ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2021

ഒരുവേരന്‍ / പെരിങ്ങലം

ഒരുവേരന്‍ / പെരിങ്ങലം

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായ സസ്യം. ഒരുവേരന്‍, പെരിങ്ങലം, പെരു, പെരുക്, വട്ടപ്പെരുക് അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. Clerodendrum Viscosum | Clerodendrum infortunatum എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മയൂരജഘ്ന എന്ന് സംസ്കൃതനാമം.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇതിന്റെ ഇല കുഞ്ഞുങ്ങളുടെ മലം കോരിക്കളയാന്‍ ഉപയോഗിച്ചിരുന്നു. തന്മൂലം തീട്ടപ്ലാവില എന്നൊരു പേര് തദ്ദേശങ്ങളില്‍ ഈ സസ്യത്തിന് ഉണ്ട്.

ധനുമാസത്തിലെ തിരുവാതിര നാളില്‍ ഒരുവേരന്റെ വേര് അരച്ച് അരിയോടോപ്പം ചേര്‍ത്ത് അട പുഴുങ്ങി സ്ത്രീകള്‍ കഴിച്ചിരുന്ന ഒരു രീതി ആചാരം പോലെ  കേരളത്തിലെ ചില പ്രദേശങ്ങളില്‍ നില നിന്നിരുന്നു. ഈ ആചാരം കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ വഹിച്ചിരുന്ന പങ്കിനെക്കുറിച്ച് ഇന്ന് അധികമാരും അറിയുമെന്ന് തോന്നുന്നില്ല.

സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് ഈ സസ്യത്തിന്റെ അര്‍ബുദാന്തകഗുണങ്ങളെക്കുറിച്ച് തികച്ചും ആധുനികമായ രീതിയില്‍ വളരെ വിശദമായ പഠനം നടത്തുകയും അര്‍ബുദചികിത്സയില്‍ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണ്. [https://www.scribd.com/document/330937949]

[ഔഷധപ്രയോഗങ്ങള്‍]

1] ചെടിയുടെ തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലിന്റെ നഖത്തില്‍  നിര്‍ത്തിയാല്‍ അല്‍പസമയത്തിനുള്ളില്‍ കൊടിഞ്ഞിക്കുത്ത് അഥവാ മൈഗ്രയിന്‍ [Migraine] തലവേദന മാറും. വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് വേദനയെങ്കില്‍ വലത്തേ കാലിലും ആണ് പുരട്ടേണ്ടത്. ഇല ചതച്ച് നഖത്തില്‍ വെച്ചുകെട്ടിയാലും ഫലം കിട്ടും. മുടങ്ങാതെ കുറച്ചുകാലം ചെയ്‌താല്‍ മൈഗ്രയിന്‍ പൂര്‍ണ്ണമായി ശമിക്കും എന്ന് അനുഭവസാക്ഷ്യം.

2] മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിന്‍റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദം ആണ്. മറ്റുള്ള പാമ്പുകള്‍ കടിച്ചാലും കുറവ് കിട്ടും. പൂര്‍ണ്ണമായി മാറില്ല

3] ഒരുവേരന്‍റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും. ഏതെങ്കിലും സ്ത്രീയ്ക്ക് സെര്‍വിക്സില്‍ കാന്‍സര്‍ കണ്ടാല്‍ ഒരുവേരന്‍റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ രോഗം മാറും. 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിക്കാം.

4] പ്രസവശേഷം സ്ത്രീയ്ക്ക് ഒരുവേരന്‍റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചുകൊണ്ടുവന്ന് അരി ചേര്‍ത്തരച്ച് അപ്പം ചുട്ടു കൊടുത്താല്‍ കോഷ്ഠശുദ്ധി ഉണ്ടാകും. ഇത് ഒരു പാരമ്പര്യരീതിയാണ്. പണ്ട് അങ്ങിനെ കഴിച്ച സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാറില്ലായിരുന്നു.

5] ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ H1N1 അണുബാധ മാറും. ഇല മാത്രമോ സമൂലമോ ഉപയോഗിക്കാം. കഷായം വെച്ചു കഴിച്ചാലും അണുബാധ മാറും

6] ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികളിലും ഒരുവേരന്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി പാലില്‍ ചേര്‍ത്തു കഴിക്കാം. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവയുടെ കഷായം കഴിച്ചാലും വൈറല്‍ പനികള്‍ മാറും

7] ഒരു വേരന്റെ തളിരില കാട്ടുജീരകം ചേര്‍ത്ത് അരച്ച് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.

