ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 December 2019

അശ്വമേധയാഗം

അശ്വമേധയാഗം

മാതാവ്‌, പിതാവ്‌, ഗുരു ഈ മൂന്ന് ഇനത്തിൽ സകല ഈശ്വരന്മാരും ആവിർഭവിക്കും എന്നു ചിലർ പറയുന്നു. ഇതു പോലെ കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം ഇവയെ പരസ്പരം യോജിപ്പിക്കൽ - എന്നീ മൂന്ന് ഇനത്തിൽ സകല ശാസ്ത്രങ്ങളും അന്തർഭവിക്കുമെന്ന് മറ്റു ചിലർ പറയുന്നു. ജ്ഞാന-കർമ്മകാണ്ഡങ്ങളുടെ യോജിപ്പിക്കലിനെക്കുറിച്ച്‌ പറഞ്ഞതിന്റെ താത്പര്യം പറയാം. സൂക്ഷ്മവിചാരത്തോടു കൂടി കർമ്മകാണ്ഡത്തെ നോക്കിയാൽ അതിൽ ജ്ഞാനതത്വങ്ങളേയും, ജ്ഞാനകാണ്ഡത്തിൽ നോക്കിയാൽ അതിൽ കർമ്മതത്വങ്ങളേയും കാണാവുന്നതാണ്‌. യാഗാദിക്രിയകളെ, ഓരോരോ തത്ത്വങ്ങളിലൂടെ കർമ്മകാണ്ഡത്തിലേക്ക്‌ പ്രവേശിക്കേണ്ടതാണ്‌.

വൈദികക്രിയകളിൽ അശ്വമേധത്തേക്കാൾ വലുപ്പമേറിയ ഒരു ക്രിയ ഇല്ല. അശ്വമേധയാഗം തുടങ്ങുന്നതിന്ന് ഒരു കൊല്ലം മുമ്പ്‌ അശ്വത്തെ വിടുകയും, അത്‌ യഥേഷ്ടം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ ആരെങ്കിലും ബന്ധിച്ചാൽ അയാളെ ജയിച്ച്‌ അശ്വത്തെ തിരികെ കൊണ്ടുവരികയും ചെയ്യണം. ഒടുവിൽ ഈ അശ്വത്തെ ഹവിസ്സാക്കി ഹോമിക്കുന്നതും അശ്വമേധയാഗത്തിലെ ഒരു പ്രധാനക്രിയയാണ്‌. ഇന്ദ്രിയജയത്തിന്റെ ഒരു ഭാഗമാണ് ഈ യാഗം. അശ്വമെന്ന പദത്തിന്റെ വൈദികമായ അർത്ഥം എന്താണെന്ന് ആലോചിച്ചാൽ ഇപ്പോൾ പറഞ്ഞത്‌ ഗ്രാഹ്യമാകുമെന്ന് തോന്നുന്നു.
സംഹിതയിൽ ഏതു വേദത്തിൽ നോക്കിയാലും അശ്വത്തെപ്പറ്റി പറയുന്ന മന്ത്രങ്ങളെ ധാരാളം കാണാം. ഇത്തരം മന്ത്രങ്ങളിൽ ചിലവ പ്രഥമദൃഷ്ടിയിൽ ഗൂഢാർത്ഥപ്രതിപാദകങ്ങളാണെന്നുള്ള അഭിപ്രായത്തെ ഉണ്ടാക്കുന്നില്ല. അശ്വപദത്തിന്റെ അർത്ഥം അനിർവ്വചനീയമായ ഒരു ശക്തിയാണെന്നുള്ള ബോധത്തെ മറ്റു ചില മന്ത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്‌. രണ്ടാം അഷ്ടകത്തിൽ മൂന്നാം അദ്ധ്യായത്തിലെ അഞ്ചാമത്തെ സൂക്തം നോക്കിയാൽ അശ്വപദത്തിന്റെ അർത്ഥം സാധാരണ കുതിര അല്ലെന്ന് ഏവർക്കും ബോധ്യം വരും. ഉപനിഷത്തുകളിൽ നിന്നുള്ള ഉദാഹരണങ്ങളെ കാണിക്കുന്നു.

"ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഹ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാഹുഃ വിഷയാൻ തേഷുഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുഃ മനീഷിണഃ"

