ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2019

പതിനെട്ട് സിദ്ധർ

പതിനെട്ട് സിദ്ധർ

ജ്ഞാന-യോഗ-ഭക്തി മാർഗ്ഗങ്ങളിലൂടെ  ഈശ്വരസ്വാരൂപ്യം നേടിയ പ്രാചീന ദേശത്തിലെ സിദ്ധപരമ്പരകൾ പ്രസിദ്ധമാണ്. അതിൽ പ്രധാനപ്പെട്ടവർ പതിനെട്ട് പേരാണ് എന്ന് കരുതപ്പെടുന്നു. ഭാരതത്തിന്റെ അധ്യാത്മിക ശക്തിവിശേഷത്തിന്റെ ചാലകശക്തികളായി ഈ സിദ്ധരുടെ ജീവസമാധികൾ തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.

1.തിരുമൂലർ.
2.രാമദേവർ
3.കുംഭമുനി(അഗസ്ത്യർ)
4.എടയ്ക്കാടർ
5.ധന്വന്തരി
6.വാല്മീകി
7.കമലമുനി
8.ഭോഗനാതർ
9.മച്ചമുനി (മത്സ്യേന്ദ്രനാഥ് )
10.കൊങ്കണർ
11.പതഞ്‌ജലി
12.നന്ദിദേവർ
13.കരുവൂരാർ
14.പാമ്പാട്ടി സിദ്ധർ
15.സട്ടൈമുനി
16.സുന്ദരനന്ദദേവർ
17.കൊരക്കർ(ഗോരഖ്നാഥ് )
18.കൊതുംബയ് 
എന്നിവരാണ് ആ പതിനെട്ട് പേർ.
ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണ് പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലർ- തില്ലയിൽ (ചിദംബരം ശ്രീനടരാജക്ഷേത്രം) സമാധി കൊള്ളുന്നു.

2.രാമദേവർ - അളകർമലയിൽ സമാധി കൊള്ളുന്നു.

3.അഗസ്ത്യർ (കുംഭമുനി) -തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ സമാധി കൊള്ളുന്നു.

4.കൊങ്കണമുനി - തിരുപ്പതി ശ്രീവെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.

5.കമലമുനി-  തിരുവരാവൂർ ശ്രീത്യാഗരാജമഹാക്ഷേത്രത്തിൽ സമാധികൊള്ളുന്നു 

6.ചട്ടമുനി- ജ്യോതിരംഗം ( ശ്രീരംഗം) ശ്രീരംഗനാഥക്ഷേത്രം സമാധിസ്ഥാനം.

7.കരുവൂരാർ- കരൂർ ശ്രീ കല്യാണ പാശുപതേശ്വര മഹാക്ഷേത്രം സമാധിസ്ഥാനം

8.സുന്ദരാനന്ദർ-  മധുര മീനാക്ഷി ക്ഷേത്രത്തിൽ (കൂടൽ-മധുര) സമാധികൊള്ളുന്നു

9.വാല്മീകി- എട്ടുകുടി ശ്രീ മുരുഗൻ ക്ഷേത്രം സമാധിസ്ഥാനമത്രെ.

10.നന്തിദേവർ- ശ്രീ കാശി വിശ്വനാഥ ക്ഷേത്രം നന്ദിദേവരുടെ സമാധിസ്ഥാനമത്രെ.
( 18 ജീവസമാധികളിൽ തമിഴ്നാടിന് വെളിയിലുള്ള ഏക സിദ്ധപീഠം)

11.പാമ്പാട്ടി സിദ്ധൻ- പതിയിരി ശ്രീശങ്കരൻ കോവിൽ സമാധിസ്ഥനമത്രെ.

12.ഭോഗനാഥർ- പഴനിമല ശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാഥരുടെ സമാധിസ്ഥാനമത്രെ.

13.മച്ചമുനി /മത്സ്യേന്ദ്രനാഥർ- തിരുപ്പുറംകുണ്ഡ്രം മഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.

14.കോരക്കർ(ഗോരഖ്നാഥ്)- പാരൂർ മഹാക്ഷേത്രം സമാധി സ്ഥാനമത്രെ.. (നവനാഥപരമ്പര സ്ഥാപിച്ചത് ഇദ്ദേഹമാണ്)

15.പതഞ്ജലി- ബ്രഹ്മപുരേശ്വര ക്ഷേത്രം തിരുപ്പാട്ടൂർ പതഞ്ജലി മഹർഷിയുടെ  സമാധിസ്ഥാനമത്രെ.

16.ധന്വന്തരി- ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ  സമാധിസ്ഥനമത്രെ.

17. കുതംബയ്-  മയിലാടുംതുറൈ (തികഴ്മയൂരം/മായാവരം) പെരിയകോവിൽ  സമാധിസ്ഥാനമത്രെ.

18.ഇടയ്ക്കാടർ- തിരുവണ്ണാമല ശ്രീഅരുണാചലശ്വര മഹാക്ഷേത്രം സമാധിസ്ഥാനമത്രെ.