പലപ്പോഴും പറമ്പിലും വഴിയോരത്തും നില്‍ക്കുന്ന ചെടികളെ ഉന്മൂലനം ചെയ്യുമ്പോള്‍ നാം അറിയാറില്ല, നമ്മുടെ ആയുസ്സിനെ സംരക്ഷിക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ഔഷധങ്ങളാണ് അവയെന്ന്. ഒരുവേരന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ഒട്ടുമിക്ക അര്‍ബുദങ്ങളിലും അതീവഫലപ്രദമാണ് ഒരുവേരന്‍. സംരക്ഷിക്കുക.

NB :- നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക.

ഗായത്രിയുടെ ശക്തിധാരകൾ

ഗായത്രിയുടെ ശക്തിധാരകൾ

ഗായത്രീസാധനയില്‍ ആത്മാവും പരമാത്മാവും തമ്മില്‍ തനിയെ വാര്‍ത്താവിനിമയം നടക്കുന്ന ഒരു സ്ഥിതിയുണ്ട്. ഈ ദിവ്യസമാഗമംമൂലം ദിവ്യമായ ഫലങ്ങള്‍ ലഭിച്ചുതുടങ്ങുന്നു. ഈ സ്ഥിതിവിശേഷത്തിന് 'അജപ' എന്നുപറയുന്നു.

ഗായത്രീസാധനയിലെ 'സോഹം' സാധനയാണ് അജപ. ഇതിനു 'ഹംസയോഗ'മെന്നും പറയുന്നു. ഗായത്രിയുടെ വാഹനം ഹംസമാണ്. ഗായത്രിയുടെ വാച്യാര്‍ത്ഥം പ്രാണനെ ത്രാണനം ചെയ്യുന്നത് (രക്ഷിക്കുന്നത്) എന്നാണ്. 'ഗയം' എന്നാല്‍ പ്രാണന്‍; 'ത്രി' എന്നാല്‍ ത്രാണനം ചെയ്യുന്നത്; പ്രാണത്വം വിശേഷരൂപത്തില്‍ പ്രാണായാമം മുഖേന പ്രവേശിക്കുന്നു. ഗായത്രീസാധനയില്‍ 24 പ്രാണായാമങ്ങള്‍ കല്പിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'സോഹം' സാധനയാണ്. അത്യുത്തമമായ രീതിയില്‍ രക്തപ്രവാഹം നടത്തുന്ന പ്രാണായാമമാണ് ഇത്. സാധാരണരീതിയില്‍ പ്രാണായാമം ചെയ്യുമ്പോള്‍ ഇച്ഛാശക്തി, ചിന്താശക്തി, ശാരീരികചലനം ഇവയാണ് പ്രവര്‍ത്തിക്കുന്നത്. സോഹം സാധനയില്‍ ഇതെല്ലാം ആത്മാവ് സ്വയം നിര്‍വഹിക്കുന്നു. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആവശ്യം വേണ്ടിവരുന്നതേയില്ല.
ശ്വാസം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ 'സോ' എന്നുള്ള സൂക്ഷ്മധ്വനി ഉണ്ടാകുന്നു. ശ്വാസം പുറത്തേക്കുവിടുമ്പോള്‍ 'ഹം' എന്ന ധ്വനിയുടെ അനുഭൂതി ഉളവാകുന്നു. ഈ ധ്വനികള്‍ വളരെ ലോലമാണ്. സ്ഥൂലമായ കര്‍ണ്ണേന്ദ്രിയങ്ങള്‍ക്ക് അവ കേള്‍ക്കാനാവുന്നില്ല. ധ്യാനധാരണയിലൂടെ ധ്വനിയുടെ തന്മാത്രവരെ എത്തുമ്പോഴാണ് ഈ അനുഭൂതി വ്യക്തമാകുന്നത്. ശാന്തചിത്തതയോടും ഏകാഗ്രതയോടും ഉള്ളിലേയ്ക്കു ശ്വാസമെടുക്കുമ്പോള്‍ 'സോ' എന്നതിന്‍റെയും ശ്വാസം പുറത്തേയ്ക്കു വിടുമ്പോള്‍ 'ഹം' എന്നതിന്‍റെയും ധ്വനിപ്രവാഹം ഗ്രഹിക്കുമ്പോള്‍ കുറേ സമയത്തിനുശേഷം ഈ ധ്വനി അനായാസം അനുഭവവേദ്യമാകുന്നു. കൃഷ്ണന്‍റെ വേണുനാദം കേള്‍ക്കുമ്പോള്‍ ഗോപികയ്ക്കു ഉളവാകുമായിരുന്നതുപോലുള്ള ദിവ്യാനുഭൂതി ഇന്ദ്രിയങ്ങളുടെ അടിത്തട്ടില്‍, സോഹം മുഴങ്ങി കേള്‍ക്കുമ്പോള്‍, ഉളവാകുന്നു.
ശബ്ദബ്രഹ്മത്തെപ്പറ്റി - നാദബ്രഹ്മത്തെപ്പറ്റി ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചുകാണുന്നുണ്ട്. സാധാരണഗതിയില്‍ സത്സംഗപ്രഭാഷണത്തിന് 'ശബ്ദബ്രഹ്മ'മെന്നും ഭക്തിനിര്‍ഭരമായ ഭാവസംഗീതത്തിന് 'നാദബ്രഹ്മ'മെന്നും പറയുന്നു. എന്നാല്‍ ദിവ്യമായ പ്രതിപാദനത്തില്‍ ഈ രണ്ടു പദങ്ങളും 'സോഹം' എന്ന അര്‍ത്ഥസൂചകമായിട്ടാണ് പ്രയോഗിക്കപ്പെടുന്നത്. തപസ്വികള്‍ ഇതിന് 'അനാഹത ധ്വനി' എന്നും പറയുന്നു.
ഗായത്രിയുടെ മൂലോത്സഭവസ്ഥാനം ഓംകാരമാണ്. ഇതിന്‍റെ വിസ്തൃതിയാണ് ഗായത്രിയുടെ അക്ഷരങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇതുപോലെതന്നെ നാദബ്രഹ്മത്തിന്‍റെ ബീജം 'സോഹ'മാണ്. ഇതിന്‍റെ വിസ്തൃതിയാണ് നാദബ്രഹ്മസാധനയില്‍ സൂക്ഷ്മകര്‍ണ്ണേന്ദ്രിയങ്ങളിലൂടെ മണിമുഴക്കം, മേഘഗര്‍ജ്ജനം, വീണാനാദം, മൃദംഗധ്വനി, കളകളനാദം എന്നിങ്ങനെ അനേകം ധ്വനികളിലൂടെ അനുഭവവേദ്യമാകുന്നത്. ഈ ദിവ്യധ്വനികള്‍ പ്രകൃതിയുടെ സൂക്ഷ്മമായ അന്തരാളത്തില്‍ നിന്ന് ഉയരുകയും ഇതു ശ്രവിക്കാനുള്ള കഴിവു ലഭിച്ചുകഴിഞ്ഞാല്‍ അവയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. ഇതുമൂലം ലോകത്തില്‍ നടക്കുന്ന അദൃശ്യമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അറിവ് സന്ദര്‍ശകര്‍ക്കു ലഭിക്കുകയും അവര്‍ സൂക്ഷ്മദര്‍ശികളായിത്തീരുകയും ചെയ്യുന്നു.
സാമാന്യസാധനകള്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രയത്നംമൂലമാണ് സാദ്ധ്യമാകുന്നത്. എന്നാല്‍ 'അജപാ-ഗായത്രി' ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഈ സാധനയുടെ പ്രക്രിയ സ്വയം നടക്കുകയും അന്യശക്തികളുടെ ആശ്രയംകൂടാതെ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്നു. അജപ സാധനയാണ് അതോടൊപ്പം ശക്തിയുമാണ്. 'സോഹ'ത്തിന്‍റെ അഭ്യസനത്തിനു സാധന എന്നു പറയുന്നു. അതു ആത്മാവുമായി നേരിട്ടു ബന്ധപ്പെടുകയും ഗതിചക്രം സ്വയം കറങ്ങാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയില്‍ അത് ശക്തി ആയിത്തീരുകയും ചെയ്യുന്നു. ഈ ശക്തിയുടെ സഹായത്താല്‍ സാധകന്‍ ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും പ്രാപിക്കുന്നു. ഇതു സ്വന്തം അഭ്യുദയത്തിനും ലോകനന്മയ്ക്കുംവേണ്ടി സാമര്‍ത്ഥ്യം നേടാന്‍ സഹായിക്കുന്നു.
ഗായത്രിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഹംസയോഗത്തെ പരിഗണിച്ചുകൊണ്ട് ഗായത്രിയുടെ വാഹനം ഹംസമായി കാണിച്ചിരിക്കുന്നു. ഇതു സിദ്ധമാക്കുന്നവരുടെ അന്തരംഗം നീര-ക്ഷീരവിവേചനം ചെയ്യാനുള്ള സാമര്‍ത്ഥ്യം നേടുകയും തദ്വാരാ അവര്‍ ദിവ്യദര്‍ശികളായിത്തീരുകയും ചെയ്യുന്നു. അവരുടെ ബഹിരംഗം മുത്തുകള്‍ കൊത്തിയെടുക്കുകയും കൃമികീടങ്ങളെ ഭക്ഷണത്തിനായി വര്‍ജ്ജിക്കുകയും ചെയ്യുന്ന ആദര്‍ശം പാലിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉല്‍കൃഷ്ടചിന്തയും ആദര്‍ശകര്‍ത്തവ്യങ്ങളും പുലര്‍ത്തുന്നവരെ രാജഹംസം എന്നു പറയുന്നു. കൂടുതല്‍ ഔന്നത്യത്തിലെത്തുമ്പോള്‍ ഇവരെ ത്തന്നെ പരമഹംസം എന്നു പറയുന്നു. ഈ ഉന്നതതലത്തിലെത്താല്‍ ഗായത്രിയുടെ അജപാശക്തിയുടെ അസാധാരണ അനുഗ്രഹം സഹായകമാകുന്നു.

നാരങ്ങാവിളക്ക്

നാരങ്ങാവിളക്ക്

രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്.
രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. തമോഗ്രഹമായ രാഹു ലോകത്തിന് അനിഷ്ടകാരിയാണ്. രാഹുവിന്‍റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്‍റെ അപഹാരം ഉണ്ടാകുമ്പോഴും അനിഷ്ടകാര്യങ്ങൾ സംഭവിക്കും.  ഓരോ ദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന സമയത്തെ അനിഷ്ടസംഭവങ്ങൾ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത് 

ദുർഗ്ഗാ പൂജനത : പ്രസന്ന ഹൃദയ : എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്.

രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശി ചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു. അതുകൊണ്ടു തന്നെ ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹുദോഷപരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം.

അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്.

സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്ന് രൂപത്തിലാണ് ദേവീപൂജ. സാത്വിക പൂജ ദേവിയുടെ അനുഗ്രഹത്തിനും രാജസപൂജ ആസുരശക്തികളുടെ നിയന്ത്രണത്തിനും താമസപൂജ ആഭിചാരത്തിനുമാണ്. താമസപൂജ പാപവും നിഷിധവുമാണ്. പൂവ്, പഴം തുടങ്ങിയ ഉപയോഗിച്ചാണ് സാത്വിക പൂജചെയ്യുന്നത്. കുരുതി, രക്തപുഷ്പങ്ങൾ എന്നിവയുപയോഗിച്ചാണ് രാജസപൂജകൾ ചെയ്യുന്നത്. രജോഗുണപ്രധാനമായ ഏറ്റവും അമ്ലഗുണമുള്ള വസ്തുവാണ് നാരങ്ങ അതിന്‍റെ തൊലിയിൽ ശുദ്ധമായ നെയ്യോ എണ്ണയോ ഒഴിക്കുമ്പോൾ അതിന്‍റെ തീവ്രതയേറും. ദേവീപ്രതിഷ്ഠ ഭദ്രകാളീരൂപത്തിലായതിനാൽ രജോഗുണമായ ഈ വസ്തുക്കൾ ഉപയോഗിച്ച് പൂജചെയ്യുന്നത് ദേവീപ്രസാദത്തിനും അഭീഷ്ഠസിദ്ധിക്കും ഉത്തമമാണ്

ലഘുവായ ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.

ഉദ്ദിഷ്ട കാര്യ സാധ്യത്തിനും സര്‍വ്വ ഐശ്വര്യത്തിനും ദേവി ചൈതന്യത്തിനും ദേവിയുടെ സന്നിധിയില്‍ നാരങ്ങ വിളക്ക് തെളിയിക്കുന്നതിലൂടെ ലഭിക്കും.  ജാതകദോഷം കൊണ്ടു വിവാഹത്തില്‍ കാലതാമസം ഉണ്ടാകുന്ന കന്യകമാര്‍ക്ക് ദേവീ സന്നിധിയില്‍ നാരങ്ങാ വിളക്ക് തെളിയിക്കുന്നതിലൂടെ അഭിഷ്ട മംഗല്യ സിദ്ധി ലഭിക്കും. ശ്രീ മുരിങ്ങമഠം  ഭഗവതിമാരുടെ തിരുനടയിൽ നാരങ്ങാവിളക്ക്  തെളിയിക്കുന്നത്   അഭിഷ്ട മംഗല്യ സിദ്ധിക്ക് പ്രസിദ്ധമാണ്.

വെള്ളിയും ചൊവ്വയും ആണ്  നാരങ്ങാ വിളക്ക് കത്തിക്കാൻ ഉത്തമമായ ദിവസം...

അമ്മേ നാരായണാ
ദേവി നാരായണാ
ലക്മീ നാരായണാ
ഭദ്രേ നാരായണാ..

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ...

കുംഭകോണം എന്ന ക്ഷേത്ര നഗരം

കുംഭകോണം എന്ന ക്ഷേത്ര നഗരം

ഗംഗൈകൊണ്ട ചോളപുരം

കുംഭകോണത്തുനിന്നു 35 കിലോമീറ്റർ ദൂരമുണ്ട് ഗംഗൈകൊണ്ട ചോളപുരത്തേക്ക്. ക്ഷേത്രത്തിനടുത്ത് എത്തുമ്പോഴേ റോഡിൽനിന്നു ഗോപുരം ദൃശ്യമാകും. ആറ് ഏക്കറിലായി പരന്നു കിടക്കുകയാണ് ബൃഹദീശ്വര ക്ഷേത്രം. കവാടം കടന്ന് ഉള്ളിലെത്തുന്നതോടെ മറ്റൊരു ലോകത്തെത്തിയ പ്രതീതി. കല്ലിൽ തീർത്ത വിസ്മയം എന്നു തന്നെ പറയാം. ആയിരം വർഷത്തോടടുക്കുന്ന നിർമിതിയാണെങ്കിലും പ്രൗഢിയൊട്ടും ചോരാതെ സംരക്ഷിച്ചിരിക്കുന്നു.

ചോളസാമ്രാജ്യത്തിനു പുതിയ മുഖം നൽകിയ രാജരാജന്‍ ഒന്നാമന്റെ മകനായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. തന്റെ സാമ്രാജ്യം ഗംഗാതീരം വരെ വ്യാപിപ്പിച്ചതിനാലാണ് ഗംഗൈകൊണ്ട ചോളൻ എന്ന പേരു ലഭിച്ചതെന്നും അതല്ല, ഗംഗാജലം ഒരു പാത്രത്തിലാക്കി ഈ പ്രദേശത്തെ ജലാശയത്തിൽ ഒഴിച്ചതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. ഗംഗൈകൊണ്ട ചോളപുരം എന്ന പട്ടണം സ്ഥാപിച്ച് തഞ്ചാവൂരിൽനിന്നു ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം ഇവിടേക്കു മാറ്റിയതും ഇദ്ദേഹമാണ്. പിന്നീട് 250 വർഷത്തോളം ചോളവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടം.

ഗംഗൈകൊണ്ട ചോളന്റെ പിതാവ് രാജരാജ ചോളൻ പണി കഴിപ്പിച്ച തഞ്ചാവൂർ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും. തഞ്ചാവൂർ ക്ഷേത്രത്തിന്റെ സ്ത്രീ മാതൃകയായിട്ടാണ് ഇതറിയപ്പെടുന്നത്. പക്ഷേ തഞ്ചാവൂരിനേക്കാൾ വലുതാണ് ഇവിടുത്തെ ശിവലിംഗവും നന്ദി പ്രതിമയും. തഞ്ചാവൂരിലെ ശിവലിംഗത്തിന് 12.5 അടിയാണ് ഉയരം.

ഇവിടുത്തെ ശിവലിംഗം 13.5 അടിയുള്ളതാണ്. തഞ്ചാവൂരിലെ കല്ലിൽ തീർത്ത നന്ദികേശനിൽനിന്നു വ്യത്യസ്തമായി ലൈം സ്റ്റോണിലാണ് ഇവിടെ നന്ദികേശനെ നിർമിച്ചിരിക്കുന്നത്. എങ്കിലും ഉയരത്തിന്റെ കാര്യത്തിൽ തഞ്ചാവൂരിനു തൊട്ടു പുറകിലാണ് ഇവിടുത്തെ ഗോപുരം. 55 അടിയാണ് ഗോപുരത്തിന്റെ ഉയരം. 60 മീറ്ററാണ് തഞ്ചാവൂർ ക്ഷേത്രത്തിന്റെ ഉയരം.

ക്ഷേത്രത്തിനു ചുറ്റും പുല്ലു പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചുറ്റുമതിലും ചില ഉപക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ക്ഷേത്രത്തിനു പുറത്തെ ശിലകളിൽ പഴയ തമിഴ്ലിപിയിൽ എന്തോ ചില എഴുത്തുകൾ. തമിഴ് സന്ദർശകരിൽ ചിലർ ഇതു വായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

സിംഹമുഖകിണർ

ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചു വരുമ്പോൾ സിംഹത്തിന്റെ മുഖമുള്ള ഒരു പ്രവേശനകവാടവും സമീപത്തായി ഒരു കിണറും കാണാം. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ബാണാസുരന് പുണ്യ നദിയായ ഗംഗയിൽ സ്നാനം ചെയ്യുവാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ഗംഗ ദേവിയെ തപസ്സുചെയ്തു ഇവിടുത്തെ കിണറ്റിലെത്തിച്ചു എന്നാണ് വിശ്വാസം.

ഐരാവതേശ്വര ക്ഷേത്രം

കുംഭകോണത്തുനിന്നു നാലു കിലോമീറ്റർ ദൂരമേയുളളൂ ദാരാസുരത്തുളള ഐരാവതേശ്വര ക്ഷേത്രത്തിലേക്ക്. ഇന്ദ്രന്റെ വാഹനമായ ഐരാവതത്തിന് ദുർവാസാവിന്റെ ശാപം നിമിത്തം തന്റെ വെളുത്ത നിറം നഷ്ടമാവുകയും ഈ ക്ഷേത്രത്തിലെത്തി ശിവനെ പ്രാർഥിച്ചതിന്റെ ഫലമായി നിറം തിരികെകിട്ടുകയും ചെയ്തു എന്നാണ് വിശ്വാസം. ഐരാവതത്തെ രക്ഷിച്ചവൻ എന്ന അർഥത്തിൽ ഐരാവതേശ്വരനായാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ മുഖമണ്ഡപം. രഥചക്രങ്ങളും രഥം വലിക്കുന്ന കുതിരകളും കരിങ്കല്ലിൽ കൊത്തിയതാണ്. രാവിലെ പത്തരയ്ക്കായിരുന്നു ഞങ്ങൾ ക്ഷേത്രത്തിലെത്തിയത്. നല്ല ചുട്ടുപൊള്ളുന്ന ചൂട്. പക്ഷേ ക്ഷേത്രത്തിനുള്ളിൽ നല്ല തണുപ്പാണ്. കൊത്തുപണികൾ ചെയ്ത 100 കാൽ മണ്ഡപമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൊത്തുപണികളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.

രാജരാജ ചോളൻ രണ്ടാമൻ 1160–1162 കാലഘട്ടത്തിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഗംഗൈകൊണ്ട ചോളപുരത്തുനിന്നു തലസ്ഥാനം രാജരാജപുരം എന്നു പേരുളള ഈ പ്രദേശത്തേക്കു മാറ്റിയിരുന്നു.

ശിൽകലയുടെയും എൻജിനീയറിങ്ങിന്റെയും മാസ്റ്റർപീസാണ് ബിഗ് ടെംപിൾ എന്നറിയപ്പെടുന്ന തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളൻ ഒന്നാമൻ ആറു വർഷവും 275 ദിവസവും കൊണ്ട് 1010 ലാണ് ഈ  ശിലാവിസ്മയം പണികഴിപ്പിച്ചത്. ക്ഷേത്രവിമാനത്തിന്റെ (ഗോപുരം) മകുടത്തിന്റെ നിഴൽ നിലത്തുവീഴില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. 81 ടണ്ണുള്ള ഒറ്റക്കല്ലില്‍ നിർമിച്ചതാണ് ഈ മകുടം. ക്ഷേത്രത്തിന്റെ മുകൾവശത്തേക്ക് ഒരു ചെരിഞ്ഞ പാത നിർമിച്ച് അതിലൂടെയാണ് മകുടം മുകളിലെത്തിച്ചതെന്നാണ് വിശ്വാസം.

ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്കാരം ഈ ക്ഷേത്രത്തിലുണ്ട്. ബാക്കിയുളളവയ്ക്കായി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. 2010 ൽ ‘ഭരതനാട്യം- രാജരാജേശ്വരം-1000’എന്ന പേരിൽ ക്ഷേത്രത്തിന്റെ ആയിരം വർഷം ആഘോഷിക്കുകയുണ്ടായി. ചോളകാലത്തെ കവിയും സിദ്ധനുമായിരുന്ന ഗുരു കരുവൂർ തേവർ ചിട്ടപ്പെടുത്തിയ ബൃഹദീശ്വരസ്‌തുതിക്ക് പത്മാ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ 1000 നർത്തകർ ചുവടുവച്ചു.

തീർഥാടനകേന്ദ്രം എന്നതിലുപരി സഞ്ചാരികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പൈതൃകസ്മാരകങ്ങളാണ് ഈ ചോളക്ഷേത്രങ്ങൾ. ഇന്നും അവ പോറലേൽക്കാതെ സംരക്ഷിക്കുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നമുക്ക് നന്ദി പറയാം.

വേതാളം

വേതാളം

വേതാളം എന്നു നമ്മൾ പലയിടത്തും കേട്ടുകാണും. ഭദ്രകാളിയുടെ വാഹനമായും വിക്രമാദിത്യ വേതാളവും പല കഥകളിലും കാണാം. രക്‌ത ചാമുണ്ഡിയുടെ ഭൈരവനായി വേതാൾ രുദ്രൻ എന്നു പറയാം

ആരാണ് വേതാൾ രുദ്രൻ?

ശിവപുരാണത്തിൽ രുദ്ര സംഹിതയിൽ വേദ വ്യാസൻ ഇങ്ങനെ പറഞ്ഞു -
ഒരിക്കൽ ശിവ ഭഗവാന്റെ മുഖ്യ ദ്വാരപാലകൻ ആയ ഭൈരവൻ തെറ്റ് ചെയ്‌തു, ആ തെറ്റ് കാരണം അദ്ദേഹത്തിനു ദേവി പാർവതിയാൽ ശാപം ലഭിച്ചു -
"നീ വേതാളം ആയി മാറും" എന്നു.. ദേവിയുടെ ശാപത്താൽ ഭൈരവൻ വേതാളമായി മാറി. ആ വേതാളത്തെ ആണ് വേതാള രുദ്രൻ എന്നു പറയുക.

വേതാള രുദ്രൻ ഭൂമിയിൽ വന്നു. ഭൂമിയിൽ ഭാരത ഭൂമിയിൽ കൗശകി നദിയുടെ തിരത്തു ദ്രോണാചലത്തിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ ഭാരതം മുഴുവനും 108 സ്ഥാനങ്ങൾ  ഉണ്ടാക്കി. കേരളത്തിൽ കല്ലടിക്കോടു വേതാള ഭൂമി ഉണ്ടെന്നു പറയുന്നു, എന്നാൽ അത് വ്യക്തമല്ല.

ഈ 108 വേതാള ഭൂമി "വേതാൾ ഘട്ട് " എന്നു അറിയപ്പെടുന്നു

ഈ വേതാള അവതാരം എടുക്കാൻ കാരണം ഈ ഭൂമിയിൽ ഉള്ള ഭൂത, പ്രേത, പിശാച് ഇവയിൽ നിന്നും മനുഷ്യ ഗണത്തെ രക്ഷിക്കാനാണു. ഈ കഥ അതിനു ഒരു കാരണം മാത്രം.
വേതാള ഭൈരവനാൽ പൂജിതനായ ശിവൻ "വേതാലേശ്വര ശിവൻ" എന്നു അറിയപ്പെട്ടു
"നൈനിത്താളിൽ ഉത്തരാഖണ്ഡ്ത്തിൽ 'വേതാള ഘാട്ട് " എന്ന പുരാതന ക്ഷേത്രവുമുണ്ടു.

വേതാളത്തെ ഭൂത, പ്രേത, പിശാച് തുടങ്ങിയ സൂക്ഷ്മ ശക്തികളുടെ രാജാവായി കരുതുന്നു. വേതാളം ശിവ, ശക്‌തിയുടെ മുഖ്യ ഗണവുമാണു. ശൈവത്തിലും, ശക്തി  ക്രമത്തിലും പൂജിതമാണ്.

വേതാളം പുരുഷനും, വേതാളി സ്ത്രി രൂപവുമാണ്. ഇവർ ശ്മശാനം,വനം, പർവ്വതം എന്നിവയിൽ വസിക്കുന്നു
അതീവ ശക്തി ഉള്ളവരാണു.
ദേവി ഭദ്രകാളിയുടെ വാഹനം വേതാളം തന്നെ, ചിലയിടത്തു വേതാളി എന്ന പരാമർശവുമുണ്ടു.

ഉജ്ജയിനിയിലെ മഹാചക്രവർത്തിയായ മഹാരാജാ വിക്രമാദിത്യൻ തിരുവടികൾ ഉന്നത തന്ത്ര സാധകനായിരുന്നു. അദ്ദെഹത്തിൻ്റെ ജ്യേഷ്ഠനും ഗുരുനാഥനുമായ ഭർത്തൃഹരി സ്വയം ഘോരഖ്നാഥൻ്റെ ശിഷ്യനും പരമ ദീക്ഷയായ മഹാ മേധാ മഹാ സാമ്രാജ്യ ദീക്ഷിതനായിരുന്നു അദ്ദെഹത്തിൽ നിന്നും വിക്രമാദിത്യൻ മഹാ സാമ്രാജ്യ ദീക്ഷിതനായിരുന്നു. കാളികുലം, ശ്രീകുലം എന്നീ രണ്ടിലും ഒരേ അധികാരം അദ്ദെഹത്തിനുണ്ടായിരുന്നു എന്നാലും അദ്ദേഹം കാളി കുലത്തിനു അതീവ  പ്രാധാന്യം കൊടുത്തിരുന്നു. ഗുഹ്യ കാളി, കാമ കലാ കാളി ,ദക്ഷിണ കാളി വിദ്യകളിൽ സിദ്ധനായ അദ്ദെഹം സ്വയം കാളിയുടെ വാഹനമായ വേതാളത്തിൽ സിദ്ധി വരുത്തിയിരുന്നു.

കാളി കുലത്തിൽ വേതാള സിദ്ധി അനിവാര്യമായി പറയുന്നു. വേതാളം കാളിയുടെ വാഹനമാണു. ആ വാഹനം കാളിയിലേക്ക് നയിക്കുമെന്നു കരുതുന്നു. വേതാള സിദ്ധി നേടിയ സാധകൻ അതിമാനുഷികനും ആരാലും പരാജയപ്പെടാത്തവനും ആണ്. ഇതാണു ശരിക്കും വിക്രമാദിത്യൻ ഉപാസിക്കാൻ കാരണമായതും

പിൽക്കാലത്തു സാമാന്യ ജനങ്ങളുടെ മനോരഞ്ജനത്തിനായി വിക്രമാദിത്യ പച്ചീസി എന്ന കഥ ഇറങ്ങി. വിക്രമാദിത്യനൊടു 25 ചോദ്യങ്ങൾ വേതാളം ചോദിക്കുന്നതായി. ഇന്നും ഉജ്ജയനിൽ വേതാള സാന്നിധ്യമുള്ള വൃക്ഷവും സിദ്ധനാഥ ശിവലിംഗവുമുണ്ടു. ഘട്ട് കാളി എന്ന കാളി ക്ഷേത്രവുമുണ്ടു. വിക്രമാദിത്യൻ്റെ മുഖ്യ ആരാധനാമൂർത്തിയായിരുന്നു. കാളിദാസനു ദർശനം കൊടുത്തതും ഈ കാളി തന്നെ.

വേതാളത്തെ പലരും കാമ്യ മൂർത്തിയായി ആണു ഉപാസിക്കുന്നതു. എന്നാൽ ശരിയായ കാളി ഉപാസനയിൽ സാധകൻ്റെ ധർമാർത്ഥ കാമ മോക്ഷത്തിനു വഴി തെളിക്കുന്ന വിദ്യ കൂടിയാണു. കാളിയുടെയോ ശിവൻ്റെയൊ അത്യുന്നത ഉപാസകനാൽ മാത്രമെ വേതാള ഉപാസന  സാധ്യമുള്ളൂ. കുറഞ്ഞതു കാളിയിൽ പൂർണ്ണ പുനശ്ചരണം കഴിഞ്ഞ മാത്രമെ ഉപാസകൻ ഉപാസനയ്ക്കു യോഗ്യത നേടുകയുള്ളു ,ശേഷം ശ്മശാനത്തിലിരുന്നു ശവത്തിൻമേൽ ആണു ഉപാസന ചെയ്യാനുള്ളതു ,തീർത്തും ഗുരുമുഖ പദ്ദതിയാണു വിധി പ്രകാരം ചെയ്യാത്ത പക്ഷം സ്വ നാശത്തിനിട വരും.

ഈ വേതാള ശക്തിക്കു അനവധി രൂപങ്ങളുണ്ടു.

വെതാള രുദ്രൻ
വേതാള ഭൈരവൻ
വീര വേതാളം
അഗ്നി വേതാളം
നാഗ വേതാളം
ശമശാന് വേതാളം.

നാഗ വേതാളി
ശമശാന് വേതാളി
ഉഗ്ര വേത്താളിനി 
ഇങ്ങനെ ഒട്ടനവധി വേതാൾ രൂപം ഉണ്ടു
അവരുടെ സാധനാ പദതിയും ഉണ്ടു പ്രധാനമായും സഹസ്ര മന്ത്ര സംഗ്രമം എന്ന ഗ്രന്ഥത്തിൽ പ്രതിപാതിക്കുന്നു.

തന്ത്ര സാധനയിൽ ഇവർക്കു മുഖ്യ സ്ഥാനം കല്പക്കുന്നു, വിശേഷിച്ചു കാളി, താര ഉപാസനയിൽ. താരാ വിദ്യയുടെ അധോ ആമ്നായത്തിന്റെ ദേവൻ ആണ് "അഗ്നി വേതാളം ".

മന്ത്രവാദത്തിലും, വിശേഷിച്ച് ഉത്തരഭാരതത്തിലെ "കാശമോര ക്രമത്തിൽ" വേതാൾ പ്രയോഗം മുഖ്യമാണു. ഉത്തര ഭാരതത്തിലും മഹാരാഷ്ട്ര, ഗോവ ഇനിവടങ്ങിൽ വേതാള ക്ഷേത്രങ്ങളും ഉണ്ട്. ചിലർ ഗൃഹങ്ങളിൽ രക്ഷാദേവതയായി വേതാളത്തെ പൂജിച്ച വരുന്നു.