ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2016

എന്താണ് മഹാസങ്കല്പം?

എന്താണ് മഹാസങ്കല്പം? അതിന്റെ ശരിയായ അർത്ഥവും സങ്കൽപ്പവുമെന്താണ്?

മഹാസങ്കൽപ്പം

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം .....................

ഈ സങ്കല്പം ചില പൂജകളുടെ സമയത്തും പിതൃതർപ്പണസമയത്തുമൊക്കെ ഹിന്ദുക്കൾ ഓരോരുത്തരും ചൊല്ലുക അല്ലെങ്കിൽ ചൊല്ലിക്കുക പതിവാണ്. എന്നാൽ ഈ സങ്കല്പത്തിന്റെ അർത്ഥമെന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലിതാ....

സങ്കല്പത്തിലെ കാലഗണന

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. (ഇതിൽ ചാക്ഷുക മനുവിന്റെ കാലത്താണ് പ്രഹ്ലാദനും മഹാബലിയും ജീവിച്ചിരുന്നത്)

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

ദേശവർണ്ണന

പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ
ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ
ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.

കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
;ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള

(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).

ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള
ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള
വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള
അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള
കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള
മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള
അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)
അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)
മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)
പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)
ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)
വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)
നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.  അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയുസുള്ള അചിന്ത്യവും അപരിമേയവുമായ  ഈ പ്രപഞ്ചത്തിലെ  ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്രവും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

എല്ലാവർക്കും നന്മവരട്ടെ!

(ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ )

ആരാണ് പരമദേവന്‍? ആരാണ് രാധ?

ആരാണ് പരമദേവന്‍? ആരാണ് രാധ?

ഒരിക്കല്‍ സനകാദി മുനിമാര്‍ ബ്രഹ്മാവിന് അടുത്തെത്തി അദ്ദേഹത്തെ സ്തുതിച്ച ശേഷം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.

ആരാണ് പരമദേവന്‍? ആ പരമദേവന്റെ ശക്തികള്‍ എന്തൊക്കെ ആണ്? ആ ശക്തികളില്‍ ശ്രേഷ്ടമായിരിക്കുന്നതും സൃഷ്ടിക്കു കാരണമായ ഏത് ശക്തിയാണ് കുടി കൊള്ളുന്നത്‌?

അതിനു ബ്രഹ്മാവ്‌ മറുപടി നല്‍കി.

സാക്ഷാല്‍ കൃഷ്ണനാണ് പരമദേവന്‍. ആറ് വിധത്തിലുള്ള ഐശ്വര്യത്താലാണ് അദ്ദേഹം പരിപൂര്‍ണന്‍ ആയിര്‍ക്കുന്നത്. ഗോപികാ ഗോപന്മാര്‍ ആ കൃഷ്ണനെ സേവിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, വൃന്ദാവനത്തിന്റെ നാഥനും അദ്ദേഹമാണ്. ഏകമാത്ര സര്‍വേശ്വരന്‍ ആയ കൃഷ്ണന്‍ എല്ലാ ജഗത്തുക്കളുടെയും നായകനാണ്. പ്രകൃതിക്കുമപ്പുറത്താണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആഹ്ലാദിനിയെന്നും സന്ദിനിയെന്നും ജ്ഞാനെശ്ചയെന്നും ക്രിയയെന്നുമോക്കെയുള്ള അനവധി ശക്തികള്‍ അദ്ദേഹത്തിനെതാണ്. ഇവയില്‍ ആഹ്ലാദിനീ ശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു. രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌. ഗോപികമാരൊക്കെയും കൃഷ്ണന്റെ മഹിഷികളാണ്. ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌. സ്വയംപീഡക്ക് വേണ്ടി കൃഷ്ണന്‍ പല രൂപങ്ങള്‍ സ്വീകരിച്ചു.

രാധ കൃഷ്ണന്റെ പ്രാനപ്രേയസിയാണ്. അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാര്ഷിമാര്‍ക്ക് രാധയെ സമന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം. നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപ്രുതമാണ്. ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമധാമാമാണ്. രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂടന്മാരെന്നു വിളിക്കണം. വേദങ്ങലാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.

രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.

ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്. രാധയും സന്ധിനീശക്തിയും വസതിയും ആഭരണങ്ങളും ശയ്യയും ആസനവുമൊക്കെ മിത്രസേവകാദിലബ്ധിക്കു പ്രയോജനം ചെയ്യുന്നതാണ്. അവിദ്യാരൂപത്തില്‍ ജീവനെ ബന്ധത്തിലാക്കുന്നത് മായയാണ്. ഭഗവാന്റെ ക്രിയാശക്തി തന്നെ ആണ് ലീലാശക്തി. വ്രതഹീനന്‍ ആണെങ്കില്‍ കൂടി ഈ ഉപനിഷത് വായിക്കുന്നുവെങ്കില്‍ അയാള്‍ വ്രതപൂര്‍ണന്‍ ആയിത്തീരുന്നു. മാത്രമല്ല, വായുവിനോടൊപ്പം പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ശുദ്ധനായി ഗണിക്കപ്പെടുന്ന അയാളുടെ ദര്‍ശനം ലഭിക്കുന്നിടമെല്ലാം പരിശുദ്ധമായി തീരുന്നു.

(രാധോപനിഷത്ത്)

എന്താണ് ധർമ്മം?

എന്താണ് ധർമ്മം?

ധരതി വിശ്വം ഇതി ധർമ്മ: സമസ്തപ്രപഞ്ചവും ധരിക്കപ്പെടുന്നത് യാതൊന്നില്ലാണോ, ആ സർവാധാരമായ പരം തത്വമാകുന്നു ധർമ്മം.. ഇത് നിരുക്തി ഉപയോഗിച്ചുള്ള അർത്ഥം. ഇനി ധർമ്മം എന്ന പദത്തിനെ വ്യാവഹാരിക തലത്തിൽ ചിന്തിച്ചാൽ, ഈ പ്രപഞ്ചത്തെ മുഴുവൻ ചേർത്ത് കോർത്ത് നിർത്തുന്ന നിയമവ്യവസ്ഥയെ ധർമ്മം എന്ന് പറയാം.. അല്ലെങ്കിൽ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവ വിശേഷങ്ങളോടും കൂടിയ നമ്മെയൊക്കെ ഒന്നായി ചേർത്തുകോർത്തു നിർത്തുന്നതെന്തോ അത് ധർമ്മം. ഈ പ്രപഞ്ച ഘടകങ്ങളിൽ ഓരോന്നിനും അതതിന്റെതായ സ്വഭാവവിശേഷമുണ്ട്. അഗ്നി, അഗ്നിയായിരിക്കുന്നതിനും ജലം ജലമായിരിക്കുന്നതിനും പിന്നിൽ വർത്തിക്കുന്ന അനിഷേധ്യമായ പ്രപഞ്ച നിയമം ഉണ്ട്. ഈ അധിനിയമത്താൽ ഓരോന്നും അതതതിന്റെ ഭാവത്തിൽ ധരിക്കപ്പെടുന്നു. പ്രപഞ്ചത്തെ മുഴുവൻ നിയതമായി ധരിക്കുന്ന ഈ അധിനിയമത്തെ ധർമ്മം എന്നത് കൊണ്ട് മനസിലാക്കാം.

അണു മുതൽ ബ്രഹ്മാണ്ഡം വരെ സകലഘടകങ്ങളും അത്യദ്ഭുതകരമായ ഒരു നിയമവ്യവസ്ഥയാൽ സുഘടിതമായി നിലനിർത്തപ്പെടുന്നതാണ്. ആണവകണങ്ങളുടെ നിരന്തരമായ ചലനത്താലുണ്ടാവുന്ന അചലഭാവമാണ് ഒരു അണു എന്നത്.അത് പോലെ അതിവേഗതയിൽ അന്വരതം ചരിക്കുന്ന അനേകലക്ഷം ഗ്രഹനക്ഷത്രാദികളുടെ നിരന്തരമായ ചലനത്താലുള്ള അചലഭാവമാണ് ഈ ബ്രഹ്മാണ്ഡം. ഇവിടെയെല്ലാം അത്യദ്ഭുതകരമായ ഒരു വ്യവസ്ഥയാൽ സകലവും നിലനിൽക്കുന്നതയൈ നമുക്ക് മനസിലാക്കന സാധിക്കും ഈ വ്യവസ്ഥ തന്നെയാണ് ധർമ്മം.