കേരളത്തിലെ ശക്ത്യാരാധനാപ്രധാനമായ 13 ക്ഷേത്രങ്ങൾ (ശാക്തേയക്കാവുകൾ) -
കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും നിലേശ്വരത്തെ മന്നുംപുറത്തു കാവ്
പഴയങ്ങാടിക്കടുത്തുള്ള തിരുവർക്കാട്ടുകാവ്
വളപട്ടണത്തിലുള്ള കളരിവാതുക്കൽക്കാവ്
മട്ടന്നൂരിന്നടുത്തുള്ള മാമനിക്കുന്നുകാവ്
കൂത്തുപറമ്പിന്നടുത്തുള്ള തിരുവഞ്ചേരിക്കാവ്
വടകരക്കടുത്തുള്ള കളിയാംവള്ളിക്കാവ്
കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ്
കോഴിക്കോട് തിരുവലയനാട്ടുകാവ്
പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്
അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്ന്കാവ്
കൊടുങ്ങല്ലൂരിലെ ശ്രീകുരുംബക്കാവ്
തിരുവല്ലയിലെ മുത്തൂറ്റുകാവ്
മാന്നാറുള്ള പനയന്നാർക്കാവ്
എന്നീ പതിമൂന്ന് കാവുകൾ അഥവാ ശക്തിപീഠങ്ങൾ കേരളഭൂമിയുടെ രക്ഷാകവചങ്ങളായി സ്ഥിതി ചെയ്യുന്നത് പോലെ ഭാരതത്തിന്റെ മറ്റൊരു സംരക്ഷണ കവചമായി തമിഴ് മണ്ണിൽ ഈ സിദ്ധപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ആയിരത്താണ്ടുകളായി അധിനിവേശ ശക്തികളുടെ ഗൂഢവും കുത്സിതവുമായ പരിശ്രമങ്ങളും ആക്രമണങ്ങളും ഭാരതഭൂമി അതിജീവിക്കുന്നത് ഇവയുൾപ്പെടെ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇത്തരം സിദ്ധ-ശക്തിപീഠങ്ങളുടെ അനുപമശക്തിവിശേഷത്താലാണ്.

എന്താണ് ശ്രീ ചക്രം ?

എന്താണ് ശ്രീ ചക്രം ?

ശ്രീ ലളിത പരമേശ്വരി ദേവി യുടെ പ്രത്യക്ഷ രൂപമാണ് ശ്രീചക്രം എന്ന് പറയാം. കാരണം ശ്രീ ഭഗവതിയുടെ ആവാസ സ്ഥലമായ മഹാമേരു പര്‍വതത്തിന്റെ ഒരു ചെറു രൂപമാണ്‌ ശ്രീചക്രം. ശ്രീ ശങ്കരാചാര്യര്‍ ശ്രീച്ചക്രോഉപാസകനായിരുന്നു. അദ്ദേഹം സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ശ്രീച്ചക്രത്തില്‍ ആണ് ദേവിയെ ആവാഹിച്ചു പ്രതിഷ്ടിച്ചിരുന്നത്. അതില്‍ പ്രധാനം ആണ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം.
ശ്രീചക്രം വീടുകളില്‍ പൂജികുന്നതിനു തടസ്സം ഇല്ല. പക്ഷെ വളരെ സൂക്ഷ്മത വേണം എന്ന് മാത്രം.
ശ്രീച്ചക്രത്തില്‍ ലളിതാസഹസ്രനാമം കൊണ്ട് പുഷ്പാഭിഷേകം ചെയുന്നത് വളരെ വിശിഷ്ടമാണ്.
അഗസ്ത്യ മാമുനികു ശ്രീ ഭഗവാന്‍ (ശ്രീ വിഷ്ണു)  ഉപദേശിച്ചു കൊടുത്തതാണ് ലളിതാസഹസ്രനാമം .
ശ്രീ ഭഗവതിയെ പൂജികുന്നവർക് വളരെ വേഗം അനുഗ്രഹം നല്‍കുന്ന മന്ത്രമാണ്‌ ലളിതാസഹസ്രനാമം.

രാവിലെ അല്ലെങ്ങില്‍ സന്ധ്യക് കത്തിച്ച നിലവിളകിനു മുന്‍പില്‍ ഇരുന്നു ശുദ്ധമായ ശരീരത്തോടെയും മനസോടെയും ഇരുന്നു ജപിച്ചു നോക്കൂ. തീര്‍ച്ചയായും മാറ്റം നമുക്കനുഭവപ്പെടും. എന്നാല്‍ ശ്രീച്ചക്രത്തിനു മുന്‍പില്‍ ഇരുന്നു ആണെങ്ങില്‍ ഗുരു ഉപദേശം വേണം. ഇതു യന്ത്രങ്ങളും കൈകാര്യം ചെയുന്നത് അലക്ഷ്യത്തോടെ ആണെങ്ങില്‍ നല്ല ഫലത്തെക്കാള്‍ ദോഷ ഫലങ്ങള്‍ ആയിരിക്കും
അനുഭവപ്പെടുക. അതിനാലാണ് ഗുരു ഉപദേശം വേണം എന്ന് പറയുന്നത്. യന്ത്രങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍
തീര്‍ച്ചയായും പാലികുക.

