായകമാണ്. മഹാലക്ഷ്മിയെ പൂജിക്കുന്ന ദിനം കൂടിയാണു ശ്രീപഞ്ചമി. മാഘശുക്ലപഞ്ചമി പൂജയെക്കുറിച്ച് സംവത്‌സര പ്രദീപം പറയുന്നു 

പഞ്ചമ്യാം പൂജയേല്ലക്ഷ്മീം പുഷ്പധൂപാന്നവാരിഭിഃ മസ്യാധാരംലേഖിനീഞ്ച പൂജയേന്ന ലിഖേത്തതഃ മാഘേമാസിസിതേ പക്ഷേ പഞ്ചമീയാ ശ്രിയഃ പ്രിയാ തസ്യാഃ പൂര്‍വാഹ്നഏവേഹകാര്യഃസാരസ്വതോത്‌സവഃ 

പഞ്ചമിയില്‍ മഹാലക്ഷ്മിയെ പുഷ്പം, ധൂപം, നിവേദ്യം, ജലം എന്നിത്യാദികളാല്‍ പൂജിക്കണം. ദേവിയുടെ ആധാരശക്തികളെയും എഴുത്തുപകരണങ്ങളെയും പൂജിച്ച ശേഷം എഴുതണം. ശ്രീക്ക് പ്രിയങ്കരമായ മാഘശുക്ലപഞ്ചമിയില്‍ പൂര്‍വാഹ്നത്തില്‍ (പ്രഭാതത്തില്‍) സാരസ്വതോത്‌സവം ആഘോഷിക്കണം. 'ശ്രീ' ശബ്ദത്തിനു ലക്ഷ്മിയെന്നും സരസ്വതിയെന്നും അര്‍ത്ഥമുള്ളതിനാല്‍ ഇവിടെ സരസ്വതി എന്നു സ്വീകരിക്കുന്നതാണ് ഉചിതം എന്ന് ശബ്ദകല്‍പദ്രുമം. വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണുഹോളി (ഫാല്‍ഗുന പൂര്‍ണ്ണിമ). പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ ശ്രമിച്ച ഹോളികയുടെ (ഹിരണ്യകശിപുവിന്റെ സഹോദരിയുടെ) രൂപം വസന്തപഞ്ചമി നാളുമുതല്‍ ഒരുക്കിതുടങ്ങുകയും ഹോളിയുടെ അന്നു കത്തിച്ചുകളയുകയും ചെയ്യുന്നു.

ഉത്തരേന്ത്യയിലെ കടുകു പാടങ്ങളെല്ലാം മഞ്ഞനിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു മനോഹരമാകുന്ന കാലംകൂടിയാണിത്. പഞ്ചാബില്‍ സിഖ്‌സമൂഹം പട്ടങ്ങളുടെ ഉത്‌സവമായും മാഘശുക്ലപഞ്ചമി ആഘോഷിക്കുന്നു. കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്. വസന്തപഞ്ചമിയുടെ തലേദിവസം ചതുര്‍ത്ഥിയാണ്. ഗണപതിയെ പൂജിക്കുവാന്‍ വിനായകചതുര്‍ത്ഥി പോലെതന്നെ പ്രാധാന്യമേറിയദിവസം. ചതുര്‍ത്ഥി നാളില്‍ മഹാഗണപതിയേയും വസന്ത പഞ്ചമി നാളില്‍ സരസ്വതിയേയും ആരാധിക്കുക വഴി മനുഷ്യര്‍ക്കു നിത്യജീവിതത്തില്‍ ആവശ്യമായ സകലതും സിദ്ധിക്കും. കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യം കൊടുത്തുകാണുന്നില്ല.

ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍ (യഥാക്രമം ഭഗവാന്‍ കൃഷ്ണന്റേയും, ഭഗവാന്‍ ശിവന്റേയും വാമന മൂര്‍ത്തിയുടെയും, ദേവിയുടേയും ജന്മദിനങ്ങള്‍). ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ ത്ഥി, ശ്രീരാമജന്മദിനമായ രാമനവമി, ഹനുമാന്റെജന്മദിനമായ ഹനുമദ്ജയന്തി, ബലരാമജന്മദിനമായ അക്ഷയതൃതീയ, വൈശാഖമാസത്തിലെ നരസിംഹജയന്തി എന്നിവയ്ക്ക് മുമ്പുണ്ടായിരുന്നതിലുമധികം ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്... ഇതുപോലെ വസന്തപഞ്ചമിയും സമുചിതമായി അനന്തരഭാവിയില്‍ കൊണ്ടാടപ്പെടും.

തിരുമുടി എഴുന്നള്ളത്ത്

തിരുമുടി എഴുന്നള്ളത്ത്

വരിക്കപ്ലാവിൽ കൊത്തി ഉണ്ടാക്കുന്ന ചര ബിംബത്തെയണ്. അതായത് ചലിക്കുന്ന ബിംബത്തെയാണ് തിരുമുടി മുടി എന്നു പറയുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ മൂർത്തിയൂടെ ബിംബത്തെ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ അത് പുറത്ത് എടുക്കില്ല എന്നാൽ തിരുമുടി ഇതിൽ നിന്നും വിഭിന്നമാണ് ആണ്. ഭദ്രകാളിയുടെ തിരുമുഖവും ഒപ്പം തലമുടി ആയി സങ്കൽപ്പിച്ചു കൊണ്ട് സർപ്പങ്ങളെയും ആണ് ഇതിൽ സാധാരണ ആയി കൊത്തി ചേർക്കുന്നത്. 

എന്നാൽ ചില തിരു മുടികൾ ദേവിയുടെ പൂർണ രൂപത്തിൽ തന്നെ കാണും അതിൽ വാഹനം ആയി വേതാളം, ആയിരം ഹസ്തങ്ങളും അതിൽ ശംഖ്, ചക്രം, ഗദ, വാള്, പരിച, ധനുസ്സ്, അസ്ത്രം, പത്മം, അഗ്നിയും ദാരികശിരസ്സും ഏന്തി കഴുത്തില്‍ തലയോട് മാലയിമായി അണിഞ്ഞും ഗജത്തെ കർണ്ണഭാരമാക്കിയും കേസരിയെ അംഗുലീയമായും പ്രകാശപൂരിതമായ നയനങ്ങളും, ബീഭത്സമായ ദംഷ്ട്രകളും പുറത്തേക്കു കാട്ടി നിണം ചൊരിയുന്ന നാവുമുള്ള ഭഗവതി, വേതാളത്തെ വാഹനമാക്കി ഈരേഴുപതിനാല് ലോകവും അടക്കി വാഴുന്ന ജഗദാംബികയുടെ വിശ്വരൂപത്തിന്റെ സങ്കൽപ്പരൂപമാണ് ദാരുവിൽ തീർത്ത മുടി...

രണ്ട് ഭാവത്തിലാണ് ഭദ്രകാളി മുടികൾ സാധാരണമായീ കൊത്തുന്നത്. ശാന്ത രൂപത്തിലും മറ്റൊന്ന് രൗദ്രഭാവത്തിലും. കൂടുതൽ തിരു മുടികൾ ശിരസിൽ ആണ് എഴുന്നെള്ളിക്കുന്നതു എന്നാൽ കൊയ്പ്പള്ളികാരാഴ്മ ക്ഷേത്രം ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തിരു മുടി കുതിര മാളിക ആണ് എഴുന്നെള്ളിക്കുന്നത്.

ഉത്സവത്തിനു മാത്രമേ ക്ഷേത്രത്തിൽ 21 ദിവസം ദർശനം ഉണ്ടാകു. അതു കഴിഞ്ഞു ബാക്കി ഉള്ള ദിവസം അറയിൽ പട്ടു കൊണ്ട് മുടി ആരും ദർശനം നടത്താതെ പുറമെ വിളക്ക് കത്തിച്ചു വെക്കും.    

