ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 40

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 40

ധനോല്‍ടി

ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മസ്സൂരി പട്ടണവുമായുള്ള ഇതിന്‍റെ സാമീപ്യമാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്നത്. ഹിമാലയത്തിന്‍റെ താഴെ ചെരുവിലെ ഡൂണ്‍ താഴ്വരയുടെ മനോഹരമായ കാഴ്ച, സമുദ്രനിരപ്പില്‍ നിന്ന് 2286 മീറ്റര്‍ ഉയരത്തിലുള്ള ധനോല്‍ടിയില്‍ നിന്ന് ഒരു അഭൌമ തലത്തില്‍ നിന്നെന്ന പോലെ നോക്കിക്കാണാം.

ഇടതൂര്‍ന്ന് നില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന എക്കോ പാര്‍ക്കാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സന്ദര്‍ശകര്‍ക്ക് താമസ സൌകര്യത്തിനായി ഒട്ടനവധി എക്കോ കുടീരങ്ങള്‍ മസ്സൂരിയിലെ വനം വകുപ്പ് അധികൃതര്‍ ഈ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ആലൂ കേത് എന്നറിയപ്പെടുന്ന ഇവിടത്തെ ഉരുളക്കിഴങ്ങ് പാടങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

കാഴ്ചകളേറെയുണ്ട് ധനോല്‍ടിയില്‍. ദശാവതാര ക്ഷേത്രം, ന്യൂ ടെഹരി ടൌണ്‍ഷിപ്, ബാരെഹി പാനി-ജൊറുസെ വെള്ളച്ചാട്ടങ്ങള്‍, ദേവഘര്‍ കോട്ട, മതാതില ഡാം എന്നീ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സമീപപ്രദേശങ്ങളിലായി സഞ്ചാരികളെ കാത്ത് നിലകൊള്ളുന്നുണ്ട്. കൂടാതെ താങ്ധര്‍ ക്യാന്പില്‍ ട്രെക്കിംങ്, ഹൈക്കിംങ്, പര്‍വ്വതാരോഹണം, നദിമുറിച്ചുകടക്കല്‍ പോലുള്ള സാഹസിക വിനോദങ്ങള്‍ക്ക് അവസരവുമുണ്ട്. എല്ലാ അടിസ്ഥാന സൌകര്യങ്ങളോടും കൂടിയാണ് ഈ ക്യാന്പ് ഒരുക്കിയിരിക്കുന്നത്.

വിമാനമാര്‍ഗ്ഗവും റോഡ്, ട്രെയിനുകള്‍ മുഖേനയും അനായാസം ധനോല്‍ടിയില്‍ എത്തിച്ചേരാം. ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഡെറാഡൂണിലെയും റിഷികേശിലെയും റെയില്‍വേ സ്റ്റേഷനുകള്‍ ധനോല്‍ടിയിലേക്കുള്ള തീവണ്ടി യാത്രികര്‍ക്ക് സൌകര്യം പോലെ ആശ്രയിക്കാം. ഇനി ബസ്സ് യാത്രയില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് സമീപ ദേശങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധനോല്‍ടിയിലേക്ക് സുലഭമായി ബസ്സുകള്‍ ലഭിക്കും. ധനോല്‍ടിയിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവര്‍ അതിനായി വേനല്‍കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഈ കാലങ്ങളില്‍ അന്തരീക്ഷം പൊതുവെ പ്രസന്നവും സുഖദായകവുമായിരിക്കും.

പ്രധാന പാതയായ മസ്സൂരി – ചംബ റോഡില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഉത്തര്‍ഖണ്ഡിലെ പ്രമുഖ നഗരങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവയുമായി ധനോല്‍ടിക്ക് സുനിശ്ചിതമായ യാത്രാവീഥികളുണ്ട്. ഡല്‍ഹി, ഛണ്ഡീഗര്‍ എന്നീ നഗരങ്ങളില്‍ നിന്ന് മസ്സൂരിയിലേക്ക് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും തുടര്‍ച്ചയായി സര്‍വ്വീസ് നടത്തുന്നുമുണ്ട്