1) യന്ത്രങ്ങള്‍ കൈ കൊണ്ട് പിടിച്ചുകൊണ്ടു സംസാരികരുത്.

2) മറ്റു മന്ത്രങ്ങള്‍ യന്ത്രത്തിന് മുന്‍പില്‍ വച്ച് ജപികരുത്.

3) അതതു യന്ത്രത്തിന് അതതു മന്ത്രങ്ങള്‍ മാത്രമേ പറയാവൂ.

4) യന്ത്രങ്ങള്‍ വെറും നിലത്തു വയ്ക്കരുത്‌, അതുപോലെ തറയില്‍ വീണു പോകരുത്.

5) യന്ത്രത്തില്‍ അഭിഷേകം /നിവേദ്യം എന്നിവ ഉണ്ടെങ്കില്‍ ഇടയ്ക് വെച്ച് നിര്‍ത്തരുത്.

6) കാറ്റില്‍ ആടുന്ന തരത്തിലോ എപ്പോഴും എപ്പോഴും അനക്കുകയോ മറ്റോ ചെയരുത്.

7) ശുദ്ധമായ സ്ഥലത്തും പരിസരത്തും മാത്രം  സൂക്ഷികുക.

ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാരത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീ സ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

ശ്രീചക്രം ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു. ഇതില്‍ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരിക്കപെട്ടിരിക്കുന്നു .അതു കൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം. ശ്രീ ചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളും കൂടിച്ചേര്‍ന്നു 43 ചെറിയ ത്രികോണങ്ങള്‍ രൂപപെടുന്നു. ഇത്തരം 43 ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.  ഈ ത്രികോണങ്ങള്‍ മുഴുവന്‍ 8 താമരഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് 16 താമര ഇതളുകള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു. ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മമേരു, ലിന്ഗമേരു, പൂര്‍ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്‌കൃത പദത്തിനര്‍ത്ഥം ഒന്‍പതു എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒന്‍പതു സ്ഥിതികളെ സൂചിപ്പിക്കുന്നു. ശ്രീ ചക്രത്തിന്റെ ഒന്‍പതു സ്ഥിതികള്‍ ഇവയാണ്.

ത്രിലോകമോഹനം - ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകള്‍.

സര്‍വ്വാശപരിപൂരക - ശ്രീചക്രത്തില്‍ കാണുന്ന 16 താമരയിതളുകള്‍.

സര്‍വസന്‌ക്ഷോഭഹന - ശ്രീചക്രത്തില്‍ കാണുന്ന 8 താമരയിതളുകള്‍.

സര്‍വസൗഭാഗ്യദായക - ശ്രീചക്രത്തില്‍ കാണുന്ന 14 ചെറിയ ത്രികോണങ്ങള്‍.

സര്‍വഅര്‍ത്ഥ സാധക - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍.

സര്‍വരക്ഷാകര - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍.

സര്‍വരോഗഹാര - ശ്രീചക്രത്തില്‍ കാണുന്ന 8 ചെറിയ ത്രികോണങ്ങള്‍.

സര്‍വസിദ്ധിപ്രധ - ശ്രീചക്രത്തില്‍ കാണുന്ന 1 ചെറിയ ത്രികോണങ്ങള്‍.

സര്‍വഅനന്തമയ - ശ്രീചക്രത്തില്‍ കാണുന്ന വൃത്തബിന്ദു.

തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ്. യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രം ബന്ധപെട്ടിരിക്കുന്നു. മഹാത്രിപുരസുന്ദരി അഥവാ ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അര്‍ത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അര്‍ത്ഥവും കല്പിക്കുന്നു. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സൗന്ദര്യലഹരി സ്‌ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിടുണ്ട്. ശ്രീ യന്ത്രത്തിന്റെ നിര്‍മാണം യോഗിനി ഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം

പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ  ബന്ധം

നിങ്ങൾ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് വിചാരിക്കുക. അപ്പോൾ നിങ്ങൾ  വിഗ്രഹാരാധകനും  (ശരീരം) സ്പിരിറ്റിന്റെ (ചൈതന്യ) ആരാധകനും’ ആണ്. നിങ്ങൾ സ്നേഹിക്കുന്ന  പെൺകുട്ടി പെട്ടന്ന് മരണപ്പെട്ടു എന്നാൽ  കുട്ടിയുടെ മരണശേഷം ശവശരീരത്തെ നിങ്ങൾ‍ സ്‌നേഹിക്കുമോ?   സ്നേഹിച്ചത് വിഗ്രഹത്തെയാണെങ്കിൽ ശവശരീരത്തെ വിവാഹം കഴിക്കണം. അത് സാദ്ധ്യമില്ലെങ്കിൽ നിങ്ങൾ ശരീരത്തെയല്ല അതിലുള്ള ജീവനെയാണ് സ്‌നേഹിച്ചത്. ആ ജീവനെ ശരീരത്തെകൂടാതെ വിവാഹം കഴിക്കുവാനും സാദ്ധ്യമല്ല. അപ്പോൾ ശരീരത്തിലൂടെ നിങ്ങൾ സ്‌നേഹിച്ചത് ജീവനേയും ജീവനിലൂടെ നിങ്ങളെ ആകർഷിച്ചത് ശരീരവുമാണ്. രണ്ടും നിങ്ങളുടെ ആരാധനാമൂ‍ർത്തികളാണ്. ശരീരം (വിഗ്രഹം) കൂടാതെ Lover ഇല്ല. ജീവൻ കൂടാതെയുള്ള ശരീരം നിങ്ങൾക്ക് ആവശ്യമില്ല. ഇങ്ങനെ നോക്കുമ്പോൾ ജീവനും അതിനാസ്ഥാനമാക്കിയ ശരീരവുമാണ് നിങ്ങളെ കാമുകനാക്കി മാറ്റിയത്.

ചൈതന്യത്തെ അറിയുന്നതിന് വിഗ്രഹം കൂടാതെ സാദ്ധ്യമല്ലെന്ന് ഇതുകൊണ്ട് സ്പഷ്ടമാണ്. സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തിൽ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ സ്വീകരിക്കുവാൻ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവൻതന്നെ. വിഗ്രഹാരാധകനും, ജഡമായ ശരീരത്തെ സ്‌നേഹിക്കാൻ കഴിയാത്ത നിങ്ങൾ അതിലുള്ള സ്പിരിറ്റിനെ ആരാധിച്ചവനുമാണ്. ഇതിൽ ഏതെങ്കിലും തെറ്റെന്നു തെളിയിച്ചാൽ നിങ്ങൾ കാമുകനായോ നിങ്ങളുടെ സ്‌നേഹഭാജനത്തിന് കാമുകിയായി ഇരിക്കുവാനോ സാദ്ധ്യമല്ല, പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം വിഗ്രഹത്തെ ആക്ഷേപിക്കുന്നവർക്ക് വിവരക്കേടുകൊണ്ട് അറിയാന്‍ കഴിയാതെ പോയതാണ് പരമകഷ്ടം.

ഈശ്വരന്റെ രൂപം

ഈശ്വരന്റെ രൂപം

സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച് അതിനെ പരിപാലിക്കാൻ അതിനൊരു പ്രകൃതിസിദ്ധാന്തമുണ്ടാക്കി തന്നിലേക്കു തന്നെ ലയിപ്പിക്കപ്പെടുന്നു എന്നു സകലരും ഒരുപോലെ സമ്മതിക്കുന്ന അത്യത്ഭുത മഹാശക്തിയാണ് ഈശ്വരൻ. (നിയന്താവ്)

കോടിക്കണക്കിനു കോശങ്ങളുടെ പ്രകമ്പന-അനുപ്രകമ്പനത്തിന്റെ ആകെത്തുകയാണ് ശരീരം. ഇതിനെ ജീവികളുടെ മസ്തിഷ്കത്തിൽ "തനിയെ" ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് നിയന്ത്രിക്കുന്നതും ഒന്നിച്ചുനിർത്തി ഉത്തരവാദിത്തങ്ങൾ ഭാഗിച്ചു നടത്തുന്നതും എന്നു പറയുന്നതാണോ ആധുനികത?

എന്തുകൊണ്ട് ഈ രാസപ്രവർത്തനം സകലജീവികളിലും ഒരേപോലെ നടക്കുന്നു? ആരുടെയോ ഏതോ അദൃശ്യശ്ക്തിയുടെ ഇടപെടീൽ സകലതിലും കാണുന്നു. എല്ലവരും ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ ബാഹ്യശക്തിയെ ഈശ്വരനെന്നോ  (നിയന്താവ്)  ദൈവമെന്നോ ഇശ്വരചൈതന്യമെന്നോ വിളിക്കുന്നു.

പല വിശ്വാസങ്ങലിലും ദൈവത്തിനു മനുഷ്യരൂപമാണ് കൊടുത്തിരിക്കുന്നത്. ഭഗവത് ഗീതയിൽ അദ്ധ്യായം 7 ൽ - ജ്ഞാന വിജ്ഞാന യോഗം - 24ഉം 26 ഉം ശ്ലോകങ്ങളിലൂടെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനു പറഞ്ഞുകൊടുക്കുന്നത് നമ്മുടെ ഇത്തരം സംശയങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുന്നതും യുക്തിക്കധിഷ്ടിതവുമായ ഒന്നാണ്.

