ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2019

വാത്മീകി മഹര്‍ഷിയുടെ കഥ

വാത്മീകി മഹര്‍ഷിയുടെ കഥ

തമസാ നദിക്കരയില്‍ ഒരു കള്ളന്‍ വസിച്ചിരുന്നു. അത് വഴി പോകുന്ന ആളുകളെ കത്തി കാട്ടി കൊള്ളയടിക്കുക എന്നത് ആളുടെ വിനോദമായിരുന്നു. ഒരിക്കല്‍ ഒരു മുനിശ്രേഷ്ഠന്‍ അതുവഴി വരാനിടയായി. കള്ളന്‍ മുനിയുടെ മുന്‍പില്‍ കത്തിയുമായി ചാടി വീണു. കയ്യില്‍ ഉള്ളതെല്ലാം എടുക്കുവാന്‍ ആവശ്യപ്പെട്ടു.. അപ്പോള്‍ മഹര്‍ഷി ചോദിച്ചു. ആര്‍ക്കു വേണ്ടിയാണു താങ്കള്‍ കൊള്ളയടിക്കുന്നത്‌. എന്‍റെ ഭാര്യക്കും മക്കള്‍ക്കും വേണ്ടിയാണെന്നായിരുന്നു മറുപടി.. മഹര്‍ഷി വീണ്ടും ചോദിച്ചു.. താങ്കള്‍ കൊള്ളയടിക്കുന്നതിന്‍റെ ഒരു പങ്ക് ഭാര്യക്കും മക്കള്‍ക്കും കൊടുക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ചെയ്യുന്ന പാപത്തിന്‍റെ പങ്ക് അവര്‍ അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു വരാന്‍ കള്ളനോട് ആവശ്യപ്പെട്ടു.. ചോദിച്ചു വരുന്നത് വരെ ഞാന്‍ ഈ നദിക്കരയില്‍ ഉണ്ടാകും എന്ന് മഹര്‍ഷി ഉറപ്പും നല്‍കി.

കള്ളന്‍ ഭാര്യയോടും മക്കളോടും ചോദിക്കാന്‍ വേണ്ടി പോയി. കുറച്ചു സമയത്തിന് ശേഷം കള്ളന്‍ തിരികെയെത്തി. മഹര്‍ഷി ചോദിച്ചു. എന്ത് പറ്റി ? താങ്കള്‍ ചോദിച്ചുവോ? ഞാന്‍ ചോദിച്ചപ്പോള്‍ ” താന്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കണം” എന്നായിരുന്നു അവരുടെ മറുപടി എന്ന് പറഞ്ഞു കൊണ്ട് കള്ളന്‍ മഹര്‍ഷിയോട് താന്‍ ചെയ്ത പാപത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണന്നപേഷിച്ചു കൊണ്ട് മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു. ദയ തോന്നിയ മഹര്‍ഷി കള്ളനോട് നദിക്കരയില്‍ ഉള്ള രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ഞാന്‍ തിരികെ വരുന്നത് വരെ ആ മരം, ആ മരം എന്ന് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു.. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട കള്ളന്‍ അതനുസരിച്ച് ആ രണ്ടു മരങ്ങള്‍ക്കിടയില്‍ ഇരുന്നു കൊണ്ട് ആ മരം ആ മരം എന്ന് ചൊല്ലുവാന്‍ ആരംഭിച്ചു.. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കള്ളനെ ചിതല്‍പ്പുറ്റ് മൂടി.
വര്‍ഷങ്ങള്‍ക്കു ശേഷം സപ്തര്‍ഷികള്‍ അതു വഴി വരികയുണ്ടായി.. അപ്പോള്‍ സമീപത്തുള്ള ചിതല്‍ പുറ്റില്‍ നിന്നും രാമ രാമ എന്ന് മന്ത്രിക്കുന്നത് കേട്ട മഹര്‍ഷികള്‍ ചിതല്‍പുറ്റ് പൊളിച്ചു ആദ്യേഹത്തെ മോചിപ്പിച്ചു. കാര്യങ്ങള്‍ ആരാഞ്ഞ മഹര്‍ഷിമാരോട് ആദ്യേഹം നടന്നതെല്ലാം അറിയിച്ചു. എല്ലാം കേട്ട മഹര്‍ഷിമാര്‍ ചിതല്‍ പുറ്റിനാല്‍ മൂടപ്പെട്ടിരുന്നത് കൊണ്ട് ആദ്യേഹത്തിനു വാത്മീകി എന്ന് നാമകരണം ചെയ്തു. നദിക്കരയില്‍ നിന്നും കുറച്ചു മാറി ഒരു ആശ്രമം പണിതു കൊടുത്ത് അവിടെ വസിക്കുവാന്‍ ആവശ്യപ്പെട്ടു.

