ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 August 2020

പിണ്ഡനന്ദി

പിണ്ഡനന്ദി

അല്ലയോ ഭഗവാനേ ഞാൻ എന്റെ അമ്മയുടെ ഗർഭത്തിലായിരുന്നപ്പോൾ എൻറെ പിണ്ഡത്തെ എല്ലാതരത്തിലും കാരുണ്യപൂർവ്വം വളർത്തിയ ദയാമയനാണല്ലോ ഭഗവാൻ അങ്ങ് കൽപ്പിച്ച പോലെ എല്ലാം സംഭവിക്കുമെന്ന്  ആലോചിച്ചു മനസ്സിലാക്കി ഈയുള്ളവൻ എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.

പഞ്ചഭൂതങ്ങൾ ഏതെല്ലാം കൃത്യമായ അളവിൽ കൂട്ടിച്ചേർത്തു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു അതിൽ ഈശ്വരചൈതന്യം കലർത്തി ആ ചൈതന്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മായാ ശക്തിയിൽ നിന്ന് ഗർഭസ്ഥ മായ എൻറെ ജീവാങ്കുരത്തെ ജീവദായകമായ അമൃത് നൽകി വളർത്തിയ മംഗള രൂപിയായ ഭഗവാനേ ഞാൻ അങ്ങയോട് നന്ദി പറയുന്നു

കല്ലിനകത്ത് വസിക്കുന്ന വെറും നിസ്സാര ജീവികൾ മാത്രമല്ല അങ്ങയുടെ കൃപയെ അറിയിച്ചു തരുന്നത് താമരയ്ക്കുള്ളിൽ വസിച്ച ദേവേന്ദ്രൻ തുടങ്ങി അതെല്ലാ ജീവജാലങ്ങളും ഈശ്വരകൃപയിലാണ് വളരുന്നത്

ഗർഭകാലത്തിരിക്കുന്ന പിണ്ഡത്തെ പോറ്റി വളർത്താൻ അവിടെ ബന്ധുക്കൾ ആരുമില്ല. ശക്തിയോ സമ്പത്തോ ഇല്ല . ആലോചിച്ചു നോക്കിയാൽ ഇതാരുടെ സഹായംകൊണ്ടാണ് വളർന്നത് . ആശ്ചര്യകരമായിരിക്കുന്നു. ഇതെല്ലാം ജഗദീശ്വരന്റെ കളിയാണെന്നറിഞ്ഞാൽ അറിവില്ലായ്മ മാറിക്കിട്ടും. അല്ലയോ ഭഗവാനേ അവിടുന്ന് അതിനായി അനുഗ്രഹിക്കണം.

ഗർഭകാലം മുഴുവൻ വേണ്ടതുപോലെ ശ്രദ്ധിച്ചു മരണപ്പെട്ടു പോകാതെ അങ്ങ് എന്നെ വളർത്തിക്കൊണ്ടുവന്നു. അക്കാലം ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു . ഞാൻ അന്ന് ഭ്രൂണാവസ്ഥയിൽ ആണ് കഴിഞ്ഞിരുന്നത് . ഭൂതകാലത്തെ പറ്റി ഗർഭാവസ്ഥയിൽ നന്നായി വളർത്തിയ കാര്യം ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ തോന്നുന്നു. അല്ലയോ ഭഗവാനേ അങ്ങ് ഇതൊന്നു കേൾക്കേണമേ.

പുരുഷ ബീജവും മാതാവിൻറെ അണ്ഡവും തമ്മിൽ ചേർന്ന് അതിൽ ഈശ്വരാംശം പ്രവേശിച്ചു. അപ്പോൾ ഒരു ശിശുവിൻറെ രൂപം പ്രാപിച്ചു . ആ അവസ്ഥയിൽ അവിടെ രക്ഷക്കായി മാതാവുമില്ല പിതാവുമില്ല . ഈ നിലയിൽ ജഗത് പിതാവായ ജഗദീശ്വരൻ തന്നെയാണെന്ന് വളർത്തിക്കൊണ്ടുവന്നത്.

