ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

ചെങ്ങഴനീർ പൂവ് വിരിയുന്ന ക്ഷേത്രക്കുളം

ചെങ്ങഴനീർ പൂവ് വിരിയുന്ന ക്ഷേത്രക്കുളം

തൃപ്പടിയിൽ പണം വച്ചു പ്രാർത്ഥിച്ചാൽ, വിശ്വാസം സത്യമെങ്കിൽ ക്ഷേത്ര കുളത്തിൽ പൂവ് വിരിയും. നീലത്താമര എന്നാണ് എം.ടി.ആ പുഷ്പത്തിനെ വിളിച്ചത്. 

എന്നാൽ അങ്ങനെ ഒരിടമുണ്ട്, നീലത്താമര വിരിയുന്ന ഇടം. ആ പൂവാണ് ചെങ്ങഴനീർ പൂവ്, കേട്ടും, വായിച്ചുമറിഞ്ഞ നീലത്താമര. ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്താണ് മലമൽക്കാവ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാൽ വള്ളുവനാടിന്റെ കാഴ്ചകളും, ചരിത്രങ്ങളും കാണാനും അറിയുവാനും ഏറെയുണ്ട്. ക്ഷേത്രക്കുളത്തിൽ വിരിയുന്ന ചെങ്ങഴിനീർ പൂവ് എന്ന അദ്ഭുതം അതിൽ ഒന്നു മാത്രമാണ്.

ഏറെ പ്രസിദ്ധമാണ് മലമൽക്കാവും ഇവിടെ വിരിയുന്ന ചെങ്ങഴിനീർ പൂവും മലമേൽക്കാവിന്റെ മാത്രം പ്രത്യേകതയായ തായമ്പകയും ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നവയാണ്. മലമൽക്കാവ് തായമ്പക ശൈലി വേറിട്ടതാണ്. പ്രഭാ സത്യകാ സമേതനായ അയ്യപ്പനാണിവിടെ കുടികൊള്ളുന്നത്. ശിവൻ, കന്നിമൂല ഗണപതി, രുദ്രമഹാകാളൻ, ഭഗവതി, വേട്ടക്കരൻ എന്നീ ഉപദേവതകളും ഇവിടെ കുടിയിരിക്കുന്നു.

ശിവക്ഷേത്രങ്ങളിലെ കലശത്തിനാണ് പ്രധാനമായും ചെങ്ങഴനീർ പൂവ് ആവശ്യമായി വരുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ പൂവിനു വേണ്ടിയുള്ള അപേക്ഷ ക്ഷേത്രത്തിൽ സമർപ്പിച്ച്, തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിക്കണം. പിറ്റേ ദിവസം ക്ഷേത്രക്കുളത്തിൽ പൂവ്വിരിഞ്ഞിട്ടുണ്ടാവും. മലമേൽക്കാവിലെ വലിയ ക്ഷേത്രത്തില്‍ പ്രത്യേകം കെട്ടിയ രണ്ടു ചെറിയ കുളങ്ങളിലാണ് ചെങ്ങഴനീർ പൂവ് വിരിയുന്നത്.

കാര്യസിദ്ധിക്കായി ക്ഷേത്രമൂർത്തിയെ തൊഴുത് പടിയിൽ പണം വച്ച് പ്രാർത്ഥിച്ചാൽ സമയം ആകുമ്പോൾ ആവശ്യം വേണ്ടുന്ന പൂവ് ക്ഷേത്രകുളത്തിൽ വിടർന്നു നിൽപ്പുണ്ടാകും. തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിച്ചവര്‍ക്കെല്ലാം പൂവ് വിടർന്നു കാണാൻ സാധിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാട്ടുവഴികളും, മുന്നിലെ അരയാലും മനസ്സിൽ എന്നും മറക്കാത്ത അനുഭവമായി തങ്ങിനിൽക്കും. പാലക്കാട് ജില്ലയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പട്ടാമ്പിയിൽ നിന്നും 16 കിലോമീറ്റർ ദൂരമുണ്ട്.




No comments:

Post a Comment