ഭദ്രകാളി ക്ഷേത്രങ്ങളിൽ തോറ്റം പാട്ടിലൂടെയാണ് ഉത്സവം ആരംഭിക്കുക. ഈ ദിവസം മുടി പുരയിൽ അതിനനുസരിച്ചുള്ള പ്രത്യേക പൂജയും ആഘോഷങ്ങളും ഉണ്ടാവും, തിരുമുടി എഴുന്നള്ളിപ്പിന്. കാപ്പുകെട്ടി വൃതശുദ്ധിയോടെ കൂടിയാണ് ഇവർ തിരുമുടി എടുക്കുന്നത്. തിരുമുടി എഴുന്നള്ളത്ത് (കുലവാഴ വെട്ടു) കാളി-ദാരിക യുദ്ധവും തുടർന്ന് ഭദ്രകാളിയെ പേടിച്ച് ഭൂമിയിൽ വന്നു കുലവാഴ ആയി ദാരികൻ. എന്നാണ് സങ്കല്പം . ഭാരതത്തിൽ പരക്കെ ആരാധിക്കുന്നത് ദാരികനെ വധിച്ച ഭദ്രകാളിയാണ്.    

1) കേരളത്തിലെ ഏറ്റവും വലിയ തിരുമുടി തിരുവനന്തപുരം ജില്ലയിലെ വെള്ളായണി ദേവി ക്ഷേത്രത്തിലെതാണ്.

2) 3 തിരുമുടികൾ ഉള്ള ക്ഷേത്രമാണ് കന്യാകുമാരി ഇട്ടകവേലി മുടിപ്പുര.

3) 2 തിരുമുടികൾ ഉള്ള ചില ക്ഷേത്രങ്ങൾ ആണ് കൊല്ലംകോട് മുടിപ്പുര, ഫണമുഖം മുടിപ്പുര, ഇനിയും ധാരാളം ഉണ്ട്.


ബ്രഹ്മാദിസപ്ത മാതൃക്കളുടെ തത്ത്വം

ബ്രഹ്മാദിസപ്ത മാതൃക്കളുടെ തത്ത്വം

പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

പ്രപഞ്ചത്തിൻ്റെയും വൃഷ്ടിശരീരത്തിൻ്റെയും സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്നു. ശക്തിവിശേഷങ്ങളെയാണ് ബ്രഹ്മാദിസപ്തമാതൃക്കൾ കുറിക്കുന്നത്. ബ്രഹ്മി എന്നത് സൃഷ്ടിശക്തിയും, മഹേശ്വരി എന്നത് സംഹാരശക്തിയും, കൗമാരി എന്നത് ഗുരുശക്തിയും, വൈഷ്ണവി എന്നത് സ്ഥിതി ശക്തിയും, വരാഹി എന്നത് മൂലാധാരത്തെ കുത്തിയിളക്കികൊണ്ട് താഴോട്ട് പ്രവഹിക്കുന്ന അതിശക്തിയായ ഈശ്വരീയ പ്രവാഹവും, ഇന്ദ്രാണി എന്നത് മൂലാധരത്തിൽ പ്രഥ്വവിതലത്തിൽ യോഗനിദ്രകൊള്ളുന്ന ശക്തിയും, ചാമുണ്ഡാ എന്നത് അവിടെ നിന്ന് ഉയർന്നു പൊങ്ങുന്ന അത്യുഗ്രമായ പ്രചണ്ഡമായ സാധകൻ്റെ തപശക്തിയുമാണ്. ഇവയെല്ലാമാണ് നമ്മുടെ ആന്തരീകതലത്തിൽ പ്രവർത്തനമാനങ്ങളായിരിക്കുന്ന ശക്തികൾ. ഏതു വൃഷ്ടിശരീരത്തിലും ഈ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷിച്ച് മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും, പ്രപഞ്ചശരീരീം ഒരു വൃഷ്ടിശരീരമാണല്ലോ. ഇത് രണ്ടിനോടും സാദൃശ്യം വഹിക്കുന്ന തരത്തിലാണല്ലോ. ക്ഷേത്രഗാത്രത്തെ സംവിധാനം ചെയ്തിട്ടുള്ളത്. അപ്പോൾ സ്ഥൂലദേഹത്തിൻ്റെ ഉപരിയായി മനോമയ കോശത്തിൻ്റെ താഴേയായി ഈ ശക്തികളുടെ പ്രവർത്തനരംഗം വരും. ക്ഷേത്രശിൽപ്പത്തിൽ യമനിൽ നിന്ന് സ്വൽപ്പം പടിഞ്ഞാറുമാറികൊണ്ടുള്ള പ്രദക്ഷിണമാർഗ്ഗത്തിൽ കൂടിയുള്ള ഈ ചലനം ഈശ്വരാഭിമുഖമായ ഈ അനന്തതയിലേക്കുള്ള പ്രയാണത്തെയാണ് കുറിക്കുന്നത്. അതായത് അൽപ്പം പടിഞ്ഞാറോട്ട് മാറുമ്പോൾ മാതൃക്കൾ യമൻ്റെ ഉപരിഭാഗത്താകുകയാണ് ചെയ്യുന്നത്. ഈ സപ്തമാതൃക്കളുടെയും ബലിപീഠങ്ങൾ ഈ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് . ഈ ഏഴു ശക്തികളേയും മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവതയായ ഗണപതിയെയും , സഹസ്രാരത്തിൻ്റെ അടിസ്ഥാനദേവതയായ ശിവൻ്റെ പ്രാതിനിധ്യം വഹിക്കുന്ന വീരഭദ്രനും വലയം ചെയ്തിരിക്കുന്നത് യുക്തി സഹമാണെന്ന് പറയാൻ കഴിയും..
യമൻ്റെ പടിഞ്ഞാറ് ഒരു നീളമുള്ള പീഠത്തിൽ തന്നെ ഈ ഏഴു മാതൃക്കളേയും ഓരേ വരിയിലും , അൽപ്പം വടക്കുമാറി ആ പീഠത്തിൽ തന്നെ കിഴക്കും പടിഞ്ഞാറും അഗ്രങ്ങളിൽ വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. ബ്രഹ്മി എന്ന സൃഷിശക്തിയേയും , മഹേശ്വരി എന്ന സംഹാരശക്തിയേയും സൃഷ്ടമായ സമഷ്ടിവൃഷ്ടി ശരീരങ്ങളിൽ ഹംസമന്ത്രരൂപങ്ങളിലുള്ള പ്രാണചലനങ്ങളാണ് ഹംസപീഠത്തിനുപരിയായി നിൽക്കുന്ന ഗുരുശക്തിയാണ് കൗമാരി. അതിനെ ആവരണം ചെയ്ത് നിൽക്കുന്നത് അമൃതമയമായ (പാലാഴിയിൽ പള്ളികൊള്ളുന്ന) വൈഷ്ണവിശക്തിയണ്. അവിടെ നിന്ന് ഭൂമിയെ ഉദ്ധരിക്കുവാൻ അതിശക്തമായി താഴോട്ട് അവതരിച്ച ശക്തിയാണ് വരാഹി. വാരഹത്തിൻ്റെ തോറ്റകൊണ്ട് താണുപോയ ഭൂമിയെ ഉദ്ധരിച്ചതായിട്ടാണല്ലോ പുരാണകഥ. ആ ഭൂമിയുടെ അഥവാ പാർത്ഥിവമായ അധസ്തലത്തിൽ കുടിക്കൊള്ളുന്ന ശക്തിയാണ് സുപ്തമായ കുണ്ഡലിനി അഥവ ഇന്ദ്രാണി, അതിൻ്റെ ഉർത്ഥിരൂപമാണ് ഉയരുന്ന പ്രചണ്ഡശക്തിയായ കുണ്ഡലിനി- അതാണ് ചാമുണ്ഡാ, ഈ കൽപ്പനാ സപ്തമാതൃക്കളുടെ സൂക്ഷ്മതത്ത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജീവൻ്റെ ഈശ്വരാഭിമുഖമായ പ്രയാണത്തിൻ്റെ ആദ്ധ്യത്മികഗതിയുടെ പടികളാണ് ഈ സപ്തമാതൃക്കളുടെ പഠിഞ്ഞാറോട് നീണ്ടു നിൽക്കുന്ന പ്രതിഷ്ഠകൾ.

• അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.

• ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.

• ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ് ആയുധം.

• വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.

• ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.

• ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.

• വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.

• പോത്താണ് പരാശക്തിയുടെ തന്നെ അംശമായ ചാമുണ്ഡിയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ .

ഇതുകളെ കൂടാതെ മാതൃക്കൾക്കും കുറച്ച് പടിഞ്ഞാറുമാറി ശാസ്താവിനേയും വായുകോണിൻ്റെ അൽപം കിഴക്കായി ദുർഗ്ഗയെയും സോമൻ്റെ തൊട്ടുപടിഞ്ഞാറായി സുബ്രമണ്യനെയും സോമൻ്റെ തൊട്ടു കിഴ്ക്കായി കുബേരനെയും പ്രതിനിദാനം ചെയ്യുന്ന ബലിപീഠങ്ങളുണ്ട്. ഇതിൽ കുബേരൻ ഉത്തരദിക്കിൻ്റെ അധിപൻ എന്ന നിലയിൽ സോമൻ്റെ ഒരു ആവർത്തനമാണ്. ശാസ്താവ് കേരളത്തിൽ പ്രചുരപ്രചാരമായ ഒരു മന്ത്രസങ്കൽപമാണ്, സുബ്രമണ്യൻ ഗുരുവിനെ പ്രതിനിദാനം ചെയ്യുന്നു. ഗുരു ഗുഹൻ എന്നി പേരുകളുടെ മന്ത്രശാസ്ത്രപ്രകാരമുള്ള അടുപ്പം അതിനെയാണ് സുചിപ്പിക്കുന്നത്. കൂടാതെ പുരാണങ്ങൾ ഗുഹനെയാണല്ലോ പരമശിവനുപോലും പ്രണവോപദേശം ചെയ്യുന്ന ഗുരുവായി സങ്കൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സോമൻ്റെ തൊട്ടടുത്തു തന്നെയാണ് സുബ്രമണ്യൻ്റെ സ്ഥാനം.

മറ്റൊരു മന്ത്ര സങ്കൽപമുള്ളത് ഗണപതി, ദുർഗ്ഗ, വടുകഭൈരവൻ, ക്ഷേത്രപാലൻ, എന്നി മന്ത്രമൂർത്തികൾക്ക് ഏതോരു മന്ത്രപ്രതിഷ്ഠയെയും പ്രധാന ബലിസ്ഥാനങ്ങളാണിവ. ശ്യാമളദണ്ഡകത്തിൽ "തത്രവിഘനേശ്വര ദുർഗ്ഗാവടു ക്ഷേത്രപാലൈര്യുതേ" എന്നിവരികൾ ഈ മന്ത്രശാസ്ത്രസങ്കേതത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ഗണപതിയും വടുകഭൈരവനും സപ്തമാതൃക്കളുടെ ഇരുപുറവുമുള്ള ഗണപതി വീരഭദ്രന്മാർ പ്രതിനിദാനം ചെയ്യുന്നു. അതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു സമാന്ത്രമായി നിൽക്കുകയാണ് ദുർഗ്ഗാക്ഷേതപാലന്മാർ, ക്ഷേത്രപാലൻ എന്ന സങ്കൽപ്പം അകത്തെ ബലിവട്ടത്തിലെ നിർമ്മാല്യധാരിയാണ്. , നിർമ്മാല്യധാരിക്ക് സമാനമായ ഒരു സ്ഥാനമാണ് പുറത്തെ ബലിവട്ടത്തിൽ ക്ഷേത്രപാലനുള്ളത്, ബലിയുടെ അവസാനം പാത്രത്തോടെ ക്ഷേത്രപാലകനു നിവേദിക്കുമെങ്കിൽ ദേവൻ്റെ ഏതു നിവേദ്യവും നിർമ്മാല്യധാരിക്ക് നിവേദിച്ച് നിർമ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തിൽ ചെയ്യുന്നത്. ദേവപരമായ നിവേദ്യത്തിനുശേഷം നിർമ്മാല്യധാരിക്കും. ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമർപ്പിക്കുന്നത്. അതിനാൽ സൂക്ഷശരീരത്തിൻ്റെയും സ്ഥൂലശരീരത്തിൻ്റെയും പാലകന്മാരായ നിർമ്മാല്യധാരിയുടെയും ക്ഷേത്രപാലൻ്റെയും സങ്കൽപ്പങ്ങൾ ഒന്നു തന്നെയാണ്. ദേവൻ എങ്ങോട്ട് തിരിഞ്ഞാലും നിവേദ്യത്തിൽ അവസാനത്തെ കുടിക്കുനീർ വീഴ്ത്തി നിവേദ്യത്തെ വടക്കോട്ട് നിർമ്മല്യധാരിക്ക് പ്രാണാഹൂതിപുരസ്സരം നിവേദിക്കുന്നു എന്നോർക്കുക. ഈശ്വാനപദത്തിൽ ശിവലിംഗസമാനനായി ഈ നിർമ്മാല്യധാരി സ്ഥിതിചെയ്യുന്നു. ഇങ്ങനെയാണ് അകത്തെ ബലിവട്ടത്തെ ബലിദേവതകളുടെ സ്ഥിതി.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു...

ഭദ്രകാളിയും വഴിപാടുകളും

ഭദ്രകാളിയും വഴിപാടുകളും

അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭമാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, കാട്ടിൽ മേക്കാതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെവിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്..

ചില വഴിപാടുകളും ഫലങ്ങളും ഫലങ്ങളും:
💗✥━═══🪷═══━✥💗
കടും പായസം - കാര്യവിജയം

പുഷ്പാഭിഷേകം - ഐശ്വര്യം

സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം

ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന

അഷ്‌ടോത്തരാർച്ചന - തടസനിവാരണം

ചുവന്നപട്ട് - തടസ നിവാരണം

കരിക്ക് അഭിഷേകം - രോഗശാന്തി

മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത

ചാന്താട്ടം - ശത്രുദോഷശാന്തി

കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം

കുങ്കുമാർച്ചന - കാര്യസിദ്ധി

പനിനീരാഭിഷേകം - കർമ്മവിജയം

കളഭം ചാർത്ത് - ധനാഭിവൃദ്ധി

കാളീസൂക്തം - ശത്രുദോഷം മാറാൻ

പട്ടും താലിയും - വിവാഹം, ദാമ്പത്യഭദ്രത

ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം

എണ്ണ അഭിഷേകം - രോഗശാന്തി

രക്തപുഷ്പാഞ്ജലി - ദുരിതമോചനം

ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം

പൂമൂടൽ - ദുരിതശാന്തി

ഓം ശ്രീ കാളിയേ നമഃ 

കുലദേവത

കുലദേവത

തങ്ങളുടെ ധർമ്മ ദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മ ദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മൂലകുടുംബത്തിൽ നിന്നും വേർപെട്ട് വിദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും മാറി താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ...
കുടുംബദേവതകൾ, ഗ്രാമദേവതകൾ, ദേശദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീമാഹാത്മ്യം10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ
മമാ പരാ'
ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.
അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലക്ഷ്മിയായും, കാളിയായും, പാർവ്വതിയായും, സരസ്വതിയായും, ശിവനായും, വിഷ്ണുവായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും ഏകീഭവിച്ച ആ നിത്യലീലാമയിയെ, അന്യദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോദയമായ, മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേനിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ ജനനമരണ സ്വരൂപമായ സംസാരസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമുയർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാപരമേശ്വരിയുടെ അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം, ഇത് പലർക്കും സംശയമാണ്.. അങ്ങനെയുള്ള സന്ദർഭത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകലദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ്.. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ, ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.
ഒന്നാമത് പരദേവതയെടുക്കാം.
'പര' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്, ദേവതയെന്ന വാക്ക്'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ'പര' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ് അതായത് ശബ്ദത്തിന്4 അവസ്ഥകളുണ്ട്, പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ.
ലളിതാസഹസ്രനാമത്തിൽ366, 368, 370, 371 എന്നീ നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്. ശബ്ദബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ.. ഇതിന്റെ ഉൽപ്പത്തി സൂഷ്മശരീരത്തിലെ ആധാരചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്, ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീശക്തി കുടികൊള്ളുന്നത്.
ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്, മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു. ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു. ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു. ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന 514-ാം നാമവും വ്യക്തമാക്കുന്നത്. കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്. ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്.
യജുർവേദഭാഷ്യകാരനായ മഹീധരന്റെ'മന്ത്രമഹോദധി'യെന്ന തന്ത്രഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക.
"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം
ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത:"
അർത്ഥം:
ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും
പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു.
ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി. കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതായെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി. അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്.

