ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 March 2020

സപ്തർഷികൾ

സപ്തർഷികൾ

മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നീ ഋഷിമാർ‌ സപ്തർഷികൾ എന്നറിപ്പെടുന്നു.

അംഗിരസ്സ്

 ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

ആഗ്നേയി (അഗ്നികന്യക) യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 

ഇരുപത്തൊന്നു പ്രജാപതികളിലും സപ്തർഷികളിലും ഒരാൾ; പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ; യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും ശ്രുതികളിൽ പരാമൃഷ്ടൻ; അനേകം വേദസൂക്തങ്ങളുടെ കർത്താവ്; മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ. ആഗ്നേയി (അഗ്നികന്യക)യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 

ശിവൻ യാഗം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ സന്നിഹിതരായ അപ്സരസ്സുകളെക്കണ്ട് കാമാർത്തനായിത്തീർന്ന ബ്രഹ്മാവിനു രേതഃസ്ഖലനം ഉണ്ടായെന്നും ശിവൻ അതു യാഗാഗ്നിയിൽ നിക്ഷേപിച്ചുവെന്നും ഹോമകുണ്ഡത്തിലെ അംഗാര (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്. 

അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. 

അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ അഥർവാംഗിരസൻമാർ എന്നു വിളിച്ചുവന്നു.
 ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്.

ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതി ചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു.
അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

അഗസ്ത്യൻ

പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമർശം ഋഗ്വേദത്തിലുണ്ട്

കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു.

 മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പർവ്വതം, കുടം എന്നീ അർത്ഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർത്ഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.

ദേവാസുര യുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. 

നഹുഷനെ തന്റെ ശാപംമൂലം പെരുമ്പാമ്പാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അത്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്. രാവണനുമായുള്ള യുദ്ധത്തിൽ പരവശനായിത്തീർന്ന ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർദ്ധിപ്പിച്ചുവെന്ന് രാമായണത്തിൽ പറയുന്നു.

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ, പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെ വന്നതു നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. 

അഗസ്ത്യൻ തന്റെ തപ:ശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചു കഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

ആകാശത്തിന്റെ ഈശാനകോണിൽ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.

അത്രി മഹർഷി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. 

സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.

ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. 

അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു.

 വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.

വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.

ത്രിമൂര്‍ത്തികള്‍ എന്തിനു വേണ്ടിയാണ് അത്രി മഹര്‍ഷിയുടെ പുത്രരായി ജന്മമെടുതതെന്നു നോക്കാം 

അത്രി മഹര്ഷി സല്പുത്രലബ്ദിക്കായി, ബ്രഹ്മാവിന്റെ ഉപദേശ പ്രകാരം ഋക്ക്ഷ കുലാദ്രിയില്‍ ചെന്ന് ഒറ്റക്കാലില്‍ കഠിന തപ സ്സനുഷ്ടിച്ചു 'യാതൊരുശക്തിയാണോഈ വിശ്വത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത്, അദ്ധേഹത്തെ ഞാന്‍ ആത്മ തുല്യനായ പുത്ര സിദ്ധിക്കായി ഭജിക്കുന്നു'. മുനിയുടെ തപസ്സിന്റെ ഫലമായി ,ആ ശിരസ്സില്‍ നിന്നുയര്ന്നു പോങ്ങുന്ന 'പ്രാണായാമാഗ്‌നിയില്‍'വിശ്വം മുഴുവന്‍ ചുട്ടു പോള്ളുന്നതായി ത്രിമൂര്‍ത്തികള്‍ മനസ്സിലാക്കി. അവര്‍ സിദ്ധവിദ്യാധര സ്തുതി ഗീതങ്ങളാല്‍ ആനയിക്കപെട്ട് മഹര്‍ഷിയുടെ മുന്നിലെത്തി. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യംഅറിഞ്ഞ മഹര്‍ഷി അവരുടെ പാദാരവിന്ദങ്ങളില്‍ വീണ് സ്തുതിക്കാന്‍ തുടങ്ങി. 'വിശ്വം നിറഞ്ഞരുളുന്ന ചൈതന്യ മൂര്‍ത്തികളായ നിങ്ങള്‍ എന്റെ തപസ്സില്‍ സന്തുഷ്ടരായതില്‍ ഞാന്‍ ധന്യനായി. ഇതില്‍ഏതൊരു ശക്തിയെയാണ് ഞാന്‍ പുത്ര രൂപേണ ധരിക്കേണ്ടതെന്ന് കല്പിച്ചരുളിയാലും' മൈത്രേയ മഹര്‍ഷി പറഞ്ഞു,

അത്രി മഹര്‍ഷിയുടെ സ്തുതികളില്‍ പ്രസന്നരായ ത്രിമൂര്‍ത്തികള്‍ ഈ വിധം അരുളി. 'ഭവാന്റെ സത്യ സങ്കല്പത്തിന്റെ പ്രതീകമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അങ്ങയുടെ സങ്കല്‍പപൂര്‍തീകരണതിനായി ഞങ്ങള്‍ മൂവരും അമ്ശരൂപികളായി, അങ്ങയുടെ പുത്രന്മാരായി ജനിക്കും.'. 
അത്രി പുത്രനായ ബ്രന്മാംശം - സോമനെന്നും, വൈഷ്ണവാംശം - ദത്താത്രേയനെന്നും, ശിവാംശം -  ദുര്‍വ്വാസാവ് എന്നും അറിയപെട്ടു.

കശ്യപമഹർഷി

സപ്തർഷികളിൽ പ്രധാനപെട്ട ഒരു ഋഷിയാണ് കശ്യപ മഹർഷി .

ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപമഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി. രാജാവായ ദക്ഷ പ്രജാപതിയുടെ പുത്രിമാരാണ് ദിതിയും അദിതിയും.
കശ്യപസംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആയുർവേദത്തിലെ പല ചികിത്സാരീതികളെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

ഹിന്ദുവിശ്വാസ പ്രകാരം മരിചിയുടെ പുത്രനായ കശ്യപ മഹർഷിയുടെ സ്ഥലമാണ്‌ കാശ്മീർ താഴ്വര എന്നു കരുതുന്നു. കാശ്മീർ താഴ്വരക്കു ആ പേര് ലഭിച്ചത് കശ്യപൻ നിർമിച്ച താഴ്‌വാരം എന്ന വിശ്വാസത്തിലാണ്.

