ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 April 2020

കാളകൂട വിഷം അഥവാ ഹാലാഹല വിഷം

കാളകൂട വിഷം അഥവാ ഹാലാഹല വിഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? 

നാമെല്ലാവരും മുത്തശ്ശി കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടു പരിചയിച്ച ഒന്നാണ് പാലാഴി മഥനവും അതില്‍ നിന്നും ഉണ്ടായ കാളകൂട വിഷവും..

സമുദ്രമന്ഥനത്തിലെ കാളകൂടവിഷം എപ്പോഴും എല്ലാവർക്കും സംശയമാണ്.  എന്താണ്  കാളകൂട വിഷം.. കാളകൂട വിഷത്തിന് നാം ഹാലാഹലം എന്നാണ് പറയുക. ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നാം രുദ്രനെ നാം ഹാലാഹലം ഹാലഹലം ഹാഹലഞ്ച ഹലാഹലം ഇതി രുദ്രഃ എന്ന് പറയുന്നു.. 

ഹാലാഹലത്തിന്റെ കഥയുടെ പുറകിലെ കഥ പറയുന്നതിനു മുൻപെ നമുക്ക് ഹാലാഹലശബ്ദത്തിന്റെ അർത്ഥം  നോക്കാം..

ഹലാ ശബ്ദത്തിന് മദ്യം, പൃഥിവീ, ജലം എന്ന് അനേകാർഥകോശം പറയുന്നു.. ഹലശബ്ദത്തിന് ഹലതി ഭൂമിം കൃഷകഃ ഇതി , അതായത് കർ്ഷകൻ ഭൂമിയെ ഉഴുന്ന കലപ്പക്കാണ് ഹലം എന്ന് പറയുക.. ഹലം എന്നതിന് ഹലതി ഭൂമിമിതി   എന്ന് അർത്ഥം. ഹലാഹലം,  എന്നു പറയുമ്പോൾ ആകട്ടെ ഹലമിവ ആ സമന്താത് സർവാംഗേഷു ഹലതി കർഷതി എന്നാണ് അർത്ഥം  പറയുക.. അതായത് എങ്ങിനെയാണോ കർഷകൻ ഭൂമിയെ ഉഴുതു മറിക്കുന്നത് അതുപോലെ കലപ്പ കൊണ്ട് സ്വന്തം ശരീരത്തിലെ സർവ അംഗങ്ങളേയും ഉഴുതു മറിക്കുന്നതിനെയാണ് ഹലാഹലം എന്ന് പറയുക..

ഹാലാ എന്ന ശബ്ദത്തിന് ഹല്യതേ കൃഷ്യതേ ചിത്തമനയേതി എന്നാണ് അർത്ഥം  യാതൊന്നു കൊണ്ടാണോ ചിത്തത്തിനെ ഉഴുതു മറിക്കുന്നത് അതിനെ ആണ് ഹാലാ എന്ന് പറയുന്നത്..

ഇനി നമുക്ക്  സമുദ്രമന്ഥനത്തിലെ കഥയെ എടുക്കാം.. സമുദ്രത്തെ മന്ഥനം ചെയ്തുകൊണ്ടിരിക്കുമ്പോൾ വാസുകിയുടെ വായിൽ നിന്ന് വിഷം പുറത്തു വന്നു... നാം എന്തിനെയാണ്  കലപ്പ കൊണ്ട്  ഉഴുതുമറിക്കുന്നത്, ശരീരത്തിലെ സർവാംഗങ്ങളേയും. മന്ഥനം ചെയ്യുന്നത് ചിത്ത സ്വരൂപമായ പാലാഴിയാകുന്ന കടലിനേയും.. അതിൽ നിന്ന് ആദ്യം  വന്നത് എന്താണ്.. ഹാലാഹലം അഥവാ കാളകൂട   വിഷം. എന്തായിരിക്കും ആ വിഷം.. ഒന്നു ചിന്തിച്ചു നോക്കിയേ, എന്തായാണ്  നാം പാലാഴി മന്ഥനത്തിൽ വാസുകിയെ സ്വീകരിച്ചത്.. കാമക്രോധങ്ങളായി... അപ്പോ വാസുകിയിൽ നിന്ന് പുറത്തു വന്ന വിഷം എന്താകും.. സംശയം എന്താ, സ്വരൂപം തന്നെ വിഷം ആണെങ്കിൽ ആ  കാമക്രോധലോഭങ്ങളാകുന്ന എല്ലാ വിഷവും ചേർന്ന കാളകൂട വിഷം തന്നെ... ഒരു സാധന ചെയ്യുന്ന വ്യക്തി സ്വന്തം മനസ്സിനെ കടയുമ്പോൾ ആദ്യം കാമക്രോധമോഹലോഭങ്ങളാകുന്ന കാളകൂടമാകുന്ന വിഷം പുറത്തു വരുമെന്നർത്ഥം.. അതായത് മനസ്സിനെ കടയുന്തോറും വികാരങ്ങൾ പുറത്തുപോകും.. അതുതന്നെയാണ് വാസുകിയിലൂടെ പുറത്തു വന്ന ഹാലാഹലവും.. സാധനയുടെ ആദ്യസമയം നമ്മിലുള്ള കാമക്രോധങ്ങളാകുന്ന കാളകൂടം ആകും ആദ്യം പുറത്തുവരുക എന്ന് ആചാര്യന്മാരുടെ ഭാവം.

വാസുകിയുടെ വായിലൂടെ കാളകൂടം വന്നപ്പോ എന്താ സംഭവിച്ചത്.. ജഗത് മുഴുവൻ തന്നെ അതിന്റെ  ദോഷം അനുഭവിക്കേണ്ടി വന്നു. അതിൽ നിന്ന് രക്ഷിക്കാനാണ് എല്ലാവരും ജഗത് നിയന്താവായ ശിവനെ അഭയം പ്രാപിച്ചത്.. അതായത് നമ്മിലൂടെ പുറത്തുവരുന്ന ഈ കാളകൂടമാകുന്ന കാമക്രോധങ്ങൾ ജഗത്തിനെ തന്നെ ബാധിക്കും എന്നർത്ഥം 

ജഗത്തിനെ രക്ഷിക്കുന്നതിന് കാളകൂടത്തെ ശിവൻ കുടിച്ചു  എന്നും  ശിവന്റെ കണ്ഠത്തില്‍ പിടിച്ചു വിഷത്തെ ദേവി തടഞ്ഞു എന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അതെന്താണ്.. അത് മനസ്സിലാകണമെങ്കിൽ ആദ്യം ഈ വിഷമാകുന്ന കാമവും ക്രോധവും ഒക്കെ നമ്മളിൽ വരുമ്പോൾ അതെവിടെയാണ് സ്വാധീനിക്കുക എന്നാലോചിക്കുക. സംശയമെന്താണ് മനുഷ്യരുടെ ബുദ്ധിയേയും  ഹൃദയത്തേയും. നിനക്കെന്താ ബുദ്ധി നഷ്ടം വന്നിരുന്നോ ഇങ്ങിനെ ചെയ്യാൻ.. അവനൊന്നും ഹൃദയമില്ലായിരുന്നോ ഇത്ര ദുഷ്കർമ്മം  ചെയ്യാൻ എന്നൊക്കെ  നാം പറയാറില്ലെ.. ഇത് പറയേണ്ടി വരുന്നത് മനുഷ്യരിൽ കാളകൂടമാകുന്ന വിഷം സ്വാധീനിക്കുമ്പോഴാണ്.... മധു തിഷ്ഠതി വാചി യോഷിതാം ഹൃദയേ ഹലാഹലം മഹദ്വിഷം.  എങ്ങിനെയാണോ മധു വാക്കുകളിൽ നിൽക്കുന്നത് അതുപോലെ ഹൃദയത്തിലാണ് ഹാലാഹലം എന്ന മഹദ്വിഷം ഉള്ളത് എന്ന് ആചാര്യന്മാരു തന്നെ പറയുന്നു..ഈ കാളകൂടമാകുന്ന വിഷത്തെയാണ്  നാം മന്ഥനത്തിലൂടെ പുറത്ത് കളയുന്നത്..  അപ്പോ വിഷം മറ്റുള്ളവരുടെ ഉള്ളിൽ ചെന്നാലെന്താ ഉണ്ടാകുക..ജഗത്തിന് പ്രശ്നം ആകും.. അത് അകത്തുപോയാലോ സ്വയം ഹൃദയത്തിനും ബുദ്ധിയ്കും പ്രശ്നം. അതുകൊണ്ട്   ശിവൻ അത് കുടിച്ചു.. അതുകണ്ടിട്ട് ദേവി എന്തുചെയ്തു. ശിവന്റെ തൊണ്ടയിൽ കയറി പിടിച്ച് വിഷം ഹൃദയത്തിലേക്ക് വരാതെ നിർത്തി..

