ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2016

മന്ത്രജപം

മന്ത്രജപം

ദേവീദേവന്മാരെ പ്രീതിപ്പെടുത്താന്‍ നിരവധി മന്ത്രങ്ങളുണ്ട്. അവയില്‍ ചിലത് നാം പ്രയോഗിക്കാറുമുണ്ട്. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അറിയാത്ത മന്ത്രങ്ങളോ, ഗുണങ്ങള്‍ അറിയാത്തതോ, തെറ്റായതോ ആയ മന്ത്രങ്ങള്‍ ജപിക്കുന്നത് ദോഷങ്ങള്‍ വരുത്തുവാന്‍ ഇടയാക്കുന്നതാണ്. അതിനാല്‍ ശരിയായ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതാണ് ഉത്തമം.

ഗൃഹസ്ഥാശ്രമികള്‍ക്കും കുട്ടികള്‍ക്കും ഭാര്യമാര്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും മന്ത്രോച്ചാരണം നടത്താം. ദിവ്യശക്തിയുള്ള അക്ഷരങ്ങളോ, അക്ഷരങ്ങളുടെ കൂട്ടങ്ങളോ ആണ് മന്ത്രങ്ങള്‍. മനനംകൊണ്ട് നമ്മെ രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രങ്ങള്‍. എല്ലാ മന്ത്രങ്ങളും ഓംകാരത്തില്‍നിന്ന് പിറക്കുന്നതാണ്. ഓം എന്ന മന്ത്രത്തില്‍ അ, ഉ, മ എന്നീ മൂന്നക്ഷരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ കുറിക്കുന്നു.

മന്ത്രജപം നടത്തുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ഒന്നുപോലെ ശുദ്ധമായിരിക്കണം. നാം ജപിക്കുന്ന മന്ത്രങ്ങള്‍ വെറും അക്ഷരങ്ങളല്ല; മറിച്ച് അവ ഭഗവദ്ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധമാണ്. അതിനാല്‍ വളരെ കൃത്യമായും ഉച്ചരിക്കേണ്ട രീതിപോലെയും തന്നെ മന്ത്രങ്ങള്‍ ഉച്ചരിക്കണം. പൂര്‍ണ്ണവിശ്വാസമുള്ള ആര്‍ക്കും മന്ത്രോപാസന നടത്താവുന്നതാണ്. മന്ത്രജപത്തിന് മന്ത്രം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടദേവതാ മന്ത്രം ജപിക്കുന്നതാണ് ഉത്തമം.

കറകളഞ്ഞ ഈശ്വരവിശ്വാസം, സ്‌നേഹം, ക്ഷമ, ഉത്തമസ്വഭാവം, സമാധാനം, നിശ്ചയദാര്‍ഢ്യം, സമയം, കൃത്യസംഖ്യ (108, 1008), നിരാഹാരം എന്നീ ഗുണങ്ങള്‍ മന്ത്രോച്ചാരണ വേളയില്‍ നാം പാലിക്കേണ്ടതാണ്. ഒരിക്കലും മന്ത്രങ്ങള്‍ മാറിമാറി ഉച്ചരിക്കരുത്. വിശ്വാസത്തില്‍ എടുക്കുന്ന മന്ത്രം തന്നെ നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

നാമജപം

നാമജപം

നാമജപം എന്നത് നമ്മളില്‍ നിന്നും അകന്നു പോയ നല്ലശീലങ്ങളില്‍ ഒന്നാണ്. കലികാലത്തില്‍ മോക്ഷപ്രാപ്തിക്കും പാപ പരിഹാരത്തിനും നാമജപതെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. ദ്രിശ്യ മാധ്യമങ്ങള്‍ നമ്മുടെ ത്രിസന്ധ്യകളെ കവര്‍ന്നെടുക്കുന്ന ഇ അവസരത്തില്‍ നാമജപത്തിന്റെ പ്രാധാന്യത്തെക്കുറിചു അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കുവാന്‍ പ്രസായമാണ്.

സത്യയുഗത്തില്‍
സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു.

ത്രേതായുഗം / ദ്വാപരയുഗം
ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി.

കലിയുഗത്തില്‍
കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു.

ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ഏതൊക്കെ നാമങ്ങളാണ് എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായി ബ്രഹ്മാവ് പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
ഇതാണ് ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ് സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത് സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത് സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട് സിദ്ധിക്കുന്നു എന്നാണ് ബ്രഹ്മാവ് അരുളിചെയ്തത്. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന് അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ് ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം

എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ് ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ് നാമജപം.

നാമം ജപിക്കേണ്ടത് എങ്ങനെ ?

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു. നാമജപം മൂന്ന് തരത്തിലുണ്ട്:
1. വാചികം : ഉറക്കെ ജപിക്കുന്നത്
2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്. രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു. ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്. കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നാമജപം സഹായിക്കുന്നുണ്ട്. ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്. അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്. അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു. ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം. വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാണെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം. കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു. കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം, സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ബ്രഹ്മസംഹിതയ്‌ക്കൊരാമുഖം

ബ്രഹ്മസംഹിതയ്‌ക്കൊരാമുഖം

ഈശ്വരന്‍ ആര്, ഞാന്‍ ആര്, ഞാനും ഈശ്വരനുമായുള്ള ബന്ധമെന്ത്? ഇതത്രേ വേദാന്തികളുടെയും ബ്രഹ്മജിജ്ഞാസുക്കളുടെയും മുഖ്യചിന്ത. പരമാത്മാവ് ഈശ്വരന്റെ അപരനാമധേയമാണ്. പരമാത്മാവായി ഈശ്വരന്‍ തന്റെ സാന്നിദ്ധ്യം ഓരോ ജീവാണുവിലും അറിയിക്കുന്നു. ഓരോ ജീവതത്ത്വത്തിലും പരമാത്മാവും ജീവാത്മാവും കുടികൊള്ളുന്നതായി ശ്വേതാശ്വതരോപനിഷത്ത് വ്യക്തമാക്കുന്നു. എന്നാല്‍ ആ പരമാത്മാവിന്റെ സ്വരൂപം എന്താണെന്ന് ഇപ്പോഴും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സംശയമാണ്. അവരവരുടേതായ വ്യാഖ്യാനങ്ങള്‍കൊണ്ടും ഭാവനകൊണ്ടും ഈശ്വരനെ നിര്‍ഗുണമായും സഗുണമായും ആരാധിക്കുന്നു. മാനവരാശിയുടെ ഉദ്ധാരണത്തിനായിട്ടാണ് വേദങ്ങളും ഉപനിഷത്തുകളും പുരാണേതിഹാസങ്ങളുമെല്ലാം. ഇവയെല്ലാം പഠിച്ചുകഴിഞ്ഞ വ്യക്തിക്കും ഈശ്വരനെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാം ഈശ്വരനെന്ന് അവര്‍ കരുതുന്നു. വലിയ ഭാരമുള്ള ഗ്രന്ഥങ്ങള്‍ രചിച്ച് പലരെയും പലവഴിക്ക് നയിക്കുന്നു. ഈ പ്രയാണം എവിടെയാണവസാനിക്കുന്നത്? ഈ പ്രയാണത്തിന്റെ ലക്ഷ്യം മോക്ഷമെന്നും മുക്തിയെന്നും വേദാന്തികള്‍ വാദിക്കുന്നു. എന്നാല്‍ എപ്പോഴാണ് മോക്ഷം ലഭിക്കുക എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ക്ഷേത്ര ദര്‍ശനങ്ങള്‍ മാത്രംകൊണ്ട് ഈ മോക്ഷം ലഭിക്കുമോ? മനുഷ്യസേവനത്തിനായി ആശുപത്രികളും അനാഥാലയങ്ങളും തുറന്നാല്‍ മുക്തി കിട്ടുമോ?

മാനവരാശിയുടെ ഇതുവരെയുള്ള ചരിത്രത്തിലാദ്യമായി ഒരു വ്യക്തി മാത്രമേ താന്‍ പരമേശ്വരനാണെന്ന് പറഞ്ഞിട്ടുള്ളൂ. ഒളിയും മറയുമോടെ പല ആധുനിക ഋഷിമാരും അങ്ങനെ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ വ്യക്തിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ദേവകീവാസുദേവന്മാരുടെ അഷ്ടമസന്താനമായി വന്നവതരിച്ച സാക്ഷാല്‍ ശ്രീകൃഷ്ണന്‍. അഹം ആദിര്‍ ഹി ദേവാനാം എന്ന് ഭഗവദ്ഗീതയില്‍ പ്രഖ്യാപിക്കുന്നു. സര്‍വചരാചരങ്ങളുടെയും ഏകനാഥനും അവിടുന്ന് തന്നെ. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പുരാണങ്ങളുടെയും സാരം ഭഗവദ്ഗീതയാണെന്ന് ദ്വൈതികളും അദ്വൈതികളും ഒരുപോലെ സമ്മതിക്കുന്നു. ഭഗവദ്ഗീതയില്‍ തുടങ്ങിയ തീര്‍ത്ഥാടനം ഭാഗവതത്തില്‍ എത്തുന്നു. ഭഗവാന്റെ അതീന്ദ്രിയ ലീലകളുടെ അമൃതം നുകരാന്‍ ഭാഗവതപഠനം നമ്മെ സഹായിക്കുന്നു.

ഈ ഭഗവാന്റെ (ശ്രീകൃഷ്ണന്റെ) സ്വരൂപവും അവിടുത്തെ കലകളും എന്താണ്? ഭഗവാന്റെ പരമധാമം എവിടെയാണ്? ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ കമലോദ്ഭവനായ ബ്രഹ്മാവിന് ഒരിക്കല്‍ ആഗ്രഹം തോന്നി. കന്നുകാലികളെ മേച്ചുനടന്ന യാദവബാലന്‍ ജഗന്നിയന്താവായ വിഷ്ണുതന്നെയാണ്. ബ്രഹ്മാവിന് ആദ്യം മനസ്സിലായില്ല. അമ്പതു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭഗവാന്‍ സ്വയം വന്നവതരിച്ച വൃന്ദാവനഭൂമിയില്‍ വന്നപ്പോഴാണ് ബ്രഹ്മാവിന് ഈ സംശയം ഉദിച്ചത്. എന്നാലൊന്ന് പരീക്ഷിച്ചുകളയാമെന്ന് ബ്രഹ്മാവ് നിശ്ചയിച്ചു. തന്റെ പ്രിയ ഗോക്കളെയും ഗോപന്മാരെയുംകൊണ്ടാണ് ഭഗവാനും അദ്ദേഹത്തിന്റെ പ്രിയ ജ്യേഷ്ഠന്‍ ബലരാമനും ദിവസേന വനയാത്ര നടത്തിയിരുന്നത്. കന്നുകാലികള്‍ വൃന്ദാവനത്തിലെ പുല്‍മേടുകളില്‍ വിഹരിക്കുമ്പോള്‍ ഭഗവാന്‍ തന്റെ സുഹൃത്തുക്കളുമായി പല ക്രീഡകളിലും മുഴുകിയിരിക്കും.

അത്തരമൊരു ദിവസം ബ്രഹ്മാവ് ഒമ്പത് ലക്ഷത്തോളം വരുന്ന ഗോക്കളെയും ഗോപന്മാരെയും സമീത്തുള്ള ഗുഹയില്‍ ഒളിപ്പിച്ച് അവരെ നിദ്രാധീനരാക്കി. അപ്പോള്‍ പരമപുരുഷനായ ദേവകീ പുത്രന്‍ ഒമ്പത് ലക്ഷം വിഷ്ണുരൂപങ്ങളായി വികസിച്ച് ഗോക്കളും ഗോപന്മാരുമായി പുനരാവിര്‍ഭവിച്ചു. ഒരു നിമിഷത്തേക്കാണ് സരസ്വതീനാഥനായ ബ്രഹ്മാവ് ഈ സാഹസമൊപ്പിച്ചത്. എന്നാല്‍ ബ്രഹ്മാവിന്റെ ഈ ഒരു നിമിഷം ഭൂമിയില്‍ ഒരു വര്‍ഷമായിരുന്നു. ഭഗവാന്റെ ഈ അചിന്ത്യമായ ലീലകണ്ട് ബ്രഹ്മാവ് ഇളിഭ്യനായി; മാത്രമല്ല ഭഗവാനെ സാഷ്ടാംഗം നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ സൃഷ്ടികര്‍ത്താവായ അവിടുന്ന് ഭഗവാനെ സ്തുതിച്ച് എഴുതിയതാണ് ബ്രഹ്മസംഹിത. ഇതിന്റെ അഞ്ചാമദ്ധ്യായം മാത്രമേ ഭാരതഭൂമിയില്‍ ഇപ്പോഴുള്ളൂ. കൊല്ലവര്‍ഷം 685 ല്‍ (1510 എ ഡി). ശ്രീകൃഷ്ണാവതാരമായ ശ്രീചൈതന്യ മഹാപ്രഭു തന്റെ ദക്ഷിണ ഭാരതപര്യടനത്തിന്റെ ഭാഗമായി വേണാട് എന്നറിയപ്പെടുന്ന വഞ്ചിരാജ്യവും സന്ദര്‍ശിക്കുവാന്‍ ഇടയായി. പൂരുരുട്ടാതി തിരുനാള്‍ ഇരവി ഇരവി വര്‍മ്മ എന്ന വിഷ്ണു ഭക്തനായ മഹാരാജാവായിരുന്നു അന്ന് വേണാട് ഭരിച്ചിരുന്നത്. വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രവും തിരുവനന്തശയനത്തില്‍ പള്ളികൊണ്ടരുളുന്ന ശ്രീപദ്മനാഭപ്പെരുമാളിനെയും ദര്‍ശിച്ചശേഷം ശ്രീകൃഷ്ണ ചൈതന്യന്‍ തിരുവട്ടാര്‍ എന്ന അതിമനോഹരമായ തെക്കന്‍ ഗ്രാമത്തിലെത്തുകയും അവിടത്തെ ഗ്രാമദേവതകൂടിയായ ആദികേശവപ്പെരുമാളിനെ ദര്‍ശിക്കുകയും ചെയ്തു. തിരുവട്ടാറ്റ് ആദികേശവക്ഷേത്രത്തിലെ ഗ്രന്ഥപ്പുരയില്‍നിന്നാണ് മഹാപ്രഭുവിന് ബ്രഹ്മസംഹിത ലഭിച്ചത്. ഇത് പകര്‍ത്തിയശേഷം അദ്ദേഹം തിരുവരംഗത്തേക്ക് ഗമിച്ചുവെന്ന് ചരിത്രരേഖകള്‍ മൊഴിയുന്നു.

ശ്രീരാധാകൃഷ്ണ ഭക്തനും തിരുനാമസങ്കീര്‍ത്തനത്തിന്റെ വക്താവുമായിരുന്ന അഭേദാനന്ദ സ്വാമികളുടെ മാനസഗുരുവും ഗൗഡീയ മഠസ്ഥാപകനുമായ ശ്രീലഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമികളും ബ്രഹ്മസംഹിതയ്ക്ക് പരിഭാഷ രചിച്ചിട്ടുണ്ട്.

ശ്ലോകം- ഒന്ന്

ഈശ്വരഃ പരമഃ കൃഷ്ണഃ
സച്ചിദാനന്ദവിഗ്രഹഃ
അനാദിരാദിര്‍ഃ ഗോവിന്ദഃ
സര്‍വകാരണ കാരണം

അര്‍ത്ഥം:
ഗോവിന്ദന്‍ എന്ന നാമധേയമുള്ള ശ്രീകൃഷ്ണനാണ് പരമപുരുഷന്‍. സച്ചിദാനന്ദ വിഗ്രഹമായ ആ ഗോവിന്ദന്‍ സര്‍വകാരണങ്ങളുടെയും കാരണമാകുന്നു.

വ്യാഖ്യാനം
ദൈവം എന്ന് നാമോരോരുത്തരും വിളിക്കുന്ന അദൃശ്യശക്തിയെപ്പറ്റി ഇത്രയും സുവ്യക്തമായ അറിവ് തരുന്ന ശ്ലോകം വേറെയുണ്ടോ എന്ന് സംശയം. ഗോവിന്ദന്‍ എന്ന നാമത്തിന് ഗോക്കള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ആനന്ദം കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം. കൃഷ്ണനെന്നാല്‍ കറുത്തനിറമുള്ളവനെന്നും സര്‍വാകര്‍ഷകനെന്നും അര്‍ത്ഥമുണ്ട്. ഈ ശ്ലോകത്തില്‍ ഈ രണ്ടു നാമങ്ങളുള്ള വ്യക്തിയെപ്പറ്റിയാണ് പ്രതിപാദ്യം. ഈ വ്യക്തിയെന്ന് പറയാന്‍ കാരണം അദ്ദേഹത്തിനെ സച്ചിദാനന്ദവിഗ്രഹമെന്ന് പറയുന്നതാണ്. സച്ചിദാനന്ദം എന്ന പദത്തിനെ മൂന്നായി വിഗ്രഹിക്കാം-സത്, ചിത്, ആനന്ദം-സത് എന്നാല്‍ ശാശ്വതം, ചിത് എന്നാല്‍ പരിപൂര്‍ണ ജ്ഞാനം-ആനന്ദമെന്നാല്‍ പരിപൂര്‍ണമായ നിര്‍വൃതി. ഇവ മൂന്നുമടങ്ങിയ രൂപമാണ് ശ്രീകൃഷ്ണന്റേതെന്ന് ബ്രഹ്മാവ് ഇവിടെ വ്യക്തമാക്കുന്നു. എല്ലാ ചരാചരങ്ങളെയും പരിപാലിക്കുന്നുവനു മാത്രമേ ശാശ്വതനായും സര്‍വജ്ഞനായും സദാ ആനന്ദമയനായും നിലകൊള്ളുവാന്‍ സാധിക്കുകയുള്ളൂ. സര്‍വഗുണസ്വരൂപനായ ഭഗവാന് രൂപമുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പലരും അദ്ദേഹത്തിന്റെ നിര്‍ഗുണഭാവത്തെ തെറ്റിദ്ധരിക്കുന്നു. നിര്‍ഗുണമെന്നാല്‍ ഭൗതികഗുണങ്ങള്‍ അഥവാ നശ്വരങ്ങളായ ഗുണങ്ങള്‍ ഇല്ലാത്തവന്‍ അഥവാ ശാശ്വതഗുണങ്ങള്‍ ഉള്ളവന്‍ എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഈ ശാശ്വതനാണ് പരമേശ്വരനായ ഭഗവാന്‍. ഇദ്ദേഹം തന്നെയാണ് സര്‍വാകര്‍ഷകനും. സര്‍വാകര്‍ഷണം എന്നാല്‍ മറ്റെല്ലാത്തിനേക്കാളും ആകര്‍ഷണം തോന്നുന്നത് എന്നര്‍ത്ഥം. ഭഗവാന്‍ ഭൂമിയില്‍ തിരുവവതാരം ചെയ്തപ്പോള്‍ ഗോപസ്ത്രീകളുടെയും ഗോപന്മാരുടെയും ദേവ ഗന്ധര്‍വ-യക്ഷകിന്നര കിംപുരുഷന്മാരുടെയുമെല്ലാം ആകര്‍ഷണം ഭഗവാനിലേക്കായിരുന്നു. ഇത് അവിടുന്ന് പരമപുരുഷന്‍ ആയതുകൊണ്ടാണ്. കൃഷ്‌ണോ വൈ പരമം ദൈവതമെന്ന് മഹാദേവനായ ശിവശങ്കരന്‍ ശിവപുരാണത്തില്‍ പറയുന്നുണ്ട്. കുന്തീസുതനായ അര്‍ജുനന്‍ ശ്രീകൃഷ്ണനെ ഇങ്ങനെ സംബോധന ചെയ്യുന്നു:

പരംബ്രഹ്മ പരംധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവം അജം വിഭും

സനാതനധര്‍മപുനഃസ്ഥാപകനായ ആദിശങ്കരന്‍ അദ്വൈതദര്‍ശനം പഠിപ്പിച്ചപ്പോഴും ശ്രീകൃഷ്ണനാണ് പരമപുരുഷന്‍ എന്ന് പ്രഖ്യാപിച്ചു. ഓരോ ദേവനെയും ഭഗവാന്‍ എന്ന് നാം സംബോധന ചെയ്യാറുണ്ട്. ദിവ്യയോഗിയെ മാത്രമല്ല സിദ്ധന്മാരെപ്പോലും ഭഗവാന്‍ എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ആ പദത്തിന് അനുയോജ്യന്‍ ശ്രീകൃഷ്ണനാണ്. അസംഖ്യം വരുന്ന ദേവീദേവന്മാര്‍ ശ്രീകൃഷ്ണന്റെ അംശങ്ങളാണെന്ന് ഭഗവദ്ഗീതയും വ്യക്തമാക്കുന്നു. ഇവിടെ ചിലര്‍ ശ്രീകൃഷ്ണനെ മഹാവിഷ്ണുവിന്റെ അവതാരമായിക്കാണുന്നു. വിഷ്ണുവെന്നാല്‍ വ്യാപിച്ചിരിക്കുന്നവന്‍ എന്നര്‍ത്ഥം. എല്ലാ ദിക്കുകളിലും വ്യാപരിച്ചിരിക്കുന്നതുകൊണ്ടാണ് ഭഗവാനെ വിഷ്ണുവെന്ന് വിളിക്കുന്നത്.

വിഷ്ണുവെന്നും കൃഷ്ണനെന്നും വിളിക്കുന്നത് ഒരേ പരമപുരുഷനായ ഗോവിന്ദനെത്തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. അതിനാല്‍ എല്ലാ കാരണങ്ങളുടെയും കാരണമായ കൃഷ്ണന്‍ അഥവാ ഗോവിന്ദന്‍ അഥവാ വിഷ്ണു ആരുടെയും അവതാരമല്ല, മറിച്ച് സര്‍വാവതാരങ്ങളുടെയും കാരണമാണ്, അഥവാ അവതാരിയാണ് എന്നുപറയാം. അവതാരങ്ങള്‍ എടുക്കുന്നവന്‍ ആരോ അവന്‍ അവതാരി. ശുകബ്രഹ്മര്‍ഷിയും വേദവ്യാസനും ശ്രീകൃഷ്ണനെ അവതാരിയായി തന്നെ കാണുന്നു. വേദവ്യാസകൃതമായ ഭാഗവതപുരാണത്തില്‍ കൃഷ്ണദ്വൈപായന വ്യാസന്‍ തന്നെ ഇങ്ങനെ പറയുന്നു.

ഏതേ ചാംശ കലാ പുംസഃ
കൃഷ്ണസ്തു ഭഗവാന്‍ സ്വയം

എല്ലാ അവാരങ്ങളും കലകളും (കലയെന്നാല്‍ ഭഗവാന്റെ വിസ്തരണം എന്നര്‍ത്ഥം) ശ്രീകൃഷ്ണ ഭഗവാനില്‍നിന്നാണ് ഉദ്ഭൂതമായത്. ജയദേവകവിയും ഗീതഗോവിന്ദത്തില്‍ ശ്രീകൃഷ്ണനെ പരമപുരുഷനും അവതാരിയുമായി കാണുന്നു. ഗീതഗോവിന്ദത്തിലെ ദശാവതാര സ്‌തോത്രത്തില്‍ ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ജയദേവന്‍ ശ്രീകൃഷ്ണനെ അവതാരമായിട്ടല്ല, വിഷ്ണുവായിത്തന്നെയാണ് കണ്ടിരുന്നത്.

സാധുവും ശാസ്ത്രവും പറയുന്നതാണ് മുഖ്യം. രണ്ടും ശ്രീകൃഷ്ണന്റെ പരമഭാവത്തെ അംഗീകരിക്കുന്നു. സാധുവെന്നാല്‍ ഋഷിയെന്നര്‍ത്ഥം. ശാസ്ത്രമെന്നാല്‍ വേദപുരാണേതിഹാസങ്ങള്‍. ബ്രഹ്മസംഹിതയിലെ ഈ പ്രഥമശ്ലോകം വ്യത്യസ്തമായ ഒന്നല്ല മറിച്ച് സര്‍വശാസ്ത്രങ്ങളുടെയും സാരസംഗ്രഹമാണ്.

മലയാളമാസങ്ങളുടെ പൗരാണിക സങ്കല്‍പം

മലയാളമാസങ്ങളുടെ പൗരാണിക സങ്കല്‍പം

മലയാളമാസങ്ങളുടെ പേരുകളുടെ ആവിര്‍ഭാവത്തിന് കാരണമായ ചില സങ്കല്‍പ്പങ്ങളുണ്ട്. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതിന് 12 മാസം വേണം. ഭൂമിയുടെ ഭ്രമണ മാര്‍ഗത്തെ ഈ പന്ത്രണ്ടുമാസവും അനന്തവിസ്തൃതമായ ശൂന്യാകാശത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള്‍ അഭിമുഖീകരിക്കുന്നു. ഈ നക്ഷത്രങ്ങളുടെ സ്ഥാനരൂപമനുസരിച്ചാണ് ഓരോ മാസത്തിനും പേര് ലഭിച്ചിട്ടുള്ളത്.

ചിങ്ങമാസം
ചിങ്ങമാസത്തില്‍ ഭൂമിയെ അഭിമുഖീകരിക്കുന്ന നക്ഷത്രമണ്ഡലം സിംഹത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ആ മാസത്തിന് സിംഹം അഥവാ ചിങ്ങം എന്ന പേരുണ്ടായി.

തുലാംമാസം
ഒരു ത്രാസ്സിന്റെ ആകൃതിയില്‍ നക്ഷത്രമണ്ഡലം ദൃശ്യമാകുന്നതുകൊണ്ട് ആ മാസത്തിന് തുലാംമാസം എന്ന പേര് ലഭിച്ചു.

വൃശ്ചികമാസം
വൃശ്ചികം എന്നാല്‍ തേള്‍ എന്നാണ് അര്‍ത്ഥം. ആ മാസത്തില്‍ കടന്നുപോകുന്ന രാശിക്ക് തേളിന്റെ ആകൃതിയാണ്. അതുകൊണ്ട് ഈ മാസത്തിന് വൃശ്ചികം എന്ന പേരു കിട്ടി.

ധനുമാസം
ധനുമാസത്തില്‍ കാണപ്പെടുന്ന രാശിക്ക് ധനുസ്സിന്റെ അഥവാ വില്ലിന്റെ രൂപമാണ്. അതുകൊണ്ട് അത് ധനുമാസമായി.

മകരമാസം
മകരമാസത്തിലേത് മകരമത്സ്യത്തിന്റെ ആകൃതിയായതുകൊണ്ട് മകരമാസമായി.

കുംഭമാസം
കുംഭം എന്നാല്‍ കുടം എന്നര്‍ത്ഥം. കുംഭമാസത്തിൽ കാണപ്പെടുന്ന രാശിക്ക് കുംഭത്തിന്റെ രൂപമാണ്.

മീനമാസം
മീനമെന്നാല്‍ മത്സ്യം എന്നര്‍ത്ഥം. മീനമാസത്തിൽ കാണപ്പെടുന്ന രാശിക്ക് മത്സ്യത്തിന്റെ രൂപമാണ്.

മേടമാസം
മേടമാസത്തില്‍ ദൃശ്യമാകുന്ന നക്ഷത്ര മണ്ഡലരാശി ആടിന്റെ രൂപത്തിലാണ്. മേഷം എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. അങ്ങനെ മേടമാസമായി.

ഇടവമാസം
ഇടവമാസത്തില്‍ കടന്നുപോകുന്ന നക്ഷത്രരാശി കാളയുടെ രൂപമാണ്. ഋഷഭം എന്നാല്‍ കാള എന്നര്‍ത്ഥം. അതിന്റെ ഉദ്ഭവമാണ് ഇടവം. അങ്ങനെ ഇടവമാസം ഉണ്ടായി.

മിഥുനമാസം
മിഥുനമാസം യുവമിഥുനങ്ങളെ (സ്തീപുരുഷന്മാരെ) കുറിക്കുന്നു. നക്ഷത്രരാശി, യുവമിഥുനങ്ങള്‍ ഒന്നിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതുകൊണ്ട് മിഥുനമാസം എന്ന പേരും ഉണ്ടായി.

കര്‍ക്കടകമാസം
കര്‍ക്കടകം എന്നാല്‍ ഞണ്ട് എന്നാണ് അര്‍ത്ഥം. കര്‍ക്കടകത്തില്‍ കാണുന്ന നക്ഷത്രമണ്ഡലരാശി ഞണ്ടിന്റെ ആകൃതി കാണിക്കുന്നു. അതുകൊണ്ട് ഈ മാസത്തിന് കര്‍ക്കടകം എന്ന പേരുണ്ടായി.