ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2020

ചിരട്ടത്തവി ഉപയോഗിച്ചാല്‍ ആരോഗ്യം നന്നാകും...

ചിരട്ടത്തവി ഉപയോഗിച്ചാല്‍ ആരോഗ്യം നന്നാകും...

പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന ചിരട്ടത്തവി ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കിയിരുന്നു.
പണ്ടു കാലത്തെ പലതും ആരോഗ്യ ശീലങ്ങള്‍ കൂടിയാണ്. കാരണവന്മാര്‍ ചെയ്തു വന്നിരുന്ന പലതും ഇടക്കാലത്ത് പാഴെന്ന വാക്കു മാറ്റി ഇപ്പോള്‍ പലതിന്റേയും ആരോഗ്യപരമായ ഗുണങ്ങള്‍ തിരിച്ചറിഞ്ഞു വരുന്നു. ഇതിലൊന്നാണ് ചിരട്ടത്തവി. പണ്ട് ഇപ്പോഴത്തെ പോലുള്ള സ്റ്റീല്‍, നോണ്‍സ്റ്റിക് തവികളായിരുന്നില്ല, ചിരട്ടത്തവിയായിരുന്നു. ഇതുപയോഗിയ്ക്കുന്നതു കൊണ്ട് ആരോഗ്യ പരമായ ഏറെ ഗുണങ്ങളുമുണ്ടായിരുന്നു. തേങ്ങയുടെ ഗുണമില്ലെന്നു കരുതി നാം എറിഞ്ഞു കളയുന്ന ഭാഗമാണ് ഇതെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നാണിത്. ചൂടുള്ള ഭക്ഷണ വസ്തുക്കളില്‍, പ്രത്യേകിച്ചും കഞ്ഞിയിലും കറിയിലുമെല്ലാം ഇതിടുമ്പോള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി ലഭിയ്ക്കും.

ആയുര്‍വേദത്തില്‍ ചിരട്ട നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹം നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലൊന്നാന്തരം മരുന്നാണ് ചിരട്ട. കൊളസ്‌ട്രോളും പാരമ്പര്യ, ജീവിത ശൈലീ രോഗങ്ങളുടെ ഗണത്തില്‍ പെടുന്ന ഒന്നാണ്. കൂടിയ കൊളസ്‌ട്രോള്‍ അതായത് ചീത്ത, രോഗകാരിയായ കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ചിരട്ടത്തവി ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍.

പ്രമേഹത്തിന്

ജീവിതശൈലീ, പാരമ്പര്യ രോഗങ്ങളില്‍ പെടുത്താവുന്ന പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ചിരട്ട . ചൂടുള്ള ഭക്ഷണ വസ്തുക്കളില്‍, പ്രത്യേകിച്ചും കഞ്ഞിയിലും കറിയിലുമെല്ലാം ചിരട്ടത്തവി ഇടുമ്പോള്‍. ചകിരിയിട്ടു തിളപ്പിച്ച വെള്ളവും ചിരട്ട വെന്ത വെള്ളം പോലെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ്. രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍. ഇതിലെ നാരുകളാണ് പ്രധാനമായും ഈ പ്രയോജനം നല്‍കുന്നത്. ഫൈബര്‍ സമ്പുഷ്ടമാണ് ഇവ. ചിരട്ടത്തവി ഉപയോഗിയ്ക്കുന്നത്‌ പ്രമേഹം നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കൂടിയ അവസ്ഥയായ ടൈപ്പ് 2 പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധി കൂടിയാണിത്. 
തടിയും വയറുമെല്ലാം കുറയ്ക്കാന്‍
നാരുകള്‍ ധാരാളമുള്ളതു കൊണ്ടു തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇതേറെ ഗുണം നല്‍കും. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. കൊഴുപ്പുരുക്കുന്നതും ദഹനം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഗുണങ്ങളാണ്. കുടല്‍ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഇത് നല്ല ദഹനവും ഒപ്പം അപചയ പ്രക്രിയയും ശക്തിപ്പെടുത്തും. ഇതാണ് ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നു പറയുന്നത്.

ശരീരത്തിന് പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഹൃദയത്തിന്റെ ചങ്ങാതി കൂടിയാണെന്നു പറയാം. ചിരട്ടയിട്ട വെള്ളവും ചിരട്ടത്തവിയും. ടോക്‌സിനുകള്‍ ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ്. വെള്ളം ശുദ്ധീകരിയ്ക്കാനായി ചിരട്ട വെള്ളത്തിലിടാറുണ്ട്. ഇതേ പ്രക്രിയ തന്നെ ചിരട്ട ശരീരത്തിനും നല്‍കുന്നുണ്ട്.