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 39

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 39

കുമയോൺ

ഉത്തരാഖണ്ഡിന്റെ ഭരണവിഭാഗമാണ്‌ കുമയോണ്‍. ചമ്പാവത്ത്‌, നൈനിറ്റാള്‍, അല്‍മോറ, ബാഗേശ്വര്‍, പിതോരഗഢ്‌, ഉധം സിങ്‌ നഗര്‍ എന്നീ ജില്ലകളാണ്‌ കുമയോണിന്റെ ഭരണത്തിന്‍ കീഴില്‍ വരുന്ന ജില്ലകള്‍. വടക്ക്‌ തിബത്ത്‌, തെക്ക്‌ ഉത്തര്‍പ്രദേശ്‌, കിഴക്ക്‌ നേപ്പാള്‍, പടിഞ്ഞാറ്‌ ഗര്‍ഹ്വാള്‍ എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്ന പ്രദേശമാണിത്‌. കുമയോണിയാണ്‌ ഇവിടുത്തെ പ്രാദേശിക ഭാഷ. നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി, മുക്തേശ്വര്‍, പിതോരാഗഢ്‌, രുദ്രപ്രയാഗ്‌, റാണിഖേത്‌ എന്നിവയാണ്‌ സമീപത്തുള്ള പ്രധാന നഗരങ്ങള്‍.

കൂര്‍മാവതാരം എന്നര്‍ത്ഥം വരുന്ന കൂര്‍മാചല്‍ എന്ന വാക്കില്‍ നിന്നുമാണ്‌ കുമയോണ്‍ എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിക്കുന്നത്‌. വിഷ്‌ണു ഭഗവാന്‍ ആമയുടെ രൂപമെടുത്തതാണ്‌ കൂര്‍മാവതാരം. ഇന്ത്യന്‍ കരസേനയുടെ കുമയോണ്‍ റെജിമെന്റിന്റെ ആസ്ഥാനം എന്ന നിലയിലും ഈ സ്ഥലം പ്രശസ്‌തമാണ്‌. നന്ദ ദേവി മേള, ചെയ്‌തി മേള, ഹില്‍ജത്ര, ബഗ്വാള്‍, ഉത്തരായനി മേള ,കന്ദാലി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

കുമയോണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മനോഹരമായൊരു മലയാണ്‌ അബോട്ട്‌ മല. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പണികഴിപ്പിച്ച 13 കോട്ടേജുകള്‍ ഇവിടെയുണ്ട്‌. മഞ്ഞ്‌ മൂടിയ മലനിരകള്‍ക്കും ഓക്ക്‌ ,ദേവദാരു മരങ്ങള്‍ക്കും ഇടയിലായാണ്‌ ജോണ്‍ ഹരോള്‍ഡ്‌ അബോട്ടിന്റെ ബംഗ്ലാവ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ സമുദ്ര നിരപ്പില്‍ നിന്നും 6191 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓം അഥവ ആദികൈലാസ്‌ പര്‍വ്വതവും ഇവിടെ നിന്നും കാണാം.

ബാബ കൈലാസം, ജോങ്‌ലിങ്കോങ്‌ കൊടുമുടി, ചെറിയ കൈലാസം എന്നീ പേരുകളിലും ഈ മലനിരകള്‍ അറിയപ്പെടുന്നുണ്ട്‌. ഈ കൊടുമുടിയില്‍ ഓം ആകൃതിയില്‍ മഞ്ഞ്‌ രൂപപ്പെട്ടിരിക്കുന്നത്‌ കാണപ്പെടുന്നു എന്നതാണ്‌ പ്രധാന ആകര്‍ഷണം. തിബത്തിലെ കൈലാസ പര്‍വതത്തിന്‌ സമാനമാണിവിടം.