ഗർഭപാത്രത്തിൽ കിടന്ന് അന്ന് അനുഭവിച്ച ദുഃഖം ഇപ്പോൾ ഓർമ്മ വരാത്തത് നല്ലത് തന്നെ. ഓർമ വന്നാൽ ആ ഓർമ്മയുടെ എരു തീയിൽ വീണു മരിക്കാൻ ഇടയാകും. അല്ലയോ ഭഗവാൻ സ്നേഹനിധിയായ അവിടുന്ന് വാത്സല്യ ഭാജനമായ ഈ കുഞ്ഞിനു ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും തന്നതു കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തെ അറിയുവാൻ സാധിക്കുന്നത്.

എൻറെ അമ്മ എന്നെ പത്തുമാസം ഗർഭ പാത്രത്തിൽ ചുമന്നു മനസ്സുരുകി നെടുവീർപ്പിട്ടു കൊണ്ടിരുന്നു കഠിനമായ വേദനയോടെ പ്രസവിച്ചു നരി പോലെ കിടന്നു കൂവുന്നു. അല്ലയോ ശംഭു ഇതിനെയൊക്കെ അർത്ഥമെന്താണ് ? ഈയുള്ളവന് ഒന്നു മനസ്സിലാക്കി തരേണമേ.

സർവ്വവിജ്ഞാന ഭഗവാൻ എല്ലാം അറിയുന്നുണ്ട് . ഈയുള്ളവൻ ഇനി ഓരോന്നും എടുത്തു പറയേണ്ട കാര്യമുണ്ടോ? ലോക സുഖങ്ങളൊക്കെ ഉപേക്ഷിച്ചു കാളപ്പുറത്ത് സഞ്ചരിക്കുന്ന ഭഗവാൻ, അവിടുന്നു എല്ലാ സംസാര ദുഃഖങ്ങളും തീർത്തു തരേണമേ. അവിടുന്നു കൈവിട്ടാൽ ഈ ലോകത്ത് ഈയുള്ളവന് മറ്റാരുമില്ല.

പിണ്ഡനന്ദി (സ്തോത്രം)

രചന:ശ്രീനാരായണഗുരു

ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ! 1

മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ! 2

കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ. 3

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 4

നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ! 5

രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
താതൻ വളർത്തിയവനാണിവനിന്നു ശംഭോ! 6

അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 7

എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 8

എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!  9

ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.

ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .

എന്തിനു ജനിച്ചു, മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം.

ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും. നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ്‌ നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ, കരയിലിട്ട മീനിനെ പോലെ പിടയുന്നു...

പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക. ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക. അതിനാണ് ഏകാഗ്രമായ പ്രാർത്ഥന, ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ്. അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത്. കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...

ആയുർവേദ പഴഞ്ചൊല്ലുകൾ

ആയുർവേദ പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ്. കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും.

''ചോര കൂടാൻ ചീര കൂട്ടുക :"
എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

''നീരു കൂടിയാൽ മോര് :"
എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത്.

''അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും :"
വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും.

''അതിവിടയം അകത്തായാൽ അതിസാരം പുറത്ത് :"
വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം. അതുപോലെതന്നെ ചക്കയ്‌ക്ക് ചുക്ക്‌ മാങ്ങായ്‌ക്ക് തേങ്ങ എന്നതും വളരെ പ്രശസ്തമായ പഴഞ്ചൊല്ലാണ് ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ തേങ്ങ തിന്നുക.

"കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട് :"
കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ ആ കുരു പോകും.

"രാത്രി കഞ്ഞി രാവണനും  ദഹിക്കില്ല :" രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക.

''തലമറന്ന് എണ്ണ തേക്കരുത് :"
എന്നുപറഞ്ഞാൽ അർഹത ഇല്ലാത്തത് സ്വന്തമാക്കിയാൽ അർഹിക്കാത്തത വേദന അനുഭവിക്കേണ്ടിവരും. കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ നാം എന്താണെന്നുള്ള ബോധത്തോടുകൂടി ആത്മ സംയമനം പാലിച്ചു ജീവിക്കുക.

"നേത്രാമയേ ത്രിഫല :"
എന്നു പറഞ്ഞാൽ നേത്രരോഗങ്ങളിൽ ത്രിഫലയാണ് (കടുക്ക, നെല്ലിക്ക,  താന്നിക്ക) ഉത്തമം.

''സ്ഥൂലന് ചികിത്സയില്ല :"
അമിതവണ്ണമുള്ള വരെ ചികിത്സിക്കാൻ ബുദ്ധിമുട്ടാണ്.

''ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത :"
ഉപവസിക്കലാണ് ഏറ്റവും നല്ല ഔഷധം

''ആധി കൂടിയാൽ വ്യാധി :"അമിതമായ ആകുലതകൾ ഉള്ളവർക്ക് രോഗങ്ങൾ വന്നു ഭവിക്കും.

"ചുക്കില്ലാത്ത കഷായമില്ല :"
ഒട്ടുമിക്ക കഷായങ്ങളും ചുക്കുണ്ട് ചുക്ക് ദഹനശക്തിയെ വർദ്ധിപ്പിക്കുന്ന ഒരു ഔഷധമാണ്.

"വൈദ്യൻ അല്ലല്ലോ ആയുസ്സിൻ  പ്രഭു :"
എന്നുപറഞ്ഞാൽ വൈദ്യന് അവരുടേതായ പരിമിതികളുണ്ട് ആയുസ്സിൻ്റെ പ്രഭു ഈശ്വരനാണ്.

''അമിതമായാൽ അമൃതും വിഷം :"
ശരീരത്തിന് ആരോഗ്യം തരുന്ന എന്തു വസ്തുവും അമിതമായി ഭക്ഷിച്ചാൽ അത് വിഷം പോലെ ഭവിക്കും.

''ഇളനീർ തലയിൽ വീണാൽ ഇളനീർ :"
എന്നുപറഞ്ഞാൽ തെങ്ങിൻചുവട്ടിൽ നിൽക്കുന്ന സമയത്ത് നാളികേരം തലയിൽ വീണാൽ നാളികേര ജലം കൊണ്ട് തലയിൽ ധാര ചെയ്യുക.

"അടിയിൽ എണ്ണ തേച്ചാൽ തല വരെ :"
ഉള്ളം കാലിൽ എണ്ണ തേച്ചാൽ അതിന്റെ ഫലം തല വരെ കിട്ടും.

"മച്ചിത്വം മാറാൻ പുത്രജനനി :"
പുത്രജനനി എന്നുപറഞ്ഞാൽ തിരുതാളി എന്നർത്ഥം. കുട്ടികൾ ഇല്ലാത്തവർ തിരുതാളി പാൽ കഷായം വെച്ചു കുടിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് ഇതിനർത്ഥം.

"നീർവാളം ശരിയായാൽ ഗുണം,  അമിതമായാൽ ആനയ്ക്കും മരണം :"
എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ നീർവാളം വയറിളക്കാൻ ഉപയോഗിച്ചില്ലെങ്കിൽ ആന പോലും മരിക്കും എന്ന് അർത്ഥം.

"സഹചരാദി ക്വാഥ സേവന ഓടാം ചാടാം നടക്കാം യഥേഷ്ടം :"
കരിങ്കുറിഞ്ഞി വേര്, ചുക്കു, ദേവദാരത്തടി ഇവ കൊണ്ടുള്ള സഹചരാദി കഷായം കഴിച്ചാൽ ഓടിച്ചാടി നടക്കാം.

''കിഴിയിൽ പിഴച്ചാൽ കുഴി, പിഴിച്ചിൽ പിഴച്ചാൽ വൈകുണ്ഠയാത്ര സൗജന്യം :" എന്നുപറഞ്ഞാൽ കിഴിയും, പിഴിച്ചിലും നോക്കിക്കണ്ടു ചെയ്തില്ലെങ്കിൽ രോഗി മരിക്കും.

13 August 2020

വിദ്യാശങ്കര ക്ഷേത്രം ശൃംഗേരി

വിദ്യാശങ്കര ക്ഷേത്രം ശൃംഗേരി

കർണാടകയിലെ ചിക്മഗളൂർ ജില്ലയിലെ പുണ്യനഗരമായ ശൃംഗേരിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിദ്യാശങ്കര സ്വാമികള്‍ക്കായി നിര്‍മിക്കപ്പെട്ട വിദ്യാശങ്കര ക്ഷേത്രമാണ് ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1338 ല്‍ വിദ്യാരണ്യ എന്ന് പേരായ ഒരു യോഗിയാണ് വിദ്യാശങ്കര ക്ഷേത്രം എന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹം വിജയനഗര രാജാക്കന്മാരുടെ രക്ഷാധികാരിയായിരുന്നു. ദ്രവീഡിയ്, ചാലൂക്യന്‍, ദക്ഷിണേന്ത്യന്‍, വിജയനഗര നിര്‍മാണ ശൈലികള്‍ കോര്‍ത്തിണക്കിയാണ് വിദ്യാശങ്കര ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വിജയനഗര ഭരണകാലത്തെ ശിലാന്യാസങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും. പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. 12 മാസത്തെ കാലക്രമത്തിൽ ഓരോ തൂണിലും സൂര്യകിരണങ്ങൾ വീഴുന്ന തരത്തിൽ അവ അതി മനോഹരമായി നിർമ്മിച്ചിരിക്കുന്നു.

ജ്യോതിശാസ്ത്ര കല്‍പനയനുസരിച്ചാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ ദുര്‍ഗയുടെയും വിദ്യാ ഗണേശന്റെയും വിഗ്രഹങ്ങള്‍ കാണാം. ഒപ്പം പത്‌നീസമേതരായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും ശ്രീകോവിലില്‍ കാണാന്‍ സാധിക്കും. മനോഹരമായ ശില്‍പചാരുതയാല്‍ ശ്രദ്ധിക്കപ്പെടുന്ന പ്രധാന മേല്‍ക്കൂരയാണ് ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം. വിഷ്ണു, ശിവന്‍, ദശാവതാരങ്ങള്‍, ഷണ്മുഖന്‍, കാളിദേവി, എന്നീ ദേവകളുടെയും നിരവധി മൃഗങ്ങളുടെയും ചിത്രങ്ങള്‍ ക്ഷേത്രത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാര്‍ത്തിക ശുക്ലപക്ഷത്തിലെ വിദ്യാതീര്‍ത്ഥ രഥോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം.

12 August 2020

പഞ്ചാരി - ചമ്പ - ചെമ്പട

പഞ്ചാരി - ചമ്പ - ചെമ്പട

ചെണ്ടയും, വലന്തലയും, ഇലത്താളവും, കൊമ്പും, കുറുംകുഴലും ചേർന്നൊരു വാദ്യ വിസ്മയം. പതിനെട്ട് വാദ്യങ്ങളിലും കേമനാണല്ലോ ചെണ്ട എന്ന വാദ്യം. ആ ചെണ്ടയുടെ പ്രമാണിത്തത്തിലുള്ള മേളങ്ങളാവട്ടേ ബഹുകേമവും. വാദ്യങ്ങളുടെ പ്രയോഗത്തിൽ മനോധർമ്മങ്ങളേക്കാൾ, ഏതൊക്കെ, എപ്പോൾ, എങ്ങനെ എന്ന് ചിട്ടപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ഈ മേളങ്ങളിലെല്ലാം ആസ്വാദകരേക്കാൾ അദ്ഭുതം ജനിപ്പിക്കുന്നത് അത് പ്രയോഗിക്കുന്നവർക്കാണ്.
ചെണ്ടയിൽ കാലമിട്ട് തുടങ്ങി വലന്തലയും ഇലത്താളവുമായി ചേർന്ന് താളവട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ അവിടം മുതൽ കുറുംകുഴലിൽ താളവട്ടം ഊതുന്നു. താളവട്ടത്തിനവസാനം കലാശത്തിന് സിഗ്നൽ കാണിക്കുന്നതും കുഴൽ പ്രമാണിയാണ്. പതികാലത്തിൽ 16 അക്ഷരകാലത്തിലും, മറ്റു കാലങ്ങളിൽ 8 അക്ഷരകാലത്തിലും  ഇടക്കലാശങ്ങൾ കൊട്ടി തുടർന്ന് ഒന്നോ രണ്ടോ താളവട്ടങ്ങൾ കൊമ്പ് ഊതുന്നു. ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്കുള്ള മാറ്റക്കലാശം 16 അക്ഷരകാലത്തിലുള്ളതാണ്. ഇങ്ങനെ പോകുന്നു മേളത്തിൽ വാദ്യങ്ങളുടെ പ്രകടനക്രിയകൾ. ഇത്തരത്തിൽ വ്യത്യസ്ത വാദ്യങ്ങൾ ചിട്ടയോടെ ക്രമീകരിച്ച് പ്രയോഗിക്കുന്നതിന് സാധ്യമാവുന്നത് ഈ മേളങ്ങളുടെ കൃത്യതയാർന്ന താളഘടനയാണ്.

മേള രാജാവായ പഞ്ചാരിയും, അതേ താളഘടനയിൽ ചില വ്യത്യാസങ്ങൾ വരുത്തി ചിട്ടപ്പെടുത്തിയതുപോലെ തോന്നുന്ന ചമ്പയും, ചെമ്പടയും ഒരു താരതമ്യ പഠനത്തിനെടുത്തു നോക്കി. പഞ്ചാരിയിൽ നിന്ന് ചമ്പയും, ചെമ്പടയും ഉണ്ടായതാണോ, ചെമ്പടയിൽ നിന്ന് ചമ്പയും, പഞ്ചാരിയും ഉണ്ടായതാണോ അതോ ഇനി ചമ്പയിൽ നിന്ന് ഇവ രണ്ടും വേർപിരിഞ്ഞതാണോ എന്നൊന്നും വ്യക്തമായി പറയാൻ സാധിക്കില്ലെങ്കിലും ഒന്ന് ഉറപ്പാണ്. ഈ മൂന്ന് മേളങ്ങളും "ഒരമ്മ പെറ്റ മൂന്ന് മക്കളേപ്പോലെയാണ്".

പഞ്ചാരിമേളത്തിൽ അഞ്ച് കാലങ്ങൾ യഥാക്രമം 96, 48, 24,12, 6 എന്നീ അക്ഷരകാല ക്രമത്തിലും,
ചമ്പമേളത്തിൽ നാല് കാലങ്ങൾ യഥാക്രമം 80, 40, 20, 10 എന്നീ ക്രമത്തിലും,
ചെമ്പടമേളത്തിൽ നാല് കാലങ്ങൾ യഥാക്രമം 64, 32, 16, 8 എന്നീ ക്രമത്തിലും ആണ് ഈ താളഘടനകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പടക്കണക്കിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മേളങ്ങളിൽ ഏതൊരു മേളത്തിലേയും പോലെ തന്നെ സവിശേഷമായൊരു ജ്യോമട്രിക് സംവിധാനം കാണാൻ കഴിയും. എന്നാൽ മറ്റു മേളങ്ങളിൽ നിന്ന് ഈ മൂന്ന് മേളങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. ഒരു മേളത്തിൽ നിന്ന് മറ്റൊരു മേളത്തിലേക്ക് നോക്കിപ്പോകുമ്പോളും ചെമ്പടക്കണക്കുകളുടെ കൃത്യമായുള്ള ഒരു വ്യവകലനം ഇതേ പോലെ കാണാൻ സാധിക്കും.

അക്ഷരകാലങ്ങൾ                                
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്   അഞ്ച്
പഞ്ചാരി   96       48       24       12         6

ചമ്പ          80       40       20       10          -

ചെമ്പട     64       32       16         8           -

ചെമ്പടവട്ടങ്ങൾ                                
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്    അഞ്ച്
പഞ്ചാരി 12x8   6x8     3x8    1.5x8    0.75x8

ചമ്പ        10x8   5x8     2.5x8 1.25x8      -

ചെമ്പട     8x8    4x8     2x8      1x8          -

ഓരോ മേളത്തിലേയും അക്ഷരകാലങ്ങളിലെ വ്യത്യാസങ്ങൾ.                           
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്   അഞ്ച്
പഞ്ചാരി   96       48       24       12         6

കുറവ്!     16         8         4          2   

ചമ്പ          80       40       20       10          -

കുറവ്!     16         8         4          2   

ചെമ്പട     64       32       16         8           -

ഉദാഹരണം: താളവട്ടം (പതികാലം മാത്രം)

     പഞ്ചാരി(96)    ചമ്പ(80)         ചെമ്പട(64)
1.  x x x x x x x     x x x x x x x     x x x x x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
    x x x x 0 0 0    x x x x 0 0 0     x x x x 0 0 0
2. x x x x x x x     x x x x x x x     x x x x x x x
    x x x x 0 0 0    x x x x 0 0 0     x x x x 0 0 0
    x x x x x x x     x x x x x x x    
    x x x x 0 0 0    x x x x 0 0 0    
    x x x x x x x                             
    x x x x 0 0 0                      
3.16 അക്ഷര     16 അക്ഷര       16 അക്ഷര
    കാലം തീറ്       കാലം തീറ്        കാലം തീറ് 

1.മുഖം, 2.മധ്യം, 3.തീറ് എന്ന രീതിയിൽ കണക്കാക്കി വരുമ്പോൾ മധ്യത്തിൽ ഓരോ ജോടി ചെമ്പടവട്ടം (2x8=16) ഓരോ മേളങ്ങളിലേക്കും കുറഞ്ഞു വരുന്നതായി കാണാം.
ഇതേ പോലെ രണ്ടാം കാലത്തിൽ ഒരു ചെമ്പട(1x8=8), 
മൂന്നാം കാലത്തിൽ അര ചെമ്പട  (½ x8=4),      
നാലാം കാലത്തിൽ കാൽ ചെമ്പട(¼ x8=2)
ഇങ്ങനെ വളരെ കൃത്യമായ, ഉജ്ജ്വലമായ ഒരു ചിട്ടപ്പെടുത്തൽ കാണാം.

വാദ്യകലാകാരന്മാർക്ക് ഇത് ഒരു പുതിയ അറിവായിരിക്കില്ല. എന്നിരുന്നാലും, കേരളീയ വാദ്യകലകളേക്കുറിച്ചുള്ള കൂടുതൽ അറിവുകളുടെ ഈ അഭൗമ തേജസ്സ് ആസ്വാദകരിലേക്കും പകർന്നു നൽകാൻ കാരണഭൂതമാവട്ടെ എന്ന പ്രാർത്ഥനയോടെ....
   

മാരാർജി രാമപുരം✍️

ബ്രഹ്മമാണ് വിശ്വയോനി - ബീജം ഭഗവാനും

ബ്രഹ്മമാണ് വിശ്വയോനി - ബീജം ഭഗവാനും.

മഹത്തായ ബ്രഹ്മം എന്റെ യോനി(ഉല്പ.ത്തി കേന്ദ്രം) യാകുന്നുവെന്നും അതില്‍ ഞാന്‍ ഗര്‍ഭധാനം ചെയ്യുന്നുവന്നും ഭഗവാന്‍ പറയുന്നു. സർവച്ചരാച്ചരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാ യോനികളും ചേരുന്നതാണ് വിശ്വയോനി,അതില്‍ നിന്നാണ് എല്ലാം ഉണ്ടാവുന്നത്. ജനനത്തിനായി സ്വീകരിക്കുന്ന മാർഗമാണ് യോനി. ഏതെല്ലാം ശരീരങ്ങള്‍ ഉണ്ടാകുന്നുണ്ടോ അവക്ക് മഹത്തായ ബ്രഹ്മപ്രകൃതി തന്നെയാണ് യോനി. പിതാവ് ഭഗവാനും അച്ഛന്‍ അമ്മ എന്നെല്ലാം പറയുമ്പോള്‍ ഈ വിശ്വ പിതാവുമായി, വിശ്വമാതാവുമായി ചേരണം.പ്രകൃതിയില്‍ നിന്നുണ്ടാകുന്ന ഗുണങ്ങള്‍ നിർമലവും പ്രകാശിക്കുന്നതും അനാമയവുമായ സത്വഗുണം സുഖസംഗം കൊണ്ടും ജ്ഞാനസംഗം കൊണ്ടും നാശരഹിതനായ ജീവാത്മാവിനെ ശരീരത്തില്‍ ബന്ധിക്കുന്നു. രാഗ(താല്പര്യം) രൂപത്തിലുള്ള രജോഗുണം ത്രിഷ്ണയിലും സംഗത്തിലും നിന്നുണ്ടാകുന്നു. അത് കര്മ്ത്സംഗത്തിലൂടെ ജീവാത്മാവിനെ ബന്ധിക്കുന്നു. അറിവില്യായ്മയില്‍ നിന്ന് ജനിച്ച തമോഗുനം സകലജീവികൾക്കും മോഹമുണ്ടാക്കുന്നു. പ്രമാദം,ആലസ്യം,നിദ്ര ഇവകൊണ്ട് ബന്ധിക്കുന്നു. തമോഗുണം ജ്ഞാനത്തെ മറച്ച് തെറ്റില്‍ ചേർക്കുന്നു. ഒന്നിനെ മറ്റൊന്നായി മനസ്സിലാക്കലാണ് തെറ്റ്. ഓരോ ഗുണവും മറ്റു രണ്ടു ഗുണങ്ങളെ മറച്ച് പ്രകടമാകുന്നു. തമോഗുണം പ്രകടമായിരിക്കുന്ന വ്യക്തിക്ക് വിശ്രമവും നിദ്രയുമാണ് ആവശ്യം. അയാള്‍ കർമ്മം ചെയ്യാന്‍ ശ്രമിച്ചാലും പൂർണമാകില്ല. ഗുണത്തിനനുസരിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍.
അനുഭവജ്ഞാനത്തെ ആശ്രയിച്ചു ഭഗവദ് ധർമ്മത്തെ പ്രാപിച്ചിട്ടുള്ളവര്‍ സൃഷ്ട്ടിയുടെ ആരംഭത്തില്‍ പോലും ജനിക്കുന്നില്ല. പ്രളയത്തില്‍ ദുഖിക്കുന്നുമില്ല. അവര്ക്ക് ജനിമൃതികളില്ല. ആഭരണം അല്ല സ്വർണ്ണം ആണ് എന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കമ്മലും മാലയും വളയും ഒന്നുമില്ല. എല്ലാം സ്വർണ്ണമാണ്. അത് പിന്നെ എല്ലാകാലവും സ്വർണ്ണക്കട്ടിയായി രൂപമാറ്റം വരാതെ ഇരിക്കും എന്നല്ല. രൂപം മാറുന്നു എന്നാ ഭാവം സ്വർണ്ണത്തിനുണ്ടാകില്ല.