ആത്മാവിനെ രഥത്തിന്റെ സ്വാമിയായും ബുദ്ധിയെ സാരഥിയായും മനസ്സിനെ കടിഞ്ഞാണായും ഇന്ദ്രിയങ്ങളെ കുതിരകളായും വിഷയങ്ങളെ മാർഗ്ഗങ്ങളായും ശരീരം മുതലായവയിൽ അഭിമാനമുള്ള ജീവാത്മാവിനെ ഇതുകളുടെ ഭോക്താവായും വിദ്വാന്മാർ പറയുന്നു എന്നിങ്ങനെ കഠോപനിഷത്തിൽ അശ്വത്തെ ഇന്ദ്രിയങ്ങളാക്കിത്തീർത്തിരിക്കുന്നു. ബൃഹദാരണ്യകത്തിന്റെ ആരംഭത്തിൽ ഒരു അശ്വവർണ്ണന ഉണ്ട്‌. പരിശുദ്ധമായ അശ്വത്തിന്റെ ശിരസ്സ്‌ ഉഷസ്സും, ചക്ഷുസ്സ്‌ സൂര്യനും, പ്രാണൻ വായുവും, വായ വൈശ്വാനരാഗ്നിയും, സംവത്സരം ആത്മാവുമാകുന്നു. ഈ അശ്വത്തിന്റെ പൃഷ്ഠഭാഗം ദ്യുർലോകവും, ഉദരം അന്തരീക്ഷവും, പാദം ഭൂമിയും, പാർശ്വഭാഗങ്ങൾ ദിക്കുകളും, വാരിപ്പുറത്തെ എല്ലുകൾ അവാന്തരദിക്കുകളും ആകുന്നു. ഋതുക്കൾ ഇതിന്റെ അംഗങ്ങളും മാസങ്ങളും തിഥികളും സന്ധിസ്ഥാനങ്ങളുമാകുന്നു. ഇങ്ങനെ വർണ്ണിച്ചുപോയി ഒടുവിൽ ഈ അശ്വത്തിന്റെ ഇരിപ്പിടസ്ഥാനവും ബന്ധുവായിട്ടുള്ളതും ആയ വസ്തു, പരബ്രഹ്മം തന്നെയാണെന്നു പറഞ്ഞുകൊണ്ട്‌ ഈ അശ്വവർണ്ണനയെ അവസാനിപ്പിക്കുന്നു. അശ്വമേധയാഗത്തിന്ന് അർഹതയില്ലാത്തവർക്ക്‌ സ്വദേഹത്തെ അശ്വമാക്കി കൽപിച്ച്‌ ഈ അശ്വത്തിനു പറഞ്ഞിട്ടുള്ള ഗുണങ്ങളെ തന്റെ ദേഹത്തിനുണ്ടെന്നു വിചാരിച്ചു ധ്യാനിച്ചാൽ അശ്വമേധയാഗത്തിന്റെ ഫലം കിട്ടുമെന്ന് വ്യാഖ്യാതാക്കന്മാർ പറയുന്നു. തൈത്തിരീയബ്രാഹ്മണത്തിലെ ആധാനപ്രകരണം നോക്കിയാലും അശ്വപദത്തിന്റെ അർത്ഥം വെറും കുതിര അല്ലെന്നു സ്പഷ്ടമാകും. അധികം വിസ്തരിക്കുന്നില്ല. സംഹിത, ബ്രാഹ്മണം, ഉപനിഷത്ത്‌ ഇവയെല്ലാം അശ്വപദത്തിന്റെ അർത്ഥം ഒരു അനിർവ്വചനീയ ശക്തിയാണെന്ന് കാണിക്കുന്നു. എങ്കിലും ഒരു പദമായാൽ അതിന്ന് അർത്ഥക്ണുപ്തി വേണമല്ലൊ. പക്ഷേ, വൈദികപദങ്ങളുടെ അർത്ഥനിർണ്ണയം ബാഹ്യോന്മുഖദൃഷ്ടിക്കാരുടെ ഈശ്വരാകാരനിർണ്ണയം പോലെ ആകുന്നു.
ബാഹ്യേന്ദ്രിയങ്ങളുടെ വിഷയാഭിമുഖമായ പ്രേരണയാകുന്നു, വേദത്തിലെ അശ്വപദത്തിന്റെ അർത്ഥം. അവനവന്റെ വാസനയെ അനുസരിച്ച്‌ അതാതു വിഷയങ്ങളിലേയ്ക്ക്‌ സർവ്വപ്രാണികളേയും പ്രേരിപ്പിക്കുന്നു. ഈ പ്രേരണ എവിടെ നിന്ന് ഉണ്ടാകുന്നു, എങ്ങനെ ഉണ്ടാകുന്നു - ഈ വക ചോദ്യങ്ങൾക്ക്‌ ശരിയായ സമാധാനം ഉണ്ടാകുന്നതല്ല. ബ്രഹ്മത്തിൽനിന്നുണ്ടാകുന്നു; വിദ്യ കൊണ്ട്‌ നിലനിൽക്കുന്നു; ഒടുവിൽ ബ്രഹ്മത്തിൽതന്നെ ലയിക്കുന്നു എന്നിങ്ങനെ ഒരു സമാധാനമല്ലാതെ ഈ പ്രേരണയെപ്പറ്റി യാതൊന്നും പറയുവാൻ സാധിക്കുന്നതല്ല. ഇങ്ങനെയുള്ള പ്രേരണ, അഥവാ, ഈ പ്രേരണാശക്തിയോടുകൂടിയ ഇന്ദ്രിയങ്ങൾ - ഇതാണ്‌ സർവ്വപ്രാണികളിലും ഉള്ള അശ്വം. ഈ അശ്വത്തെ ധർമ്മംകൊണ്ട്‌ അല്ലെങ്കിൽ സാത്വികമനസ്സുകൊണ്ട്‌ ശരിപ്പെടുത്താഞ്ഞാൽ അഹിതങ്ങൾ ഉണ്ടാവുന്നതാണ്‌. രാജാക്കന്മാരുടെ ഇന്ദ്രിയങ്ങളാകുന്ന അശ്വത്തെ സ്വാധീനപ്പെടുത്താഞ്ഞാൽ പ്രജാപരിപാലനം പക്ഷപാതരഹിതമാവാൻ പ്രയാസമാണ്‌. ഈ ഇന്ദ്രിയാശ്വത്തെ സ്വാധീനപ്പെടുത്തുക എന്നുള്ളതിനെയാണ്‌ അശ്വത്തെ വിട്ടയച്ച്‌ തിരികെക്കൊണ്ടുവരിക എന്നതുകൊണ്ട്‌ അഭിനയിക്കപ്പെടുന്നത്‌.
അശ്വത്തെ ആർ ബന്ധിക്കുന്നു, അവരെ ജയിക്കണം. ഇന്ദ്രിയങ്ങളെ ഏതു വിഷയങ്ങൾ ബന്ധിക്കുന്നുവോ ആ വിഷയങ്ങളെ വസ്തുതത്ത്വചിന്തകൊണ്ട്‌ ജയിക്കണം. ഇങ്ങനെ സകല ഇന്ദ്രിയങ്ങളേയും വശ്യമാക്കിയതിന്റെ ശേഷം ജ്ഞാനാഗ്നിയിൽ അവയെ ഹോമിക്കണമെന്നുള്ളതിനെ അശ്വമേധത്തിലെ അശ്വത്തെ ഹോമിക്കുന്നതുകൊണ്ട്‌ അഭിനയിക്കുന്നു. ജിതേന്ദ്രിയനായ രാജാവിന്നല്ലാതെ ധർമ്മപ്രകാരം പ്രജാപരിപാലനം ചെയ്യുവാൻ സാധിക്കുന്നതല്ല. അശ്വമേധം വൈദികക്രിയകളിൽ വെച്ച്‌ ഏറ്റവും മുഖ്യമാകുന്നു. അധർമ്മത്തിന്റെ സ്പർശലേശത്തോടുകൂടാത്ത പ്രജാപരിപാലനം, വ്യാവഹാരികപ്രവൃത്തികളിൽ വെച്ച്‌ ഏറ്റവും പ്രധാനമായിട്ടുള്ളതാണ്‌.
ഈവിധം യാഗാദിക്രിയകളെ, നോക്കിത്തുടങ്ങിയാൽ വേദം അപൗരുഷേയമാണെന്ന് ബോദ്ധ്യം വന്നുതുടങ്ങും