മിലാം ഹിമാനി കുമയോണിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഈ ഹിമാനി സമുദ്രനിരപ്പില്‍ നിന്നും 5,500 - 3,870 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 37 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ ഹിമാനിയാണ്‌ കുമയോണ്‍ മേഖലയിലെ ഏറ്റവും വലിയ ഹിമാനി. ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌. വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയിലൂടെയാണ്‌ ട്രക്കിങ്‌ പാത കടന്നു പോകുന്നത്‌. മനോഹരമായ കാഴ്‌ചകളാണ്‌ ഈ ട്രക്കിങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. ബഗേശ്വറിലെ നന്ദകോട്ട്‌, നന്ദദേവി കൊടുമുടികള്‍ക്കിടയിലാണ്‌ മിലാം സ്ഥിതി ചെയ്യുന്നത്‌. പിന്ദാരി നദി ഉത്ഭവിച്ച്‌ തെക്കോട്ട്‌ ഒഴുകുന്നത്‌ ഇവിടെ നിന്നാണ്‌.

മുന്‍സിയാരിയാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്താലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ത്രിശൂല്‍, നന്ദദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹര ദൃശ്യം കാട്ടിത്തരും. പൈന്‍ , ദേവതാരു മരങ്ങളും ഈ സ്ഥലത്തിന്റെ മനോഹരാത കൂട്ടുന്നു. വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ സന്ദര്‍ശകര്‍ക്കിവിടെ കാണാന്‍ കഴിയും. നന്ദ ദേവി കൊടുമുടി, റലാം, മിലാം , നാമിക്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌.കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌കീയിങ്‌ പോലെ മഞ്ഞില്‍ ചെയ്യാവുന്ന നിരവധി കായിക വിനോദങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്‌. പിന്‍ഡാര്‍ താഴ്‌വരയുടെ പടിഞ്ഞാറായുള്ള സുന്ദെര്‍ധൂങ്ക സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്‌. ഇവിടെ മത്‌കോതി, സുഖ്രം എന്നിങ്ങനെ രണ്ട്‌ ഹിമാനികള്‍ സന്ദര്‍ശകര്‍ക്ക്‌ കാണാം. മനോഹരമായ കല്ലുകളുടെ താഴ്‌ വര എന്നാണ്‌ സുന്ദര്‍ധൂങ്ക എന്ന വാക്കിന്റെ അര്‍ത്ഥം.

എങ്ങനെ എത്തിച്ചേരാം

പാന്ത്‌നഗറിലെ വിമാനത്താവളമാണ്‌ കുമയോണിന്‌ ഏറ്റവും അടുത്തുള്ളത്‌. കത്‌ഗോധാം ആണ്‌ സമീപത്തായുള്ള റെയില്‍വെസ്റ്റേഷന്‍. ലക്‌നൗ, ഹൗറ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. റോഡ്‌ മാര്‍ഗം പോകാനാഗ്രഹിക്കുന്നവര്‍ക്കായി ഉത്തരാഖണ്ഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്നും കുമയോണിലേക്ക്‌ ബസ്‌ സര്‍വീസുകളും ഉണ്ട്‌.

കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ കുമയോണിലേത്‌. ശൈത്യകാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. വര്‍ഷകലാത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കുടയും മറ്റും കരുതുന്നതാണ്‌ ഉചിതം.





ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 38

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 38

കല്‍സി

ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. യമുന ടോണ്‍സ് പുഴകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജൗന്‍സാര്‍ ബവാര്‍ ഗോത്രവര്‍ഗ മേഖലയിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്ന സ്ഥലമാണ് കല്‍സി. പുരാതന സ്മാരകങ്ങളാലും പിക്നിക് കേന്ദ്രങ്ങളാലും സാഹസിക വിനോദങ്ങളാലും പ്രശസ്തമത്രേ കല്‍സി.

ഇന്ത്യന്‍ ഐതിഹാസിക ചരിത്രത്തിലെ പ്രധാനമായ അശോകന്റെ ശിലാശാസനങ്ങളും കല്‍സിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ബിസി 253ല്‍ മൗര്യരാജാവായ അശോക ചക്രവര്‍ത്തി പാറയില്‍ കൊത്തിവച്ച പതിനാലാമത് ശിലാശാസനമാണ് ഇവിടെയുള്ളത്. പ്രക്രതി ഭാഷയില്‍ ബ്രാഹ്മിലിപിയിലെ ഈ ശാസനങ്ങള്‍ പ്രധാനമായും രാജാവിന്റെ പരിഷ്കാരങ്ങളും ഉപദേശങ്ങളും അടങ്ങയതാണ്. പത്തടി ഉയരത്തിലും എട്ടടി വീതിയിലുമാണ് ഈ ശിലാശാസനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