പുലഹമഹർഷി

സപ്തർഷികളിൽ ഒരാളാണ് പുലഹൻ. ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമാണ് പുലഹൻെറ ജനനം. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളാണ്. ഭാഗവത പുരാണത്തിൽ ഋഷഭപുത്രനായ ഭരതനെ സംബന്ധിക്കുന്ന കഥയിൽ, ഭരതൻ മാനായി ജനിച്ചപ്പോൾ പുലഹൻെറ ആശ്രമത്തിൽ ചെല്ലുകയും കാഴ്ച്ചയിൽ നല്ല ഇണക്കമുള്ള നല്ല ഒരു മാനായി തോന്നിയതിനാൽ പുലഹൻ അതിനെ ആശ്രമമൃഗമായി സ്വീകരിച്ച കഥ കാണാം.

ക്രതു മഹർഷി

സപ്തർഷികളിൽ ഒരാളാണ്. ബ്രഹ്മാവിൻെറ കൈകളിൽ നിന്നുമാണ് പ്രജാപതികളിൽ ഒരാളായ ക്രതുവിൻെറ ജനനം.

വസിഷ്ഠമഹർഷി

ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി.

സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. ബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ കാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. 
ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്.

 വസിഷ്ഠനാൽ വിരചിതമത്രേ ഋഗ്വേദത്തിൻറെ ഏഴാം മണ്ഡലം. വസിഷ്ഠൻ എന്ന പദത്തിന് ഏറ്റവും ധന്യവാൻ എന്ന അർത്ഥമുണ്ട്.  വസിഷ്ഠൻറെ  മൂന്നു ജന്മത്തെ കുറിച്ച് പറയുന്നുണ്ട്.  ബ്രഹ്മാവിൻറെ മാനസപുത്രനായി ആദ്യപിറവി. സന്ധ്യ എന്ന പേരിൽ അരുന്ധതിയായിരുന്നു ഭാര്യ. ഇവർക്ക് ബ്രഹ്മർഷികളായി ഏഴു പുത്രന്മാർ. ചിത്രകേതു, പുരോചിസ്സ്, വിരചൻ, മിത്രൻ, ഉൽബണൻ, വസുഭൃത്യാനൻ, ദ്യൂമാൻ.  ദക്ഷയാഗത്തിൽ നാശം ഭവിച്ച വസിഷ്ഠനെ അരുന്ധതിയും  അനുഗമിച്ചു

ബ്രഹ്മാവിൻറെ യാഗാഗ്നിയിൽ നിന്നും രണ്ടാം ജന്മം. വക്ഷമാല എന്ന പേരിൽ പത്നിയായി അരുന്ധതി.  ദേവേന്ദൻറെ യാഗത്തിന് പങ്കെടുക്കേണ്ടി വന്നതിനാൽ  നിമി ചക്രവർത്തി യാഗത്തിന് ക്ഷണിച്ചപ്പോൾ ഇന്ദ്രയാഗം കഴിഞ്ഞു വരാം എന്ന് അറിയിച്ചു . എന്നാൽ നിമി ഗൗതമ മഹർഷിയെ കൊണ്ട് യാഗം ചെയ്യിപ്പിച്ചു. ഇതിൽ കോപിച്ച് വസിഷ്ഠൻ നിമിയെ ശപിക്കുകയും അകാരണമായി തന്നെ ശപിച്ച വസിഷ്ഠനെ ആത്മാവ് വേർപിരിയട്ടെയെന്ന് നിമിയും ശപിച്ചു.  

വസിഷ്ഠൻ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു.  ബ്രഹ്മാവ് വസിഷ്ഠനെ മിത്രാവരുണന്മാരുടെ തേജസിൽ ലയിപ്പിച്ചു.  ഉർവശിയിൽ ആകൃഷ്ടരായ മിത്രാവരുണന്മാരുടെ ഇന്ദ്രിയം കുടത്തിലടയ്ക്കപ്പെടുകയും കുടം പിളർന്ന് വസിഷ്ഠനും അഗസ്ത്യനും പിറവിയെടുക്കുകയും ചെയ്തു.  നിമിയുടെ ദേഹം കടഞ്ഞ് മഹർഷിമാർ മിഥിക്ക് ജന്മം നല്കി  മിഥി മിഥിലാധിപനും ജാനകിയുടെ പിതാവുമായി.  

ഒരിക്കൽ നായാട്ടിനായെത്തിയ വിശ്വാമിത്ര രാജാവിനും പരിവാരങ്ങൾക്കും വിഭവ സമൃദ്ധമായ രാജകീയ ഭക്ഷണം കാമധേനുവിൻറെ സഹായത്താൽ നല്കി.  കാമധേനുവിനെ മോഹിച്ച വിശ്വാമിത്രൻ പശുനെ ബലമായി അപഹരിക്കാൻ ശ്രമിച്ചു.  എന്നാൽ തപശക്തിയാണ് ശ്രേഷ്ഠമായത് എന്ന് മനസ്സിലാക്കിയ രാജാവ് തപസ്സ് ചെയ്ത് ശക്തിനേടി.

ത്രിശങ്കു എന്ന സൂര്യവംശ രാജാവിനെ ഉടലോടെ സ്വർഗ്ഗത്തിലെത്തിക്കന്ന തർക്കത്തിൽ അവസാനം തൻറെ തപശക്തിയാൽ സ്വർഗ്ഗം തീർത്ത് ത്രിശങ്കുവിനു നല്കി വിശ്വാമിത്രൻ.   ഹരിശ്ചന്ദ്രരാജാവിനു വേണ്ടി ശുനശേഫനെ യാഗപശുവാക്കാൻ വസിഷ്ഠൻ ഒരുങ്ങവേ  വിശ്വാമിത്രൻ ഇടപ്പെട്ടു. കൊടിയ പരീക്ഷണങ്ങൾ വിധേയനായ ഹരിശ്ചന്ദ്രൻ ശ്മശാന കാവൽക്കാരനമായി ഒടുവിൽ.  പരസ്പര ശാപത്തിനിരയായ വസിഷ്ഠനും വിശ്വാമിത്രനും കൊക്കും പൊന്മാനുമായി ശണ്ഠ തുടരവേ ബ്രഹ്മാവ് ഇടപ്പെട്ട് ശാപമോഷം വരുത്തി. സരസ്വതി നദിയെ കൊണ്ട് വസിഷ്ഠനെ അപകടപ്പെടുത്താൻ ശ്രമിച്ചു ഒടുവിൽ സരസ്വതി പ്രവാഹം ചോരയായി ശാപത്താൽ ദേവന്മാർ സരസ്വതി തീരത്തെ വസിഷ്ഠാപ്രവാഹം എന്ന പുണ്യ സ്ഥലമാക്കി. 

