ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

കര്‍ണവേധ സംസ്കാരം

കര്‍ണവേധ സംസ്കാരം

പുരാതനകാലത്ത്‌ തന്നെ മനുഷ്യര്‍ക്ക്‌ ആഭരണങ്ങള്‍ അണിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ചെവിയില്‍ ദ്വാരമുണ്ടാക്കുന്നത്‌ നല്ലതാണെന്നുള്ള അറിവ്‌ മനുഷ്യനുണ്ടായി. ആയുര്‍വേദാചാര്യനായ ശുശ്രുതന്‍ കുട്ടിയുടെ ആരോഗ്യത്തിനും അലങ്കാരത്തിനും കാതുകളില്‍ ദ്വാരമുണ്ടാക്കുന്നത്‌ നല്ലതാണെന്ന്‌ അഭിപ്രായപ്പെട്ടു. മാത്രമല്ല, ചെവി തുളയ്ക്കുന്നതുകൊണ്ട്‌ ഹൈഡ്രോസില്‍, ഹെര്‍ണിയ തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ ഉപകരിക്കുന്നുവെന്നുകൂടി ശുശ്രുതന്‍ അഭിപ്രായപ്പെട്ടു. പരാസ്കര ഗൃഹ്യസൂത്രത്തിലും, അഥര്‍വവേദത്തിലും കര്‍ണവേധത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. ശിശു ജനിച്ചതിന്‌ ശേഷം 10, 12, 16 എന്നീ ദിവസങ്ങളില്‍ കര്‍ണവേധ സംസ്കാരം നടത്തണമെന്ന്‌ ബൃഹസ്പതി നിര്‍ദ്ദേശിക്കുന്നു. പക്ഷേ, ഗര്‍ഗാചാര്യനാകട്ടെ 6, 7, 8, 12 മാസങ്ങളിലാണ്‌ നടത്തേണ്ടതെന്ന്‌ പറയുന്നു. ചില ആചാര്യന്മാര്‍ മൂന്നാമത്തെയോ, അഞ്ചാമത്തെയോ വയസ്സില്‍ ഈ ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കുട്ടിക്ക്‌ പല്ലുമുളച്ചതിന്‌ ശേഷം ഈ സംസ്കാരം നടത്തിയാല്‍ മതിയെന്ന്‌ ശ്രീപതി അഭിപ്രായപ്പെടുന്നു. കര്‍ണവേധത്തിനുള്ള സമയം നിശ്ചയിക്കേണ്ടത്‌ പ്രധാനമായും കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തതിന്‌ ശേഷം ജ്യോതിഷപണ്ഡിതന്മാരുടെ അഭിപ്രായമുള്ള മുഹൂര്‍ത്തത്തിലാകുന്നാണ്‌ നല്ലത്‌. ഇപ്പോള്‍ പല സ്ഥലത്തും ചൂഡാകര്‍മ്മവും, കര്‍ണവേധനവും ഉപനയനം സംസ്കാരത്തോടനുബന്ധിച്ച്‌ നടത്തിവരുന്നു.

അച്ഛനാണ്‌ ഈ ചടങ്ങിന്റെ കാര്‍മ്മികത്വം വഹിക്കേണ്ടത്‌ എന്ന്‌ ഗൃഹ്യസൂത്രങ്ങള്‍ പറയുന്നു. പക്ഷേ, കാത്‌ തുളയ്ക്കേണ്ടത്‌ പരിചയ സമ്പന്നനായ ഏതെങ്കിലും വ്യക്തികളായിരിക്കണം. ശ്രീപതിയുടെ അഭിപ്രായത്തില്‍ സൂചി നിര്‍മ്മിക്കുന്ന വ്യക്തിയോ, ലോഹപ്പണിക്കാരനോ ആയിരിക്കണം കുട്ടിയുടെ കാത്‌ തുളയ്ക്കേണ്ടതെന്നാണ്‌. പക്ഷേ, ശുശ്രുതന്റെ അഭിപ്രായത്തില്‍ ശസ്ത്രക്രിയാ വിദഗ്ധനെക്കൊണ്ടുവേണം കര്‍ണവേധം നടത്തേണ്ടതെന്നാണ്‌. പക്ഷേ, പാരമ്പര്യമായി സ്വര്‍ണപണി നടത്തുന്നവരെയാണ്‌ അധികവും ഈ കര്‍മ്മത്തിന്‌ ക്ഷണിച്ചുവരുന്നത്‌. സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നിവ കൊണ്ടുണ്ടാക്കിയ ഏതെങ്കിലുമൊരു സൂചികൊണ്ടുവേണം ചെവി തുളയ്ക്കാന്‍. ചെവികളുടെ ദ്വാരത്തിലൂടെ സൂര്യരശ്മികള്‍ കടന്നുപോകുന്നത്‌ ആരോഗ്യത്തിനും യശസ്സിനും നല്ലതാണെന്ന വിശ്വാസവും നിലവിലുണ്ട്‌. നല്ല മുഹൂര്‍ത്തത്തില്‍ ഉച്ചയ്ക്ക്‌ മുന്‍പ്‌ കര്‍ണവേധം നടത്തണമെന്നാണ്‌ പറയുന്നത്‌. നിലവിളക്കിന്റെ പടിഞ്ഞാറുഭാഗത്ത്‌ കിഴക്കോട്ട്‌ നോക്കി കുട്ടിയെ മടിയിലിരുത്തി അമ്മ ഇരിക്കണം. അതിനുശേഷം ചെവി തുളയ്ക്കാനെത്തിയ വ്യക്തി, ആദ്യമായി കുട്ടിയുടെ വലത്തെ ചെവി പിടിച്ച്‌ ലോഹസൂചികൊണ്ട്‌ ദ്വാരമുണ്ടാക്കുന്നു. ഈ സമയത്ത്‌ മംഗളകരമായ കാര്യങ്ങള്‍ ചെവിയിലൂടെ കേള്‍ക്കട്ടെ എന്ന്‌ ആശംസിക്കുന്നു. പിന്നീട്‌ ഇടത്തേ ചെവിയിലും ദ്വാരമുണ്ടാക്കുന്നു. അതിനുശേഷം ചെവിയില്‍ എണ്ണ പുരട്ടുക. ഈ സംസ്കാരത്തിന്‌ ശേഷം എല്ലാവര്‍ക്കും ഭക്ഷണം നല്‍കി ഗൃഹനാഥന്‍ സന്തോഷപൂര്‍വം അതിഥികളെ യാത്രയയ്ക്കണമെന്നാണ് പറയുന്നത്.

ശാക്തേയക്കാവുകളിലെ ആരാധനാരീതികൾ

ശാക്തേയക്കാവുകളിലെ ആരാധനാരീതികൾ

ശാക്തേയക്കാവുകളിൽ പരാമ്പര്യ ഉപദേശപ്രകാരമുള്ള മൂലമന്ത്രവും ധ്യാനവും സ്വീകരിച്ചുകൊണ്ട് അതാത് സമുദായങ്ങൾ തന്നെയാണ് പൂജാദി അടിയന്തിരങ്ങൾ നടത്തിവരുന്നത്. ഉദാഹരണമായി കളരിവാതുക്കൽ, മാടായിക്കാവ് തുടങ്ങിയ സങ്കേതങ്ങളിൽ പിടാരകന്മാർ അവരുടെ പാരമ്പര്യ ഉപദേശപ്രകാരമാണ് പൂജാദി അടിയന്തിരങ്ങൾ നടത്തുന്നത്. കൊടുങ്ങല്ലൂർ ശ്രീകുറുംബക്കാവിൽ അടികളും മറ്റ് കടലോരമേഖലകളിലും മറ്റുമുള്ള രുരുജിത് വിധാനമല്ലാത്ത കാവുകളിൽ ബന്ധപ്പെട്ട സമുദായക്കാരും പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിക്കുന്നു. മാടായിക്കാവിൽ ചണ്ഡകപാലിനി എന്ന പേരിലും കൊടുങ്ങല്ലൂരിൽ ശ്രീകുറുംബ എന്ന പേരിലും അറിയപ്പെടുന്ന ദേവി ദാരികവധവുമായി ബന്ധപ്പെട്ട കാളിയാണ്. പാരമ്പര്യ ഉപദേശപ്രകാരം പൂജയും ഉത്സവങ്ങളും നിർവ്വഹിക്കുന്ന ഇത്തരം സങ്കേതങ്ങളിൽ ക്ഷേത്രാചാര്യന് അതായത് തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. മേൽപ്പറഞ്ഞ സമുദായങ്ങളിലൊക്കെത്തന്നെ പൂർവ്വികരായ യോഗിവര്യന്മാർ ജീവിച്ചിരുന്നതായും അവർ നടപ്പിലാക്കിയ ആചാരാനുഷ്ഠാനങ്ങളാണ് പിൻതലമുറക്കാർ പിന്തുടർന്നതെന്നും മനസ്സിലാക്കാം. തന്ത്രസമുച്ചയം തുടങ്ങിയ പ്രമാണങ്ങളനുസരിച്ച് തന്ത്രിക്ക് ക്ഷേത്രത്തിന്റെ പിതൃസ്ഥാനമാണുള്ളത്. എന്നാൽ ശാക്തേയ കാവുകളിലെ സ്ഥിതി അതല്ല. നേരത്തെ സൂചിപ്പിച്ച പ്രകാരം അതാത് സമുദായങ്ങളിൽ ചിരപുരാതനകാലത്ത് ജീവിച്ചിരുന്ന സിദ്ധയോഗീശ്വരന്റെ തപഃസിദ്ധിയുടെ സമർപ്പണമാണ് ശാക്തേയ കാവുകളിലെ ചൈതന്യമായി രൂപപ്പെട്ടത്. അതിനാൽ ശാക്തേയ കാവുകളിലെ സകലവിധ അവകാശാധികാരങ്ങളും അതാത് സമുദായക്കാർക്കുള്ളതാണ്. പാരമ്പര്യ ഉപദേശപ്രകാരം മന്ത്രധ്യാനാദികൾ പരിശീലിച്ച് അവർ തലമുറകളായി അർച്ചനയും ഉത്സവാദികളും നടത്തിപ്പോരുന്നു. ഈ സമുദായങ്ങളുടെ പാരമ്പര്യ ഉപദേശമില്ലാതെ മറ്റു സമുദായങ്ങളിൽനിന്ന് യോഗ്യനായ ഒരു തന്ത്രിയെ സ്വീകരിച്ചാൽ ചിലപ്പോൾ വിരുദ്ധ മന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും. ഇവിടെ അന്യമന്ത്രയജനം എന്ന ദോഷമുണ്ടായിത്തീരും. എന്നാൽ പിൽക്കാലത്ത് ഈ സമുദായങ്ങളിൽപ്പെട്ടവർക്ക് തപോനിഷ്ഠ കുറയുവാനിടവന്നപ്പോൾ രാജകീയനിർദ്ദേശപ്രകാരം ജീർണ്ണോദ്ധാരണ സമയത്ത് ദേവതയെ കുടിയിരുത്തുവാൻ വേണ്ടിമാത്രം പുറത്തുള്ള സമുദായങ്ങളിൽനിന്ന് യോഗ്യരായവരെ നിയോഗിച്ചു എന്നു മാത്രമേയുള്ളൂ.

കര്‍ക്കിടകവും ഭദ്രകാളിയും

കര്‍ക്കിടകവും ഭദ്രകാളിയും

ഭദ്രകാളിയും ഗണപതിയുമാണ് കലികാലത്ത് പെട്ടെന്ന് പ്രസാദിപ്പിക്കാവുന്ന ദേവതകള്‍. കര്‍ക്കിടകമാസത്തില്‍ പൊതുവില്‍ ശുഭകര്‍മ്മങ്ങളൊന്നും നമ്മള്‍ നടത്താറില്ലല്ലോ. കര്‍ക്കിടകം പഞ്ഞമാസമെന്നാണ് വയ്പ്. എന്നാല്‍ ജ്യോതിഷപ്രകാരം സ്ത്രീരാശിയും മാതൃകാരകത്വമുള്ള ചന്ദ്രന്‍റെ രാശിയുമായ കര്‍ക്കിടകമാസത്തില്‍ ഭദ്രകാളിസേവ, ജപം, കാളീസ്തവം, മന്ത്രസാധന എന്നിവ പെട്ടെന്നു ഫലപ്രാപ്തിയില്‍ എത്തുന്നതായി കണ്ടുവരുന്നു. ഉത്തരായനം തീര്‍ന്നു ദക്ഷിണായനം തുടങ്ങുന്ന കര്‍ക്കിടകത്തില്‍ ശ്രദ്ധയോടും ഭക്തിയോടുമുള്ള ഭദ്രകാളി ജപം, ധ്യാനം, ഉപാസന ഇവ അനുഷ്ഠിച്ചാല്‍ സര്‍വ്വദുരിത നിവാരണവും സര്‍വ്വസൗഭാഗ്യവുമാണ് ഫലം. കാളിദാസനെ കാളീശ്വരി അനുഗ്രഹിച്ചതും ഒരു കര്‍ക്കിടകത്തിലെ പഞ്ഞകാലത്താണത്രേ

കടുത്തശനിദോഷത്തിന് ദശമഹാവിദ്യയില്‍ കാളീശ്വരിയെയാണത്രെ പ്രീതിപ്പെടുത്തേണ്ടത്. ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശയില്‍ ശനിയപഹാരം, മറ്റുപാപഗ്രഹങ്ങളുടെ ദശയില്‍ ശനിയപഹാരം എന്നിവയാല്‍ വലയുന്നവര്‍ തീര്‍ച്ചയായും മഹാദേവിയുടെ സ്തുതികള്‍ ചൊല്ലുകയും ശനിയാഴ്ച കാളിക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നതായാല്‍ ദോഷശാന്തി ഉറപ്പ്. ശനിദോഷത്താല്‍ വിവാഹം താമസിക്കുന്നവരും  വിവാഹതടസ്സ ജാതകമുള്ളവരും ഇരുപത്തൊന്നുനാള്‍ ആദിത്യനെ വണങ്ങിയശേഷം തുടര്‍ച്ചയായി മൂന്നുദിവസം വേതാളകാര്‍ത്ത്യായനീ ക്ഷേത്ര ദര്‍ശനം നടത്തി സങ്കടം പറഞ്ഞാല്‍ അമ്മ പെട്ടെന്ന് മംഗല്യഭാഗ്യം നല്‍കും. ചുവന്ന പൂക്കളാല്‍ മാലകെട്ടി കര്‍ക്കിടകത്തിലെ ശനിയാഴ്ചദിവസം കാളിക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മംഗല്യത്തിനെന്നല്ല ഏത് തടസ്സം നീങ്ങാനും പ്രാര്‍ത്ഥിക്കുന്നത് ഗുണകരം.