അപൂര്‍വ ദേശാടന പക്ഷികളുടെ വിശ്രമകേന്ദ്രം എന്നറിയപ്പെടുന്ന ആസാന്‍ ബാറേജിലും സഞ്ചാരികള്‍ക്ക് കാണാന്‍ നിരവധിയുണ്ട്. ഇന്‍റര്‍ നാഷണല്‍ യൂനിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (IUCN) ഇറക്കിയ റെഡ് ഡാറ്റാ ബുക്കില്‍ അപൂര്‍വ ഇനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികള്‍ ഇവിടെയത്തൊറുണ്ട്.

കളഹംസം, ചുവന്ന മകുടമുള്ള പോച്ചാര്‍ഡുകള്‍, ചുവന്ന താറാവ്, നീര്‍ക്കോഴി, നീര്‍ക്കാക്ക, വെള്ളക്കൊക്ക്, വാലാട്ടിപക്ഷി, തടാകകൊക്ക്, മീന്‍പിടിത്തക്കാരന്‍ പല്ലാസ് പരുന്ത്, മാര്‍ഷ് ഹാര്യേഴ്സ്, പുള്ളി പരുന്ത്, മീന്‍കൊത്തിപ്പക്ഷി, പുല്‍പരപ്പ് പരുന്ത് എന്നിങ്ങനെയുള്ള അപൂര്‍വയിനം പക്ഷികളാല്‍ സമ്പന്നമായ ഇവിടെ പക്ഷിനിരീക്ഷകര്‍ക്ക് ചാകരയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലും പതിനൊന്നോളം ദേശാടനപക്ഷികള്‍ ഉള്‍പ്പടെയുള്ള 90 ശതമാനം ജലപക്ഷികളെയും കാണാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

കല്‍സിയയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് വികാസ് നഗര്‍. ചെറുവള്ളത്തിലെ സവാരി, ബോട്ടിങ്, വാട്ടര്‍ സ്കീയിങ്, കപ്പല്‍യാത്ര, ഹവര്‍ക്രാഫ്റ്റ് എന്നിവക്ക് അവസരമൊരുക്കുന്ന ദാക് പഥാര്‍ ആണ് മറ്റൊരു മനോഹരമായ പിക്നിക് കേന്ദ്രം. യമുനാനദിയിലെ മാലിന്യരഹിതമായ ജലത്തിലൂടെ കെട്ടുവള്ള സഞ്ചാരവും ഇവിടെ ആസ്വദിക്കാന്‍ അവസരമുണ്ട്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലും സ്വകാര്യ റിസോര്‍ട്ടുകള്‍ ഇവിടെ മീന്‍പിടിത്തത്തിനും അവസരമൊരുക്കാറുണ്ട്.

തിംലി പാസ് , കട്ടാ പഥാര്‍, ചക്രാത എന്നിവയും ദൃശ്യാനുഭൂതി പകരുന്ന സ്ഥലങ്ങളാണ്. അടുത്ത വിമാനത്താവളമായ ഡെഹ്റാഡൂണില്‍െ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടിലേക്ക് ഇവിടെ നിന്ന് 73 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ.ഡെഹ്റാഡൂണ്‍ വരെയുള്ള റെയില്‍ മാര്‍ഗവും ഇവിടേക്കത്തൊന്‍ സഹായിക്കും. ന്യൂദല്‍ഹിയില്‍ നിന്നും മറ്റു അടുത്ത നഗരങ്ങളില്‍ നിന്നു ബസും ലഭ്യമാണ്. കല്‍സിയലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് വേനല്‍ കാലം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 37

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 37

ജിയോലിക്കോട്ട്

ഉത്തരാഖണ്ടിലെ നൈനിറ്റാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ടാണ് ജിയോലിക്കോട്ട് എന്ന സ്വപ്നഭൂമി യാത്രക്കാര്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നത്. നൈനി തടാകത്തിലേക്കുള്ള  പ്രവേശനകവാടം പോലെ നിലകൊള്ളുന്ന ജിയോലിക്കോട്ട് പൂക്കളുടെയും, പൂമ്പാറ്റകളുടെയും സൗന്ദര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു.