ശിവനെ ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും ദേവിയെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും സ്വീകരിച്ചാല്‍ ദേവി ചെയ്തത് കാളകൂടമെന്ന വിഷത്തെ   ബുദ്ധിക്കോ  ഹൃദയത്തിനോ ദോഷംവരാതേയും അതുപോലെ തന്നെ അതു  പുറത്തുവന്ന്  പ്രകൃതിക്കോ ദോഷം വരാത്ത വിധത്തിൽ അതിനെ കണ്ഠത്തിൽ തന്നെ പിടിച്ചുനിർത്തി
 നാം മനസ്സിനെ മന്ഥനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളായ കാളകൂടത്തെ കണ്ഠത്തിൽ തന്നെ  അടക്കി നിർത്തി   ചന്ദ്രനു കളങ്കം എങ്ങിനെയാണോ ശോഭയെ നൽകുന്നത്,  കാളകൂട വിഷം എങ്ങിനെയാണോ നീലകണ്ഠനു  ശോഭയെ നൽകുന്നത്  അതുപോലെ ശോഭയുള്ളതാക്കി തീർക്കണം എന്നർത്ഥം  അതായത് നമ്മിലെ കാമക്രോധങ്ങൾ തനിക്കോ മറ്റുള്ളവർക്കോ ദോഷത്തെ കൊടുക്കാതെ  സാധകൻ അതിനെ നിയന്ത്രിക്കണം എന്നർത്ഥം. ഹാലാഹലമായ കാമക്രോധമോഹലോഭങ്ങളെ അടക്കുമ്പോൾ   ബുദ്ധിയും ഹൃദയവും ശുദ്ധമായി തീരുകയും സത്വസ്വരൂപമായി തീർന്നു നാം സ്വയം അമൃതായി മാറി  അമരത്വം നേടുകയും ചെയ്യുന്നു..

നമ്മുടെ ആചാര്യന്മാൻ പുരാണങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും യഥാർത്ഥത്തിൽ ഓരോ വ്യക്തികൾക്കും  ഉള്ള മാർഗ്ഗനിർ ദേശങ്ങളെയാണ് പറഞ്ഞുതരുന്നത്.. ആകെ വേണ്ടത് അതു മനസ്സിലാക്കാനുള്ള ഭാവം മാത്രമാണ്.. ആ തത്ത്വങ്ങളെ മനസ്സിലാക്കാനുള്ള ശ്രദ്ധയും ക്ഷമയും.. 

സഹസ്രകവചൻ

സഹസ്രകവചൻ 

ഞാൻ സഹസ്രകവചൻ ആയിരം കവചങ്ങളുമായി ജനിച്ചെങ്കിലും പരാജയപ്പെടാൻ വിധിക്കപ്പെട്ട ഒരു ആസുരിക ജന്മം 999 കവചങ്ങളും തകർന്നു മരണം ഉറപ്പായപ്പോൾ ഞാൻ സൂര്യമണ്ഡലത്തിൽ അഭയം പ്രാപിച്ചു കൗഥേയനായി പുനർജനിച്ചു രാധേയനായി വളർന്നു. സർവ വിദ്യകളിലും അഗ്രഗണ്യനായെങ്കിലും വിധി മറ്റൊന്നായിരുന്നില്ല ഞാൻ വീണ്ടും വരുന്നു കവചങ്ങളില്ലാതെ   മോക്ഷത്തിനായി....

ദൈത്യം സഹസ്രകവചം കവചൈഃ പരീതം
സാഹസ്രവത്സരതപഃതപഃസമരാഭിലവ്യൈഃ
പര്യായ നിർമ്മിതതപഃസമരൗ ഭവന്തൗ
ശിഷ്ടൈകകങ്കടമമും നൃഹതാം സലീലം

സഹസ്രാബ്ദം യുദ്ധം തപവുമൊരുപോൽ ചെയ്തു വിച്ഛേദ്യമാകും
സഹസ്രം വർമ്മം  ചേർന്നൊരു ദിതിജനെ ക്രീഡയോടെ ഭവാന്മാർ
തപസ്സും പര്യായത്തൊടു സമരവും ചെയ്തു ശേഷിച്ചൊരേകം

സഹസ്രസംവത്സരങ്ങളിലെ തപസ്സും സമരവും കൊണ്ടു മാത്രം മുറിക്കാവുന്ന ആയിരം കവചങ്ങളാൽ ചുറ്റപ്പെട്ട സഹസ്രകവചനെന്ന ദൈത്യനെ ഊഴംവച്ചുളള തപസ്സും സമരവും കൊണ്ട് ഒരു കവചം മാത്രം ശേഷിക്കുന്നവനാക്കി ലീലയായി ഭവാന്മാർ നിഹനിച്ചു.

നരനാരായണന്മരായി ധർമ്മന്റെയും മൂർത്തിയുടെയും   പുത്രരായി അവതരിച്ച 
ഭഗവാൻറെ ഒരു ലീല സംക്ഷേപിച്ചു പറയുന്നു.  സഹസ്രകവചനായ ഒരു ദൈത്യനുണ്ടായി. ആയിരം കവചങ്ങൾ കൊണ്ട്  രക്ഷിതനായിരുന്നതിനാൽ സഹസ്രകവചൻ എന്ന പേര്. ആ കവചങ്ങൾ ഉള്ളടത്തോളം അയാളെ തോൽപ്പിക്കാനാവുകയില്ല . ആയിരം വർഷം തപസ്സു ചെയ്ത് കഴിഞ്ഞ് ആയിരം വർഷം യുദ്ധം ചെയ്താലേ ഒരു കവചം ഭേദിക്കാനാവുകയുള്ളൂ

നരനാരായണന്മാരിൽ ഒരാൾ തപസ്സ് ചെയ്യുമ്പോൾ മറ്റേയാൾ യുദ്ധം ചെയ്യുവാൻ തീരുമാനിച്ചു.  ഇങ്ങനെ തുടർച്ചയായി സഹസ്രകവചനോട്  യുദ്ധം ചെയ്ത് ഒന്ന് ഒഴികെയുള്ള കവചങ്ങൾ നശിപ്പിച്ചു.  ഏകകവചനായിത്തീർന്ന ദൈത്യൻ യുഗാനന്തരം സൂര്യനിൽ ലയിച്ചു

ഈ സഹസ്രകവചനാണ് കർണനായി ജനിച്ചതെന്നും നരന്റെ അവതാരമായ അർജുനൻ  നാരായണ സഹായത്തോടേ കർണനെ വധിച്ചുവെന്നും പുരാണം.

അർജ്ജുനന്റെ ദിവ്യാസ്ത്ര സമ്പാദനം

അർജ്ജുനന്റെ ദിവ്യാസ്ത്ര സമ്പാദനം

കാനനവാസക്കാലത്ത് യുധിഷ്ഠിരന് ഉറക്കമില്ലായിരുന്നു. ഭീഷ്മർ, ദ്രോണർ, കർണൻ, കൃപർ, അശ്വത്ഥാമാവ് എന്നിവരെ എങ്ങനെ ജയിക്കാനാകുമെന്നകാര്യത്തിൽ മനസ്സിൽ തോന്നിയിരുന്ന അവ്യക്തത യുധിഷ്ഠിരനെ ഭയപ്പെടുത്തിയിരുന്നു. തന്റെ കുറ്റംകൊണ്ടാണ് രാജ്യശ്രീ നഷ്ടമായതും കഠിനദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്നതും എന്ന ബോധം യുധിഷ്ഠിരദുഃഖത്തെ കൂടുതൽ കഠിനമാക്കി. ഇതിനെന്താണ് പരിഹാരം എന്ന് ദ്വൈതവനവാസത്തിന്റെ അവസാനത്തിൽ വ്യാസനോടുതന്നെ ചോദിച്ചു. രാജസൂയ വിജയലഹരിയിൽ മുങ്ങിയിരിക്കുമ്പോഴാണ് പതിമ്മൂന്നാണ്ട് കഴിയുമ്പോൾ യുധിഷ്ഠിരന്റെ പിഴവുമൂലം ഇതെല്ലം നശിക്കുമെന്ന് വ്യാസൻ പറഞ്ഞത്. താൻ അനുഭവിക്കുന്ന ദുർവിധിക്ക് എന്ത് പരിഹാരമെന്നു ചോദിച്ചപ്പോഴാണ് വനവാസവും അജ്ഞാതവാസവും കഴിയുമ്പോൾ രാജ്യശ്രീ തിരികെലഭിക്കുമെന്നും അതിനുവേണ്ടി യത്നിക്കണമെന്നും വ്യാസൻ ഉപദേശിച്ചത്.

ഇക്കാര്യങ്ങൾ സുസാധ്യമാക്കുന്നതിനുവേണ്ടി പ്രതിസ്മൃതി എന്ന വിദ്യ വ്യാസൻ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല മഹേന്ദ്രൻ, രുദ്രൻ, വരുണൻ, കുബേരൻ, യമൻ എന്നിവരിൽനിന്നും ദിവ്യാസ്ത്രങ്ങൾ നേടണമെന്നും വ്യാസൻ പറഞ്ഞിരുന്നു.

വ്യാസൻ തന്നെയാണ് ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കരുതെന്ന് യുധിഷ്ഠിരനെ ഉപദേശിച്ചത്. കാരണം സ്ഥിരതാമസം ആ പ്രദേശത്തെ ജന്തുസഞ്ചയത്തെ ഉന്മൂലനം ചെയ്യും. ഈ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് സരസ്വതീനദീതീരത്തുള്ള കാമ്യകവനത്തിലേക്ക് പാണ്ഡവർ താമസം മാറ്റിയത്. കാമ്യകവനത്തിൽവെച്ച് ഒരു വിജനസ്ഥലത്തേക്ക് അർജുനനെ കൂടെക്കൊണ്ടുപോയി അനുനയത്തോടെ യുധിഷ്ഠിരൻ കാര്യം പറഞ്ഞു. അപ്പോഴത്തെ അവസ്ഥയിൽ ഭീഷ്മർ, ദ്രോണർ, കൃപർ, കർണൻ, അശ്വത്ഥാമാവ് എന്നിവർ സംരക്ഷണത്തോടെ നേതൃത്വം നൽകുന്ന കൗരവസൈന്യത്തെ പാണ്ഡവർക്ക് ജയിക്കാനാകില്ല. ജയം നേടണമെങ്കിൽ ദിവ്യശക്തിയുള്ള ആയുധങ്ങൾ സംഭരിക്കുകതന്നെ വേണം. ഒപ്പം സൈന്യശേഷിയും വർധിപ്പിക്കണം. നിലവിൽ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന രാജാവ് എന്ന അനുകൂലഘടകം ദുര്യോധനനുണ്ട്. ധനുർവേദനിപുണരായ രാജാക്കന്മാരിൽ ഭൂരിപക്ഷവും ദുര്യോധനപക്ഷത്തുമായിരിക്കും. അതുകൊണ്ട് ആയുധമികവിലും ശസ്ത്രവിദ്യയിലും മുന്നേറണം. അതിനാവശ്യമായ രഹസ്യവിദ്യ വ്യാസൻ നൽകിയിട്ടുണ്ടെന്നും അർജുനനോട് യുധിഷ്ഠിരൻ പറഞ്ഞു.

അതുപ്രകാരം ശത്രുക്കളെ വെല്ലുന്നതിനുള്ള ആയുധം സംഭരിക്കുന്നതിനായി ഏകാഗ്രചിന്തനും യോഗിയുമായി മന്ത്രസിദ്ധിവരുത്തി ഉഗ്രമായ തപസ്സോടെ ദേവതാപ്രീതിനേടാൻ അർജുനൻ തീരുമാനിച്ചു. എല്ലാ ദിവ്യാസ്ത്രങ്ങളുടെയും സൂക്ഷിപ്പുകാരൻ മഹേന്ദ്രനാണ്. ദേവതകൾ അദ്ദേഹത്തെയാണ് അതെല്ലാം ഏൽപ്പിച്ചിരിക്കുന്നത്. കൈയിൽ ഗാണ്ഡീവം, തോളിൽ അമ്പൊഴിയാത്ത ആവനാഴി, മാറിൽ പടച്ചട്ട എന്നിവയെല്ലാം ധരിച്ച് ധാർത്തരാഷ്ട്രവധം മാത്രം ആലോചിച്ച് ഹിമാലയത്തെ ലക്ഷ്യമാക്കി നീങ്ങാൻ അർജുനൻ ഒരുങ്ങിനിന്നു. പാണ്ഡവരുടെ ജീവിതവും മരണവും ഐശ്വര്യവും രാജ്യവും ഭവാനിലാണ്. ഭവാന്റെ ജനനസമയം കുന്തീദേവിക്കുണ്ടായിരുന്ന ഇച്ഛ ഭവാൻ നിറവേറ്റുക. ഭവാന്റെ വേർപാട് ദുഃഖകരം പക്ഷേ, നിവൃത്തിയില്ല. വിജയംനേടി തിരിച്ചുവരിക.

ഈ യാത്രാമൊഴികേട്ട് അർജുനൻ യാത്രതിരിച്ചു. അർജുനന്റെ യാത്രയ്ക്ക് ഭൂതങ്ങൾ വഴിമാറിക്കൊടുത്തു. ആദ്യലക്ഷ്യം ദേവേന്ദ്രനെ കാണലായിരുന്നു. ഹിമവാനിലെ ഗന്ധമാദനപർവതം കടന്ന് ഇന്ദ്രനീലത്തിലെത്തി. അവിടെ ജടാധാരിയും കൃശനുമായ ഒരു താപസിയെ കണ്ടു. ക്രോധവും ഹർഷവും വെടിഞ്ഞ് വേദഘോഷണം നടത്തുന്ന മഹാബ്രാഹ്മണരുടെ ആവാസഭൂമിയാണത്. അവർ ശാന്തരായ തപസ്വികളാണ്. അവിടെ യുദ്ധമില്ല. അതുകൊണ്ട് ആയുധം അപ്രസക്തമാണ്. ആയുധം താഴെവെക്കുക. അന്യർക്ക് അലഭ്യമായ ഈ പരമപദത്തെ ഇപ്പോൾതന്നെ ഭവാൻ പ്രാപിച്ചിരിക്കുന്നു. ഇനി എന്തിനാണ് ആയുധം- ആ താപസൻ ചോദിച്ചു. താപസവേഷത്തിലെത്തിയ ഇന്ദ്രൻ തന്റെ മകൻകൂടിയായ പാർഥന്റെ സൈ്ഥര്യം പരീക്ഷിക്കുകയായിരുന്നു. താപസവേഷം വെടിഞ്ഞ ഇന്ദ്രൻ ചോദിച്ചു. സർവകാമലഭ്യമായ പുണ്യലോകമാണിത്. അത് നേടിയതിനുശേഷവും എന്തിനാണ് ആയുധങ്ങൾ തേടുന്നത്. അപ്പോഴാണ് കാമലോഭങ്ങൾക്കൊന്നും തന്റെ മനസ്സിനെ ചലിപ്പിക്കാനാകില്ലെന്നും ദിവ്യമായ ഐശ്വര്യങ്ങൾ സമ്പൂർണമായി ലഭിച്ചാലും കാട്ടിൽ കഴിയുന്ന തന്റെ സഹോദരങ്ങളെ ഉപേക്ഷിക്കില്ലെന്നും ശത്രുക്കളായ കൗരവരോട് പകവീട്ടാതിരിക്കില്ലെന്നും അർജുനൻ ഉറപ്പിച്ചുപറഞ്ഞത്. അർജുനന്റെ നിശ്ചയദാർഢ്യത്തിലും സ്വഭാവസൈ്ഥര്യത്തിലും മതിപ്പുതോന്നിയ ഇന്ദ്രൻ ശിവനെ ഭജിക്കാനും ആയുധങ്ങൾ നേടാനും ഉപദേശിക്കുകയും ചെയ്തു.

ശിവദർശനത്തിനും ശിവപ്രീതിക്കുമായി ഘോരതപം ചെയ്യാൻ ഇന്ദ്രൻ തന്റെ മകനെ ഉപദേശിച്ചു. അങ്ങനെയാണ് ഹിമശൈലദുർഗങ്ങൾ താണ്ടി, വനദുർഗങ്ങൾ കയറി ഹിമവൽ കൊടുമുടിക്കരികെ മരത്തോലുടുത്ത് യോഗദണ്ഡ് ഏന്തി മാന്തോലും ധരിച്ച് കൊഴിഞ്ഞുവീഴുന്ന ഇലകൾ മാത്രം ഭക്ഷിച്ച് അർജുനൻ തപസാരംഭിച്ചത്. അങ്ങനെ മൂന്നാമാസം കഴിഞ്ഞപ്പോൾ പതിന്നാലു ദിവസത്തിലൊരിക്കൽ മാത്രമായി ആഹാരം. പിന്നെ വായുമാത്രം ഭക്ഷിച്ച് ഒറ്റക്കാൽ വിരലൂന്നി കൈകൾ ഉയർത്തി ഏകാഗ്രചിത്തനായി അർജുനൻ ഉഗ്രതപസ്സിൽ മുഴുകി. തപസ്സിന്റെ കാഠിന്യം ഹിമാലയസാനുക്കളിലെ ഋഷികുലത്തെയാകെ തപിപ്പിച്ചു. ഋഷിമാർ പരമശിവനെ സമീപിച്ചു. വിജയന്റെ തപസ്സിനെക്കുറിച്ചു പറയുകയും കാരണം ആരായുകയും ചെയ്തു. സ്വർഗം, ഐശ്വര്യം, ആയുസ്സ് ഇതിനൊന്നും വേണ്ടിയല്ല പാർഥന്റെ തപസ്സ്. തപസ്സിന്റെ ലക്ഷ്യം എന്ത് എന്ന് തനിക്കറിയാം. താനത് സാധിച്ചുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഋഷികുലത്തെ ശിവൻ സമാശ്വസിപ്പിച്ചു.