ഇതിലെ നാരുകള്‍
ഇതിലെ നാരുകള്‍ കുടല്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കും. കുടല്‍ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. കുടലിലൂടെ വേസ്റ്റ് ഉല്‍പന്നങ്ങള്‍ വേഗത്തില്‍ നീങ്ങുന്നതും നല്ല രീതിയില്‍ ദഹനവും ഇതിലൂടെ സാധ്യമാകും. ഇത് നല്ല രീതിയില്‍ ശോധന നടക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ട നല്ലൊരു മരുന്നാണ്. ചിരട്ടയിട്ടു തിളപ്പിച്ച വെള്ളത്തിന്റെ മറ്റൊരു ഗുണമെന്നത് ഇത് നല്ല ശോധന നല്‍കുമെന്നതു കൂടിയാണ്. ഈ രീതിയിലും ഇതു തടി കുറയാന്‍ സഹായിക്കുന്നു. വയറിന്റെ ആകെയുള്ള ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്ന ഒരു വഴിയാണിത്.

മോരിനെ കുറിച്ച് അറിയാമോ?

മോരിനെ കുറിച്ച് അറിയാമോ?

ഉത്തരേന്ത്യയിൽ തൈരിനാണ് പ്രാധാന്യം കൂടുതൽ  എങ്കിൽ, നമ്മുടെ നാട്ടിൽ അത് മോരിനാണ്..

ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണത്രേ ഏറ്റവുമധികം മോര് ഉപയോഗിക്കുന്ന രാജ്യങ്ങൾ..!

ആയുർവേദത്തിലിതിനെ തക്രം എന്ന് വിളിക്കാം.

സ്വൽപ്പം വെള്ളം ചേർത്ത്,
തൈര് കടഞ്ഞെടുത്താൽ മോര് റെഡി.

അഷ്ടാംഗ ഹൃദയത്തിൽ,
മൂന്നു രീതിയിൽ
മോര് ഉണ്ടാക്കുന്നതിനെ പറ്റി വിധിയുണ്ട്..

കൊഴുപ്പ് തീരെ കളയാതെ കട്ടിയുള്ള മോരാണ് ഒന്ന്.

മറ്റൊന്ന്,പകുതി കൊഴുപ്പ് കളഞ്ഞ്,
ഒരു മീഡിയം കട്ടിയിൽ ഉണ്ടാക്കുന്ന തരം മോരാണ്..

വെണ്ണ മുഴുവനും എടുത്ത്,
കൊഴുപ്പില്ലാതെ ഉണ്ടാക്കുന്ന മൂന്നാമത്തെ തരത്തിലുമുണ്ട് മോര്..
ഇത് നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്..

നമ്മുടെ സ്വന്തം സംഭാരം തന്നെ...! 

ഇഞ്ചിയും കറിവേപ്പിലയും നാരകത്തിലയും ഉപ്പും ചേർത്തുണ്ടാക്കുന്ന സംഭാരം രുചികരം മാത്രമല്ല,
ഫാറ്റി ലിവർ പോലുള്ള കരൾ രോഗങ്ങളിലും ദഹന പ്രശ്നങ്ങൾക്കും ഉത്തമവുമാണ്..
ചൂടുകാലത്ത് നിർജ്ജലീകരണം തടഞ്ഞു കൊണ്ട്,
Electrolyte balance ക്രമീകരിക്കാൻ ഒട്ടൊക്കെ സഹായകവുമാണ്..

സംഭാരമാക്കി  കഴിച്ചാൽ
സൈനസൈറ്റിസ് തുടങ്ങിയ കഫ രോഗങ്ങൾ ഒന്നും വർദ്ധിക്കുകയുമില്ല.

പക്ഷേ, പുളിയുള്ള മോര് കഴിക്കുമ്പോൾ അത്
തൊണ്ടയിലെ കഫത്തെ വർദ്ധിപ്പിക്കാം

മോരിന് ഗുണങ്ങൾ നിരവധിയാണ്.

തൈരിനെ പോലെ കാര്യമായ പഥ്യ നിർദ്ദേശങ്ങൾ ഒന്നുമില്ലാതെ, ഏത് കാലത്തും അവസ്ഥയിലും
പൊതുവേ ഉപയോഗിക്കുകയുമാവാം.

🔹 മോരിന് പുളി രസമാണ്.
കഫ വാത ശമനം.
ഉഷ്ണ വീര്യം.
രൂക്ഷ സ്വഭാവം.

🔹 Bleeding ഇല്ലാത്ത മൂലക്കുരു/ അർശസ്സിൽ
മോരിനോളം പോന്ന ഔഷധമില്ല.

"മോരിനെ കൊണ്ട് നിശ്ശേഷം നശിപ്പിക്കപ്പെട്ടതായ അർശസ്സുകൾ വീണ്ടും മുളച്ചു പൊന്തുന്നില്ല" എന്നൊരു ശ്ലോക ശകലം തന്നെയുണ്ട്..!