സ്വാമി വിവേകാനന്ദനും, ശ്രീ അരബിന്ദോയുമടക്കം നിരവധി ദാര്‍ശനികരും സന്യാസിമാരും ധ്യാനിക്കാനായി തെരഞ്ഞെടുത്ത സ്ഥലംകൂടിയാണ് ഈ മലനാട്. നൈനി തടാകം, മുക്തേശ്വര്‍, കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്‌, രാംഗഢ്, പാന്‍ഗോട്ട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ പൂന്തോട്ടങ്ങള്‍, വിവിധതരം കായ്കനികള്‍, നൂറുനിറമുള്ള ചിത്രശലഭങ്ങള്‍ ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന ജിയോലിക്കോട്ടിന്‍റെ അന്തരീക്ഷത്തെ സ്വര്‍ഗ്ഗതുല്യം എന്നല്ലാതെ വേറൊന്നും വിശേഷിപ്പിക്കാനാവില്ല.

പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നത് ഹോളിഡേ റിസോര്‍ട്ടായ കോട്ടേജ് ആണ്. പ്രകൃതിയുടെ മടിത്തട്ടിലൂടെ അതിപുരാതനമായ ക്ഷേത്രങ്ങളിലേക്കും, സെമിത്തേരികളിലേക്കും, വാര്‍വിക്ക് സാഹിബിന്‍റെ ഗൃഹത്തിലേക്കുമൊക്കെ നിങ്ങള്‍ക്കിവിടെ നിന്നും ട്രെക്ക് യാത്ര നടത്താം. ജിയോലിക്കോട്ടിലെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ചെന്നാല്‍ തേന്‍ ശേഖരിക്കുന്ന കാഴ്ച കാണാം. ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ ശുദ്ധമായ തേനും, ഫ്രൂട്ട്സും വാങ്ങുകയുമാകാം. സ്ട്രോബറിയും, ഒലീവുമൊക്കെ ഇവിടുത്തെ വിപണിയില്‍ സുലഭമായി ലഭിക്കുന്നു. വൃക്ഷത്തൈകളും നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കും.

മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ജിയോലിക്കോട്ടില്‍ എത്തിച്ചേരുക വളരെ എളുപ്പമാണ്. പന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവുമടുത്ത വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നും ധാരാളം വിമാനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 18 കിലോമീറ്റര്‍ ദൂരെയുള്ള കത്ഗോടം റെയില്‍വേ സ്റ്റേഷന്‍ ആണ് ജിയോലിക്കോട്ടിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. സമീപ നഗരങ്ങളില്‍നിന്നും ജിയോലിക്കോട്ടിലേക്ക് ബസ്‌ സര്‍വീസുകളുമുണ്ട്.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 36

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 36

സത്താൾ

സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന എഴ് തടാകങ്ങളാണ്. ഗരുഡ് താള്‍, സീത താള്‍, പൂര്‍ണ താള്‍, രാം താള്‍, ലക്ഷ്മണ്‍ താള്‍, നള ദമയന്തി താള്‍, സുഖ താള്‍ എന്നിവയാണിവ. ഓക്ക് മരങ്ങള്‍ തിങ്ങി വളരുന്ന മെഹ്രാഖോണ്‍ താഴ്വരയിലാണ് സാത്താള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷ് അധിനിവേശകാലത്ത് ഒരു പ്രമുഖ തേയിലത്തോട്ടമായിരുന്നു ഇത്.

ഈ തടാകങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ന്യൂട്രിയന്‍റ്സ് അടങ്ങിയിട്ടുണ്ട് എന്നതൊരു പ്രത്യേകതയാണ്. ഒട്ടനേകം ജീവജാലങ്ങള്‍ ഇതിന് സമീപത്തായുണ്ട്. അഞ്ഞൂറോളം സ്വദേശികളും, വിദേശികളുമായ പക്ഷികളും, 525 ഓളം ഇനം ശലഭങ്ങളും, 20 തരം സസ്തനികളും, 1100 പ്രാണിവര്‍ഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. ബ്ലു മാഗ്പൈ, കിങ്ങ്ഫിഷര്‍, ബാര്‍ബെറ്റ്സ്, പ്രാപ്പിടിയന്‍, പലതരം കോഴിവര്‍ഗ്ഗങ്ങള്‍ തുടങ്ങി അനേക ഇനം പക്ഷികള്‍ ഇവിടെയുണ്ട്.