അർജുനൻ ഉഗ്രമായ തപസ്സുചെയ്തത് ആയുധം സംഭരിക്കാനാണ്. സ്വർഗം, ഐശ്വര്യം, ആയുസ്സ്, ആയുധം ഇവ സംഭരിക്കുന്നതിനുവേണ്ടിയുള്ള തപസ്സ് ഉത്തമമല്ല. ലോകഭോഗസംഭരണം തന്നെയാണ് ആ തപസ്സിന്റെ ലക്ഷ്യം. മോക്ഷപ്രാപ്തിക്കുവേണ്ടി ഉപയുക്തമാക്കേണ്ട യോഗവിദ്യയെ കാമസാഫല്യത്തിനായി ഉപയോഗിക്കുന്നതിനെയാണ് അധമലക്ഷ്യത്തോടെയുള്ള തപസ്സ് എന്ന് പറയുന്നത്. സ്വർഗം ഫലഭൂമിയാണ്; കർമഭൂമിയല്ല. സ്വർഗവാസസുഖകാലം കഴിഞ്ഞാൽ കർമഭൂമിയിൽ തിരികെയെത്തി വീണ്ടും കഠിനമായി യത്നിക്കണം. അതുകൊണ്ട് വിവേകശാലികളായ മുമുക്ഷുക്കൾ സ്വർഗവാസത്തിനായി തപം ചെയ്യില്ല. ഐശ്വര്യത്തിനും ആയുസ്സിനുമായി ചെയ്യുന്ന തപസ്സിനെക്കുറിച്ച് വിശേഷിച്ച് പറയാനുമില്ല. അർജുനന്റെ തപസ്സാകട്ടെ ശത്രുസംഹാരത്തിനുവേണ്ടിയുള്ള ആയുധം സംഭരിക്കുന്നതിനുവേണ്ടിയുമാണ്. തപസ്സിന്റെ ലക്ഷ്യം അധമമാണെങ്കിലും തപസ്സ് ഫലശൂന്യമല്ല. അതുകൊണ്ട് ശിവൻ അർജുനന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ശിവൻ കിരാതവേഷത്തിലാണ് അർജുനന്റെ മുന്നിലെത്തിയത്. ഇതിനിടയിൽ മൂകനെന്നുപേരായ അസുരൻ അർജുനനെ കൊല്ലുന്നതിനായി പന്നിയുടെ വേഷത്തിൽ അവിടെയെത്തി. ഒരു ദ്രോഹവും ചെയ്യാത്ത തന്നെ കൊല്ലാൻ തീരുമാനിച്ച പന്നിയെ കൊല്ലാൻ അർജുനനും തീരുമാനിച്ചു. അകാരണമായി തന്നെ കൊല്ലാൻ പന്നി തീരുമാനിച്ചതുകൊണ്ട് താൻ കൊല്ലപ്പെടുന്നതിനുമുൻപേ പന്നിയെ കൊല്ലുന്നതാണ് ഉത്തമം എന്ന യുക്തിയും അർജുനൻ പറഞ്ഞുകൊണ്ട് അവനെ ലക്ഷ്യമാക്കി അസ്ത്രം അയക്കാൻ തയ്യാറായിനിന്നു. ഈ സമയം ആ പന്നി തന്റെ വേട്ടമൃഗമാണെന്നും താനാണ് ആദ്യം ഉന്നംവെച്ചതെന്നും അതുകൊണ്ട് അർജുനന്റെ അസ്ത്രത്തെ പിൻവലിക്കണമെന്നും കിരാതൻ പറഞ്ഞു. പക്ഷേ, അതു ശ്രദ്ധിക്കാതെ സവ്യസാചി അസ്ത്രമെയ്തു; ഒപ്പം കിരാതനും അസ്ത്രമെയ്തതുകൊണ്ട് രണ്ട് അസ്ത്രവും ഒരേസമയം പന്നിയിൽ ഏറ്റു. നായാട്ടിനും നടപടിക്രമവും ചട്ടവും ഉണ്ട്. അതുപ്രകാരം ആദ്യം ഉന്നംവെക്കുന്നവനാണ് വേട്ടമൃഗത്തിന്റെ അവകാശി. അവന്റെ ശരമേറ്റ് കൊല്ലപ്പെടുക എന്നതാണ് വേട്ടമൃഗത്തിന്റെ വിധി. താൻ ഉന്നംവെച്ച മൃഗത്തിൽ കിരാതൻ അസ്ത്രമെയ്തത് നായാട്ട് ലംഘനമാണെന്നും ഇത് താൻ പൊറുക്കില്ല എന്നും താൻ കിരാതനെ കൊല്ലുമെന്നും അർജുനൻ പറഞ്ഞു. രണ്ടുപേരും പരസ്പരം ആ കാട്ടിലെത്തി പാർക്കുന്നതിന്റെ ന്യായാന്യായങ്ങളെ ചോദ്യംചെയ്തു.

ശത്രുസംഹാരനിപുണനായ താനാണ് പന്നിയെ കൊന്നതെന്ന് അർജുനനും അതല്ല തന്റെ അസ്ത്രമേറ്റാണ് പന്നി ചത്തതെന്ന് കിരാതനും അവകാശപ്പെട്ടു. അവകാശവാദം വാക്തർക്കമായി. തർക്കത്തിൽ രണ്ടുപേരും പരസ്പരം വെല്ലുവിളിച്ചു. അർജുനൻ കിരാതനെതിരേ ആദ്യം ശരംവിട്ടു. പക്ഷേ, കിരാതൻ കുലുങ്ങിയില്ല. സവ്യസാചിയുടെ ഗാണ്ഡീവത്തിൽനിന്നും പറന്ന അസ്ത്രങ്ങളെയെല്ലാം കിരാതൻ അനായാസമായി സംഹരിച്ചു. അർജുനൻ കൂടുതൽ കുപിതനായി അസ്ത്രമെയ്തു. അതും കിരാതൻ സംഹരിച്ചപ്പോൾ അദ്ഭുതംപൂണ്ട അർജുനൻ വില്ലുകൊണ്ട് കിരാതനെ അടിച്ചുകൊല്ലാൻ ശ്രമിച്ചു. അടിക്കാനോങ്ങിയ വില്ല് കിരാതൻ പിടിച്ചെടുത്തു. ഉടൻ അർജുനൻ വാളെടുത്തു വീശിയപ്പോൾ വാൾ തകർന്നു. ഒടുവിൽ മുഷ്ടിയുദ്ധമായി. അതിലും പരാജയപ്പെട്ട അർജുനൻ അബോധനായി വീണു. ബോധം തെളിഞ്ഞപ്പോൾ ശിവപൂജ നടത്തി. ശിവനിൽ അർപ്പിച്ച പൂക്കളെല്ലാം കിരാതനിൽ പതിച്ചപ്പോഴാണ് കിരാതൻ ശിവനാണെന്ന് അർജുനൻ തിരിച്ചറിഞ്ഞത്.

അർജുനന്റെ കർമബലത്തിലും ശൗര്യത്തിലും സ്ഥൈര്യത്തിലും ശിവൻ സംപ്രീതനായി. നീലകണ്ഠനും ജടാധരനുമായ കപർദിയെ അർജുനൻ മനമലർകൊണ്ട് പൂജിച്ചു. തന്റെ അപരാധങ്ങളെ പൊറുക്കണമെന്ന് പ്രാർഥിച്ചു. അറിവില്ലാതെചെയ്ത സാഹസങ്ങൾ മാപ്പാക്കണമെന്ന് അപേക്ഷിച്ചു. സന്തോഷംപൂണ്ട രുദ്രൻ താൻ എല്ലാം ക്ഷമിച്ചുവെന്നും അർജുനന്റെ കഴിവിൽ സംതൃപ്തനാണെന്നും പറഞ്ഞു. ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും തിരിച്ചുനൽകി. സംപ്രീതനായ ശിവൻ വരംവരിക്കാൻ അർജുനനെ അനുവദിക്കുകയും ചെയ്തു. അപ്പോഴാണ് ദിവ്യവും ഘോരവുമായ പാശുപതാസ്ത്രം തനിക്ക് തന്നാലും എന്ന് അർജുനൻ പ്രാർഥിച്ചത്. യുഗാന്തകാലത്ത് സർവലോകത്തെയും സംഹരിക്കുന്ന ബ്രഹ്മശിരസ്സാണ് പാശുപതം. ഭീഷ്മർ, ദ്രോണർ, കൃപർ, കർണൻ എന്നിവരുമായി യുദ്ധംചെയ്യേണ്ടിവരുമ്പോൾ ശിവപ്രഭാവത്താൽ അവരെ ജയിക്കാൻ ഈ പാശുപതം വേണം എന്നും അർജുനൻ വിശദീകരിച്ചു. ശിവപ്രിയമായ പാശുപതാസ്ത്രം സസന്തോഷം ശിവൻ അർജുനന് നൽകി. സായുധരല്ലാത്തവരിലും അശക്തരിലും പാശുപതം പ്രയോഗിക്കരുതെന്നും അങ്ങനെ പ്രയോഗിച്ചാൽ ലോകം മുടിയുമെന്നും മുന്നറിയിപ്പ് നൽകി. നോട്ടം, മനസ്സ്, വാക്ക് ഇവകൊണ്ടെല്ലാം അസ്ത്രം പ്രയോഗിക്കാനും കഴിയും.

മഹാദേവനിൽനിന്നും പാശുപതം നേടി വിജയശ്രീലാളിതനായി നിൽക്കുന്ന വിജയന്റെ മുൻപിൽ വരുണൻ, കുബേരൻ, യമൻ എന്നിവരും പ്രത്യക്ഷപ്പെട്ടു. ഒപ്പം തന്റെ പുത്രന്റെ മികവിൽ ഹർഷപുളകിതനായി ദേവേന്ദ്രനും എത്തിച്ചേർന്നു. ഇവരിൽ നാലുപേരും ലോകപാലകരാണ്. അവരുടെ പ്രഭാവത്തിലാണ് ലോകം നിലനിൽക്കുന്നത്. ആദ്യം യമനാണ് അർജുനനെ അനുഗ്രഹിച്ചത്. തേജസ്സുള്ള ക്ഷത്രിയരെ മുഴുവൻ ഫൽഗുനൻ ജയിക്കുമെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് സൂര്യപുത്രനായ കർണനെ അർജുനൻ വധിക്കുമെന്നും പറഞ്ഞു. ലോകത്തിൽ അക്ഷയമായ കീർത്തി അർജുനന് ഉണ്ടാകുമെന്ന് വരംകൊടുത്തതിനുശേഷം ആർക്കും തടുക്കാൻ സാധ്യമല്ലാത്ത ദണ്ഡ് അർജുനന് സമ്മാനിക്കുകയും ചെയ്തു. മഹത്തായ കർമം യമദണ്ഡുകൊണ്ട് നിർവഹിക്കാനുള്ള അനുജ്ഞ വാങ്ങിയതിനോടൊപ്പം വിധിപ്രകാരം ആ ആയുധം പ്രയോഗിക്കാനും പിൻവലിക്കാനുമുള്ള വിദ്യ അർജുനൻ ഗ്രഹിക്കുകയും ചെയ്തു.

