ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2018

ആരാണ് യക്ഷം

ആരാണ് യക്ഷം

ബ്രഹ്മത്തെ എങ്ങനെ അറിയാന്‍ കഴിയും. ദേവന്മാര്‍ ബ്രഹ്മത്തെ അറിഞ്ഞ ഒരു കഥയാണ് കേനോപനിഷത്തിലെ മൂന്നാം ഖണ്ഡത്തില്‍. പണ്ടൊരിക്കല്‍ ദേവാസുര യുദ്ധം നടന്നു. യുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു. വിജയത്തില്‍ മതിമറന്ന ദേവന്മാര്‍ തങ്ങളുടെ മഹത്വം കൊണ്ടാണ് വിജയിച്ചതെന്നു കരുതി. വിജയഫലം നല്‍കിയ ബ്രഹ്മത്തെ മറന്നു. അപ്പോള്‍ അവരുടെ മുന്നില്‍ തേജസ്വരൂപമായ ഒരു യക്ഷം പ്രത്യക്ഷപ്പെട്ടു. അവരുടെ വിചാരത്തെ അറിഞ്ഞ ബ്രഹ്മമാണ് അ യക്ഷരൂപത്തില്‍ വന്നതെന്ന് ദേവന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ അഗ്നിയോട് പറഞ്ഞു. ആ യക്ഷം ആരാണെന്ന് അറിഞ്ഞുവരാന്‍,അഗ്നി സമ്മതിച്ചു.

അഗ്നി അഹങ്കാരത്തോടെ നേരിട്ടുചെന്ന് ആരാണെന്ന് ചോദിച്ചു. അപ്പോള്‍ നീ ആരെന്ന് തിരിച്ചു ചോദിച്ചു. ഞാന്‍ അഗ്നിയാണ്, ജാതവേദസ് എന്നപേരില്‍ പ്രസിദ്ധനാണ്. എന്താണ് നിന്റെ വീര്യം എന്ന് വീണ്ടും അഗ്നിയോട് ചോദ്യം. ഭൂമിയിലുള്ള എല്ലാറ്റിനേയും എനിക്ക് ദഹിപ്പിക്കാന്‍ കഴിയും. യക്ഷം അഗ്നിക്ക് ഒരു പുല്‍ക്കൊടി ഇട്ടുകൊടുത്തു ദഹിപ്പിക്കാന്‍ പറഞ്ഞു. അഗ്നി എല്ലാ ശക്തിയോടുംകൂടി നോക്കിയിട്ടും പുല്ലിനെ ദഹിപ്പിക്കാനായില്ല. അഗ്നി പരാജയപ്പെട്ട് മടങ്ങി.

ഈ യക്ഷം എന്താണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞില്ലെന്ന് മടങ്ങിവന്നു പറഞ്ഞു. അപ്പോള്‍ ദേവന്മാര്‍ വായുവിനെ പറഞ്ഞുവിട്ടു. ആകാശത്തിലും സഞ്ചരിക്കുന്ന മാതരിശ്വാവായ തനിക്ക് എന്തിനേയും എടുത്ത് പറപ്പിക്കുവാന്‍ കഴിയുമെന്ന് പറഞ്ഞപ്പോള്‍ യക്ഷം ഒരു പുല്‍ക്കൊടി ഇട്ടുകൊടുത്തു. വായുവിന് അതിനെ എടുക്കാനോ അനക്കാനോ ആയില്ല.

പരാജയപ്പെട്ട വായുവും പറഞ്ഞു തനിക്ക് യക്ഷത്തെ അറിയാനായില്ലെന്ന്. പിന്നീട് ഇന്ദ്രന്റെ ഊഴമായിരിന്നു. വലിയ അഭിമാനത്തോടെ ചെന്ന ഇന്ദ്രനോട് സംസാരിക്കാതെ യക്ഷം പെട്ടെന്ന് മറഞ്ഞു. അന്തംവിട്ട് നിന്ന ഇന്ദ്രന് മുന്നില്‍ ഉജ്ജ്വലശോഭയോടുകൂടി ഹൈമവതിയും ഉമയുമായ ദേവി തന്റെ സ്ത്രീരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദ്രന്‍ ദേവിയോട് ആ യക്ഷം ആരായിരുന്നുവെന്ന് ചോദിച്ചു. അത് ബ്രഹ്മമായിരുന്നുവെന്നും ദേവന്മാര്‍ക്ക് വിജയം നല്‍കിയത് ബ്രഹ്മമാണെന്നും ദേവി അറിയിച്ചു. (ദേവിയുടെ ഉത്തരം നാലാം ഖണ്ഡത്തിലാണ്)

തത്വത്തെ കഥാരൂപത്തില്‍ അവതരിപ്പിച്ചതാണ് ഇവിടെ. ബ്രഹ്മം നമ്മുടെ ബുദ്ധികൊണ്ടുപോലും അറിയാന്‍ സാധിക്കാത്തതാണെന്ന് പറഞ്ഞതിനാല്‍ മന്ദബുദ്ധികള്‍ അത് ഇല്ലാത്തതാണെന്ന് കരുതും. ആ തെറ്റിദ്ധാരണയെ നീക്കാനാണ് ഈ കഥ. ഇന്ദ്രാദി ദേവന്മാര്‍ക്ക്‌പോലും അറിയാന്‍ നേരിട്ട് കഴിയാതിരുന്നതിനാല്‍ ബ്രഹ്മത്തെ അറിയണമെങ്കില്‍ നമ്മുടെ അഹന്തയും മറ്റും വെടിയണമെന്ന് കാണിക്കുന്നു. ബ്രഹ്മത്തെ അറിയാന്‍ വളരെ പ്രയാസമുണ്ടെന്ന് കാണിക്കാനാണ് ഈ കഥ എന്നും പറയാം. മറ്റ് അധികാരികള്‍ക്കായി സഗുണബ്രഹ്മോപനവിധിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കാനാണെന്നും കരുതാം. ദേവന്മാര്‍ വിജയത്തില്‍ അഹങ്കരിച്ചപോലെ നമ്മളും ഞാന്‍ കേമന്‍, ഞാന്‍ ചെയ്യുന്നു എന്നൊക്കെ അഭിമാനിക്കാറുണ്ടല്ലോ. ഇത് തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ ചരിതം.

ബ്രഹ്മത്തെ അറിഞ്ഞവരുടെ ശ്രേഷ്ഠതകൂടി നമുക്ക് ഇവിടെ കാണാം. ബ്രഹ്മവിദ്യയ്ക്കുള്ള സ്തുതിയാണ് ഇവിടെ. ഇന്ദ്രനും അഗ്നിയും വായുവും ശ്രേഷ്ഠരായത് ബ്രഹ്മത്തിനടുത്തെത്തുകയും അറിയാന്‍ പ്രയത്‌നിക്കുകയും ചെയ്തതിനാലാണ്. ബ്രഹ്മത്തെ അറിയാനുള്ള താല്‍പര്യം ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണ്. എല്ലാവര്‍ക്കും തോന്നാറില്ല.

സര്‍വസാക്ഷിയും സര്‍വഭൂതങ്ങളുടെയും കരണങ്ങളെ പ്രേരിപ്പിക്കുന്നതുമായ ബ്രഹ്മം ദേവന്മാരുടെ അറിവില്ലായ്മയെ നീക്കാന്‍ വളരെ അനുകമ്പയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് ആചാര്യസ്വാമികള്‍ പറയുന്നു. ദേവന്മാരുടെ മിഥ്യാഭിമാനം നീക്കി അനുഗ്രഹിക്കണമെന്ന് കരുതിയാണ് അത്ഭുതകരമായ മഹാരൂപത്തെ സ്വീകരിച്ചത്. യക്ഷം എന്നതിന്‘പൂജ്യമായ വലിയ ഭൂതം’ എന്നാണ് അര്‍ത്ഥം. അഗ്നി, വായു, ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരെ ചിത്രീകരിച്ചത് നമ്മുടെ ഇന്ദ്രിയങ്ങളുടെയും അന്തഃകരണത്തിന്റെയും പ്രതിനിധികളായാണ്. ഉമ ഹൈമവതി എന്ന വിദ്യാസ്വരൂപിണിയാണ്. ബ്രഹ്മത്തെക്കുറിച്ച് അറിവ് ഇന്ദ്രന്‍ നേടുന്നത് അവിടെ നിന്നുതന്നെ. സര്‍വജ്ഞനായ ഈശ്വരനോട് കൂടി ഇരിക്കുന്നതിനാല്‍ യക്ഷം ആരാണെന്ന് പറഞ്ഞുതരാന്‍ ദേവിക്ക് സാധിക്കുമെന്ന് ഇന്ദ്രന് ഉറപ്പുണ്ടായിരുന്നു.

ബ്രഹ്മത്തിലേക്കുള്ള മാര്‍ഗം

ബ്രഹ്മത്തിലേക്കുള്ള മാര്‍ഗം

പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് ബ്രഹ്മത്താലാണ്. സര്‍വചരാചരങ്ങളും ബ്രഹ്മമയം. ഏതൊന്നിനെയാണോ ലക്ഷ്യമിടുന്നത് അവിടെയും ബ്രഹ്മമയം തന്നെ. നിങ്ങള്‍ നിങ്ങളിലേക്കു തിരിയുമ്പോഴും അവിടെയും ബ്രഹ്മത്തെയാണു കാണുവാന്‍ കഴിയുന്നത്. ഏതൊരു പ്രവൃത്തിയിലും ബ്രഹ്മത്തെ കാണുവാന്‍ സാധിക്കും. അങ്ങനെ സാക്ഷ്യവല്‍ക്കരിക്കപ്പെടുന്ന ബ്രഹ്മത്തെ അറിഞ്ഞു ശാന്തരാകുന്നു. നിങ്ങള്‍ എതൊന്നിനെയാണോ അന്വേഷിക്കുന്നത് അതുതന്നെയാണ് ബ്രഹ്മസാഫല്യവും. അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലും ബ്രഹ്മമയം തന്നെ. ബ്രഹ്മത്തെ അന്വേഷിക്കുകയെന്നത് കാലഭേദം കൂടാത്ത പ്രവര്‍ത്തിയാണ്. മാനുഷിക ഭാവമുള്ളവര്‍ തീര്‍ച്ചയായും എപ്പോഴെങ്കിലും നമ്മളിലേക്ക് തിരിയുന്നതു നല്ലതാണ്. ഈ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് തന്നെ ബ്രഹ്മമയത്താലാണ്. ഏതൊന്നിനെയാണോ തിരയുന്നത് അവിടെ ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കും. പലരിലും പല വിധത്തിലാണ് ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കുക. ഒരുപക്ഷെ രൂപമില്ലാത്ത അവസ്ഥയിലായിരിക്കും ബ്രഹ്മത്തെ ദര്‍ശനാനുഭൂതി ഉണ്ടായിവരുന്നത്. അതു അനുമാനിക്കുവാന്‍ കഴിയുക രൂപമില്ലാത്ത അവസ്ഥയും ബ്രഹ്മത്തിനുണ്ട് എന്ന്. ഏതെങ്കിലും തരത്തില്‍ ഒരനുഭൂതി കിട്ടിക്കഴിഞ്ഞാല്‍ എല്ലാത്തിനും ഒരു നിസ്സാരത അനുഭവപ്പെടുകയും ചെയ്യും. എത്ര ഭീമമായ കാര്യമാണെങ്കിലും എല്ലാമൊരു ലാഘവബുദ്ധിയോടെ നോക്കിക്കാണും. അവിടെയാണ് നമ്മളില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞ അനുഭൂതിയുടെ പ്രത്യേകത. പ്രപഞ്ചം മുഴുവനും ബ്രഹ്മമയമായപ്പോള്‍ നമുക്ക് എല്ലാത്തിനേയും പ്രാര്‍ത്ഥിച്ച് സാഫല്യമടയാം. നമ്മളിലെ ഈശ്വാരാംശം തന്നെയാണ് ബ്രഹ്മത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഒരു ഗുരുവിന്റെ നിര്‍ദ്ദേശത്തോടുകൂടിയായിരിക്കണം. നമ്മള്‍ ഓരോന്നെടുത്തു നോക്കുമ്പോള്‍ രൂപങ്ങള്‍ക്കതീതമായും രൂപമായും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. സര്‍വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു. അതുതന്നെയാണ് ബ്രഹ്മത്തെ നമ്മള്‍ ലക്ഷ്യമിടുന്നതുതന്നെ. നമ്മുടെയിടയില്‍ കാണുന്നതെന്തും ബ്രഹ്മം തന്നെയാണ്. അതായത്, നമുക്ക് ഒരു ഗുരുവിനെ ആവശ്യമായി വരുമ്പോള്‍ ചിലപ്പോള്‍ നമുക്ക് കിട്ടുന്നത് നമ്മേക്കാള്‍ വയസ്സിനു താഴെയുള്ള ആളായിരിക്കും. നമുക്ക് ഇന്നതെന്നില്ല എന്തും നമുക്ക് ഗുരുവാണ് ബ്രഹ്മമാണ്. നമ്മളില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ഈശ്വരാംശത്തെ പരിപോഷിപ്പിക്കുക മാത്രമാണ് നാം ചെയ്യേണ്ടിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇതിനെക്കുറിച്ച് നമുക്ക് അപഗ്രഥിക്കുവാന്‍ സാധിക്കും. നമ്മളില്‍ മൂഢബുദ്ധികള്‍ അല്‍പ്പന്മാരും അജ്ഞാനികളുമാണ് അവര്‍ കാണുന്നത് ലോകം എന്നു ചിന്തിച്ചു പോരുന്നു. എത്ര സമ്പന്നതയിലിരുന്നാലും അവന് ബ്രഹ്മത്തെ കുറിച്ചു ബോധവാനാണെങ്കില്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും. വെളിച്ചത്തെകാണുകയും സാക്ഷാത്കരിക്കുകയും ചെയ്യും. അവനവനുതന്നെ കാലഭേദമില്ലാതെ ബ്രഹ്മത്തെ അറിയുവാന്‍ കഴിയും. പക്ഷേ നിങ്ങള്‍ നിങ്ങള്‍തന്നെ ആയിരിക്കണം. ബ്രഹ്മജ്ഞാനം സിദ്ധിച്ചുകഴിഞ്ഞാല്‍ എല്ലാം നിസ്സാരതയായി തോന്നും. ''ഉണരുംപോലെ ഉറങ്ങീടണം.'' ഇങ്ങനെ സാധിച്ചെടുത്താല്‍ മാത്രമേ നിങ്ങളില്‍നിന്ന് ആഗ്രഹങ്ങളെ ഹനിക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളില്‍ ശ്രമങ്ങളുടെ ഒരു യുദ്ധം തന്നെയുണ്ടായിരിക്കണം. ഒരുനിമിഷം മുമ്പേ ശ്രമിച്ചാല്‍ അത്രയും എളുപ്പത്തില്‍ ബ്രഹ്മത്തിലേക്കു കടക്കാം. അങ്ങനെ സാധിക്കുമ്പോള്‍ ബ്രഹ്മം നിങ്ങളില്‍ത്തന്നെയുണ്ടെന്ന് ബോധ്യമാകും. നമ്മുടെ ഋഷീശ്വരന്മാര്‍ എന്തിലും ഏതിലും ബ്രഹ്മത്തെ കാണുന്നവരായിരുന്നു. അവരെപ്പോലെ നമ്മള്‍ പൂര്‍ണമായി ത്യജിക്കുവാനല്ല പറയുന്നത്. ആഗ്രഹങ്ങളെ നിഗ്രഹിക്കുകയാണ് വേണ്ടത്. ആഗ്രഹമില്ലാത്ത അവസ്ഥയ്ക്ക് 'ശൂന്യത' എന്നാണ് പറയുന്നത്. പൂര്‍ണമായും ശൂന്യത കൈവരുത്തുവാന്‍ സാധിച്ചുവെന്നു വരില്ല. കുറച്ചൊക്കെ നമുക്ക് ത്യജിക്കേണ്ടിവരും. എപ്പോഴും ''ഞാന്‍ എന്ന പദത്തിനു അര്‍ത്ഥം'' കണ്ടെത്തുകയാണെങ്കില്‍ ''നിങ്ങള്‍ പൂര്‍ണമായി ശൂന്യരായിത്തീരും.'' അവിടെനിന്നും ഉയരുകയായി. അപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കും. നിങ്ങള്‍ നിങ്ങളെതന്നെ സംരക്ഷിച്ചു തുടങ്ങണം.

അക്ഷരമായത് ബ്രഹ്മം

അക്ഷരമായത് ബ്രഹ്മം

അക്ഷരം ബ്രഹ്മപരമം (ഭഗവദ്ഗീത) എന്ന വരിയുടെ സന്ദേശം: ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നതാണ് കിം തദ് ബ്രഹ്മഃ എന്ന പ്രശ്‌നം (ബ്രഹ്മം എന്താണെന്ന്) അതിനുത്തരമായി ശ്രീകൃഷ്ണന്‍ നല്‍കുന്നതാണ് മേലുദ്ധരിച്ചത്. അക്ഷരം ബ്രഹ്മ പരമം. ക്ഷരം എന്ന പദത്തിന്റെ അര്‍ത്ഥം നശിക്കുന്നത്, അക്ഷരം എന്നത് നശിക്കാത്തത്. ബ്രഹ്മം നശിക്കാത്തതാണ്. ആധുനിക ശാസ്ത്രദൃഷ്ട്യാ തന്നെ വിവരിച്ചാല്‍ നശിക്കാത്തതായിട്ടുള്ളത് ഊര്‍ജ്ജം മാത്രമാണ്. energy can neither be created nor be destroyed. ജനിപ്പിക്കാനും നശിപ്പിക്കാനും സാധിക്കാത്തതിനാല്‍ ഊര്‍ജ്ജം-ബ്രഹ്മം-അക്ഷരമായി-നാശഹീനമായി വര്‍ത്തിക്കുന്നു. അതിനാല്‍ അക്ഷരം ബ്രഹ്മപരമം എന്ന പരിശുദ്ധശാസ്ത്രത്തില്‍ ബ്രഹ്മത്തെ വിവരിക്കാവുന്നതാണ്. ഊര്‍ജ്ജത്തെ, ബ്രഹ്മത്തെ പരമാത്മചൈതന്യത്തെ നശിപ്പിക്കാവതല്ല എന്ന് ഗീത ആവര്‍ത്തിക്കുന്നു.
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതിപാവക ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ അച്ഛേദ്യോളയം അദാഹ്യോയം അക്ലേദ്യോളശോഷ്യഏവച നിത്യ സര്‍വഗത്ഥാണുരചലോയം സനാതനഃ (ഭഗവദ്ഗീത)
(ഊര്‍ജ്ജത്തെ-ബ്രഹ്മത്തെ-പരബ്രഹ്മത്തെ-പരമാത്മ ചൈതന്യത്തെ ഒരിക്കലും ഇല്ലാതാക്കാനാകില്ല.)

വാസാംസി ജീര്‍ണാനി യഥാവിഹായ നവാനി ഗൃഹ്ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാന്യന്യാനി സംയാതി നവാന ദേഹി മനുഷ്യന്‍ പഴയവസ്ത്രം മാറ്റി പുതിയത് സ്വീകരിക്കുന്നതുപോലെ പരമാത്മചൈതന്യം പഴയ ശരീരത്തെ മാറ്റി പുതിയതിനെ സ്വീകരിക്കുന്നു. സര്‍വം ബ്രഹ്മമയം എന്ന വരിയുടെ സന്ദേശം:

ആറ്റത്തിന്റെ ചലനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്വബോധത്തോടെയുള്ള ചൈതന്യമാണെന്ന് വ്യക്തമായി. അതുതന്നെ പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാകുവാന്‍ ശാസ്ത്ര സഹായത്താല്‍ സാധിക്കും. നമുക്കു ചുറ്റുമുള്ള വായുവിന്റെ തന്മാത്രകള്‍ അതിവേഗത്തില്‍ ഒരു പ്രത്യേകതരം ചലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് ശാസ്ത്ര സത്യം. ഈ ചലനത്തെ ബ്രൗനിയന്‍ ചലനം എന്നുപറയുന്നു. എല്ലാ തന്മാത്രകള്‍ക്കും ചലനത്തിന് ഊര്‍ജ്ജം ആവശ്യമായതിനാല്‍ അവയില്‍ ഊര്‍ജ്ജം ഉണ്ട്. ഓരോ ബ്രൗനിയന്‍ ചലനത്തിനും വ്യക്തമായ നിയമവും അതിലൂടെ മാനവും ദിശയും ഉണ്ട്. അതിനാല്‍ നമുക്കു ചുറ്റുമുള്ള വായു മണ്ഡലത്തില്‍ ബ്രഹ്മചൈതന്യമുണ്ട്. ശൂന്യാകാശം, പ്രകാശത്തിന്റെ സഞ്ചാരപഥമായതിനാല്‍ പ്രകാശോര്‍ജ്ജമുണ്ട്. അനവധി തരത്തിലുള്ള ശബ്ദതരംഗം, കാന്തിക തരംഗം, വൈദ്യുത തരംഗം ഇവയെല്ലാം ശൂന്യാകാശത്തില്‍ നിറഞ്ഞിരിക്കുന്നു. കുറേക്കൂടി കടന്നുപോയാല്‍ ഓരോ ഗ്രഹത്തിലും ഭൂമിയിലുള്ളതുപോലുള്ള ഊര്‍ജ്ജ സ്രോതസ്സുകളാണ് സൂര്യനില്‍, പ്രകാശത്തിന്റെയും താപത്തിന്റെയും ഇലക്‌ട്രോ മാഗ്‌നറ്റിക് ഫ്യൂഷന്റെയും ഗുരുത്വാകര്‍ഷണത്തിന്റെയും ഊര്‍ജ്ജമുണ്ട്. തമോഗര്‍ത്തം എന്ന ബ്ലാക് ഹോളില്‍ പ്രകാശത്തെപ്പോലും ആകര്‍ഷിച്ച് നിര്‍ത്തുവാനുള്ള ആകര്‍ഷണ ശക്തിയുണ്ട്. സമുദ്രത്തിലെ തിരയും വായുവിന്റെ പ്രവാഹവും അഗ്നിയുടെ ചൂടും മേഘത്തിന്റെ ഗര്‍ജ്ജനവും മിന്നല്‍ പിണരിലെ വൈദ്യുതിയും ഊര്‍ജ്ജസ്രോതസ്സുകളുടെ ബഹി:സ്ഫുരണമാണ്. അതിനാല്‍ ബ്രഹ്മചൈതന്യമില്ലാത്തതായി ഒന്നുമില്ല. അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമാണല്ലോ സര്‍വ്വം ബ്രഹ്മമയം എന്നത്. ബ്രഹ്മസത്യം ജഗത് മിഥ്യ: ഭൗതികവാദത്തില്‍ ശങ്കരാചാര്യരുടെ ഈ വചനം അര്‍ത്ഥമില്ലാത്തതായി തോന്നാം. പക്ഷേ ശാസ്ത്രത്തിന്റെ പ്രാഥമിക മണ്ഡലത്തില്‍ നിന്നും വിശകലനം ചെയ്താല്‍ പോലും പരമമായ പ്രപഞ്ചസത്യം എന്നത് ഈ വരി മാത്രമാണെന്ന് വ്യക്തമാകും. അതൊന്നു വിശകലനം ചെയ്യണം. ബ്രഹ്മം എന്ന പദത്തിന് അര്‍ത്ഥം വിവരിച്ചു കഴിഞ്ഞു. സത്യം എന്ന പദത്തിന് സംസ്‌കൃതത്തില്‍ വ്യക്തമായ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ആ അര്‍ത്ഥം (ഇംഗ്ലീഷില്‍) പര്യായപദങ്ങളിലൂടെ കൂടുതല്‍ വ്യക്തമാകും. സത്യം എന്നാല്‍ essence, truth, fact ഇവയാണ്. ജഗത് എന്ന പദത്തിലൂടെ നമ്മുടെ ശരീരമുള്‍പ്പെടെ ഈ ഭൂമിയിലും, അതിനുപുറത്തുമുള്ള പ്രപഞ്ചത്തിലും കാണുവാന്‍ സാധിക്കുന്ന ദ്രവ്യങ്ങള്‍ ഏതെല്ലാമാണോ അവയെല്ലാം ജഗത് അഥവാ ഭൗതിക ലോകത്തിന്റെ ഘടനയുടെ ഭാഗമാണ്. ജഗത് എന്നാല്‍ ജനിച്ച് കുറേക്കാലം നിലനിന്ന് ഇല്ലാതാകുന്നത്. ഈ ഭൗതിക ലോകം എന്നത് മിഥ്യയാണത്രെ. അതായത് ഭൗതികലോകം താല്‍ക്കാലികം എന്നുതോന്നും വിധം മാത്രം അസ്തിത്വമുള്ളതാണ്. ഈ പ്രപഞ്ചത്തില്‍ കാണുന്ന മണ്ണും ജലവും വായുവും ഇരുമ്പും വാഴപ്പഴവും അമീബയും ആനയും ഞാനും നിങ്ങളും റോസാപുഷ്പവും നിര്‍മിച്ചിരിക്കുന്നത് ചെറുതും വലുതുമായ തന്മാത്രകള്‍ അഥവാ മോളിക്യൂളുകള്‍കൊണ്ടാണ്. ഈ മോളിക്യൂളുകളാകട്ടെ ആറ്റങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. അതായത് നമ്മുടെയെല്ലാം ശരീരം നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ ആറ്റങ്ങളെ കൊണ്ടാണ് മണ്ണ്; സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും ജലം; ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും... അങ്ങനെ പോകുന്നു ഘടന. ആധുനിക ശാസ്ത്രത്തിന്റെ വിജ്ഞാനപരിധിക്കുള്ളില്‍ നിന്നും പരിശോധിച്ചാല്‍ ജഗത്തിലെ ഇന്നുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത്, 106 മൂലകങ്ങളുള്ളതില്‍ നൂറോളം മൂലകങ്ങളുടെ ആറ്റങ്ങള്‍കൊണ്ടാണ് എന്ന് വ്യക്തമാകും. നൂറ് മൂലകങ്ങള്‍കൊണ്ട് പ്രപഞ്ചസൃഷ്ടി നടന്നിരിക്കുന്നു എന്നര്‍ത്ഥം. മൂലകങ്ങള്‍ മറ്റു മൂലകങ്ങളുമായി സംയുക്തങ്ങളുണ്ടാകുമ്പോഴുള്ള ഗുണങ്ങളും സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും ഗുണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ജലത്തിന്റെ ഗുണം എന്നറിയാവുന്നതാണ്. ബാഹ്യമായി നോക്കിയാല്‍ വ്യത്യാസമുണ്ടെങ്കിലും ഈ മൂലകങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി ബന്ധമുണ്ട്. അവയിലെല്ലാം അടങ്ങിയിരിക്കുന്നത് ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമാണ്. കൂടാതെ മറ്റു ചില ആറ്റമിക കണങ്ങളും ഉണ്ട്. ഇരുമ്പ് ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും സോഡിയം ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇരുമ്പ് ഇരുമ്പായും സോഡിയം സോഡിയമായും ഇരിക്കുന്നത്. അവയുടെ ആറ്റങ്ങളിലുള്ള പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവയുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുമാത്രമാണ്, മൂലകങ്ങളുടെ രാസ-ഭൗതിക ഗുണങ്ങളെ വേര്‍തിരിക്കുന്നതും, ദ്രവ്യങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവം നല്‍കുന്നതും (ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. ) 

ബ്രഹ്മവൃക്ഷത്തെ അറിയാം

ബ്രഹ്മവൃക്ഷത്തെ അറിയാം

സംസാര വൃക്ഷത്തിന്റെ ചിത്രീകരണത്തിലൂടെ ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു.

ഊര്‍ദ്ധ്വമൂലോളവാക്ശാഖ ഏഷോശ്വത്ഥഃ സനാതന
തദേവ ശുക്രം തദ്ബ്രഹ്മ തദേവാമൃതമുച്യതേ
തസ്മിന്‍ ലോകാഃ ശ്രിതാഃ സര്‍വ്വേ തദുനാത്യേതി കശ്ചന ഏതത് വൈതത്

മുകളില്‍ വേരുകളോടുകൂടിയതും താഴെ ശാഖകളോടു കൂടിയതുമായ സനാതനമായ അരയാല്‍ മരമാണ് ഈ സംസാരം. സംസാരവൃക്ഷത്തിന്റെ മൂലമായ ചൈതന്യമാണ് ബ്രഹ്മം. അതിനെ അമൃതം എന്നുപറയുന്നു. അതില്‍ എല്ലാ ലോകങ്ങളും ആശ്രയിക്കുന്നു. ഒന്നിനും അതിനെ അതിക്രമിക്കാനാവില്ല. ഇതുതന്നെയാണ് ആ ആത്മതത്വം.

ഈ ലോകത്തെ ഒരു വൃക്ഷമായി പറയുന്നു. അരയാലിന്റെ രൂപത്തിലാണ് സംസാരവൃക്ഷത്തെ സൂചിപ്പിക്കുന്നത്. അശ്വത്ഥമെന്നാല്‍ നാളേയ്ക്ക് നിലനില്‍ക്കാത്തത്, നശിക്കുന്നത് എന്നര്‍ത്ഥം. മുകളില്‍ മൂലം അഥവാ ചുവട് ഉള്ളതാണ് ഇത്. അവ്യക്തം മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള ഈ സംസാരവൃക്ഷത്തിന്റെ അടിഭാഗം മുകളിലാണ്. ആ ചുവടിനെയാണ് തദ്‌വിഷ്‌ണോഃ പരമംപദം എന്ന് വിശേഷിപ്പിക്കുന്നത്. മുറിച്ചുമാറ്റാന്‍ കഴിയും എന്ന അര്‍ത്ഥത്തിലാണ് വൃക്ഷം എന്ന് പറയുന്നത്.

ബ്രഹ്മവൃക്ഷത്തെയാണ് സംസാരമായി കല്‍പ്പിച്ചിരിക്കുന്നത്. ഈ വൃക്ഷത്തിന്റെ മൂലം ബ്രഹ്മമാണ്. താഴേക്ക് പടര്‍ന്നിട്ടുള്ള ശാഖകള്‍ വിവിധലോകങ്ങളെ കാണിക്കുന്നു. അവയെല്ലാം നാശമില്ലാത്തതും ചൈതന്യവുമായ ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്നു. പ്രപഞ്ചമാകുന്ന കാര്യത്തില്‍നിന്നും ബ്രഹ്മമാകുന്ന കാരണത്തെ അറിയാനാണ് ഇത്തരത്തിലൊരു വൃക്ഷ കല്‍പ്പന. മാമ്പഴം കണ്ടാല്‍ മാവിനെ അറിയാന്‍ സാധിക്കുന്നതുപോലെയാണിത്. പ്രപഞ്ചത്തിന്റെ മൂലം ബ്രഹ്മമാണ്. അനാദിയായ അവിദ്യയില്‍നിന്നാണ് സംസാരം ഉണ്ടായത് എന്നതിനാല്‍ ഇതും അനാദിയും സനാതനവുമാണ്. ഈ പ്രപഞ്ചം സഗുണ ബ്രഹ്മത്തിന്റെ വകഭേദമായതിനാല്‍ ബ്രഹ്മമെന്നും അമൃതമെന്നും വിളിക്കാം. നമുക്ക് അങ്ങനെ തിരിച്ചറിയാനാവുന്നില്ല എന്നേയുള്ളൂ.

ജന്മം, ജര, മരണം, ശോകം തുടങ്ങിയവയാണ് സംസാരത്തിന്റെ സ്വരൂപം, ഇന്ദ്രജാലം, മരുഭൂമിയിലെ മരീചിക, ആകാശത്തിലെ ഗന്ധര്‍വ്വനഗരം എന്നിവപോലെ ഉണ്ടെന്ന് തോന്നിച്ച് ഇല്ലാതാകുന്നവയാണ്. ഇവയുണ്ടെന്ന് തോന്നിച്ച് പ്രകാശിക്കുന്നത് ബ്രഹ്മമെന്ന അധിഷ്ഠാനത്തിലാണ്. എല്ലാറ്റിന്റെയും സാരമായ ഭാഗം മൂലമായിരിക്കുന്ന ബ്രഹ്മം തന്നെ. അവിദ്യ, കാമം, കര്‍മ്മം, അവ്യക്തം ഇവയാണ് ബീജം. ഹിരണ്യഗര്‍ഭനാണ് വൃക്ഷത്തിന്റെ അങ്കുരം. ജീവികളുടെ ലിംഗശരീരങ്ങള്‍ ശാഖാമൂലങ്ങള്‍ തൃഷ്ണയാകുന്ന വെള്ളംകൊണ്ട് നനയ്ക്കുന്നു. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദം മുതലായവയാണ് തളിരുകള്‍. ശ്രുതി, സ്മൃതി, ന്യായം, വിദ്യ, ഉപദേശം എന്നിവ ഇലകള്‍. യാഗം, ദാനം,തപസ്സ് തുടങ്ങിയ ക്രിയകള്‍ പൂക്കളാണ്. സുഖം, ദുഃഖം തുടങ്ങിയവ ഫലങ്ങള്‍. കര്‍മ്മവാസനകളാകുന്ന വേരുകള്‍ ചുവട്ടില്‍ ഉണ്ട്. ബ്രഹ്മാവ് ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും വിവിധ ലോകങ്ങളായ കൂടുകെട്ടി ഈ വൃക്ഷത്തില്‍ വസിക്കുന്നു.

അനുഭവങ്ങളുടെ തീക്ഷ്ണത നിമിത്തം ‘അയ്യോ വിടൂ…വിടൂ…. എന്നിങ്ങനെയുള്ള രോദനങ്ങള്‍ കേള്‍ക്കാം. കാമകര്‍മ്മങ്ങളാകുന്ന കാറ്റേറ്റ് അരയാല്‍പോലെ എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്നു. ബ്രഹ്മാത്മ ദര്‍ശനമാണ് ഈ വൃക്ഷത്തെ മുറിക്കാനുള്ള ആയുധമായി വേദാന്തം വിധിച്ചിട്ടുള്ളത്. ഈ ഉപനിഷദ് മന്ത്രത്തിന്റെ ആശയത്തെ ഭഗവദ്ഗീത 15-ാം അദ്ധ്യായത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അവിടെ സംസാരവൃക്ഷത്തെ കൂടുതല്‍ വിവരിച്ചിരിക്കുന്നു. അസംഗമാകുന്ന വാളുകൊണ്ട് വൃക്ഷം മുറിച്ചുമാറ്റാനാണ് ഗീതയിലെ നിര്‍ദ്ദേശം.
ലോകം സത്യമാണെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കി സംസാരത്തിന്റെ ശരിയായ സ്വരൂപമായ ബ്രഹ്മഭാവത്തെ സാക്ഷാത്കരിക്കണമെന്ന് ഈ മന്ത്രം ഉറപ്പിക്കുന്നു. മണ്ണ് കുടം മുതലായവയും സ്വര്‍ണ്ണം മാല,വള മുതലായവ ആകുന്നതുപോലെ ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായിത്തീര്‍ന്നത്. എല്ലാ കാര്യങ്ങളുടേയും കാരണമാണ് ബ്രഹ്മം. നമുക്ക് ബ്രഹ്മത്തെ സാക്ഷാത്കരിക്കാം.

26 June 2018

ബ്രഹ്മം [അഞ്ചാം ഭാഗം]

ബ്രഹ്മം [അഞ്ചാം ഭാഗം]

ബ്രഹ്മം എന്താണെന്നും അതിന്റെ വ്യവഹാരവും വ്യക്തമാക്കുന്നതാണ് കേനോപനോപനിഷത്തിലെ മന്ത്രങ്ങൾ വ്യക്തമാക്കുന്നത്

യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി

തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ (കേനോപനിഷത്ത്, മന്ത്രം 6 )

കണ്ണുകൾകൊണ്ടു ഗ്രഹിക്കുവാൻ സാധിക്കാത്തതും എന്നാൽ കണ്ണൂകൾക്കു വിഷയങ്ങളെ ഗ്രഹിക്കുന്നതിനുള്ള സാമർത്ഥ്യത്തിനും നിമിത്തവുമായ ചൈതന്യം തന്നെയാണ് ബ്രഹ്മമെന്ന് അറിഞ്ഞു കൊള്ളുക.  ഉപാധിഭേദത്തോടു കൂടി ഉപാസിക്കപ്പെടാറുള്ളത് ബ്രഹ്മമല്ല.

യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം

ശ്രുതം തഡെവ ബ്രഹ്മ ത്വം ചിദ്ധി നേദം യദിദമുപാസതേ (കേനോപനിഷത്ത്, മന്ത്രം 7 )

ശ്രോതേന്ദ്രിയംകൊണ്ടു ഗ്രഹിക്കുവാൻ സാധിക്കാത്തതും,ശ്രോതോന്ദ്രീയത്തിന് ശ്രോത്രോന്ദ്രീയമെന്ന പ്രസിദ്ധിക്കു നിമിത്തമായിട്ടൂള്ളതും - അതായത്, ശ്രോത്രേന്ദ്രിയത്തിന്റെ ശ്രവണശക്തിയ്ക്കു നിമിത്തമായിട്ടുള്ളതും - ആയ ചൈതന്യമാണ് ബ്രഹ്മം എന്നറിയുക.  ഉപാധി ഭേദത്തോടൂകൂടി ജനങ്ങൾ ഉപാസിക്കാറുള്ളതു ബ്രഹ്മമല്ല.

യത് പ്രാണേന ന പ്രാണിതി യേന പ്രാണ:

പ്രണിയതേ തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ ( കേനോപനിഷത്ത്, മന്ത്രം 8 )

ഘ്രാണേന്ദ്രീയം കൊണ്ട് അറിയുവാൻ സാധിക്കാത്തതും- അതായത്, ഗന്ധം മുതലായതുപോലെ മണപ്പിച്ചറിയാൻ കഴിയാത്തതും - ഘ്രാണേന്ദ്രിയത്തിന്റെ വിഷയഗ്രഹണ ശക്തിക്കു നിമിത്തവും ആയ ചൈതന്യം തന്നെ ബ്രഹ്മമെന്ന് അറിയുക.  പൃഥിവീജന്യവും നാസികാപുടത്തിനുള്ളിൽ ഉള്ളതും അന്ത:കരണവൃത്തിയോടും പ്രാണവൃത്തിയോടും കൂടിയതുമായ ഇന്ദ്രിയമാണ് ഘ്രാണമെന്നു പറയുന്നത്.  അതുകൊണ്ട് ഗന്ധം മുതലായവയെപ്പോലെ ബ്രഹ്മത്തെ അറിയുവാൻ കഴികയില്ല.  നേരേമറിച്ച് ആ ഘ്രാണേന്ദ്രിയത്തിനു ഗന്ധാദികളെ ഗ്രഹിക്കുന്നതിനുള്ള സാമർത്ഥ്യം സിദ്ധിക്കുന്നത്, ആ ചൈതന്യത്തിന്റെ സഹായത്താലാണ്. 'തദേവ' മുതലായതു മുമ്പിലെപ്പോലെതന്നെ.

സകല ചരാചരങ്ങളുടേയും ഭൗതികരൂപത്തിനപ്പുറം അതിന്റെ അദൃശമായ  ശക്തിയുടെ അധാരം ബ്രഹ്മമാണ്.  എല്ലാ ഇന്ദ്രീയങ്ങളേയും അതിന്റെ കർമ്മം പരിപൂർണ്ണമായും നിർവ്വഹിക്കുവാൻ സാഹായിക്കുന്നതും അതിന്റെ പിന്നിലുള്ള ശക്തിയും ബ്രഹ്മമാണ്.  നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ബ്രഹ്മം അതിന്റെ കർമ്മത്തിൽ മുഴുകിയിരിക്കുന്നു. ഒരേ ഒരു പരബ്രഹ്മത്തിന്റെ കോടാനുകോടി വ്യത്യസ്തങ്ങളായ അംശങ്ങളാണ് സകലതിന്റേയും അദൃശ്യങ്ങളായ ശക്തിമണ്ഡലങ്ങൾ.  സൂര്യനെന്ന കോടിക്കണക്കിനും ഡിഗ്രീസെന്റീഗ്രേഡിൽ ഉരികി തിളച്ചു മറിയുന്ന ഗോളത്തിന്റെ അദൃശ്യമായ കാന്തിക വലയങ്ങളാൽ മറ്റു ഗ്രഹങ്ങളെ പിടിച്ചു നിറുത്തുന്ന ആത്ഭുത ശക്തി തന്നെയാണ് ബ്രഹ്മവും.  അങ്ങനെ ബ്രഹ്മം കാന്തിക മണ്ഡലമായും വിദ്യുത്കാന്തിക തരംഗങ്ങളായും ഭൗതികതയൂടെ പിന്നിലെ ആത്മീയ ശക്തിയായുമെല്ലാം പ്രവർത്തിക്കുന്നു.  നമ്മുടെ കയ്യിലെ പെർസണൽ കമ്പ്യൂട്ടറും ഇന്റെർനെറ്റും പോലെ പരസ്പരം ഡേറ്റകൾ കൈമാറി പർസ്പര പൂരകങ്ങളായി വർത്തിക്കുന്നു. .... ഇന്റർനെറ്റിലേക്കു "ലോഗിൻ" ചെയ്യുവാൻ പ്രാപ്തമാകുന്ന പ്രവർത്തിയാണ് ധ്യാനത്തിലൂടെ ഋഷീശ്വരന്മാർ ചെയ്യുന്നത്.  നാമെല്ലാം ... മനുഷ്യരും മൃഗങ്ങളും മണ്ണൂം വിണ്ണും സകല ചരാചരങ്ങളും ഒരേ ഒരു ബ്രഹ്മത്തിന്റെ വിവിധ പ്രതിരൂപങ്ങൾ മാത്രം.  ബ്രഹ്മമെന്തെന്നറിയുന്നതോടെ നാം പ്രകൃതിയുടെ ഭാഗമായി മാറുകയാണ് ചെയ്യേണ്ടത്. പിന്നീട് "ലോകോ സമസ്തോ സുഖിനോ ഭവന്തു" എന്ന സമസ്ത ലോകവും സുഖമായി വാഴേണമെന്ന സനാതന വിശ്വാസം ഒട്ടും അതിശയോക്തിയില്ലാതെ നിസ്വാർത്ഥമായും പിന്തുടരാൻ സാധിക്കുന്നതായിരിക്കും

ഓം തത് സത്...