🔹 ദഹന സംബന്ധമായ പ്രശ്നങ്ങൾ, കരൾ- പ്ളീഹ
(Spleen)  രോഗങ്ങൾ എന്നിവയിൽ നിത്യവും കഴിക്കണം.

🔹 'ഗ്രഹണി' എന്ന പേരിൽ അറിയപ്പെടുന്ന വിവിധ തരം ആഗിരണ പ്രശ്നങ്ങൾക്ക്
( Mal- absorption syndrome) അത്യുത്തമം.

🔹 നീർക്കെട്ടിലും അതിസാരത്തിലും ഗുണ പ്രദം.

🔹 അമിത വണ്ണം, അരുചി
എന്നിവയിലും ശ്രേഷ്ഠം.
ബി. കോംപ്ലക്സ് വൈറ്റമിനുകളും വൈറ്റമിൻ ഡി യും സമൃദ്ധം.
ക്ഷീണവും വിളർച്ചയും അകറ്റും.
രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറ്റവും നല്ലത്.

🔹മോര് ഒരു സമ്പൂർണ ആഹാരമാണ്.
പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, വിറ്റമിനുകൾ,
ലിപിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്.

🔹പാലിലെ പോലെ കൊഴുപ്പ് ഇല്ലെങ്കിലും,
അത്ര തന്നെ കാൽസ്യം ഇതിലുണ്ട്..

🔹 പ്രമേഹം ഉള്ളവർക്ക് മോര് നന്നായി ഉപയോഗിക്കാം..

🔹 നല്ലൊരു പ്രൊ- ബയോട്ടിക്ക് ആയതിനാൽ
മൂത്രാശയ- Vaginal അണുബാധകളിൽ
നല്ലതാണ്...

🔹 ജലദോഷത്തിന്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മോരിൽ ചേർത്ത് കഴിക്കുന്നത് ഏറെ ഫല പ്രദം.

🔹 കറിവേപ്പിലയും മഞ്ഞളും ഇഞ്ചിയും ചേർത്ത് മോര് കാച്ചിയത് പല ഉദര രോഗങ്ങളിലും നല്ലതാണ്...
വയറിലേയും കുടലിലേയും നീർവീക്കം ശമിപ്പിക്കും..

മുക്കുടി എന്ന ഒരു തരം ഔഷധങ്ങൾ ഇട്ടു  കാച്ചിയ മോര് ഉണ്ട്...
അത് അതിസാര രോഗത്തിൽ ഔഷധമാണ്.

പുളിയാറില ചേർത്ത് കാച്ചിയ മോര്,
അതിസാര- ഗ്രഹണീ രോഗത്തിൽ
പെട്ടെന്ന് ഫലം ചെയ്യും..

നിറം കലർത്തിയ കൃത്രിമ പാനീയങ്ങൾക്ക്, പകരം നമ്മുടെ തനത് പാനീയമായ മോരിനെ വീണ്ടും ഉപയോഗിച്ചു തുടങ്ങാം.
മോര് ചേർത്ത കറികളും പുളിശ്ശേരിയുമൊക്കെ നമുക്ക് വ്യാപകമാക്കാം..

ആരോഗ്യം തിരിച്ചു പിടിക്കേണ്ട സമയമാണ്.

17 September 2020

ഗുരുവായൂരപ്പ സ്തോത്രം

ഗുരുവായൂരപ്പ സ്തോത്രം.

ചരണപങ്കജം തൊഴുന്നവർക്കെല്ലാം
സുരതരുപോലെയഭീഷ്ടമേകിയും
ചരാചരങ്ങളെ ബ്ഭരിച്ചുമെപ്പൊഴും
ഗുരുവായൂരെഴും ഭഗവാനേ കൃഷ്ണാ

പരമാത്മാവേ നിൻഹിതമറിയുവാ-
നൊരുവനുമിന്നു ജഗത്തിലില്ലല്ലോ
കരുണ ചെയ്യണേ ജനങ്ങളിലെല്ലാം
കരുണാവാരിധേ ഗുരുവായൂരപ്പാ.

പിഴച്ചബുദ്ധിയുള്ളവരെയൊക്കെ നേർ
വഴിക്കു നിത്യവും നടത്തിടേണമേ
പിഴകളൊക്കെയും പൊറുത്തു കൊണ്ടു നിൻ
കഴൽക്കുചേരാനുമനുഗ്രഹിയ്ക്കണേ.

വിപത്തും സമ്പത്തും വിചാരിച്ചു കണ്ടാൽ
വിധിമതമെന്നു വരുന്നതാകിലും
വിധിലിഖിതത്തെ വിലംഘിച്ചിടാനും
വിഭുവല്ലോ ഭവാൻ മരുൽപുരേശ്വരാ.