ജലാധിപനായ വരുണൻ പാർഥനിൽ സംപ്രീതനായി. വരുണൻ തന്റെ വാരണപാശം എന്ന ആയുധത്തെ മന്ത്രസിദ്ധിയോടുകൂടി അർജുനന് നൽകി. ഈ ആയുധം കൈയിലിരിക്കുവോളം യമനുപോലും അർജുനന്റെമേൽ വിജയംനേടാനാകില്ല. തന്റെ ഈ ആയുധംകൊണ്ട് അടർക്കളത്തിലിറങ്ങുന്ന ക്ഷത്രിയരെ മുഴുവൻ നിശ്ശേഷം നശിപ്പിക്കാനുള്ള ശക്തി അർജുനൻ നേടി. യമനും വരുണനും ദിവ്യമായ അസ്ത്രങ്ങൾ പാർഥനു സമ്മാനിച്ചുകഴിഞ്ഞപ്പോൾ ധനാധിപനായ കുബേരൻ 'അന്തർധാനം' എന്ന അസ്ത്രം സമ്മാനിച്ചു. ദുർജയരായ അമർത്യരെപ്പോലും ജയിക്കാൻ കഴിയുന്ന ഈ അസ്ത്രത്തെക്കൊണ്ട് വിജയന് ധാർത്തരാഷ്ട്രസൈന്യത്തെ മുച്ചൂടും മുടിക്കാൻ കഴിയുമെന്ന വരവും കുബേരൻ നൽകി. മഹാദേവനായ ശങ്കരൻ ത്രിപുരന്മാരെ വധിച്ചത് ആ അസ്ത്രംകൊണ്ടാണെന്ന് വിശദീകരിക്കുകയും ചെയ്തു.

അവസാനത്തെ ഊഴം ദേവേന്ദ്രന്റേതായിരുന്നു. തന്റെ പുത്രന്റെ മഹത്തായ വിജയത്തിൽ ആഹ്ളാദിച്ച ദേവേന്ദ്രൻ അർജുനൻ സ്വർഗവാസത്തിന് അർഹതനേടിയിരിക്കുന്നു എന്ന് അറിയിച്ചു; ഒപ്പം മാതലിയെ അയക്കുകയും ചെയ്തു. സ്വർഗത്തിലെത്തിയതിനുശേഷം ദിവ്യാസ്ത്രങ്ങൾ നൽകാമെന്ന വാഗ്ദാനവും കുന്തീപുത്രന് ദേവേന്ദ്രൻ നൽകി. ദേവന്മാരാൽ ആദരിക്കപ്പെടുകയും ദിവ്യാസ്ത്രങ്ങൾ ലഭിക്കുകയും ചെയ്തപ്പോൾ സമ്പൂർണ കാമസാഫല്യം ലഭിച്ച സന്തോഷം പാർഥനുണ്ടായി. മാതലി തെളിച്ച രഥത്തിൽ സ്വർഗലോകത്തെത്തിയ അർജുനന് ഇന്ദ്രൻ അർധാസനം നൽകി ആദരിച്ചു. അതായത് ഇന്ദ്രസഭയിൽ ഇന്ദ്രന്റെ ഇരിപ്പിടത്തിൽ തന്റെ മകനായ അർജുനനെയും ഇരുത്തിയെന്നു സാരം. ഇന്ദ്രന്റെ ഇഷ്ടം മനസ്സിലാക്കിയ ദേവഗന്ധർവന്മാർ അർജുനന്റെ ഇഷ്ടം സാധിക്കാൻ കാത്തുനിന്നു. ദിവ്യമായ ആയുധങ്ങളിൽ പരിശീലനം നേടിയതിനൊപ്പം ശക്രനിൽനിന്ന് വജ്രായുധപ്രയോഗവും ഇടിത്തീപ്രയോഗവും പാർഥൻ ഗ്രഹിച്ചു.

അസ്ത്രങ്ങളെല്ലാം നേടിക്കഴിഞ്ഞപ്പോൾ തന്റെ സഹോദരങ്ങളുടെ ദുഃസ്ഥിതിയോർത്ത് അർജുനമനസ്സ് ശോകാകുലമായി. കള്ളച്ചൂതിനെക്കുറിച്ചും കർണദുര്യോധനാദികളെയും ദുശ്ശാസന ശകുനികളെയുംകുറിച്ച് ഓർത്ത് മനസ്സ് അസ്വസ്ഥമായി. സംഗീതവും നൃത്യഗീതവാദ്യങ്ങളും അഭ്യസിക്കുന്നതിനായി തന്റെ വിശ്വസ്തനായ ചിത്രസേനനെ പാർഥന്റെ മിത്രമാക്കി ഇന്ദ്രൻ കൊടുത്തു. രതിലീലയിൽക്കൂടി മകനെ വിശാരദനാക്കുന്നതിനുവേണ്ടി വൈശികതന്ത്രവിദഗ്ധയായ ഉർവശിയെ ഇന്ദ്രൻ നിയോഗിക്കുകയും ചെയ്തു. ഋഷിമാർക്കുപോലും കാമവ്യഥയുണ്ടാക്കാൻ പര്യാപ്തമായ ആ മനോമോഹിനിയുടെ അംഗലാവണ്യം പക്ഷേ, പാർഥനിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. മനസ്സും ഇന്ദ്രിയങ്ങളും ശത്രുവധത്തിൽ കേന്ദ്രീകൃതമായിരുന്നു. മഹർഷിമാരുടെപോലും മനസ്സിനെ അനായാസം ഇളക്കിയിട്ടുള്ള ആ മാദകമോഹിനിയുടെ പ്രലോഭനത്തെയും അതിജീവിച്ച മകനെ ഇന്ദ്രൻ പ്രശംസിച്ചു. അജ്ഞാതവാസക്കാലം കടക്കാൻ ഉർവശിയുടെ ശാപവും ആട്ടവും പാട്ടുമെല്ലാം ഉപകാരപ്രദമാകുമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇന്ദ്രന്റെ ആഭ്യർഥനമാനിച്ച് ലോമശമഹർഷിയെ കാമ്യകവനത്തിലെത്തി അർജുനവൃത്താന്തം അറിയിച്ചു. അതിനുശേഷം പാണ്ഡവരെക്കൊണ്ട് തീർഥാടനം നടത്തിച്ച് പാപവിമോചനം നേടാനും അതിലൂടെ ആത്മശക്തി സംഭരിക്കാനും ലോമശൻ അവരെ സഹായിച്ചു.

ആത്മശക്തിയെക്കാൾ ആയുധബലത്തെയാണ് അർജുനൻ ആശ്രയിച്ചത്. ആയുധബലത്തെ അമിതമായി ആശ്രയിക്കുന്നവന് ആത്മവിശ്വാസം കുറയും. ആത്മവിശ്വാസക്കുറവുമൂലമാണ് ഭീഷ്മരുടെ നേതൃത്വത്തിൽ ദ്രോണരും കൃപരും അശ്വത്ഥാമാവും കർണനും ദുര്യോധനാദികളും നിരന്നുനിന്ന പതിനൊന്ന് അക്ഷൗഹണിപ്പടയെ കണ്ടപ്പോൾ കുരുക്ഷേത്രയുദ്ധഭൂമിയിൽ പാർഥൻ തളർന്നുവീണത്. താൻ വിജയം കാംക്ഷിക്കുന്നില്ല എന്നും ഗുരുകാരണവരെയും ബന്ധുജനങ്ങളെയും കൊന്നൊടുക്കി വിജയം നേടാൻ തന്റെ ഹൃദയാലുത്വം തന്നെ അനുവദിക്കുന്നില്ലെന്നും ഫൽഗുനൻ പറയുകയും ചെയ്തു. പെട്ടെന്നുള്ള ഈ മനംമാറ്റത്തിന് ആസ്പദമായി അർജുനൻ നിരത്തിയ കാരണങ്ങൾ വിശ്വസനീയമല്ല. കള്ളച്ചൂതിൽ രാജ്യം നഷ്ടപ്പെട്ട അന്നുമുതൽ എന്തുചെയ്തും രാജ്യം തിരിച്ചുപിടിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു പാണ്ഡുപുത്രർ. ശത്രുസംഹാരം നടത്തി രാജ്യം തിരിച്ചുപിടിക്കുമെന്ന് പലവട്ടം പാർഥൻ പ്രതിജ്ഞചെയ്തിട്ടുണ്ട്. അതിനുവേണ്ടിയാണ് മോക്ഷോപാധിയായ തപസ്സിനെ കാമോപാധിയാക്കി അതിസംഹാരശേഷിയുള്ള ആയുധങ്ങൾ നേടിയതും സൈന്യത്തെ സംഘടിപ്പിച്ചതും കൃഷ്ണനെ കൂടെ കൂട്ടിയതും. പിന്നീട് ഗീതാവാക്യത്തിലുണർന്ന കിരീടി  വിജയം നേടിയത്  യാദൃശ്ചികമല്ല

സ്വന്തം മകനെ ഗുരുവായി ശിവന് സ്വീകരിച്ച കഥ

സ്വന്തം മകനെ ഗുരുവായി ശിവന് സ്വീകരിച്ച കഥ

ഒരിക്കൽ ബ്രഹ്മാവ് കൈലാസം സന്ദർശിച്ച സമയത്തു മുരുകനു ആവശ്യമായ ബഹുമാനം നൽകിയില്ല. മുരുകൻ കോപിഷ്ഠനായി. 

മുരുകൻ ചോദിച്ചു, "താങ്കൾ  എങ്ങനെയാണ് ജീവജാലങ്ങളെ സൃഷ്ടിക്കുന്നത്?" വേദങ്ങളുടെ സഹായത്താലാണ് താന് സൃഷ്ടികര്മ്മം നിര്വ്വഹിക്കുന്നതെന്നു ബ്രഹ്മാവ് മറുപടി പറഞ്ഞു. അപ്പോൾ മുരുകൻ അദ്ദേഹത്തോട് വേദ മന്ത്രങ്ങൾ  ഉരുവിടുവാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മാവിന് അറിയില്ലാരുന്നു. 

അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില് തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുകൻ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നിട്ടു മുരുകൻ സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു. 

ഇതില് ഭയചകിതരായ ദേവന്മാര് വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്ത്തിച്ചെങ്കിലും അദ്ദേഹം, മഹാദേവന് മാത്രമേ ഇതിനു പരിഹാരം കാണുവാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. 

പിന്നീട് വൈകാതെ മഹാദേവൻ അവിടെ എത്തിച്ചേർന്നു. അദ്ദേഹം മുരുകനോട് ബ്രഹ്മാവിനെ വിട്ടയക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഓം കാരത്തിന്റെ അർഥം  പോലും അറിയാത്ത ഒരാളെ താൻ  വിട്ടയക്കില്ല എന്നു മുരുകൻ പറഞ്ഞു.

അപ്പോൾ മഹാദേവൻ മുരുകനോട് ഓം കാര മന്ത്രത്തിന്റെ  അർഥം വിശദീകരിക്കുവാൻ അരുളി ചെയ്തു. 

മുരുകന് പറഞ്ഞതു മുഴുവന് ഒരു വിദ്യാർഥിയെപ്പോലെ മഹാദേവൻ  കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നൽകി  മുരുകനെ  അനുഗ്രഹിക്കുകയും ചെയ്തു. ശിവന്റെ ഗുരു എന്നാണ് സ്വാമിനാഥ സ്വാമി എന്ന പേരിനു അർഥം .

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ്  ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

സ്വാമിമലയിൽ  മുരുകനെ  ബാലമുരുകൻ എന്നും സ്വാമിനാഥ സ്വാമി എന്നും രണ്ടു പേരിലാണ് ആരാധിക്കുന്നത്. കൃത്രിമമായി നിർമിച്ച ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാട്ടു മലൈ എന്നും തിരുവെരങ്ങം എന്ന പേരിലും ഈ മല അറിയപ്പെടുന്നു. ക്ഷേത്രത്തിന് മൂന്നു ഗോപുരങ്ങളാണുള്ളത്. മൂന്നു ചുറ്റുപ്രദേശങ്ങൾ കൂടി ഇവിടെ കാണാം. ശിവൻ, പാർവതി , ദുർഗ്ഗ, ദക്ഷിണാമൂർത്തി ,ചന്ദികേശ്വരൻ  , വിനായകൻ   തുടങ്ങിയവർക്കുള്ള  ഉപക്ഷേത്രങ്ങളും ഇവിടെ കാണാൻ  സാധിക്കും.

മഹാലിംഗസ്വാമിയും സപ്ത വിഗ്രഹ മൂർത്തികളും  ഈ ക്ഷേത്രത്തിൽ  വാഴുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഏഴു ദിശകളിലായാണ് സപ്ത വിഗ്രഹ മൂർത്തികൾ സ്ഥിതി ചെയ്യുന്നതു.
ഭൂനിരപ്പിൽ  നിന്നും അല്പം ഉയർത്തിയാണ്  സ്വാമിനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . അറുപത് പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ . മനുഷ്യന്റെ ശരാശരി ആയുസ്സു 60 വയസ്സ് ആയി കണക്കാക്കിയാണ് 60 പടികൾ പണിതിരിക്കുന്നത്.

മൂന്നുനിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലെത്താനായി കുത്തനെയുള്ള ഗോവണികള് കയറേണ്ടതുണ്ട്. ഏറ്റവും മുകളിലത്തെ നിലയിലാണ് ശ്രീകോവില് ഉള്ളത്. 

അഭിഷേകം ചെയ്യാൻ  ആഗ്രഹമുള്ളവരെ ശ്രീകോവലിന്റെ അകത്തേയ്ക്ക് കൊണ്ടുപോകും
മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് അറുപത് മിനിറ്റ് ദൈർഘ്യമുള്ള  അഭിഷേകം നടക്കുന്നത്. 
രണ്ടാമത്തെ നിലയിൽ  ക്ഷേത്രത്തിന് ചുറ്റും നടക്കാനുള്ള പ്രദക്ഷിണ വഴിയാണ്. 

താഴത്തെ നിലയിലാണ് ശിവക്ഷേത്രമുള്ളത്. താമസവും ഭക്ഷണവും വേണമെന്നുള്ളവര്ക്ക് ക്ഷേത്രം വക സൗകര്യങ്ങള് ലഭ്യമാണ്.

തമിഴ്മാസമായ വൈകാശി (മേയ്-ജൂണ്)യിൽ  നടക്കുന്ന വൈകാശി വിശാഖമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. വിശ്വാസമനുസരിച്ച് വൈകാശിയിലെ വിശാഖം നാളിൽ  ഇന്ദ്രൻ  സുബ്രഹ്മണ്യസ്വാമിയോട് പ്രാർത്ഥിച്ചു  അരികേശ എന്നു പേരായ ഒരു അസുരനെ കൊല്ലാൻ  ആവശ്യമായ ശക്തി സ്വീകരിച്ചതത്രെ. അതിന്റെ സ്മരണയ്ക്കായാണ് ഇവിടെ വൈകാശി വിശാഖം ആഘോഷിക്കുന്നത്.

2 April 2020

എഴുത്തച്ഛനും രാമായണവും

എഴുത്തച്ഛനും രാമായണവും

ചക്കിന്റെ കണ നെഞ്ചോട് അമർത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാൻ കൂട്ടാക്കുന്നില്ല. പടു കൂറ്റൻ കാളകൾ പോലും മുക്രയിട്ട് വലിക്കുന്ന ഈ ചക്ക്, ഒരു മനുഷ്യൻ എങ്ങനെ തള്ളിനീക്കും? രാജാവ് കല്പിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ. സാധാരാണ ജനങ്ങൾക്ക് മനസിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപെടുത്തുകയും, ആ ലിപി പ്രചാരത്തിലാക്കുവാൻ ആദ്യാക്ഷരങ്ങളിൽ ആരംഭിക്കുന്ന ഹരി നാമ കീർത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ. വേദജ്ഞാനവും, ഭക്തി രസവും എല്ലാവർക്കും ഒരുപോലെ നേടിയെടുക്കാൻ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന ചിലരെ ചൊടിപ്പിച്ചതിന്റെ പരിണിത ഫലമാണ് ഈ ചക്കുന്തൽ. എണ്ണ ആട്ടുന്നതിൽ നിന്നും കിട്ടുന്ന വേതനം കൊണ്ട് മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട്. സർവ ചരാചരങ്ങളിലും ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും, ക്ഷേത്ര ഉടമസ്ഥരും ആയിട്ടുള്ള ചില മഹാത്മാക്കൾ, എണ്ണ ആട്ടുന്നതിന്റെ മുൻകൂർ കൂലി എന്ന രീതിയിൽ എത്തിക്കുന്ന ധാന്യങ്ങളാണ് ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. തുഞ്ചൻ പറമ്പിലെ രാമാനുജന്, ശിഷ്യരെ അക്ഷരം പഠിപ്പിച്ചതിന് കഠിന ശിക്ഷയോ. എന്നവർ അമർഷം കൊണ്ടിരുന്നു. ഭക്ഷ്യ വസ്തുക്കൾ കുറവാണെങ്കിലും, അധ്വാനത്തിനും, എണ്ണക്കും, പനയോലക്കും ഒരുകുറവുമില്ല.

അമ്മാവനും, വല്യേട്ടനും കുട്ടിക്കാലം മുതൽ ചൊല്ലിത്തന്ന വേദമന്ത്രങ്ങളും, തമിഴ് നാട്ടിലെ ആദീനത്തിൽ നിന്നും പഠിച്ച വേദ ശാസ്ത്രങ്ങളും മാത്രമാണ് ഇപ്പോൾ കൈമുതലായിട്ടുള്ള ധനം. ചക്കുന്തൽ കൊണ്ടുമാത്രം ജീവിക്കണം എന്നല്ലേ ശിക്ഷ.! സ്വായത്തമാക്കിയ അറിവുകൊണ്ട് രാമായണം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ? പ്രതിഫലം ലഭിക്കാത്ത ജോലിയല്ലേ? ഗുരുസ്ഥാനീയർ എല്ലാവരും മണ്മറഞ്ഞു പോയി. അനുവാദം ചോദിക്കാൻ ജേഷ്ഠ സഹോദരി മാത്രം ബാക്കി. പഠിക്കലും പഠിപ്പിക്കലും മാത്രമാണല്ലോ തലമുറകളായി പിന്തുടരുന്ന കർമ്മം. വാണി അനുഗ്രഹത്തിനായി പ്രാർത്ഥിച്ച്, ഓപ്പോളുടെ അനുവാദവും വാങ്ങി രാമായണ രചന ആരംഭിക്കുവാനായി തയ്യാറെടുത്തു.

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ചിന്തിച്ച് ഗുരുഭൂതന്മാരുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ച് ദേവിയെ ധ്യാനിച്ച് ചുറ്റുപാടും കേൾക്കുന്ന ശബ്ദത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു. ചക്കിന്റെ കണ തിരിയുമ്പോൾ ചക്കിനുള്ളിൽ കിടന്ന് ഓരോ എള്ള് മണിയും ജപിക്കുന്നു, 'രാമ രാമ രാമ' എന്ന്. 'കൊടും വേനലിൽ പൂത്തു കായ്ച് ഉണങ്ങിപൊട്ടി ഉതിർമണിയാവുന്നത് ഇങ്ങനെ ജപിച്ച് മോക്ഷം നേടാൻതന്നെ'. അവസാന തുള്ളി എണ്ണയും വേർപെടുന്നതു വരെയും ഈ ജപം തുടർന്നുകൊണ്ടിരിക്കുന്നു. എള്ളിൽ നിന്നും രാമനാമം ഉതിരുന്നത് പോലെ....., അതെ...., ഏറ്റവും കഠിനമായ ജീവിത സാഹചര്യങ്ങൾ അനുഭവിക്കുമ്പോഴും, എന്റെ ഈ മനസ്സിൽ നിന്നും, രാമ മന്ത്രം ഉയർന്നുവരട്ടെ.

എള്ളിന്റെ കരച്ചിലിന് കാതോർത്ത്, ചക്കുന്തുന്നതിന്റെ താളത്തിൽ അക്ഷരണങ്ങളടുക്കിയപ്പോൾ 'ശ്രീ രാമ രാമ രാമ' എന്ന പദാവലി ഉരുത്തിരിഞ്ഞു. ആദ്യത്തെ 'രാമ' ഈശ്വരത്തെ ധ്യാനിച്ച്, രണ്ടാമത്തേത് അക്ഷരലോകത്തേക്ക് കൈപിടിച്ചെഴുതിപ്പിച്ചെത്തിച്ച അമ്മാവനെ ധ്യാനിച്ച്. മൂന്നാമത്തെ രാമൻ ജേഷ്ടനെ സ്മരിച്ചു കൊണ്ട്. അതെ, ആദ്യാക്ഷരം ഓതിത്തന്ന അമ്മാവനും, പിന്നീടതിനെ പടർത്തി പന്തലിപ്പിച്ച് അജ്ഞാനത്തിന്റെ അന്ധകാരത്തെ അകറ്റിയ ജേഷ്ടനും ഭഗവൽ സ്വരൂപം തന്നെ.

അങ്ങനെ ഉള്ളിൽ ഉദിച്ച ഈരടികൾ ചുണ്ടുകളിലൂടെ വിടർന്നുവന്നപ്പോൾ,

ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ

എന്ന് തുടങ്ങുന്ന നാമം അനസ്യുതമായി ഒഴുകിവരുവാൻ തുടങ്ങി. ചക്കിന്റെ മർമരത്തിന്റെ ഈണത്തോടൊപ്പിച്ച് ഇതു ജപിക്കുവാൻ തുടങ്ങിയപ്പോൾ മണ്ണും വിണ്ണും മാഞ്ഞുപോയി. അതികഠിനമായ എണ്ണയാട്ടുന്നതിന്റെ ആയാസവും അല്പാല്പമായി കുറയുവാൻ ആരംഭിച്ചു. ചക്കിനെ ഒരു രാമ ക്ഷേത്രമായി സങ്കല്പിച്ചപ്പോൾ, ചുറ്റുമുള്ള പരിക്രമം, പ്രദിക്ഷണമായി മാറി. രാമ മന്ത്രം ഉരുവിട്ടു കൊണ്ട് എത്രനേരം പ്രദിക്ഷണം ചെയ്തെന്നറിയില്ല. സ്ഥലകാല ബോധം തിരികെ ലഭിച്ചപ്പോൾ കുടംബാംഗങ്ങൾ മുഴുവരും ഈ നാമം ഉരുവിട്ടു കൊണ്ടു തന്നോടൊപ്പം ചക്കിന് വലം വക്കുന്നു. അങ്ങനെ രചന ആരംഭിച്ച്, തുടർച്ചയായി ദിവസവും പനയോലയിൽ, എഴുത്താണി കൊണ്ടെഴുതിയ ഏഴ് വർഷത്തെ പ്രയത്നഫലം കൈരളിക്ക് ഭക്തിപൂർവ്വം സമർപ്പിച്ചതാകുന്നു അദ്ധ്യാത്മ രാമായണം.

പനയോലയിൽ പകർത്തി കേരളത്തിലുടനീളം നിലനിന്നിരുന്ന എഴുത്തു കളരികളിൽ എത്തിച്ച് സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച്, സമൂഹത്തിൽ സന്മാർഗം നിലനിർത്തിയ മഹാഗ്രന്ഥം. മലയാളികളുടെ മനസ്സിൽ ഇത്രയധികം ആഴത്തിൽ വേരൂന്നിയ മറ്റൊരു ഇതിഹാസവുമുണ്ടാവാൻ തരമില്ല..

രാമായണത്തിലെ ഒരുസന്ദർഭം നമുക്ക് പരിശോധിക്കാം.

പിതാവിന്റെ ദുഃഖ കാരണം അന്വേഷിച്ചെത്തിയ രാമനോട്, കൈകേയി, ദശരഥ രാജാവിനോട് രണ്ട് വരം ആവശ്യപ്പെട്ടകാര്യം അറിയിച്ചു. ശ്രീരാമൻ രാജ്യം ഉപേക്ഷി ക്കണമെന്നും, പകരം സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്നും, അതിനോടൊപ്പം പതിന്നാലു വർഷം വനത്തിൽ താമസിക്കണമെന്നുമായിരുന്നു ആവശ്യം. പും എന്ന നരകത്തിൽ നിന്നും പിതാവിനെ രക്ഷിക്കുന്ന വ്യക്തി ആയതുകൊണ്ടാണ് പുത്രൻ എന്ന് മകനെ വിളിക്കുന്നതെന്ന് കൈകേയി ശ്രീ രാമനെ ഓർമിപ്പിച്ചു. ഈ ആവശ്യം വളരെ നിസ്സാരമായി കണക്കാക്കി, രാജ്യം ഉപേക്ഷിക്കാമെന്നും, പതിന്നാലു വർഷം കാട്ടിൽ താമസിച്ച് കൊള്ളാമെന്നും ശ്രീരാമൻ പ്രതിജ്ഞ ചെയ്തു. പിതാവ് എന്തിനാണ് ഈ ഒരു കാര്യത്തിന് ഇത്രയൂം ദുഖിതനായിരിക്കുന്നത്. പിതാമഹന്മാരെ രക്ഷിക്കാനായി ആയിരം വർഷം തപസ്സു ചെയ്ത ഭഗീരഥന്റെ പ്രയത്നത്തിന്റെയോ, യയാതിയിൽ നിന്നും വാർദ്ധക്യം വാങ്ങി സ്വന്തം യവ്വനം തിരികെ നൽകിയ പുരുവിന്റെ പ്രവർത്തിയോടോ താരതമ്യം ചെയ്യുമ്പോൾ ഇതെത്രയോ നിസ്സാരം. രാജ്യം ഭരിക്കാൻ ഭരതനും, രാജ്യം ത്വജിക്കാൻ ഞാനുമാണ് യോഗ്യൻമാർ. അച്ഛൻ കൈകേയി മാതാവിന് പണ്ട് കൊടുത്ത വരങ്ങൾ, അച്ഛൻ നേരിട്ടാവശ്യപ്പെടാഞ്ഞിട്ടുപോലും, നിറവേറ്റാൻ പുറപെട്ട മകനോട് ദശരഥ മഹാരാജാവ് ഇപ്രകാരം അറിയിച്ചു.

സ്ത്രീക്കടിമപെട്ട ഒരു വ്യക്തി വീണ്ടുവിചാരമില്ലാതെ പറഞ്ഞ ഒരു പാഴ്വാക്കായി മാത്രം ഞാൻ കൊടുത്ത വരങ്ങളെ നീ കണ്ടാൽ മതി. വേഗം തന്നെ എന്നെ ഒരു കയറിൽ കെട്ടി ബന്ധനസ്ഥനാക്കി നീ രാജാവായി സ്ഥാനമെടുക്കു. അല്ലാതെ രാജ്യഭാരമൊഴിയുകയും വേണ്ട, പതിന്നാലു വർഷം വനത്തിലും കഴിയണ്ട. പക്ഷെ ഒരു പുത്രന്റെ ധർമ്മം എന്തെന്ന്, സ്വന്തം പ്രവർത്തിയിലൂടെ മാലോകർക്കു മുഴുവൻ മാതൃക കാട്ടുകയാണ് ശ്രീരാമൻ ചെയ്തത്. കേരളത്തിലെ പിതൃ- പുത്ര ബന്ധങ്ങൾ അനേകസംവത്സരങ്ങൾ ദൃഢമായി നിൽക്കാൻ മേൽസൂചിപ്പിച്ച രാമായണ സന്ദർഭം വളരെ സഹായിച്ചിട്ടുണ്ട്..