റെഡ് ബേസ് ജേസ്ബെല്‍സ്, റെഡ് ഹെലന്‍സ്, സില്‍വര്‍ സ്ട്രൈപ്പ്സ്, തുടങ്ങി അപൂര്‍വ്വ ഇനം ശലഭങ്ങളും സത്താളിലെ വനങ്ങളിലുണ്ട്. ഓര്‍ക്കിഡ്, മരുന്ന് ചെടികള്‍ തുടങ്ങി അനേകം അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും ഒരു ലോകമാണ് ഇവിടം. മറ്റ് ചില പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ് സത്താള്‍ മിഷന്‍ എസ്റ്റേറ്റ്, മെത്തേഡിസ്റ്റ് ആശ്രമം, ചിത്രശലഭ പാര്‍ക്ക്, സുഭാഷ് ധാര എന്നിവ. ക്യാംപിങ്ങ്, ബോട്ടിങ്ങ്, ട്രെക്കിങ്ങ്, മൗണ്ടന്‍ ബൈക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങി സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ ഒരിടമാണ് സത്താള്‍.

പട്നാഗര്‍എയര്‍പോര്‍ട്ടാണ് സത്താളിന് അടുത്തുള്ള വിമാനത്താവളം. റെയില്‍വേസ്റ്റേഷന്‍ അടുത്തുള്ളത് കാതഗോഡത്താണ്. അടുത്തുള്ള നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും.



ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 35

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 35

ഗോമുഖ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ഗോമുഖ്. തീര്‍ത്ഥാടനത്തിന് മാത്രമല്ല, ശിവലിംഗ കൊടുമുടിയുടെ അടുത്തുള്ള ഗോമുഖിലേക്ക് സാഹസികരായ യാത്രികരും ഒരുപാട് വന്നുചേരാറുണ്ട്. ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി. ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. നിരവധി ആകര്‍ഷണങ്ങളുണ്ട് ഗോമുഖിന് പരിസരത്തായി. ഗംഗോത്രി ഹിമാനിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗംഗോത്രി ഗ്ലേസിയര്‍ ഒരു പശുവിന്റെ മുഖത്തോട് സാമ്യമുള്ള രൂപമെടുക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഗോമുഖ് എന്ന പേരുവന്നത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവലിംഗം, തലായ് സാഗര്‍, മെരു, ഭാഗീരഥി എന്നിങ്ങനെ പോകുന്നു ഇവിടത്തെ മറ്റുകാഴ്ചകള്‍. തീര്‍ത്ഥാടകരെപ്പോലെ തന്നെ നിരവധി ട്രക്കിംഗ്, സ്‌കീയിംഗ് പ്രിയരും ഗോമുഖ് സന്ദര്‍ശനത്തിനെത്തുന്നു.

വിമാനമാര്‍ഗ്ഗവം ട്രെയിനിലും റോഡ് മാര്‍ഗ്ഗവും ഗോമുഖില്‍ എത്തിച്ചേരുക എളുപ്പമാണ്. 229 കിലോമീറ്റര്‍ അകലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗോമുഖിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി വിമാനസര്‍വ്വീസുകളുണ്ട്. ഗംഗോത്രിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അടുത്ത റെയില്‍വേ സ്‌റ്റേഷനായ ഹരിദ്വാര്‍. ഹരിദ്വാറില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രിയില്‍ നിന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും സുഖകരമായ കാലാവസ്ഥയാണ് ഗോമുഖില്‍ അനുഭവപ്പെടുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. വേനല്‍ക്കാലമാണ് ഇവിടേക്ക് യാത്ര ചെയ്യാന്‍ അനുയോജ്യം. 