സംസാരമഹായാനം

സംസാരമഹായാനം

പ്രാണികളുടെ ശരീരം രഥവും, ജ്ഞാനേന്ദ്രിയങ്ങൾ അതിനെ വലിക്കുന്ന കുതിരകളാണ്. മനസ്സ് ആ കുതിരകളുടെ കടിഞ്ഞാണായി വർത്തിക്കുന്നു. ആത്മാവ് ശരീരമെന്ന രഥത്തിലിരുന്ന് കാലപ്രയാണം തുടരുന്ന രഥിയും. ജ്ഞാനേന്ദ്രിയങ്ങളാകുന്ന കുതിരകളെ തെളിച്ച് ബുദ്ധിയാകുന്ന സാരഥി ഓടിക്കുന്ന വഴിയിലൂടെ ആത്മാക്കൾ മോക്ഷം തേടിയുള്ള സംസാരമഹായാനം തുടർന്നുകൊണ്ടിരിക്കുന്നു. ജന്മജന്മാന്തരങ്ങളിലൂടെ ശരീരത്തിനുള്ളിൽ കുടിയിരിക്കുന്ന ആത്മാക്കൾ ക്ലേശഭൂയിഷ്ഠമായ ഈ സംസാരയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. ആ യാത്രയാണ് ജീവിതം. മനോബുദ്ധിയിന്ദ്രിയങ്ങളോടു ആത്മാവ് തന്നെയാണ് സംസാരിയായ ജീവൻ. മരണസമയത്ത് ആത്മാവ് ശരീരം വിട്ടുപോകുന്നു. മരണത്തോട് നിമുക്തമാകുന്ന ആത്മാവ് ദേവയാനവും പിതൃയാനവുമായി പിരിയുന്നു. ഇതിൽ ദേവയാനം ബ്രഹ്മലോകത്ത് എത്തിചേരുന്നു. പിതൃയാനം വീണ്ടും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. ജീവന്റെ ഈ മഹായാനങ്ങൾക്കിടയിൽ രൂപം, രസം, ഗന്ധം,സ്പർശം, ശബ്ദം, എന്നി പഞ്ചവിഷയങ്ങളെയും നാനാസുഖങ്ങളെയും ആത്മാക്കൾ ആസ്വദിക്കുന്നു. ജ്ന്മമൃത്യുജരാരോഗാദി ദോഷങ്ങളൊന്നും ഇവിടെ വെച്ച് ആത്മാവിനെ ബാധിക്കുന്നില്ല. അംഗുഷ്ഠമാത്രമായ ആത്മാവ് ശരീരമദ്ധ്യത്തിലെ ഹൃദയകോശത്തിൽ നിവസിക്കുന്നു. കാലത്രായാധിനായകന്മാരായ ഈ ആത്മാക്കൾ അധിവസിക്കുന്ന പുരമാണ് ശരീരം.

" ശരീരത്തെക്കൾ അതിസൂക്ഷ്മമാണ് മനസ്സ് മനസ്സിനെക്കാൾ സൂക്ഷതരമാണ് ആത്മാവ്.