അയ്യപ്പന്റെ പൊരുൾ

അയ്യപ്പന്റെ പൊരുൾ

ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പൻ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല. ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും. യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.

യോഗശസ്ത്രത്തിലേക്ക് കണോടിച്ചാൽ യോഗനരസിംഹം എന്ന നാമവും,  യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്. അങ്ങനെ അനേകകാലം തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം.

അപ്പോൾ യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുൾ തേടി പോകാം. മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു. ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡി എന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി - സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു..

അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും പരമശിവനെന്നും വിളിക്കുന്നത്. "പരോക്ഷപ്രിയ ദേവഃ" എന്നാണ്. ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല. അവർ വളഞ്ഞാണ് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ - പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ - അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു. സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ - അഞ്ച് ആധാരങ്ങളിൽ കൂടി - അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി, വെള്ളം, തീയ്യ്, കാറ്റ്, ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. - പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം - ഈ അഞ്ചിന്റെയും - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പൻ ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ. ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.

വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം. അപ്പോൾ അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്. ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും. അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാൻ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ - അയ്യപ്പനായികഴിഞ്ഞാൽ - ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു. അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു.

അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം. ദീർഘകാലം തപസ്സിൽ മുഴുകണം ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച് സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക് മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്. നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്

11 December 2019

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?

ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍ ശാപംമൂലം മുതലയായി വന്ന് ആനയുടെ കാലില്‍ പിടികൂടിയതും മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് ആദ്യം ഹൂഹൂവിനും പിന്നെ ഭക്തനായ ഇന്ദ്രദ്യുമ്‌നനും മുക്തി നല്‍കി. ഈ ഭാഗവത കഥ എല്ലാവര്‍ക്കുമറിയാം. രണ്ടു ഭക്തന്മാരും വൈകുണ്ഠം പ്രാപിച്ചപ്പോള്‍ ആനയുടെയും മുതലയുടെയും ഭീമാകാരമായ ശവങ്ങള്‍ തടാകക്കരയില്‍ ശേഷിച്ചു.