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടിയെപ്പറ്റി കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്താണ് ആറന്മുള കണ്ണാടിയുടെ സവിശേഷത?. എന്തുകൊണ്ടാണ് ആറന്മുള കണ്ണാടി ഇത്രയധികം വിലപിടിച്ചതാകുന്നത്.? ഈ ചോദ്യങ്ങൾക്ക് ഉത്തരം തിരയുമ്പോഴാണ് ആറന്മുള കണ്ണാടി നിസ്സാരക്കാരനല്ലെന്ന് തിരിച്ചറിയുന്നത്...

പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടികളാണ് ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നത്. സാധാരണ സ്ഫടിക കണ്ണാടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. 

പൂർണ്ണമായും കരവേലയാൽ നിർമ്മിക്കുന്ന ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനെൽവേലിക്കടുത്തുള്ള ശങ്കരൻ കോയിലൂരിൽ നിന്നും ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്. ഇവരുടെ പിൻതലമുറക്കാരായ ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോഴും ഈ നിർമ്മാണരഹസ്യം അറിയുകയുള്ളൂ. ഈ അറിവ് ദൈവികമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് കണ്ണാടി നിർമ്മാണം കച്ചവടത്തെക്കാളുപരി അനുഷ്ഠാനം കൂടിയാണ്.

അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. ആറന്മുളയിലെ നെൽപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്ത് കണ്ണാടിക്ക് ആവശ്യമായ അച്ചുകൾ നിർമ്മിക്കുന്നു. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്ത് ചെറു ലോഹക്കഷണങ്ങൾ (പ്രത്യേക അനുപാതത്തിലുള്ള കോപ്പർ-ടിൻ സങ്കരം) നിറച്ച ശേഷം ഈ ഭാഗം അരച്ച കളിമണ്ണ് കൊണ്ട് പൊതിയുന്നു. തുടര്‍ന്ന് ഈ അച്ച് 400 ഡിഗ്രി ചൂടിൽ ഉലയിൽ വെച്ച് രണ്ടോ മൂന്നോ മണിക്കൂർ നേരം പഴുപ്പിച്ചെടുക്കുന്നു.
ഈ ചൂടേറ്റ് ലോഹക്കഷണങ്ങൾ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നു. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളിൽ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കുന്നു.

അടുത്ത പടി ഇതിനെ ഉരച്ചു മിനുക്കിയെടുക്കലാണ്. ആദ്യ ഘട്ടത്തിൽ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, നല്ലെണ്ണ, ചണം ഇവചേർന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടൺ തുണിയിലും അവസാനം വെൽവെറ്റിലും ഉരച്ചു മിനുക്കുന്നു. ഈ ചിലപ്പോൾ അഞ്ചും ആറും ദിവസം വരെ നീളുന്ന ഈ പ്രക്രിയ്ക്കൊടുവിൽ ലോഹക്കഷണം സ്ഫടിക സമാനമായ കണ്ണാടിയായി മാറും!. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തിൽ ഉറപ്പിച്ചെടുക്കുന്നു. സാധാരണ കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപമാണ് ആറന്മുള കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിനും പ്രതിബിംബത്തിനുമിടയിൽ അകലം ഉണ്ടാകില്ല.  

ലോഹനിർമ്മിതമാണെങ്കിലും താഴെ വീണാൽ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകുന്നത് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകതയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലുമാണ് ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്നത്.

ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കിഴക്ക് ദിക്കിനഭിമുഖമായി പൂജാമുറിയിൽ വെയ്ക്കുന്ന ആറന്മുള കണ്ണാടി വാസ്തുദോഷം നീക്കുമെന്നും, വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. അഷ്ടമംഗല്യത്തട്ടിലെ പ്രധാന ഇനമാണ് ആറന്മുള കണ്ണാടി (വാൽക്കണ്ണാടി). വലിപ്പത്തിനനുസരിച്ച് 3000രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികളുണ്ട്. 

നിർമ്മാണത്തിലെ നിഗൂഢതയും, അനുപമമായ സൗന്ദര്യവും തൊഴിലാളികളുടെ അർപ്പണവുമാണ് ആറന്മുള കണ്ണാടിയെ ഇത്രയധികം വിലപിടിച്ചതാക്കുന്നത്. 2004-05ൽ geographical Indication (GI) tag ലഭിച്ച ആറന്മുള കണ്ണാടികളുടെ പ്രശസ്തി വിദേശ വിനോദ സഞ്ചാരികളിലൂടെ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.

ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 
45സെന്റിമീറ്റർ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടിയിലൂടെ കേരളത്തിന്റെ മഹത്തായ സംസ്കാരവും, ലോഹസംസ്കരണ പാരമ്പര്യവും ലോകം മുഴുവനും പ്രതിഫലിക്കട്ടെ.

23 December 2024

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ

എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാധ്യ ദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട്. 

ദേവതകളെ - ദേവഗൃഹം, അസുരഗൃഹം, ഗന്ധർവ്വഗൃഹം, യക്ഷഗൃഹം, പിശാച്ഗൃഹം, ബ്രഹ്മരക്ഷസ്, പിതൃഗൃഹം, ഗുരു- വൃദ്ധഗൃഹം, സർപ്പഗൃഹം, പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. 

അവയിൽ ചിലതിനെ പരിചയപ്പെടുത്താം. 
💗●➖➖●ॐ●➖➖●💗
അമരകോശത്തിൽ വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, രാക്ഷസന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പിശാചന്മാർ, ഹുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.

തന്ത്രസമുച്ചയാദി ഗ്രന്ഥങ്ങളിൽ ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.

ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ, കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രൻ, ക്ഷേത്രപാലൻ, ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.
ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്. യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.

യക്ഷികൾ :
💗●➖➖●ॐ●➖➖●💗
സുന്ദരയക്ഷി, അന്തരയക്ഷി, അംബരയക്ഷി (ആകാശയക്ഷി), മായയക്ഷി, അരക്കി, അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി, അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.

പക്ഷി(പുള്ള്) ദേവതകൾ :
💗●➖➖●ॐ●➖➖●💗
ഈശ്വരപുള്ള്, കോൽപുള്ള്, കോലിറച്ചിപുള്ള്, നീലപുള്ള്, നീർപുള്ള്, പരന്തറച്ചിപുള്ള്, രാക്ഷസപുള്ള്, രുദ്രപുള്ള്, വരടപുള്ള്, വർണ്ണപുള്ള്, വിങ്ങാപുള്ള്, വിങ്ങുപുള്ള്, വിഷ്ണുപുള്ള്... ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.

ഗന്ധർവ്വൻ (കാമൻ, കന്നി, മാരൻ) :
💗●➖➖●ॐ●➖➖●💗
ആകാശഗന്ധർവ്വൻ, പൂമാലഗന്ധർവ്വൻ, ബാലഗന്ധർവ്വൻ, വിമാനഗന്ധർവ്വൻ, കാമൻ, ഭൂതകാമൻ, വൈശ്രകാമൻ, ഇരസികാമൻ, ചന്ദനമാരൻ, കന്നി... ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം :
💗●➖➖●ॐ●➖➖●💗
വെളുത്ത ഭൂതം, ശ്രീ (കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി, തോട്ടു ചിലച്ചി.... ഇവ ഭൂതങ്ങളാണ്.

മാടൻ :
💗●➖➖●ॐ●➖➖●💗
ചെറുമാടൻ, തൊപ്പിമാടൻ, വടിമാടൻ, പുള്ളിമാടൻ, ചുടലമാടൻ, കാലമാടൻ, അഗ്നിമാടൻ, ഭൂതമാടൻ, പിള്ളതിന്നിമാടൻ, ചിതവറയിൽമാടൻ... അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.

ഭൈരവൻ :
💗●➖➖●ॐ●➖➖●💗
അഗ്നിഭൈരവൻ, കാലഭൈരവൻ, ആദിഭേരവൻ, കങ്കാളഭൈരവൻ, യോഗിഭൈരവൻ, ശാക്തേയഭൈരവൻ, കപാലഭൈരവൻ... അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.

പൊട്ടൻ :
💗●➖➖●ॐ●➖➖●💗
പുലപ്പൊട്ടൻ, മാരണപ്പൊട്ടൻ, ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പൊട്ടൻ ദേവങ്ങൾ.

കുട്ടിച്ചാത്തൻ :
💗●➖➖●ॐ●➖➖●💗
കരിങ്കുട്ടിച്ചാത്തൻ, പൂങ്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ, പൊലക്കുട്ടിച്ചാത്തൻ, വിഷ്ണുമായച്ചാത്തൻ, കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.

ഗുളികൻ :
💗●➖➖●ॐ●➖➖●💗
കുളിയൻ (ഗുളികൻ), തെക്കൻ കുളിയൻ, കാര ഗുളികൻ, മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ, മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.

കുറത്തി :
💗●➖➖●ॐ●➖➖●💗
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.

മറുത :
💗●➖➖●ॐ●➖➖●💗
കരിമറുത, കാലകേശി മറുത, ഈശാന്തൻ മറുത, പണ്ടാരമറുത, പച്ചമറുത, തള്ളമറുത... ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.

രക്ഷസ്സ് :
💗●➖➖●ॐ●➖➖●💗
ബ്രഹ്മരക്ഷസ്സ്, ഗോരക്ഷസ്സ്, മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.

വീരൻ :
💗●➖➖●ॐ●➖➖●💗
കതുവന്നൂർ വീരൻ, കോയിച്ചാറു വീരൻ, പാടൻകുളങ്ങര വീരൻ, തുളുവീരൻ, മലവീരൻ, പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.

മല്ലൻ :
💗●➖➖●ॐ●➖➖●💗
മൂവോട്ടുമല്ലൻ, തെറ്റിക്കോട്ടുമല്ലൻ, കാരക്കോട്ടുമല്ലൻ, പറമല്ലൻ, മലിമല്ലൻ.... ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.

പിശാച് :
💗●➖➖●ॐ●➖➖●💗
കാലപിശാച്, ഭസ്മപിശാച്, ജലപിശാച്, പൂതപിശാച്, എരിപിശാച്, മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.

കാളി :
💗●➖➖●ॐ●➖➖●💗
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി, കൊടുങ്കാളി, പറക്കാളി, പുള്ളിക്കരിങ്കാളി, മലയകരിങ്കാളി, വേട്ടക്കാളി, ശൂലക്കാളി... ഇങ്ങനെ പലതരം കാളികളുണ്ട്.

ചാവ് :
💗●➖➖●ॐ●➖➖●💗
പുലിചാവ്, ആനചാവ്, പാമ്പ്ചാവ് (ഇങ്ങനെ ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).

ഈശ്വരി :
💗●➖➖●ॐ●➖➖●💗
രക്തേശ്വരി, ഭുവനേശ്വരി, പരമേശ്വരി... തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.

ചാമുണ്ഡി :
💗●➖➖●ॐ●➖➖●💗
രക്തചാമുണ്ഡി, മാടച്ചാമുണ്ഡി, മുട്ടിയറച്ചാമുണ്ഡി, നീലംകൈച്ചാമുണ്ഡി, പെരിയാട്ടുചാമുണ്ഡി, മലച്ചാമുണ്ഡി, എടപ്പാറച്ചാമുണ്ഡി, ആനമടച്ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി..... ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.

നാഗദേവതകൾ :
💗●➖➖●ॐ●➖➖●💗
നാഗകണ്ഠൻ, നാഗകന്നി, നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, എരിനാഗം, കരിനാഗം, മണിനാഗം, കുഴിനാഗം, നാഗക്കാളി, നാഗഭഗവതി, നാഗേനീശ്വരി.... ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.

വനദേവതകൾ :
💗●➖➖●ॐ●➖➖●💗
ആയിരവില്ലി, കരിവില്ലി, പൂവല്ലി, ഇളവില്ലി, കരീമലദൈവം, തലച്ചിറവൻ, താന്നിയോടൻ, മലക്കാരി, പുളിപ്പൂളോൻ... ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.

മൂർത്തികൾ :
💗●➖➖●ॐ●➖➖●💗
കണ്ടകമൂർത്തി, കടുവാ മൂർത്തി, മാരണമൂർത്തി, വനമൂർത്തി, പാഷാണമൂർത്തി, കാട്ടുമൂർത്തി.... ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.

രോഗദേവതകൾ :
💗●➖➖●ॐ●➖➖●💗
ചീറുമ്പമാർ, ദണ്ഡദേവൻ, വസൂരിമാല, ഭദ്രകാളി, മാരിയമ്മൻ, മാരിമടക്കിത്തമ്പുരാട്ടി, തൂവക്കാളി, അപസ്മാരമൂർത്തി... ഇവ രോഗദേവതകളാണ്.

ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് 
കരിങ്കുഴി ശാസ്താവ്, കൊട്ടിയൂർ പെരുമാൾ, ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി, തൃക്കരിപ്പൂർ ചക്രപാണി.... എന്നിവ.

കാട്ടുമടന്ത, പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി, ചെറുകുന്നത്തമ്മ, തുടങ്ങിയ നാമങ്ങൾ മല, പാറ, കുന്ന്, കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്.

ദേശദേവതയും ഭദ്രകാളിയും

ദേശദേവതയും ഭദ്രകാളിയും

പലതരത്തിലുള്ള പൂജകളും പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടും വീട്ടിൽ ദുരിതങ്ങൾ ഒഴിയാതിരിക്കുക, മംഗളകർമ്മങ്ങൾ യഥാസമയം നടക്കുന്നതിന് തടസം നേരിടുക, എത്ര പ്രയത്നിച്ചാലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാതിരിക്കുക തുടങ്ങിയവ മിക്ക കുടുംബങ്ങളിലെയും പ്രശ്‌നമാണ്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ആ കുടുംബത്തിന്റെ ഭദ്രകാളീബന്ധം വെളിപ്പെടുക. കാവിലമ്മയായ കളരിമൂർത്തിയായും കുടുംബദേവതയായും ദേശദേവതയായും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയാണ് ഭദ്രകാളി. അതിനാൽ തീർച്ചയായും നമ്മുടെ പൂർവ്വികർക്ക് ഭദ്രകാളീബന്ധം ഉറപ്പാണ്. ഈ പൂർവ്വികർ നടത്തിയിരുന്ന ഉപാസകൾക്ക് പിൽക്കാലത്ത് ലോപം സംഭവിച്ചതാണ് ദുരിതങ്ങൾക്ക് കാരണം. പൂർവ്വികർ നടത്തി വന്ന ഉപാസനകൾ കൃത്യമായി തുടരാൻ കഴിയാതിരിക്കുക, പൂർവ്വികർ പ്രാർത്ഥനാപൂർവ്വം പ്രസാദിപ്പിച്ചിരുന്ന ദേവതയെ പിൻതലമുറ അവഗണിക്കുക, ഭദ്രകാളിയെ ഭാവസ്വരൂപാദികൾ മാറ്റി ഭുവനേശ്വരിയായും വനദുർഗ്ഗയായും മറ്റും പ്രതിഷ്‌ഠിക്കുക തുടങ്ങിയവയെല്ലാം ദുരിത കാരണമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. അതുപോലെ, ദേവിയുടെ സമ്പത്തിന്റെ ഒരംശമെങ്കിലും സ്വന്തം സമ്പത്താക്കി മാറിയിട്ടുണ്ടെങ്കിൽ അതും ദുരിതങ്ങൾക്ക് കാരണമാകും.

ഏതെങ്കിലും തരത്തിൽ പൂർവ്വബന്ധമുള്ള ഭക്തരെ അമ്മ കാത്തിരിക്കും എന്ന് വിശ്വാസമുണ്ട്. അങ്ങനെ വരുമ്പോൾ പൂർവ്വികർ ഏതെങ്കിലും തരത്തിൽ ഉപാസിച്ചിരുന്ന ദേവതയെ പിൻതലമുറയിൽപ്പെട്ടവരും ഉപാസിച്ചാൽ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും എന്ന കാര്യത്തിൽ തർക്കമില്ല. ആ ഉപാസനാപുണ്യം തലമുറയായി കൈമാറി വരുന്നതാണ്. പൂർവ്വബന്ധമുള്ള ദേവതാ ചൈതന്യത്തെ പിൻതലമുറിയിൽപ്പെട്ടവർ അവഗണിക്കുമ്പോഴാണ് ദുരിതങ്ങൾ കൂടുന്നത്. ഭദ്രകാളിയുമായി പൂർവ്വബന്ധമുള്ളവരാകും മിക്കവരും. ദേശദേവതയായിത്തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം ഭദ്രകാളീക്ഷേത്രങ്ങളുണ്ടല്ലോ. ആ ദേശത്തിൽ കുടുംബവും വേരുകളുമുള്ളിടത്തോളം
കാലം ഭദ്രകാളീപ്രീതി അനിവാര്യമാണ്. നമ്മുടെ പൂർവ്വ പരമ്പരയിയിൽ എവിടെയോ ഉണ്ടായിരുന്ന ഒരു അമ്മ, അല്ലെങ്കിൽ അമ്മമാർ, അല്ലെങ്കിൽ പൂർവ്വ പിതാക്കന്മാർ; ഇവർ പ്രാർത്ഥിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്ത‌ ഒരു ദേവതാശക്തിയെ തലമുറകൾക്കുശേഷം ആ പരമ്പരയിലെ ഒരാൾ പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചാൽ കൈവരുന്ന അനുഗ്രഹം അത്ഭുതകരമായിരിക്കും. ആ ദേവത നമ്മെ കാത്തിരിക്കയാവും എന്നാണു വിശ്വാസം. ദീർഘകാലമായി കാണാതിരുന്ന മകനെ കാണുമ്പോഴുണ്ടാകുന്ന അമ്മയുടെ സന്തോഷം പോലെ ഇവിടെ ദേവിയുടെ അനുഗ്രഹം പ്രവഹിക്കുന്നു. ഇത്തരത്തിൽ ഭദ്രകാളിയുമായി പൂർവ്വബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഭദ്രകാളിയെ ഇഷ്ടദേവതയായും ദേശദേവതയായും ആരാധിക്കുന്നതിനും ഏറ്റവും പ്രയോജനപ്രദമായ ഗ്രന്ഥമാണ് ഭദ്രകാളീമാഹാത്മ്യം.

ഭൂമിയിലെ ദേവതാസാന്നിധ്യം
💗●➖➖●ॐ●➖➖●💗
ഒരുകാലത്ത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിൽ പരക്കെ പാരായണം ചെയ്യപ്പെട്ടിരുന്ന ഗ്രന്ഥമായിരുന്നു ഭദ്രകാളീമാഹാത്മ്യം. ഇന്നും പല ക്ഷേത്രങ്ങളിലും ധർമ്മദേവതാസ്ഥാനങ്ങളിലും ഇതു തുടരുന്നുമുണ്ട്. ഇതിലെ ദിവ്യവും അതിശക്തവുമായ സ്തോത്രങ്ങൾ വീടുകളിൽ സന്ധ്യാസമയത്ത് ജപിക്കുന്ന പതിവുമുണ്ടായിരുന്നു. ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം പോലെ വിശിഷ്ടമാണ് ഭദ്രകാളീമാഹാത്മ്യം ഒൻപതാം അദ്ധ്യായം ഒന്നു മുതൽ ഇരുപത്തൊൻപതുവരെയുള്ള ശ്ലോകങ്ങളടങ്ങിയ സ്‌തുതി. പൂർവ്വികമായ ദോഷങ്ങൾ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ഐശ്വര്യത്തിനുമായി
ആർക്കും ജപിക്കാവുന്ന സ്തോത്രമാണിത്. ധർമ്മദേവതാക്ഷേത്രങ്ങളിൽ വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യിച്ചിരുന്നതും ഒരുകാലത്ത് പതിവായിരുന്നു. ഇത്തരം ഉപാസനകൾ തുടർന്നാൽ ജീവിതത്തിലും കുടുംബത്തിലും അതിവേഗമാണ് മാറ്റങ്ങളുണ്ടാവുക.

ഏറ്റവും വിശ്വാസവും ആത്മബന്ധവുമുള്ള പ്രിയക്ഷേത്രത്തിലെ ഭദ്രകാളിയെ തീവ്രമായി മനസ്സിൽ ഭാവന ചെയ്‌ത്‌ ഭദ്രകാളീമാഹാത്മ്യം പാരായണം ചെയ്യുകയോ അതിലെ സ്തോത്രങ്ങൾ എല്ലാ ദിവസവും ജപിക്കുകയോ ചെയ്യുക. അതിന് പറ്റുന്നില്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപിക്കാം. പുരോഗതിക്കു പ്രതിബന്ധമായി നിൽക്കുന്ന പല ദോഷങ്ങളും ഉപദ്രവങ്ങളും പെട്ടെന്ന് ഇല്ലാതാകും. കരുത്തിന്റെ പ്രതീകമായ ഭദ്രകാളി തടസ്സങ്ങളെയും ബാധോപദ്രവങ്ങളെയുമൊക്കെ അതിശക്തമായി തട്ടിത്തകർക്കുന്നവളാണ്. മനസ്സുരുകി, ഭക്തിപൂർവ്വം അമ്മയെ സ്തു‌തിച്ചാൽ മതി. ഇത്തരത്തിൽ അത്ഭുതകരമായ വളർച്ച നേടുന്ന കുടുംബങ്ങൾ നമ്മുടെ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചാൽ ധാരാളം കാണാൻ കഴിയും. എന്നാൽ ഇക്കാലത്ത് പലർക്കും തങ്ങളുടെ ധർമ്മദൈവം ഏതാണെന്നു പോലും അറിയില്ല,ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയില്ല.

മൂലകുടുംബത്തിൽനിന്നു വേർപെട്ട് വിവിധ പ്രദേശങ്ങളിലും വിദേശത്തും മറ്റും താമസമുറപ്പിച്ചിട്ടുള്ളവർക്ക് യഥാവിധി ധർമ്മദൈവാരാധന നടത്തുന്നതിനും കഴിയുന്നില്ല.
ഇതിനൊക്കെ ഒരു പരിധിവരെ പരിഹരമാണ് ഭദ്രകാളിമാഹാത്മ്യം പാരായണം ചെയ്യുക എന്നത്.