ഐതീഹ്യം:

രാമായണം രചിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദ മുനിയോട് വാത്മീകി മഹര്‍ഷി ചോദിച്ചു. ഈ ലോകത്തില്‍ സത്യനിഷ്ഠ, ക്ഷമ, ധൈര്യം, സൗന്ദര്യം, അജയ്യത, ശീലഗുണം എന്നീ ഗുണങ്ങള്‍ അടങ്ങിയ ഏതെങ്കിലും മനുഷ്യന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ വാത്മീകിക്ക് പറഞ്ഞ് കൊടുത്ത കഥയാണ് രാമകഥ. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ്. എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥ മഹാരാജാവിന്‍റെ മൂത്ത മകന്‍ രാമനാനെന്നും, തുടര്‍ന്ന് രാമകഥ വിശദമായി നാരദന്‍ വാത്മീകിക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്തു.

പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് വാത്മീകി മഹര്‍ഷി തമസാ നദിയില്‍ സ്നാനത്തിനു പോകുകയായിരുന്നു. വഴിയില്‍ ഒരു വേടന്‍ ആണ്‍ പക്ഷിയെ അമ്പ് എയ്തു വീഴ്ത്തുന്നത് കണ്ടു. ഇതുപോലെ ഉള്ള സംഭവങ്ങള്‍ ദിവസേന കാണാറുണ്ടെങ്കിലും നാരദ മുനി പറഞ്ഞ രാമകഥ വാത്മീകിയെ വളരെയധികം സ്വാധീനിച്ചതിനാല്‍ ആണ്‍ പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്നുള്ള ആ കാഴ്ച മഹര്‍ഷിയുടെ മനസലിയിച്ചു. മനസ്സില്‍ ഉണ്ടായ വികാരം ശ്ലോക രൂപേണ പുറത്തു വന്നു.. ശ്ലോകം ചൊല്ലിതീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രക്ത്യക്ഷ്നായി വാത്മീകിയോട് രാമകഥ മുഴുവനായി എഴുതുവാന്‍ ആവശ്യപ്പെട്ടു എന്നാണ് ഐതീഹ്യം.
 

രാമായണത്തിലെ ഊർമിള വേറിട്ട കണ്ണുകളിലൂടെ

രാമായണത്തിലെ ഊർമിള വേറിട്ട കണ്ണുകളിലൂടെ

പുരാണങ്ങളുടെയും ചരിത്രത്തിന്റെയും മിത്തുകളുടെയും പാലാഴി കടഞ്ഞാല്‍ അമൃതു പോലുള്ള കഥാപാത്രങ്ങള്‍ മിഴിവോടെ കാലത്തിന്റെ അഗാധയില്‍ നിന്നും പൊങ്ങിവരും.. അത്തരത്തില്‍ കാലം മറന്നുവച്ചൊരു കണ്ണുനീര്‍ മുത്തുണ്ട്‌ ത്രേതായുഗത്തില്‍.. അതാണ്‌ ലക്ഷ്മണപത്നിയായ ഊര്‍മ്മിള.. ഇന്നീ കലിയുഗത്തില്‍ പോലും പെണ്ണത്തത്തെ ആണ്മയുടെ ഔദാര്യത്തില്‍ വരച്ചുക്കാട്ടുമ്പോള്‍ ത്രേതായുഗത്തിന്റെ ഗാഥകള്‍ പാടിയ ആദികവിയെ പ്രതിക്കൂട്ടിലാക്കുവാന്‍ വയ്യ തന്നെ. ഇതിഹാസങ്ങള്‍ ക്രൂരമായി അവഗണിച്ച ഒത്തിരി സ്ത്രീകഥാപാത്രങ്ങളുണ്ട് നമുക്ക് ചുറ്റും.നെഞ്ചിലെരിയുന്ന അവഗണനയുടെ കനലുമായി ചരിത്രത്തിലേക്ക് എത്തിനോക്കുന്ന ചില വെറും വേഷങ്ങള്‍. അവഗണനയുടെ വാത്മീകത്തില്‍ നിന്നും ഇവരെ പുറത്തേക്ക് കൊണ്ടുവന്നാല്‍ വന്നാല്‍ സൂര്യനെ പോലെ പ്രകാശിക്കും ഇവര്‍. അന്നും ഇന്നും എന്നും പെണ്മ പിറന്നുവീണിരുന്നത്‌ ആണ്മയുടെ തൊട്ടിലിലും താരാട്ടുപാട്ടിലുമായിരുന്നു.. ഭാഷയില്‍ എന്നും പെണ്മയ്ക്ക് മേല്‍ ആണ്മയുടെ മേല്‍ക്കോയ്മയുണ്ടായിരുന്നു. ഇരയിമ്മന്‍ തമ്പിയുടെ താരാട്ടുപാട്ട് “അവനു”വേണ്ടിയായിരുന്നു.. പൂതപ്പാട്ടിലെ അമ്മ തന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതും “അവനു”വേണ്ടിയായിരുന്നു. മാമ്പഴത്തിലെ അമ്മ കണ്ണുനീര്‍ വാര്‍ത്തതും അവനുവേണ്ടിയായിരുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ ഇന്ദുലേഖയും സുഭദ്രയും ഈ ആണ്മയെ തകര്‍ത്തെറിയുവാന്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ത്തമാനകാലത്ത് ചേതനയെന്ന ആരാച്ചാര്‍ കടുംകെട്ടുകൊണ്ട് ഞെരിച്ചുകൊന്നത് ആണ്മയുടെ ആ ഔദാര്യമനോഭാവത്തെയാണ്‌.

ആദികാവ്യമായ രാമായണം രാമന്റെ മാത്രം അയനമായി മാറിയപ്പോള്‍ സീത സഹനത്തിന്റെയും പാതിവ്രത്യത്തിന്റെയും മൂര്‍ത്തരൂപമായി വാഴ്ത്തപ്പെട്ടു. കണ്ണുനീരിന്റെ പര്യായമായി മാറിയത്രേ ജാനകി. സീതയെന്ന മൂര്‍ത്തഭാവത്തെ ആവോളം ആദികവിയും കാലവും വര്‍ണിച്ചപ്പോള്‍ നിഴലായി മാഞ്ഞുപോയ അമൂല്യ സ്ത്രീരത്നമാണ് ഊര്‍മ്മിള. ജനകരാജവിന്റെ സ്വന്തം രക്തത്തില്‍ ജനിച്ച ഒരേയൊരു പുത്രിയായിരുന്നിട്ടും അവളെ ജാനകിയെന്നു വാല്മീകി വിളിച്ചില്ല…മിഥിലാപുരിയുടെ യഥാര്‍ത്ഥ അവകാശി അവളായിരുന്നിട്ടും ഒരു മാത്ര പോലും അവളെ മൈഥിലിയെന്നും ആരും വിളിച്ചില്ല.. വിരഹത്തിന്റെ താപാഗ്നിയില്‍ പതിനാലുകൊല്ലം ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന പേരും അവള്‍ക്കന്ന്യം. എന്നും സീതയുടെ നിഴലായി ചരിത്രത്തില്‍ ഇടം നേടാനായിരുന്നു അവളുടെ വിധി. അവഗണിക്കപ്പെട്ട സ്ത്രീജന്മത്തിന്റെ പ്രതീകമാണ് ഊര്‍മ്മിള. അവളോടുള്ള അവഗണന ജനനം മുതല്‍ കവി കാട്ടുന്നുണ്ട്. സ്വപിതാവില്‍ നിന്നും അര്‍ഹതപ്പെട്ട സ്നേഹവും അവകാശവും മറ്റൊരാള്‍ക്ക് കൂടുതലായി ചെന്നുചേരുന്നതിനു സാക്ഷ്യം വഹിച്ച അവളിലെ കുഞ്ഞുമനസ്സ് അന്നേ എന്തിനോടും പൊരുത്തപ്പെടാനുള്ള ശക്തി നേടിയിട്ടുണ്ടാവണം..

ഇരുപത്തിനാലായിരം ശീലുകളുള്ള രാമായണത്തിന്റെ പരിമിതമായ ഏടുകളില്‍ ഊര്‍മ്മിളയെ ഒതുക്കിയത് എന്തിനുവേണ്ടിയായിരുന്നിരിക്കണം? രാഘവനെന്ന ആണ്മയുടെ പ്രതീകത്തെ മുഖ്യധാരയിലേക്ക് പുരുഷോത്തമനായി കൊണ്ടുവന്ന വാല്മീകി പക്ഷേ പരാജയപ്പെട്ടത് ഊര്‍മ്മിളയുടെ മുന്നിലായിരുന്നു. അവളിലെ മൌനത്തിലൊളിപ്പിച്ച ചോദ്യശരങ്ങളെ നേരിടാനാവാതെ, ദുര്‍ബലനായി പോയതുകൊണ്ടാവാം അവളെ വെറും വരികളില്‍ ഒതുക്കിയത്. നിഴല്‍ മൂടിയ സത്യങ്ങള്‍ കനലുകളായി തിളങ്ങുമ്പോള്‍ രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ കഥാപാത്രമായി ഊര്‍മ്മിള കാലാതിവര്‍ത്തിയായി നിലക്കൊള്ളുന്നുണ്ട്. രാമായണം മുഴുവനായി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ കൊളുത്തിവച്ച കെടാദീപമായി ഊര്‍മ്മിള മാറിപ്പോകുന്നുവെങ്കില്‍ ജയിക്കുന്നത് ആദികവി നിഴല്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ച പെണ്മയാണ്. തോല്‍ക്കുന്നത് നീര്‍ക്കുമിള പോലെ വീര്‍പ്പിച്ച ആണത്തത്തിന്റെ സ്വത്വവും. ഉറങ്ങാതിരിക്കുന്ന തന്റെ ഭര്‍ത്താവിനു തന്നെ ഓര്‍മ വരാതിരിക്കാനുള്ള വരം നിദ്രാദേവിയോടു ചോദിച്ച ഇവളോളം ശ്രേഷ്ഠത മറ്റൊരു സ്ത്രീക്ക് ഉണ്ടാകുമോ? സ്വപതിയുടെ നിയോഗത്തിന് ഭംഗം വരാതിരിക്കുവാന്‍ തന്റെ ഓര്‍മകളെപ്പോലും അവനില്‍ നിന്നും മറയ്ക്കാന്‍ ശ്രമിച്ച ഇവളല്ലേ യഥാര്ത്ഥു സ്ത്രീരത്നം .

അയോദ്ധ്യാകാണ്ഡത്തിൽ, പിതൃഹിതം നിറവേറ്റാൻ യാത്ര പുറപ്പെടുന്ന ശ്രീരാമനെ ഓർത്തു വിലപിക്കുന്ന നാരീജനത്തെ വാല്മീകി നമുക്ക് കാട്ടിത്തരുന്നുണ്ട്. എന്നാൽ, പതിന്നാലു വർഷം തന്നെ വിട്ടുപിരിയുന്ന ഭർത്താവിനോട് മംഗളം നേരുന്ന ഊർമിളയെ നേരാംവണ്ണം നമുക്ക് കാട്ടിതരുന്നുണ്ടോ? ഇല്ല തന്നെ. അങ്ങനെ കാട്ടിതന്നാല്‍ അവിടെ മുതല്‍ കഥാഗതി മാറി അത് ഊര്‍മ്മിളായനം ആയിത്തീരുമോയെന്നു ആദികവി ഭയപ്പെട്ടിട്ടുണ്ടാകണം. മരവുരി ധരിച്ചു പതിക്കൊപ്പം കാനനവാസം പൂകുന്ന സീതയ്ക്ക് ഇവിടെ നഷ്ടങ്ങളുണ്ടോ? അവള്‍ക്കൊപ്പം സ്നേഹവും സംരക്ഷണവും നല്കാന്‍ കാന്തനുണ്ട്. ഏതാവശ്യവും നടത്തിത്തരാന്‍ ലക്ഷ്മണനും ഉണ്ട്. ’കൂടെ വരട്ടെ’ എന്ന ഊര്‍മ്മിളയുടെ ചോദ്യത്തിനു ‘വേണ്ട, കൃത്യനിർവഹണഭംഗമാകുമത്’ എന്ന് ലക്ഷ്മണൻ പറയുമ്പോൾ അഴറുന്ന, നിസ്സഹായയായി ഉള്ളിൽ കേഴുന്ന ആ സ്ത്രീഹൃദയത്തിന്റെ വേദനയെ എന്തുകൊണ്ട് കാലത്തിനു കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല? ആ വിലക്കില്‍ അപമാനിക്കപ്പെടുന്നത് അവളുടെ സ്ത്രീത്വമാണ്. സീതയുടെ അഭ്യര്‍ത്ഥന മാനിക്കപെടുമ്പോള്‍, പുഞ്ചിരിക്കൊണ്ടു രാമന്‍ യാത്രാനുമതി നല്‍കുമ്പോള്‍, മറുപക്ഷത്ത് അതേ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ പോകുന്നു. ഇവിടെ കാണാന്‍ കഴിയുന്നത്‌ വാല്മീകിയുടെ സ്ത്രീപാത്രനിര്‍മ്മിതിയിലെ പക്ഷപാതമാണ്. മുന്നോട്ടുള്ള കഥാഗതിയില്‍ സീതയുടെ വനയാത്ര അനിവാര്യമാണല്ലോ. ഒപ്പം ഊര്‍മ്മിളയെയും കൂട്ടാമായിരുന്നില്ലേ ആദികവിക്ക്? ഇവിടെയാണ്‌ ഊര്‍മ്മിളയുടെ പ്രസക്തി. ജാനകിക്കൊപ്പം ഊര്‍മ്മിളയും കാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ രാമായണകഥ മറ്റൊന്നാവുമായിരുന്നു.. എങ്കില്‍പ്പിന്നെ ശൂര്‍പ്പണഖയൊരിക്കലും ലക്ഷ്മണനെ കാമിക്കുകയില്ലായിരുന്നു. ശൂര്‍പ്പണഖയില്ലെങ്കില്‍ ലങ്കാധിപതി രാവണന്‍ സീതയെ കാണുകയും ഇല്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ ഊര്മ്മിങളയുടെ യാത്ര വാല്മീകിക്ക് തടഞ്ഞേ മതിയാകൂ..

വിരഹത്തിനു അമിത പ്രാധാന്യം രാമായണത്തില്‍ വാല്മീകി നല്‍കുന്നുണ്ട് അപ്പോഴും ഊര്‍മ്മിള തഴയപ്പെടുന്നു. സീതയെ കാണാതെ വിലപിക്കുന്ന രാമനെ രാമായണത്തില്‍ അതിതീവ്രതയോടെ വരച്ചുകാട്ടുന്ന കവി ഊര്‍മ്മിളയുടെ പതിന്നാലുകൊല്ലത്തെ വിരഹം കണ്ടില്ലെന്നു നടിക്കുന്നു. യൗവനാരംഭത്തില്‍ തന്നെ പതിയുടെ സാമിപ്യം കിട്ടാതെ അകാലവൈധവ്യം അനുഭവിക്കുന്നവളാണ് ഊര്‍മ്മിള. അവതാരപുരുഷനായ രാമന് അത്രമേല്‍ വിരഹതാപം അനുഭവപ്പെടാന്‍ കഴിയുമെങ്കില്‍ മനുഷ്യജന്മം മാത്രമായ ഊര്‍മ്മിള വിരഹാഗ്നിയില്‍ അത്രമാത്രം ചുട്ടുപൊള്ളുന്നുണ്ടായിരിക്കും.. നിറമുള്ള ഒരു ജീവിതം കൊട്ടാരക്കെട്ടിനുള്ളില്‍ വെറും തേങ്ങലായോതുങ്ങുമ്പോള്‍ സീതയെ മാത്രം നമ്മളെല്ലാവരും കാണുന്നു. അതുമല്ലെങ്കില്‍ വാല്മീകി കാട്ടിത്തരുന്നു. വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില്‍ പെട്ട് ഉടര്‍ന്നുലഞ്ഞുപോയ ജീവിതം പിന്നെയൊരിക്കലും ചേര്‍ത്തു വയ്ക്കാന്‍ കഴിയാത്ത ഇവളുടെ ത്യാഗത്തോളം മഹത്വപൂര്‍ണമോ സീതായനം ?? സീതയെ കാട്ടിലുപേക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിക്കുന്ന രാമന് കൂട്ടായി ഭൌതികസുഖങ്ങള്‍ ത്യജിച്ചു ലക്ഷ്മണന്‍ കൂട്ടിരുന്നപ്പോള്‍ ഒരിക്കല്‍ക്കൂടി അവഗണിക്കപ്പെടുന്നത് ഊര്‍മ്മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്. ആരാലും അറിയപെടാതെ പോയത് അവരുടെ വിഹ്വലതകളും വിഷമങ്ങളും വിങ്ങലുകളുമാണ് .

പാതിവ്രത്യം തപസ്സായിനുഷ്ടിച്ചിട്ടും പതിവ്രതയുടെ പരിവേഷമില്ലാതെ ഭൂമിപുത്രിയുടെ നിഴലാട്ടത്തില്‍ നിറംമങ്ങി പോയൊരു ജന്മമായിരുന്നു ഊര്‍മ്മിളയെന്ന്‍ കരുതുവാന്‍ വയ്യ. കാലത്തിനു ഒരിക്കലും മായ്ക്കാന്‍ കഴിയാത്തൊരു മണിമുത്താണ് ഊര്‍മ്മിള. ഒരുപക്ഷേ അവളുടെ മനശക്തിയെ. വര്‍ണ്ണിക്കാന്‍ അതിവിശിഷ്ടമായ പദാവലികളാല്‍ അവളുടെ കഥനം നടത്താന്‍ കവി പരാജയപ്പെട്ടത് കൊണ്ടാവാം അവള്ക്കു മൌനം ആഭരണമായി നല്‍കി അന്തപുരത്തിന്റെ ഇടനാഴികളില്‍ അവളെ ഒളിപ്പിക്കാന്‍ വാല്മീകി ശ്രമിച്ചത്‌. രാമായണത്തില്‍ ശ്രീരാമന്‍ ധ്വജം ആകുമ്പോള്‍ ധ്വജസ്തംഭമാകുന്നത് ലക്ഷ്മണനാണ്. അങ്ങനെ വരുമ്പോള്‍ ആ സ്തംഭത്തിന്റെ അടിത്തറ ആരായിരിക്കും? അത് മറ്റാരുമല്ല കാലാതിവര്ത്തി യായ സ്ത്രീരത്നം ഊര്‍മിള മാത്രമാണ്....

ഹൃദയഭേദകമായ വിടവാങ്ങല്‍……!

ഹൃദയഭേദകമായ വിടവാങ്ങല്‍……!

”രാമംദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാം അടവീം വദ്ധി ഗച്ഛ താത യഥാസുഖം”.

രാമായണത്തിലെ ഏറ്റവും നല്ലശ്ലോകം ഇതാണെന്ന് കരുതപ്പെടുന്നു.

പിതാവിന്‍റെ പ്രതിജ്ഞാനിര്‍വഹണത്തിനായി വനത്തിലേക്ക് പോകാനൊരുമ്പെടുന്ന ശ്രീരാമസീതാലക്ഷ്മണന്മാരുടെ വിടവാങ്ങല്‍രംഗം അത്യന്തം ശോകനിര്‍ഭരമായാണ് വാല്മീകി മഹര്‍ഷി ചിത്രീകരിക്കുന്നത്.

ഇക്ഷ്വാകുവംശതിലകമായ ദശരഥന്റെ കൊട്ടാരത്തിലേക്കാണ് രാമന്‍ ആദ്യം ചെന്നത്. കൈകേയിയുടെ നിര്‍ബന്ധത്തിനുവഴങ്ങി താന്‍ ചെയ്യുന്ന മഹാ അപരാധമോര്‍ത്ത് ദുസ്സഹ ദുഃഖത്തിലായിരുന്ന മഹാരാജാവ്, പുത്രന്മാരെയും സീതയെയും കണ്ടപ്പോള്‍ മോഹാലസ്യപ്പെട്ടുവീണു.
ഗാംഭീര്യംകൊണ്ട് സാഗരതുല്യനും നൈര്‍മല്യത്താല്‍ ആകാശസദൃശനും സത്യവാനും ധര്‍മിഷ്ഠനുമായ രാജാവിനോട് വിടചോദിച്ചു.

”അച്ഛാ, അങ്ങ് ഞങ്ങള്‍ക്ക് ഈശ്വരതുല്യനാണ്. വനവാസത്തിനുപോകാന്‍ ഞങ്ങളെ അനുഗ്രഹിച്ചനുവദിച്ചാലും. നശ്വരമായ ഭൗതിക സുഖസമൃദ്ധിയില്‍ അഭിരമിക്കുന്നവനല്ല ഞാന്‍. അങ്ങയുടെ സത്യവാക്ക് ലംഘിക്കപ്പെടരുതെന്നു മാത്രമേ എനിക്കുള്ളൂ.”

കദനക്കടലിന്റെ തിരതള്ളലില്‍ ആഴ്ന്നുപോയ രാജാവ് മകനെ മാറോടണച്ച് ആലിംഗനംചെയ്തു. 
മഹാരാജാവും സുമന്ത്രരും കൈകേയിയെ അതികഠിനമായി അധിക്ഷേപിച്ചപ്പോള്‍, ‘അരുതേ, അരുതേ’ എന്നുപറഞ്ഞ് അമ്മയുടെ പക്ഷത്തുനില്‍ക്കുകയാണ് രാമന്‍!

യാത്രാനുമതിക്കായി കൗസല്യമാതാവിനെ സമീപിച്ചപ്പോള്‍, മരുമകളെ കെട്ടിപ്പിടിച്ച് വിങ്ങുന്ന മനസ്സോടെ, ഗദ്ഗദകണ്ഠയായി ചില ഉപദേശങ്ങള്‍ കൊടുത്തു.

”മനസ്ഥൈര്യമില്ലാത്ത സ്ത്രീകള്‍, നല്ലകാലത്ത് ഭര്‍ത്താവിനെ രമിപ്പിച്ച് കൂടെക്കഴിയും. ആപത്തുകാലത്ത് പതിയെ ഉപേക്ഷിച്ചുപോകും. പതിവ്രതാരത്‌നമായ നിനക്ക് അങ്ങനെയൊരു ചിത്തചാഞ്ചല്യം ഉണ്ടാവരുത്. രാജ്യഭ്രഷ്ടനാണ് നിന്റെ ഭര്‍ത്താവെങ്കിലും അവനെ ഈശ്വരനായി കരുതി പൂജിക്കണം.”

”അമ്മേ, പതിദേവതയായ പത്‌നിയാണ് ഞാന്‍. ദുഷ്ചിന്തകളൊന്നും എനിക്കില്ല. ചന്ദ്രനില്‍നിന്ന് പ്രകാശം മായുമോ? തന്തുവില്ലാത്ത തംബുരു നാദമുതിര്‍ക്കുമോ? ചക്രമില്ലാത്ത രഥം ഓടുമോ? ശ്രീരാമചന്ദ്രനില്ലാതെ ഞാനുണ്ടാവുമോ!”

മൈഥിലിയുടെ ഈ വാക്കുകള്‍ ശ്രോതാക്കളില്‍ സന്തോഷവും സന്താപവും വളര്‍ത്തി. ജനകമഹാരാജാവിന്റെ മകളുടെ ദുര്‍വിധിയോര്‍ത്ത്, അമ്മ കണ്ണീരണിഞ്ഞ യാത്രാമംഗളം നേര്‍ന്നു. ലക്ഷ്മണന്‍ സുമിത്രാപാദങ്ങള്‍ വന്ദിച്ചുകൊണ്ട് അമ്മയോട് യാത്രാനുമതി തേടി.

മകനെ അനുഗ്രഹിച്ചുകൊണ്ട്, അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

”മകനേ, നിന്നെ വനവാസത്തിനുവേണ്ടി സൃഷ്ടിച്ചിരിക്കുന്നതാണ്. ജ്യേഷ്ഠകാര്യങ്ങളില്‍ ഒരിക്കലും തെറ്റുപറ്റരുത്. സര്‍വാവസ്ഥകളിലും ജ്യേഷ്ഠനാകുന്നു നിന്റെ മാര്‍ഗദര്‍ശി. ജ്യേഷ്ഠനെ പിതാവെന്നും സീതയെ മാതാവെന്നും വനം അയോധ്യയെന്നും കരുതണം. സുഖമായി പോയ്‌വരൂ.”

ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധം

ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധം

ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം. രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം.. ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ്. അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ.

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു. അസാധാരണമായ കഴിവുകള്‍ ഉണ്ട്. ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ…

രാക്ഷസനു ഒരു തമാശതോന്നി. തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു. കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി. എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍. രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു.
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു. സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു “വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്. ആ വൃദ്ധയെ സമീപിക്കുക. രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും. ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക. സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌. അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി. തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്. വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു. ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല. മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു. രാക്ഷസ്സന് ആശ്വാസമായി.
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു. അമ്മയാണ് വിളിക്കുന്നത്‌.  ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി. താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്.

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്. പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്. അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ. ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ. അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു. തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല. രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും. അവര്‍ യുദ്ധം തുടങ്ങി. യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു. ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു. ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌. ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു. പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം. രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം. ആവാമെന്ന് ഇരുവരും സമ്മതിച്ചു. ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു. ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു. രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു. രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ. അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു. നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു. രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി. രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക. രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌. ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു…ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത്. സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു.

ജയ് ശ്രീരാം... ജയ് ശ്രീരാം... ജയ് ശ്രീരാം...