ഗരുഡഡന്റെ വിശപ്പ് തിര്ക്കാനായി പിതാവായ കശ്യപ പ്രജാപതി ആ ശവങ്ങള്‍  ഭക്ഷിക്കുവാൻ അനുവാദം നൽകി. ഗരുഡന് നല്ലൊരു ഭക്ഷണം വെറുതെകിട്ടുന്നതു കളയുന്നതെന്തിന്?
പര്‍വത തുല്യങ്ങളായ ആനയുടെയും മുതലയുടെയും ശവങ്ങളും കൊത്തിയെടുത്ത് ഗരുഡന്‍ പറന്നുയര്‍ന്നു. എവിടെ കൊണ്ടു വച്ചാണിത് തിന്നുക? തന്നെയും ഈ ശവങ്ങളെയും താങ്ങാന്‍ ശക്തിയുള്ള വൃക്ഷം എവിടെയുണ്ട്? പാലാഴിയുടെ മധ്യത്തില്‍ ജാംബൂനദം എന്നുപേരുള്ള വലിയൊരു വൃക്ഷമുണ്ട്. പര്‍വതത്തോളം വലിപ്പമുണ്ട്. അതിന്റെ ശിഖരങ്ങള്‍ക്ക് മാത്രമല്ല അതുമുഴുവന്‍ സ്വര്‍ണമാണ്.

ഗരുഡന്‍ ആനയേയും മുതലയേയും അതിന്റെ ഒരു കൊമ്പില്‍ കൊണ്ടുവച്ച് കൊത്തിത്തിന്നാന്‍ തുടങ്ങി. അതാ ഭാരംകൊണ്ട് മരക്കൊമ്പ് പടപടാ ഒടിയുന്നു. ഗരുഡന്‍ ഒടിയുന്ന മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് ബാലഖില്യന്മാര്‍ എന്ന വിരലടയാളം വലുപ്പമുള്ള എണ്‍പത്തെണ്ണായിരം മുനിമാര്‍ തപസ്സുചെയ്യുന്നതു ശ്രദ്ധിച്ചു. മരക്കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. ഗരുഡന്‍ ആകെ വെട്ടിലായി. ആനയെ വിടണോ മുതലയെ വിടണോ, മഹര്‍ഷിമാരെ രക്ഷിക്കണോ? എന്തായാലും ഒടിഞ്ഞ വൃക്ഷക്കൊമ്പ് കാലിലും രണ്ടു ശവങ്ങള്‍ കൊക്കിലും ഒതുക്കിയെടുത്തുകൊണ്ട് പറന്നുയര്‍ന്നു. എവിടെയോ ഇവയൊക്കെ ഒന്നിറക്കിവയ്ക്കുക?

മകന്റെ ഈ ബുദ്ധിമുട്ട് കശ്യപ മഹര്‍ഷി കണ്ടു. നീ വിഷമിക്കണ്ട മകനേ, തെക്കേ സമുദ്രത്തിനു മദ്ധ്യ ത്രികുടം എന്നൊരു പര്‍വതമുണ്ട്. അതിനു മൂന്നു ശിഖരങ്ങളുണ്ട്. ഒടിഞ്ഞകൊമ്പ് അതില്‍ ഒരു ശിഖരത്തില്‍ വയ്ക്കാം. മറ്റു രണ്ടു ശിഖരങ്ങളില്‍ ഈ ശവങ്ങളും വച്ച് ഭക്ഷിച്ചോളൂ എന്ന് മുനി തന്റെ മകനെ ഉപദേശിച്ചു. ഗരുഡന്‍ അപ്രകാരം ത്രികുടാചലത്തിലെത്തി. ബാലഖില്യന്മാര്‍ തപസ്സുചെയ്യുന്ന മരക്കൊമ്പ് മെല്ലെ ഒരു കൊടുമുടിയില്‍വച്ചു. ശവങ്ങള്‍ മറ്റേ കൊടുമുടികളിലുംവച്ച് സുഖമായി തിന്നുതീര്‍ന്നു. വിശപ്പുമാറിയപ്പോള്‍ ഗരുഡന്‍ പറന്നുപോയി. തപസ്സു തീര്‍ന്നപ്പോള്‍ മുനിമാരും സ്ഥലം വിട്ടു. ജാംബൂനദത്തിന്റെ സ്വര്‍ണശിഖരം ത്രികൂടാചലത്തില്‍ ഉറച്ചു. വിശ്വകര്‍മ്മാവ് ലങ്കാനഗരം പണികഴിപ്പിക്കുമ്പോള്‍ ഈ പര്‍വതശിഖരത്തില്‍ നിന്നാണ് സ്വര്‍ണം എടുത്തത്.

ഹനുമാന്‍ ലങ്ക ചുട്ടെരിച്ചു. സ്വര്‍ണ ഭവനങ്ങളെല്ലാം ഉരുകി. ത്രികൂടാചലത്തില്‍നിന്നും സ്വര്‍ണം ഉരുകി. അങ്ങനെ ലങ്കയില്‍ വീണ്ടും സ്വര്‍ണമയമായിത്തീര്‍ന്നു. ഹനുമാന്‍ ചുട്ടുനശിപ്പിച്ച ലങ്കയെ വീണ്ടും പണിതത് മണ്ഡോദരിയുടെ പിതാവും അസുരശില്പിയുമായ മയനാണ്.

ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?

ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?

ബ്രഹ്മപുത്രനായ പുലസ്ത്യന്‍ തപസ്സു ചെയ്യാന്‍ മേരു പര്‍വതത്തിലെത്തി. അവിടെ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ആട്ടവും പാട്ടും കൊണ്ട് സഹിക്കവയ്യാതെ പുലസ്ത്യമഹര്‍ഷി ''ആരാണോ ഈ ആശ്രമത്തില്‍ വന്ന് എന്റെ തപസ്സുണര്‍ത്തുന്നത് അവള്‍ ഗര്‍ഭിണിയായിത്തീരട്ടെ'' എന്നു ശപിച്ചു.
ഇതറിയാതെ തൃണബിന്ദു മഹര്‍ഷിയുടെ പുത്രി ഇഡവിഡ അവിടെ വരുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് തൃണബിന്ദു മഹര്‍ഷി അവളെ പുലസ്ത്യന് വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്ക് ജനിച്ച കുട്ടിയാണ് വിശ്രവസ്സു മഹര്‍ഷി.
ഭരദ്വാജ മഹര്‍ഷി വിശ്രവസ്സിന്റെ വൈഭവം കണ്ടറിഞ്ഞ് തന്റെ മകളെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവളില്‍, ബ്രഹ്മാവിന്റെ വരദാനത്താല്‍ ധനാധ്യക്ഷനായിത്തീര്‍ന്ന വൈശ്രവണന്‍ എന്നൊരു പുത്രനുണ്ടായി. വിശ്രവസ്സിന്റെ പുത്രനായിരുന്നു കുബേരനെന്ന വൈശ്രവണന്‍.
ആരാലും ആക്രമിക്കപ്പെടാന്‍ സാധ്യമല്ലാത്ത വാസസ്ഥാനം ആവശ്യപ്പെട്ട വൈശ്രവണന് ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ലങ്ക ലഭിച്ചു. വിഷ്ണുഭഗവാനെ ഭയന്ന് രസാതലത്തിലേക്ക് പോയ അസുരന്മാരുടേതായിരുന്നു ആ ലങ്ക!
ഒരിക്കല്‍ അസുരരാജാവായ സുമാലി, രാക്ഷസന്മാര്‍ക്ക് ജയിക്കാനുള്ള ഉപായമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഒരു വൈശ്രവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ പോകുന്നതുകണ്ടു. തന്റെ പുത്രിയായ കൈകസിയോട്, വിശ്രവസ്സിന്റെ അടുക്കല്‍ ചെന്ന് തനിക്ക് പുത്രന്മാരെ നല്‍കാന്‍ സുമാലി ഉപദേശിച്ചു.
അതിന്‍പ്രകാരം, കൈകസി വിശ്രവസ്സിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വേദാധ്യയനം ചെയ്യുകയായിരുന്നു. അപ്പോള്‍ സന്ധ്യാസമയവുമായിരുന്നു. ആ സമയത്ത്, ഈശ്വരഭജനം ചെയ്യുന്നതിന് പകരം പുത്രോല്‍പ്പാദനത്തിന് ആഗ്രഹിച്ചതിനാല്‍ കൈകസിക്ക് വിശ്രവസ്സില്‍ ജനിച്ച രാവണനും കുംഭകര്‍ണനും രാക്ഷസരായിത്തീര്‍ന്നു. വിശ്രവസ്സിന്റെ വേദാധ്യയനം കേള്‍ക്കമൂലം വിഭീഷണനെന്ന പരമഭക്തനും സാത്വികനുമായ മറ്റൊരു പുത്രനും കൈകസിയില്‍ ജനിച്ചു. വിഭീഷണന്‍ മിതാഹാരിയും സ്വാധ്യായശീലനും നിത്യകര്‍മപരായണനുമായിരുന്നു.
പത്തുകഴുത്തും മഹാദംഷ്ട്രയും ചെഞ്ചുണ്ടും വന്‍മുഖവും ഇരുപത് കൈകളും ഉളളവനായ ദശഗ്രീവന്‍ (പത്തുതലയോടുകൂടിയവന്‍) അവന്‍ അന്യരെ കരയിക്കുന്നവനാകയാല്‍ രാവണനെന്ന് ശ്രീപരമേശ്വരന്‍ അവന് പേരും നല്‍കി.
കുംഭകര്‍ണന്‍ വലിയ കാതുള്ളവന്‍ എന്നര്‍ത്ഥം അവന്റെ ആകൃതിയേക്കാള്‍ വലിയ ആകൃതി മറ്റാര്‍ക്കുമില്ല. അസുരന്റെ ലക്ഷണം നീണ്ട പല്ലുകള്‍, വലിയ കാതുകള്‍, തുറിച്ച കണ്ണുകള്‍ (അതായത് ഇന്ദ്രിയങ്ങളെ പുറത്തേക്കിടുന്നവന്‍) സുമാലി, തന്റെ മകള്‍ കൈകസിയുടെ പുത്രനായ രാവണന്റെ അച്ഛന്‍ വിശ്രവസ്സിന്റെ പുത്രനും തന്മൂലം തന്റെ ജ്യേഷ്ഠനുമായ വൈശ്രവണന്റെ വൈഭവങ്ങള്‍ പറഞ്ഞ് അസൂയ വര്‍ധിപ്പിച്ചു.
വൈശ്രവണന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും കണ്ടും മുത്തച്ഛന്‍ സുമാലിയുടെയും അമ്മ കൈകസിയുടെയും വാക്കുകള്‍ കേട്ടും രാവണനില്‍ വൈശ്രവണനോട് അസൂയയും ക്രോധവും വര്‍ധിച്ചു.
എങ്ങനെയാണ് വൈശ്രവണനേക്കാള്‍ വലിയവനാകേണ്ടതെന്ന രാവണന്റെ ചോദ്യത്തിന് ബ്രഹ്മാവാണ് വൈശ്രവണന്റെ ഈ ഐശ്വര്യത്തിന് കാരണമെന്നറിഞ്ഞു. അങ്ങനെ രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തു.
രാവണന്‍ പിന്നീട് വൈശ്രവണനോട്, യുദ്ധം ചെയ്യാന്‍ ചെന്നു. അതുകണ്ട് ഭയന്ന വൈശ്രവണന്‍ തന്റെ പിതാവായ വിശ്രവസ്സ് മഹര്‍ഷിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. മഹര്‍ഷിയാകട്ടെ ''സ്വന്തം സഹോദരന് അവയാണ് (ലങ്കയും പുഷ്പകവിമാനവും) ആവശ്യമെങ്കില്‍ അവനവ വിട്ടുകൊടുക്കുക. സഹോദരര്‍ ഒരിക്കലും വഴക്കു കൂടരുത്. അതാണ് സഹോദരധര്‍മം'' എന്നുപറഞ്ഞു.
അതുകേട്ട വൈശ്രവണന്‍ ലങ്കയും പുഷ്പകവിമാനവും രാവണന് വിട്ടുകൊടുത്തു.

മനുഷ്യജന്മം ശ്രേഷ്ഠ ജന്മമോ...?

മനുഷ്യജന്മം ശ്രേഷ്ഠ ജന്മമോ...?

ശ്രീ വൈകുണ്ഠം... സാക്ഷാൽ പരമാനന്ദമൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ വാസസ്ഥാനം. ഉജ്ജ്വലിക്കുന്ന കോടി സൂര്യൻമാരെപ്പോലെ തിളങ്ങുന്ന കിരീടകടകഹാരാദികളാലും, ശ്രീവത്സത്താലും, ശോഭയേറിയ കൗസ്തുഭരത്നത്താലും,  തൂമന്ദഹാസം പൊഴിച്ച് പ്രസന്നമായിരിക്കുന്ന മുഖകാന്തിയാലും ശംഖ്ചക്രഗദാപത്മങ്ങളേന്തിയ കൈകളാലും, താമരപ്പൂവിനൊത്ത പാദങ്ങളാലും, മറ്റൊന്നിനോടും ഉപമിക്കാനാവാത്ത അതി മനോഹാരിതയോടും കൂടി പരിശോഭിതനായി വിളങ്ങി നിൽക്കുന്ന കായാമ്പൂവർണ്ണൻ പാലാഴിയിൽ അനന്തന്റെ മേലെ ശയിക്കുകയാണ് !! ഐശ്വര്യത്തിന്റെ നിറകുടമായ ലക്ഷ്മീദേവിയും സർവ്വാഭരണ വിഭൂഷിതയായി ഭഗവാനോടൊപ്പം തന്നെയുണ്ട് !!

ഭഗവാനോടൊത്ത് പലതും പറഞ്ഞ് സന്തോഷമായി ഇരിക്കുന്ന അവസരത്തിലാണ് ലക്ഷ്മീദേവിയുടെ മനസ്സിൽ ഒരു സംശയം തോന്നിയത്. "ഭഗവാനെ !! അങ്ങയുടെ പ്രേരണയാൽ ബ്രഹ്മാവാണല്ലൊ ഈ പ്രപഞ്ചത്തിലെ സൃഷ്ടികളെല്ലാം നടത്തിയത്!അതിൽ തന്നെ മനുഷ്യജന്മം ആണല്ലൊ ഏറ്റവും ഉൽകൃഷ്ടമായത് !! അങ്ങ് അതിൽ സംതൃപ്തനല്ലെ? ഇത്രയും വിവേചനബുദ്ധിയും, സ്വയം ചിന്തിക്കാനും, വകതിരിവോടെ കാര്യങ്ങൾ നടപ്പിലാക്കാനും, അങ്ങയെ നിരന്തരം ധ്യാനിച്ച് മോക്ഷം നേടുവാനും എല്ലാം കഴിയുന്ന ഒരു ജന്മം മനുഷ്യന് മാത്രമല്ലെ അങ്ങ് നൽകിയിട്ടുള്ളത്? അങ്ങേയ്ക്ക് അതിൽ ഇപ്പോൾ സന്തോഷം തോന്നുന്നില്ലെ?"