മരണകാലത്തു ഭവൽസ്വരൂപത്തെ
മരതകവർണ്ണാ തെളിഞ്ഞു കാണണേ
മുരളിനാദമാമമൃതുകൊണ്ടെന്റെ
മരണസങ്കടമകറ്റിടേണമേ

ജയ രമാപതേ ജയ കൃപാലയാ
ജയ ജഗത്ഗുരോ ജയ ജനാർദ്ദനാ
ജയ ജയ വിഷ്ണോ ജയ ജയാച്യുതാ
ജയ ജയ ഹരേ ജയ ജയ കൃഷ്ണാ

ജയ ജയ ജയ കമലലോചനാ
ജയ ജയ ജയ പരമപുരുഷാ
ജയ ജയ ജയ കിരീടിസാരഥേ
ജയ ജയ ജയ ഗുരുവായൂരപ്പാ.

ജഗത്തിനൊക്കെയും പതിയായുള്ള നീ
ജയിയ്ക്ക മേൽക്കുമേൽ ജയിയ്ക്ക മേൽക്കുമേൽ.
ചരാചരാത്മാവാം ഭവാനെല്ലാവർക്കും
അരുളിടേണമേ പരമ മംഗളം.

16 September 2020

രാത്രിയിൽ ജപിക്കേണ്ട വേദമന്ത്രങ്ങൾ

രാത്രിയിൽ ജപിക്കേണ്ട വേദമന്ത്രങ്ങൾ

യജുർവേദം മുപ്പത്തിനാലാം അദ്ധ്യായത്തിൽ, ഒന്നു മുതൽ ആറു വരെയുള്ള മന്ത്രങ്ങളാണ്, ശിവസൂക്തമെന്ന് അറിയപ്പെടുന്നത്.

വാസ്തവത്തിൽ, രാത്രിയിൽ കിടക്കുമ്പോൾ ജപിക്കേണ്ട മന്ത്രമാണിത്. സ്വസ്ഥമായ ഉറക്കം, ഈ മന്ത്രം പ്രദാനം ചെയ്യുന്നു. അതിലുപരി ഉറക്കത്തിൽ നിന്ന് സദാ ഉണർന്നിരി ക്കുന്ന ആയിരം സൂര്യന്മാരുടെ പ്രഭയുള്ള ജഗദീശ്വരൻ, തന്നിൽ തന്നെയുണ്ടെന്ന ബോധവും, ഈ മന്ത്രജപത്തിലൂടെ സിദ്ധിക്കുന്നു.

1. ഓം യജ്ഞാഗ്രതോ ദുരമുദൈതി ദൈവം തദു സുപ്തസ്യ തതൈവൈതി ദുരംഗമം ജ്യോതിഷം ജ്യോതിരേകം തന്മേ മനഃ ശിവസങ്കല്പമസ്തു!

അർത്ഥം

ഉണർന്ന അവസ്ഥയിൽ, മനസ്സ് സദാ ഓടിപ്പോവു കയാണ്. ഉറക്കത്തിലും, നിശ്ചലമായ മനസ്സ് ഓടിക്കൊണ്ടിരിക്കും. അങ്ങനെയുള്ള എന്റെ, പ്രകാശങ്ങളുടെ പ്രകാശമായ ദൈവമനസ്സ് ദിവ്യഗുണയുക്തമായ, ഇന്ദ്രിയങ്ങളെ പോലും പ്രകാശിപ്പിക്കുന്ന മനസ്സ്, ശുഭ വിചാരങ്ങ ളുള്ളതാകട്ടെ!

2.  ഓം യേന കർമാണ്യപസോമനീഷിണോ യജ്ഞേ കൃണ്വന്തി  വിദഥേഷു ധീരാഃ യദപൂർവം യക്ഷമന്തഃ പ്രജാനാം  തന്മേ മനഃ ശിവസങ്കല്പമസ്തു!

അർത്ഥം

മനസ്സു കൊണ്ടാണ്, നാം ധീരരാകേണ്ടത്. പുരുഷാർത്ഥികളാകേണ്ടത്. ധർമം, അർത്ഥം, കാമം, മോക്ഷം എന്നിവ നാം നേടേണ്ടതും ഈ മനസ്സുകൊണ്ടുതന്നെ.

മനസ്സിന് ശക്തിയില്ലങ്കിൽ നമുക്കിതൊന്നും നേടാനാകില്ല. അതിനാൽ, എന്റെ മനസ്സിന് ശക്തിയുണ്ടാകണം. ബുദ്ധിയുണ്ടാകണമെങ്കിൽ, മനഃസംയമനം വേണം. അങ്ങനെ, സർവവിധ പുരോഗതിക്കും വേണ്ടി, മനസ്സ് ശിവ സങ്കൽപയുക്തമാകട്ടെ!

3.  ഓം യത്പ്രജ്ഞാനമുതധൃതിശ്ച യഞ്ജോതിരന്തരമൃതം പ്രജാസു യസ്മാന്നേ ഋതേ കിം ചന കർമ ക്രിയതേ  തന്മേ മനഃ ശിവസങ്കല്പമസ്തു!

