ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2019

വയനാട്ടുകുലവൻ

വയനാട്ടുകുലവൻ

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യം ആണ് വയനാട്ടു കുലവൻ. വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. വയനാട്ടുകുലവന്റെ പരികർമ്മിയായി എപ്പോഴും തീയ്യ സമുദായത്തിൽ പെട്ട ആളാണുണ്ടാവുക. എന്നാൽ നായർ/നമ്പ്യാർ തറവാടുകളിൽ വയനാട്ടുകുലവന്റെ സ്ഥാനങ്ങളും കോട്ടങ്ങളുണ്ട്. തീയ്യ സമുദായത്തിൽ പെട്ടവർ വയനാട്ടുകുലവൻ തെയ്യത്തെ തൊണ്ടച്ചൻ തെയ്യമെന്നും വിളിക്കാറുണ്ട്. പരമ്പരാഗതമായി വണ്ണാൻ സമുദായത്തിൽ പെട്ട ആളുകളാണ് ഈ തെയ്യം കെട്ടാറുള്ളത്. ഈ തെയ്യത്തിനു തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാകും. ഈ തെയ്യം പ്രസാദമായി കവുങ്ങിൻ(കമുകിൻ) പൂവാണ് നൽകുക.

വയനാട്ടുകുലവൻ തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ശിവബീജം ഭൂമിയിൽ പതിക്കാനിടയാകുകയും, അതിൽ നിന്നും മൂന്ന് വൃക്ഷങ്ങൾ (കരിംതെങ്ങ്) ഉണ്ടാവുകയും ചെയ്തു. ആ വൃക്ഷത്തിന്റെ ചുവട്ടിൽ ‘മധു’ ഊറിവരാറുണ്ടായിരുന്നു. ഒരിക്കൽ വേടരൂപം ധരിച്ച പരമശിവൻ വേട്ടയ്ക്കായി കാട്ടിലെത്തിയപ്പോൾ അങ്ങനെ ഊറി വന്ന ‘മധു’ കാണാനിടയാവുകയും, ‘മധു’ കുടിച്ച് മത്തവിലാസം ശിവഭ്രാന്താടുകയും ശ്രീപാർവ്വതി ഭയപ്പെട്ടോടുകയും ചെയ്തു.

"വേടരൂപം ധരിച്ചുള്ള കൈലാസനാഥൻ
വേട്ടയ്ക്കായെഴെന്നള്ളി വനത്തിൽ പുക്കു
കണ്ടുടനെ കരിംതെങ്ങിൻ കുറുംകുലമേൽ
മധുപൊഴിയും വാനുലോകം പൊഴിയുന്നല്ലൊ
അതുകണ്ട് പരമശിവൻ അടുത്തു ചെന്നു
മധു കുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതു കണ്ടിട്ടചലമകൾ ഭയപ്പെട്ടോടി”

എന്നിങ്ങനെയാണ് ഇതേക്കുറിച്ച് തോറ്റം പാട്ടിൽ പറയുന്നത്...

ഇതുകണ്ട് ഭയന്ന് പാർവ്വതി തന്റെ മന്ത്രശക്തിയാൽ ‘മധു’ തടവി മുകളിലേക്കുയർത്തി. പിറ്റെ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിൻ മുകളിലെത്തിയതായാണ് കാണാൻ കഴിഞ്ഞത്. ഇതു കണ്ട് കോപിഷ്ഠനായ ശിവൻ തൃജ്ജടകൊണ്ട് തൃത്തുടമേൽ തല്ലി ബഹുശോഭയോടുകൂടിയ ‘ദിവ്യനെന്ന’ പുത്രനെ സൃഷ്ടിച്ചു. തെങ്ങിൽ നിന്നും ‘മധു’ എടുക്കുന്ന ജോലിക്കായി അവനെ നിയോഗിച്ചു. പതിവായി ‘മധു’ ശേഖരിക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവൻ ‘കദളീമധുവന’ത്തിൽ നായാടരുതെന്നും അവിടുത്തെ ‘മധു’ കുടിക്കരുതെന്നും വിലക്കി. എന്നാൽ വിലക്കു വകവെക്കാതെ ദിവ്യൻ ‘കദളീമധുവന‘ത്തിൽ നായാടുകയും മധുകുംഭം തുറക്കുകയും ചെയ്തു. ശിവകോപത്തിനിരയായ അവന്റെ കണ്ണുകൾ പൊട്ടി മധുകുംഭത്തിൽ വീണു. വാക്കു പാലിക്കാത്ത മകനുള്ള ശിക്ഷ.

മാപ്പിരന്ന മകന് പൊയ്‌കണ്ണും മുളം ചൂട്ടും മുള്ളനമ്പും മുളവില്ലും നൽകി അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ചു. ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോൾ പൊയ്ക്കണും, വിത്തുപാത്രവും മുളം ചൂട്ടും എറിഞ്ഞു കളഞ്ഞു. അവ ചെന്നു വീണത് വയനാട്ടിലെ ആദി പറമ്പൻ കണ്ണന്റെ പടിഞ്ഞാറ്റയിലാണ്. കണ്ണും ചൂട്ടും തുള്ളുന്നതു കണ്ടു പേടിച്ച കണ്ണനോടു് കണ്ണും ചൂട്ടും അകത്തു വെച്ചുകൊള്ളാൻ ദേവൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിച്ചേർന്നതുകൊണ്ട് ‘ദിവ്യൻ’ വയനാട്ടുകുലവനെന്നറിയപ്പെടാൻ തുടങ്ങി.

യാത്രാ പ്രിയനായ കുലവൻ വടക്കോട്ട് യാത്ര ചെയ്ത് കേളന്റെ വീട്ടിലെത്തി. കുലവന്റെ ദൈവിക ശക്തി തിരിച്ചറിഞ്ഞ കേളൻ തൊണ്ടച്ചനെന്നു വിളിച്ചു സൽക്കരിച്ചു. ഇതിനെ അനുസ്മരിക്കുന്നതാണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങ്.

കോട്ടപ്പാറ വീട്ടിൽ വയനാട്ടു കുലവൻ വാണിരുന്ന കാലത്ത് തറവാട്ടിൽ അതി ഭക്തനായ കുഞ്ഞിക്കോരൻ എന്ന കാരണവർ ജീവിച്ചിരുന്നു. കുഞ്ഞിക്കോറനെ അമരക്കാരനാക്കി കുലവൻ കൂടെ ചേർത്തു് കോരച്ചൻ തെയ്യമാക്കി. കാരണവർ മരിച്ചപ്പോൾ കാരണവരേയും ഈ തറവാട്ടിൽ തെയ്യമാക്കി സങ്കൽപ്പിക്കുന്നു.

ഈ ദൈവം വാണവർകോട്ടയിൽ എഴുന്നള്ളിയതായും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്നും അവിടുത്തെ വാഴുന്നവർക്ക് സ്വപ്നമുണ്ടായി. അപ്രകാരമാണ് വയനാട്ടുകുലവൻ തെയ്യം കെട്ടിയാടാൻ തുടങ്ങിയതത്രെ.

വയനാട്ടുകുലവന്റെ ഉരിയാട്ടം അതീവ രസകരമാണ്. തമാശരൂപത്തിൽ ഗൌരവമായ കാര്യങ്ങൾ പറയുന്ന ശൈലിയാണ് വയനാട്ടുകുലവന്റേത്.

''കണ്ണും കാണൂല്ല, ചെവിയും കേക്കൂല തൊണ്ടച്ചന്
എന്നാൽ കരിമ്പാറമേൽ കരിമ്പനിരിയുന്നത് കാണാം,
നെല്ലിച്ചപ്പ് കൂപത്തിൽ വീഴുന്നത് കേൾക്കാം”

വളരെ അർത്ഥവത്തായ ഇത്തരം വാചകങ്ങളാണ് ഭക്തർക്ക് അനുഗ്രഹം നൽകികൊണ്ട് വയനാട്ടുകുലവൻ തെയ്യം പറയാറ്.

വേഷം

പൊയ്ക്കണ്ണ്, മുളം ചൂട്ട്, ചെറിയ തിരുമുടി, മുഖമെഴുത്ത് വട്ടക്കണ്ണിട്ട്, വട്ടത്തിലുള്ള മുഖമെഴുത്ത് ഇതൊക്കെയാണ് വേഷവിതാനം.

ആചാരം

കണ്ണൂർ ജില്ലയിലെ പലഭാഗങ്ങളിലും എല്ലാ വർഷവും വയനാട്ടുകുലവൻ തെയ്യം കെട്ടിയാടുമെങ്കിലും, കാസർഗോഡ് ജില്ലയിൽ വയനാട്ടുകുലവൻ ദൈവ കെട്ട് വളരെ വർഷം കൂടുമ്പോൾ മാത്രമേ ആഘോഷിക്കാറുള്ളൂ. പെരുങ്കളിയാട്ടം പോലെ വമ്പിച്ച ഒരു പരിപാടിയായാണ് വയനാട്ടുകുലവൻ ദൈവ് കെട്ട് നടക്കുക.

3 ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട് , കൂവം അളക്കൽ, അടയാളം കൊടുക്കൽ അതിനു ശേഷം കലവറ നിറക്കൽ തുടങ്ങിയ പരിപാടികൾ ഉണ്ടാവും. കലവറ നിറച്ചാൽ തേങ്ങ, പച്ചക്കറികൾ, കായക്കുലകൾ എന്നിവ നാട്ടുകാർ എത്തിയ്ക്കും. അരി മാത്രമെ വാങ്ങുകയുള്ളു. വിവിധ സംഘങ്ങളായി കാട്ടിലേക്ക് നായാട്ടിനു പോകുകയും കാട്ടുപന്നിപോലുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയും ചെയ്യും. വളരെ അനുഷ്ഠാനങ്ങളോടു കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുക. ഇത്തരം മൃഗനായാട്ട് കേരള സർക്കാർ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും നിർബാധം തുടരുന്നുണ്ട്...

കാർന്നോൻ, കോരച്ചൻ, കണ്ടനാർകേളൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയ ശേഷമാണ് വയനാട്ടുകുലവൻ തെയ്യം വരുന്നത്.

കലവറ നിറയ്‌ക്കൽ

മൂന്നു ദിവസങ്ങളിലായാണ് തെയ്യം കെട്ടിയാടുന്നത്. കലവറ നിറയ്ക്കൽ അതിനു മുന്നോടിയായി നടക്കുന്ന ഒരു ചടങ്ങാണ്. മൂന്നു ദിവസങ്ങളിലും അവിടെ എത്തുന്നവർക്ക് ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കും. ഇതിനാവശ്യമായ പച്ചക്കറികളും അരിസാധനങ്ങളും മറ്റും മുൻകൂട്ടി കലവറയിൽ എത്തിക്കുന്ന ചടങ്ങാണ് കലവറനിറയ്‌ക്കൽ. ഒരു പ്രത്യേക ദിവസം തെരഞ്ഞെടുത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തജനങ്ങൾ ഒന്നിച്ച് സാധനസാമഗ്രികൾ കൊണ്ടുവരുന്ന ചടങ്ങാണിത്. ചെണ്ടമേളത്തോടെ വരിവരിയായി സ്ത്രീജനങ്ങളാണ് ഈ ചടങ്ങിനു മുന്നിട്ടിറങ്ങുന്നത്.

ഉച്ചേലി തെയ്യം

ഉച്ചേലി തെയ്യം

മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി. ആഭിചാരം , മൃഗബലി തുടങ്ങിയ ചടങ്ങുകൾ ഉള്ളതിനാൽ രഹസ്യമായും അപൂർവമായും മാത്രമേ ഉച്ചേലി തെയ്യം കെട്ടിയാടാറുള്ളൂ. ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.ഉച്ച ബലി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്.

വെറ്റില, അടയ്ക്ക, ഉണങ്ങലരി, ചുവന്ന മുളക് തുടങ്ങിയവയാണ് ഉച്ചേലി തെയ്യത്തിന്റെ നിവേദ്യങ്ങൾ. തെയ്യാട്ടം തുടങ്ങുന്നതിനു മുന്നേ മണ്ണിൽ ഒരു ചെറിയ കുഴി ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ ഒരു കോഴിയെ ജീവനോടെ വച്ച് , അതിനു മുകളിൽ വാഴയുടെ തണ്ടുകളും മണ്ണും ഇട്ടു കുഴി മൂടുന്നു. അതിനു മുകളിൽ ചന്ദന മര തണ്ടുകൾ കൊണ്ട് ചെറിയ ഹോമകുണ്ഡം ഉണ്ടാക്കുന്നു.

ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും, മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു ആഭിചാര ചടങ്ങാണ്.

ആഭിചാരം കഴിഞ്ഞ ശേഷം വേറൊരു പൂവൻ കോഴിയെ ബലി കൊടുക്കുന്നു. പിന്നീട് ഹോമകുണ്ഡം മുഴുവൻ കത്തിക്കുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു , ഹോമ കുണ്ഡത്തിനു അടിയിൽ കുഴിച്ചിട്ട കോഴിയെ പുറത്ത് എടുക്കുന്നു. ഈ കോഴി ജീവനോടെ ഉണ്ടങ്കിൽ ചടങ്ങുകൾ എല്ലാം ശുഭ സൂചകം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കോഴിയെ ബലി കൊടുക്കാറില്ല. പിന്നീട് കുരുത്തോല ധരിച്ച കോലക്കാരൻ തെയ്യാട്ടം തുടങ്ങുന്നു.

വേഷം

കണ്ണെഴുത്തും കിരീടവും മാത്രമാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്. കുരുത്തോല കൊണ്ടുള്ള ആട അരയിൽ ധരിക്കുന്നു. കയ്യിൽ വാൾ അല്ലെങ്കിൽ പിച്ചാത്തി ഉണ്ടായിരിക്കും.

29 March 2019

വിഷ്ണുമൂർത്തി തെയ്യം

വിഷ്ണുമൂർത്തി തെയ്യം

വടക്കേ മലബാറിലെ കാവുകളിലും, സ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി. വൈഷ്ണവ സങ്കൽപം പിൽക്കാലത്ത് ചാർത്തിക്കൊടുത്ത നായാട്ടുദേവനാണ് വിഷ്ണുമൂർത്തി. മേലേരി ചാടുന്നതാണ് ഈ തെയ്യത്തിന്റെ പ്രധാന കാഴ്ച. തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി.

ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം. ഒറ്റക്കോലം എന്ന പേരിൽ വയൽ തെയ്യമായും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. തീപ്രവേശമാണ് അവിടെ മുഖ്യം. വീടുകളിൽ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യത്തിന് തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം. വീടുകളിൽ ഹിരണ്യകശ്യപുവിന്റെ രക്തപാനവും നരസിഹമൂർത്തിയുടെ പൊയ്മുഖവും പിന്നെ പേരിനു മാത്രം ചെറിയതോതിൽ തീപ്രവേശവുമായി തെയ്യം അവസാനിക്കും. മലയരാണ് വിഷ്ണുമൂർത്തിയെ കെട്ടിയാടുന്നത്. ഈ തെയ്യത്തിന് വെളിച്ചപ്പാടുകൾ നിർബന്ധമാണ്. തെയ്യം കെട്ടുന്നയാൾ അധികം മുഖത്തെഴുത്തോ അത്യധികമായ വേഷഭൂഷകളോ ഇല്ലാതെ തോറ്റം ചൊല്ലി ഉറഞ്ഞാടുന്ന കുളിച്ചാറ്റം എന്ന ചടങ്ങും തെയ്യത്തിന്റെ പുറപ്പാടിനു വളരെ മുമ്പേ ആയിട്ടുണ്ടാവും. ഇത് തോറ്റം എന്നും അറിയപ്പെടുന്നു.

വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ. ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്തേക്ക് നാടു കടക്കുന്നു.

കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ 
കരുമം പലതും പലരോടും ചെയ്തതുകൊണ്ട് 
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി 
തറവാടും നാടും വിട്ടു വടക്കു നടന്നു 
എന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ടിൽ പരാമർശമുണ്ട്.

പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു, ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുട നൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാലസഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ വെട്ടിക്കൊലപ്പെടുത്തി. തന്റെ വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് സർ‌വത്ര അനർത്ഥങ്ങളാണ് കാണാൻ കഴിഞ്ഞത്. പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി.

വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്.

പൊട്ടൻ തെയ്യം

പൊട്ടൻ തെയ്യം

വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. തീയിൽ വീഴുന്ന പൊട്ടനും, തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ, ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്ക്കുന്നു. എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്. ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു. അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ, കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് സരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.

തോറ്റം നടക്കുന്നതിനു മുൻപായി പൊട്ടൻ തെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കു മുന്നിൽ ഉണക്കലരി, പുഴുങ്ങലരി, തേങ്ങ, മലർ,വെറ്റില, അടയ്ക്ക തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻ തെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി) നിലവിളക്കിനു മുന്നില് വയ്ക്കും. ചില തറവാടുകളിലും കാവുകളിലും പൊട്ടൻ തെയ്യത്തോടൊപ്പം പൊലാരൻ തെയ്യവും കെട്ടാറുണ്ട്. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്നപതിവുണ്ട്.

സാധാരണ തെയ്യങ്ങൾക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്. വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും, അരയിൽ ധരിക്കുന്ന കുരുത്തോലകളും പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.

വേഷം

മാർച്ചമയം - അരിച്ചാന്ത്
മുഖത്തെഴുത്ത് - മുഖപ്പാള
തിരുമുടി - കൊയ്യോല

പൊട്ടൻ തെയ്യത്തിൻറെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരൻ (പുലമാരുതൻ) തെയ്യം. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട, പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്. കൂടാതെ ചില തറവാടുകളിൽ പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന, പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള പുലച്ചാമുണ്ഡി തെയ്യവും കെട്ടിയാടാറുണ്ട് .

ഗുളികൻ തെയ്യം

ഗുളികൻ തെയ്യം

മലബാറിലെ കാവുകളിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണു ഗുളികൻ തെയ്യം. ഈ തെയ്യം അർധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണ്.

ഗുളികൻ പാതാളത്തിൽ അപ്പ് കൊണ്ട പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വന്നു. അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, കുലിനീശംഖൻ, ചേഷ്ടപദ്മൻ, മഹാപദ്മൻ, ഗുളികൻ, നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ,  അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി. ഗുളികൻ, മാരി ഗുളികൻ, വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.

വേഷം

കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം

പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി. മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. ഈർക്കിലുകൊണ്ട് മുഖത്റ്റുനിന്നും വിരലുകൊണ്ട് ദേഹത്തുനിന്നും വരകളാവാൻ അരിച്ചാന്തുമാറ്റും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈർക്കിൽ കളഞ്ഞ് അരയിൽ ചുറ്റിക്കെട്ടും.ഇതിനെ ‘’‘കുരുത്തോലവഞ്ചി‘’‘ എന്നും ‘’‘ഒലിയുടുപ്പ്’‘ എന്നും പറയും. കൈയിൽ കുരുത്തോല കൊണ്ട് നകോരം കെട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരമുണ്ടാവും, കാലിൽ ചിലങ്കയും..

വ്യത്യസ്ത രൂപങ്ങൾക്ക്‌ വ്യത്യസ്ത വേഷങ്ങളാണ്. ഒട്ടുമിക്ക തെയ്യങ്ങളും മുഖപ്പാളയും, അരയിൽ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും, ധരിക്കും. അരിച്ചാന്തു കൊണ്ടാണ് മെയ്യെഴുത്ത്. തെക്കൻ ഗുളികന് ഉയരമേറിയ തിരുമുടിയുണ്ടാകും. ഇത് ധരിച്ചുകൊണ്ടുതന്നെ പൊയ്ക്കാലിൽ നടക്കുകയും ചെയ്യാറുണ്ട്. കാരഗുളികനാകട്ടെ കാരമുള്ളുകളിലേക്ക് എടുത്തുചാടാറുണ്ട് . ശരീരമാസകലം കുരുത്തോല അണിഞ്ഞ രൂപത്തിലാണ് കാരഗുളികന്റെ വേഷം. തിറയാട്ടത്തിലാകട്ടെ, പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. ഗുളികന് ചൂട്ടും, ത്രിശൂലവുമാണ്‌ പ്രധാന ആയുധങ്ങൾ .