 ലക്ഷ്മീദേവിയുടെ ഇത്തരത്തിലുള്ള ഒരു ചോദ്യം കേട്ട ഭഗവാനാവട്ടെ മറുപടി ഒന്നും പറയാതെ മൗനം പാലിച്ചിരിക്കുകയാണുണ്ടായത്! ഭഗവാനിൽ നിന്നും പ്രതീക്ഷിച്ച മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ, ലക്ഷ്മീദേവിയാകട്ടെ, ഭഗവാന്റെ താമരപ്പൂ പോലെ സുന്ദരമായ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി! എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന ഭഗവാന്റെ മുഖത്തിന് ചെറുതായി ഒരു മങ്ങലേറ്റുവോ? ലക്ഷ്മീദേവിക്ക് ഉൽക്കണ്ഠയായി!
"എന്തുപറ്റി ഭഗവാനെ? ഞാൻ ചോദിച്ചതിൽ എന്തെങ്കിലും അപാകത ഉണ്ടായോ? അങ്ങ് എന്താണ് പതിവില്ലാത്ത വിധം  ദുഃഖിതനായത്?"

ദേവിയുടെ ചോദ്യത്തിനുത്തരമായി ഭഗവാൻ പറഞ്ഞു: "ഭവതി! നമുക്ക് നമ്മുടെ വിവിധ സൃഷ്ടികളുടെ സ്വഭാവ വിശേഷങ്ങൾ ഒന്ന് വിശകലനം ചെയ്തു നോക്കാം! എന്റെ കൂടെ വരൂ! നമുക്ക് ഓരോ സൃഷ്ടിയെയും വിശദമായി പരിശോധിക്കാം!

ലക്ഷ്മീ സമേതനായ ഭഗവാൻ ഓരോ സൃഷ്ടിയുടെയും കർമ്മ രീതികളും, വിശേഷങ്ങളും  പരിശോധിക്കാൻ തുടങ്ങി!
ആദ്യം മനുഷ്യരുടെ വിശേഷങ്ങൾ തന്നെയാവട്ടെ! കാരണം പുഴുവായും, പൂച്ചയായും, കൃമിയായും, കീടമായും പല പല ദുരിതജന്മങ്ങൾ കഴിഞ്ഞ് കിട്ടുന്ന അപൂർവ്വ ഭാഗ്യജന്മമാണല്ലൊ മനുഷ്യന്റേത്. അതും ഈ കലിയുഗത്തിൽ മനുഷ്യനായി പിറക്കുകയെന്നതിൽ പരം  പുണ്യം ലഭിക്കാനുമില്ല, കാരണം നാമജപത്താൽ തന്നെ  ഈ കലിയുഗത്തിൽ മനുഷ്യന് മോക്ഷപ്രാപ്തി നേടാൻ സാധ്യമാണല്ലൊ!

വളരെയധികം ആവേശത്തോടെ മനുഷ്യരുടെ ഇടയിലെത്തി, അവരുടെ ചെയ്തികൾ ഓരോന്നായി കണ്ടപ്പോൾ ലക്ഷ്മീദേവി ആകെ പരവേശത്തിലായി! "ഭഗവാനെ! എന്താണിത്? എന്താണ് ഞാൻ കാണുന്നത് ? ഇത്രയും മഹത്തായ പുണ്യജന്മം കിട്ടിയിട്ട് ഇവർ അതിന്റെ മഹത്വമറിയാതെ  സ്വന്തം ജന്മം പാഴാക്കി കളയുകയാണല്ലൊ! രാഷ്ട്രീയത്തിന്റെ പേരിലും, ഒരു തുണ്ട് ഭൂമിയുടെ പേരിലും, സ്ത്രീധനത്തിന്റെ പേരിലും, മതത്തിന്റെ പേരിലും എന്തിനേറെ പറയുന്നു ഒരമ്മയുടെ മക്കൾ തന്നെ നിസ്സാര കാരണങ്ങൾക്ക് തമ്മിൽ വഴക്കും, ദ്വേഷ്യവും, കൊല്ലും കൊലയും നടക്കുകയാണല്ലൊ! പലവിധത്തിലുള്ള പീഡനങ്ങളും, ചതിയും, വഞ്ചനയും ആണല്ലൊ ഇവരിൽ മിക്കവരുടെയും മുഖമുദ്ര! പരസ്പര സ്നേഹവും, വിശ്വാസവും, സഹായ സഹകരണവും, ഈശ്വരവിശ്വാസവും എല്ലാ സദ്ഗുണങ്ങളും ഇവരിൽ നിന്ന് നഷ്ടപ്പെട്ടു പോയല്ലൊ ഭഗവാനെ! ഇത്രയും പുണ്യമേറിയ ഒരു ജന്മം കിട്ടിയിട്ടും ഇവർ അതിന്റെ വിലയറിയാതെ പാഴാക്കി കളയുകയാണല്ലൊ ഭഗവാനെ !! ഇങ്ങിനെയുള്ള സ്ഥലത്ത് എനിക്ക് അധികം സമയം തങ്ങാനാവില്ല ഭഗവാനെ !! സദ്ഗുണങ്ങളുള്ളിടത്തല്ലെലക്ഷ്മിക്ക് വസിക്കാൻ കഴിയൂ ! ലക്ഷ്മി ഉള്ളിടത്ത് ഭഗവാനും കൂടെ ഉണ്ടാവുമല്ലൊ! നമുക്ക് പറ്റിയ സ്ഥലമല്ല ഇത് ,നമുക്ക് വേഗം തന്നെ വൈകുണ്ഠത്തിലേക്ക് തിരിച്ചുപോകാം !! അങ്ങയുടെ മുഖകമലം വാടിയതിന്റെ പൊരുൾ എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട് പ്രഭോ!! "

"ദേവീ !അല്പം കൂടി ക്ഷമിക്കൂ! നമുക്ക് നമ്മുടെ മറ്റു സൃഷ്ടികളെ കൂടി നിരീക്ഷിച്ചിട്ട് പോകാം !! വൃക്ഷങ്ങളെയും, ചെടികളെയും നോക്കൂ!  അവർ പക്ഷിമൃഗാദികൾക്കും, മനുഷ്യർക്കും തണലേകുന്നതും, തങ്ങളുടെ കായ്കനികൾ അവർക്ക് ഭക്ഷിക്കാനായി കൊടുക്കുന്നതും ഒരു പ്രതിഫലവും കാംക്ഷിച്ചല്ല. അതു പോലെ പക്ഷികളാകട്ടെ, മൃഗങ്ങളാവട്ടെ അവർക്ക് വിശപ്പിന് വേണ്ട ആഹാരവും, താമസിക്കാൻ ഒരു കുഞ്ഞു പാർപ്പിടവും മാത്രം സ്വന്തം അദ്ധ്വാനത്താൽ നേടുമെന്നല്ലാതെ, മനുഷ്യരെപ്പോലെ മറ്റുള്ളവരുടെത് കൈക്കലാക്കാനോ, പ്രകൃതിയെ നശിപ്പിക്കാനോ അവർ മിനക്കെടാറില്ല! അവർക്ക് വിശേഷബുദ്ധി നൽകിയിട്ടില്ലെങ്കിലും, വിശേഷബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യരെ പോലെ ഇവരൊന്നും തന്നെ അധഃപതിച്ചിട്ടില്ല".

"പ്രകൃതി തന്നെ ഈശ്വരനാണ് എന്ന് തിരിച്ചറിവുണ്ടായിട്ടും, ഭാവി തലമുറയ്ക്കു വേണ്ടി ഈ പ്രകൃതിയെ തനതായി നിലനിർത്തണമെന്നറിയാമായിരുന്നിട്ടും, അറിയാത്ത ഭാവം നടിച്ച് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിയുണ്ടെന്ന് നമ്മൾ അഭിമാനിക്കുന്ന മനുഷ്യൻ തന്നെയല്ലെ? മഴ വന്നാലും വെയിൽ വന്നാലും, അതിനെയും ശപിക്കുന്നത് അവൻ തന്നെ! നാശം പിടിച്ച മഴയെന്നോ, നശിച്ച ചൂടെന്നോ പറയുന്ന അവനറിയില്ലെ ഈ ചൂടും, മഴയും ഒന്നുമില്ലെങ്കിൽ പ്രകൃതിയ്ക്കും, അവനും നിലനിൽപ്പില്ലെന്ന് !! ഇതൊന്നുമറിയാത്ത വിവേചനബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളും,വൃക്ഷലതാദികളും പ്രകൃതിയുടെ ഓരോ ഭാവത്തെയും പൂർണ്ണ തൃപ്തിയോടെ സ്വീകരിച്ചുകൊണ്ട്, സന്തോഷത്തോടെ ഉൾക്കൊണ്ടു കൊണ്ട്, തങ്ങളുടെ നിയതമായ കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട് അതിനൊപ്പം തന്നെ ജീവിക്കുന്നത് നോക്കൂ!! പരസ്പരം സഹായിച്ചും, സഹകരിച്ചുമാണ് അവർ ജീവിക്കുന്നത്, മനുഷ്യൻ മറക്കുന്നതും അതുതന്നെയാണ്"

"ദേവീ ! എനിക്കിപ്പോൾ മനുഷ്യജന്മത്തെയോർത്ത് സന്തോഷമല്ല തോനുന്നത്, മറിച്ച് അവരുടെ അധർമ്മാനുഷ്ഠാനങ്ങൾ നിമിത്തം ഭൂമിയുടെ സ്ഥിതിയെന്തായിത്തീരും എന്ന ആകുലതയാണ് എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്! ദുർല്ലഭമായതും, മഹത്വമേറിയതുമായ മനുഷ്യജന്മം കിട്ടിയിട്ടും, വരുംതലമുറയെ പറ്റി ഒരു നിമിഷം പോലും ചിന്തിക്കാതെ, സഹജീവികളെ ഒരിക്കൽ പോലും സ്നേഹിക്കാതെ, പരസ്പരം പോരടിച്ചും, നശിപ്പിച്ചും, തന്റെ സ്വാർത്ഥലാഭത്തിനായി പ്രകൃതിക്ക് മുഴുവൻ നാശം വരുത്തിയും , ജന്മം പാഴാക്കി കളയുന്നവരെയോർത്ത് വ്യാകുലപ്പെട്ട മനസ്സോടെ ഭഗവാൻ ലക്ഷ്മീദേവിയോടൊപ്പം തന്റെ വാസസ്ഥാനത്തേക്ക് മടങ്ങി !!