"അവ്യക്തം വ്യക്തിമാപന്നം മന്യന്തേമാമ ബുദ്ധയ:
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം" (ശ്രീമദ് ഭഗവത് ഗീത 7: 24 )

( അനശ്വരവും സർവ്വോൽകൃഷ്ടവുമായ എന്റെ പരമഭാവത്തെ അറിയാത്ത അല്പജ്ഞന്മാർ അവ്യക്തനായ എന്നെ മനുഷ്യാദി വ്യക്തിരൂപത്തെ പ്രാപിച്ചിരിക്കുന്നവനായി വിചാരിക്കുന്നു. )

"നാഹം പ്രകാശ: സർവ്വസ്യ യോഗമായാസമാവൃത:
മൂഢോfയം നാഭിജാനാതി ലോകോ മാമജമവ്യയം" (ശ്രീമദ് ഭഗവത് ഗീത 7: 25 )

( യോഗമായാൽ ചുറ്റപ്പെട്ടിരിക്കുന്ന ഞാൻ ആർക്കും തന്നെ ഗോചരീഭവിക്കുന്നില്ല. ഈ മൂഢരായ ജനങ്ങൾ ഞാൻ ജന്മമില്ലാത്തവനും നാശമില്ലാത്തവനുമാണെന്നത് അറിയുന്നില്ല )

ശ്രീകൃഷ്ണാവതാരത്തിൽ മാത്രം ഭഗവാൻ വിശ്വരൂപം പല പ്രാവശ്യം കാണിച്ചുകൊടുക്കുന്നുണ്ട്.

മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശാസിച്ച അമ്മ യശോദയെ തന്റെയുള്ളിൽ സകലപ്രഞ്ചത്തെയും കാണിച്ചുകൊടുക്കുന്നു,

കൗരവ സഭയിൽ തന്നെ പിടിച്ചുകെട്ടാൻ വന്നപ്പോൾ,
മഹാഭാരത യുദ്ധാരംഭത്തിൽ ഇതികർത്തവ്യമൂഢനായിരുന്ന അർജ്ജുനനെ, ശരശയ്യയിലായിരുന്ന ഭീഷ്മരെ... ഇവയിലെല്ലാം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചുനിൽക്കുന്ന സൂര്യചന്ദ്രന്മാർക്കുതുല്യമായ ആയിരക്കണക്കിനു നേത്രങ്ങളും.....

"അനേക വക്ത്ര നയനമനേകാത്ഭുത ദർശനം
അനേക ദിവ്യാഭരണം ദിവ്യാനേകദ്യതായുധം" 11:10

( അനേകം മുഖങ്ങൾ, അനേകം കണ്ണുകൾ, അത്ഭുത കരണങ്ങളായ അനേക ദർശനങ്ങൾ, കൈയിലേന്തിയ അനേകം ആയുധങ്ങൾ, അനേകം ദിവ്യാഭരണങ്ങൾ, എന്നിവയോടുകൂടി )

സാധാരണ കണ്ണുകൊണ്ടുകാണാൻ സാധിക്കാത്തതു കൊണ്ട് ദിവ്യ ചഷുസ് ( ദിവ്യമായ കണ്ണുകൾ ) കൊടുത്തിട്ടാണ് ഭഗവാൻ അർജ്ജുനനെ വിശ്വരൂപം കാണിച്ചുകൊടുക്കുന്നത്.

"ദിവ്യമാല്യാംബരധരം ദിവ്യ ഗന്ധാനുലേപനം
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോ മുഖം" 11:11

( ദിവ്യങ്ങളായ മാല്യങ്ങളും വസ്ത്രങ്ങളും ധരിച്ച്, ദിവ്യ സുഗന്ധങ്ങളുമണിഞ്ഞ് എല്ലാപ്രകാരത്തിലും ആശ്ചര്യമായി ശോഭനമായി "അനന്തമായിരിക്കുന്ന" വിശ്വരൂപത്തെ കാണിച്ചു )

"ദിവിസൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാ: സദൃശി സാ സ്യാൽ ഭാസസ്തസ്യ മഹാത്മന:" 11:12

( ആകാശത്തിൽ അനേകസഹസ്രം സൂര്യന്മാരുടെ പ്രകാശം ഒരേ സമയത്ത് ഉയരുന്നതിനോട് ആ മഹാത്മാവിന്റെ ശോഭ തുല്യമായുയർന്നു. )

അപ്പോൾ മന്ത്രങ്ങളിലും ക്ഷേത്രങ്ങളിലുമൊക്കെക്കാണുന്ന രൂപങ്ങളോ സകലതു ആ ഒരേ ഒരു ഭഗവാന്റെ ദിവ്യരൂപങ്ങൾ ഓരോ മഹാത്മാക്കൾക്കു ഓരോ സാഹചര്യങ്ങളിൽ പ്രത്യക്ഷമായതാണ്. അതും പൂർണ്ണമാണ്. അതുകൊണ്ടാണ് ഋഗ്വേദമന്ത്രമായ പൂർണ്ണത്തെ ആരാധിക്കുന്ന അദ്വൈതമന്ത്രം സകലപുജകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

"പൂർണ്ണമദ: പൂർണ്ണമിദ: പൂർണ്ണാത് പൂർണ്ണമുദച്യുദേ
പൂർണ്ണസ്യ പൂർണ്ണാമാദായ പൂർണ്ണമേവവശിഷ്യതേ

( അതും പൂർണ്ണമാണ്, ഇതും പൂർണ്ണമാണ്. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണമുണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം കുറച്ചാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു. .. എത്ര മഹത്തരമായ ആശയം. )

എന്നെ ഏതു രൂപത്തിലാണോ നിങ്ങൾ മനസ്സിൽ കാണുന്നത് ആ രൂപവും എന്റേത് തന്നെയാണ്. എന്ന് ഭഗവാൻ തന്നെ പറയുന്നു.