ഇതിഹാസങ്ങളുടെ സ്വാധീനം സമൂഹത്തിൽ ക്ഷയിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്ന വൃദ്ധ സദനങ്ങൾ. സംസ്കൃതത്തിൽ രചിച്ചിട്ടുള്ള രാമായണങ്ങൾ വിശകലനം ചെയ്ത്, ഭക്തി രസത്തിന് പരമ പ്രാധാന്യം നൽകി, തുഞ്ചത്തെഴുത്തച്ചൻ മലയാള ഭാഷയിൽ എഴുതിയ അദ്ധ്യാത്മ രാമായണം, കൈരളിക്ക് ലഭിച്ച അമൂല്യ നിധിയാകുന്നു. മലയാള ഭാഷയെ അടുത്തറിയണമെങ്കിൽ, രാമായണം ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. തകഴി ശിവശങ്കര പിള്ളയുടെ അഭിപ്രായത്തിൽ, ''കഥാകാരനും, കഥാകാരിയും ആകണമെങ്കിൽ ഒത്തിരി വായിക്കണം, രാമായണവും മഹാഭാരതവും പലകുറി വായിക്കണം'.

ഭാരത ജനതക്കൊന്നായി ഒരു സംസ്കൃതി, അല്ലെങ്കിൽ കേരള ജനതയിൽ പൊതുവായി കാണുന്ന സ്വഭാവ ഗുണം, ഇതിനാധാരം ഇതിഹാസങ്ങളിലൂടെ ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ള ജീവിത മൂല്യങ്ങളാകുന്നു. കാമ, ക്രോധ, ലോഭ, മോഹങ്ങൾ ഉപേക്ഷിച്ച്, സർവ്വ ചരാചരങ്ങൾക്കും, ഉപയോഗപ്രദമായി ജീവിക്കുവാൻ സാധിച്ചാൽ ജീവിതം ധന്യമായി എന്നാണ് ഇതിഹാസങ്ങളുടെ സന്ദേശം.

രാമായണം പാരായണം ചെയ്യുകയും അതിലെ ഉപദേശങ്ങളും തത്വങ്ങളും മനസ്സിലാക്കി ജീവിക്കുവാനും ശ്രമിച്ചാൽ അതീവ ശാന്തിയും സമാധാനവും കൈവരും. സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊണ്ട ശ്രീരാമനെ സ്മരിക്കുന്നതിനോടൊപ്പം, ബ്രഹ്മ ജ്ഞാനം സർവജനങ്ങളിലും എത്തിക്കുവാൻ സ്വന്തം ജീവൻ പോലും ബലിയർപ്പിക്കുവാൻ തയ്യാറായ പരമാചാര്യനായ, മലയാള ഭാഷയുടെ പിതാവായ രാമാനുജൻ എഴുത്തച്ഛനേയും നമ്മൾക്ക് ഭക്ത്യാ പൂർവ്വം സ്മരിക്കാം.


താരക മന്ത്രം

താരക മന്ത്രം

രാമായണത്തിൽ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം "രാമ" എന്നാണു താരക മന്ത്രം മോക്ഷദായകമായ മന്ത്രമാകുന്നു താരക മന്ത്രം വാത്മീകി മഹർഷി രത്നാകരനിൽ നിന്ന് മഹർഷിയിലോട്ടുള്ള പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു 

രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.

‘കേനോപായേന ലഘുനാ
വിഷ്‌ണോ: നാമ സഹസ്രകം
പാല്യതെ പാണ്ഡിതൈ; നിത്യം
ശ്രോതും ഇച്ഛാമ്യഹം പ്രഭോ’

അതിനുള്ള ഭഗവാന്റെ മറുപടിയാണിത്

‘ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ’

സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.
 
എന്താണ് താരക മന്ത്രം ....

രാ×മ=രാമ 

രാ × നാരായണ 
മ ×നമഃശിവായ 

ശങ്കരനാരായണ മന്ത്രം 

ഓരോ മന്ത്രത്തിലും മന്ത്ര ശാസ്ത്രം ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്ക്കാറുണ്ട് അവ ആകുന്നു ആ മന്ത്രത്തിന്റെ ഊർജ്ജം (The essence Of the Mantra) അതിനെ തന്ത്രം പറയുന്നത് മന്ത്ര ഹൃദയം എന്നാണ് 

നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം "രാ" എന്നാകുന്നു 

ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം "മ" എന്നും 

നാരായണ മന്ത്രത്തിന്റെ അർത്ഥം മോക്ഷകരമായത്  എന്നാണ് "നാരായണ" മന്ത്രത്തിൽ നിന്ന് "രാ" എടുത്താൽ "നായണായ" എന്നാകും മോക്ഷ ഹേതു അല്ല എന്നർത്ഥം വരും 

പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മംഗളകര മായത് എന്നാണ് 
"നമശിവായ" എന്ന മന്ത്രത്തിൽ നിന്ന് "മ" എടുത്തു മാറ്റിയാൽ "ന ശിവായ" എന്നാകും മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും 
ഇങ്ങനെ ഓരോ മന്ത്രത്തിനു മന്ത്ര ഹൃദയ ബീജം ഉണ്ട്. ഈ രണ്ടു ബീജങ്ങൾ ചേർന്നാകുന്നു "രാമ" എന്ന താരക മന്ത്രം ആകുന്നത് ശിവ വൈഷ്‌ണവ സംഗമമായ ശങ്കരനാരായണ സങ്കൽപം ആകുന്നു ആ മന്ത്ര തത്വം അതിനെ കഥ രൂപേണ രാമായണത്തിൽ ശ്രീ രാമാനുമായി ബന്ധപെടുത്തിയാകുന്നു.

രാമനാമത്തിന്റെ മഹത്വം

രാമനാമത്തിന്റെ മഹത്വം

ദേവീദേവന്മാരെ ആരാധിക്കാനുള്ള പ്രധാനപ്പെട്ട മന്ത്രങ്ങളാണ് മൂലമന്ത്രങ്ങൾ. ശ്രീ മഹാവിഷ്ണുവിന്റെ 'ഓം നമോ നാരായണായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'രാ' യും ഭഗവാൻ ശിവശങ്കരന്റെ 'ഓം നമ:ശിവായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'മ'യും യോജിച്ചാണ് 'രാമ' നാമം രൂപപ്പെട്ടിരിക്കുന്നത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന നാമമാണ് രാമനാമം.  

മൂലമന്ത്രത്തിലെ പ്രധാനപ്പെട്ട അക്ഷരത്തെയാണ് ബീജാക്ഷരം എന്നുപറയുന്നത്. ഈ ബീജാക്ഷരമാണ് മൂലമന്ത്രത്തെ അർഥവത്താക്കുന്നത് .നമ:ശിവായ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ 'മ' മാറ്റിയാല്‍ 'നശിവായ' എന്നാകും, 'നാശമാകട്ടെ' എന്നാണതിന്‍റെ അര്‍ഥം. അതുപോലെ 'ഓം നമോ നാരായണായ' മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ 'രാ' എടുത്തുമാറ്റിയാല്‍ 'ഓം നമോ നായണായ' എന്നാകും, 'തനിക്കു മുന്നിൽ ഒരു വഴിയുമില്ല' എന്നാണതിന്‍റെ അര്‍ഥം.

കാട്ടാളനായിരുന്ന വാല്മീകി 'മരാ മരാ' എന്ന് ചൊല്ലി മുനിയായതും പിന്നീട് രാമായണം രചിച്ചതുമായ കഥ ഏവർക്കും അറിവുള്ളതാണല്ലോ? രാമന്റെ അയനം അഥവാ ശ്രീരാമന്റെ ജീവിതയാത്രയാണ് രാമായണം .ഏഴുകാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളിലായാണ് വാല്മീകി മഹർഷി രാമായണം എഴുതിയിരിക്കുന്നത്. 

എല്ലാ മന്ത്രങ്ങളുടെയും മാതാവായാണ് 'ഗായത്രി മന്ത്രം' അറിയപ്പെടുന്നത്. അതായത് മന്ത്രങ്ങളിൽ ഗായത്രിയേക്കാൾ ശ്രേഷ്ഠമായത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. ഗായത്രിമന്ത്രത്തിലെ ഇരുപത്തിനാല് അക്ഷരങ്ങൾ ഇരുപത്തിനാലായിരം ശ്ലോകങ്ങളായി വിപുലീകരിച്ചതാണ് രാമായണം. രാമനാമം ജപിക്കുമ്പോൾ ശിവചൈതന്യവും വിഷ്ണുചൈതന്യവും ഒരുപോലെ ഭക്തന് ലഭിക്കുന്നു.

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏറ്റവും ഉത്തമമാർഗ്ഗമാണ് രാമനാമജപം.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ"