ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 December 2022

കല്ലടിക്കോട്ടുമലയിലെ നീലി

കല്ലടിക്കോട്ടുമലയിലെ നീലി

പാലക്കാടു ജില്ലയിൽ മണ്ണാർക്കാട്ടടുത്താണ് പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായ കന്മദം ഏറെ വളരുന്നയിടം കൂടിയാണിവിടെ. ഈ ഔഷധം അന്വേഷിച്ച് ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. മലയിൽ എത്തുന്ന മറ്റൊരു വിഭാഗം കരിനീലിയെ മന്ത്രത്താൽ ഉപാസിക്കുന്നവരാണ്. വനനിബിഢമായ ഈ മലയിലെ പ്രാചീന ഗോത്രരുടെ ആരാധനാമൂർത്തിയാണ് കരിനീലി. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണ് ദേവി വിഹരിക്കുന്നത്.
ഈ ദേവതാസങ്കൽപത്തിന് കൃത്യമായ
ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും കരിനീലി നിറഞ്ഞുനിൽക്കുന്നു. മലയിൽ നിന്നു നിലിയെയോ
നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അസാധ്യം.
ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്. ഇപ്പോഴും തുടരുന്ന മലവാരി സമ്പ്രദായം ഇതിന് തെളിവാണ്.

കരിനീലിക്കു ആദിനാഥനിൽ (ശിവന്റെ മറ്റൊരുനാമം) പിറന്നതാണ് 'നാനൂറിൽ പത്തു കുറെ ചാത്തന്മാർ ' അഥവാ മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ. കരിനീലിയമ്മയും മക്കളായ 390 ചാത്തന്മാരും 4448 മന്ത്രമൂർത്തികളും പതിനായിരത്തിലേറെ പരിചാരകവൃന്ദങ്ങളും ചേർന്നതാണ് മലവാരമൂർത്തികൾ. 390 എന്ന സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്. 
മറ്റൊരു അത്ഭുതം കല്ലടിക്കോട്ട് കരിനീലിയെ ടിബറ്റൻ വജ്രയാനത്തിലും (ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം എന്നതാണ് ! ടിബത്തിൽ 'കുവാൻ യിൻ' അഥവാ നീലതാര എന്ന് അറിയപ്പെടുന്നു. താരയ്ക്കും മക്കൾ 390 ആണ്. 390 തഥാഗതന്മാർ (ബുദ്ധന്മാർ) ! താര അഥവാ നീലതാര എന്നത് കാളിയോട് തുല്യമായി തന്ത്രമാർഗ്ഗികൾ പിൻതുടരുന്ന ആദിശക്തിയുടെ മറ്റൊരു രൂപമാണ്.
( ചിത്രത്തിൽ നീല താര )

ശബരിമലക്ക് ചുറ്റുമുള്ള കരിമല നീലിമലകൾക്ക് ആ പേര് വന്നത് കരിനീലിയുമായുള്ള ബന്ധം മൂലമാണെന്നും ശബരി എന്നത് കരിനീലിയുടെ മറ്റൊരുപേരാണ് എന്നും പറയപ്പെടുന്നു. ശബര്യുപാസനാ സമ്പ്രദായങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ തന്ത്രമാർഗ്ഗമാണത്രെ ശാബരതന്ത്രം ശബരിയ്ക്ക് കൗളപദ്ധതി പ്രകാരം പൂജ നടത്തിയിരുന്ന പീഠം ഇന്നും ശബരിമലയിൽ ഉണ്ട് എന്നും പറയപ്പെടുന്നു. ഇതുമൂലമാണ് ശബരിമലയെ ശബരിപീഠം എന്നും പറയപ്പെടുന്നതത്രെ.
കൗള സാധനയുഷ്ടിച്ചിരുന്ന
സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന
കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ (ആദിശക്തിയുടെ) മലകൾ ആണ് ശബരിമലയിലെ മലകൾ എന്നുപറയപ്പെടുന്നു.

കേരളത്തിൽ കാലാന്തരത്തിൽ ക്രൈസ്തവവത്ക്കരിക്കപ്പെട്ട ചിലയിടങ്ങളിലെ മുത്തിയമ്മസങ്കല്പവും ഇത്തരുണത്തിൽ (വെച്ചൂർ മുത്തി, കുറവിലങ്ങാട് മുത്തി, കൊരട്ടിമുത്തി) ശ്രദ്ധിക്കേണ്ടതാണ്‌. ഗോത്രാചാരങ്ങൾ പിൻതുടർന്നിരുന്ന ആദിമജനത തങ്ങളുടെ ഉപാസനാദേവതയെ സൂചിപ്പിച്ചിരുന്ന പല നാമങ്ങളിൽ ഒന്നാണ് മുത്തി അഥവാ മുത്തിയമ്മ എന്നത്. ദശമഹാവിദ്യകളെ
പല വ്യത്യസ്ത നാമങ്ങളിൽ ആരാധിച്ചിരുന്ന ഗോത്രാചാരപദ്ധതി ഭാരതത്തിൽ എല്ലായിടത്തും നിലനിന്നിരുന്നു. ദശമഹാവിദ്യകളായ കാളി താര ബഗളാമുഖി ഭൈരവി ഛിന്നമസ്ത തുടങ്ങിയ ഭാവങ്ങളിൽ ഗോത്രാചാരരൂപത്തിൽ ആദിശക്തിയെ പൂജിച്ചിരുന്ന ചിലയിടങ്ങൾ പിന്നീട് ക്രൈസ്തവവത്ക്കരിക്കപ്പെട്ടിട്ടും മുത്തി എന്ന സങ്കല്പം മായാതെ നിന്നു.


No comments:

Post a Comment