അർത്ഥം

എന്റെ മനസ്സ്, ജ്ഞാനം കൊണ്ട് നിറയണം. ചിന്താശക്തിയാൽ യുക്തമാകണം. അങ്ങനെ എല്ലാ ജീവികളിലും പ്രകാശിക്കുന്ന “ജ്യോതിസ്സിനെ”, കാണാൻ എനിക്ക് കഴിയണം. ഈ മനസ്സില്ലെങ്കിൽ, എനിക്കൊന്നും ചെയ്യാൻ കഴിയില്ല. നല്ല കർമ്മങ്ങൾ ചെയ്യാൻ സാധിക്കണമെങ്കിൽ, നല്ല മനസ്സുവേണം. ആ ജ്യോതിസ്സിന്റെ പ്രകാശത്തിൽ, നല്ല ബുദ്ധിയും, നല്ല ശക്തിയും മനസ്സുമുണ്ടാകണം. അപ്പോൾ, പല തരത്തിലുള്ള ആശയങ്ങൾ, നമ്മുടെ മനസ്സിലേക്ക് കടന്നു വരും. ലോകത്തെ ഭരിക്കുന്നത്, ആശയമാണ്. ഒരിക്കലും മറക്കാതിരിക്കുക. അങ്ങനെ ഗംഭീരങ്ങളായ നേട്ടങ്ങളുണ്ടാക്കുന്നതിന്, എന്റെ മനസ്സ് ശിവ സങ്കൽപയുക്തമാകട്ടെ!

4.  ഓം യനേദം ഭൂതം ഭുവനം ഭവിഷ്യത് പരിഗൃഹീതമമൃതേന സർവം യേന യജ്ഞസ്തയാതേ സപ്‌തഹോതാ  തന്മേ മനഃ ശിവസങ്കല്പമസ്തു!

അർത്ഥം

മനസ്സുണ്ടായത്, ആ ചൈതന്യത്തിൽ നിന്നാണ്. മനസ്സിന്റെ മനസ്സ്, അമൃതസ്വരൂപിയാണ്. ആ മനസ്സിന്റെ മനസ്സ് ഭൂതം, ഭാവി, വർത്തമാനം എല്ലാം അറിഞ്ഞിരിക്കുന്നു. അഞ്ച് ജ്ഞാനേ ന്ദ്രിയങ്ങൾ, അഹംബുദ്ധി, ചിത്തം, എന്നിവ ചേർന്ന സപ്തർഷികൾ, കർമ്മങ്ങൾ അനു ഷ്ഠിക്കുന്നത്, മനസ്സു കൊണ്ടാണ്. അതിനാൽ എന്റെ മനസ്സിന്, ശക്തിയുണ്ടാകണം. ആ മനസ്സ്, സദാ ശിവസങ്കൽപ്പായുക്തമായിരിക്കുകയും വേണം.

5. ഓം യസ്മിൻ ഋച: സാമയജുങ്ഷി യസ്മിൻ പ്രതിഷ്ഠിതാ രഥനാഭാ- വിവാരാ: യസ്മിങ്ശ്ചിത്തം  സർവമോതം പ്രജാനാം  തന്മേ മനഃ ശിവസങ്കല്പമസ്തു!_ ||

അർത്ഥം

യാതൊരു ധൃതി മനസ്സിലാണോ, ഋഗ്യജുസ്സാമങ്ങൾ അഥവാ ജ്ഞാനം, കർമ്മം, ഉപാസന, എന്നിവ രഥനാഭിയിലെ ആരക്കാലുകളെ പോലെ, സ്ഥിരമായി പ്രതിഷ്ഠി ക്കപ്പെട്ടിട്ടുള്ളത്, യാതൊന്നിലാണോ പ്രജകളുടെ ചിത്തമണ്ഡലം മുഴുവനും ഓതപ്രോത മായിരിക്കുന്നത്, എന്റെ ആ മനസ്സ്, ശുഭ വിചാരങ്ങളുള്ളതായി തീരട്ടെ.

6. ഓം സുഷാരഥിരശ്വാനിവ യന്മനുഷ്യാന്നേനീയതേഽഭീശുഭിർവാജിന ഇവ ഹൃത്പ്രതിഷ്ഠാ യദജീരം ജെവിഷ്‌ഠം തന്മേ മനഃ ശിവസങ്കല്പമസ്തു!

അർത്ഥം

ഉത്തമനായ സാരഥി, കുതിരകളെ മിടുക്കോടെ നയിക്കുന്നു. അതു പോലെ ഇന്ദ്രിയ ങ്ങളാകുന്ന കുതിരകളെ, കടിഞ്ഞാണിട്ട് നയിക്കുന്നതും, മനസ്സ് തന്നെ. ഹൃദയത്തിലാണ്, ആ മനസ്സുള്ളത്. അതിന് ഒരിക്കലും, ജരാനര ബാധിക്കുന്നില്ല. അത്, ഏറെ വേഗത യുള്ളതുമാണ്. അങ്ങനെയുള്ള എന്റെ മനസ്സ്, ശിവസങ്കല്പ യുക്തമാകട്ടെ!

ഈ മന്ത്രം സ്ഥിരമായി ഉറങ്ങുന്നതിനു മുൻപ്, ഒരു തവണ, അർത്ഥമറിഞ്ഞു ജപിക്കുക. മനസ്സ്, ശാന്തമായിരിക്കും. സുഖമായ ഉറക്ക മായിരിക്കും. ക്രമേണ, മനസ്സിന്റെ ശക്തിയും ചൈതന്യവും വർദ്ധിക്കും. പുതിയ ആശയങ്ങളും വിചാരങ്ങളും, മനസ്സിൽ ജന്മമെടുക്കും. യഥാർത്ഥ ചൈതന്യത്തിൽ നിന്ന്, ഉറവ എടുക്കുന്നതാ കയാൽ, അത് പ്രായോഗികമായി, വിജയിക്കുകയും ചെയ്യും. സന്ധ്യാവന്ദനവും, അഗ്നിഹോത്രവും, പ്രതിദിനം, രണ്ടു നേരം, രാവിലത്തേയും, വൈകുന്നേരത്തെയും സന്ധ്യകളിൽ, അനുഷ്ഠിക്കേണ്ടതാണ്.

8 September 2020

രഘുപതി രാഘവ രാജാറാം..

രഘുപതി രാഘവ രാജാറാം..
പതീത പാവന സീതാറാം..

ഈ ഭജന്റെ അടുത്ത വരി അറിയാമോ?

ഈശ്വർ അല്ലാഹ് തേരേ നാം..
സബ്‌കോ സന്മതി ദേ ഭഗവാൻ..
റാം റഹീം കരീം സമാൻ..
ഹം സബ് ഹേ ഉൻകീ സന്താൻ.. എന്നാണോ?

അങ്ങനെയാവും കേട്ടിട്ടുള്ളതും പാടി പതിഞ്ഞതും എന്നറിയാം.
ഗാന്ധിജിയുടെ ഇഷ്ട ഭജൻ എന്ന നിലയിൽ അങ്ങനെയൊരു വേർഷൻ ആണല്ലോ കഴിഞ്ഞ 70 വർഷമായി ഈ രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ ശരിയായ വരികൾ അങ്ങനെയല്ല.
അത് പറയും മുൻപ് മറ്റൊരു ഭജനെ പറ്റി ചോദിക്കാം.

വൈഷ്ണവ ജനതോ തേനേ കഹിയെജേ..
പീഡ് പരായി ജാനേ രേ..

ഈ ഭജന്റെ അർത്ഥം അറിയാമോ?
ഗാന്ധിജിയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഭജൻ എന്നതിൽ അപ്പുറം എന്തെങ്കിലും അറിയുമോ?

അറിയില്ലെങ്കിൽ പറയാം.
ഗാന്ധിയ്ക്കും അഞ്ചു നൂറ്റാണ്ടു മുൻപ് ജീവിച്ച ഗുജറാത്തി ഭക്ത കവി നരസിംഹ മേഹ്ത രചിച്ച വിഷ്ണു ഭജനമാണത്.
യഥാർത്ഥ വൈഷ്ണവന്റെ ലക്ഷണങ്ങൾ എന്ത്‌ എന്നാണ് ആ കാവ്യം വിശദീകരിക്കുന്നത്.
വിഷ്ണു ഭക്തന്റെ ജീവിതവും, ആദർശങ്ങളും, മനസ്ഥിതിയും എങ്ങനെയാവണം എന്നൊരു ഭജനിലൂടെ അദ്ദേഹം പറഞ്ഞു തരികയാണ്.

വൈഷ്ണവ ജനതോ തേനേ കഹിയെജേ..
പീഡ് പരായി ജാനേ രേ..

വൈഷ്ണവ ജനം എന്ന് അവരെയാണ് പറയുന്നത്.. ആരെ? അപരന്റെ പീഡയെ തന്റേതെന്ന പോലെ അറിയുന്നവരെ..

പര ദുഖേ ഉപകാർ കരേ തോയേ..
മൻ അഭിമാൻ നാ ആനേരേ..

മറ്റുള്ളവരുടെ ദുഃഖങ്ങളെല്ലാം പരിഹരിക്കുമ്പോളും അതിന്റെ പേരിൽ മനസ്സിലൊട്ടും അഭിമാനമോ അഹന്തയോ കടന്ന് കൂടാത്തവരെ..

എത്ര സുന്ദരമായ വരികൾ ആണല്ലേ?
ഇതിലും സുന്ദരവും അർത്ഥഗർഭവും പ്രൗഢവുമാണ് ബാക്കി വരികളും.
എന്നാൽ അതിലെ അർത്ഥമോ തത്വമോ നമ്മൾ ഒട്ടും ഉള്ളിലേക്കെടുത്തില്ല.
ആകെ എടുത്തത് ഗാന്ധിയ്ക്ക് ഇഷ്ടപ്പെട്ട ഭജൻ എന്ന വിജ്ഞാനവും അർത്ഥമറിയാത്ത കുറേ വരികളും അതിന്റെയൊരീണവും മാത്രമാണ്.
അങ്ങനെയാ വൈഷ്ണവ ഭജനത്തിൽ നിന്ന് വൈഷ്ണവരും വിഷ്ണുവും തന്നെ പുറത്തായി.
ഇപ്പോൾ വൈഷ്ണവരുടെ മൂല പ്രമാണങ്ങളിൽ ഒന്നായ ഗോഭക്തിയ്ക്കും ഗോഹത്യാ വിരുദ്ധതയ്ക്കും എതിരായ ധർണ്ണകളിലും ഉപവാസങ്ങളിലും വരെ വൈഷ്ണവ ജനതോ കേൾക്കാറുണ്ട്.

അതിലും കഷ്ടമാണ് രഘുപതി രാഘവ രാജാറാം എന്ന രാം ഭജന്റെ കാര്യം.
അതാണല്ലോ നമ്മൾ പറഞ്ഞു തുടങ്ങിയത്.
വൈഷ്ണവ ജനതോയുടെ അർത്ഥം മാത്രമാണ് നഷ്ടപ്പെട്ടതെങ്കിൽ രഘുപതി രാഘവയുടെ വരികൾ തന്നെ എടുത്തു കളഞ്ഞും വളച്ചൊടിച്ചും അതിന്റെ നട്ടെല്ലൊടിച്ചു നമ്മുടെ മതേതരത്വം.
ആ വക്രീകരിച്ച മതേതര വേർഷൻ ആണ്, റാമും റഹീമും കരീമും സമാനർ ആവുന്ന, ഈശ്വരനെന്നതും അള്ളാഹുവെന്നതും അവന്റെ തന്നെ പേരാകുന്ന, സർവ മത പ്രാർത്ഥന പോലെ തോന്നിക്കുന്ന ഏക ദൈവ സ്തുതി ഗീതം.

യഥാർത്ഥത്തിൽ, ഭക്ത കവി ലക്ഷ്മണാചര്യ രചിച്ച ശ്രീ നാമ രാമായണത്തിന്റെ ഭാഗമാണ് രഘുപതി രാഘവ എന്ന ഭജൻ.
ഏഴ് അദ്ധ്യായങ്ങളിലായി 108 ശ്ലോകങ്ങളിലൂടെ നാമങ്ങളായി വിവരിക്കുന്ന രാമ കഥയാണ് ശ്രീ നാമ രാമായണം.
അതിലെ 'രാം ധൂൻ' എന്നറിയപ്പെടുന്ന ഭാഗമാണ് രഘുപതി ഭജൻ.
അതിനെയാണ് 1930ൽ നടത്തിയ 240 മൈൽ ദണ്ഡി യാത്രയിൽ അണികൾക്ക് ആലപിക്കാനായി ഗാന്ധി മതേതരമാക്കിയത്.
പിന്നീടതിന് ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിഷ്ണു ദിഗംബർ പുലിസ്‌കർ ഈണം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ഹിന്ദു മുസ്ലിം ഐക്യം വളർത്താനായി ക്ഷേത്രങ്ങളിൽ നിർബന്ധമായും ഈ ഭജൻ ആലപിക്കണമെന്ന് ആഹ്വാനം ചെയ്ത ഗാന്ധി തന്നെ പള്ളികളിൽ പക്ഷെ അത് ആലപിക്കേണ്ടതില്ല എന്ന നിലപാടെടുത്തു എന്നത് മറ്റൊരു മതേതര കൗതുകമാണ്.
വെട്ടി തിരുത്തിയിട്ട് പോലും അവശേഷിച്ച രഘുപതിയും രാഘവയും രാമും സീതയും ഒക്കെ ശിർക് ആയത് കൊണ്ട് അവ ചൊല്ലാൻ നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് പ്രയാസം ഉണ്ടാവും എന്നാ മഹാത്മാവ് തിരിച്ചറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ.
എന്തൊരു കരുതൽ ആണല്ലേ ആ മനുഷ്യന്?

അങ്ങനെ രാം ധൂൻ സർവ്വ മത പ്രാർത്ഥനയായി.
യഥാർത്ഥ പാഠം വിസ്‌മൃതം ആവുകയും മതേതര പാഠാന്തരം പ്രചാരത്തിൽ ആവുകയും ചെയ്തു.
1942ൽ ഇറങ്ങിയ ഭാരത് മിലാപിൽ മുതൽ ഏറ്റവുമൊടുക്കം 2006ൽ ഇറങ്ങിയ ലഗേ രഹോ മുന്നാഭായിൽ വരെ നമ്മൾ കേട്ടത് ആ പാഠാന്തരം ആണ്.
ഇപ്പോൾ രഘുപതി രാഘവ അറിയുമോ എന്ന് ചോദിച്ചാൽ ഈശ്വർ അല്ലാഹ് തേരേ നാം എന്നാണ് ഈ നാട് കോറസായി പാടുക.

പക്ഷെ, അത് മാറാൻ പോവുകയാണ്.
കാരണം രാം ധൂനിന്റെ ഒറിജിനൽ വേർഷൻ പ്രചാരത്തിലേക്ക് മടങ്ങി വരികയാണ്.
അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം രാം ലല്ല തന്നെ അയോധ്യയിലേക്ക് മടങ്ങി വരുമ്പോൾ മറവിയിലേക്ക് വീണു പോയ രാം ഭജനകൾക്കും തിരിച്ചു വരാതെ വയ്യല്ലോ.
അങ്ങനെ ഒരു നൂറ്റാണ്ടോളം നമ്മുടെ മതേതരത്വം ഒളിച്ചു വെച്ച ലക്ഷ്മണാചര്യയുടെ ശ്രീ നാമ രാമായണത്തിലെ യഥാർത്ഥ വരികൾ ജന മനസ്സുകളിലേക്ക് തിരിച്ചെത്തുകയാണ്.

"രഘുപതി രാഘവ രാജാറാം..
പതീത പാവന സീതാറാം..
സുന്ദര വിഗ്രഹ മേഘശ്യാം..
ഗംഗാ തുളസി സാളഗ്രാം..
ഭദ്ര ഗിരീശ്വര സീതാറാം..
ഭഗത് ജനപ്രിയ സീതാറാം..
ജാനകി രമണാ സീതാറാം..
ജയ ജയ രാഘവ സീതാറാം.."

അഭിമാനത്തോടെയും സന്തോഷത്തോടെയും അത് നിങ്ങളേ കേൾപ്പിക്കാനുള്ള നിയോഗം ഞാൻ ഏറ്റെടുക്കട്ടെ.
ജയ് സിയാറാം




7 September 2020

ചട്ടമ്പി സ്വാമികൾ

ചട്ടമ്പി സ്വാമികൾ (1853-1924)

അച്ഛന്റെ പേര് ?
ans : വാസുദേവൻ നമ്പൂതിരി

അമ്മയുടെ പേര് ?
ans : നങ്ങമ പിള്ള

ചട്ടമ്പി സ്വാമിയുടെ ഭവനം?
ഉള്ളൂർക്കോട്ട് വീട് 

ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
[രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ  പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.]

ചട്ടമ്പി സ്വാമികളുടെ ഗുരു?
ans : തൈക്കാട് അയ്യ സ്വാമികൾ

സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
ans : സുബ്ബജടാപാഠികൾ

ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
ans : സ്വാമിനാഥ ദേശികർ

ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
ans : എട്ടരയോഗം

തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ans : വടിവീശ്വരം

ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
ans : തൈക്കാട് അയ്യ

‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
ans : ചട്ടമ്പി സ്വാമികളെ

ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ans : ചട്ടമ്പി സ്വാമി

ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ans : നവമഞ്ജരി

ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : ബോധോശ്വരൻ

ചട്ടമ്പി സ്വാമി സമാധിയായത്?
ans : 1924 മെയ് 5

ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പന്മന

ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
ans : ബാലഭട്ടാരക ക്ഷേത്രം

ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2014 ഏപ്രിൽ 30

ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ചട്ടമ്പി സ്വാമികൾ ജനിച്ചത്?
ans : 1853 ആഗസ്റ്റ് 25

ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
ans : കൊല്ലൂർ(കണ്ണമൂല)

അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച  ചട്ടമ്പി സ്വാമികളുടെ കൃതി?
ans : വേദാധികാര നിരൂപണം

ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
ans : പന്മന (കൊല്ലം)

*ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
ans : 1882

ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
ans : 1892

ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ans : അയ്യപ്പൻ

ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
ans : കുഞ്ഞൻപിള്ള

‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ

‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ

ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
ans : ചട്ടമ്പിസ്വാമികൾ

‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
അദ്വൈത ചിന്താ പദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ, അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം, ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം, നിജാനന്ദാവിലാസം, വേദാധികാര നിരൂപണം, വേദാന്തസാരം, പ്രാചീന മലയാളം, അദ്വൈതപഞ്ചാരം,   സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
ans : പ്രാചീന മലയാളം

പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
ans : പ്രാചീന മലയാളം

ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
ans : പ്രാചീന മലയാളം