ഗംഗോത്രിയില്‍ നി്ന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 34

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 34

തെഹ്രി

ത്രിഹരി എന്ന വാക്കില്‍ നിന്നാണ് തെഹ്രി എന്ന വാക്ക് ഉണ്ടായത്. ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടുമുള്ള പാപങ്ങള്‍ കഴുകി കളയുന്ന സ്ഥലം എന്നാണ് ഈ വാക്കിന് അര്‍ഥം. തെഹ്രി അണക്കെട്ടിന്റെയും അതിനെതിരായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള സമരത്തെയും തുടര്‍ന്നാണ് ഹിമാലയത്തിലെ ഈ ചെറുനഗരത്തെ ലോകമറിഞ്ഞത്. തെഹ്രി ഗര്‍വാള്‍ ജില്ലയുടെ ആസ്ഥാനമായ ഇവിടം ന്യൂ തെഹ്രി എന്നാണ് അറിയപ്പെടുന്നത്. ഭാഗീരഥി നദിയില്‍ അണക്കെട്ട് പൂര്‍ണമായതോടെ പഴയ തെഹ്രി നഗരം ജലസമാധിയിലായതോടെ അവിടത്തുകാരെ ന്യൂ തെഹ്രിയിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് തെഹ്രി ഗര്‍വാള്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു തെഹ്രി. 18ാം നൂറ്റാണ്ടില്‍ പ്രമുഖ തുറുമുഖമായിരുന്ന ഇവിടെ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകൾ നങ്കൂരമിട്ടിരുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

തെഹ്രി അണക്കെട്ട് തന്നെയാണ് ഇവിടത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ ഇവിടെ ഭാഗീരഥി ബിലംഗാന നദികള്‍ തടഞ്ഞുനിര്‍ത്തി സാമാന്യം നല്ല തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അണക്കെട്ട് കാണാന്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഇവിടെ സന്ദര്‍ശകര്‍ എത്താറുണ്ട്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗമുള്ള ക്ഷേത്രമായ ബുദ്ധ കേദാറും തെഹ്രിക്ക് സമീപമാണ്. സെം മുഖേം ക്ഷേത്രമാണ് മറ്റൊന്ന്. പ്രദേശവാസികള്‍ ഏറ്റവും ഭക്ത്യാദരപൂര്‍വം കാണുന്ന നാഗരാജാവാണ് ഇവിടത്തെ പ്രതിഷ്ഠ. കുഞ്ജാപുരി കൊടുമുടിയില്‍ സ്ഥിതി ചെയ്യുന്ന കുഞ്ജാപുരി ദേവി ക്ഷേത്രത്തില്‍ നിന്നാല്‍ ഹിമാലയത്തിന്‍റ ഭാഗീരഥി നദിയുടെയും വിശാല കാഴ്ച കാണാം. ഖാട്ട്ലിംഗ് ഗ്ളേസിയര്‍, നരേന്ദ്രനഗര്‍, ചന്ദ്രബദനി ക്ഷേത്രം, ഗുട്ടു, നാഗ് തിബ്ബ എന്നിവയാണ് മറ്റു കാഴ്ചകൾ

എങ്ങനെയത്തൊം

വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ഡെറാഡൂണിലെ ജോളി ഗ്രാന്‍റാണ് അടുത്ത വിമാനത്താവളം. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഇങ്ങോട് വിമാനസര്‍വീസുകള്‍ ലഭ്യമാണ്.

ഋഷികേശ് ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. റോഡ് മാര്‍ഗം വരുന്നവര്‍ക്ക് സമീപനഗരങ്ങളായ മുസൂറി, ഋഷികേശ്, ഹരിദ്വാര്‍,ദേവപ്രയാഗ്, ശ്രീനഗര്‍,ഉത്തര കാശി എന്നിവിടങ്ങളില്‍ നിന്ന് തെഹ്രിയിലേക്ക് ബസുകള്‍ ലഭ്യമാണ്. ദല്‍ഹി ഇന്‍റര്‍സ്റ്റേറ്റ് ബസ് ടെര്‍മിനലിലെ കാശ്മീരി ഗേറ്റില്‍ നിന്നും തെഹ്രിയിലേക്ക് ബസുകള് ലഭിക്കും

നല്ല  സമയം  വര്‍ഷത്തില്‍ എല്ലാ സമയവും പ്രസന്നമായ കാലാവസ്ഥയാണെങ്കിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം