ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

ചോഴിക്കളി

ചോഴിക്കളി

ചോഴികള്‍ എന്നാല്‍ ഭൂതഗുണങ്ങള്‍ എന്നാണര്‍ത്ഥം. മദ്ധ്യകേരളത്തില്‍ പ്രചാരത്തിലുള്ള വിനോദകലാരൂപമാണ് ചോഴിക്കളി. ചോഴിക്കെട്ട് എന്നും പറയും. ചോഴികള്‍ രണ്ടു വിധത്തിലുണ്ട് കുടച്ചോഴിയും തിരുവാതിരച്ചോഴിയും. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്.
ചോഴികളുടെ വേഷം കെട്ടുന്നത് കുട്ടികളാണ്. ഇലകള്‍കൊണ്ട് പ്രത്യേകിച്ചും വാഴയില കൊണ്ടാണ് ദേഹത്ത് വെച്ചുകെട്ടുന്നത്. കൂടെ മുതിര്‍ന്നവര്‍ കെട്ടുന്ന മറ്റു വേഷങ്ങളും ഉണ്ടാവും.

തിരുവാതിര ആഘോഷത്തിന്‍െറ ഭാഗമായി അവതരിപ്പിക്കുന്നതാണ് തിരുവാതിരച്ചോഴി. ധനുമാസത്തിലെ തിരുവാതിര നാളില്‍ വെളുപ്പിനാണ് ചോഴികള്‍ ഇറങ്ങുന്നത്. ചില സ്ഥലങ്ങളില്‍ മകയിരം നാളില്‍ അര്‍ദ്ധരാത്രി മുതല്‍ കളി അവതരിപ്പിക്കാറുണ്ട്. ചോഴികള്‍ക്ക് വിവിധതരത്തിലുള്ള പാട്ടുകളുണ്ട്.

തിരുവാതിര നാളുകളിലും മററും വള്ളുവനാടന്‍ ഭവനങ്ങളില്‍ പുലര്‍കാലങ്ങളില്‍ സംഗീത സാന്ദ്രമാക്കിയിരുന്ന ചോഴിക്കളി ഇന്ന് ഏതാണ്ട് അന്യം നിന്ന അവസ്ഥയിലാണ്

എെതിഹ്യം

സ്ത്രീകള്‍ക്കു മാത്രമായി ആഘോഷം വേണമെന്ന് പാര്‍വതി പരമശിവനോടാവശ്യപ്പെട്ടത് അനുസരിച്ച് ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ നോമ്പു നോക്കണമെന്നും ആ സമയത്ത് തന്‍റെ ഭക്ത ഗണങ്ങള്‍ ചോഴികളെ കാണാന്‍ വരുമെന്നും അവരെ വേണ്ടപോലെ സ്വീകരിക്കണമെന്നും ശിവന്‍ പാര്‍വതിയോടാവശ്യപ്പെട്ടത്രേ

അവതരണരീതി

വാഴയുടെഉണങ്ങിയ ഇലകൾ കൊണ്ടു ശിവന്റെ ഭൂതഗണങ്ങളായി വേഷം കെട്ടിയ കുട്ടികളും, മുത്തിയമ്മ, പട്ടർ, ചിത്രഗുപ്തൻ, കാലൻ എന്നിവരായി വേഷമിട്ട മുതിർന്നവരും, ചെണ്ടക്കാർ, കൊമ്പുകാർ എന്നിവരുമാണ് ചോഴിക്കളിയിൽ പങ്കാളികൾ. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂ‍ക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി ചോഴി കളിച്ചുവരുന്നു.

മുത്തിയമ്മ കുട്ടികളുടെ നടുക്കുനിന്ന് തമാശ കലർന്ന പാട്ടുകൾ ആലപിക്കും. കുട്ടികൾ അതിനനുസരിച്ച് താളം പിടിക്കും. കാലനും ചിത്രഗുപ്തനും ഉച്ചത്തിൽ അലറിവിളിച്ച് രംഗത്ത് പ്രവേശിക്കുന്നു. അഭിനേതാക്കൾ വീടു വീടാന്തരം കയറിയിറങ്ങി നൃത്തം ചെയ്യുന്നു. ചോഴിയുടെ വസ്ത്രധാരണരീതി ഉണങ്ങിയ വാഴയില ദേഹത്തു മുഴുവനായി കെട്ടുകയും രണ്ട് കുഴൽവാദ്യസഹിതവും ആയിരിക്കും. കാലൻ‍, ചിത്രഗുപ്തൻ എന്നിവർ കറുത്ത വസ്ത്രങ്ങളും മുഖം‌മൂടികളും ദം‌ഷ്ട്രകളും ധരിച്ച് ഭീകരമായ പശ്ചാത്തലം ജനിപ്പിക്കുന്നു.

ചോഴിക്കളി അവതരിപ്പിക്കാന്‍ കുട്ടികളും വലിയവരും അടക്കം 25 പേരെങ്കിലും വേണം. ചോഴി കെട്ടി നില്‍ക്കുന്ന കുട്ടികളുടെ നടുവിലായി അവരുടെ നേതാവ് നില്‍ക്കും. പിന്നീട് അവരെ വട്ടത്തിലിരുത്തി അയാള്‍ പാട്ടു പാടാന്‍ തുടങ്ങും. പിന്നീട് വാദ്യത്തോടെ കളി തുടങ്ങും. ചോഴികള്‍ കൈകൊട്ടിക്കളിക്കും. അപ്പോള്‍ കാലന്‍റെയും ചിത്രഗുപ്തന്‍റെയും വേഷം കെട്ടിനില്‍ക്കുന്ന മുതിര്‍ന്ന ആളുകള്‍ അവിടേക്ക് അലറിക്കൊണ്ട് കടന്നുവരും. അതിനു പിന്നാലെ മുത്തിയമ്മയുടെ വേഷം കെട്ടിയ ആളും എത്തുന്നു. മുത്തിയമ്മ പാട്ടുകള്‍ പാടുന്നു.

സാധാരണ നിലയില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കല അവതരിപ്പിക്കാറ്. പൊറാട്ട് അവതരിപ്പിക്കു ന്നതുപോലെ ആദ്യം ഒരു പൊതുസ്ഥലത്തും പിന്നീട് വീടുവീടാന്തരവും ചോഴിക്കളി അവത രിപ്പിക്കുന്നു. കളി തുടങ്ങുമ്പോള്‍ നാട്ടുമൂപ്പന്‍‌മാര്‍ അവിടെ ഉണ്ടായിരിക്കണം എന്നാണ് വയ്പ്പ്.

പൂതിരുവാതിര - 02

പൂതിരുവാതിര

ഭാഗം - 02

പൂജാ വേദിയിലേക്ക് ദമ്പതികളെ ആനയിക്കുന്നതിനു മുൻപ് സന്ധ്യക്ക്‌ മുൻപായി  ക്ഷേത്രാങ്കണത്തിൽ പാരമ്പര്യ ചടങ്ങുകൾ ഉണ്ട്. ദീപാരാധനക്കു മുൻപായി ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകൾ ദീപാരാധന തൊഴുത ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരുവാതിരക്കളി നടത്തുന്നു. ഇവിടെ നമുക്ക് തിരുവാതിരക്കളിയെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

ദശാബ്ദങ്ങൾക്ക് മുൻപ് മണ്മറഞ്ഞു പോകും എന്ന് കരുതിയിരുന്ന ഒരു കലാരൂപമായിരുന്നു തിരുവാതിരക്കളി. തിരുവാതിര ദിനത്തിൽ അപൂർവ്വം ചിലയിടങ്ങളിലും, സ്കൂൾ കോളജ് തലത്തിലുള്ള യുവജനോത്സവങ്ങളിലെ മത്സര വേദികളിലും മാത്രമായി തിരുവാതിരക്കളി  ഒതുക്കപ്പെട്ടു. കുറെ പേരുടെ കൂട്ടായ അശ്രാന്ത പരിശ്രമത്താൽ കൂടുതൽ ജനകീയമാകുകയും പതിനായിരക്കണക്കിന്  വനിതകൾ ഒത്തു കൂടിയ മെഗാ തിരുവാതിരക്കളികൾ വരെ പല സ്ഥലങ്ങളിലും അരങ്ങേറുകയും ചെയ്തു. അതിനെ തുടർന്ന് ഓരോ ഗ്രാമങ്ങളിലും നിരവധി തിരുവാതിര സംഘങ്ങൾ രൂപീകൃതമായി ഇത് തിരുവാതിരക്ക് വീണ്ടും വസന്ത കാലമൊരുക്കുകയും ചെയ്തു.

കൂടുതൽ സംഘങ്ങൾ ഉണ്ടായപ്പോൾ പ്രാഗൽഭ്യമുള്ള ഒരു ഗുരുവിന്റെ കീഴിൽ വർഷങ്ങളോളം പരിശീലനം നേടുന്ന ശിക്ഷണ രീതിയിൽ മാറ്റം വന്നു. നെറ്റിൽ നോക്കിയും കൂട്ടായ്മയിലെ അംഗങ്ങളുടെ തീരുമാന പ്രകാരവും നൃത്തം പരിശീലിക്കുന്ന രീതി നിലവിൽ വന്നു. ശക്തയായ ഒരു ഗുരുവിന്റെ അഭാവം, ശിക്ഷണത്തിന്റെ പോരായ്മ, പരിശീലനത്തിന്റെ കുറവ് എന്നിവ തിരുവാതിരയുടെ ഗുണ നിലവാരത്തിൽ  അപചയം ഉണ്ടാകുന്നതിനുള്ള സാഹചര്യം ഉണ്ടായി.

ആചാരപ്രകാരമുള്ള തിരുവാതിര അരങ്ങേറിയിരുന്നത് ക്ഷേത്രം നടപ്പുരകളിലോ, ഊട്ടുപുരകളിലോ, തറവാടുകളുടെ മുറ്റത്തോ ആയിരുന്നു. ഇന്ന് അത് വേദികളിലേക്ക് മാറ്റപ്പെട്ടു. കാണികളും കളിക്കാരും ഒരേ പ്രതലത്തിൽ ഇരുന്ന് കാണുമ്പോളുള്ള നർത്തകികളുടെ  ശരീരഭാഷയല്ല കാണികൾ താഴെയും നൃത്തം വെക്കുന്നവർ മുകളിലും  ആകുമ്പോൾ ഉണ്ടാകുന്നത്. ഇതെങ്ങനെ പരിഹരിക്കാം എന്ന് തിരുവാതിരക്കളിക്കാർക്ക്  കണ്ടെത്താവുന്നതേ ഉള്ളു.

അതുപോലെതന്നെ ഗവേഷണം നടത്തി നിയന്ത്രിക്കേണ്ട ഒന്നാണ് പ്രകാശസംവിധാനം. കളിക്കാരുടെ കഴുത്തോളം വരുന്ന ഏഴു വലിയ തിരിയിട്ട നിലവിളക്കിൽ നിന്നുള്ള പ്രകാശ സംവിധാനം ഇരുളടഞ്ഞ ചുറ്റുപാടുകളിൽ നർത്തകികളുടെ മുഖകാന്തി പതിന്മടങ്ങ് പരത്തുന്ന വിധത്തിലായിരുന്നു. എന്നാൽ ഇന്ന് വേദിക്കു ചുറ്റുനിന്നും മുകളിൽ നിന്നും പ്രകാശം വന്ന്‌ കളിക്കാരുടെ മധ്യത്തിൽ ഇരുട്ട് വരുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിലുള്ള പോരായ്മകൾ പ്രകാശസംവിധാന രംഗത്തുള്ള വിദഗ്ധരുമായി ചർച്ചചെയ്തു കാലോചിതമായി പരിഷ്കരിക്കാൻ ഈ രംഗത്തുള്ളവർ ശ്രദ്ധിച്ചാൽ നല്ലതല്ലേ ! വസ്ത്രാലങ്കാരത്തിൽ ആധുനിക നർത്തകികൾ വളരെയധികം ശ്രദ്ധാലുക്കളാണ് എന്നത് സ്വാഗതാർഹമാണ്.

തിരുവാതിരകളിയും, ഊഞ്ഞാലാട്ടവും കഴിഞ്ഞ് ആർപ്പുവിളികളാൽ ആനയിപ്പിക്കപ്പെട്ട ദമ്പതികളിൽ പ്രഥമ സ്ഥാനം നൽകി നിറുത്തുന്നത് ഭാര്യയെയാണ്. പിന്നീട് ഭർത്താവിനെ വലതു ഭാഗത്ത്‌ ഇരുത്തുന്നു. അതിനുശേഷം  മോതിരവിരൽ കൊണ്ട് ചന്ദനമെടുത്തു പരസ്പരം നെറ്റിയിൽ തൊടുവിക്കുന്നു. തുടർന്ന് രണ്ടുപേരും കണ്മഷിയെടുത്തു  കണ്ണെഴുത്തുകയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്യുന്നു. പിന്നീട് നേദിച്ചുവച്ച കദളിപ്പഴം രണ്ടായി പകുത്ത് തന്റെ മനസ്സിന്റെയും  ശരീരത്തിന്റെയും  ഹൃദയത്തിന്റെയും പാതി പകുത്ത് "പതി" ക്കു ദേവഭക്ഷണത്തോടൊപ്പം  നൽകുന്നതായി സങ്കൽപ്പിച്ചു പ്രാണനാഥന് നൽകുന്നു. പ്രിയതമ തന്നെത്തന്നെ നേദ്യമായി സമർപ്പിക്കുന്ന   "പ്രാണനേദ്യം" തന്റെ ശരീരത്തിലെ ഓരോ രോമകൂപത്തിലും നിറഞ്ഞു നിൽക്കണമേ എന്ന പ്രാർത്ഥനയോടെ കഴിക്കുന്നു. പരമേശ്വര സവിധത്തിൽ ദമ്പതികൾ അർദ്ധ"നാരീശ്വരൻ"മാരായി സ്വയം മാറുന്നു.

സ്വയം അർദ്ധ നാരീശ്വരന്മാരായി മാറി സ്വർഗസ്ഥരാകും വരെ തങ്ങൾ സുഖത്തിലും ദുഃഖത്തിലും മനസ്സും ശരീരവും സമ്പത്തും എല്ലാം സ്നേഹ വിശ്വാസാധികളോടെ പങ്കുവച്ചു ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു പൂത്തിരുവാതിര ചടങ്ങിൽ പ്രതിജ്ഞ ചെയ്യുന്നു. അതിന് ശേഷമാണ് പാതിരാ പൂച്ചൂടലും താംബൂല ചർവ്വണവും.

മൂർത്തീ പൂജയിൽ ദേവനെ വിവിധോപചാരങ്ങളാൽ തൃപ്തി പെടുത്തിയ ശേഷം  നടത്തുന്ന പ്രസന്നപൂജക്ക് ശേഷമാണ് ഭക്തർ തങ്ങളുടെതായ നിവേദ്യങ്ങളും നിവേദനങ്ങളും  ഭഗവാനോട് സമർപ്പിക്കുന്നത്. അതിനുള്ള കാരണം ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന സന്ദർഭം അതായത് കൊണ്ടാണ്. പ്രസന്നപൂജ കഴിഞ്ഞു ശേഷിച്ച നേദ്യവസ്തുക്കളിലെ പഴത്തിന്റെ  ആദ്യ പാതി  തന്റെ ജീവിതത്തിലെ കൺകണ്ട ദൈവമാകേണ്ട ഭർത്താവിന് നൽകുന്നത്.

സാധാരണ രീതിയിൽ പൂ ചൂടുന്നത് സ്ത്രീകളാണ്. തന്റെ പാതി പതിക്കായി സമർപ്പിച്ചതിനാൽ പൂത്തിരുവാതിരയിൽ ദശപുഷ്പ്പങ്ങൾ ചൂടുന്ന ചടങ്ങായ പാതിരാപ്പൂ  ചൂടൽ ആദ്യം നടത്തുന്നത് പുരുഷ  പാതിയുടെ ശിരസ്സിലാണ്. കർമ്മികളായി നിൽക്കുന്ന ആചാര്യകളാൽ എടുത്തു കൊടുക്കപെട്ട ദശപുഷ്പ്പങ്ങൾ ഭർത്താവിന്റെ ഉച്ചിയിൽ ഭാര്യ ചൂടിക്കുന്നു. ഹിന്ദു കുടുംബ ആചാര വ്യവസ്ഥയിൽ ഭാര്യയെ ഭർത്താവ്  പൂമാല ചാർത്തിക്കുന്ന ഒരുപാട്  ചടങ്ങുകൾ കാണാം എന്നാൽ ഭർത്താവിന്റെ തലയിൽ ഭാര്യ പൂ ചൂടിക്കുന്ന ഏക ചടങ്ങ് പൂത്തിരുവാതിര മാത്രമാണ്.

ദശപുഷ്പ്പങ്ങൾ ഭർത്താവിനെ ചൂടിച്ച ശേഷം മൂന്ന് വെറ്റില എടുത്ത് ഞരമ്പ് കളഞ്ഞ് വാസന ചുണ്ണാമ്പ് തേച്ച് കളിയടക്ക വച്ച് ത്രികോണത്തിൽ മടക്കി ഭർത്താവിന്റെ വായിൽ വച്ച് കൊടുക്കുന്നു. പിന്നീടാണ് തിരുവാതിരയിലെ കഥാനായികയായ "സ്ത്രീ" പാതിരാപ്പൂ ചൂടുന്നതും താമ്പൂലം ചർവ്വണം ചെയ്യുന്നതും. താമ്പൂല ചർവ്വിതരസം കാമോദീപകമായതിനാൽ വൈദിക പൂജകളിൽ വെറ്റിലയും അടക്കയും ഉപയോഗിക്കുമെങ്കിലും താമ്പൂല ചർവ്വണം  പതിവില്ല.

കുടുംബം പോറ്റുന്ന നാഥന്റെ ഒപ്പം നിന്ന് അദ്ദേഹത്തിന്റെ ശാരീരിക മാനസിക കാമനകളെ തൃപ്തിപെടുത്തി സന്തോഷിപ്പിച്ചു അദ്ദേഹത്തിന്റെ പാതിയായി വളർന്ന് കുടുംബത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുത്ത് "കുടുംബനായിക" ആകാനുള്ള പ്രാഥമിക പരിശീലനം നൽകുകയാണ് "പൂത്തിരുവാതിര " എന്ന ചടങ്ങിലൂടെ.

ഇനി ഇതിലെ വ്യക്തിപരമായ ആഘോഷത്തിലേക്ക് നോക്കിയാൽ നമുക്ക് കാണാൻ കഴിയുന്നത് മാനസിക സന്തോഷത്തിന്റെയും പരസ്പ്പര  പരിലാളനത്തിന്റെയും മൂർത്തീഭാവമാണ്. ഒന്ന് കണ്ണോടിച്ചു നോക്കാം.

ഉദയം മുതൽ ശാസ്ത്രീയമായ,  ജൈവ ഭക്ഷണം കഴിച്ച് (ഇളനീരിൽ തുടങ്ങി പാലും, പഴവും, കൂവ കുറുക്കിയതും, പത്തോളം കിഴങ്ങുവർഗങ്ങൾ കൊണ്ടുണ്ടാക്കിയ പുഴുക്കും) കഴിച്ച് ശിവപാർവ്വതിമാരുടെ പ്രണയത്തിന്റെയും കാമാതുരതയുടെയും കഥകൾ ചൊല്ലി സന്ധ്യയോടെ കുളിച്ചു ശരീരത്തിൽ  സുഗന്ധ ലേപനങ്ങൾ ചാർത്തി,  ക്ഷേത്രത്തിൽ തൊഴുത് ശരീരം തളരുന്നത് വരെ,  വിയർക്കും വരെ നൃത്തം ചെയ്തും പാട്ടുപാടിയും,  സ്വന്തം നാഥനോടൊപ്പം പൂജാദികർമ്മങ്ങൾ ചെയ്തു നേദ്യങ്ങൾ കഴിച്ചും, പാതിരാപ്പൂ  ചൂടി നാലും കൂട്ടി മുറുക്കി തൊഴുത് എഴുന്നേറ്റ് പ്രണയാവേശത്തോടെ പരസ്പരം ഊഞ്ഞാലാട്ടി യുവ മിഥുനങ്ങളുടേതായ സന്തോഷ ലഹരിയിൽ ആറാടുന്നു.

ഒരു ദിവസം മുൻപേ തുടങ്ങിയ വ്രതചര്യകളാലും ആഘോഷാധിക്യത്താലും തളർന്നവരെങ്കിലും, ഭർത്താവിന്റെ പരിലാളനകളാൽ ഉത്തേജിതരായി  ബ്രഹ്മമുഹൂർത്തത്തിനു മുൻപേ തുടിച്ചു കുളിച്ചു ആറാടിയ ശേഷം  ഭഗവാനെ വീണ്ടും തൊഴുത്തിറങ്ങുമ്പോൾ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികയാത്ത ദമ്പതികൾ  തിരിച്ചറിയുന്നു  ഭാര്യാഭർതൃ ബന്ധത്തിൽ ഉണ്ടാകേണ്ട പരസ്പ്പര സ്നേഹത്തിന്റെയും ലാളനയുടെയും കരുതലിന്റെയും വിശ്വാസത്തിന്റെയും പ്രസക്തി.

ഭാര്യാ ഭർത്താക്കന്മാർ ഒരേപോലെ ഉപാസകരായി ക്രമമായി ഇന്ദ്രീയങ്ങളെ നിയന്ത്രിക്കാൻ ശീലിച്ചു ആഴ്ചകളോളം നീളുന്ന ഉപാസനാവിധികളിലൂടെ ഉപാസ്യ ചൈതന്യത്തെ പ്രാപിച്ചു ഉപാസ്യ ദേവതകളായ പാർവതീ പരമേശ്വരൻമാരുടെ അനുഗ്രഹത്തിന് പാത്രീഭൂതരായ യുവമിഥുനങ്ങളെ ഗൃഹസ്ഥാശ്രമം എന്ന ശ്രീകോവിലിലേക്ക് കൈ പിടിച്ചു  കയറ്റുന്നതിനുള്ള തൃപ്പടിയാണ് "പൂത്തിരുവാതിര "

ഹൈന്ദവ ജീവിത പദ്ധതിയായ ഷോഡശ സംസ്കാരത്തിലെ ആദ്യപടിയായ ഗർഭാധാനം പോലും പൂത്തിരുവാതിര ആഘോഷത്തിന് ശേഷമാണ് ആചരിക്കാറുള്ളത്.

ഹൈന്ദവ ആഘോഷങ്ങളെല്ലാം ദുഷ്ടനിഗ്രഹത്തിന്റെയോ, സജ്ജനപരിപാലനത്തിന്റെയോ, കാർഷിക സമൃദ്ധിയുടെയോ, സാമൂഹ്യ ഐക്യത്തിന്റേതായ ഒത്തുചേരലിന്റെയോ ഓർമ്മ പുതുക്കലാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമാണ് "പൂത്തിരുവാതിര ". ആധുനിക മനശാസ്ത്രം ഇന്ന് വിവാഹ പൂർവ്വ കൗൺസലിംഗ് എന്ന വിദ്യാഭ്യാസ രീതി നിർദ്ദേശിക്കുമ്പോൾ "പൂത്തിരുവാതിര " നമ്മളോട് വിളിച്ചു പറയുന്നു വിവാഹത്തിന് മുൻപല്ല മധുവിധുവിന്റെ ലഹരി തീർന്ന് ഭാര്യാഭർത്താക്കന്മാർക്കിടയിൽ സംഘർഷത്തിന്റെ നാമ്പുകൾ പൊങ്ങിത്തുടങ്ങുമ്പോൾ എന്താണ് ജീവിതം എങ്ങിനെ ആയിരിക്കണം ജീവിതം എന്ന് കാട്ടി തരുവാൻ ആചാര്യ സ്ഥാനമുള്ള അമ്മമാരും, വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ഒത്തുകൂടി സ്നേഹഗാഥയുടെ ആഘോഷമായി "പൂത്തിരുവാതിര " ആഘോഷിക്കുന്നത് .

ചുണ്ടൊന്നനങ്ങിയാൽ, കണ്ണിലെ ഭാവമൊന്ന് മാറിയാൽ വിവാഹ മോചനത്തിന് കുടുംബകോടതിയെ (കുടുംബകോടതികളിൽ വിവാഹമോചനത്തിന് എത്തുന്നതിൽ 67 ശതമാനം ഹിന്ദു ദമ്പതികളാണ്) സമീപിക്കുന്ന വർത്തമാന കാലത്തിൽ, അതിന് വിപരീതമായി  പാർവ്വതിപരമേശ്വര പ്രണയത്തിന്റെ പ്രചാരകരായി മാറി, മരണംവരെ ഒന്നിച്ചുനിന്ന് മാതൃകാദമ്പതികളാകാൻ,  ഹിന്ദുദമ്പതികൾക്ക്  മാർഗ്ഗദർശ്ശകമാകട്ടെ "പൂത്തിരുവാതിര "

വളരെ ബഹുമാനപൂർവ്വം അറിയിക്കട്ടെ. തിരുവാതിരക്കൊപ്പമോ അൽപ്പം കൂടുതലോ ആണ് പൂത്തിരുവാതിരയുടെ സ്ഥാനം. ഒരാളുടെ ജനനം പോലെ, മരണം പോലെ, വിവാഹം പോലെ, ഋതുമതി ആഘോഷം പോലെ (തിരണ്ടു കല്യാണം) ജീവിതത്തിൽ ഒരേ ഒരു തവണയുള്ള ആഘോഷമാണ് പൂത്തിരുവാതിര ആഘോഷം. അഞ്ച് വയസ്സ് മുതൽ മരണംവരെയും ഓരോ കൊല്ലവും തിരുവാതിര ആഘോഷിക്കാം. എന്നാൽ സ്ത്രീക്കായാലും പുരുഷനായാലും ഒരൊറ്റ തവണ മാത്രമാണ് പൂത്തിരുവാതിര ആഘോഷിക്കാൻ കഴിയുക എന്ന് തിരിച്ചറിയുക. അത്രയേറെ ഗൗരവം പൂത്തിരുവാതിരക്കുണ്ട്.

ഇന്നത്തെ എഴുപതുകളിലോ എൺപതുകളിലോ എത്തി നിൽക്കുന്ന അമ്മമാരുടെയൊക്കെ  പൂത്തിരുവാതിര ആഘോഷം ഗംഭീരമായിരുന്നു എന്ന് അവർ ഓർക്കുന്നു. ക്രമേണ തിരുവാതിരക്കളി പോലെ പൂത്തിരുവാതിരയും കാണാമറയത്തേക്ക്  പോകുകയായിയുന്നു അല്ലെങ്കിൽ മറ്റു പല ഹിന്ദു ആചാരങ്ങളെപോലെ നമ്മൾ പൂത്തിരുവാതിരയെയും  പറഞ്ഞയക്കുകയായിരുന്നു.

കാലക്രമത്തിൽ തിരുവാതിരക്കളിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിൽ തിരുവാതിരയുടെ നൃത്തരൂപത്തെ മാത്രം പ്രോത്സാഹിച്ചപ്പോൾ  ആചാരങ്ങളെ അതിനൊപ്പം ചേർത്ത് കൊണ്ടുവരുന്നതിൽ നമ്മൾ പരാജയപെട്ടു.  ശിവപാർവതി പ്രണയപാതയെ,  കുടുംബമാകുന്ന ആവാസവ്യവസ്ഥയിലെ സ്ത്രീ പുരുഷ സമത്വ ദർശനത്തെ നമ്മൾ പാതിവഴിയിൽ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നു.

നമ്മുടെ വിലപെട്ടതെന്ന മായാവലയത്തിൽ തെറ്റിദ്ധരിക്കപെട്ട് സ്വർണ്ണവും, ധനവും അലമാരകളിൽ പൂട്ടി ഭദ്രമാക്കി വച്ച് യഥാർത്ഥത്തിൽ  വിലപ്പെട്ട നമ്മുടെ മക്കളെ പണിക്കാരികളെ ഏൽപ്പിച്ചു പോകുന്നത് പോലെ, പ്രായമായ മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ തള്ളുന്നത്  പോലെ തിരുവാതിര ആഘോഷത്തിലെ ഏറ്റവും മൂല്യമേറിയ പൂത്തിരുവാതിരയെ അന്ധകാരത്തിലേക്ക് വലിച്ചെറിയുകയാണ് നമ്മൾ ചെയ്തത്.

അറിഞ്ഞോ അറിയാതെയോ നമ്മളാൽ തിരസ്കരിക്കപ്പെട്ട മൂല്യങ്ങളേറെയുള്ള ആചാരങ്ങളുടെ ബോധവൽക്കരണം ആണ്  നമുക്ക് ഇല്ലാത്തതും വേണ്ടതും...

പൂതിരുവാതിര - 01

പൂതിരുവാതിര

ഭാഗം - 01

വിശ്വാസ സമൂഹത്തിന് സർവ്വവിധ അനുഗ്രഹങ്ങളും ആശംസകളും നൽകി ധനുമാസത്തിലെ "തിരുവാതിര "

നോൽമ്പിന്റെ പുണ്യവും, പാട്ടിന്റെ രാഗങ്ങളും നൃത്തത്തിന്റെ ചുവടുകളും, മഞ്ഞിന്റെ കുളിരും കൊണ്ട് വന്ന്‌  കേരളീയാംഗനകളെ അടുത്ത വർഷവും  ആഹ്ലാദത്തിന്റെ ഉത്തുംഗ ശൃങ്ഗങ്ങളിൽ  ഊഞ്ഞാലാടിക്കുവാൻ !

തിരുവാതിര നക്ഷത്രം സന്തോഷവതിയായിരുന്നു പത്തോ, പതിനഞ്ചോ വർഷം മുൻപ് അന്യം നിൽക്കും എന്ന് കരുതിയിരുന്ന തിരുവാതിരക്കളി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, മണ്ഡപങ്ങളിലും ഹോട്ടലുകളിലും വരെ തിമിർത്താടുന്നു.

വർഷങ്ങൾക്ക് മുൻപ് തിരുവാതിര ആഘോഷിക്കുമ്പോളും അതിന്റെ ഐതിഹ്യത്തെ കുറിച്ചോ, കഥാസാരങ്ങളെ കുറിച്ചോ അധികമൊന്നും ആചരിക്കുന്നവർക്ക് പോലും  അറിയില്ലായിരുന്നു. എന്നാൽ ഇന്നതല്ല സാഹചര്യം. സാമൂഹ്യ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ എന്നിവയിൽ കൂടി തിരുവാതിരയുടെ കഥാതന്തുവും, ചരിത്രവും, ഐതിഹ്യവുമെല്ലാം മനഃപാഠമായിരിക്കുന്നു.  ആതിരയുടെ  ഐതിഹ്യത്തിന്റെ പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ പലവുരു വായിച്ചു കേരളത്തിലെ വിശ്വാസി സമൂഹം  ഹൃദിസ്ഥമാക്കിയിരിക്കുന്നു. തിരുവാതിര മാഹാത്മ്യം ഇന്ന്  ആബാലവൃദ്ധം സമൂഹത്തിന് മനഃപാഠമാണ്.

തിരുവാതിരക്കളിയും, എട്ടങ്ങാടിയുടെ ചേരുവകളും, വ്രതരീതികളും എല്ലാം ജനസഞ്ചയത്തിന്റെ മൊബൈലുകൾ ഹാങ്ങ്‌ ആവുന്ന രീതിയിൽ വന്നിട്ടും അധികം പ്രചാരം കിട്ടാതിരുന്ന ഒന്നായിരുന്നു "പൂത്തിരുവാതിര" യുടെ ചടങ്ങുകൾ.

തൃശ്ശിവപേരൂർ ജില്ലയിലെ തൈക്കാട്ടുശ്ശേരി വളരെ പ്രസിദ്ധമാണ്. അതിലൊന്ന് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രമാണ്. മറ്റൊന്ന് അഷ്ടവൈദ്യൻമാരിൽ സുപ്രധാനിയായ തൈക്കാട്ട് മൂസ്സതുമാരാൽ പിന്തുടർന്ന് പോരുന്ന ആയുർവേദ പാരമ്പര്യവുമാണ്. ക്ഷേത്ര കലകളുടെ വലിയൊരു പാരമ്പര്യത്തിനും വ്യവസായ ചരിത്രത്തിനുമെല്ലാം തൈക്കാട്ടുശ്ശേരിക്കും പ്രാന്തപ്രദേശങ്ങൾക്കും സ്വന്തം. 

പ്രൗഢഗംഭീര ചരിത്രമുറങ്ങുന്ന തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ നടപ്പുര തിരുവാതിരകളിക്കും, ഊഞ്ഞാലാട്ടത്തിനും പാതിരാ പൂ ചൂടലിനും,  പൂജക്കും ഒപ്പം  തിരുവാതിര ചടങ്ങുകളിലെ "പൂത്തിരുവാതിര " ആഘോഷത്തിനും ഈ വർഷവും സാക്ഷിയായി.  

ഗ്രാമത്തിലെ തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികളുടെ വീടുകളിലെ, കഴിഞ്ഞ തിരുവാതിരക്ക് ശേഷം വിവാഹിതരായ ദമ്പതികളെ ക്ഷേത്രത്തിൽ നടക്കുന്ന  "പൂത്തിരുവാതിര " ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതോടെ ചടങ്ങുകൾക്ക് ശുഭാരംഭമാകുന്നു. തിരുവാതിര നാളിൽ  സന്ധ്യയോടെ ക്ഷേത്രത്തിൽ എത്തുന്ന നവ ദമ്പതികളെ വാക്കുരവ ഇട്ടും ആർപ്പുവിളിച്ചും സംഘാടകർ സ്വീകരിക്കുന്നതോടെ പൂത്തിരുവാതിര ചടങ്ങുകൾ ആരംഭിക്കുന്നു.

നവദമ്പതികളെ ഓരോരുത്തരെയായി  ആനയിച്ചു ഇരുത്തുന്നത് മുൻകൂട്ടി സജ്ജമാക്കിയ ഇരിപ്പിടത്തിലേക്കാണ്. അരിമാവണിഞ്ഞു അതിനു നടുവിൽ ശിവലിംഗ രൂപസാമ്യമുള്ള അമ്മിക്കല്ല് വക്കുന്നു. അതിന് മുൻപിൽ വിളക്ക് കൊളുത്തിവക്കുന്നു. (പച്ചമുളകും ചമ്മന്തിയും അരക്കുന്ന അമ്മിക്കല്ലിൽ പോലും ദൈവത്തെ ദർശിക്കുന്ന മഹനീയ വ്യവസ്ഥ) അമ്മിക്കല്ലിനു വലത്തു ഭാഗത്തായി മറ്റൊരു നിലവിളക്കും കൊളുത്തിവക്കും.

പ്രസ്തുത നിലവിളക്കിനു മുന്പിലായാണ് ദശപുഷ്പ്പങ്ങളും, പാതിരാക്ക് ചൂടാനുള്ള പൂക്കളും ഒരുക്കി വക്കുന്നത്. പൂക്കൾക്ക് ഇടത് വശത്തായി ത്രിനേത്രമുള്ള നാളികേരം ഉടച്ചു വക്കുന്നു. അതിനും മുൻപിലായി അഷ്ടമംഗല്യത്തട്ടും കദളിപ്പഴവും വക്കുന്നു.  അവയോട് ചേർന്ന് അരച്ചെടുത്ത ചന്ദനവും വക്കുന്നു.

അതിനും ഇടതു വശത്തായി ശിവപ്രതിരൂപമായ അമ്മിക്കല്ലിനു മുന്നിലായാണ് മറ്റു പൂജാദികളിൽ വെക്കാത്ത ദ്രവ്യമായ "താംബൂലം " വക്കുന്നത്. കേടുപാടുകൾ ഇല്ലാത്ത തളിർവെറ്റിലയും, വാസനച്ചുണ്ണാമ്പും, കള്ളിയടക്കയും (ഇപ്പോൾ സുപ്പാരി ആ സ്ഥാനം ഏറ്റെടുത്തു) ഏലക്ക, കരയാമ്പൂ, ജാതിപത്രി എന്നിവയുടെ മിശ്രിതവും ചേർത്ത് വക്കുന്നു.
ഇവക്ക് മുൻപിലായി തഴപ്പായ വിരിച്ചു അതിനു മുകളിൽ അലക്കിയ മുണ്ട് വിരിച്ചു ദമ്പതികൾക്കു ഇരിക്കാൻ ഇരിപ്പിടം ഒരുക്കുന്നു.

ദമ്പതികളെ ഇരുത്തുന്നതിനു മുൻപ് പൂജാരി പൂജാ കർമ്മങ്ങൾ ചെയ്തിട്ടുണ്ടാകും. അർദ്ധനാരീശ്വര സങ്കൽപ്പത്തിലോ, ലക്ഷ്മീനാരായണ സങ്കൽപ്പത്തിലോ ഐക്യമത്യ പൂജകളാണ് ഭൂരിഭാഗം സ്ഥലങ്ങളിലും ചെയ്യാറുള്ളത്. ഈ പൂജകൾ നടത്താനുള്ള അധികാരം കൂടുതൽ സ്ഥലങ്ങളിലും വാര്യർ കുടുംബങ്ങൾക്കാണ് വിധിക്കപ്പെട്ടിട്ടുള്ളത്. ഇതിന് വിഭിന്നമായി നമ്പൂതിരിമാരും, മറ്റു സമുദായാംഗങ്ങളും പൂജ നടത്തുന്ന സ്ഥലങ്ങളും ഉണ്ട്.

ഈ സമയത്ത് പൂജ നടത്തുന്ന പുരോഹിത വർഗ്ഗത്തെ കുറിച്ച് പരാമർ ശ്ശിക്കേണ്ടിയിരിക്കുന്നു. ഹിന്ദുവിനെ വിഘടിപ്പിച്ചു നിർത്താനുള്ള കുടിലതയുടെ സൃഷ്ടിയായിരുന്നു പുരോഹിത വർഗ്ഗമെന്നും, ബ്രാഹ്മണനെന്നും ജാതീയമെന്നുമുള്ള വേർതിരിവുകൾ. തെറ്റെന്നു പറഞ്ഞു പ്രചരിപ്പിച്ച മനുസ്മൃതി എഴുതിയ മനു ബ്രാഹ്മണനോ പൂജാരിയോ ആയിരുന്നില്ല.

ഒരു ചണ്ടാളനായിരുന്ന ഐതരേയൻ ആണ്, ബ്രാഹ്മണങ്ങൾ" എഴുതിയത്. മുക്കുവസ്ത്രീയുടെ മകനായ  വ്യാസനല്ലേ വേദങ്ങൾ പകുത്തത്. ഒരു കാട്ടാളജന്മത്തിന്റെ കൃതിയായ രാമായണമല്ലേ ബ്രാഹ്മണർ പോലും പാരായണം ചെയ്യുന്നത്. ഒരു തിരുമേനിയോട് പോയി മീൻ കൂട്ടി തുടങ്ങാൻ പറഞ്ഞ എഴുത്തച്ഛനല്ലേ നാരായണീയത്തിന് പിന്നിലെ പ്രേരകശക്തി. ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും ഒക്കെ ബ്രാഹ്മണരായിരുന്നോ?

അപ്പോൾ ഒരുകാര്യം വ്യക്തമാകുന്നു. ബ്രാഹ്മണ്യത്തിന്റെ പേര് പറഞ്ഞ് പലരും  നിഷേധിച്ചത് മാറ്റി നിർത്തിയത്  ഗ്രന്ഥകർത്താക്കളായ അബ്രാഹ്മണരെ തന്നെ  ആയിരുന്നു.

അതുപോലെ തന്നെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒന്നായിരുന്നു തിരുവാതിര. മനകളിലും ഇല്ലങ്ങളിലും നായർ തറവാടുകളിലും ഒതുങ്ങി കൂടിയിരുന്ന തിരുവാതിര ആഘോഷത്തിലെ ആരാധ്യ ദേവതകൾ കാനനവാസികളായ, ഗിരിശൃങ്ഗങ്ങളിൽ ജീവിക്കുന്ന ശിവനും പാർവ്വതിയുമാണ്. ഗാന്ധിജിയുടെ ഭാഷ കടമെടുത്താൽ "ഗിരിജനം" ആധുനിക ഭാഷയിൽ പറഞ്ഞാൽ "ട്രൈബൽ ". സമത്വത്തിന്റെ ചിന്താധാരയിൽ നോക്കിയാൽ സ്വന്തം ശരീരത്തിന്റെ പകുതി സഹധർമ്മിണിക്കായി  പകുത്ത് നൽകിയ പരമേശ്വരൻ. ആ പരമേശ്വരൻ സർവ്വ ഭക്തർക്കും അവകാശ പെട്ടതാണെന്ന  തിരിച്ചറിവിൽ നിന്നാണ് തിരുവാതിര ജനകീയമാകുന്നത്. ഇങ്ങനെ ഒരു ആചാരത്തെ കലയെ വിസ്മൃതിയിൽ കളയാതെ കാത്തുസൂക്ഷിച്ചു നമുക്ക് കൈമാറി തന്ന മനകളോടും ഇല്ലങ്ങളോടും  നായർ തറവാടുകളോടും നമുക്ക് നന്ദി പറയാം.

പൂജാരി ഏത് വിഭാഗക്കാരനായിരുന്നാലും പൂ തിരുവാതിരയിൽ  ആരാധിക്കപെടുന്നത്  പുരുഷനോടൊപ്പമല്ല,  പുരുഷനും മുകളിൽ നിൽക്കുന്ന സ്ത്രീയെയാണ്.
അലക്കിയ മുണ്ടിനു മുകളിൽ ദമ്പതികളിലെ സ്ത്രീയെ വാക്കുരവയുടെ അകമ്പടിയോടെ ആദ്യം ആനയിക്കുന്നു. പിന്നീട് മാത്രമാണ്  പുരുഷനെ ആനയിക്കുന്നത്. അതേ ! ആദിമ ഹിന്ദു സംസ്കാര ആഘോഷങ്ങളിൽ പോലും" സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ നയിക്കപ്പെടുന്ന സ്ത്രീകളുടെ ആഘോഷം" പുരുഷന്മാരാൽ  ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പേരല്ലേ സമത്വം. "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത " എന്ന് ചിന്തിച്ച സാംസ്‌കാരിക പൈതൃകത്തിൽ, ഏതാനും പുഴുക്കുത്തുകൾ കടന്നു വന്ന്‌ ഹിന്ദുക്കളിൽ സ്ത്രീസമത്വമില്ല എന്ന് തിമിരാന്ധതയാൽ ഓളിയിട്ടാൽ അവർക്കായി  നമുക്ക് ഹിന്ദു ആചാരങ്ങളിലെ  സ്ത്രീ  മഹത്വസ്ഥാപനത്തിന്റെ  കാട്ടി  കൊടുക്കാനുള്ള തെളിവാണ് "തിരുവാതിര "

ഭാര്യ സ്വന്തം മോതിരവിരൽ കൊണ്ട് ഭർത്താവിനെ ചന്ദനം അണിയിക്കുന്നതോടെ പൂത്തിരുവാതിരയുടെ ചടങ്ങുകൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.

തുടരും...