പാർവതി ശാപത്തിനിരയായി ഇളയായി മാറിയ സദ്യുമ്നന് വസിഷ്ഠ പ്രാർത്ഥനയാൽ ഒന്നിടവിട്ട മാസങ്ങളിൽ പുരുഷനാകാൻഅനുഗ്രഹിച്ചു ശിവ ഭഗവാൻ. രാവണന് ഗുരുവാകാത്തതിനാൽ ബന്ധിച്ച വസിഷ്ഠനെ സൂര്യവംശരാജാവായ കുവലയാശ്വൻ മോചിപ്പിച്ച. സൂര്യവംശത്താൽ രാവണന് നാശമെന്ന് വസിഷ്ഠൻറെ ശാപം രാവണന് വസിഷ്ഠപുത്രനായ ശക്തിയുടെ ശാപത്താൽ രാക്ഷസനായി തീർന്ന കന്മാഷപാദനിൽ വിശ്വാമിത്രൻ കിങ്കരനെന്ന രാക്ഷസശക്തിയെ കൂടെ ചേർക്കുകയും ആ രാക്ഷസൻ വസിഷ്ഠൻറെ നൂറു പുത്രന്മാരെയും ഭക്ഷിച്ചു. ദുഃഖം കൊണ്ട് ആത്മഹത്യയ്ക്ക് ഒരുങ്ങിയ വസിഷ്ഠൻറെ ആത്മാവ് ദേഹം വിടാൻ വിസമ്മതിച്ചു.  ശക്തിയുടെ ഭാര്യ അദൃശ്യന്തിയുടെ ഗർഭത്തിലെ ശിശു വേദം ചൊല്ലുന്നത് കേട്ട് സന്തോഷിച്ച വഷിഷ്ഠൻ അദൃശ്യന്തിക്ക് നേരെ അടുത്ത രാക്ഷസന് മോചനം നല്കി.  ശക്തിയുടെ പുത്രൻ പരാശരൻ. 

രാമന് ഉദ്ദേശം പകരാൻ വസിഷ്ഠൻ നല്കിയ ഗീതോപദേശമത്രേ ജ്ഞാനവസിഷ്ഠവും വസിഷ്ഠരാമായണവും. പതിവ്രതാ രത്നമാണ് അരുന്ധതി. ക്ഷാമകാലത്ത് ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷമാക്കുകയും മഴ പെയ്യിക്കുകയും ചെയ്തു. വസിഷ്ഠനും അരുന്ധതിയും രണ്ടു നക്ഷത്രങ്ങളായി തീർന്നു. 

24 March 2020

ശിവ ഷഡാക്ഷര സ്ത്രോത്രം

ശിവ ഷഡാക്ഷര സ്ത്രോത്രം

      ""ഓം  നമശിവായ ""  

ഓങ്കാരം ബിന്ദു സംയുക്തം
നിത്യം ധായന്തിയോഗിനഃ
കാമദം മോക്ഷദശ്ചൈവ
"ഓം" കാരായ നമോ നമഃ

അർത്ഥം

ബിന്ദു (നാദം, ബിന്ദു, കലയിൽ പറയുന്ന ബിന്ദു) സംയുക്ത മായ ഓങ്കാരത്തെ കാമ മോക്ഷങ്ങളെ ദാനം ചെയ്യുന്ന പ്രണവ ത്തെ യോഗികൾ നിത്യം ധ്യാനിയ്ക്കുന്നു.  "ഓം" കാരത്തിന്  നമസ്കാരം. 

നമന്തി ഋഷയോ ദേവാ 
നമന്ത്യപ്സരസാം ഗണാഃ
നരാ നമന്തി ദേവേശം 
 "ന" കാരായ നമോ നമഃ 

അർത്ഥം

ഋഷികൾ, ദേവന്മാർ, അപ്സരസുകൾ, നരന്മാർ ഇവരെല്ലാം ദേവേശനെ നമസ്കരിയ്ക്കുന്നു.
 "ന" കാരത്തിന് നമസ്കാരം 

മഹാദേവം മഹാത്മാനാം
മഹാധ്യാനം പരായണം 
മഹാ പാപഹരം ദേവം 
"മ"" കാരായ നമോ നമഃ. 

അർത്ഥം

മഹാദേവനും പരമാത്മാവും ധ്യാന സ്വരൂപനും പരാശക്തിലീനനും മഹാ പാപ ഹരനും ആയ ദേവനെ നമസ്കരിയ്ക്കുന്നു.
"മ"" കാരത്തിന് നമസ്കാരം 

ശിവം ശാന്തം ജഗന്നാഥം 
ലോകാനുഗ്രഹ കാരകം 
ശിവമേക പദം നിത്യം 
"ശി" കാരായ നമോ നമഃ 

അർത്ഥം
ശിവനും ശാന്തനും സകല ലോകങ്ങൾക്കും നാഥനും ലോകങ്ങൾക്ക്  അനുഗ്രഹത്തെ ചെയ്യു ന്നവനും സാക്ഷാൽ സച്ചിദാനന്ദ സുഖമായ ഏക സ്ഥാനവും ശാശ്വതവും ആയ ദേവനെ നമ
സ്കരിയ്ക്കുന്നു. 
"ശി" കാരത്തിന്  നമസ്കാരം

വാഹനം വൃഷഭോ യസ്യ 
വാസുകീം കണ്ഠഭൂഷണം
വാമേ ശക്തി ധരം ദേവം 
"വ" കരായ നമോ നമഃ 
        
അർത്ഥം 

വൃഷഭ വാഹനനും വാസുകി യെ കണ്ഠ ഭൂഷണമായി ധരിച്ച് ഇരിയ്ക്കുന്നവനും ശക്തിയെ വാമഭാഗത്ത് ധരിച്ച് ഇരിയ്ക്കുന്നവനും ആയ ദേവനെ നമസ്കരി 
 യ്ക്കുന്നു.
"വ"" കാരത്തിന് നമസ്കാരം 

യത്ര യത്ര സ്ഥിതോ ദേവഃ
സർവ്വ വ്യാപി മഹേശ്വരഃ
യോ  ഗുരുഃ സർവ്വ ദേവാനാം 
"യ" കാരായ നമോ നമഃ. 