അതായത് ഈ ലോകത്തിലെ അംഗങ്ങളെന്ന നിലയിൽ നാമൊക്കെ ജീവിതത്തിൽ ഏത് മൂല്യങ്ങളെ പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേർത്തുകോർത്തു നിർത്തപ്പെടുന്നത്. ആ മൂല്യങ്ങളാകുന്നു ധർമ്മം. ഇങ്ങനെ ജീവിതത്തിൽ മൂല്യങ്ങളെ പാലിക്കുമ്പോൽ നാം ധർമ്മത്തെ രക്ഷിക്കുന്നവരാകുന്നു. ഇപ്രകാരം നമ്മളാൽ രക്ഷിക്കപ്പെടുമ്പോഴാണ് ധർമ്മം നമ്മെയും രക്ഷിക്കുന്നത്. വിപരീതമാണ് നാം ചെയ്യുന്നതെങ്കിൽ, അതായത് ധർമ്മത്തെ രക്ഷിക്കുന്നതിന് പകരം ഹനിക്കുന്നവരാണ് നാമെങ്കിൽ ധർമ്മം നമ്മെയും ഹനിക്കുനു. ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുന്ന ധാർമ്മിക മൂല്യങ്ങളെ പരിപാലിക്കാതിരിക്കുക എന്ന ധർമഹനനം ചെയ്യുന്നത് വഴി അവ നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയെ തടയുന്നവയായി ഭവിക്കുന്നു എന്നർത്ഥം. വാസ്തവത്തിൽ ധർമമല്ല നമ്മെ ഹനിക്കുന്നത്, ധർമത്തെ പാലിക്കായ്ക നിമിത്തം നാം തന്നെയാണ്. അതിനാൽ നിശ്ചയമായും ധർമ്മത്തെ പാലിക്കണം എന്നർത്ഥം. അത് തന്നെയാണ് മനുസ്മ്രിതിയിലെ ഈ പ്രസിദ്ധ വാക്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും.

ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിറ്റ:
തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത്

ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കുന്നു. രക്ഷിക്കപ്പെടുന്ന ധർമ്മം രക്ഷിക്കുന്നു അത് കൊണ്ട് ധർമ്മം ഹനിക്കപ്പെടരുത്. ഹനിക്കപ്പെടുന്ന ധർമ്മം നമ്മെ ഹനിക്കാതിരിക്കട്ടെ)

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു പദം കൂടിയാണ് ധർമം എന്നുള്ളത്. ദാനം ചെയ്യുന്നിനെയോ ഭിക്ഷ കൊടുക്കുന്നതിനെയൊ ഒക്കെയാണ് ധർമ്മം എന്നത് കൊണ്ട് പൊതുവെ നാം ഉദ്ദേശിക്കുന്നത്. ഓർമ്മിക്കുക, എന്ത് വേണമെങ്കിലും, നമ്മെത്തന്നെ വേണമെങ്കിലും നമുക്ക് മറ്റുള്ളവർക്ക് ദാനമായി കൊടുക്കാം, എന്നാൽ ഒരിക്കലും കൈവരിക്കാൻ പാടില്ലാത്തതായി, കൊടുക്കാൻ പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ധർമമാണ്. ഒരിക്കലും കൈ വിടരുതാത്ത ശാശ്വതമൂല്യങ്ങളാണ് ധർമശബ്ദത്തിന്റെ അർത്ഥമായി വരുന്നത്.

ഇപ്രകാരം ജഗത്തിന്റെ നിലനിൽപ്പിനും വ്യക്തികളുടെ അഭ്യുദയനി:ശ്രേയസങ്ങൾക്കും ഹേതുവാകുന്നത് ഏതാണോ അതാണ് ധർമ്മം എന്ന് ചുരുക്കി പറയാം.

ഒരുമിച്ചു ചേരുക

സംഗച്ചധ്വം സംവദധ്വം സംവോ മനാംസി ജാനതാം
ദേവാഭാഗം യദാപൂര്‍വേ സംഞാനാനാമുപാസതെ ..............
ഓം ..ശാന്തി ..ശാന്തി ..ശാന്തി : (ഋഗ്വേദം)

ഒരുമിച്ചു ചേരുക!
തമ്മില്‍‍ സംസാരിക്കുക!
മാനസികമായി ഒന്നിക്കുക!
ദേവന്മാര്‍ ഒന്നിക്കുന്നത് പോലെ സത്കര്‍മങ്ങളില്‍ ഒത്തു ചേരുക!
നമ്മുടെ ലക്‌ഷ്യം ഒന്നാകട്ടെ!
നമ്മുടെ മനസും ഒന്ന് ചേരട്ടെ!
ഒരേ പുണ്യ ലക്‌ഷ്യം നമുക്കുണ്ടായിരിക്കട്ടെ !
ഒന്നായി നമ്മള്‍ ചെയ്യുന്ന പ്രാര്‍ത്ഥനാ കര്‍മ്മം യജ്ഞമായി തീരട്ടെ!
നമ്മുടെ ഹൃദയവും ശരീരവും ഒന്നായ ലക്ഷ്യപ്രാപ്തിക്കായി തീരട്ടെ".

നാം ഏത് മത/ജാതി/ഇസക്കാര്‍ ആയിക്കൊള്ളട്ടെ, ഈ ഋഗ്വേദ മന്ത്രാര്‍ത്തം മനസിലുറപ്പിച്ചു കൊണ്ട് നമുക്കെല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം. ഈ രാഷ്ട്രത്തിനു പല കുറവുകളും ഉണ്ടായിരിക്കാം, ഒരു പക്ഷെ മറ്റുള്ള ഒരു പൈതൃകത്തിന്റെയും ഒപ്പം നില്‍ക്കുന്നതുമല്ലായിരിക്കാം ഈ രാഷ്ട്രത്തിന്റെ പൈതൃകം, എങ്കിലും എന്റെ രാഷ്ട്രം എന്റെ അഭിമാനമാണ്, മനസാ വാചാ കര്‍മണാ എന്റെ രാഷ്ട്രത്തെ അധിക്ഷേപിക്കുന്നതും ഇകഴ്തുന്നതുമായ യാതൊരു പ്രവര്‍ത്തിയും ഞാൻ ചെയ്യില്ല, ലോകത്തിന്റെ ഏത് കോണിലായാലും ശരി ഈ പവിത്ര മാതൃഭൂമിയുടെ വീരസന്താനങ്ങളായി അഭിമാനത്തോടെ ഞാൻ ജീവിക്കും. അതിനെന്റെ ജാതി/മത/ഇസങ്ങള്‍ അതിനെ ബാധിക്കുകയില്ല എന്ന് നമുക്കോരോരുത്തര്‍ക്കും  പ്രതിജ്ഞയെടുക്കാം.

അങ്ങനെ ഒരു ഉത്തമരാഷ്ട്രമായി നമ്മുടെ മാതൃരാജ്യത്തേയും ഉത്തമ പൗരന്മാരായി നമ്മളെയും നമുക്ക് മാറ്റിയെടുക്കാൻ സാധിക്കട്ടെ. ഭാരതം ലോകഗുരുവായി, സർവരാജ്യങ്ങൾക്കും മാതൃകയായി വീണ്ടും ഉയർത്തെഴുന്നേൽക്കട്ടെ!

നമസ്‌തേ സദാവത്സലേ മാതൃഭൂമേ !

ഉപനിഷത്ത് മന്ത്ര ഭാഗങ്ങൾ എടുത്തു കാട്ടി നടത്തുന്ന വ്യാഖ്യാന കസർത്ത്

"ന തസ്യ പ്രതിമാ അസ്തി", "യസ്മാത്പരം നാപരമസ്തികിഞ്ചി" എന്നിങ്ങനെ ഒക്കെയുള്ള വേദ/ ഉപനിഷത്ത് മന്ത്ര ഭാഗങ്ങൾ എടുത്തു കാട്ടി നടത്തുന്ന വ്യാഖ്യാന കസർത്തിലും തെറ്റായ പ്രചരണത്തിലും കിടന്നു നട്ടം തിരിതിരിയുന്ന ഹിന്ദുക്കൾക്കായി ഈ ചെറു കുറിപ്പ് സമർപ്പിക്കുന്നു .(ഓരോരോ ആരോപണങ്ങളെ മുൻ നിർത്തി ചിന്തിക്കുന്നതാണ് ഉത്തമമെന്നു തോന്നുന്നു).

"നാ തസ്യ പ്രതിമാ അസ്തി" അവനെ മറ്റൊരാളോടും ഉപമിക്കാൻ സാധിക്കില്ല,"യസ്മാത്പരം നാപരമസ്തികിഞ്ചി" (ആ പരമാത്മാവിനെക്കാൾ പരമായി മറ്റൊന്നുമില്ല) എന്നൊക്കെ വേദ ഗ്രന്ഥങ്ങൾ പറയുമ്പോൾ എങ്ങനെ നിരവധി ദേവന്മാർ ഉണ്ടായി, ഹിന്ദുക്കൾക്ക്? അങ്ങനെ അനവധി ദേവന്മാരെ പൂജിക്കുന്നത് സത്യത്തിൽ തെറ്റല്ലേ? മാത്രമല്ല, അനേക ദേവതാ സങ്കല്പത്തെ കുറിച്ച് ഒരു ഹൈന്ദവ ഗ്രന്ഥങ്ങളിലും ഒരു വിധത്തിലുള്ള പരാമർശങ്ങളുമില്ല .. /

മുകളിലെ വിമർശിത ശ്ലോകത്തിൽ ശരിക്കും എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കിയിട്ട് ബാക്കി വിശദീകരിക്കാം എന്ന് തൊന്നുന്നു..

യസ്മാത്പരം നാപരമസ്തികിഞ്ചി
ദ്യസ്മാന്നാണീയോ ന ജ്യായോസ്തി കശ്ചിദ്
വൃക്ഷ ഇവ സ്ഥബ്ധോ ദിവി തിഷ്ടത്യേക
സ്തെനേദം പൂർണ്ണം പുരുഷേണ സർവ്വം :

ആ പരമാത്മാവിനെക്കാൾ പരമായി മറ്റൊന്നില്ല . അവനെക്കാൾ അണുവായോ അഥവാ വിഭുവായോ (മുമ്പ് ജനിച്ചവനായോ) മറ്റാരുമില്ല . അവൻ തന്നെയാണ് പ്രകാശമാനമായ ആകാശത്തിൽ മറ്റൊന്നിനെയും ആശ്രയിക്കാതെ വൃക്ഷത്തെ പോലെ നിശ്ചലനായി സ്ഥിതി ചെയ്യുന്നത് . ആ പുരുഷനാൽ ജഗത്ത് മുഴുവൻ പൂർണ്ണമായിരിക്കുന്നു. (ശ്വേതാശ്വേതരോപനിഷദ്)

ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ :

അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു . അവനെ മറ്റൊരാളോടും ഉപമിക്കാൻ കഴിയുകയില്ല (ശുക്ല യജുർവേദം)

ഋഗ്വേദ കാലം മുതൽ തന്നെ വിവിധ രീതിയിൽ ഉള്ള ഈശ്വര സങ്കല്പവും ആരാധനയും ഉണ്ടായിരുന്നെന്ന് ഗ്രന്ഥങ്ങൾ മനസിരുത്തി വായിക്കുന്ന ഏതൊരാൾക്കും മനസിലാകാവുന്നതെയുള്ളൂ. കാരണം ഋഗ്വേദം മുതലുള്ള വിവിധ ഗ്രന്ഥങ്ങളിൽ വിവിധ രൂപത്തിലുള്ള ഈശ്വര സങ്കല്പങ്ങളെ കുറിച്ചും എന്ത് കൊണ്ട് അങ്ങനെ ആരാധിക്കുന്നു എന്നും പറയുന്നുണ്ട്.

ഋഗ്വേദം പറയുന്നു ....

ഇന്ദ്രം മിത്രം വരുണമഗ്നിമാഹു
രഥോ ദിവ്യസ സുപർണ്ണോ ഗരുത്മാൻ
ഏകം സത് വിപ്രാ ബഹുധാ വദന്ത്യ
ഗ്നിം യമം മാതരി ശ്വാനമാഹു :

ഇന്ദ്രനും മിത്രനും വരുണനും അഗ്നിയും ഗരുഡനുമായി പറയുന്നത് ഒരേ മൂലതത്വത്തെ തന്നെയാണ് . ആ ഒരേ സദ്വസ്തുവിനെ തന്നെ വിദ്വാന്മാർ അഗ്നിയെന്നും യമനെന്നും മാതരിശ്വാവ് (വായു) എന്നും പറയുന്നു.

ഋഗ്വേദം വീണ്ടും പറയുന്നു ....

സുപർണ്ണം വിപ്രാ കവയോ വചോഭി
രേകം സന്തം ബഹുധാ കല്പയന്തി

സർവ്വ വ്യാപകമായി ആ സദ്‌ വസ്തുവിനെ തന്നെ വിദ്വാന്മാരായ കവികൾ വാക്കുകളെ കൊണ്ട് അനേക രൂപങ്ങളിൽ സങ്കല്പിക്കുന്നു .

ഐതരേയ ബ്രാഹ്മണം പറയുന്നു ..

അഗ്നെർവ്വാ ഏതാസ്സർവ്വാ
സ്തത്ത: യദേതാ ദേവതാ:

ഈ ദേവതകൾ എല്ലാം അഗ്നിയുടെ (ബ്രഹ്മത്തിന്റെ) തന്നെ ആകാരഭേദങ്ങളാണ്

കഠോപനിഷത്തിൽ ഇങ്ങനെയും

ഏകസ്തഥാ സർവ്വ ഭൂതാന്തരാത്മാ
രൂപം രൂപം ബഹുരൂപം ബഹിശ്ച:

സർവ്വഭൂതങ്ങളുടെയും അന്തരാത്മാവായ പരമേശ്വരൻ, ഏകനാണെങ്കിലും വിഭിന്ന ദേഹങ്ങളിൽ പ്രവേശിച്ച് അതാതിന്റെ രൂപം ധരിക്കുന്നു

ബ്രുഹദാരണ്യകോപനിഷദ് ഇങ്ങനെയും പറയുന്നു

ഇന്ദ്രാ മായാഭി: പുരുരൂപ ഈയതേ :

ഈശ്വരൻ മായാവൈഭാവത്താൽ അനേകം രൂപങ്ങളിൽ കാണപ്പെടുന്നു

എന്നാൽ ഇങ്ങനെ ഒക്കെ പറയുമ്പോഴും കഠോപനിഷത്ത് ഓർമിപ്പിക്കുന്നു ..

ഏകോവശീ സർവ്വ ഭൂതാന്തരാത്മ
ഏകം രൂപം ബഹുധാ യ: കരോതി:
തമാത്മസ്ഥം യേ/നുപശ്യന്തി ധീരാ:
തേഷാം സുഖം ശാശ്വതം നേതരേഷാം:

എല്ലാ ദേഹധാരികളിലും ആത്മസ്വരൂപത്തിൽ നിവസിക്കുന്ന പരമാത്മാവ് ഏകരൂപനെങ്കിലും അനേകം രൂപം ധരിക്കുന്നു . തന്റെ ഉള്ളിൽ വസിക്കുന്ന ആ പരബ്രഹ്മത്തെ നിരന്തരം ദർശിച്ച് കൊണ്ടിരിക്കുന്ന ജ്ഞാനികൾക്ക്‌ മാത്രമേ ശാശ്വത സുഖം ലഭിക്കുന്നുള്ളൂ . അന്യര്ക്ക് ലഭിക്കുന്നില്ല

ഇങ്ങനെ ഒക്കെ വിവിധ രൂപത്തിൽ ആരാധിക്കുന്നതിനെ കുറിച്ച് പറയുമ്പോഴും സാധകന്റെ ലക്‌ഷ്യം ഒന്നിലേക്കെത്തുക എന്നുള്ളതായിരിക്കണമെന്നും സാധകനെ ഓർമിപ്പിക്കുന്നു ഗ്രന്ഥങ്ങൾ .

അനിശ്ചിതാ യഥാ രജ്ജു രന്ധകാരെ വികല്പിതാ
സർപ്പധാരാദിദിർഭാവൈസ്തദ്വദാത്മാ വികല്പിതാ:

സ്വസ്വരൂപത്തിൽ അനിശ്ചിതമായ രജ്ജു (കയർ) ഇരുട്ടില സർപ്പം, ജലധാര, ദണ്ഡ് എന്നെല്ലാം സങ്കല്പിക്കപ്പെടുന്നത് പോലെ മനുഷ്യാത്മാവിലും പല തരത്തിലുള്ള സങ്കല്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു

നിശ്ചിതായാം തഥാ രജ്ജ്വാം വികല്പോ വിനിവർത്തതെ
രാജ്ജുരെവേതിചാദ്വൈതം തദ്വദ്വാത്മാ വിനിശ്ചയ :

കയറാണെന്ന് നിശ്ചയം വരുമ്പോൾ അതിൽ ആരോപിക്കുന്ന സങ്കല്പങ്ങൾ നശിക്കുന്നു . കയറ് തന്നെയാണെന്ന് ബോധം ഉണ്ടാകുന്നത് പോലെ തന്നെയാണ് ആത്മാവും അദ്വൈതമാനെന്ന ബോധം ഉണ്ടാകുന്നത് . (ഗൌഡ പാദകാരിക)

അങ്ങനെ വിവിധ രൂപത്തിൽ ഉള്ള സങ്കല്പങ്ങളെ ആരാധിച്ചു കൊണ്ട് "നേഹ നാനാസ്തി കിഞ്ചന" ഈ ബ്രഹ്മത്തിൽ അല്പം പോലും നാനാത്വം ഇല്ല എന്ന സങ്കല്പത്തിലെക്കും അറിവിലേക്കും എത്തണം സാധകൻ . അതാണ് ഹൈന്ദവ ചിന്താധാര. ഈ തത്വങ്ങളും വിശദീകരണങ്ങളും അറിയാത്തവർ ആണ് ഹിന്ദു വേദ വിരുദ്ധമായി ഈശ്വര പൂജ നടത്തുന്നവർ ആണെന്ന് ആരോപിക്കുന്നതും, സത്യാവസ്ഥ അറിയാൻ ശ്രമിക്കാത്ത ഹിന്ദു നട്ടം തിരിയുന്നതും .

അടുത്ത ഒരു ആരോപണം വേദങ്ങളിൽ ഒരിടത്തും വിഷ്ണുവിനെ കുറിച്ചോ ശിവനെ കുറിച്ചോ യാതൊരു പരാമർശവും ഇല്ലെന്നും അതെല്ലാം പിന്നീട് ഉണ്ടായതാണെന്നുമാണ്‌ .

ഋഗ്വേദം 1.22.17 അഥർവ വേദം 7.3.26.4 എന്നിവയിൽ വിഷ്ണുവിനെ കുറിച്ച് ഇങ്ങനെ പറയുന്നു ...

ഇദം വിഷ്ണുർ വിചക്രമേ ത്രേധാ നിദധേ പദം
സ മൂഢമസ്യ പാംസുരെ:

വിഷ്ണു ജഗത്ത് മുഴുവൻ ഒരു പ്രത്യേക തരത്തിൽ പാദം വച്ച് ക്രമണം ചെയ്തു. അവിടുത്തെ പാംസുലമായ പാദസ്ഥാനത്താണ് ഈ വിശ്വം മുഴുവൻ അന്തർഭൂതമായിരിക്കുന്നത്

അസ്യജാനന്തോ നാമ ചിദ്വിവക്തന
മഹസ്തെ വിഷ്ണോ സുമതിം ഭജാമഹേ :

വിഷ്ണുവിന്റെ മഹത്വത്തെ അറിഞ്ഞു അവിടുത്തെ സുമതിയെ ഞങ്ങൾ ഭജിക്കുന്നു .

നമസ്തേ രുദ്രമന്യവേ : എന്ന് തുടങ്ങിയ മന്ത്രത്തിൽ കൂടി രുദ്രനെയും (ശിവനെയും) സ്തുതിക്കുന്നു വേദം.

മാത്രമല്ല, ഗായത്രി, ശംന: സൂക്തം, സ്വസ്തി സൂക്തം, ദേവീ സൂക്തം, പവമാന മന്ത്രങ്ങൾ, രുദ്ര സൂക്തം, വിഷ്ണു സൂക്തം എന്നിവയും ഋഗ്വേദത്തിൽ അടങ്ങിയിട്ടുണ്ട് .

വിഗ്രഹാരാധന ഋഷിപ്രോക്തമല്ലെന്നാണ് വേറെ ചില ആരോപണങ്ങൾ. ഭഗവത് ഗീത പറയുന്നു ..

ക്ലേശോ / ധികരസ്തെഷാം അവ്യക്താസക്ത ചേതസാം
അവ്യക്താ ഹി ഗതിർ ദുഃഖം ദേഹവദ്ഭിരവാപൃതേ :

അവ്യക്തത്തെ (നിർഗ്ഗുണ ബ്രഹ്മത്തെ) ഉപാസിക്കുന്നത് വളരെ ക്രേശകരമാണ് (ഭഗവത് ഗീത)