22 December 2024

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

കേരളത്തിലെ ക്ഷേത്രപൂജകളിൽ ഏറ്റവും ദൈർഘ്യമേറിയ പൂജ നടക്കുന്ന തച്ചോളി മാണിക്കോത്ത് ക്ഷേത്രം

തച്ചോളി മാണിക്കോത്ത് സ്വയംഭൂ സങ്കല്പത്തിലുള്ള ഭഗവതിയുടെ പൂജയാണ് കേരളത്തിലെ ഏറ്റവും സമയമെടുക്കുന്ന ക്ഷേത്ര പൂജ, മൂന്നരയാമം
 (പത്തര മണിക്കൂർ )നീളുന്ന വലിയ കളരി പൂജയിൽ മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം, ഭഗവതിയെ അഞ്ച് ഭാവത്തിലാണ് പൂജിക്കുന്നത്, ആദ്യം ഭദ്രകാളിയായും, രണ്ടാമത് കൊടുങ്ങല്ലൂരമ്മയായും, മൂന്നാമത് ശ്രീപോർക്കലിയായും,
നാലമത് ദുർഗ്ഗാ ഭാവത്തിൽ ലോകനാർകാവിലമ്മയായും ,
അഞ്ചാമതായി ബാലാ പരമേശ്വരി ഭാവത്തിലും പൂജിക്കുന്നു,
കളരിപൂജയുടെ ഓരോ സമയത്തും തൊഴുന്നത് ഓരോ ഫലത്തെ നൽകുന്നു. മുഴുവനായി കളരിപൂജ തൊഴുതു പ്രാർത്ഥിച്ചാൽ സർവാഭീഷ്ടങ്ങളും സാധിക്കുമെന്നും എത്ര വലിയ ശത്രുദോഷവും , ആഭിചാര ദോഷങ്ങളും തീരുമെന്നാണ് വിശ്വാസം. 

ആദ്യ മൂന്ന് പൂജ അതിരൗദ്രഭാവത്തിലാണ് 
(ആലിംഗനപുഷ്പാജ്ഞലി ആദ്യപൂജയിലാണ് ) , -
ലോകനാർകാവിലമ്മയെ ദുർഗ്ഗാ ഭാവത്തിലും, 
അതു കഴിഞ്ഞ് സരസ്വതി സങ്കല്പത്തിൽ ബാലാപരമേശ്വരി ഭാവത്തിലും എത്തിച്ച് 'പിന്നീട് മാതൃഭാവത്തിലായ അമ്മ ധ്യാന നിദ്രയിലേക്ക് പോകുന്നു,

സരസ്വതി പൂജ സമയത്തെ കഷായം സേവിച്ചാൽ വിദ്യയും അറിവും വർദ്ധിക്കും, അതീവ രഹസ്യ സ്വഭാവമുള്ളതും , ഗൂഢ മന്ത്രങ്ങളാൽ പൂജിക്കുന്നതുമായ ഗളൂരിക പൂജ ആരും കാണാറില്ല,
പൂജ തുടങ്ങുന്നതിന് മുമ്പ് കോഴിയെ ബലിയർപ്പിക്കും,

അക്രമികളിൽ നിന്നും കൊടുങ്ങല്ലൂർ ക്ഷേത്രം സംരക്ഷിച്ച തച്ചോളി ഒതേനനിൽ സംപ്രീതയായ ഭഗവതി ഒതേനനൊപ്പം കടത്തനാട്ടിൽ വന്നു കുടി കൊണ്ടു എന്നാണ് വിശ്വാസം, അതിന്റെ പഞ്ചമകാരങ്ങളോടുകൂടിയ പൂജവിധാനങ്ങളും ഗുരുതിയും കൈ കൊണ്ട് ഭഗവതി തച്ചോളി കളരിയിൽ കുടികൊള്ളുന്നു, സ്വയംഭൂ സാന്നിധ്യത്തിൽ നിന്നും അത്യുഗ്രഭാവത്തിൽ തിടമ്പിലേക്ക് ആവാഹിക്കപ്പെടുന്ന ദേവിയെ ശിവനെന്ന ഭാവേന തന്ത്രി തിടമ്പിൽ ആലിംഗനം ചെയ്തു നടത്തുന്ന പുഷ്പാജ്ഞലി ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കുന്നു, അത്യുഗ്രഭാവത്തിൽ നിന്ന് മാതൃവാത്സല്യത്തിൻ്റെ പൂർണതയിലേക്ക് മാറുന്ന സമയം തൊഴുതു പ്രാർത്ഥിക്കുന്നവർക്ക് സന്താനഭാഗ്യം നിശ്ചയമാണ്,

കൊട്ടിയൂർ പെരുമാൾ ഭക്തനായ ഒതേനൻ നൽകിയ അനേകം ഭണ്ഡാരങ്ങൾ ഇന്നും കൊട്ടിയൂരിൽ ഉണ്ട് , തന്റെ ഭക്തനായ ഒതേനന്റെ കളരിയിൽ മഹാദേവനും മൃത്യുജ്ഞയനായി തച്ചോളി മാണിക്കോത്ത് കുടികൊള്ളുന്നു, ദേവിയുടെ സങ്കല്പത്തിന് എതിർ ദിശയിൽ കുടികൊള്ളുന്ന ശിവനും സ്വയംഭൂ പ്രതിഷ്ഠയായിട്ടാണ്, രോഗ ദുരിതങ്ങളും - മൃത്യു ദോഷങ്ങളും തീരാനായി ഇവിടെ മൃത്യുഞ്ജയ ഹോമം ചെയ്യുന്നു 

തച്ചോളി കളരിയുടെ 
പുനർനവീകരണം നടക്കുന്നതു കൊണ്ട് ശിവനെയും ഭഗവതിയേയും അരയാൽ തറയിലെ ബാലാലയത്തിൽ കുടിയിരുത്തി,

തച്ചോളി മാണിക്കോത്ത് തറവാടിൻ്റെ രണ്ട് അറകളുള്ള
ഒരു ഭാഗമാണ് ക്ഷേത്രമായി ഇന്ന് കാണുന്നത്, മറ്റ് ഭാഗങ്ങൾ പൊളിച്ചുനീക്കി,
ഒന്നാമത്തെ കൊട്ടിലിൽ ഒതേനൻ്റെ ജ്യേഷ്ടൻ കോമപ്പകുറുപ്പിൻ്റെ ചന്ദനകട്ടിൽ, രണ്ടാമത്തെ കൊട്ടിലിൽ തച്ചോളി ഒതേനൻ്റെ ഉടവാളും പീഠവും,
ഒതേനൻ്റെ അറയുടെ താഴെ കോലായിൽ സന്തത സഹചാരിയായിരുന്നചാപ്പൻ്റെ പീഠ പ്രതിഷ്ഠയും കാണാം,

കൊട്ടിലിന് പുറത്ത് ഇടതു ഭാഗത്ത്
ഒതേനൻ്റെ മരുമകൻ കേളു കുറുപ്പിൻ്റെ പീഠ പ്രതിഷ്ഠയുള്ള ക്ഷേത്രം, വലതുഭാഗത്ത് കുട്ടിച്ചാത്തനേയും ഗുളികനേയും പ്രതിഷ്ഠിച്ചിരിക്കുന്നു,
ക്ഷേത്രത്തിൽ നിന്ന് കുറച്ച് മാറി വലതു ഭാഗത്ത് പുള്ളുവൻ ക്ഷേത്രം കാണാം, (ഒതേനനെ വെടിവെച്ച മായിൻകുട്ടിയെ അമ്പെയ്ത് കൊന്ന പുള്ളുവൻ)

പീഠസങ്കല്പത്തിലാണ് തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ,
തച്ചോളി കളരിയിൽ ശിവനും ഭഗവതിയും കുടികൊള്ളുന്നു,

എല്ലാമാസം സംക്രമത്തിന് രാവിലെ ഒരു നേരം തച്ചോളി മാണിക്കോത്ത്പൂജ ചെയ്യും,
വിശേഷ അവസരങ്ങളിൽ മാത്രം കളരിയിൽ പൂജ, കുംഭം 10-11 തീയതികളിൽ ആണ് തച്ചോളി മാണിക്കോത്ത് ഉത്സവം, അന്ന് ഒതേനൻ്റെ തെയ്യം കെട്ടിയാടും, ലോകനാർകാവിൽ നിന്ന് ദീപം താലപ്പൊലിയുടെ അകമ്പടിയോടെ തച്ചോളി മാണിക്കോത്ത് എത്തുന്നതോടെ ഉത്സവത്തിന് ആരംഭമായി,

തച്ചോളി മാണിക്കോത്ത് രണ്ടു ദിവസ ഉത്സവം, കൊടുങ്ങല്ലൂർ ഉത്സവം, നവരാത്രി എന്നി ദിവസങ്ങളിൽ മാത്രമാണ് കളരി പൂജ ചെയ്യുന്നത്

പ്രാചീനകാലത്തെ പ്രസിദ്ധമായ തളികൾ

പ്രാചീനകാലത്തെ പ്രസിദ്ധമായ തളികൾ

എന്താണ് 'തളി' ?

പ്രാചീനകാലത്ത്, കേരളത്തിലേയും തുളുനാട്ടിലേയും 32 ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാന്‍ പതിനെട്ടര തളികള്‍ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയില്‍ പറയുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നിരുന്നതായി പറയപ്പെടുന്നു. ഇതിന്‍റെ സങ്കേതമാണ്‌ തളി. കേരളത്തിൽ ഈ സങ്കേതങ്ങളോടൊപ്പം ശിവക്ഷേത്രങ്ങളും ഉണ്ടായിരുന്നതായി കാണുവാൻ സാധിക്കും. അപ്രകാരമുള്ള ശിവക്ഷേത്രവും അവയോടനുബന്ധിച്ചുള്ള സഭയേയുമാണ് 'തളി' എന്ന് വിളിച്ചിരുന്നത്. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദി കൂടിയായിരുന്നു ഇത്തരം തളികൾ. തളികളുടെ അധിപന്മാര്‍ 'തളിയംതിരിമാര്‍' എന്നറിയപ്പെട്ടു. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌.

ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നിലനിന്ന രണ്ടാം ചേരവാഴ്ചക്കാലത്ത് 'ചേരമാൻ പെരുമാൾ' അഥവാ 'കുലശേഖര കോയിലധികാരികൾ' എന്ന പദവിയോടെ ചക്രവർത്തിയെ പന്ത്രണ്ടു വർഷത്തിലൊരിക്കൽ വാഴിക്കുന്ന ചടങ്ങ് മഹോദയപുരത്ത് (കൊടുങ്ങല്ലൂർ) നടന്നിരുന്നു. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തു തളി, നെടിയ തളി എന്നീ തളികളിൽ ചേർന്ന ബ്രാഹ്മണപണ്ഡിതന്മാർ ആയിരുന്നു പെരുമാളെ തെരഞ്ഞെടുത്തിരുന്നത്. ഇതിൽ നിന്ന് തന്നെ തളികൾക്ക് ഉണ്ടായിരുന്ന പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ...

തളികൾ എന്നാൽ ക്ഷേത്രങ്ങൾ എന്നാണ് പൊതു അർത്ഥമെങ്കിലും തളികളുടെ ചരിത്രപരമായ പ്രത്യേകത ബ്രാഹ്മണ അധികാരസ്ഥാനങ്ങൾ എന്നതാണ്. തളികളുടെ സമീപത്തായി നമ്പൂതിരിഗൃഹങ്ങൾ ഉണ്ടാകണമെന്നില്ല. വേദശാസ്ത്ര പാരംഗദന്മാരായ തളിയാർമാർ ദീക്ഷ സ്വീകരിച്ച് തളികളിലെ ശാലകളിൽ വസിക്കുകയും കളങ്ങളിൽ ഇരുന്ന് വ്യവഹാര - വിചാരിപ്പുകൾ സാധ്യമാക്കിയും വന്നതായി ചരിത്രം പറയുന്നു. ശിവക്ഷേത്രം എല്ലാ തളികളുടേയും ഭാഗമായിരുന്നതായി കാണുവാൻ സാധിക്കും. ഭരണസംബന്ധമായ എല്ലാ തീരുമാനങ്ങളുടെയും തുല്യം ചാർത്തൽ ക്ഷേത്രസന്നിധിയിൽവച്ച് ആയിരുന്നു നടന്നിരുന്നത്.

പതിനെട്ടര തളികൾ

പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട തളികൾ പയ്യന്നൂർ, പെരിഞ്ചല്ലൂർ (തളിപ്പറമ്പ്), പറവൂർ, ചെങ്ങന്നൂർ എന്നീ നാലു ബ്രാഹ്മണകഴകങ്ങൾക്കും അവയിലുൾപ്പെടുന്ന 32 ഗ്രാമങ്ങൾക്കുമായി ആകെ പതിനെട്ടെണ്ണമാണ്‌.

1. നീലേശ്വരം തളി (കാസർഗോഡ് ജില്ല)
2. തളിപ്പറമ്പ്‌ (കണ്ണൂർ ജില്ല)
3. രാമന്തളി (കണ്ണൂർ ജില്ല)
4. കോഴിക്കോട്‌ തളി (കോഴിക്കോട് ജില്ല)
5. അങ്ങാടിപ്പുറം തളി (മലപ്പുറം ജില്ല)
6. ആലിപ്പറമ്പു തളി (മലപ്പുറം ജില്ല)
7. പാറൽ തളി (മലപ്പുറം ജില്ല)
8. ഈശാനമംഗലം തളി / ഓങ്ങല്ലൂർ തളി  (പാലക്കാട് ജില്ല)
9. കൈത്തളി (പട്ടാമ്പി, പാലക്കാട് ജില്ല)
10. ദേശമംഗലം തളി (വരവൂർ, തൃശ്ശൂർ ജില്ല)
11. പറമ്പന്തളി (മുല്ലശ്ശേരി, തൃശ്ശൂർ ജില്ല)
12. മേൽത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
13. കീഴ്ത്തളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
14. ചിങ്ങപുരത്തു തളി (ശൃംഗപുരം, കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
15. നെടിയതളി (കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല)
16. കടുത്തുരുത്തി തളി (കോട്ടയം ജില്ല)
17.കോട്ടയം തളി (കോട്ടയം ജില്ല)
18. കരമന തളി (തിരുവനന്തപുരം ജില്ല)

ചേരമാൻ പെരുമാളിന്റെ അധികാര പ്രാതിനിധ്യത്തിനായി ഒരു തളി കൊടുങ്ങല്ലൂർ ഉണ്ടായിരുന്നതിനെ അരത്തളി എന്നു വിളിച്ചിരുന്നതായും അതുകൂടി ഉൾപ്പെടുത്തി പതിനെട്ടര തളികൾ എന്നു പറയുന്നയായും ചില ചരിത്രകാരന്മാർ പറയുന്നു. ഇത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രമാണെന്ന് ചിലരുടെ വാദം. എന്നാൽ പെരുമാളുടെ അരത്തളിയാണ് മാലിക് ദിനാറിന് പള്ളി വയ്ക്കാനായി വിട്ടുകൊടുത്തത് എന്നും ചിലർ വാദിക്കുന്നു. 

പത്താം നൂറ്റാണ്ടിന് മുമ്പ് മേൽപ്പറഞ്ഞതിൽ മേൽത്തളി, കീഴ്ത്തളി, നെടിയതളി, ചിങ്ങപുരത്തു തളി എന്നീ കൊടുങ്ങല്ലൂരിലെ "നാങ്കു തളികൾ" മാത്രമാണുണ്ടായിരുന്നത്. പിന്നീട് ബ്രാഹ്മണർ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായാണ് കടുത്തുരുത്തി, കോട്ടയം തളി അടക്കം മറ്റു തളികളും സ്ഥാപിച്ചത്.

ഈ പതിനെട്ടര തളികൾ കൂടാതെ തളി എന്നു പേരായി മറ്റനവധി ക്ഷേത്രങ്ങൾ കേരളത്തിൽ കാണാമെങ്കിലും ചരിത്രപരമായ പ്രസക്തി പതിനെട്ടര തളികൾക്ക് മാത്രമാണ്. മറ്റുള്ളവയ്ക്ക് ക്ഷേത്രമെന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുന്നു എന്നേയുള്ളൂ.