അർത്ഥം 

സർവ്വ വ്യാപിയായ ഭഗവാൻ എവിടെയെല്ലാമാണ് സ്ഥിതി ചെയ്യുന്നത്??? സർവ്വ ലോകങ്ങൾക്കും ഗുരുവായിരിയ്ക്കുന്നത് ആ ഭഗവാനായി കൊണ്ട് നമസ്കാരം.
"യ" കാരത്തിന്നമസ്കാരം 

ഫല ശ്രുതി

ഷഡക്ഷരമിദം സ്തോത്റം 
യഃ  പഠേ ശിവ സന്നിധൗ 
ശിവലോകം അവാപ്നോതി 
ശിവേന സഹ മോദതേ. 

ഇതിൽ തത്വാർത്ഥം ആണ് എടുക്കേണ്ടത്.  മനുഷ്യ ജീവിതത്തിലുള്ള "സംസാര ദുഃഖങ്ങൾ എല്ലാം നശിപ്പിച്ചു... ആയൂഷ് കാലം അവസാനിയ്ക്കുമ്പോൾ ശിവലോകം പ്രാപിച്ച് സച്ചിതാനന്ദ സുഖം അനുഭവിയ്ക്കുന്നു എന്ന് അർത്ഥം.

ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?

ആരാണ് ബ്രാഹ്മണൻ.. ആരാണ് ശൂദ്രൻ?     

ഋഗ്വേദത്തിലെപുരുഷ സൂക്തത്തിൽ   ബ്രാഹ്മണർ ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, എന്നീ നാല് വിഭാഗങ്ങളെ പറ്റി പരാമർശം കാണുന്നു. എന്നാൽ ഇവരെ വർണങ്ങൾ എന്ന് വിളിക്കുന്നത്‌ ഗീതയിലാണ്. എന്നാൽ ഗീതയിലും  ജന്മമാണ്  നിന്നിൽ വർണം വരുത്തുന്നത് എന്നും  ജാതിക്ക് കാരണം വർണമാണെന്നും  യാദവനായ ഭഗവാൻ പറയുന്നില്ല.

ഇന്നത്തെ ആധുനീക socoalogist കൾക്കും വർണമാണ് ജാതിക്ക് കാരണമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ ഈ വേർതിരിവ് ഗീതയേയോ വേദത്തേയോ പ്രമാണമാക്കി കൊണ്ടാണെന്നതാണ് വസ്തുത .

വർണമാണ് ജാതിയുണ്ടാകാൻ കാരണമെങ്കിൽ നാല് വർണങ്ങളും അതിനു അനുപാതികമായ 4000 ജാതികളും വന്നത് എങ്ങിനെയെന്നതിന്  ആർക്കും ഉത്തരം നൽകാൻ കഴിയുന്നില്ല. ചെയ്യുന്ന തൊഴിലിനെ ബന്ധപ്പെടുത്തിയാണ് ജാതി വിഭജനം ഉണ്ടായത്.
ലോകത്തിലെ  എല്ലാ രജ്യങ്ങളിലും ഈ വർണവിഭജനം കാണാൻ കഴിയും. അത് എങ്ങിനെ എന്ന് പരിശോധിക്കാം

1ബ്രാഹ്മണർ, ജ്ഞാനികൾ, അഥവാ Intelectuals

2.ക്ഷത്രിയർ പടയാളികൾ അഥവാ, Warriors. 

3. വൈശ്യർ  കർഷകർ വ്യവസായികൾ.Farmers Business peoples.. 

4 ഇവയിലൊന്നും പെടാത്ത വിഭാഗം..

ഇവരുടെ ശക്തി ആണ് ഓരോ രാജ്യത്തെയും ലോകത്തിന് മുന്നിൽ സമ്പൽ സമൃദ്ധ രാജ്യ പദവിയിൽ എത്തിക്കുന്നത്... 
ഇനി ഒരു മനുഷ്യൻ.. എങ്ങിനെ ഈ 4 വർണത്തിൽ എത്തുന്നു.. എന്നു നോക്കാം.
    
"ജന്മനാ ജായതെ ജന്തു 
കർമ്മണാ ജായതെ ദ്വിജ 
ബ്രഹ്മജ്ഞാനേനബ്രാഹ്മണാ".
                 (എന്നതാണ് പ്രമാണം.)

"ശൂദ്രോപി ശീലസമ്പന്നോ
ബ്രാഹ്മണാത് ഗുണവാൻ ഭവേത്
ബ്രഹ്മനോപി ക്രിയാഹീന 
ശൂദ്രാത് പ്രെത്യവരോഭവേത്"
                    ( ഇതാണുശാസ്ത്രം ) -

ശൂദ്രൻ ശീല സമ്പന്നൻ ആയി മാറിയാൽ ബ്രഹ്മണനാകാം ബ്രാഹ്മണൻ കർമ്മ ഹീനനായാൽ. ശൂദ്രനായി തീരുന്നു. 
 മഹർഷി വാല്മീകിയും മഹർഷി വ്യാസനും ഉപനിഷത്ത് ഋഷിമാരും, മഹീദാസ ഐതരേയനും  ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും ഒക്കെ അങ്ങനെ ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നവരാണ്.

ആരാണ് ബ്രാഹ്മണൻ :-

ജനിക്കുമ്പോൾ ആരും ബ്രഹ്മണനാകുന്നില്ല. ഒരു വ്യക്തിക്ക്  കർമ്മത്തിൽ കൂടി മാത്രമേ ബ്രമ്ഹണനാകാൻ കഴിയൂ. വേദാ ധിഷ്ഠിത  ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളതും അത് തന്നെയാണ് .

"കർമ്മണാ ജായതേ ദ്വിജ 
വേദ പാരായണാൽ വിപ്ര 
ബ്രമ്ഹ ജ്ഞാനേതി ബ്രാഹ്മണ"

ആരാണ് ശൂദ്രൻ .

"ശ്രുതാത് ദൂര ഇതി ശൂദ്ര"

ശ്രുതി എന്നാൽ.. അറിവ് അല്ലങ്കിൽ വേദം എന്നാണ് .
ശ്രുതിയിൽ നിന്ന്  വിട്ടു നിൽക്കുന്നവർ ആരോ അവർ എപ്പോഴും ശൂദ്രൻ ആയിരിക്കും. അത് കൊണ്ടാണ് പുരാണങ്ങളിലും ഉപനിഷത്തുക്കളിലും ശൂദ്രൻ അശുദ്ധരിലോ സൂകരനിലോ (പന്നി) പിറക്കുന്നു എന്ന് ആലങ്കാരികമായി പറയുന്നത്. അതിനർത്ഥം അറിവില്ലാതെ ജന്തുവിൽ ജനിക്കുന്നു എന്നാണ്. അതായത്   വേദ സത്യത്തെ അംഗീകരിക്കാതെ വേദ പ്രമാണങ്ങളെ ദുർവ്യാഘ്യനിച്ച് അറിവിനെ മറച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന പുരോഹിതൻ എന്ന്  സ്വയം വിശേഷിപ്പിക്കുന്നവരാണ് യഥാർത്ഥ  ശൂദ്രന്മാർ .

