ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2021

തൃപ്പാറമഹാദേവർ ക്ഷേത്രം - പത്തനംതിട്ട

തൃപ്പാറമഹാദേവർ ക്ഷേത്രം - പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ്. ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട്.

ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

സർപ്പ സങ്കൽപ്പം

കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

ക്ഷേത്ര ശ്രീകോവിൽ

തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

കൂവള മരം

കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവിക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്ഷ ങ്ങള്ക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു.

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

രാമൻ തോറ്റ യുദ്ധമായിരുന്നു അന്ന്! രാമൻ മാത്രമല്ല ലക്ഷ്മണനും, സുഗ്രീവനും, അംഗദനും എല്ലാവരും തോറ്റുപോയിരുന്നു. ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രതേജസ്സിൽ വാനരപ്പട ഈയാംപാറ്റപോലെ കരിഞ്ഞു വീണു. രക്തവും, മൂത്രവും തളം കെട്ടികിടന്ന ആ യുദ്ധക്കളത്തിൽ രാമനും, ലക്ഷ്മണനും ജീവൻ നഷ്ടപ്പെട്ട വിധം നിശ്ചേതരായിക്കിടന്നു.

പടക്കളത്തിലെ ഭയാനകമായ ഇരുണ്ട നിശബ്ദതയിൽ ജീവൻ തിരഞ്ഞു നടന്ന വിഭീഷണൻ കത്തിച്ചു പിടിച്ച പന്തത്തിൻ്റെ വെളിച്ചത്തിൽ ശരവ്യനായ ഇനിയും മരിച്ചിട്ടില്ലാത്ത ആ വൃദ്ധവാനരനെ കണ്ടു; ജാംബവാൻ.

ശബ്ദം കൊണ്ട് മാത്രം രാക്ഷസ പ്രഭുവിനെ തിരിച്ചറിഞ്ഞ ജാംബവാൻ വിഭീഷണനോടു ചോദിച്ചു..

“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”

രാമൻ്റെ യുദ്ധമാണ്, ലക്ഷ്മണൻ്റെയും. സേനാപതിയാവട്ടെ സുഗ്രീവനാണ് എന്നിട്ടും എന്തുകൊണ്ട് ഹനുമാൻ? വിഭീഷണൻ സംശയം മറച്ചു വെയ്ക്കാതെ ജാംബവാനോടു ചോദിച്ചു..

“അങ്ങ് എന്തു കൊണ്ട് രാമനെ തിരയാതെ ഹനുമാനെ തിരയുന്നത്?!”

വീരപൗരുഷത്തിൻ്റെ അനന്ത സാദ്ധ്യതകളെ സ്മരിച്ചുകൊണ്ട് ആ ജ്ഞാനവൃദ്ധൻ ഇങ്ങനെ പറഞ്ഞു :

“അസ്മിൻ ജീവതിവീരേതു
ഹതമപ്യഹതം ബലം  ഹനുമന്യുജ്ഞീതപ്രാണേ
ജീവന്തോപി മൃതാവയം”.

ആധീരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരിച്ചാലും നമ്മളാരും മരിക്കില്ല ,ഇനി അവൻ മരിച്ചിട്ടുണ്ടെങ്കിലോ! ജീവനുണ്ടെന്നാലും നമ്മളാരും ജീവിക്കുകയുമില്ല.
കേവല വർഗ്ഗ സ്നേഹത്തിൻ്റെ വാക്കല്ലത്. അഹംബോധമറ്റ ഭക്തി ഭഗവാനെക്കൂടി രക്ഷിക്കുന്ന വീര്യബലവേഗങ്ങൾ ആർജിക്കുന്നതവിടെ നിന്നാണ്. അതിന് സമുദ്രത്തെ തരണം ചെയ്യുവാനും, പർവ്വതങ്ങളെ ഇളക്കുവാനും കഴിയും. മൃതമെന്നു കരുതുന്നതിൽ അമൃതം ചുരത്താനും.

അഹംബോധമില്ലായ്മയുടെ അപരിമേയ സാധ്യതയാണ് ഹനുമാൻ. ലങ്കയെരിച്ച പുശ്ചാഗ്രത്തിലെ തീ മാത്രമല്ല അത്. രാമായണത്തിൻ്റെ വെളിച്ചം കൂടിയാണ്. അസാദ്ധ്യതകളെ അനന്തസാധ്യതയാക്കി തടസ്സങ്ങളുടെ കടലുതാണ്ടുന്ന നിസ്വാർത്ഥ ഭക്തിയാണ് ഹനുമാൻ.

വെണ്ണയാണ് പോലും ഹനുമാന് ഇഷ്ട വഴിപാടിലൊന്ന് എന്തൊരു ഭാവാത്മകതയാണ്. സ്വാമിഭക്തിയുടെ ചെറു ചൂടിൽ ഉരുകിയലിഞ്ഞൊഴുകുന്ന അഹംബോധത്തിൻ്റെ വെണ്ണ! ആ നെയ്യിൽ വേണം രാമായണത്തിൻ്റെ വിളക്കു തെളിയുവാൻ.

എല്ലാവരും വീണു പോയ, തോറ്റു എന്നു തോന്നിയ യുദ്ധങ്ങളിൽ അങ്ങനെ ഒരാൾ വരും എന്ന പ്രതീക്ഷ കൂടിയാണത്. രാമായണം ത്രേതായുഗത്തിൻ്റെ മാത്രം പുസ്തകമല്ലാതാവുന്നത് അതിലെ ഹനുമാൻ ജീവിച്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.

വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമചന്ദ്രം ശിരസ്സാ നമാമി...

പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ...

പാദുകങ്ങൾ പൂജിച്ചു വാഴുന്ന ശ്രീ ഭരതാ...

രാജഗൃഹത്തിലെ അവസാനത്തെ രാത്രി ഭരതന് ദുഃസ്വപ്നങ്ങളുടേതായിരുന്നു.
ശരീരമാസകലം തൈലാഭിഷിക്തനായി മുണ്ഡിത ശിരസ്കനായ പിതാവ്,
അഗാധമായ ഒരു ചാണകക്കുഴിയിലേക്ക് വീണുപോകുന്നതയാൾ കണ്ടു.
കഴുതകൾ വലിക്കുന്ന തേരിൽ ഇരുത്തി ഒരു രക്ഷോ രൂപം ദശരഥനെ തെക്കോട്ടു കൊണ്ടു പോകുന്നു. രാജകുമാരൻ്റെ ഉണർവ്വിനും ഉന്മേഷത്തിനുമായി നടത്തപ്പെട്ട ആട്ടവും പാട്ടുമൊന്നും ഭരതനെ സന്തോഷിപ്പിച്ചില്ല. താനോ ലക്ഷ്മണനോ അച്ഛൻ തന്നെയുമോ മരണപ്പെട്ടേക്കാമെന്ന് ഭരതൻ ഭയന്നു.

അയോദ്ധ്യയിൽ നിന്നെത്തിയ ദൂതൻമാരൊത്ത് തിരിച്ചെത്തുമ്പോഴാണ് ഭർത്താവുമരിച്ചിട്ടും സന്തോഷിക്കുന്ന അമ്മയെ അയാൾ കാണുന്നത്.
പുത്രവാത്സല്യം കെടുത്തിക്കളഞ്ഞ ഭർതൃവിയോഗത്തിൻ്റെ ശോകാഗ്നിക്കിടയിലൂടെ കൈകേയി, ഒരിറ്റു രക്തം ചിന്താതെ കൗശലത്തിൻ്റെ തേരോടിച്ച് താൻ നേടിയെടുത്ത സാമ്രാജ്യം മകനു വെച്ചു നീട്ടി.

ക്ഷത്രിയന് രാജ്യ ലാഭം തന്നെയാണ് വലുത്. യുദ്ധം ചെയ്യുന്നതും, കണ്ണിൽച്ചോരയില്ലാതെ ചോരപ്പുഴകൾ നീന്തിക്കയറുന്നതും അതിനായിട്ടാണ്, പക്ഷെ എന്നിട്ടും ഭരതൻ സന്തോഷിച്ചില്ല. ‘ഹൃദയം നഷ്ടപ്പെടുത്തിയിട്ട് ലോകം നേടിയിട്ടെന്തിന്?’ എന്നയാളും ചിന്തിച്ചിട്ടുണ്ടാവും.

പിതാവിന്റെ ചിതയെരിഞ്ഞടങ്ങിയിട്ടും
തീയണയാത്ത ഹൃദയവുമായാണ് ഭരതൻ,
ജ്യേഷ്ഠനെ രാജാവായി അഭിഷേകം ചെയ്യാൻ തിരികെ വിളിച്ച് അയോദ്ധ്യയുടെ സിംഹാനത്തിലിരുത്താൻ, വനത്തിലേക്ക് ഇറങ്ങി പുറപ്പെട്ടത്.

നദി കടന്ന് ചിത്രകൂടത്തിൻ്റെ താഴ്വാരത്തിൽ മരവുരിയുടുത്ത് നിൽക്കുന്ന ജ്യേഷ്ഠനെ കണ്ടപ്പോൾ കൈകേയിക്കു കൂടി വേണ്ടി ഭരതൻ ആ കാലുകളിൽ വീണു കരഞ്ഞു.
“രാജ്യമാകെ, വരണ്ട ഭൂമിയിൽ വർഷമേഘങ്ങളെ കാത്തിരിക്കുന്ന കാർഷകനെപ്പോലെ അങ്ങയെ മാത്രം കാത്തിരിക്കുന്നു..”
(“ത്വമേവ പ്രതീക്ഷന്തേ പർജന്യം ഇവ കർഷകാ :”) തിരികെ വരാൻ ഭരതൻ യാചിച്ചു.

താതവിയോഗത്തിൻ്റെ തീവ്രദുഃഖം തളർത്തിയിരുന്നു എങ്കിലും മന്ദാകിനിയിലിറങ്ങി ഉദകക്രിയ പൂർത്തിയാക്കിയ രാമൻ ഭരതനോടു പറഞ്ഞു..

“ലക്ഷ്മിചന്ദ്രാത് അപേയാത് വാ ഹിമവാൻ വ ഹിമം ത്യജേത്
അതീയത് സാഗരോ വേലാം
ന പ്രതിജ്ഞാം അഹ പിതു:”.....
നിലാവ് ചന്ദ്രനെ വിട്ടു പോയേക്കാം,
ഹിമവാൻ അതിൻ്റെ ഹിമമാകെ ഉപേക്ഷിച്ചെന്നിരിക്കാം, കടൽ അതിൻ്റെ കരയെ കവർന്നെടുത്തേക്കാം എന്തു വന്നാലും അച്ഛനു നൽകിയ എൻ്റെ വാക്കുകൾ ഇളകുകയില്ല.

കണ്ണുനീരിനും വിലാപങ്ങൾക്കും യാചനകൾക്കും വഴങ്ങാത്ത സത്യ വ്രതങ്ങൾക്കു മുന്നിൽ തോറ്റവരിൽ ഭരതനായിരുന്നു മുന്നിൽ.
ആ തോൽവി കൊണ്ടയാൾ രാമനേക്കൂടി ജയിച്ചു കളഞ്ഞു..

രാമ പാദങ്ങളിൽ വീണ് പാദുകം യാചിക്കുമ്പോൾ ഭരതൻ രാമനോടു പറഞ്ഞു..

“അധിരേഹ ആര്യ പാദാഭ്യാം
പാദുകേ ഹേമഭൂഷിതേ
ഏതേഹി സർവ്വ ലോകസ്യ
യോഗക്ഷേമം വിധാസ്യത:”

“ഈ പാദുകങ്ങൾ ഇനി രാജ്യം ഭരിക്കും”

കാലിലിടേണ്ട പാദുകങ്ങൾ തലയിലേറ്റി മടങ്ങും മുമ്പ്, പതിനാലു വർഷം തികയുന്ന അന്ന് മടങ്ങി വന്നില്ലെങ്കിൽ “ഞാൻ തീയിൽ ദഹിക്കും” എന്ന് പ്രതിജ്ഞ ചൊല്ലി പറയാനും ഭരതൻ മറന്നില്ല. പിന്നീടുള്ള പതിനാലു വർഷങ്ങൾ രാമപാദുകങ്ങളാണ് രാജ്യം ഭരിച്ചത്.

ചെങ്കോലെടുക്കാതെ, കിരീടം ധരിക്കാതെ, അമൃതേത്ത് ഭുജിക്കാതെ, ജഡാവൽക്കലങ്ങളുടെ കൃശരീരവുമായി ഭരതൻ കാത്തിരുന്നു. അച്ഛൻറെ ചിതജ്വലിപ്പിച്ച അഗ്നിയെരിച്ച അതേ ഹൃദയവുമായി. ഒടുവിൽ രാമൻ വരും വരെ...

രാജമോഹങ്ങളുടെ കുതന്ത്രങ്ങളിൽ നിന്നു വേറിട്ട  ഭരതൻ ഒറ്റയ്ക്കൊരിതിഹാസമാണ്.
വെറുമൊരു ഹൃദയത്തിനു വേണ്ടി സിംഹാസനമുപേക്ഷിക്കുന്ന ഉജ്ജ്വല ത്യാഗമാണ് ഭരതൻ.
ധർമ്മം സഞ്ചരിച്ച രണ്ടു ചെരിപ്പുകൾക്കുപോലും രാജ്യം ഭരിക്കാൻ യോഗ്യതയുണ്ടെന്നയാൾ കാട്ടിക്കൊടുത്തു.

രാജാവല്ല, ധാർമ്മിക ശക്തിയാണ് രാജ്യം ഭരിക്കേണ്ടതെന്നും. അതുകൊണ്ടാകാം  രാമൻ ഹനുമാനേ ഇറുകെപ്പുണർന്ന്
“നീ എനിക്ക് ഭരതനേപ്പോലെയാണ്”എന്നു പറഞ്ഞത് 

രാമനെ വനത്തിനയച്ചതിനു മാത്രമല്ല, ഭരതനെ പ്രസവിച്ചതിനും ലോകം കൈകേയിയോടു കടപ്പെട്ടിരിക്കുന്നു.

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമീദേവി സർവ്വംസഹയാണ്, ക്ഷമയുടെ പരകോടിയാണ് എന്നൊക്കെ നമ്മൾക്കറിയാം. എന്നാൽ, ഇടയ്ക്കോരോ കുറുമ്പൊക്കെ ആരും കാണിയ്ക്കുമല്ലോ. ചോദിയ്ക്കാനും പറയാനും ആരുമില്ലാതിരുന്ന ഒരുകാലത്ത്, ഭൂമീദേവി കാണിച്ച ഒരു വിക്രസ്സിൽ നിന്നാണ് കഥ തുടങ്ങുന്നത്.

പണ്ട്പണ്ടൊരിയ്ക്കൽ ഭൂമിയിൽ, രാജാവില്ലാത്തൊരു കാലമുണ്ടായി. നാഥനില്ലാക്കളരിയായി ഭൂമി .
എന്തുചെയ്താലും ആരും ചോദിയ്ക്കാനില്ല.
നല്ലതു ചെയ്താൽ പ്രശംസിയ്ക്കാനുമില്ല;
കെട്ടത് ചെയ്താൽ വിമർശിയ്ക്കാനുമില്ല ആരും. അരാജകത്തം എന്ന വാക്ക് യഥാർത്ഥത്തിൽ അങ്ങ് നടപ്പിലായ ഒരു കാലം.

വണ്ടികൾ കുത്തിത്തിരുകി ഗതാഗതം സ്തംഭിച്ച ഒരു നാൽക്കവലയിൽ, ഒരു പോലീസുകാരൻ വന്ന്, രണ്ട് കൈവീശൽ വീശിക്കാണിച്ചാൽ ഗതാഗതം നിമിഷനേരത്തിൽ സാധാരണ പോലെയാകുന്നത് കണ്ടിട്ടില്ലേ!?
അതുപോലെയാണ് ഭൂമിയിലെ എല്ലാ കാര്യങ്ങളും. പേടിയ്ക്കാൻ, താടിയുള്ളൊരപ്പൻ ഉണ്ടെങ്കിലേ കാര്യങ്ങൾ നേരേചൊവ്വേ നടക്കൂ.

ഇപ്പോൾ, ആ അപ്പൻ ഇല്ലാത്തതിനാൽ ഭൂമി, ഭൂമിയിലെ സകല ചെടികളേയും ദഹിപ്പിച്ച്, വിഴുങ്ങിക്കളഞ്ഞു. 'എന്തിനാ ഇങ്ങനെ ചെയ്തത്?' എന്ന് ചോദിച്ചാൽ; പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഉണ്ടിരിയ്ക്കണ ഭൂമിയ്ക്കൊരു വിളി തോന്നി എന്നേ പറയാൻ പറ്റൂ.
ഒരു രസം! ഒരു മന:സുഖം! സകല സസ്യജാലങ്ങളേയും വിഴുങ്ങി, ജേസീബിയിട്ട് വലിച്ച പോലെയായി ഭൂമി!

കൃഷിക്കാരെല്ലാം കുടുങ്ങി.

നാളെ കൊയ്യാം..
നാളെ ഞാറ് നടാം..
നാളെ മാങ്ങ പറിയ്ക്കാം..
തേങ്ങയിട്ട് എണ്ണയാട്ടണം..
പുളി കുലുക്കാറായി.. എന്നൊക്കെ മനസ്സിലിട്ട് കിടന്നുറങ്ങിയവർ കാലത്തെഴുന്നേറ്റ് പുറത്തിറങ്ങി നോക്കിയപ്പോൾ ഉടുമുണ്ടഴിഞ്ഞു
പോയപോലൊരു തോന്നൽ!

നാലുപുറവും നോക്കി!
ഒന്നും കാണുന്നില്ല!
കണ്ണ് തിരുമ്മി, വീണ്ടും നോക്കി. ഫലം നാസ്തി!
'കട്ടൻകാപ്പി കുടിയ്ക്കാത്തോണ്ട്, കണ്ണ് പിടിയ്ക്കാത്തതാകുമോ!?'

അല്ല.

സംഗതി, ചെടികളൊന്നും കാണുന്നില്ല.
എണ്ണയുമാട്ടണ്ട; മഞ്ഞളും പൊടിയ്ക്കണ്ട!
ഇനി ആകെ ചെയ്യാൻ കഴിയുന്ന കാര്യം വൃത്തിയ്ക്ക് പട്ടിണി കിടന്ന്, വിശാലമായി മരിയ്ക്കാം.

ഈ സമയത്താണ് പൃഥു എന്ന ആൾ, ഭൂമിയിൽ രാജാവായി അധികാരമേറ്റത്.
സകല ജീവജാലങ്ങളേയും മക്കളേപ്പോലെ കരുതാൻകഴിയുന്ന; സ്നേഹനിധിയും വിശാലമനസ്കനുമായിരുന്നു

പൃഥുരാജാവ്

പൃഥു, രാജാവായി അധികാരമേറ്റതും; കർഷകരെല്ലാം രാജാവിനെ, നിറഞ്ഞുവഴിയുന്ന കണ്ണുകളുള്ള മുഖംകാണിച്ച് സങ്കടമുണർത്തിച്ചു.
"രാജാവേ, കലികാലത്ത് കർഷകരുടെ അവസ്ഥ ഇതായിരിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങ് ഭരിയ്ക്കുമ്പോൾ ഇങ്ങനെ സംഭവിയ്ക്കുന്നത് കഷ്ടമാണ്!"

കർഷകർ സങ്കടമുണർത്തിച്ചപ്പോൾ, രാജാവിലും സങ്കടമുണർന്നു.
രാജാവിന് സങ്കടം മാത്രമല്ല; ദേഷ്യവും ഉണർന്നു. "ഞാൻ രാജാവായിരിയ്ക്കുമ്പോൾ എന്റെ രാജ്യത്തെ പ്രജകളാരും സങ്കടപ്പെടാൻ പാടില്ല. ചെടികൾ അപ്രത്യക്ഷമാകാനുള്ള കാരണം എന്തായാലും ഞാനതിന് പ്രതിവിധി കണ്ടിരിയ്ക്കും. "ജനങ്ങൾക്ക് വാക്ക് കൊടുത്ത്, പുഥുരാജൻ തന്റെ അജഗവം എന്ന വില്ലുമെടുത്ത്, പുറത്തിറങ്ങി.

രാജാവിന് കാര്യം പിടികിട്ടി. 'വേലിതന്നെ വിളവ് തിന്നതാണ്. ഈ തോന്നിവാസം കാണിച്ച ഭൂമീദേവിയെ വെറുതെ വിട്ടുകൂടാ.'
പൃഥുരാജൻ, അജഗവം ചുമലിലേറ്റിയതും; സകല ചെടിയും തിന്ന്, ഏമ്പക്കം വിട്ടിരുന്നിരുന്ന ഭൂമീദേവിയ്ക്ക് അടിവയറ്റിലൊരു കാളലുണ്ടായി.
'ചന്ദനവും തുളസിയുമൊക്കെ തിന്ന കൂട്ടത്തിൽ കാഞ്ഞിരവും ചേരുമൊക്കെ തിന്ന്, ദഹനക്കേട് പിടിച്ചതാകുമോ!?' എന്നാണ് ആദ്യം സംശയിച്ചത്.
പെട്ടെന്ന് ഭൂമിയ്ക്കും കാര്യം പിടികിട്ടി.
വെട്ടിവിഴുങ്ങുന്ന സമയത്തെ അവസ്ഥയല്ല ഇപ്പോൾ. ഇപ്പോൾ കളരിയ്ക്ക് നാഥനായിരിയ്ക്കുന്നു.

ഇത്തരം സമയങ്ങളിൽ മനുഷ്യരേപ്പോലെ  ഭൂമിയും വേഷംമാറി മുങ്ങുകയാണ് ചെയ്തത്. ഭൂമി, ഒരു അമ്മപ്പശുവായി ഓടിയൊളിച്ചു.

രാജാവും ചില്ലറക്കാരനല്ലല്ലോ!
ഭൂമി, പശുവായി വേഷംമാറിയതും പാഞ്ഞുപോകുന്നതുമെല്ലാം കണ്ട രാജാവ്, പുറകേചെന്നു. ലോകമായ ലോകത്തൊക്കെ പശു ഓടി.പുറകേ രാജാവും.

ഇനി, പുല്ലോ വയ്ക്കോലോ കാടിവെള്ളമോ കിട്ടാതെ ഒരടി നടക്കാൻ പറ്റാത്ത അവസ്ഥയായി പശുവിന്. പുല്ലും വയ്ക്കോലുമൊന്നും കണികാണാൻപോലും കിട്ടാനില്ല! ആരെ കുറ്റം പറയാൻ!
എല്ലാം ദഹിപ്പിച്ച് അവസാനിപ്പിച്ചത് മറ്റാരുമല്ലല്ലോ...!

ഇനി ഒറ്റ വഴി.

പൃഥുവിന് മുന്നിൽ വെട്ടിയിട്ടപോലെ വീഴുക.സാഷ്ടാംഗം നമസ്ക്കരിച്ച് മാപ്പ് ചോദിയ്ക്കുക.

തൊഴുത്, കുളമ്പ് ചേർത്തുപിടിച്ച കൈകളോടെ, ഭൂമിപ്പശു പൃഥുരാജാവിനോട് അപേക്ഷിച്ചു. "രാജാവേ, കൊല്ലരുത്.
ഞാൻ ദഹിപ്പിച്ചുകളഞ്ഞ സസ്യജാലങ്ങളെയെല്ലാം പാലിന്റെ രൂപത്തിൽ ഞാൻ തിരിച്ചുതരാം.
എനിയ്ക്ക്, പാൽ ചുരത്താൻ തോന്നാൻ അങ്ങ് ഒരു പശുക്കുട്ടിയെ കൊണ്ടുവന്നാൽ മാത്രം മതി."

പൃഥുരാജാവ് കരുണാമയനാണല്ലോ.
മാത്രവുമല്ല; ഇക്കണ്ട ഓട്ടമൊക്കെ വില്ലും താങ്ങിപ്പിടിച്ച് ഓടിയത് പശുവിനെ കൊന്നുതിന്നാനുമല്ല.
തെറ്റ് ചെയ്താൽ ശിക്ഷിയ്ക്കണം അല്ലെങ്കിൽ തെറ്റ് ചെയ്തവർ അത് തിരിച്ചറിഞ്ഞ് തിരുത്തണം.
ഇവിടെ പശുവായാലും ഭൂമിയായാലും തെറ്റ് തിരുത്താൻ തയ്യാറാണ്. ഒരു പശുക്കുട്ടിയെ കിട്ടിയാൽ കാര്യം നടക്കും. രാജാവ്, സ്വായം ഭുവ മനുവിനോട് പശുക്കിടാവാവാൻ ആവശ്യപ്പെട്ടു.

മനു, പശുക്കുട്ടിയായി വന്നതും; ഭൂമിപ്പശുവിന് പാൽ ചുരന്നു. ഭൂമി  അകത്തേയ്ക്ക് എടുത്ത സകലസസ്യങ്ങളും പാലിന്റെ രൂപത്തിൽ പുറത്തുവന്നു.അങ്ങനെ, ഭൂമി വീണ്ടും സസ്യജാലങ്ങളാൽ ഐശ്വര്യപൂർണ്ണമായി.

മരിച്ചുകൊണ്ടിരുന്ന ഭൂമിയെ ഇപ്രകാരം വീണ്ടും ജനിപ്പിച്ചതിനാൽ; ഭൂമി, അന്നുമുതൽ പൃഥുവിന്റെ മകളായി കണക്കാക്കപ്പെട്ടു. പൃഥുവിന്റെ മകൾ എന്ന അർത്ഥത്തിൽ, ഭൂമിയ്ക്ക് പൃഥ്വി എന്ന പേരും ലഭിച്ചു.

ശ്രീ പത്മനാഭസ്വാമിയുടെ 'പെരുന്തിരമൃത് പൂജ'

ശ്രീ പത്മനാഭസ്വാമിയുടെ 'പെരുന്തിരമൃത് പൂജ'

(രത്നപായസവും അപൂർവ വിഭവങ്ങളും; അന്‍പതും കൂട്ടി ശ്രീ പത്മനാഭസ്വാമിയുടെ അമൃതേത്ത്)

നാക്കിലയിൽ വിളമ്പുന്നത് വിശേഷപ്പെട്ട സദ്യയാണ്. മൂന്നു തരം പപ്പടവും നാലുകൂട്ടം അച്ചാറും ഏഴുകൂട്ടം വറുത്തുപ്പേരിയുമെല്ലാം ഉൾപ്പെടെ 45 കറിക്കൂട്ടുകൾ. പിന്നെ അഞ്ചു തരം പ്രഥമനും. അപ്പോൾ അൻപതു വിഭവമായി. അതാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമായ  ശ്രീ പത്മനാഭസ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ‘പെരുന്തിരമൃത്’ പൂജ.

എല്ലാ വർഷവും രണ്ടു തവണ, രണ്ടു സംക്രമ ശീവേലികൾക്കു ശേഷമാണു വിശേഷപ്പെട്ട ഈ പൂജ നടക്കുക. കർക്കടക, മകര മാസങ്ങളിൽ ആദ്യ ആഴ്‌ചയിലായിരിക്കും ഇതു വരിക. പൂർണമായും പരമ്പരാഗത മലയാളി രീതിയിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് ഈ സദ്യയുടെ പ്രത്യേകത. ഇതിലെ ചില വിഭവങ്ങൾ ഇന്നത്തെ മലയാളി തലമുറയ്‌ക്ക് അത്ര പരിചിതവുമല്ല.

സദ്യവട്ടം ഇങ്ങനെ :

ചോറ്, പരിപ്പ്, ഓലൻ, എരിശേരി, ചേനപ്പുഴുക്ക്, ചേനയും കായയും കൊണ്ടു മെഴുക്കുപുരട്ടിയും തോരനും, പലതരം കിച്ചടികളും പച്ചടികളും, പുളിശേരി, തൈര്. അച്ചാറുകൾ: മാങ്ങാക്കറി, പുളിയിഞ്ചി, നെല്ലിക്ക, നാരങ്ങ അച്ചാർ. കേരളീയ സദ്യയ്‌ക്ക് അവിഭാജ്യമാണല്ലോ വറുത്തുപ്പേരികൾ. ഏഴു തരം വറുത്തുപ്പേരികളാണു സ്വാമിക്കു വിളമ്പുന്നത്: ശർക്കര പുരട്ടി, ഏത്തയ്‌ക്ക, ചേന, ചേമ്പ്, ചക്ക, ശീവയ്‌ക്ക (കൂർക്ക), വഴുതനങ്ങ ഉപ്പേരികളാണ് ഇവ.

പായസങ്ങളിൽ രത്നപായസം :

മധുരപ്രിയനാണു മഹാവിഷ്ണു എന്നാണല്ലോ സങ്കൽപം. വിഷ്ണുക്ഷേത്രങ്ങളിലെല്ലാം പാൽപായസം വിശേഷവുമാണ്. ശ്രീപത്മനാഭസ്വാമിയുടെ പാൽപായസവും ഏറെ പ്രസിദ്ധമാണ്. എന്നാൽ പെരുന്തിരമൃതിനു ശർക്കരപ്പായസങ്ങളാണു ഭഗവാനു നിവേദിക്കുക. അടപ്പായസം, പരിപ്പു പ്രഥമൻ, ചക്കപ്രഥമൻ, ഏത്തപ്പഴ പ്രഥമൻ. കൂടെ, ഇവിടെ മാത്രമുള്ള മറ്റൊരു സ്പെഷൽ പായസവും ''രത്നപ്പായസം". രത്നങ്ങൾ കൊത്തിവച്ച ഉരുളി പോലെയുള്ള വലിയ സ്വർണപ്പാത്രത്തിലാണ് ഈ പായസം ഭഗവാനു നിവേദിക്കുന്നത്. അതിനാലാണു രത്നപ്പായസം എന്ന പേരു വന്നത്. പൊടിയരിയും ശർക്കരയും ഏലയ്ക്കയുമെല്ലാം ചേർന്നുള്ള ശർക്കരപ്പായസം തന്നെ. പക്ഷേ പാൽപായസം പോലെ നീണ്ടിരിക്കും.

മധുരപ്രിയന് ചെണ്ടമുറിയൻ :

ഭഗവാനായി ചെണ്ടമുറിയൻ എന്ന പ്രത്യേക വിഭവവും ഇന്ന് ഒരുക്കും. ഏത്തപ്പഴം നുറുക്ക് ശർക്കര പാവു കാച്ചിയതിൽ ചേർത്താണ് ഇതു തയാറാക്കുന്നത്. കൂടാതെ ഇലയട, ഉണ്ണിയപ്പം എന്നിവയും വിളമ്പും. പഴവർഗത്തിൽനിന്ന് ഏത്തപ്പഴം, കദളിപ്പഴം, പടറ്റിപ്പഴം, ചക്കപ്പഴം, കരിമ്പ്, കരിക്ക് എന്നിവയാണ് ഇലയിലെത്തുക. നെയ്യും ഉപ്പും കേരളീയ സദ്യകളിൽ വിളമ്പുക പതിവാണല്ലോ. അതിനൊപ്പം പഞ്ചസാര, ശർക്കര, കുങ്കുമപ്പൂവ് എന്നിവയും ഇന്നു വിളമ്പും. വിശേഷമായൊരു താംബൂലവും സ്വാമിക്കായി തയാറാക്കുന്നു. ഏലയ്‌ക്കയും ഗ്രാമ്പൂവും പാക്കും വെറ്റിലയും ചേർത്ത കൂട്ടാണിത്.

ഒരുക്കങ്ങൾ :

ഈ വൻസദ്യയുടെ തലേന്നു വൈകിട്ടുതന്നെ പച്ചക്കറികളും മറ്റും സാധനസാമഗ്രികളും ക്ഷേത്ര കലവറയിൽ എത്തിക്കും. കായ്‌കറികൾ നുറുക്കലും തേങ്ങ തിരുകലുമൊക്കെയായി സദ്യയ്‌ക്കുള്ള ഉത്സാഹം അപ്പോഴേ തുടങ്ങും. പുലർച്ചെ രണ്ടു മണിയോടെ ക്ഷേത്രപുരോഹിതന്മാർ കുളിച്ചു ശുദ്ധമായി എത്തിയശേഷം അവരാണു പാചകം ചെയ്യുക.

രാവിലെ എട്ടു മണിയോടെ ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ ആരംഭിക്കും. ശ്രീപത്മനാഭസ്വാമിയുടെ സ്വർണ അഭിഷേക ബിംബവും വെള്ളിയിലുള്ള ശീവേലി ബിംബവും ലക്ഷ്‌മീദേവിയുടെയും ഭൂമിദേവിയുടെയും സ്വർണ അഭിഷേക ബിംബങ്ങളും അഭിശ്രവണ മണ്ഡപത്തിൽ വച്ച് 81 സ്വർണക്കുടങ്ങൾ ഉപയോഗിച്ചു കലശമാടുന്നതാണ് ആദ്യ ചടങ്ങ്. തെക്കേടത്തു നരസിംഹസ്വാമി, തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി മൂലവിഗ്രഹങ്ങളിൽ ഇതേസമയം നവകവും ആടുന്നു. ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയുള്ളതാണ് ഈ ചടങ്ങ്. കലശപൂജയ്‌ക്കു ശേഷം അഭിഷേക ബിംബങ്ങൾ ശ്രീകോവിലിൽ തിരിച്ചെഴുന്നള്ളിക്കും.

അപ്പോഴേക്കും സദ്യ തയാറായിരിക്കും. ഉച്ചപൂജയ്‌ക്കൊപ്പമാണു സദ്യ വിളമ്പുക. ശ്രീകോവിലിനോടു ചേർന്ന ഒറ്റക്കൽ മണ്ഡപത്തിലാണു നിവേദ്യം. അതിനുശേഷം തന്ത്രി മടങ്ങുന്നതോടെ നാലമ്പലത്തിൽ ഇലയിട്ടു ക്ഷേത്ര പുരോഹിതർക്കും ജീവനക്കാർക്കുമെല്ലാം സദ്യ വിളമ്പും. സദ്യയുടെ പ്രസാദം ഏറ്റുവാങ്ങി തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ഭഗവാന്റെ വിരുന്നിൽ പങ്കുചേരും.

ചരിത്രം :

പെരുന്തിരമൃത് പൂജ നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങാണെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി എഴുതിയ ശ്രീപത്മനാഭക്ഷേത്രം എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊല്ലവർഷം 762 (AD 1587) ലെ ക്ഷേത്രചടങ്ങുകൾ സംബന്ധിച്ച രേഖകളിൽ ഈ പൂജയെക്കുറിച്ചു വിശദമായി വിവരിച്ചിട്ടുണ്ട്.