ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 December 2022

ക്ഷേത്ര, ഭവന നിർമ്മാണഘട്ടത്തിലെ പ്രധാന ചടങ്ങുകൾ

ക്ഷേത്ര, ഭവന നിർമ്മാണഘട്ടത്തിലെ പ്രധാന ചടങ്ങുകൾ

1) വാതിൽ പുറപ്പാട്

പുതിയതായി ക്ഷേത്രം നിർമ്മിക്കുമ്പോൾ ആ ക്ഷേത്രത്തിലേക്കുള്ള ബിംബം നിർമ്മിക്കാനുള്ള ഉത്തമ ശില തേടി ശില്പി പോകുന്ന ചടങ്ങാണ് വാതിൽ പുറപ്പാട്, രാജഭരണകാലത്താണ് ഈ ചടങ്ങ് ഉണ്ടായിരുന്നത്, ഇന്ന് ഇത് ഇല്ല, ഭാരതത്തിൽ ഇന്ന് കാണുന്ന ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും രാജഭരണകാലത്ത് നിർമ്മിച്ചതാണെന്ന വസ്തുത എല്ലാവർക്കും അറിയാമല്ലോ, രാജാവിൻ്റെയും രാജഗുരുവിൻ്റെയും ആശീർവാദത്തോടെ പുറപ്പെടുന്ന ശില്പി ലക്ഷണമൊത്ത ഒരു ശിലകണ്ടെത്തുകയും ആ ശിലയിൽ ഒരു രാത്രി മുഴുവൻ കിടന്നുറങ്ങി. പിറ്റേ ദിവസം ആചാരപരമായ പൂജകൾ ചെയ്ത ശേഷം ബിംബം കൊത്തിയെടുക്കുന്നു.

2 ) വാസ്തുവിന്യാസം

ക്ഷേത്ര നിർമ്മാണത്തിന് കണ്ടെത്തിയ ഭൂമി നിരപ്പാക്കിയ ശേഷം ഭൂമിയിൽ വാസ്തു പുരുഷൻ്റെ രൂപം വരയ്ക്കുന്നതാണ് വാസ്തുവിന്യാസം, ആ രൂപത്തിൽ ദേവതകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നു എന്നുള്ള സങ്കല്പമാണ് വാസ്തുവിന്യാസം.

3) അങ്കുരാർപ്പണം

നെല്ല്, ഗോതമ്പ്, എള്ള്, യവം തുടങ്ങിയ ധാന്യങ്ങൾ പതിനാല് ദിവസം ചെമ്പ് പാത്രത്തിൽ ആക്കിനിലാവത്ത് വച്ച് മുളപ്പിച്ച് പ്രതിഷ്ഠ ചെയ്യാൻ ഉദ്ദേശിക്കുന്ന മൂർത്തിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് അങ്കുരാർപ്പണം, നിർമ്മാണത്തിൽ വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്.

4) നേത്രഉൻമീലനം (നേത്രമംഗല്യം)

ക്ഷേത്രബിംബത്തിൻ്റെ കണ്ണ് ക്ഷേത്രത്തിൽ വെച്ച് തന്നെ കൊത്തിയെടുക്കുന്നതിലൂടെ വിഗ്രഹനിർമ്മാണം ക്ഷേത്രത്തിൽ വെച്ച് പൂർത്തികരിക്കുന്നു എന്ന സങ്കല്പം കൂടിയുണ്ട്, ബിംബവുമായി ക്ഷേത്രത്തിൽ എത്തുന്ന ശില്പിയെ തന്ത്രിയും മേൽശാന്തിയും കൂടി ആചാരത്തോടെ സ്വീകരിക്കുന്നു ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൻ്റെ തല ഭാഗം മടിയിൽ വെച്ച് ശില്പി ഇരിക്കുമ്പോൾ വെള്ളത്തുണി ശില്പിയുടെ തലയിൽ ഇട്ട് വിഗ്രഹത്തെയും ശില്പിയെയും മൂടുന്നു, അതിന് പുറത്ത് നാല് ഭാഗം തുണികൊണ്ട് മറപിടിച്ച് നാല് പേര് നില്ക്കും, അങ്ങനെ അഞ്ച് മറതീർക്കുന്നു, അവിടെയിരുന്ന് ശില്പി വിഗ്രഹത്തിൻ്റെ കണ്ണ് കൊത്തിയെടുത്ത് കണ്ണിൽ പ്രത്യേക ഔഷധ കൂട്ട് കൊണ്ട് തയ്യാറാക്കിയ മഷി സ്വർണ്ണ സൂചി കൊണ്ട് എഴുതുന്നു, അതോടെ ശില്പത്തിൽ ദേവചൈതന്യം നിറയുന്നു, ശില്പം പൂർത്തിയായി തീരുന്നു. കണ്ണ് തുറക്കുന്ന തോടുകൂടി വിഗ്രഹത്തിൽ ദേവാംശം ആവാഹിച്ച് കഴിഞ്ഞു. ഈ ചടങ്ങിനെയാണ് നെത്രഉൻമീലനം അഥവാ നേത്ര മംഗല്യം എന്ന് പറയുന്നത്. ക്ഷേത്രത്തിലേക്ക് നിർമ്മിക്കുന്ന തിരുമുടിയുടെ കണ്ണും ക്ഷേത്രത്തിൽ വെച്ച് തന്നെയാണ് തുറക്കുന്നത്. കേരളത്തിന് പുറത്ത് സ്ഥപതിമാർ തന്നെയാണ് വിഗ്രഹം പ്രതിഷ്ഠ ചെയ്യുന്നത്. ഇന്ന് കേരളത്തിൽ തന്ത്രിയാണ് വിഗ്രഹപ്രതിഷ്ം ചെയ്യുന്നത്. പ്രതിഷ്ഠയ്ക്ക് ശേഷം ശില്പി ക്ഷേത്ര ചുറ്റമ്പലത്തിൻ്റെപിൻ വാതിലൂടെ പുറത്ത് വരും. വിഗ്രഹത്തിൻ്റെ പിതാവ് ശില്പിയായതിനാൽ പ്രതിഷ്ഠ കഴിഞ്ഞ് മുന്നിലൂടെ ശില്പി വന്നാൽ വിഗ്രഹത്തിന് എഴുന്നേറ്റ് നില്ക്കേണ്ടി വരും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. (എന്നാൽ ഇന്ന് ചിലർ ഈ വിശ്വാസത്തെ മന: പൂർവ്വം ദുർവ്യാഖ്യാനിച്ച് ശില്പിയെ കുറിച്ച് നുണ പ്രചാരം നടത്തുന്നുണ്ട് 'ഒരു 60 വർഷമായി ഇത്തരത്തിൽ നുണപ്രചാരം പാർട്ടി ക്ലാസുകളിൽ തുടങ്ങിയിട്ട്)

5) ഉളിക്കുത്തൽ ചടങ്ങ്

ക്ഷേത്ര നിർമ്മാണത്തിനും ഗൃഹനിർമ്മാണത്തിനും നടക്കുന്ന ഒരു പ്രധാന ചടങ്ങാണ് ഉളികുത്തൽ, സ്ഥപതി ഒരു തടിക്കഷണത്തിൽ ഉളികുത്തി പണിക്ക് തുടക്കം കുറിക്കുന്നു.

6 ) ശിലാന്യാസ്യം

ക്ഷേത്ര/ ഭവന നിർമ്മാണത്തിന് മുമ്പ് ആദ്യം സ്ഥാനം കണ്ട് കുറ്റിയടിക്കുന്നു, അത് കഴിഞ്ഞ് അസ്ഥിവരം താഴ്ത്തിയതിനു ശേഷം ആചാരപരമായ പൂജകൾ ചെയ്ത് ആദ്യമായി കല്ല് വെയ്ക്കുന്നു. ആ കല്ലിനടിയിൽ സ്വർണ്ണമോ, പഞ്ചലോഹമോ ഇടുന്നു. ഈ ചടങ്ങാണ് ശിലാന്യാസ്യം അഥവാ കല്ലിടൽ ചടങ്ങ്.

ക്ഷേത്ര നിർമ്മാണ പ്രാരംഭഘട്ടം മുതൽ വിഗ്രഹപ്രതിഷ്ഠ വരെ ആചാരപരമായ എല്ലാ പ്രധാന ചടങ്ങുകൾക്കും കാർമ്മികത്വം വഹിക്കുന്നത് ക്ഷേത്ര സ്ഥപതിയാണ്.

7 ) ദ്വാരസ്ഥാപനം

ക്ഷേത്ര, ഭവന നിർമ്മാണത്തിൽ ആദ്യ പ്രധാന കട്ടിളവെയ്ക്കുന്നതിനെയാണ് ദ്വാരസ്ഥാപനം എന്ന് പറയുന്നത്. കട്ടിളയ്ക്ക് അടിയിൽ രത്നങ്ങളും സ്വർണ്ണ നാണയങ്ങളും വെയ്ക്കാറുണ്ട്.

8 ) ഉത്തരം വെപ്പ്.

പഴയ കാലത്ത് വീട് നിർമ്മാണത്തിൽ ഉത്തരം വെപ്പ് എന്ന ചടങ്ങ് ഉണ്ട്. ഇന്ന് വീടുകൾ കോൺഗ്രീറ്റിലേക്ക് വഴിമാറിയപ്പോൾ ആ ചടങ്ങ് അന്യം നിന്ന് പ്പോയി.

9 ) കുറ്റീശ പൂജ

ഗൃഹപ്രവേശത്തിന് മുമ്പായി നടക്കുന്ന ചടങ്ങാണ് ഇത്. സ്ഥപതിയേയും മറ്റ് നിർമ്മാണത്തിൽ പങ്കെടുത്ത പ്രധാന ശില്പിമാരെയും വീട്ടിലേക്ക് ക്ഷണിച്ച് ആദരിക്കുന്നു. അവർക്ക് കോടി മുണ്ടും ദക്ഷിണയും നല്കി കുടുംബം അനുഗ്രഹം വാങ്ങിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും നല്കി അവരുടെ മനസിനെ പ്രീതിപ്പെടുത്തുന്നു. അന്ന് രാത്രി തന്നെ വാസ്തു പൂജ നടത്തി മൂന്നാം നാൾ ഗൃഹപ്രവേശം. കുറ്റീശ പൂജ ഇന്ന് പല സ്ഥലത്തും ഇല്ല. 

No comments:

Post a Comment