"കർമ്മണാ ജായതേ ദ്വിജ"

കർമ്മത്തിലൂടെ ദ്വിജത്വം ലഭിക്കുന്നു 
ദ്വിജൻ എന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും സത്യത്തെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള ആത്മ നിയന്ത്രണം വന്നവൻ എന്നാകുന്നു 

"വേദ പാരായണാൽ വിപ്ര" ..
വിപ്രൻ എന്നാൽ ...

"വിശേഷേണ പാപത്മനാം 
പരഞ്ച പാതിതി 
വിപ്ര ശബ്ദാർത്ഥ "

തന്റെയും മറ്റുള്ളവന്റെയും പാപത്തെ ഇല്ലാതാകുന്നവൻ ആരോ അവൻ വിപ്രൻ 
ഇപ്പോൾ ഉള്ള വിപ്രന്മാർ  മറ്റുള്ളവന്റേതു പോയിട്ടു തന്റെ പാപത്തെ പോലും ഇല്ലാതാക്കാൻ കഴിവില്ലാത്തവരാകുന്നു . 

"ബ്രഹ്മജ്ഞാ നേതി ബ്രാഹ്മണ"

ബ്രഹ്മജ്ഞാനം ലഭിച്ചവർ ബ്രമ്ഹണനാകുന്നു .

എന്താണ് ബ്രഹ്മജ്ഞാനം ...

എന്നിലും നിന്നിലും തൂണിലും തുരുമ്പിലും സർവ ജീവികളിലും  നിറഞ്ഞു നില്കുന്നത്  ഈശ്വരന്റെ ചൈതന്യമാണെന്നും എന്നിൽ നിന്ന് വിഭിന്നമല്ല മറ്റൊന്നും എന്ന ഭേദഭാവമില്ലാതെ ഇന്ദ്രിയങ്ങൾക്കതീതനായി മാറുന്ന ആരോ അവൻ ബ്രാഹ്മണൻ . 

നാല് വേദങ്ങളിലും ഇതുതന്നെ യാണ് പറയുന്നത്.

അഹം ബ്രഹ്മ അസ്‌മി (യജുർ വേദം)
പ്രജ്ഞാനം ബ്രഹ്മ (ഋഗ് വേദം)
തത് ത്വം അസി (സാമ വേദം)
അയാം ആത്മ ബ്രഹ്മാ (അഥർവ വേദം)

ആ വേദങ്ങൾ തന്നെ ഉദഘോഷിക്കുന്നു :-

"ന ജാതി ബ്രഹ്മണ "
അതായത് ജാതി ബ്രാഹ്മണനല്ല  വേദം പറഞ്ഞ ബ്രാഹ്മണൻ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് .

ഇനി പൂജാധികാരിയുടെ ലക്ഷണം അറിയാൻ ഈശാന ശിവ ഗുരുദേവ പദ്ധതിയിൽ ചര്യ കാണ്ഡം (ശങ്കരാചാര്യരുടെ അച്ഛനായ ഈശാന ശിവ ഗുരുദേവൻ എഴുതിയ ഏകദേശം പതിനായിരകണക്കിന് ശ്ലോകങ്ങൾ ഉണ്ട്  ആ ഗ്രന്ഥം  കേരളീയ പൂജാ  ശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമാകുന്നു . 

അതൊന്ന് പരിശോധിക്കാം :-

"ആചാര്യ തപസാമ്നയ"
ക്ഷേത്ര അഭിവൃദ്ധിക്കു വേണ്ട അഞ്ചു കാര്യത്തിൽ മുഖ്യമായ ഒന്ന് ആചാര്യൻ അല്ലങ്കിൽ പൂജകൻ തപസ്വി  ആയിരിക്കണമെന്നാണ്.

 പൂജിക്കുന്ന ദേവതയുടെ മന്ത്രം സിദ്ധി ഉണ്ടായിരിക്കണം 

ഇത്തരം പ്രമാണങ്ങളെ പൗരോഹിത്യ വർഗം  തന്ത്ര സമുച്ചയത്തിലെ കുഴിക്കാട്ട് പച്ചയിലും ബോധ പൂർവം തിരുത്തിയിട്ടുണ്ട്  പത്തുരൂ ഗായത്രി പോലും അറിയാത്ത, ചെയ്യാത്ത പൗരോഹിതരാണ്  ഇന്ന് ഭൂരിഭാഗവും. നല്ലൊരു വിഭാഗത്തിന് പൂജയും ഹോമവും അന്യമായി കഴിഞ്ഞു.ശേഷിച്ചവർ പഴയകാല വിസ്‌മൃതിയിൽ പഞ്ചോപചാരം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്ഷേത്രങ്ങളിൽ ചൈതന്യ ലോഭം വന്നു തുടങ്ങി. കാളിയും ശിവനും ദുർഗയും വെറും ബിംബങ്ങൾ മാത്രമായി മാറി. പ്രതികരണ ശേഷി ഇല്ലാത്ത ബിംബങ്ങൾ. ഇനി വർണ്ണവും ജാതിയും ഒന്നാണെന്ന് പറഞ്ഞു പരത്തിയ പൗരോഹിത്യ വർഗം  ഋഗ്‌ വേദത്തിലെ പതിനൊന്നാം മണ്ഡലത്തിലെ പുരുഷ സൂക്തം ഒന്ന് വായിച്ചു അതിന്റെ യഥാർത്ഥ അർത്ഥവും മനസിലാക്കണം.

"മുഖം കിമസ്യ കൗ ബാഹു 
കാ ഊരു പാദ  മുച്യേത 
എന്ന ശ്ലോകം .

വേദത്തിലെ ഋഷിമാർ ആരും തന്നെ ഇന്നത്തെ രീതിയിലുള്ള ജാതി ബ്രമ്ഹണർ ആയിരുന്നില്ല .. സൂതപുത്രനും വേടന്റെ മകനും രാജാവിന്റെ മകനുമൊക്കെ  യായിരുന്നു ... വേദം പകുത്ത വ്യാസനും മുക്കുവനായിരുന്നു .
അതു കൊണ്ട് മനസ്സിലാക്കുക   അറിവു കൊണ്ട് മാത്രമേ ബ്രാഹ്മണ്യം നേടാൻ കഴിയൂ .

അത് കൊണ്ട് സനാതന ധർമം എന്ന പവിത്രമായ ഭാരതീയ സംസ്കൃതിയെ നശിപ്പിക്കരുത് . വേദ മന്ത്രങ്ങളും താന്ത്രികാരാധനകളും ഓരോ ഹിന്ദു ഭവനങ്ങളിലും നടക്കട്ടെ ! അറിവിനെ ഈശ്വരനായി ആരാധിച്ച ലോകത്തെ ഒരു സമൂഹമായിരുന്നുനമ്മൾഹിന്ദുക്കൾ.സപ്ത മഹാ ഭൂ ഖണ്ഡത്തിലെ ജംബു ദ്വീപത്തിലെ ഈ പുണ്യ ഭൂമിയിലെ മഹാ ഋഷി വര്യന്മാരുടെ പിൻതലമുറക്കാരാണ് നമ്മൾ. ആ നമ്മൾ അജ്ഞതയെ തേടി പോയി പൈതൃകം നശിപ്പിക്കരുത് 
അങ്ങനെ ഉണരട്ടെ നമ്മുടെ ഭാരതം .

"കർമ്മണ്യേവധികാരസ്തേ   
  മാ  ഫലേഷു കദാചന   
  മാ കർമഫലഹേതുർ   
 ഭുർമാ തേ സംഗോസ്ത്വകർമ്മണി."                                                                       
        

23 March 2020

ഷണ്മുഖൻ

ഷണ്മുഖൻ

പ്രകാശിക്കുന്നതെല്ലാം വൈദിക വങ്മയത്തിൽ ദേവന്മാരാണ്. മാതാവും പിതാവും അതിഥിയുമെല്ലാം ദേവന്മാരാണ്, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഇവക്കെല്ലാം അടിസ്ഥാനമയ അഗ്നിയും ദേവതകളാണ്. സൗരയൂഥത്തിന്റെ ഊർജ്ജം സൂര്യതേജസ്സാണ്. മറ്റുനക്ഷത്രങ്ങൾ മറ്റു യൂഥങ്ങൾക്ക് പ്രകശം നൽകുന്നു. അപ്പോൾ ചരാചരങ്ങളെല്ലാം ദേവതകളാണെന്നുകാണാം . എന്നാൽ ഈ ദേവതകളുടെയെല്ലാം നായകൻ അഗ്രണി - അഗ്നിയാകുന്നു. നമ്മുടെ വയറ്റിലുണ്ടാകുന്ന ജഠയരാഗ്നി മുതൽ സൂര്യനിൽ വരെ അഗ്നിയാണുള്ളത്. ബൃഹത്തായ ബ്രഹ്മമാണ് അഗ്നിയുടെ നിമിത്തകാരണം . ബ്രഹ്മം കാരണമായത് ബ്രഹ്മണ്യമാകുന്നു. സു ഉപസർഗ്ഗം ചേർത്താൽ സുബ്രമണ്യനായി. ഇങ്ങനെ സകല ദേവകളെയും ചേർത്ത് ഒരു സേനതന്നെയാക്കി അവയെ നയിക്കുന്ന അഗ്നിയെ തന്നെയാണ് സുബ്രമണ്യൻ എന്നു പറയാം. ആറെന്ന സംഖ്യയുമായി അഗ്നിക്ക് വലിയ ബന്ധമുണ്ട്. ആറ് കൃത്തികകൾ അഗ്നിയുടെ നക്ഷത്രമായ കാർത്തിക തന്നെയാണ്. തൈത്തിരീയ ബ്രാഹ്മണത്തിൽ പറയുന്നത് ഇങ്ങിനെയാണ്. "ഏതദ്വാ അഗ്നേർ നക്ഷത്രം യത് കൃത്തികഃ "അഗ്നിയാണ് ഈ ആറ് നക്ഷത്രങ്ങളുടെയും ദേവൻ. സുബ്രമണ്യന്റെ മറ്റൊരുപേരു സ്കന്ദൻ എന്നാണല്ലോ. ഇതും അഗ്നിയാണ് എന്ന് ധാതു നോക്കിയാൽ മനസ്സിലാകും. ഗമിക്കുന്നത് ഉണക്കുന്നത് എന്നി അർത്ഥങ്ങളാണ് സ്കണ്ടിർ എന്ന ധാദുവിനുള്ളത്. അതുകൊണ്ട് സ്കന്ദൻ എന്നാൽ അഗ്നി എന്നർത്ഥമെടുക്കാം . ആറ് ഋതുക്കളെ കുറിക്കുന്നതാണ് ആറ് കൃത്തികകൾ, സംവത്സരമാണ് ആറ് ഋതുക്കൾ, ശതപഥ ബ്രാഹ്മണത്തിലേക്ക് കടന്നാൽ അവിടെ ഇങ്ങനെ കാണാം, സംവത്സരത്തിന്റെ ഋതുക്കൾ അഗ്നിയാകുന്നു. സംവത്സരത്തിന് അഗ്നിയെന്നും പേരുണ്ടെന്ന് താണ്ഡ്യബ്രാഹ്മണത്തിലും കാണാം. "സംവത്സരോഗ്നിഃ" ചരാചരങ്ങൾ കടന്നുപോകുന്നത് ഋതുക്കളിലൂടെയാണ് സംവത്സരമെന്ന അഗ്നി അവയുടെ ആയുസ്സിനെ ശോഷിപ്പിക്കുകയും കാലമാകുന്ന പാതയിലൂടെ ഗമിപ്പിക്കുകയും ചെയ്യുന്നു, സ്കന്ദനായ അഗ്നിക്ക് ആറ്പാദങ്ങളുണ്ട്. പൃഥിവി, അന്തരീക്ഷം, ദ്യൗലോകം (ബഹിരാകാശം) ഐശ്വര്യം, ഔഷധികൾ , വനസ്പദി (സസ്യം) കൾ, തുടങ്ങിയ പാദങ്ങളുള്ള സ്കന്ദൻ വൈശ്വാരനാകുന്നുവെന്ന് ഗോപഥ ബ്രാഹ്മണം പറയുന്നു. കാർത്തികേയനായ ഷണ്മുഖൺ വൈശ്വാരനായ അഗ്നിയുടെ പ്രതീകമാണ്. ബ്രഹ്മണത്തിൽ തന്നെ പറയുന്നു അഗ്നിയുടെ ഒമ്പാതാം രൂപമാണ് കുമാരനെന്ന് പറയുന്നു. രുദ്രന്റെ മകനാണെന്നും വേലയുധനെ പറയാറുണ്ട്. ദേവസേന കുമാരന്റെ ഭാര്യയാണെന്നും പുരാണത്തിൽ പറഞ്ഞീട്ടുണ്ട്.

മയിൽ വാഹനൻ.. സ്കന്ദനെ ശിഖി വാഹനൻ എന്നു പറയാറുണ്ട്. ശിഖി എന്ന വാക്കിന് കോഴിയെന്നും മയിലെന്നും അഗ്നിയെന്നും അർത്ഥമുണ്ട്. ഈ അർത്ഥങ്ങളെല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് കുമാരനെ- സുബ്രമണ്യനെ - സ്കന്ദനെ മയിൽ വാഹനൻ എന്നു പറയുന്നതായിരിക്കാം. അഗ്നിയുടെ ശിഖകൾ എന്താണ് ? അഗ്നിജ്വാലകളാണ് ശിഖകൾ. മയിലിനും കോഴിക്കും തലയിൽ ശിഖകൾ കാണാം.

ശിവൻ എന്ന സ്രാഷ്ടാവ് പത്നിയായ പ്രകൃതി (പാർവ്വതിയിൽ) യിൽ സങ്കൽപശക്തിയാൽ പ്രജോദനം നൽകി ജഗത്തിനെ സൃഷ്ടിച്ചു. അഗ്നിയാണ്- ഊർജ്ജം- എല്ലാ സൃഷ്ടികളുടെയും ഉപാദനകാരണം നിമിത്തകാരണം ഈശ്വരനും. ശിവൻ എന്നത് ഈശ്വരന്റെ ഗുണങ്ങളിൽ അധിഷ്ഠിതമായ പര്യായനാമമാണ്. അഗ്നി അഗ്രണിയായി എല്ലാറ്റിനെയും നയിക്കുന്നു. എല്ലാ സങ്കൽപങ്ങളെയും പോലെ അഗ്നിയെന്ന അതിശ്രേഷ്ഠ നായകന് ഒത്തിണങ്ങിയതാണ് മുരുകന്റെ രൂപവും എന്നു കാണാം.

19 March 2020

ഭാഗ്യസൂക്തം

ഭാഗ്യസൂക്തം 

മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.

വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.

ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍  രോഗമുക്തിയും ഫലം.

മന്ത്രം

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:
പ്രാതര്‍ഭഗം പുഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ

(പ്രഭാതത്തില്‍ അഗ്‌നി, ഇന്ദ്രന്‍, മിത്രവരുണന്മാര്‍, അശ്വിനിദേവന്മാര്‍, പൂഷന്‍, ബ്രാഹ്മണസ്പതി, സോമന്‍, രുദ്രന്‍ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).
'
പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്രമദിതേര്യോ വിധാതാ
ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ.

(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങള്‍ക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നല്‍കിയാലും)

ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ
മാന്ധിയ മുദവദദന്ന
ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ

(എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയായ ദേവാ, ഞങ്ങള്‍ക്കു സത്യധര്‍മത്തിലൂടെ മാത്രം ജീവിക്കാന്‍ തെളിഞ്ഞ ബുദ്ധി നല്‍കി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താല്‍ ഉത്തമ മനുഷ്യനായിത്തീരണമേ)

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ
ഉത മധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ

(ഈശ്വരാനുഗ്രഹത്താല്‍ സകല ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകണമേ. ദിനം മുഴുവന്‍ ഉത്തമ പ്രവൃത്തിയിലേര്‍പ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ
സ്‌തേന വയം ഭഗവന്തസ്യാമ തന്ത്വാ
ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി
വേവ ശുചയേ പദായ.
അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ
വാജിന ആവഹന്തു

(പവിത്രമായ ദധിക്രാ വനത്തില്‍ കുതിരകള്‍ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം
പാത സ്വസ്തിഭിസ്സദാന:

(എന്നും പ്രഭാതത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും)

യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി
അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അഭയ, വരദ, ചിൻ മുദ്രകൾ

അഭയ, വരദ, ചിൻ മുദ്രകൾ

ദേവതാരൂപങ്ങളിൽ കാണുന്ന മൂന്നു പ്രധാന മുദ്രകളും അവയുടെ അർഥവും ...!!!

അഭയ മുദ്ര

ഭയത്തിൽനിന്നുള്ള രക്ഷയെ ഉദ്ദേശിക്കുന്നു. ഭയമില്ലായ്മ, ആപത്തിൽ നിന്നുള്ള രക്ഷ ഇതൊക്കെ അര്ഥമാണ് . സമസ്ത ജീവജാലങ്ങൾക്കും ഭയത്തിൽ നിന്ന് മോചനം നൽകുന്നു.

വരദ മുദ്ര

ഉദാരത, ദയ, കരുണ ഇവയെ സൂചിപ്പിക്കുന്നു. ഭക്തരുടെ പ്രാർഥനകളെ  കരുണയോടെ നോക്കിക്കാണുന്നു.

ചിൻ മുദ്ര

ജ്ഞാനത്തെ സൂചിപ്പിക്കുന്നു. തള്ളവിരലും ചൂണ്ടു വിരലും ചേര്ത്ത് പിടിചിരിക്കുന്നതിലൂടെ ഈശൃരനിൽ നിന്ന് ജ്ഞാനം ഭക്തനിലെയ്ക്ക് വരുന്നതായി ഉദ്ദേശിക്കുന്നു. തള്ള വിരൽ ചൂണ്ടു വിരലിനെ അമര്ത്തുന്നത് വഴി അഹംബോധത്തെ അമർത്തുന്നതിനെ സൂചിപ്പിക്കുന്നു.മറ്റു മൂന്നു വിരലുകൾ ഉയർത്തി പിടിച്ചിരിക്കുന്നത് കാമ,ക്രോധ,ലോഭ ചിന്തകളിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനെ കാണിക്കുന്നു.

പ്രത്യക്ഷ  രൂപത്തിൽ  ഈശൃരനെ ആരാധിക്കുമ്പോൾ ഇങ്ങനെ പല വിധ മുദ്രകളും, ചിഹ്നങ്ങളും, അടയാളങ്ങളും ഉണ്ടാവും. അവയെ ഒക്കെ മനസ്സിലാക്കി പ്രാർഥന നടത്തിയാൽ കൂടുതൽ നല്ലതാണ്. ഇതിനെല്ലാം പിന്നില് ഓരോ തത്വം ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കണം.

രൂപം ദേഹി ജയം ദേഹി

രൂപം ദേഹി ജയം ദേഹി

ദേവീ മാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ;

'രൂപം ദേഹി ജയം ദേഹി
യശോ ദേഹി ദ്വിഷോ ജഹി'

അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും. വൈരികളെ കൊന്നാലും. ലോകാംബികയായ ദേവിയോട് രൂപത്തിനും ജയത്തിനും കീര്‍ത്തിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ശത്രുസംഹാരത്തിനായുള്ള അര്‍ത്ഥനയും. ഭൗതിക വ്യവഹാരത്തിലുള്ള അര്‍ത്ഥമല്ല ഇവിടെ രൂപജയാദികള്‍ക്കുള്ളത്. ധ്വനിതരളമാണ് ഈ പദങ്ങള്‍. രൂപം മാനസിക സൗന്ദര്യമായ വിനയമാണ്. ഇന്ദ്രിയദമനമാണിവിടുത്തെ ജയം. സദാചാര ജനിതമായ ഖ്യാതിയാണ് യശസ്സ്.

ഭാരതീയാചാര്യന്മാരാരും ഇന്ദ്രിയഹനനം വിധിച്ചിട്ടില്ല. ആത്മനിയന്ത്രണം ഇന്ദ്രിയനിയന്ത്രണം തന്നെ. കാമാദി ആസുരീ സമ്പത്തുകളാണ് പ്രസ്തുതത്തിലെ വൈരികള്‍. മധുരോദാരമായ ഈ പ്രാര്‍ത്ഥന ഇന്നത്തെ വിവരവ്യവസായയുഗത്തില്‍ പെണ്‍മക്കളൊത്ത് അമ്മമാര്‍ രണ്ടുനേരവും നടത്തേണ്ടതാണ്. 

ദേവീ മാഹാത്മ്യം അഞ്ചാം അധ്യായം 19 മുതല്‍ 27 വരെയുള്ള 9 ശ്ലോകങ്ങള്‍ ദേവീമഹിമ പദാല്‍പ്പദം വിളിച്ചോതുന്നു. അത്യപൂര്‍വമായ വിന്യസനഭംഗിയാണ് ഈ ശ്ലോകങ്ങള്‍ക്കുള്ളത്.

യാ ദേവീ സര്‍വഭൂതേഷു വിഷ്ണുമായേതി സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോനമഃ

തുടര്‍ന്ന് ശക്തി/ ബുദ്ധി/ സൃഷ്ടി/ സ്ഥിതി/ ധൃതി/ സിദ്ധി/ ദയ/ മേധ എന്നീ ഗുണനാമങ്ങള്‍ ചേര്‍ത്ത് നമസ്തസൈ്യ നമോനമഃ എന്ന് ആവര്‍ത്തിക്കുന്നു. ഇവകളെ നാം ഒന്ന് അടുത്തുകാണുക.

1. വിഷ്ണുമായേതി... മായാശക്തി മൂന്നുവിധം ജ്ഞാനശക്തി - സാത്വികം, ആവരണശക്തി- രാജസം, വിക്ഷേപശക്തി - താമസം.

2. ശക്തിരൂപേണ.... ശക്തി മൂന്ന് വിധം. ശ്രീ സരസ്വതി - സാത്വികം, ശ്രീപാര്‍വതി - രാജസം, ശ്രീ ഭഗവതി - താമസം.

ബുദ്ധിരൂപേണ ..... ബുദ്ധി മൂന്ന് വിധം

വേദശാസ്ത്ര പഠനബുദ്ധി - സാത്വികം, കര്‍മ കുശല ബുദ്ധി- രാജസം, വഞ്ചനാദി ബുദ്ധി - താമസം.

4. ധൃതി രൂപേണ.... ധൃതി മൂന്നുവിധം. ശ്രുതി / സ്മൃതിയാല്‍ നിവര്‍ത്തിതം - സാത്വികം, ലോകാപവാദ ഭയം - രാജസം, രാജദണ്ഡഭയം - താമസം.

5. സൃഷ്ടിരൂപേണ... സൃഷ്ടി മൂന്നുവിധം

ദേവാദി സൃഷ്ടി - സാത്വികം, മനുഷ്യ സൃഷ്ടി- രാജസം, സ്ഥാവര സൃഷ്ടി - താമസം.

6. സ്ഥിതിരൂപേണ.... സ്ഥിതി മൂന്ന് വിധം. അഹിംസാപരിപാലനം - സാത്വികം, ഹിംസാഹിംസാപരിപാലനം - രാജസം, നിരപരാധികളെ വധിക്കുക - താമസം.

7. സിദ്ധി രൂപേണ..... സിദ്ധി മൂന്നുവിധം. മോക്ഷസിദ്ധി - സാത്വികം, ബ്രഹ്മപദസിദ്ധി - രാജസം, പൈശാചരൂപപ്രാപ്തി-താമസം.

8. മേധാരൂപേണ.... മേധ മൂന്ന് വിധം.. ഗുരുവിനെ അറിയാനുള്ള പടുത- സാത്വികം, ഗ്രന്ഥപാരായണ പടുത - രാജസം, ശരീരപോഷണ പടുത -താമസം

9. ദയാ രൂപേണ.... ദയ മൂന്ന് വിധം, സജ്ജനങ്ങളോടുള്ള ആദരം- സാത്വികം, സമ്പദ്‌സമൃദ്ധികളോടുള്ള മമത- രാജസം, ദുഷ്ടന്മാരോടുള്ള ദയ - താമസം. മൂന്ന് നമസ്‌കാരങ്ങളാണ് നാം ദേവിക്ക് നല്‍കേണ്ടത്. 

1. സാത്വിക മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു) മായാ രൂപിണിയായ ദേവിയ്ക്ക് നമസ്‌കാരം.

2. രാജസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്ക്ക് നമസ്‌കാരം

3. താമസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്ക്ക് നമസ്‌കാരം

ധൃതിയുടെ നിര്‍വചനം ഇങ്ങനെ: 'ശിശ്‌നോദര ജയോധൃതി'. ഉപസ്ഥവും ഉദരവും അതായത് ലൗകികവ്യവഹാരത്തില്‍ ഇരയും ഇണയും. അഗമ്യഗമനം (ഇണ) പാടില്ല. അഭക്ഷ്യഭക്ഷണം (ഇര) പാടില്ല. ഇതത്രെ ആത്മീയമായ അച്ചടക്കം.