ഏതൊരു ഭക്തനും ശ്രീകോവിലിൽ ഇരിക്കുന്ന വ്യക്തമായ വിഗ്രഹത്തെ അല്ല ആരാധിക്കുന്നത് മറിച്ച് അതിനുള്ളിലെ അവ്യക്തമായ ചൈതന്യത്തെയാണ് എന്നുള്ളതാണ് വിഗ്രഹാരാധനാ സങ്കൽപം തന്നെ. കാരണം, ഗീതയിൽ പറഞ്ഞിരിക്കുന്നത് പോലെ അവ്യക്തമായ പരബ്രഹ്മത്തെ ഉപാസിക്കുക എന്നുള്ളത് സാധാരണ ഭക്തനെ അപേക്ഷിച്ച് ക്ലേശകരവും അതിനാൽ തന്നെ അപ്രാപ്യവുമായത് കൊണ്ടാണ് വിഗ്രഹത്തെ ആശ്രയിക്കുന്നത് . കാല ക്രമേണ സാധകൻ വ്യക്തമായ വിഗ്രഹത്തെ ഉപേക്ഷിച്ചു അവ്യക്തമായ പരബ്രഹ്മത്തെ തിരിച്ചറിയുകയും വിഗ്രഹാരാധന ഉപേക്ഷിക്കുകയും ചെയ്യും അല്ലെങ്കിൽ ചെയ്യണം എന്നുള്ളതാണ് വിഗ്രഹാരാധനയുടെ തത്വവും. രാമായണത്തിൽ ശ്രീരാമൻ രാമേശ്വരത്തു വച്ച് ശിവലിംഗ പൂജ നടത്തുന്നതിനെ കുറിച്ച് വർണ്ണിക്കുന്ന ഭാഗം കൊണ്ട് മനസിലാകും രാമായണ കാലത്തും വിഗ്രഹാരാധന ഉണ്ടായിരുന്നു എന്ന് .

ഭാഗവതത്തിലാണെങ്കിൽ പല വിധത്തിലുള്ള വിഗ്രഹങ്ങളെ കുറിച്ചും പരാമർശമുണ്ട് .

പൂജാം തൈ: കല്പയേത് സമ്യക് സങ്കല്പ: കർമ്മപാവനിം
ശൈലീ ദാരുമയീ ലൌഹീലെപ്യാ ലേഖ്യാച സൈകതീ
മനോമയീ മണിമയീ പ്രതിമാഷ്ടാ വിധാ സ്മൃതാ:

കർമ്മങ്ങളെ പവിത്രീകരിക്കുന്ന പൂജയെ വിധിപൂർവ്വകം സങ്കൽപ്പിച്ചു ചെയ്യണം . അതിനു എട്ടു തരം വിഗ്രഹങ്ങള ഉപയോഗിക്കാവുന്നതാണ്. ശില കൊണ്ടുള്ളതോ തടി കൊണ്ടുള്ളതോ ലോഹം കൊണ്ടുള്ളതോ മണ്ണ് കൊണ്ടുള്ളതോ ചിത്ര രൂപത്തിലുള്ളതോ മണൽ കൊണ്ടുള്ളതോ മനോമയിയോ രത്നമയിയോ ആയ വിഗ്രഹം ഉപയോഗിക്കാവുന്നതാണ് (ഭാഗവതം)

മുകളിൽ വിവരിച്ചിട്ടുള്ള "ഏതാനും" വിശദീകരണങ്ങളിൽ നിന്ന് തന്നെ മനസിലാകും വിവിധ രീതിയിൽ ഉള്ള ദേവതാ സങ്കൽപം, വിഗ്രഹാരാധന എന്നിവയൊക്കെ വേദകാലം മുതലേ സനാതന ധർമത്തിൽ ഉണ്ടായിരുന്നു എന്നും മറിച്ചുള്ള ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും. പക്ഷെ എന്ത് ചെയ്യാം അഹിന്ദുക്കളുടേയും ഹിന്ദു വിരോധികളുടെയും നുണ പ്രചാരണങ്ങൾ കേട്ട് ദുഖിക്കാനെ ഹിന്ദുവിന് യോഗമുള്ളൂ. ഇതിനൊക്കെ ഒറ്റ പ്രതിവിധിയെ ഉള്ളൂ താനും .. ഹിന്ദുക്കൾ സ്വയം ഹിന്ദു മത ഗ്രന്ഥങ്ങൾ വായിക്കാനും അറിയാനും തുടങ്ങുക .. അതുണ്ടാവാത്ത കാലത്തോളം ഇത്തരം ദുഷ്പ്രചാരണങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞു ദുഖിച്ച്‌ കാലക്ഷേപം കഴിക്കേണ്ടി വരും ഹിന്ദുക്കൾ എന്നത് ഓർത്താൽ ഹിന്ദുക്കൾക്ക് തന്നെ കൊള്ളാം എന്ന് കൂടി ഓർമ്മിപ്പിച്ചു കൊണ്ട് ....