വിഷ്ണു സഹസ്ര നാമം മനസ്സിരുത്തി അർഥം മനസ്സിലാക്കി വായിച്ചാൽ തന്നെ സകലതും ഭഗവാൻ തന്നെയാണെന്നു ബോദ്ധ്യമാകും

"നമ സമസ്ത ഭൂതാനാം ആതിഭൂതായ ഭൂപതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ"

സകല ഭൂതങ്ങളുടെയും (നമ്മുക്കറിയാവുന്ന പഞ്ചഭൂതങ്ങൾ ഉൾപ്പെടെ - ഭൂമി, ജലം, വായു, അഗ്നി, ആകാശം ആദി ഭൂതമായ ഇതിന്റെ യെല്ലാം അവകാശിയായ അനേകരുപങ്ങൾക്കും രൂപമായ - കോടാനുകോടി രൂപങ്ങളോടുകൂടിയ വിഷ്ണു പ്രഭുവിനെ ഞാൻ നമിക്കുന്നു.

അതുപോലെ,
ശാന്താകാരം ഭുജക ശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ് ധന്യഗമ്യം
വന്ദേം വിഷ്ണും ഭവ ഭയ ഹരം സർവ്വ ലോകൈക നാഥം

ഇതിൽപ്പറയുന്ന രൂപം മൂന്നമത്തെ വരിയിൽ വ്യക്തമാക്കുന്നു "യോഗി ഹൃദ് ധന്യ ഗമ്യം" യോഗികൾ ഏകാഗ്രതയോടെയുള്ള ധ്യാനസമയത്തെ മനസ്സിലെത്തുന്ന രൂപമാണെന്ന്.

വിരാട് രൂപത്തിൽ ഭഗവാൻ അനന്തമായ സകല പ്രപഞ്ചങ്ങളേയും തന്റെ നാലിലൊരുഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കാരണരൂപത്തിൽ ഭഗവാൻ വിഷ്ണു, ബ്രഹ്മ, ശിവൻ എന്ന ത്രി തത്വത്തിൽ യോഗികളുടെ ഹൃദയത്തിൽ വസിക്കുന്നു. സൂഷ്മരൂപത്തിൽ സകല ചരാചരങ്ങളുടെയും ഉള്ളിന്റെയുള്ളിൽ സ്ഥിതിചെയ്യുന്നു...

നാലു ശ്രേണികൾ

നാലു ശ്രേണികൾ 

സനാതനമായ ആത്മീയപാഥത്തിലൂടെ മുന്നേറുന്ന സാധകന്മാരെ അവരുടെ  സ്വഭാവസിദ്ധമായ കഴിവുകളെ  ആധാരമാക്കി മഹാപുരുഷന്മാർ  ശൂദ്രൻ, വൈശ്യൻ, ക്ഷത്രീയൻ, ബ്രാഹ്മണൻ  എന്നി നാലു ശ്രേണികളിലായി തരം തിരിച്ചു. 

സാധനയുടെ തുടക്കത്തിൽ ഓരോ സാധകനും ശൂദ്രൻ അതായത് അൽപജ്ഞൻ ആണ്.   മണിക്കൂറുകൾ ധ്യാനത്തിലിരുന്നാലും  പത്തു മിനിറ്റുപോലും ആത്മ്സംഗം  അയാൾക്ക് അനുഭവപ്പെടുന്നില്ല.  പ്രകൃതിയുടെ മായജാലത്തിൽ നിന്ന് രക്ഷപ്പെടാൻ അത്ര വിഷമമാണ്.  ഈ അവസ്ഥയിൽ മാഹാപുരുഷസേവയിലൂടെ സദ്ഗുണങ്ങൾ അയാളിൽ കടക്കുന്നു. 

അപ്പോൾ അയാൾ വൈശ്യശ്രേണിയിൽ പ്രവേശിക്കാൻ  യോഗ്യനായിത്തീരുന്നു.   ആത്മീയമായ സമ്പത്താണ് സ്ഥിരമായ സമ്പത്ത്  ഈ സമ്പത്ത് അയാൾ ക്രമേണ കരഗതമാക്കുകയും ഇന്ദ്രിയങ്ങളെ ശ്രദ്ധിക്കാനും  നിയന്ത്രിക്കാനും ശക്തിനേടുകയും ചെയ്യുന്നു.  കാമക്രോധങ്ങൾ ഇന്ദ്രിയങ്ങളെ നിഹനിക്കുന്നു.  വിവേകവൈരാഗ്യങ്ങൾ അവയെ സംരക്ഷിക്കുന്നു.  എന്നാൽ പ്രകൃതിയെ വേരോടെ പിഴ്തെറിയാൻ അവക്കാവില്ല.

ക്രമേണ വൈശ്യശ്രേണിയിൽ നിന്നുയർന്ന് സാധകൻ ത്രിഗുണങ്ങളെ കിഴടക്കാൻ കഴിവുള്ള അതായത് ക്ഷത്രിയൻ ആയി തീരുന്നു.  ഈ അവസ്ഥയിൽ പ്രകൃതിയെയും അതിൻ്റെ വികാരങ്ങളെയും നശിപ്പിക്കാനുള്ള ശക്തി ഉണ്ടാകും. 

അനുക്രമം സാധനകളിലൂടെ പുരോഗമിച്ച് ക്ഷത്രിയൻ ബ്രാഹ്മണത്വം നേടുന്നു.  ഈ കാലഘട്ടത്തിൽ മനസ്സംയമം, ഇന്ദ്രിയ നിഗ്രഹം, അനർഗ്ഗളമായ വിചാരധാര, സരളത, അനുഭവജ്ഞാനം , എന്നിവ സാധകനിൽ സ്വഭാവികമായും വന്നു നിറയുന്നു. 

ഇത്തരം അനുഷ്ഠാനങ്ങളിലൂടെ മുന്നേറി സാധകൻ ബ്രഹ്മനിഷ്ഠാനായിത്തീർന്ന്  ബ്രാഹ്മണത്വത്തിൻ്റെയും അപ്പുറത്തേക്ക് കടക്കുന്നു.

പഴത്തൊലി തിന്ന കൃഷ്ണൻ

പഴത്തൊലി തിന്ന കൃഷ്ണൻ

ശ്രീകൃഷ്ണ ഭക്തരായ വിദുരർക്കും, പത്നിയ്ക്കും കൃഷ്ണനെ സ്വഗൃഹത്തിൽ  കൊണ്ടുവന്നു പാദപൂജ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് വളരെ മോഹമുണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് കണ്ണൻ മഥുരയിലേക്ക് കംസന്റെ ക്ഷണം സ്വീകരിച്ചു വന്നത്. വിദുരർ സന്തോഷത്തോടെ ശ്രീകൃഷ്ണ ഭഗവാനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. സമയമാകുമ്പോൾ ഞാൻ  തീർച്ചയായും വരാം എന്ന് കണ്ണൻ ഉറപ്പു നൽകി.

ആ നിമിഷം മുതല്‍ വിദുരപത്നി ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരുന്നു.
സദാ കൃഷ്ണ ചിന്ത മാത്രമായി അവർക്ക്.
എപ്പോഴാ കണ്ണൻ വരിക എന്നു നിശ്ചയമില്ലല്ലോ. ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്‍കണം, എന്തൊക്കെ പറയണം, കണ്ണൻ എന്തൊക്കെ ചോദിക്കും,എന്തൊക്കെ പറയും, എന്നെല്ല‍ാം ഓര്‍ത്ത് ഓരോ ദിവസവും കഴിയും.

രാത്രിയിൽ കണ്ണൻ വരുന്നതും തങ്ങളുടെ ആഥിത്യം സ്വീകരിക്കുന്നതും എന്നും സ്വപ്നം കാണും. അവരുടെ നയനങ്ങൾ സാദാ കൃഷ്ണ ചിന്തയിൽ നിറഞ്ഞൊഴുകും. എന്നും കൃഷ്ണനെ സ്വീകരിക്കാന്‍ വേണ്ടതെല്ല‍ാം ഒരുക്കിവച്ച് കണ്ണനായി കാത്തിരിക്കും. കണ്ണൻ എപ്പോഴാണ് വരിക എന്നറിയില്യ.

അടുത്ത ഗൃഹത്തിലെ ഒരു ഉണ്ണി എപ്പോഴും വിദുര പത്നിയുടെ സഹായത്തിനു വരാറുണ്ടായിരുന്നു. ആ ഉണ്ണിയോട് കൃഷ്ണനെ കുറിച്ച് എപ്പോഴും പറയും. അമ്പാടിയിൽ കണ്ണൻ ഓരോ വികൃതികൾ കാട്ടിയത്, വെണ്ണ കട്ടത്‌, കലമുടച്ചത്, പൈക്കളെ മേച്ചത്, ഗോവർദ്ദനം ഉയർത്തിയത്‌ എന്ന് വേണ്ട എല്ലാമെല്ലാം എത്ര പറഞ്ഞാലും ആ അമ്മക്ക് മതിയാവില്ല.

അങ്ങിനെ ഒരു ദിവസം വിദുരപത്നി കുളിക്കാൻ പോയ സമയത്ത് കണ്ണൻ വന്നു. വിദുരരും ഗൃഹത്തിൽ ഉണ്ടായിരുന്നില്ലാ.
കണ്ണൻ വരുന്നത് ഉണ്ണി കണ്ടു. ധാരാളം കേട്ടത് കൊണ്ട് കണ്ണനെ കണ്ടതും ഉണ്ണിക്കു മനസ്സിലായി. ഉണ്ണി ഓടിച്ചെന്നു ഭഗവാന്‍ വന്ന വിവരം വിദുരപത്നിയെ അറിയിച്ചു. മുങ്ങി നിവർന്ന ഉടനെയാണ് കണ്ണൻ വന്നു എന്ന് കേട്ടത്. കേട്ടപാതി, കേള്‍ക്കാത്ത പാതി, ആ അമ്മ ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു.

താന്‍ നനഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നതെന്ന് മറന്ന അവർ കണ്ണനെ കണ്ട മാത്രയിൽ എല്ലാം മറന്നു ഗാഢം പുണർന്നു. ഈ സമയം ഉണ്ണി വേഗം ചെന്ന് അമ്മ ഒരുക്കി വച്ച പഴങ്ങളും പീഠവും എടുത്തുകൊണ്ടുവന്നു. അത് കണ്ട ആ ഭക്ത ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന് ഇരിക്കാന്‍ വച്ച പീഠത്തില്‍ അവര്‍ തന്നെ കയറിയിരുന്നു. ഭഗവാന്റെ കൈ പിടിച്ചു താഴെ ഇരുത്തി. ഭക്തിയുടെ സച്ചിതാനന്ദത്തിൽ അവർ ഒന്നും തന്നെ അറിയുന്നില്ല.

പിന്നീട് പഴം തൊലിയുരിഞ്ഞ് തൊലി ഭഗവാന് നല്‍കാന്‍ തുടങ്ങി. തൊലിയ്ക്ക് പകരം പഴം താഴെ കളഞ്ഞു. ഭഗവാന്‍ പഴത്തിന്റെ തൊലി വളരെ സ്വാദോടെ ആസ്വദിച്ച് കഴിക്കാനും തുടങ്ങി. ഇതെല്ലാം കണ്ടു ഉണ്ണി അമ്പരന്നു നിൽക്കുകയാണ്. ഇതെന്താ ഇങ്ങനെ? ഒരു പക്ഷെ ഇങ്ങന്യാവോ കണ്ണന്‌ കൈങ്കര്യം ചെയ്യേണ്ടത്?

ഈ സമയത്താണ് വിദുരര്‍ വന്നത്. ഈ കാഴ്ച കണ്ട് അദ്ദേഹം അമ്പരന്നു. ഭാര്യ നനഞ്ഞ് ഈറനായ വസ്ത്രങ്ങളോടെ, തല തോര്‍ത്താതെ ഭഗവാന്റെ മുന്‍പില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. ഭഗവാനെ തറയില്‍ ഇരുത്തിയിട്ട് ഉയര്‍ന്ന പീഠത്തില്‍! ഭഗവാന്റെ ശരീരവും പീതവസനവും എല്ലാം നനഞ്ഞിരിക്കുന്നു. മാത്രമല്ല പഴം താഴെ കളഞ്ഞിട്ട്, തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്ത പോലെ വളരെ സ്വാദോടെ അതു ഭക്ഷിക്കുന്നു. അദ്ദേഹത്തിന് സങ്കടം സഹിക്കാനയീല്ല.

‘എന്റെ കൃഷ്ണാ’ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ആ തൃപ്പാദത്തിൽ വീണു.
അപ്പോഴാണ് വിദുര പത്നിക്കു ബാഹ്യബോധം ഉണ്ടായത്. ആ സ്വാധ്വി ആകെ പരിഭ്രമിച്ചു.

‘എന്റെ കൃഷ്ണാ ഇവളുടെ അവിവേകം പൊറുക്കണേ’ എന്നു കരഞ്ഞു കൊണ്ട് കൃഷ്ണ പാദത്തിൽ നമസ്കരിച്ചു. അപ്പോൾ കണ്ണൻ പറഞ്ഞു.

”നിങ്ങള്‍ ആചാരപ്രകാരം പൂജ ചെയ്യുന്നതിനെക്കാൾ ഇഷ്ടമായതും ഉചിതമയതും നിഷ്ക്കാമമായ നിറഞ്ഞ സ്നേഹത്തോടെയുള്ള ഈ സൽക്കാരം തന്നെയാണ്. പഴത്തൊലിയോളം സ്വാദ് വേറെ ഒന്നിനും ഇല്ല്യ. ഇത്രയും ഹൃദ്യമായത് എനിക്ക് അത്യപൂർവ്വമായി മാത്രമേ ലഭിക്കാറുള്ളൂ”.

ഭഗവാന്റെ മുന്‍പില്‍ ന‍ാം നമ്മെത്തന്നെ മറക്കണം. അവിടെ ഞാനും നീയുമില്ല. അതുകൊണ്ട്തന്നെ ഒരാചാരത്തിന്റെയും ആവശ്യമില്ല. ആ പരമ പ്രേമം ഉണ്ടായാൽ മാത്രമേ ഭക്തനും ഭഗവാനും ഒന്നായി ആ സച്ചിതാനന്ദം അനുഭവിക്കാൻ കഴിയുകയുള്ളൂ….!!