ബലിതർപ്പണം വിടവാങ്ങ‌ിയവർക്കുള്ള സദ്യ

ബലിതർപ്പണം വിടവാങ്ങ‌ിയവർക്കുള്ള സദ്യ

"കർക്കടകത്തിൽ രണ്ടോണം
ഇല്ലം നിറയും വാവൂട്ടും’’  എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ മാസത്തിലെ പൊന്നോണമാണു കർക്കടക വാവ്. വേർപിരിഞ്ഞുപോയ പിതാമഹന്മാരും മാതാപിതാക്കളും ഉറ്റ ബന്ധുക്കളും ജ്വലിക്കുന്ന ഓർമകളായി എത്തുന്നു. ബലിതർപ്പണം നടത്തിയും ഇഷ്ടഭോജ്യങ്ങൾ ഒരുക്കിയും പരേതാത്മാക്കളുടെ അനുഗ്രഹം തേടുകയാണു മനുഷ്യർ. കൊടിയ ദാരിദ്ര്യമാണ് ‘‘കർക്കടകത്തിലെ കാക്കകൾ’’  പാടിയതുപോലെ.

‘‘ഒരു വറ്റീല്ലീമുറ്റത്തു, മാനുഷ്യർക്കരി
കൊറ്റിനു കമ്മിയാണിപ്പൊഴും
ചേട്ട ബാധിച്ച ചേലിലായ് വീടുകൾ
നാട്ടിലെങ്ങും നനഞ്ഞൊരസ്വസ്ഥത’’

എങ്കിലും ആ കഷ്ടതകൾക്കിടയിലും അവയെല്ലാം മറന്നു പിതൃക്കളെ പ്രീതിപ്പെടുത്തുകയാണ്. ആ ഓർമകളിലും സ്നേഹത്തിലും ഭക്ഷണം ഒരു പ്രധാന ഘടകം തന്നെ. പണവും പ്രതാപവും മനുഷ്യരെ ഒരിക്കലും തൃപ്തിപ്പെടുത്തുകയില്ല. എന്നാൽ ഭക്ഷണത്തിന് ആരെയും തൃപ്തനാക്കുവാൻ കഴിയും. രുചികരമായ നല്ല ഭക്ഷണം വയറുനിറയെ കഴിക്കുമ്പോൾ ‘മതി’ എന്ന സംതൃപ്തിയുടെ ഭാവം ആരിലുമുണ്ടാകും. പിതൃപ്രീതിക്കായുള്ള ചടങ്ങുകളിലും ഭക്ഷണം തന്നെ മുഖ്യം. അത്രിവംശത്തിലെ നിമിയെന്ന മഹർഷി അകാലത്തിൽ മരിച്ച ശ്രീമാൻ എന്ന തന്റെ പുത്രനുവേണ്ടി ബലികർമങ്ങൾ ചെയ്തതായി മഹാഭാരതം ‘അനുശാസന പർവ’ത്തിൽ പറയുന്നു. പുത്രവിയോഗത്താൽ ദുഃഖിതനായ നിമി ഏഴു ബ്രാഹ്മണരെ വിളിച്ച് ആഹാരം നൽകിയെന്നും ദർഭപ്പുല്ലുകൾ തെക്കോട്ടുവച്ച്, ഉപ്പു ചേർക്കാത്ത ചാമച്ചോറ് വിളമ്പി പിതൃക്കൾക്കു പിണ്ഡവും വച്ചത്രേ. കർക്കടക വാവിന്റെ ഒരു പ്രധാന ചടങ്ങാണു ദാഹംവയ്പ്. ജാതി,മത ദേശ ഭേദമനുസരിച്ച് ഇതിനു വ്യത്യാസങ്ങളുണ്ട്. ശർക്കരയും തേങ്ങയും വിളയിച്ചെടുത്ത് അരിപ്പൊടിയിൽ തയാറാക്കുന്ന അടയാണ് ഇതിലെ പ്രധാന നിവേദ്യം. വറപൊടിയും വറപൊടി പലഹാരങ്ങളുമാണു പിതൃക്കൾക്കു പ്രധാനമെന്നാണു വിശ്വാസം. ദാഹംവയ്പിന് എടുക്കുന്നത് ഓട്ടടയാണ്. (വറുത്തെടുത്ത അട). ലഹരിയുടെ പ്രതീകമായാണ് ഇളനീർ വയ്ക്കുന്നത്. കരിക്കിന്റെ മൂടു വെട്ടിയെടുത്ത് അതിൽ വറുത്തെടുത്ത അരിപ്പൊടിയും തേനും ചേർത്താൽ മധുവായി എന്നാണു സങ്കൽപം. എന്നാൽ ദേവപൂജയ്ക്കെടുക്കുക മുഖം ചെത്തിയ കരിക്കാണ്. അവിൽ, മലർ, ശർക്കര, നവധാന്യങ്ങൾ തുടങ്ങിയവയും ദാഹം വയ്പിനുണ്ടാകും. ചിലർ പുട്ടും കടലയും മുറുക്കാൻ എന്നിവയും പിതൃക്കൾക്കായി കാത്തുവയ്ക്കാറുണ്ട്. ചില സ്ഥലങ്ങളിൽ വാവിൻനാളിലെ ഉച്ചയൂണ് വിഭവസമൃദ്ധമായിരിക്കും. രുചികരമായ മീൻകറികൾ, മാംസ വിഭവങ്ങൾ, ഇഷ്ടപ്പെട്ട അരിയുടെ ചോറ്, പലതരം കറികൾ, ചിലർക്ക് മദ്യം. ഇങ്ങനെ എന്തൊക്കെയായിരുന്നുവോ അവരുടെ ഇഷ്ട ഭോജ്യങ്ങൾ. അതാണു പിതൃക്കളെ ഊട്ടാൻ ഒരുക്കുക. ഭക്ഷണം അങ്ങനെ ഓർമകൾ ഉണർത്തുകയാണ്. ആണ്ടിൽ നാലു വാവുകളാണു പിതൃപ്രധാനം. കർക്കടക വാവ്, തുലാമാസത്തിലെ വാവ്, കുംഭമാസ ശിവരാത്രി, വൃശ്ചികത്തിലെ വാവ് എന്നിവയാണ് അവ. വേർപിരിഞ്ഞുപോയവർ വീണ്ടും ഓർമകളുടെ രഥമേറി വരികയാണ്.

‘‘നനഞ്ഞ കൈ കൊട്ടുന്ന
ശ്രാദ്ധമുറ്റത്തേക്ക്
പിതൃക്കളുടെ കണ്ണുമായ്’’

എത്തുന്ന ബലികാക്കകളെക്കുറിച്ച് കെ.ജി. ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. (തിരസ്കാരം) – അതേ, ആ ബലിഭുക്കുകൾ പിതൃക്കളുടെ ഒാർ‌മകളുണർ‌ത്തുകയാണ്...

ദീപാവലിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ചില കഥകൾ

ദീപാവലിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ചില കഥകൾ

ഇന്ത്യയില്‍ ദീപാവലി വിളവെടുപ്പുത്സവവുമാണ്. കാര്‍ത്തിക മാസത്തില്‍ സൂര്യന്‍ തുലാരാശിയിലാണുള്ളത്. തുലാംരാശി വ്യാപാരത്തെ സൂചിപ്പിക്കുന്നു. കൃഷി, വ്യാപാരം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ നിറക്കാഴ്ചയാണ് ദീപാവലി. ഐതീഹ്യങ്ങള്‍ പലതാണ്. എന്നാല്‍ ദീപാവലി സന്ദേശം ഒന്നു തന്നെ. തിന്മക്കുമേല്‍ നന്മയുടെ വിജയം. വെളിച്ചം അന്ധകാരത്തെ മാറ്റുന്നു. അറിവ് അജ്ഞത ഇല്ലായ്മ ചെയ്യുന്നു. പ്രസിദ്ധമായ ഉപനിഷദ്മന്ത്രം സ്മരിക്കാം “തമസോമാ ജ്യോതിര്‍ഗമയാ”. ദീപാവലിയുമായി ബന്ധപ്പെട്ട് പുരണങ്ങളിൽ പല  പ്രസിദ്ധമായ കഥകളുണ്ട്.

രാമായണത്തിലെ കഥ

ശ്രീരാമന്‍, അച്ഛനായ ദശരഥന്റെ ആജ്ഞപ്രകാരം പതിനാലു വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്കു പോയി. സീതയും ലക്ഷ്മണനും രാമനെ പിന്‍തുടര്‍ന്നു. വനവാസത്തിനിടെ സീതയെ രാവണന്‍ കട്ടുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു. രാമന്‍ രാവണനോട് യുദ്ധം ചെയ്ത് സീതയെ വീണ്ടെടുത്തു. അപ്പോഴേക്കും പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. സീതാസമേതനായി രാമന്‍ അയോധ്യയില്‍ തിരിച്ചെത്തി. സന്തുഷ്ടരായ പ്രജകള്‍ മണ്‍ചരാതില്‍ ദീപം തെളിയിച്ച് അവരുടെ പ്രിയപ്പെട്ട രാജാവിനെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ദീപാലങ്കാരം നടത്തിയും അവര്‍ ആഹ്ലാദം പങ്കിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ കഥക്കാണ് പ്രാധാന്യം.

മഹാഭാരതത്തിലെ കഥ

പാണ്ഡവര്‍ കൗരവരുമായി ചൂതാട്ടത്തില്‍ തോറ്റ് വനവാസത്തിനു പോയി. 13 വര്‍ഷത്തെ വനവാസത്തിനുശേഷം ഒരു വര്‍ഷത്തെ അജ്ഞാതവാസവും പൂര്‍ത്തിയാക്കി, പാണ്ഡവരും, ഭാര്യ ദ്രൗപതിയും അമ്മ കുന്തിയും ഹസ്തനപുരിയില്‍ തിരിച്ചെത്തിയത് കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. നല്ലവരായ പാണ്ഡവരെ ഹസ്തിനപുര നിവാസികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. പാണ്ഡവരെ സ്വീകരിക്കാനായി അവര്‍ ദീപങ്ങള്‍ തെളിച്ച് കാത്തിരുന്നു. പാണ്ഡവരുടെ മടങ്ങിവരവ് ജനങ്ങള്‍ ആഘോഷമാക്കി.

ഭാഗവതത്തിലെ കഥ

നരകാസുരന്‍ ദുഷ്ടനായ അസുരരാജാവായിരുന്നു. ദുഷ്ടനായ നരകാസുരന്‍ ധാരാളം സ്ത്രീകളെ പിടിച്ച് തന്റെ അന്ത:പുരത്തില്‍ തടവിലാക്കിയിരുന്നു. ദീപാവലിയുടെ തലേദിവസം രാത്രി ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് നരകാസുരന്‍ തടവിലാക്കിയ സ്ത്രീകളെ മോചിപ്പിച്ചു. പുലര്‍ച്ചെ തിരിച്ചെത്തിയ ശ്രീകൃഷ്ണന് കുളിക്കാന്‍ സ്ത്രീകള്‍ വാസനതൈലം നല്‍കിയെത്ര. ഇതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ദിവസം രാവിലെ എണ്ണ തേച്ചു കുളിക്കുന്നത്.

ലക്ഷ്മീപൂജ

പണ്ട് പണ്ട് ദേവന്‍മാര്‍ക്ക് അമരത്വം ഉണ്ടായിരുന്നില്ല. പക്ഷേ ദേവന്‍മാരും അസുരന്‍മാരും അമരന്‍മാരാകാന്‍ ആഗ്രഹിച്ചു. അതിനായി അവര്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനിച്ചു. പാലാഴി മഥന സമയത്ത് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്, ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി. ഇത് കാര്‍ത്തിക മാസത്തിലെ അമാവാസിനാളിലായിരുന്നു. അന്നു തന്നെ മഹാവിഷ്ണു ദേവിയെ വിവാഹം കഴിച്ചു. ഈ പാവന മുഹൂര്‍ത്തിനു മിഴിവേകാന്‍, ദേവന്‍മാരും അസുരന്മാരും മഹാലക്ഷ്മിയുടെ ജനനവും വിവാഹവും ആഘോഷിക്കാന്‍ ദീപങ്ങളൊരുക്കി. ഭൂമിയില്‍ മനുഷ്യരും ദീപകാഴ്ചയൊരുക്കി. അന്നേദിവസം വീടുകളില്‍ ഐശ്വര്യത്തിനായി ലക്ഷ്മീ പൂജ നടത്തുകയും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ പലയിടത്തും ദീപാവലി നാളില്‍ കാളീപൂജയും നടത്തുന്നുണ്ട്.

അയ്യപ്പൻ വളര്‍ന്ന വഴികളിലൂടെ

അയ്യപ്പൻ വളര്‍ന്ന വഴികളിലൂടെ

ശബരിമലയില്‍ പോകുമ്പോള്‍ ഇടത്താവളങ്ങളായി പല ക്ഷേത്രങ്ങളിലും ദര്‍ശനംനടത്താറുണ്ട്. എന്നാല്‍ ജനനമരണങ്ങള്‍ക്കിടയിലുള്ള ദശാസന്ധികള്‍ തരണംചെയ്ത് മോക്ഷപ്രാപ്തിയിലേക്കൊരയ്യപ്പപാതയുണ്ട്. ശബരീശ ജീവിതത്തിലെ ദശാസന്ധികളിലൂടെയാണാ യാത്ര. പരശുരാമന്‍ പ്രതിഷ്ഠിച്ച അഞ്ച് ക്ഷേത്രങ്ങളിലൂടെ... കുളത്തൂപ്പുഴ-ആര്യങ്കാവ്-അച്ചന്‍കോവില്‍ വഴി ശബരിമലയ്ക്ക്... ഇതില്‍ മൂന്നുക്ഷേത്രങ്ങളും കൊല്ലം ജില്ലയിലും ശബരിമല പത്തനംതിട്ട ജില്ലയിലുമാണ്. അഞ്ചാമതൊരു ക്ഷേത്രമുണ്ടായിരുന്നത് കാന്തമലയാണ്. അത് കലിയുഗാരംഭത്തോടെ ലൗകികലോകത്തുനിന്നു മറയുകയും ഇപ്പോള്‍ വിശ്വാസികള്‍ സങ്കല്‍പ്പത്തില്‍വെച്ചാരാധിക്കുകയും ചെയ്യുന്നു എന്ന് ഐതിഹ്യം.

ബാലനായി കുളത്തൂപ്പുഴയില്‍

യാത്ര തുടങ്ങേണ്ടത് കുളത്തൂപ്പുഴയില്‍നിന്നാണ്. അയ്യപ്പന്റെ ബാല്യം ഇവിടെയായിരുന്നു. പരശുരാമന്‍ പ്രതിഷ്ഠനടത്തിയ അഞ്ച് ധര്‍മശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നാമത്തെ ക്ഷേത്രമാണ് കുളത്തൂപ്പുഴ ധര്‍മശാസ്താക്ഷേത്രം. പണ്ട് കാടായിരുന്നെങ്കിലും ഇന്ന് പട്ടണത്തോളം വളര്‍ന്ന കുളത്തൂപ്പുഴ മണ്ഡലകാലത്ത് ഭക്തജനസാന്ദ്രമാകും. ക്ഷേത്രത്തിനുമുന്നിലൂടെ പുഴയൊഴുകുന്നു. ക്ഷേത്രക്കടവിലെ മത്സ്യങ്ങള്‍ തിരുമക്കള്‍ എന്നാണറിയപ്പെടുന്നത്. മത്സ്യകന്യകമാര്‍ ശാസ്താവിനെ മോഹിച്ചെന്നും സേവിച്ചു കഴിഞ്ഞുകൊള്ളാന്‍ നിര്‍ദേശിച്ചെന്നുമാണ് ഐതിഹ്യം. ഏത് മലവെള്ളപാച്ചിലിലും മത്സ്യങ്ങള്‍ ഒഴുകിപ്പോകാറില്ലെന്നും വിശ്വാസികളുടെ സാക്ഷ്യം. ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. കോക്കുളത്ത് മഠം തന്ത്രി കോട്ടത്തല കുറുപ്പന്‍മാരോടൊപ്പം രാമേശ്വരത്തുനിന്ന് മടങ്ങവേ കുളത്തൂപ്പുഴയില്‍ വിശ്രമിച്ചു. കുറുപ്പന്‍മാര്‍ മൂന്നുകല്ലുകള്‍ എടുത്തു അടുപ്പുകൂട്ടി. ഒരു കല്ലിന് വലുപ്പം കൂടുതലായിരുന്നു. അത് ഉടച്ച് കഷണങ്ങളാക്കിയപ്പോള്‍ ചോരയൊഴുകി. ലക്ഷണവിധിപ്രകാരം അയ്യപ്പന്റെ ബാല്യം കുളത്തൂപ്പുഴയിലായിരുന്നുവെന്ന് തന്ത്രി വിധിച്ചു. അതുപ്രകാരം പ്രതിഷ്ഠയുംനടത്തി. കൊട്ടാരക്കര രാജാക്കന്‍മാരാണ് ക്ഷേത്രം പണിതത്. മേടവിഷുവാണ് പ്രധാന ഉത്സവം. അടിമ സമര്‍പ്പണമാണ് പ്രധാന നേര്‍ച്ച. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തില്‍ കമിഴ്ത്തിക്കിടത്തി ഭഗവാന് സമര്‍പ്പിക്കുന്നതാണ് ആചാരം. തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്-പാലോട്-മടത്തറ വഴി 60 കിലോ മീറ്ററാണ് ദൂരം. കൊല്ലത്തുനിന്ന് കൊട്ടാരക്കര-പുനലൂര്‍- അഞ്ചല്‍ വഴി 70 കിലോ മീറ്ററും. തമിഴ്നാട്ടില്‍നിന്ന് തെങ്കാശി, ചെങ്കോട്ട ആര്യങ്കാവ് തെന്‍മല വഴി 40 കിലോ മീറ്ററും.

കൗമാരം ആര്യങ്കാവില്‍

കുളത്തൂപ്പുഴയില്‍നിന്ന് നേരേ ആര്യങ്കാവിലേക്ക്. തെന്‍മല വന്ന് ചെങ്കോട്ട റോഡില്‍ 22 കിലോമീറ്റര്‍ സഞ്ചരിക്കണം. യുവാവായ ശാസ്താവിന്റെ പ്രതിഷ്ഠയാണ്. ഇടതുവശത്ത് ദേവിയും വലതുവശത്ത് ശിവനും.  വാള്‍പ്പയറ്റ് പഠിക്കാനായി മധുരയിലെത്തിയ അയ്യപ്പനോട് സൗരാഷ്ട്ര ബ്രാഹ്മണകുടുംബത്തിലെ പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നടത്തി. ആര്യങ്കാവില്‍ വിവാഹംനടത്താമെന്നും പറഞ്ഞു. താലികെട്ടാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയാവുന്നു. കല്യാണം മുടങ്ങുന്നു. ഇതാണ് ക്ഷേത്രത്തിനും ഉത്സവാചാരങ്ങള്‍ക്കും പിന്നിലുള്ള ഐതിഹ്യം. ഇവിടുത്തെ തൃക്കല്യാണം പ്രസിദ്ധമാണ്. അയ്യപ്പന്റെ വിവാഹനിശ്ചയ ചടങ്ങാണിത്. ആര്യങ്കാവ് ദേവസ്ഥാനം ആണ്‍ വീട്ടുകാരും മധുരയില്‍നിന്നുള്ള സൗരാഷ്ട്ര മഹാജനസംഘം പെണ്‍വീട്ടുകാരുമായെത്തുന്നു. വിവാഹനിശ്ചയ ചടങ്ങ്-ധനു 10-നായിരിക്കും. തൃക്കല്യാണം ധനു 11-നും. മണ്ഡലാഭിഷേകം ധനു 12-നും ആഘോഷിക്കുന്നു. കൊടിയേറ്റില്ല. പകരം വാടാവിളക്ക് അണയാതെ സൂക്ഷിക്കും. ശബരിമലയിലെപോലെ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെയും പ്രവേശനമില്ല.

അച്ചന്‍കോവിലിലെ യൗവന കാലം

ആര്യങ്കാവില്‍നിന്ന് ചെങ്കോട്ട വഴി 50 കിലോമീറ്റര്‍ സഞ്ചരിച്ച് അച്ചന്‍കോവിലിലേക്ക് പോകാം. പത്‌നീസമേതനായ അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ. ഭാര്യമാരായ പൂര്‍ണയും പുഷ്‌കലയും ദേവനു സമീപമുണ്ട്. കാവ്യഭാഷയില്‍ പറഞ്ഞാല്‍ അവിടെ പൂര്‍ണപുഷ്‌കലാദേവിമാര്‍ കൂപ്പുന്ന രാജാധിരാജനുണ്ട്. ഭാര്‍ഗവരാമന്റെ തൃക്കൈകള്‍ തീര്‍ത്ത പുണ്യപ്രതിഷ്ഠയുണ്ട്. കാളകൂടവിഷം കാറ്റില്‍ പറപ്പിക്കും തീര്‍ഥജലമുണ്ട്. കാന്തമലയിലാണ് വാനപ്രസ്ഥം അഥവാ മോക്ഷപ്രാപ്തി. പക്ഷേ, അങ്ങനെയൊരിടം ഇപ്പോഴില്ല. കലിയുഗാരംഭത്തോടുകൂടി കാന്തമലയില്‍ ശാസ്തസേവ നടത്തിയിരുന്ന മുനീശ്വരന്‍മാരെല്ലാം ഭൂമി വിട്ടുപോയതായാണ് ഐതിഹ്യം. ശബരിമല ദര്‍ശനം കഴിഞ്ഞ് വീണ്ടും അച്ചന്‍കോവിലില്‍ വന്ന് അയ്യപ്പന്റെ വാള്‍ ദര്‍ശിച്ചാല്‍ കാന്തമലദര്‍ശനം നടത്തിയതിനു തുല്യമാണെന്നും വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു. വിഷഭയം ഏറ്റാല്‍ ഏതുസമയത്തു വന്നാലും ഇവിടെ നടതുറക്കും. ഭഗവത് തൃക്കൈയിലിരിക്കുന്ന പ്രസാദവും ക്ഷേത്രമുറ്റത്തെ കിണറ്റിലുള്ള തീര്‍ഥജലവും മുറിവേറ്റ സ്ഥലത്ത് ചാലിച്ച് പുരട്ടും. രണ്ടുമൂന്നു ദിവസം വ്രതത്തോടെ ക്ഷേത്രത്തില്‍ ഇരിക്കും. ധാരാളം ഭക്തര്‍ ഇപ്പോഴും വിഷചികിത്സയ്ക്കായി എത്താറുണ്ട്. ഉത്സവം ധനു ഒന്നിന് കൊടിയേറും. 10 ദിവസം ഉത്സവമാണ്. 9-ാം ദിവസത്തെ രഥോത്സവം വളരെ പ്രധാനമാണ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍നിന്നുമായി ധാരാളം ഭക്തജനങ്ങള്‍ അന്നിവിടെ വരും. മകരത്തിലെ രേവതിയിലാണ് ഇപ്പോഴത്തെ പ്രതിഷ്ഠ. ആ നാളില്‍ പുഷ്പാഭിഷേകം, വൃശ്ചികം, ധനു മാസങ്ങളില്‍ 18 പടികളിലെ പൂജ, വരുണപ്രീതിക്കായി അരി നനച്ചിടുക എന്നിവ പ്രധാന വഴിപാടാണ്. നീരാഞ്ജനം, അരവണ, ഉണ്ണിയപ്പം വഴിപാടുകളുമുണ്ട്. ദര്‍ശനസമയം രാവിലെ 5 - 11.30. വൈകീട്ട് 5 - 8. തിരുവനന്തപുരത്തുനിന്ന് പാലോട് കുളത്തൂപ്പുഴ, ആര്യങ്കാവ് ചെങ്കോട്ട വഴി (ചെങ്കോട്ടയില്‍ നിന്ന് 30 കിലോ മീറ്റര്‍) കൊല്ലത്തുനിന്ന് കൊട്ടാരക്കര പുനലൂര്‍ അലിമുക്ക് വഴി (പുനലൂരില്‍ നിന്ന് 48 കിലോ മീറ്റര്‍). ഇവിടെനിന്ന് നേരേ ശബരിമലയിലേക്കാണ് പോകേണ്ടത്- അലിമുക്ക് പത്തനാപുരം കോന്നി വഴി 100 കിലോ മീറ്റര്‍ കാണും അച്ചന്‍കോവില്‍-അലിമുക്ക് റോഡ് മോശമാണ്. അതുകൊണ്ട് യാത്രക്കാര്‍ ചെങ്കോട്ട ആര്യങ്കാവ് പുനലൂര്‍ പത്തനാപുരം കോന്നി വഴിയാണ് ശബരിമലയ്ക്ക് പോകാറ്. 180 കിലോ മീറ്റര്‍ വരും. ഐതിഹ്യങ്ങളിലൂടെയുള്ള സഞ്ചാരം എന്നതിനൊപ്പം പ്രകൃതിയിലൂടെയുള്ള ഒരു തീര്‍ഥാടനം കൂടിയാണ് ഇത് എന്നാണ് പഴമക്കാർ പറയുന്നത്.