ശ്രീരാമനും പരശുരാമനും

ശ്രീരാമനും പരശുരാമനും

സീതാകല്യാണശേഷം ദശരഥനും ശ്രീരാമനും കൂട്ടരും മിഥിലയില്‍ നിന്നും അയോധ്യയിലേക്കുള്ള യാത്രാമധ്യേ ക്രൂരഭാവത്തില്‍ വഴിതടഞ്ഞു വന്ന പരശുരാമനെ കണ്ടു. ക്ഷത്രിയന്തകനായ സാക്ഷാല്‍ പരശുരാമന്‍. അദേഹത്തിന്‍റെ തോളില്‍ പരശുവും(മഴു), കൈയില്‍ കേള്‍വികേട്ട ഒരു വില്ലും കാണപെട്ടു. ഏവരും ഭയന്ന് വിറച്ചു. ഋഷിമാര്‍ വസിഷ്ഠനെ മുന്നില്‍ നിര്‍ത്തി കൊണ്ട് പരശുരാമന്‍റെ അടുത്തെത്തി. അവര്‍ അതിഥിയായ പരശുരാമനു അര്‍ഘ്യം നല്‍കി, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. എന്നിട്ട് രാമന്‍റെ അരികിലെത്തി പറഞ്ഞു.” അങ്ങയെ പറ്റി കുറെ കേട്ടിരിക്കുന്നു. അങ്ങയുടെ മിഥിലസന്ദര്‍ശനവും മഹേശ്വരചാപഭഞ്ജനവും എല്ലാം അറിഞ്ഞിരിക്കുന്നു. അങ്ങയുടെ ശൗര്യം എത്രയുണ്ടെന്നറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട് അതുകൊണ്ട് അങ്ങയെ പരീക്ഷിക്കുവാന്‍ ഞാന്‍ ഒരു ചാപം കൊണ്ട് വന്നിട്ടുണ്ട്.” കൈയിലിരിക്കുന്ന ചാപമുയര്‍ത്തികൊണ്ട് പരശുരാമന്‍ തുടര്‍ന്നു.

“ഈ ചാപം എന്‍റെ പിതാവ് ജമദഗ്നിയുടേതാണ് ഇത് തൊട്ടുനോക്കാന്‍പോലും സകലരും ഭയന്നു. എന്‍റെ പിതാവിന്‍റെ ഘാതകരടങ്ങുന്ന ക്ഷത്രീയകുലങ്ങളെ മൊത്തം ഈ ചപത്താല്‍ ആണ് ഞാന്‍ വക വരുത്തിയത്. താങ്കള്‍ക്ക് ശൗര്യമുണ്ടെങ്കില്‍ യഥാര്‍ത്ഥ ക്ഷത്രിയനാണെങ്കില്‍ ഈ ചാപം കുലച്ച് ഞാണ്‍ കെട്ടുക.”

കോപിഷ്ഠനായ പരശുരാമന്‍ തന്‍റെ പ്രസംഗം അവസാനിപ്പിക്കുന്നത് വരെ രാമന്‍ നിശബ്ദനായി നിന്നു.

എന്നിട്ട് പറഞ്ഞു “ഹേ ഭാര്‍ഗവാ അങ്ങുപറഞ്ഞത് ഞാന്‍ കേട്ടു. ഈ പോര്‍വിളി ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ ഒരു ബലഹീനനായവനാണെന്ന് അങ്ങു കരുതുന്നുണ്ടെങ്കില്‍ അതെത്രയെന്നു ഞാന്‍ അങ്ങേക്ക് കാണിച്ചു തരാം.”

രാമന്‍ കൈനീട്ടി ആ ചാപം വാങ്ങിച്ചു. അതില്‍ നിഷ്പ്രയാസം ഞാണ്‍ കെട്ടി ശരംതൊടുത്തു, രാമന്‍ തൊടുത്ത ശരം ഇരയെ ഹനിക്കാതെ തിരികെ വരുന്നത് പതിവില്ല. ആയതിനാല്‍ ശ്രീരാമന്‍റെ ബലഗുണമഹിമ മനസിലാക്കിയ ഭാര്‍ഗവന്‍ തന്‍റെ തപോധനം ശ്രീരാമന് നല്‍കി. മഹേന്ദ്രപാര്‍വതത്തിലേക്ക് മടങ്ങി. കോപമടങ്ങിയ ശ്രീരാമന്‍ ആ ചാപം (വൈഷ്ണവചാപം) സമുദ്രദേവനായ വരുണനു നല്‍കി.