ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2019

കിഷ്‌കിന്ധ

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 06

കിഷ്‌കിന്ധ

ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി  എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല. ത്രേതായുഗത്തില്‍ ബാലിയും സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ് അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ  ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.

നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.
 മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം. പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍  ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു.  മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം.
കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു.  ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും.
ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ദുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്.  യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച്  ശ്രീ ലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു. കുന്നിന്‍ മുകളില്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ  ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി  ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി. ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം.
തുംഗഭദ്രാനദിയുടെ മറുകരയിലാണ്  യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം. 150 അടി ഉയരം വരുന്ന രണ്ട് വലിയ  ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ  വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആകര്‍ഷണമാണ്.

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ  കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യസവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു  അവിടെ.

എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
 കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ  കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ  ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം.  ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ  ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.

നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ, വരാഹക്ഷേത്രം,  കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.

പഞ്ചവടി

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 05

പഞ്ചവടി 

'അഗസ്ത്യാശ്രമത്തിലെത്തി അനുഗ്രഹം വാങ്ങി തിരിച്ചു പോകുന്ന ശ്രീരാമനോട് അഗസ്ത്യന്‍ പറഞ്ഞു.' ഇവിടെ നിന്ന് രണ്ടു യോജന അപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. അവിടെ കായ്്കനികളും കിഴങ്ങുകളും സുലഭമായി ലഭിക്കും. അടുത്തു തന്നെ ജലാശയവും. സീതയെ സന്തോഷിപ്പിക്കാന്‍  മാന്‍കൂട്ടവും ധാരാളമുണ്ടാകും. പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കും. അവിടെ ആശ്രമം പണിയാം'. മുനിയെ രാമന്‍ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി പഞ്ചവടിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന്‍ ജടായുവിനെ സമീപിച്ചത്. നിന്റെ പിതാവിന്റെ മിത്രമാണെന്നും വേണമെങ്കില്‍ വനവാസത്തില്‍  സഹായിക്കാമെന്നും ജടായു മറുപടി പറഞ്ഞു.ജയായുവിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന്‍  ഉചിതമായ ആദരസത്കാരങ്ങള്‍ നല്‍കിയശേഷം യാത്രതുടര്‍ന്ന് ഗോദാവരീ തീരത്ത് എത്തി. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്‍തെന്നലില്‍ ഉന്മേഷഭരിതരായി വിശ്രമിച്ചു. ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി.
അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടാണ് പഞ്ചവടി എന്ന പേരുണ്ടായത്. ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്‍വന്മാര്‍ അഗസ്ത്യ മഹര്‍ഷിയെ  എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍  തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ സ്ഥലത്ത് പര്‍ണ്ണശാലകള്‍ തീര്‍ത്തു.  ഗോദാവരിയില്‍പോയി സ്‌നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി. ദിവസവും പ്രഭാതത്തില്‍  ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത്  അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്‌നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി.'
കാനനവാസത്തില്‍ സീതാരാമലക്ഷമണന്മാര്‍ താമസിച്ച പഞ്ചവടിയാണ് ഇന്നത്തെ നാസിക്. രാവണന്‍ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെവച്ചാണ് ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.  മഹാരാഷ്ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.
 രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും പ്രതിഷ്ഠയുള്ള, കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രം നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന  തീര്‍ത്ഥാടന കേന്ദ്രമാണ്. ഇതിനടുത്താണ് സീതാഗുഫ. രാവണന്‍ തട്ടി്കൊണ്ടുപോകുന്ന സമയത്ത സീത ഈ ഗൂഹയിലായിരുന്നു താമസിച്ചിരുന്നത്. സീതയ്ക്ക് സംരക്ഷണം ഒരുക്കാന്‍ വരച്ച ലക്ഷ്മണരേഖ അടുത്തായി കാണാം.
 ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. 12 ജജ്യോതിര്‍ലിംഗങ്ങളിലൊന്ന്  ത്രയംബകേശ്വര ക്ഷേത്രത്തിലാണ്.  ജ്യോതിര്‍ലിംഗം തൊഴുന്നത് മോക്ഷദായകമാണ്. ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. നാസിക്കിന്റെ ഹൃദയഭാഗത്ത് നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്തിധാം ക്ഷേത്രത്തിലെത്താം. വെള്ളനിറത്തില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രമാണിത്. വ്യത്യസ്തമായ രീതിയാണ് ശ്രീകോവില്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശ്രീമദ് ഭഗവത് ഗീതയിലെ പതിനെട്ട് അധ്യായങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലുമായി ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ഇവിടെ വരച്ചുവച്ചിരിക്കുന്നും കാണാം.
നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്. ഭീമാകാരനായ ഈ ടാങ്ക് 27 + 10 മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  വനവാസക്കാലത്ത് ശ്രീരാമനും ഭാര്യ സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതിഹ്യം.  ചിതാഭസ്മം ഇവിടയൊഴുക്കി മോക്ഷത്തിനായി ആളുകള്‍ ഇവിടെയെത്തുന്നു.  രാംകുണ്ഡില്‍ മുങ്ങിനിവരാനായി മാത്രമായി വരുന്നവരും നിരവധിയാണ്
രാമനും സീതയും കുളിച്ചിരുന്നത് എന്നു കരുതുന്ന രണ്ട് കുളങ്ങള്‍ നഗരത്തിന്റെ തെക്കു ഭാഗത്തായി ഇപ്പോഴും ഉണ്ട്. നഗരത്തില്‍ നിന്ന് എട്ട് കീലോമീറ്റര്‍ ദൂരത്താണ് ഗോദവരി -കപില നദികളുടെ സംഗമ സ്ഥാനമായ ജനസ്ഥാന്‍. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ അംഗങ്ങള്‍ ഛേദിച്ച യഥാര്‍ത്ഥ സ്ഥലമായി കരുതുന്നത് ഇവിടമാണ്. നാസിക്ക് നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള മലയാണ് രാംജി പര്‍വതം. രാമന്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന കുന്നാണിത്. ഇവിടെ രണ്ട് കുളങ്ങളുമുണ്ട്. മുള്ളുകളുള്ള ചെടികള്‍ ഇവിടെ വളരില്ല. മാത്രമല്ല പച്ച പട്ടുവിരിച്ചതുപോലെ പുല്ലു വളര്‍ന്നു നില്‍ക്കുയും ചെയ്യുന്നു. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധം നടത്തി എന്നു കരുതുന്ന കുശ്വന്ത് തീര്‍ത്ഥം, രാമന്‍ അഗസ്ത്യമുനിയെ കണ്ടു എന്നു കരുതുന്ന അഗസ്താശ്രമം എന്നിവയും നാസിക് ജില്ലയിലാണ്. രാമനെ ഭയന്ന് മാരീചന്‍ ഒളിച്ചിരുന്ന സ്ഥലം (സിദ്ദേശ്വര്‍), മാരീചനെതിരെ അമ്പുകുലയ്ക്കാന്‍ രാമന്‍ നിന്ന സ്ഥലം(സ്ഥാന്‍), അപ്പോള്‍ മാരീചന്‍ നിന്നിരുന്ന സ്ഥലം (ബനേസ്വര്‍), അമ്പുകൊണ്ട് മാരീചന്റെ തലചെന്നു വീണ സ്ഥലം(ടോക് വില്ലേജ്). ഛിന്നിചിതറിയ ശരീരം പതിച്ച സ്ഥലം(മൃഗവൈദേശ്വര്‍), മാരിചന്റെ വിളികേട്ട് ഓടിയെത്തിയ ലക്ഷ്മണനും രാമനും കണ്ടുമുട്ടിയ സ്ഥലം(മധ്യമേശ്വര്‍) ഇവയൊക്കെ നാസിക്ക് ജില്ലയിലെ അടുത്തടുത്ത ഗ്രാമങ്ങളാണ്. ഏകദേശം ഒരേ രീതിയിലുള്ള കല്‍ ക്ഷേത്രങ്ങള്‍ ഇവിടെയെല്ലാം ഉണ്ട്.
നാസിക്കിനു പുറമെ മഹാരാഷ്ടയില്‍ നാഗപ്പൂര്‍, യവത്മാള്‍ അമരാവതി, ബുല്‍ധാന, അഹമ്മദ് നഗര്‍, ജാല്‍ന, വാസിം, ബീഡ്, നന്ദീദ്, ഒസമാബാദ്, സോളാപൂര്‍ എന്നീ ജില്ലകളായിരുന്നു രാമന്റെ സഞ്ചാരപഥം അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍. രാമന്‍ ശിവ പൂജനടത്തിയതോ ദശരഥന് ശ്രാദ്ധം ഊട്ടിയതോ ആയ സ്ഥലങ്ങളാണ് ഏറെയും
മാരീച വധത്തിനുശേഷം രാമന്‍ ശിവപൂജ നടത്തിയ ഘടേശ്വര്‍, മാരീചന്‍ മോക്ഷം നല്‍കിയ മുക്തേശ്വര്‍ ഖണ്ഡ് എന്നീ സ്ഥലങ്ങള്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ്. രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത സ്ഥലമാണ് ഇന്നത്തെ നാഗപ്പൂര്‍. അഗസ്താശ്രമം ഇതിനടുത്തായിരുന്നു. മറ്റ് മുനിമാരുടെ ആശ്രമങ്ങളും സമീപത്തുണ്ടായിരുന്നു. രാക്ഷസന്മാരുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ അവര്‍ രാമന്റെ സഹായം തേടി. അപ്പോളാണ് വില്ലുയര്‍ത്തിക്കൊണ്ട് രാമന്‍ ശപഥം ചെയ്തത്. റാംടക് എന്നാണീ സ്ഥലം അറിയപ്പെടുന്നത്. ഇപ്പോള്‍ ഇവിടൊരു വലിയ ശ്രീരാമക്ഷേത്രം ഉണ്ട്.

ദണ്ഡകാരണ്യം

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 04

ദണ്ഡകാരണ്യം

ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്.

അന്നുരാത്രി പഴങ്ങള്‍ കൊണ്ടുള്ള അത്താഴം കഴിച്ച് രാമന്‍ പറഞ്ഞു.' നമ്മള്‍ ഇനി ചിത്രകൂടത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് വല്ലവരുമൊക്കെ കാണാന്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാറി താമസിക്കാം. വനവാസത്തിനാണല്ലോ പുറപ്പെട്ടത്. വിജനവും ഏകാന്തവും വൃക്ഷനിബിഡവും കാട്ടുമൃഗങ്ങളുടേയും രാക്ഷസന്മാരുടേയും താമസസ്ഥലവുമായ ദണ്ഡകാരണ്യത്തിലേക്ക് പോകാം. താമസിക്കാന്‍ പറ്റിയ സ്ഥലം ഏതെന്ന് ചോദിക്കാന്‍ ഭരദ്വാജമുനിയുടെ അടുത്തേക്ക് ഉടന്‍ പോകാം''

മൂവരും ഭരദ്വാജ ആശ്രമത്തിലെത്തി. ദണ്ഡകാരണ്യത്തെക്കുറിച്ച് രാമന്‍ ചോദിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു.' ചിത്രകൂടം പോലെ നിര്‍ഭയമായി വസിക്കാനുതകിയ സ്ഥലമല്ല ദണ്ഡകാരണ്യം. ഗോദാവരീ തീരത്ത് ജനസ്ഥാനം എന്ന പ്രദേശമുണ്ട്. അവിടെ കുറെ മുനിമാര്‍ ആശ്രമം കെട്ടി താമസിക്കുന്നുണ്ട്. പല ഋഷിമാരേയും രാക്ഷസന്മാര്‍ പിടിച്ചു തിന്നിട്ടുള്ളതിനാല്‍ കുറെ ആശ്രമങ്ങള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പര്‍ണശാല പണിയാതെ അതിലൊന്നി്ല്‍ താമസമുറപ്പിക്കാം. എപ്പോഴും രാക്ഷസരുടെ ഉപദ്രവം കാത്ത് ഒതുങ്ങിയിരിക്കണമെന്നുമാത്രം. രാവണന്റെ ചെറിയച്ഛന്റെ മക്കളായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരുടെ നിയന്ത്രണത്തിലാണ് ജനസ്ഥാനം. മഹാബലന്മാരായ അവരെ സകലര്‍ക്കും പേടിയാണ്. എല്ലാം മനസ്സിലാക്കിയിട്ടുമതി അവിടേയ്ക്ക് യാത്ര'
ഭരദ്വാജമുനി പറഞ്ഞതു കേട്ടിട്ടും രാമന്‍ ല്ക്ഷ്മണനോടും സീതയോടും ഒന്നിച്ച് ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെട്ടു
ലോകത്തില്‍ തന്നെ ഏറ്റവുമധികം ധാതു സമ്പത്തുള്ള പ്രദേശങ്ങളാണ് ദണ്ഡകാരണ്യമേഖല. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഒറീസയുടെയും ബംഗാളിന്റെയും പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ മേഖലയിലെ ചില ഗ്രാമങ്ങളുമൊക്കെ ഉള്‍പ്പെട്ട പ്രദേശം. പഴയ ബസ്തര്‍ ജില്ലയും സമീപപ്രദേശങ്ങളുമാണ് ദണ്ഡകാരണ്യം എന്നറിയപ്പെടുന്നത്. ഛത്തീസ്ഗഢ് സംസ്ഥാനമാകുന്നതിനു മുമ്പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ബസ്തര്‍ ജില്ല വിഭജിച്ചാണ് ദന്തേവാഡ, കാങ്കര്‍ എന്നീ പുതിയ ജില്ലകള്‍ കൂടി ഉണ്ടാക്കിയത്. ബസ്തര്‍ മാവോവാദികളുടെ ആസ്ഥാനങ്ങളിലൊന്നായിട്ട് നാലു പതിറ്റാണ്ടായി. ആയിരക്കണക്കിനു വര്‍ഷങ്ങളായി സമ്രാട്ടുകളുടെയൊന്നും കണ്ണെത്താതെ കിടന്ന വിശാല വനമേഖലയാണ് ബസ്തര്‍.  വനങ്ങളും വനങ്ങള്‍ക്കു പുറത്ത് ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ ചെറിയ ഗ്രാമങ്ങളും വിശാലമായ നെല്‍പ്പാടങ്ങളും.
ചരിത്രത്തിലിടം നേടിയ വലിയ പടയോട്ടങ്ങളോ നഗരനിര്‍മാണങ്ങളോ ജനപദരൂപീകരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ലാത്ത വിശാലപ്രദേശങ്ങള്‍. ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗദാല്‍പൂരിലേക്ക് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 12 മണിക്കൂര്‍ ബസില്‍ സഞ്ചരിക്കണം.
ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം. രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും. നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്. കേരളത്തില്‍ ചടയമംഗലത്താണെന്ന വിശ്വാസവുമുണ്ട്.
ബസ്തറിലെ ഏറ്റവും മികച്ച കാഴ്ച ചിത്രകൂടം വെള്ളച്ചാട്ടമാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തുതന്നെ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്.  ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ് വെള്ളച്ചാട്ടം  95 അടി മുകളില്‍ നിന്നാണ് നദിയിലെ വെള്ളം താഴേക്ക്  പതിക്കുന്നത്. . വിവിധ കാലങ്ങള്‍ക്കനുസരിച്ച് വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്.. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ് ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം ഒരു ശിവക്ഷേത്രവും  അവിടെയുണ്ട്. അടുത്തുതന്നെ സീതാദേവി കുളിച്ചിരുന്നു എന്നു കരുതുന്ന സീതാകുണ്ഡ്. കാണാനാകും. കോട്ടി മഹേശ്വര്‍ ഗുഹകളാണ് മറ്റൊരു മനോഹരകാഴ്ച. പ്രകൃതി സ്വയം സൃഷ്ടിച്ച നിരവധി ശിവരൂപങ്ങല്‍ കാണാന്‍ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാട്ടിനുള്ളിലെ ഈ ഗുഹകളില്‍ രാമന്‍ എത്തിയിരുന്നു. ബസ്തറിനു സമീപ ജില്ലയായ കാങ്കറില്‍ രാമന്‍ പൂജചെയ്തിരുന്നത് എന്നു കരുതുന്ന ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും കാണാനാകും. ചുറ്റും  കല്ലുപാകിയ കുഴിയില്‍ ശിവലിംഗമാണ് പ്രതിഷ്ഠ. ഇവിടെ വച്ചാണ് രാമന്‍ ഗര്‍ഗ മുനിയെ കണ്ടത്. റായിപൂരിലാണ് ഗര്‍ഗമുനിയുടെ ആശ്രമം. എതിരാളികളുടെ ആയുധങ്ങള്‍ നിഷ്പ്രഭമാക്കാന്‍ രാമനെ മുനി പഠിപ്പിച്ചത് ഇവിടെ വെച്ചാണ്. രാമന്‍ മഹാനദി മറികടന്നതും ഇവിടെയാണ്.

ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ദന്തേശ്വരി. സീതാദേവിയുടെ പല്ല് പൊഴിഞ്ഞുവീണിടത്താണ് ദന്തേശ്വരീ ക്ഷേത്രം. അമ്പലത്തിലേക്കുള്ള നടവഴിയിലൊരിടത്ത് പാറയില്‍ പതിഞ്ഞ സീതാദേവിയുടെ കാല്‍പ്പാദം കാണാം. മരപ്പട്ടകള്‍ കൊണ്ട് ചുവരുകള്‍ തീര്‍ത്ത് ചെറിയൊരെടുപ്പ്. അതിനുള്ളിലെ സാമാന്യം വലിയ ഒരു ഹാള്‍. അത്രയേയുള്ളൂ ക്ഷേത്രം.  ദന്തേശ്വരീ ക്ഷേത്രമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേവാഡ എന്നു പേരു വന്നത്. മാവോവാദികളുടെ ആക്രമണങ്ങളും ചെറുത്തു നില്പുകളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധി നേടിയ ദന്തേവാഡ മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ് . ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഭൂതകാലത്തെ കുറിച്ച് പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്.

റായ്പൂരിലെ നാഗറിലുള്ള സപ്ത ഋഷി ആശ്രമവും രാമയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി മഹര്‍ഷിമാരുമായി ബന്ധപ്പെട്ട ഇവിടെ രാമന്‍ എത്തിയിരുന്നു.. സീതാദേവി ശിവപൂജ നടത്തിയിരുന്നത് എന്നു വിശ്വസിക്കുന്ന കുലേശ്വര്‍ നാഥക്ഷേത്രം, ശ്രീരാമന്‍ മഹാവിഷ്ണുവിനെ പൂജിച്ചിരുന്ന രാജീവ്‌ലോചനന്‍ ക്ഷേത്രം, ആയുധങ്ങള്‍ കഴുകിയ സാരംഗി അരുവി, മാണ്ഡവ്യമുനിയെ കണ്ട ആശ്രമം തുടങ്ങി രാമയണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ റായിപൂരിലുണ്ട്. ഗിഥോരിയിലുള്ള വലിയ ആല്‍മരത്തിന്റെ കീഴില്‍ സീതാ രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നു. വിശ്രമ വട് (വട്- ആല്‍) എന്നാണിത് അറിയപ്പെടുന്നത്.

കൊരിയ ജില്ലയില്‍ നേര്‍ രേഖയില്‍ എന്നതുപോലെ സ്ഥിതിചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങള്‍ സീതാദേവിയുമായി ബന്ധപ്പെട്ടതാണ്. ജനകപൂരില്‍ മംബായി നദീതീരം, ഛട്ടോര നെരൂര്‍ നദിക്കര എന്നിവിടങ്ങളില്‍ സീത ഭക്ഷണം പാകം ചെയ്തിരുന്നിടത്തും റാപ നദിക്കരിയില്‍ സീത ശിവപൂജ നടത്തിയ സ്ഥലത്തും ആണ് ഈ ക്ഷേത്രങ്ങള്‍.

രായിഘട്ട് ജില്ലയിലെ സിംഗ്പൂരിലെ രാംധാര പ്രസിദ്ധമാണ്. സീതാ രാമ ലക്ഷ്മണന്മാര്‍ ഇവിടെ സ്‌നാനം ചെയ്തിരുന്നു. എല്ലാക്കാലാത്തും ജലനിരപ്പ് ഒരേ നിലയിലായിരിക്കും എന്നതാണ് രാംധാരയുടെ പ്രത്യേകത.

ഒറീസയിലെ ഏറ്റവും പ്രധാന രാമായണ ചിഹ്നം  മല്‍ഖാന്‍ ഗിരി ഗുപ്‌തേശ്വരമാണ്. ഇവിടെ ഉള്‍വനത്തിലെ വലിയ ഗുഹകാണാന്‍ നല്ല തിരക്കാണ്. ശിവ സാന്നിധ്യം എപ്പോഴും ഉണ്ട് എന്നു കരുതുന്ന ഇവിടെ രാമന്‍ പൂജ നടത്താനെത്തിയിരുന്നു. തൊട്ടടുത്തുതന്നെ രാമഗിരി മലയുണ്ട്. അതിനടിവാരത്താണ് സീത കുളിച്ചിരുന്ന അമ്മ കുണ്ഡ്. പ്രത്യേക തരം മീനുകള്‍ കുളത്തിലെ പ്രത്യേകതയാണ്. സീത പരിപാലിച്ചിരുന്ന മീനുകള്‍ എന്നതാണ് വിശ്വാസം. ഇവിടെ നിന്ന്  കുറച്ചകലെ ഖൈയാര്‍ പുടിലും സീത കുളിച്ചിരുന്നത് എന്നു കരുതുന്ന കുളമുണ്ട്. സീത ഉപയോഗിച്ചിരുന്നത് എന്ന സങ്കല്‍പത്തില്‍ ഒരു വാളും ഇവിടെ ആരാധിക്കുന്നു.
 യഥാര്‍ത്ഥ കിഷ്‌കിന്ഡ എന്ന് ഒറിയക്കാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് മല്‍ഖാന്‍ ഗിരി. ശ്രീരാമന്‍ പൂജിച്ചത് എന്നു കരുതുന്ന പടുകൂറ്റന്‍ ശിവലിംഗമാണ് ആകര്‍ഷകം. അടുത്ത് മോട്ടു എന്ന സ്ഥലത്ത് സ്വയംഭൂവായ സീത, രാമന്‍ , ലക്ഷ്മണന്‍, ശിവന്‍, ഗണപതി എന്നീ വിഗ്രഹങ്ങള്‍ കാണാം. ഇവിടെ ക്ഷേത്രം പണിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ചുമന്ന സര്‍പ്പങ്ങലെ കണ്ടാതിനാല്‍ പിന്‍തിരിയുകയായിരുന്നു.
ശബരി, ഗോദാവരി നദികളുടെ സംഗമസ്ഥാനമായ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ കോണവാരത്ത്  രാമന്‍ താമസിച്ചിരുന്നു. പര്‍ണശാല ഇപ്പോഴും കാണാനാകും. നിസാമബാദിലെ ബസര്‍ ശ്രീരാമക്ഷേത്രവും കരിം നഗരിലെ ഇലേന്ദകുന്ത രാമക്ഷേത്രവും ആന്ധ്രപ്രദേശിലെ രാമയാണ സ്പര്‍ശമുള്ള ക്ഷേത്രങ്ങളാണ്.