ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2017

കണ്വ മഹർഷി

കണ്വ മഹർഷി

ശകുന്തളയുടെ വളർത്തച്ഛൻ എന്ന പേരിൽ പൂരാണപ്രസിദ്ധനായ ഒരു മഹർഷിയാണ് കണ്വൻ. പ്രാചീന ഭാരതത്തിലെ മുനികുലങ്ങളിൽ കണ്വകുലത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നതായി ഋഗ്വേദത്തിൽ നിന്നു മനസ്സിലാക്കാം ബ്രഹ്മപുത്രനായ കശാപമഹർഷിയുടെ വംശത്തിൽ ജനിച്ചതിനാൽ കണ്വന് കാശാപനെന്നും പേരുണ്ട് ''ഋഷിമേധാദിസുതൻ കണ്വൻ" എന്ന് മ. ഭാ. ശാന്തിപർവ്വം 208ാം അദ്ധ്യായം 27ാം പദ്യത്തിൽ പ്രസ്താവിക്കുന്നതിനാൽ കണ്വന്റെ അച്ഛന്റെ പേര് മേധാദിതി എന്നായിരുന്നതായി ഊഹിക്കാം കണ്വൻ മാലിനീ നദിയുടെ തീരപ്രദേശത്ത് ഒരു ആശ്രമം കെട്ടി അനേകം ശിഷ്യന്മാരോടുകൂടി താമസിച്ചിരുന്നു.

കണ്വാശ്രമം

പ്രവേണീ നദിയുടെ ഉത്തരതീരത്ത് മാലിനീ നദിതടത്തിൽ സ്ഥിതി ചെയ്തിരുന്നതായി മ. ഭാ വനപർവ്വത്തിൽ കാണുന്നു. ചില നിരുപകന്മാരുടെ അഭിപ്രായത്തിൽ രാജപുട്ടാണായിൽ 'കോട്ട' എന്ന സ്ഥരത്തിന് നാലുമൈൽ തെക്ക് ചമ്പൽ നദീതടത്തിലാണ് കണ്വാശ്രമം സ്ഥിതിചെയ്തിരുന്നത്.

കണ്വന്റെ ആശ്രമത്തെ കാളിദാസൻ ശാകുന്തളത്തിൽ വർണ്ണിച്ചിട്ടുണ്ട്. [മ. ഭാ ആദിപർവ്വം 70ാം അദ്ധ്യായം]

കണ്വന് ശകുന്തളയെ കിട്ടിയത്

പണ്ടോരിക്കൽ വിശ്വാമിത്രൻ ഉഗ്രമായ തപസ്സു ചെയതു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ തപസ്സു മുടക്കുന്നതിനുവേണ്ടി ഇന്ദ്രൻ മേനകയേ അയച്ചു. വിശ്വാമിത്രനും മേനകയും തമ്മിൽ പ്രേമബദ്ധരായി. മേനക ഒരു കുഞ്ഞാനെ പ്രസവിച്ചു. അതിനെ കാട്ടിൽ ഉപേക്ഷിച്ചിട്ട് മാതാപിതാക്കന്മാർ അവരവരുടെ വഴിക്കുപോയി. ആ ശിശുവാണ് ശകുന്തള. ശകുന്തങ്ങൾ [പക്ഷികൾ] ശിശുവിനെ ആഹാരം കൊടുത്ത് കുറെ സമയം പാലിച്ചതിനാൽ കുട്ടിക്കു ശകുന്തള എന്നു പേരുണ്ടായി. യാദൃച്ഛികമായി കണ്വമുനി ആ വഴിക്കു വരികയും കുട്ടിയെ എടുത്തുകൊണ്ടുപോയി വളർത്തുകയും ചെയ്തു [മ. ഭാ ആദിപർവ്വം 72ാം അദ്ധ്യായം]

ഭരതന്റെ യാഗം

കണ്വനെ ആചാര്യനാക്കിക്കൊണ്ട് ദുഷ്യന്തകുമാരനായ ഭരതൻ "ഗോവിതതം" എന്നു പേരായ ഒരു യാഗം നടത്തിച്ചതായി [മ. ഭാ ആദിപർവ്വം 74ാം അദ്ധ്യായം 130ാം പദ്യത്തിൽ കാണുന്നു]

കണ്വൻ കിഴക്കേദിക്കിലെമുനി

വനവാസത്തിനു ശേഷം അയോദ്ധ്യയിൽ മടങ്ങിയെത്തിയ ശ്രീരാമനെ സന്ദർശിക്കാൻ നാനാഭാഗത്തു നിന്നും മുനിമാർ വന്നു. ആ കൂട്ടത്തിൽ കിഴക്കേദിക്കിൽ നിന്നും വന്ന മുനിമാരോടൊന്നിച്ച് കണ്വനും ഉണ്ടായിരുന്നതായി ഉത്തരരാമായണത്തിൽ പ്രസ്താവിക്കുന്നു. വസിഷ്ഠൻ, അ ത്രി, വിശ്വാമിത്രൻ, ഗൗതമൻ, ജമദഗ്നി, ഭരദ്വാജൻ, സനകാദികൾ, ശരഭംഗൻ, ദൂർവാസാവ്, മതംഗൻ, വിഭാണ്ഡകൻ, തുംബുരു, ഇവരായിരുന്നു കണ്വനോടൊന്നിച്ച് കിഴക്കേ ദിക്കിൽ നിന്നും വന മറ്റു മുനിമാർ.

കണ്വനും ഋഗ്വേദവും

ഋഗ്വേദത്തിൽ ആകെ പത്തു മണ്ഡലങ്ങളുണ്ട്. അവയിൽ രണ്ടു മുതൽ ഏഴുവരെയുള്ളവ ഓരോ ഋഷികുലത്താൽ രചിക്കപ്പട്ടിട്ടുള്ളവയാണ്. രണ്ടാം മണ്ഡലം ഭാർഗ്ഗവ കുലത്തിന്റെയും മൂന്നാമത്തേത് വിശ്വാമിത്രകുലത്തിന്റെയും നാലാമത്തേത് വാമദേവന്റെയും അഞ്ചാമത്തേത് അത്രിയുടെയും ആറാമത്തേത് ഭരദ്വാജന്റെയും ഏഴാമത്തേത് വസിഷ്ഠന്റെയുമാകുന്നു. എട്ടാമത്തെ മണ്ഡലവും ഒന്നാം മണ്ഡലത്തിൽ അമ്പതു സൂക്തങ്ങളും കണ്വകുലം രചിച്ചതാണെന്ന് ഋഗ്വേദത്തിൽ നിന്ന് മനസ്സിലാക്കാം.

കണ്വന്റെ മക്കൾ

കണ്വന് മേധാതിഥി എന്നൊരു പുത്രനുണ്ടായിരുന്നു. ഋഗ്വദം 1ാം മണ്ഡലം 4ാം അനുവാകം 12ാം സൂക്തം കണ്വന്റ പുത്രനായ മേധതിഥിയെ ഋഷിയാക്കിക്കൊണ്ടു രചിക്കപ്പെട്ടിട്ടുള്ളതാണ്.

കണ്വന് മേനകയിൽ ഇന്ദീവരപ്രഭ എന്ന ഒരു പുത്രിയുണ്ടായിരുന്നതായി കഥാസരിൽസാഗരത്തിൽ ഒരു കഥ കാണുന്നു. ഇന്ദീവരപ്രഭ വിവാഹം കഴിച്ചത് ചിത്രകൂട നഗരത്തിലെ രാജാവായ ചന്ദ്രാവലോകൻ ആണ്.


26 March 2017

വേദവ്യാസൻ

വേദവ്യാസൻ

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.

അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ച് ചിരഞ്ജീവികളാണ്

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവ സ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി. സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശ പ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു..

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു. സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു. കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു. അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം മഹാഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.

ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്

രണ്ടാം ദ്വാപരയുഗം - പ്രജാപതി

മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ

നാലാം ദ്വാപരയുഗം - ബൃഹസ്പതി

അഞ്ചാം ദ്വാപരയുഗം - സൂര്യൻ

ആറാം ദ്വാപരയുഗം - ധർ‌മരാജാവ്

ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ

എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ

ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ

പത്താം ദ്വാപരയുഗം - ത്രിധാമാവ്

പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍

പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ

പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ

പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി

പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ

പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ

പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ

പതിനെട്ടാം ദ്വാപരയുഗം - ജയൻപത്തൊൻ

പതാം ദ്വാപരയുഗം - ഭരദ്വാജൻ

ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍

ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്

ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു

ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്

ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി

ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി

ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ

ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ

ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

സത്യവതി

സത്യവതി

ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നിയും ആയിരുന്നു സത്യവതി. മുക്കുവനും ഗംഗാനദിയിലെ കടത്തുകാരനുമായിരുന്നു സത്യവതിയുടെ വളർത്തുപിതാവ്. ശന്തനു മഹാരാജാവിന്റെ ആദ്യ പത്നി ഗംഗാദേവി ആയിരുന്നു. സത്യവതിയിൽ ശന്തനുവിനു ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും, വിചിത്രവീര്യനും.

ചേദി രാജാവായ ഉപരിചരവസുവിനു അദ്രികയെന്ന അപ്സര വനിതയിൽ ജനിച്ച രണ്ടു മക്കളിൽ ഇളയ പുത്രിയാണ് സത്യവതി. ഉപരിചരവസു വിന്റെ പത്നിയുടെ പേർ ശുക്തിമതിയെന്നായിരുന്നു. അദ്രിക ബ്രഹ്മാവിന്റെ ശാപത്താൽ മത്സ്യമായി നദിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിക്കുന്നത്. മത്സ്യത്തെ മുക്കുവർ പിടിക്കുകയും അതിനുള്ളിലുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരരാജാവിനു കൊടുക്കുകയും ഇളയ പുത്രിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പുത്രിക്ക് സത്യവതിയെന്നു നാമകരണം നടത്തിയിരുന്നെങ്കിലും അവൾക്ക് മത്സ്യ-ഗന്ധമുള്ളതിനാൽ മത്സ്യഗന്ധി എന്നവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മാത്സ്യരാജാവായും അറിയപ്പെട്ടു. അവൾക്ക് സത്യവതിയെന്ന പേർകൂടാതെ  കാളി എന്ന് വേറൊരു പേരുകൂടിയുണ്ടായിരുന്നു. 

വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ കാളിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കാളിന്ദീ നദിയിലൂടെ കടത്തുകടക്കാൻ അതുവഴി വന്നു. അദ്ദേഹത്തെ തോണിയിൽ കയറ്റി അക്കരെ കടത്തിയത്‌ കാളിയായിരുന്നു. അദ്രികയെന്ന അപ്‌സരസ്സിന്റെ പുത്രിയായതിനാലാവാം സത്യവതിയുടെ സൗന്ദര്യത്തിൽ പരാശരന്‌ അനുരാഗമുണ്ടാവുകയും, അദ്ദേഹം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അവൾ പലതും പറഞ്ഞ്‌ മുനിയെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും, പരാശരൻ കൃത്രിമമായ ഒരു മൂടൽമഞ്ഞ്‌ സൃഷ്‌ടിച്ച് അതിനുള്ളിൽവച്ച്‌ അവളെ പരിഗ്രഹിക്കുകയും, കാളി ഗർഭിണിയായി ഉടൻതന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി രണ്ടു വരങ്ങൾ കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ല എന്നും, അവളുടെ മത്സ്യഗന്ധം മാറി പകരം കസ്തൂരിഗന്ധ പരിമളം മണക്കുമെന്നുമായിരുന്നു അവ. 

വേദവ്യാസ ജനനം

സത്യവതിയ്ക്ക് പരാശരമഹർഷിയിൽ ഉണ്ടായ പുത്രനാണ് ദ്വൈപായനൻ (സാക്ഷാൽ വേദവ്യാസമഹർഷി). അദ്ദേഹം വിഷ്ണുവിന്റെ അംശാവതാരമാകയാൽ അദ്ദേഹത്തിനു കൃഷ്ണ-ദ്വൈപായനനെന്നും പേരുണ്ടായി. വേദങ്ങളെ നാലായി പകുത്തു, വേദങ്ങളെ പകുത്തതു കൊണ്ടാണ് വേദവ്യാസൻ എന്ന പേരു കിട്ടി. വേദവ്യാസൻ ജനിച്ചയുടൻ തന്നെ യുവാവായി തീരുകയും, അമ്മയായ സത്യവതി എപ്പോൾ ആവശ്യപ്പെടുമോ അപ്പോൾ അടുത്തെത്തും, എന്നു അറിയിച്ച് കാട്ടിൽ ധ്യാനത്തിനായി പോവുകയും ചെയ്തു. 

ശന്തനുവുമായുള്ള വിവാഹം

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ് ശന്തനു മഹാരാജാവ് അവിടെ വരുന്നതും അവളിൽ അനുരക്തനായതും. പ്രണയാന്ധനായ രാജാവ് പിതാവായ മുക്കുവരാജനെ സമീപിച്ച് തന്റെ അഭീഷ്ടം അറിയിക്കുന്നു. തന്റെ മകളുടെ മക്കൾക്ക് രാജ്യാവകാശം കിട്ടുമെങ്കിൽ മാത്രമേ വിവാഹത്തിന് മുക്കുവരാജൻ സമ്മതം നൽകുന്നുള്ളു. അതിൽ തൃപ്തനാവാതെ വിവാഹം വേണ്ടെന്നു വെച്ച് കൊട്ടാരത്തിൽ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സിൽ നിന്നും സത്യവതിയുടെ രൂപം മാറുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം മനസ്സിലാക്കിയ ദേവവ്രതൻ (ഗംഗാദേവിയിൽ ജനിച്ച മൂത്ത പുത്രൻ) തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രൻ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമാകാതെ വരുമ്പോൾ മഹത്തായ ഒരു ശപഥം അവിടെ വച്ച് ചെയ്യുകയും താൻ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന് സത്യം ചെയ്യുകയും ചെയ്തു. അതുകേട്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി ‘ ഭീഷ്മർ ’ എന്ന നാമത്തിൽ വാഴ്ത്തിയത്രെ. ശന്തനു മഹാരാജാവ് മകന്റെ ത്യാഗത്തിൽ പ്രസാദിച്ച്, ദേവവ്രതനു സ്വച്ഛന്ദമൃത്യു എന്ന വരം നല്കി അനുഗ്രഹിച്ചു. തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.

പുത്രന്മാർ

സത്യവതിക്ക് ശന്തനു മഹാരാജാവിൽ നിന്നും രണ്ടു പുത്രന്മാരുണ്ടായി. ചിത്രാംഗദനും' വിചിത്രവീര്യനും. മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ. ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി. 

ഹസ്തിനപുരിയുടെ രാജമാതാവ്

ഹസ്തിനപുരിയുടെ രാജമാതാവായി മൂന്നു തലമുറകൾ വാഴാൻ സത്യവതിക്കു കഴിഞ്ഞു. മക്കളായ വേദ വ്യാസൻ, ചിത്രാംഗതൻ, വിചിത്ര വീര്യൻ എന്നിവരുടെ കാലഘട്ടത്തിലും വേദവ്യാസന്റെ മക്കളായ ധൃതരാഷ്ട്രർ, പാണ്ടു, വിദുരർ എന്നവരുടെ കാലത്തും, തുടർന്ന് പൗത്രപുത്രനായ ധർമ്മപുത്രരുടെ പതിനാറാം വയസ്സുവരെ സത്യവതി ഹസ്തിനപുരിയിൽ രാജമാതാവായി കഴിഞ്ഞു.

വനവാസം

അർജ്ജുനന്റെ പതിനാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനം നൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ, പുത്രനായ വിചിത്രവീര്യന്റെ ഭാര്യമാർ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി. 

അദ്രിക

അദ്രിക

ഒരു ദേവസ്ത്രിയായിരുന്നു. ഒരിക്കൽ ഒരു ബ്രാഹ്മണർ അവളെ ശപിച്ച് മത്സ്യമാക്കിത്തീർത്തു.

അദ്രിക മത്സ്യമായിത്തിർന്ന കഥ
അപ്സരസ്ത്രികൾ സാധാരണ രാത്രികാലങ്ങളിൽ യമുനാനദിയിൽ ജലക്രീഡ ചെയ്യുക പതിവായിരുന്നു. അപ്സരസ്സുകൾ ഇറങ്ങുന്ന ഭാഗത്തു മറ്റുള്ളവർ ചെയ്യാറില്ല. അതിനാൽ അവർ സ്വതന്ത്രരായി ജലക്രിഡ ചെയ്തു കൊണ്ടിരുന്നു.

ഒരിക്കൽ ഒരു പാവപ്പെട്ട ബ്രാഹ്മണൻ സന്ധ്യാവന്ദനത്തിന് അവിടെ ചെന്നിറങ്ങി. തദവസരത്തിൽ. അദ്രിക ഗന്ധർവ്വന്മാരുമൊന്നച്ച് ജലക്രീഡയിൽ മുഴുകി. കഴിയുകയായിരുന്നു. പാവപ്പെട്ട ബ്രാഹ്മണന് ഈ കഥയൊന്നും മനസ്സിലായില്ല. അപ്സരസ്ത്രികൾക്ക് അരസികനായ ഈ വൃദ്ധബ്രാഹ്മണന്റെ സാന്നിദ്ധ്യം തീരെ അനിഷ്ടമായിത്തോന്നി. അതിനാൽ അദ്രിക വെള്ളത്തിനുള്ളിൽക്കുടി മുങ്ങിച്ചെന്ന് സന്ധ്യാവന്ദനം ചെയ്തുകൊണ്ടുനിന്ന ബ്രാഹ്മണന്റെ കാലിനു പിടികൂടി. വയസ്സൻ കാലുതെറ്റി കയത്തിൽ വീണു. കണ്ണുതുറന്നു നോക്കിയപ്പോഴാണ് അയാൾക്കു കാര്യം മനസ്സിലായത്. മത്സാധർമ്മമെടുത്തു വന്ന് ധ്യാനഭംഗം നടത്തിയ നീ മത്സ്യമായിപ്പോകട്ടെ എന്ന് ശപിച്ചിട്ട് ബ്രാഹ്മണൻ അയാളുടെ വഴിക്കുപോയി. അന്നു മുതൽ അദ്രിക മത്സാരൂപത്തിൽ യമുനാനദിയിൽ വിഹരിച്ചു തുടങ്ങി [ദേവീ ഭാഗവതം ദ്വിതീയസ്കന്ധം]

അദ്രികയുടെ ഇരട്ടക്കുട്ടികൾ
ചേദിരാജ്യത്തിലെ രാജാവായ വസു ഒരിക്കൽ നായാട്ടിനു പോയി. മൃഗയാ വിവശനായ രാജാവ് വികസിച്ച പുഷ്പങ്ങളുടെ പുതുമണവുമേറ്റ് ഒരു മരച്ചുവട്ടിൽ ഇരുന്നു. ക്ഷണനേരത്തിനുള്ളിൽ രാജാവിനു വികാരാവേശമുണ്ടായി. ഉടൻ തന്നെ അദ്ദേഹത്തിന്റെ ഇന്ദ്രിയം സ്ഖലിച്ചു. രാജശുക്ലം നിഷ്പ്രയോജനമാകുന്നതു ശരിയല്ലെന്നു വിചാരിച്ച് അദ്ദേഹം അത് ഒരു ഇലയിൽ ഉള്ളടക്കം ചെയ്യുകയും ഒരു ഒരു പരുന്തിന്റെ കൈവശം കൊട്ടാരത്തിലേക്കു കൊടുത്തയയ്ക്കുകയും ചെയ്തു. ഒരു പൊതിക്കെട്ടുമായി ആകാശത്തുകൂടി പറന്നു പോകുന്ന പരുന്തിനെക്കണ്ട് മറ്റൊരു പരുന്ത് അടുത്തുകൂടി. അവതമ്മിലുള്ള കലഹത്തിൽ പൊതി ഗംഗാ നദിയിൽ വീണു. അദ്രികാമത്സ്യം ഉടൻ തന്നെ അതിലെ ഉള്ളടക്കം കൊത്തിവിഴുങ്ങി. ഒരു മുക്കുവൻ അദ്രികയെ പിടിച്ചെടുത്തു. കീറിനോക്കിയപ്പോൾ ഉള്ളിൽ രണ്ടു മനുഷ്യക്കുട്ടികൾ കാണപ്പേട്ടു. ഒന്ന് ആൺകുട്ടിയും മറ്റേത് പെൺകുട്ടിയുമായിരുന്നു രാജാവ് ഈ വിവരമറിഞ്ഞു. അദ്ദേഹം കിങ്കരന്മാരെ അയച്ച് പെൺകുട്ടിയെ മുക്കുവനു കൊടുക്കുകയും ആൺകുട്ടിയെ കൊട്ടാരത്തിലെക്ക് കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു. ഈ ആൺകുട്ടിയാണ് പിൽക്കാലത്തു മത്സാ രാജാവെന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നത്.
പെൺകുട്ടി സത്യവതി [മത്സ്യഗന്ധി, കാളി] എന്ന പേരിൽ മുക്കുവന്റെ കുടിലിൽ വളർന്നുവന്നു. മനുഷ്യക്കുട്ടികളെ പ്രസവിച്ചു കഴിയുമ്പോൾ അദ്രികയ്ക്കു ശാപമോക്ഷം കിട്ടുമെന്ന് പണ്ട് ബ്രാഹ്മണൻ പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ  അദ്രിക പൂർവ്വരൂപം പ്രാപിച്ച് ദേവലോകത്തേക്കു പോയി.

യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗ നദിയുടെ മറുകര കടത്തുന്ന ജോലിയിൽ സത്യവതി അച്ഛനെ സഹായിച്ചു. [മ. ഭാ. ആദി പർവ്വം]






25 March 2017

ഏകാദശി വ്രതങ്ങള്‍

ഏകാദശി വ്രതങ്ങള്‍

ജന്മ ജന്മാന്തരങ്ങളില്‍ ഏറ്റവും മഹത്വരമാണ് മനുഷ്യജന്മമെന്നും നരനെ നാരായണനാക്കുന്ന ആത്മീയ മാര്‍ഗ്ഗരേഖയാണ് വ്രതാനുഷ്ഠാനങ്ങളെന്നും ഹിന്ദുധര്‍മ്മശാസ്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്. വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശിതന്നെയാണ്.

ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.

ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ്
(1) ഉല്‍പ്പന്ന ഏകാദശി
(2) മോക്ഷദാ ഏകാദശി
(3) സഫലാ ഏകാദശി
(4) പുത്രദാഏകാദശി
(5)ഷഡ്തിലാ ഏകാദശി
(6) ജയ ഏകാദശി
(7) വിജയ ഏകാദശി
(8) ആമലകി ഏകാദശി
(9) പാപമോചിനി ഏകാദശി
(10) കാമദാ ഏകാദശി
(11) വരൂഥിനി ഏകാദശി
(12) മോഹിനി ഏകാദശി
(13) അപരാ ഏകാദശി
(14) നിര്‍ജ്ജലാ ഏകാദശി
(15) യോഗിനി ഏകാദശി
(16) പത്മ (ശയന) ഏകാദശി
(17) കാമികാ ഏകാദശി
(18) പുത്രപ്രദാ ഏകാദശി
(19) അജാ ഏകാദശി
(20) പരിവര്‍ത്തിനി (പത്മനാഭ) ഏകാദശി
(21) ഇന്ദിരാ ഏകാദശി
(22) പാപാങ്കുശ ഏകാദശി
(23) രമാ ഏകാദശി
(24) ഹരിബോധിനി (ഉത്ഥാന) ഏകാദശി  എന്നിവയാണ്.

(25) കമല (പരമ) ഏകാദശി
(26) പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്. ഈ മഹനീയ ഏകാദശികളുടെ നാമധേയങ്ങളോരോന്നും ഭക്തിപൂര്‍വ്വം ഉച്ഛരിക്കുന്നവര്‍ക്ക് ഏകാദശിവ്രതഫലം ലഭ്യമാകുമെന്നും വിശ്വാസമുണ്ട്. ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളം പോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം.

മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ (കര്‍ക്കിടകം) മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.

ഒരു വര്‍ഷത്തെ ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ ഉല്‍പ്പന്ന ഏകാദശി മുതല്‍ക്കാണ് വ്രതമാരംഭിക്കുക. മുരാസുരനെ നിഗ്രഹിക്കുന്നതിന് ശ്രീ മഹാവിഷ്ണുവിന്റെ ദേഹത്തുനിന്നും ഏകാദശിദേവി ആവിര്‍ഭവിച്ചത് ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം.

ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. ഇതില്‍ അസൂയമൂത്ത ദേവേന്ദ്രന്‍ അതിന് ഭംഗംവരുത്തുവാന്‍ രാജാവിന്റെ അടുത്തേയ്ക്ക് ഉഗ്രകോപിഷ്ഠനായ മുനിശ്രേഷ്ഠന്‍ ദുര്‍വ്വാസാവിനെ പറഞ്ഞയച്ചു. രാജാവിന്റെ സംവത്സരികവ്രതം അവസാനിയ്ക്കുന്ന ദ്വാദശിയില്‍ മഹര്‍ഷി ദുര്‍വ്വാസാവ് അവിടെ എത്തിച്ചേര്‍ന്നു. അങ്ങയെ കാല്‍ക്കഴുകിച്ചൂട്ടിയ ശേഷം വേണമെനിക്ക് പാരണ നടത്തി വ്രതമവസാനിപ്പിക്കാനെന്ന് മഹര്‍ഷിയെ രാജാവ് അറിയിച്ചു.

മഹര്‍ഷി അതിനു സമ്മതിച്ച് സ്‌നാനം ചെയ്യുന്നതിന് യമുനാനദീതീരത്തേയ്ക്കുപോയി. രാജാവിന്റെ വ്രതത്തിന് ഭംഗം വരുത്തുന്നതിന് മഹര്‍ഷി ദ്വാദശി കഴിയുന്നതുവരെയും എത്തിച്ചേര്‍ന്നില്ല. ധര്‍മ്മസങ്കടത്തിലായ മഹാരാജാവ് ദ്വാദശി അവസാനിയ്ക്കുവാനുള്ള സമയത്ത് ഈശ്വരധ്യാനത്തില്‍ മുഴുകി അല്പം തുളസീ തീര്‍ത്ഥമെടുത്ത് സേവിച്ചു. മഹര്‍ഷി എത്തുന്നതിനുമുന്‍പ് രാജാവ് പാരണവീട്ടിയതെന്നറിഞ്ഞ മഹര്‍ഷി കുപിതനായി തന്റെ തലയില്‍നിന്നും ജടപറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍നിന്നും രൂപം കൊണ്ട ദുര്‍ഭൂതം ഈശ്വരധ്യാനത്തില്‍ മുഴുകിയ രാജാവിന്റെ അടുത്തേയ്ക്ക് കുതിച്ചു.

ഈ സമയം അന്തരീക്ഷത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രം പാഞ്ഞെത്തി ദുര്‍ഭൂതത്തെ ഭസ്മീകരിച്ചു. തുടര്‍ന്ന് മഹര്‍ഷിയുടെ അടുത്തേക്ക് നീങ്ങിയ ചക്രത്തെ കണ്ട് ഭയന്നോടിയ മഹര്‍ഷി ശ്രീ ബ്രഹ്മാവിന്റെയും, ശ്രീ പരമേശ്വരന്റെയും, ശ്രീ മഹാവിഷ്ണുവിന്റെയും അടുത്തെത്തി അഭയം തേടി. ഒടുവില്‍ മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം അംബരീക്ഷമഹാരാജാവിന്റെ അടുത്തെത്തി മഹര്‍ഷി മാപ്പപേക്ഷിച്ച ശേഷമാണ് സുദര്‍ശനചക്രം പിന്‍വലിഞ്ഞത്. ഏകാദശി കഠിനവ്രതമനുഷ്ഠിച്ചതിന്റെ മഹത്വം ബോധ്യപ്പെട്ട മഹര്‍ഷി വ്രതാനുഷ്ഠാനത്തിന് മംഗളം നേര്‍ന്ന് അംബരീക്ഷ മഹാരാജാവിനെ അനുഗ്രഹിച്ചു.

ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഇവിടെ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ

വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.

ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.

ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.