ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2022

ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ

ശ്രീ തൈയ്ക്കാടു അയ്യാഗുരുസ്വാമി തിരുവടികൾ.

ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ടെന്നു സകലമതക്കാരും സമ്മതിക്കുന്നു. പക്ഷേ, ആ സ്രഷ്ടാവിനെ ഓരോരുത്തരും അവരവരുടെ അറിവും സംസ്കാരവുമനുസരിച്ചാണു മനസ്സിലാക്കുന്നതും ആരാധിക്കുന്നതും. ഈശ്വരന്റെ സ്വരൂപമാണു ത്രിമൂർത്തികളും ദേവതകളും ഋഷീശ്വരന്മാരും മനുഷ്യർ തുടങ്ങിയ സർവ ജീവജാലങ്ങളും എന്നു വേദാന്തികൾ ഉദ്ഘോഷിക്കുന്നു. പ്രപഞ്ചത്തിന്റെ സത്വം അറിയാൻ തപസ്സ് അഥവാ ഉപാസന ആവശ്യമാണ്. അഹങ്കാര കലുഷിതമായ അന്തഃകരണത്തിൽ സത്യം തെളിയുകയില്ല. ഈശ്വരനെ സാക്ഷാത്കരിക്കാൻ അന്തഃകരണശുദ്ധിയും യോഗസിദ്ധിയും നേടണം. സാധാരണ മനുഷ്യർ അവർ അറിഞ്ഞതുതന്നെ ശരി എന്നു ഈശ്വരന്റെ കാര്യത്തിൽപ്പോലും വാശിപിടിച്ചു തമ്മിൽ കലഹിച്ചു നിൽക്കുന്നു. ഇതു കാരണം അനേകായിരം മനുഷ്യർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. തനിക്കറിയില്ല എന്ന അറിവാണു ശ്രേഷ്oമായ അറിവ്.

അണിമാദിയോഗസിദ്ധികൾ നേടിയവർക്കും മുനിവര്യന്മാർക്കും മാത്രമേ മനുഷ്യന്റെ ആധിഭൗതികവും ആധ്യാത്മകവും ആധിദൈവികവുമായ താപത്രയങ്ങളെ തരണം ചെയ്യിപ്പിക്കുവാനും അവരെ കൈവല്യ പ്രാപ്തിയിലെത്തിക്കുവാനും കഴിയൂ. അങ്ങനെ സത്യമാർഗ്ഗ ചിന്തയിൽ ഉത്സുകരായിരുന്ന അനേകം സാധകരെ
യോഗാരൂഢ പദവിയിലെത്തിക്കുകയും തിരുവിതാംകൂറിലെ ആധ്യാത്മിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലാകെ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ഒരു യോഗിവര്യനായിരുന്നു ശ്രീ തൈയ്ക്കാട്ടു അയ്യാഗുരുദേവൻ. വരും തലമുറകളുടെ ഉന്നമനത്തിനും സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനും വേണ്ടി അനവരതം പ്രയത്നിച്ച നിരവധി മഹാത്മാക്കളുടെയും ഗുരുക്കന്മാരുടെയും പരമഗുരുവായിരുന്നു തൈയ്ക്കാട്ടു ശ്രീ. അയ്യാ ഗുരുദേവൻ എന്നു ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല. ഈ മഹാത്മാവു തിരു അവതാരം ചെയ്തിട്ടു 206 വർഷവും മഹാസമാധി പ്രാപിച്ചിട്ടു 110 വർഷവും കഴിഞ്ഞിരിക്കുന്നു. യാതൊരു പരസ്യപ്രചരണവുമില്ലാതേയും യാതൊരു ജാതി സമുദായ തൽപരകക്ഷികളുടെയും പിൻബലം ഇല്ലാതേയും ഈ മഹാത്മാവിന്റെ മഹാസമാധിപീഠം ഇന്നും ഭാരതത്തിലെ പരമയോഗജ്ഞാന ജ്യോതിർസ്ഥാനമായും അശരണരുടെ അഭയകേന്ദ്രമായും നിലനില്ക്കുന്നു.

ആധുനിക കേരളീയ സമൂഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ നവോത്ഥാനത്തിനു വഴി തുറന്നു തന്ന ശ്രീ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു എന്നിവരുടെ ഗുരുനാഥൻ എന്ന നിലയിൽ ശ്രീ തൈക്കാടു അയ്യാ സ്വാമികൾ സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ ആത്മീയമായ ഔന്നത്യവും മഹത്വവും വേണ്ടത്ര അറിയപ്പെടുന്നില്ല എന്നുള്ളതു ഒരു യാഥാർത്ഥ്യമാണ്.
യോഗത്തിന്റെയും ജ്ഞാനത്തിന്റെയും അത്യുന്നത ഭൂമികളിലെത്തിച്ചേർന്നിരുന്ന ഗുരു പ്രശസ്തി ഇഷ്ടപ്പെട്ടിരുന്നില്ല എന്നുള്ളതും ഇതിനു കാരണമാകാം. ഒരിക്കൽ ശ്രീ ചട്ടമ്പിസ്വാമികൾ അയ്യാ ഗുരുവിനെപ്പറ്റി ഒരു കവിത രചിച്ചു വായിച്ചു കേൾപ്പിച്ചപ്പോൾ തന്നെപ്പറ്റി കവിത രചിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്നും ഭഗവാൻ സുബ്രഹ്മണ്യനെപ്പറ്റിയാണു കവിത രചിക്കേണ്ടതെന്നുമാണു ഗുരു കല്പിച്ചത്.

ലഘു ജീവചരിത്രം.

ഉത്തരകേരളത്തിൽ (മലബാറിൽ) ആയിരുന്നു ശ്രീ അയ്യാസ്വാമികളുടെ പിതാവായ ശ്രീ മുത്തുകുമാരൻ ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ കുടുംബമായിരുന്നു അക്കാലത്തു നാടുവാഴികൾക്കു ആയുധപരിശീലനം നൽകിയിരുന്നത്. എന്നാൽ ശ്രീ മുത്തുകുമാരന്റെ പിതാവു ഒരു മഹർഷിയായ ഹൃഷികേശരായിരുന്നു.
ശ്രീ മുത്തുകുമാരന്റെ ചെറുപ്പകാലത്തു ടിപ്പുവിന്റെ ആക്രമണം ഉണ്ടാകുകയും കുടുംബം മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ നിർബന്ധിതമാകുകയും ചെയ്തു. പക്ഷേ പുതിയ സ്ഥലത്തെ നാടുവാഴികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ
തുടർന്നു അവിടെ നിന്നും താമസം മാറ്റി തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടു ജില്ലയിലെ നികലാപുരം ഗ്രാമത്തിൽ വാസമുറപ്പിച്ചു.ഈ കാലയളവിൽ കുടുംബത്തിനു പല പരിവർത്തനങ്ങളുമുണ്ടാകുകയും കുടുംബാംഗങ്ങൾ പലരും പല ദിക്കിലേയ്ക്കു താമസം മാറ്റുകയും ചെയ്തു.

ഹൃഷികേശർ തെലുങ്കു നാട്ടിൽ വച്ചു മഹാസമാധിയായി. മുത്തുകുമാരന്റെ മാതുലൻ വലിയൊരു പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് മുത്തുകുമാരൻ കുടുംബത്തെ പുലർത്തിയത്.

മുത്തുകുമാരൻ വലിയൊരു ഭക്തനും പണ്ഡിതനുമായിരുന്നു. അദ്ദേഹം വേദാന്ത വിഷയമായും, ശ്രീ സുബ്രഹ്മണ്യ കീർത്തന രൂപത്തിലും പല തമിഴ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവരുടെ ഭവനത്തിൽ പലപ്പോഴും ദിവ്യന്മാരായ രണ്ടു മഹാത്മാക്കൾ സന്ദർശനം നടത്താറുണ്ടായിരുന്നു. (ഇവരാണു പില്ക്കാലത്തു അയ്യാ സ്വാമിയ്ക്കു ഉപദേശം നല്കി യോഗ മാർഗ്ഗത്തിലേയ്ക്കു നയിച്ചത്.)

ശ്രീ മുത്തുകുമാരൻ മുതിർന്നതിനു ശേഷം ഉപജീവനാർത്ഥം ശ്രീലങ്കയിലെ കണ്ടിദേശത്തിലെ രാജാവിന്റെ ദ്വിഭാഷിയായി സേവനമനുഷ്ഠിച്ചു. കുറേക്കാലം കഴിഞ്ഞു മാതാവിനെക്കാണാൻ വേണ്ടി നാട്ടിലേക്കു വരുന്ന വഴിയിൽ കൊല്ലത്തു എത്തിച്ചേർന്നു. അവിടെയുള്ള ഒരു ശൈവകുടുംബത്തിൽ നിന്നു രുഗ്മിണിയമ്മാൾ എന്ന മഹതിയെ വിവാഹം കഴിച്ചു. പിന്നീടു ചെന്നൈയിൽ താമസിച്ചിരുന്ന മാതാവിന്റെയും മാതുലന്റയും അടുക്കലേയ്ക്കു യാത്ര തിരിയ്ക്കുകയും ആഹ്ലാദപൂർവ്വം കുടുംബവുമായി സന്ധിയ്ക്കാൻ ഇടവരുകയും ചെയ്തു.

1814 ൽ അശ്വതി നക്ഷത്രത്തിൽ ശ്രീ മുത്തുകുമാരൻ രുഗ്മിണിയമ്മാൾ ദമ്പതികൾക്കു ജനിച്ച സുബ്ബരായൻ എന്ന കുട്ടിയാണു പില്ക്കാലത്തു തൈക്കാട്ടു അയ്യാ സ്വാമികൾ എന്ന പേരിൽ കേരളത്തിന്റെ ഭാഗഥേയത്തിൽ നിർണ്ണായക പങ്കുവഹിച്ച മഹദ് വ്യക്തിയായി പരിലസിച്ചത്.

സുബ്ബരായന്റെ ബാല്യകാലത്തും മുൻ സൂചിപ്പിച്ച രണ്ടു സിദ്ധന്മാർ അവരുടെ ഗൃഹത്തിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. ദിവ്യാത്മാക്കളായ 
ശ്രീ സച്ചിദാനന്ദരും 
ശ്രീ ചിട്ടിപരദേശിയും ആയിരുന്നു അവർ. അക്കാലത്തു തന്നെ ഇവർ സുബ്ബരായനെ ശ്രദ്ധിക്കുകയും ശിഷ്യനായിക്കൂട്ടിക്കൊണ്ടു പോകാനുള്ള അനുമതി സുബ്ബരായന്റ പിതാവിൽ നിന്നു വാങ്ങുകയും ചെയ്തിരുന്നു. സുബ്ബരായനു    
12 വയസ്സുള്ളപ്പോൾ തന്നെ ഈ ഗുരുക്കന്മാരിൽ നിന്നു മന്ത്രോപദേശം ലഭിച്ചു. നാലു വർഷത്തിനു ശേഷം ഇവർ തിരികെ വന്നു സുബ്ബരായനെ കൂട്ടിക്കൊണ്ടു പോയി. 19 വയസ്സുവരെ ഇവരുടെ കൂടെ തന്നെയായിരുന്നു സ്ഥിരമായ സഹവാസം. കൂടുതൽ സമയവും പളനിയിലാണു കഴിച്ചു കൂട്ടിയത്.ഈ കാലയളവിൽ പലപ്പോഴും സിംഗപ്പൂർ, ബർമ്മ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇവരോടൊപ്പം സഞ്ചരിക്കാനും പല ഭാഷകളും വശമാക്കാനും കഴിഞ്ഞു. ഇതോടൊപ്പം തന്നെ ശ്രീ സച്ചിദാനന്ദരിൽ നിന്നു യോഗവിദ്യ അഭ്യസിക്കുകയും ചെയ്തു. ആഫ്രിക്കയിൽ വച്ചു ഏതോ ദിവ്യമായ മരത്തിന്റെ നീരും മറ്റൊരു മരത്തിന്റെ ദിവ്യമായ ഫലങ്ങളും ഗുരുക്കന്മാരുടെ ഉപദേശപ്രകാരവും അനുവാദത്തോടെയും കഴിക്കുകയുണ്ടായി എന്നു ശ്രീ അയ്യാ ഗുരുസ്വാമികൾ തന്നെ ചിലരോടു പറഞ്ഞിട്ടുണ്ട്. പ്രസ്തുത നീര് കഴിയ്ക്കുമ്പോൾ മയക്കമുണ്ടാകുകയും ഫലങ്ങൾ കഴിയ്ക്കുമ്പോൾ വിശപ്പും ദാഹവും പൂർണ്ണമായും ശമിയ്ക്കുകയും ചെയ്തിരുന്നത്രേ! മരത്തിന്റെ നീര് ആദ്യം ഗുരുക്കന്മാർ ധാരാളം കഴിക്കുകയും 3 ദിവസം മയക്കത്തിൽ കഴിയുകയും ചെയ്തു. അതിനു ശേഷം മുൻകൂട്ടി ചട്ടം കെട്ടിയിരുന്നതു അനുസരിച്ചു സുബ്ബരായൻ ചുനയിൽ നിന്നുള്ള ജലം കൊണ്ടു വന്നു വായിൽ ഒഴിച്ചു കൊടുത്തതിനു ശേഷം അവർ മയക്കം വിട്ടുണരുകയാണുണ്ടായത്. എന്നാൽ ഗുരുക്കന്മാരുടെ അനുവാദത്തോടെ അല്പം മാത്രം നിര് കഴിച്ച സുബ്ബരായന്റെ ശരീരത്തിനു കേടു വരാതിരിയ്ക്കാൻ വേണ്ടി ഗുരു കൈകൊണ്ടു കഴുത്തിൽ അന്നനാളത്തെ തടഞ്ഞു നീര് ആമാശയത്തിലേയ്ക്കുകടക്കാതെ സംരക്ഷിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ വായിൽ ജലം ഒഴിച്ചു കൊടുക്കുകയും ശിഷ്യനെ മയക്കത്തിൽ നിന്നുണർത്തുകയും ചെയ്തു. ഈ സംഭവത്തിനു ശേഷമാണു സുബ്ബരായരെന്റെ മുഖത്തിനു ശരീരത്തെ അപേക്ഷിച്ചു നിറവ്യത്യാസമുണ്ടായത് ഈ സംഭവത്തിൽ നിന്നു പ്രസ്തുത നീരിൻെറ വീര്യത്തെപ്പറ്റിയും ആ ഗുരുക്കന്മാരുടെ 
കായസിദ്ധിയെപ്പറ്റിയും മനസ്സിലാക്കാം. (നീലിമലയിലുള്ള വെളിത്തിമരത്തിന്റെ നീരും സമാന ഫലം പ്രദാനം ചെയ്യുന്നതാണു. രാത്രി സമയങ്ങളിൽ സ്വയം പ്രകാശിയ്ക്കുന്ന ഈ മരത്തെ ഭൂതം ആവേശിച്ചിരിക്കുന്നു എന്നാണു ആ നാട്ടുകാർ വിശ്വസിക്കുന്നത്.)

ഇത്തരത്തിൽ 3 വർഷം കൂടെക്കൊണ്ടു നടന്നതിനു ശേഷം ഗുരുക്കന്മാർ സുബ്ബരായനെ തിരികെ കുടുംബത്തിൽ കൊണ്ടുവന്നു ഏൽപിക്കുകയും കുറച്ചു കാലം കൂടി ബ്രഹ്മചാരിയായി കഴിഞ്ഞതിനു ശേഷം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. അമ്മയെയും സഹോദരങ്ങളെയും സംരക്ഷിയ്ക്കാനും പിതാവിനെപ്പോലെ ജ്ഞാനൈശ്വൈര്യങ്ങൾ നേടാനും കൂടി അവർ സുബ്ബരായനോടു ആജ്ഞാപിച്ചു.

ഈ കാലയളവു കഴിഞ്ഞപ്പോൾ സുബ്ബരായന്റ പിതാവു മുത്തുകുമാരൻ തീർത്ഥാടനാർത്ഥം നാടുവിടുകയും കാശിയിൽ വച്ചു ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു.സുബ്ബരായൻ ഈ ഘട്ടത്തിൽ ഇംഗ്ലീഷു ഉൾപ്പെടെ പല ഭാഷകളിലും പാണ്ഡിത്യം നേടി. ചെന്നൈ പട്ടണത്തിലെ അഷ്ടപദന സഭയിൽ അംഗത്വം ലഭിക്കുകയും പല പണ്ഡിത 
സദസ്സുകളിൽ നിന്നും ബിരുദങ്ങൾ കരസ്ഥമാക്കുകയുംചെയ്തു.
ബ്രഹ്മോത്തരകാണ്ഡമെന്ന വേദാന്ത ഗ്രന്ഥവും പഴനിവൈഭവം എന്ന കൃതിയും രചിച്ചതു ഈ കാലയളവിലാണ്.

ഇതിനു ശേഷം ഗുരു നിർദ്ദേശ പ്രകാരം ദേവീക്ഷേത്രങ്ങളിൽ ഉപാസനയ്ക്കായി പുറപ്പെട്ടു. ആദ്യം കൊടുങ്ങല്ലൂരിൽ എത്തി അവിടെ ഭജനമിരുന്നു. അക്കാലത്തു അവിടെ മൃഗബലി നടന്നിരുന്നതു സുബ്ബരായനു അനിഷ്ടമുണ്ടാക്കിയെങ്കിലും ജനങ്ങൾ അവരുടെ വിശ്വാസവും അറിവുമനുസരിച്ചു ഓരോ ആചാരങ്ങളിലേർപ്പെടുന്നു എന്നു സ്വയം സമാധാനിച്ചു. കൊടുങ്ങല്ലൂരിൽ നിന്നു സുബ്ബരായൻ ശ്രീവില്ലിപുത്തൂരിലെത്തി അവിടുത്തെ ദേവി ക്ഷേത്രത്തിൽ ഭജനം നടത്തി. കുറെക്കാലം അവിടെ ഉപാസനയിൽ ഏർപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു.

അയ്യാഗുരു സ്വാമിയുടെ മാതാവു രുഗ്മിണി അമ്മാളുടെ ബന്ധുക്കളിൽ ഒരാളും കൊട്ടാരം ഉദ്യോഗസ്ഥനുമായിരുന്ന ചിദംബരം ഓതുവാർപിള്ള എന്നയാളിന്റെ തൈക്കാട്ടുള്ള വസതിയിലാണു ഇക്കാലത്തു സ്വാമി താമസിച്ചിരുന്നത്. ഇപ്പോൾ തൈക്കാട്ടു അമ്മൻകോവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു അക്കാലത്തുണ്ടായിരുന്ന വഴിയമ്പലത്തിലെ അരശു വൃക്ഷച്ചുവട്ടിൽ വച്ചാണു ദേവിയുടെ ദിവ്യദർശനം ലഭിച്ചത്.
ഈ സമയത്തു തൈക്കാട്ടു ഉജ്ജയിനി മഹാകാളി പഞ്ചരത്‌നമെന്ന പ്രബന്ധം
രചിച്ചു പാടി ദേവിയെ സ്തുതിയ്ക്കുകയുണ്ടായി.

കുറച്ചു കാലം തിരുവനന്തപുരത്തു താമസിച്ചതിനു ശേഷം സ്വാമി 
ചെന്നൈയിലേക്കു മടങ്ങി.അതിനു മുൻപു തന്നെ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ സ്വാതിതിരുനാളുമായും രാജകുടുംബവുമായും പരിചയപ്പെടാൻ ഇടവന്നിരുന്നു.

തിരികെ എത്തിയതിനു ശേഷം സ്വാമി ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ചെന്നൈയ്ക്കു അടുത്തുള്ള പൊന്നേരി എന്ന സ്ഥലത്തു നിന്നു കമലന്മാൾ എന്ന സാധ്വിയെ വിവാഹം കഴിച്ചു. ശസ്ത്രവിധിപ്രകാരമുള്ള ബ്രഹ്മചര്യത്തോടുകൂടിയുള്ള വിവാഹ ജീവിതമാണു സ്വാമി നയിച്ചിരുന്നത്. 
ശ്രീ ലോകനാഥപണിക്കരയ്യാ,
ശ്രീ പഴനിസ്വാമി എന്നിവരുൾപ്പടെ അഞ്ചു കുട്ടികൾ ഈ ദാമ്പത്യത്തിൽ ജനിച്ചു.

കൊല്ലവർഷം 1048 ൽ 
റസിഡണ്ടു ഓഫീസു മാനേജർ 
എന്ന ഉദ്യോഗത്തിൽ തിരുവനന്തപുരത്തു ഔദ്യോഗിക ജീവിതം ആരംഭിച്ചു.1084 വരെ ഈ ചുമതല വഹിച്ചു വന്നു. രാജർഷിയായിരുന്ന ശ്രീമൂലം തിരുനാൾ ഉൾപ്പടെയുള്ള രാജാക്കന്മാരും തൻ്റെ മേലുദ്യോഗസ്ഥരായിരുന്ന ബ്രിട്ടീഷുകാരുപോലും മഹായോഗിയും സിദ്ധനുമായിരുന്ന ഈ പുണ്യാത്മാവിനോടു ആദരവോടു കൂടിയാണു പെരുമാറിയിരുന്നത്.

ശ്രീ അയ്യാസ്വാമികളുടെ ദിനചര്യ അങ്ങേയറ്റം കൃത്യനിഷ്ഠയുള്ളതും മാതൃകായോഗ്യവുമായിരുന്നു. 

രാവിലെ 3 മണിയ്ക്കു ഉണരും കുളി മുതലായ ദിന കൃത്യങ്ങൾക്കു ശേഷം ശിഷ്യന്മാർ കൂടെയുണ്ടെങ്കിൽ അവരെയും ഉണർത്തി പാഠങ്ങൾ പറഞ്ഞു കൊടുത്തിട്ടു 6 മണി വരെ ധ്യാന നിഷ്ഠയിൽ മുഴുകും. 7 മണിക്കു ജോലി സ്ഥലത്തു എത്തി 2 മണിക്കൂർ പ്രവൃത്തിയിൽ മുഴുകിയതിനു ശേഷം വീട്ടിൽ വന്നു അല്പം പാൽകാപ്പിയും ഒന്നോ രണ്ടോ അപ്പവും കഴിക്കും.
10 മണിയ്ക്കു റസിഡൻസിയിലെത്തി ചുമതലകൾ നിർവഹിച്ച ശേഷം 12 മണിക്കു തിരികെ വന്നു 
2 മണി വരെ ധ്യാനത്തിൽ ഇരിക്കും. അല്പം ഉണക്കലരിച്ചോറും വിത്തു വയ്ക്കാത്ത പച്ചക്കറി വേവിച്ചതും ചെറുപയർ വേവിച്ചതുമാണു ഉച്ചഭക്ഷണം. അല്പം നെയ്യും വളരെക്കുറച്ചു കാച്ചുപ്പും ആഹാരത്തിൽ ചേർത്തു കഴിക്കും.(പിന്നീടു ഉപ്പും തീരെ വർജ്ജിച്ചിരുന്നു.) വീണ്ടും ജോലി സ്ഥലത്തു എത്തി 5.30 വരെ അവിടെ ചിലവഴിയ്ക്കും. തിരികെ വീട്ടിൽ വന്നു കറുകപുല്ലിൻ്റെ വേരുണക്കിപ്പൊടിച്ചതും 
നല്ലമുളകും ചേർത്തുണ്ടാക്കുന്ന കഷായത്തിൽ അല്പം പശുവിൻ നെയ്യ് ഒഴിച്ചു അത് കഴിക്കും. 
7.30 മുതൽ വളരെ സമയം ധ്യാനത്തിൽ കഴിയും.
12 മണിയ്ക്കു അത്താഴമായി പാലും പഴവും കഴിയ്ക്കും. 
1 മണി വരെ പത്രങ്ങളും മറ്റും നോക്കും. അതിനു ശേഷം 
3 മണി വരെ ഉറങ്ങും.

സ്വാമികൾ തിരുവനന്തപുരത്തു ഒദ്യോഗജീവിതം ആരംഭിച്ച കാലത്തു തന്നെ ശ്രീ കുഞ്ഞൻപിള്ളച്ചട്ടമ്പി (പിൽക്കാലത്തു ചട്ടമ്പിസ്വാമികൾ) അയ്യാസ്വാമിയെ പരിചയപ്പെട്ടിരുന്നു. പേട്ടയിൽ രാമൻപിള്ള ആശാൻ്റെ നേതൃത്വത്തിൽ നടന്നു വന്ന "ജ്ഞാനപ്രജാഗരം" എന്ന വിദ്വത്ത് സഭയിൽ വച്ചാണു തമിഴ് പണ്ഡിതനായിരുന്ന സുന്ദരം പിള്ള വഴിയായി കുഞ്ഞൻപിള്ള ചട്ടമ്പിയ്ക്കു അയ്യാസ്വാമിയെ പരിചയപ്പെടാനിടവന്നത്.
7 വർഷത്തിനുശേഷമാണു
അയ്യാ സ്വാമികൾ ചട്ടമ്പിസ്വാമികൾക്കു ഉപദേശം നൽകി ശിഷ്യനായി സ്വീകരിച്ചത്.
ചട്ടമ്പിസ്വാമിയ്ക്കു ഉപദേശം നൽകി ഒരു വർഷത്തിനു ശേഷം നാണു ആശാനും (പിൽക്കാലത്തു ശ്രീ നാരായണഗുരു) ഉപദേശം നല്കുകയുണ്ടായി. ഇവരെ കൂടാതെ സ്വാതി തിരുനാൾ മുതൽ ശ്രീമൂലം തിരുനാൾ വരെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ, തിരുവല്ല കേരളവർമ്മ കോയിത്തമ്പുരാൻ, പേട്ട സ്വദേശിയായ ഫെർണാണ്ടസ്, തക്കല സ്വദേശി പീരു മുഹമ്മദ്, മക്കടിലബ്ബ,കൊല്ലത്തമ്മ എന്ന സന്യാസിനിയമ്മ, സ്വയം പ്രകാശയോഗിനിയമ്മ, സൂര്യനാരായണയ്യർ, ആറുമുഖം വാദ്ധ്യാർ, പത്മനാഭൻ പോറ്റി തുടങ്ങി നൂറിലധികം ശിഷ്യർക്കു സ്വാമികൾ ഉപദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹ്യ മാറ്റത്തിനു നേതൃത്വപരമായ പങ്ക് വഹിച്ചവരിലൊരാളായ 
ശ്രീ അയ്യൻകാളിയും സ്വാമികളുടെ അനുചരനായിരുന്നു.

പ്രാണായാമം, ധാരണ, ധ്യാനം എന്നിവയിലൂടെ കുണ്ഡലിനിയെ ഉണർത്തി ഷഡ്ചക്രങ്ങളും അതിക്രമിപ്പിച്ചു
സഹസ്രാരപദ്മത്തിലെത്തിച്ചു ജീവബ്രഹ്മൈക്യ ബോധം സംസിദ്ധമാക്കുന്നതായിരുന്നു 
ശ്രീ അയ്യാഗുരുസ്വാമിയുടെ 
മാർഗ്ഗം.

മഹാസമാധി.

1084 ൽ(1909) കർക്കിടക മാസം നാലാം തീയതി മകം നക്ഷത്രത്തിൽ അയ്യാഗുരു മുൻ നിശ്ചയപ്രകാരം മഹാസമാധിയായി. സമാധിയ്ക്കു ഒരാഴ്ചക്കു മുൻപു ശ്രീമൂലം തിരുനാളുമായുള്ള കൂടിക്കാഴ്ചയിൽ രാജ കുടുംബത്തിൽപ്പെട്ടതും രാജ്യത്തിൽ നടക്കാൻ പോകുന്നതുമായ സംഭവ വികാസങ്ങൾ പ്രവചിക്കുകയുണ്ടായി. രാജഭരണം അവസാനിക്കുമെന്നും ഭാരതം വിഭജിക്കപ്പെടുമെന്നും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും മനുഷ്യൻ സത്യം വിട്ടു ജീവിക്കുമെന്നും അർത്ഥം വരുന്ന ഒരു ശ്ലോകം ചൊല്ലുകയുണ്ടായി. തൻ്റെ സമാധി ശ്മശാനത്തിൽ മതിയെന്നും അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യണമെന്നും മകനോടു ആജ്ഞാപിച്ചു. സമാധി ശ്മശാനത്തിലിരുത്തുന്നതിനെ മഹാരാജാവു എതിർത്തെങ്കിലും ഗുരു വഴങ്ങിയില്ല. ഭാരത യോഗിമാരുടെ സമ്പ്രദായപ്രകാരം ഒരാഴ്ച അന്നപാനാദികളില്ലാതെ നിർവ്വികല്പ സമാധിയിൽ പ്രവേശിച്ചിട്ടു സമാധിയുടെ തലേ ദിവസം തൻ്റെ അറയിൽ നിന്നു പുറത്തു വന്നു അവിടെയുണ്ടായിരുന്ന കൊല്ലത്തമ്മ, സ്വയംപ്രകാശ യോഗിനിയമ്മ തുടങ്ങിയവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടു വീണ്ടും ധ്യാനത്തിൽ പ്രവേശിച്ചു.

നിരവധി പേർ സ്വാമികളെ കാണാൻ എത്തിയിരുന്നു. അവരോടെല്ലാം പിറ്റേ ദിവസം വരാൻ പറഞ്ഞു. സമാധി ദിവസമായ നാലാം തീയതി രാത്രി അറയിൽ നിന്നും പുറത്തു വന്നു, ധരിച്ചിരുന്ന സാൽവയും മറ്റും മാറ്റി കൗപീനം മാത്രം ധരിച്ചു ശ്മശാനത്തിലേക്കു പോകാനായി ഭാവിച്ചു. കുടുംബാംഗങ്ങൾ ആ രാത്രി ശ്മശാനത്തിൽ പോകാൻ തടസ്സം നിന്നതിനാൽ അവിടെവെച്ചു തന്നെ ഉടനെ കർപ്പൂരദീപം ജ്വലിപ്പിക്കാൻ മകനോടാവശ്യപ്പെടുകയും ചെയ്തു. ഗുരുസ്തോത്രമായ മാണിക്യവാചകരുടെ "തിരുഅണ്ഡപ്പതികം" ചൊല്ലിത്തുടങ്ങി. മകൻ തട്ടത്തിൽ ധാരാളം കർപ്പൂരം ഇട്ടു കത്തിച്ചു സ്വാമികളുടെ മുന്നിൽ കൊണ്ടുചെന്നു. സ്വാമികൾ സ്തോത്രം ചൊല്ലിത്തീർന്നയുടൻ രണ്ടു കൈകളും ഉയർത്തി പഞ്ചാക്ഷരമന്ത്രത്തെ ഉച്ചരിച്ചിട്ടു കൈകൾ തിരികെ തുടമേൽ വച്ചു മഹാസമാധിസ്ഥനാവുകയാണുണ്ടായത്.ജീവസമാധിയാണിത്.
ഈ സമയം സൗരഭ്യം തുളുമ്പുന്ന ഒരു ദിവ്യപ്രകാശം തൈയ്ക്കാട്ടെ ഔദ്യോഗിക വസതിയിൽ നിറയുകയും കൊല്ലത്തമ്മ, സ്വയം പ്രകാശയോഗിനിയമ്മയുൾപ്പടെ അവിടെ കൂടിയിരുന്ന അനേകം ആളുകൾ ആനന്ദ നിർവൃതിയിൽ മുഴുകയും ചെയ്തു. ഈ സംഭവത്തെ ശ്രീ.കുമാരനാശാൻ വിവേകോദയം മാസികയിൽ (1084, കർക്കിടകം) വിവരിച്ചിട്ടുണ്ട്.
പിറ്റേ ദിവസം മകം നക്ഷത്രത്തിൽ (1084 കർക്കിടകം 4) എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോകിക ബഹുമതികളോടെ, ദിവ്യകല്പമായി തീർന്ന ആ ദൗതിക ശരീരത്തെ വിധിപ്രകാരം സമാധിയിരുത്തി.

ഗുരുമഹിമ

പുനരാവർത്തിരഹിതമായ കൈവല്യമുക്തിയാണു മനുഷ്യജന്മത്തിൻ്റെ ആത്യന്തികമായ ലക്ഷ്യം. 
ഈ ലക്ഷ്യം കൈവരിക്കാൻ 
ഒരു പക്ഷേ, കോടിജന്മങ്ങൾ വേണ്ടിവരും. ഉത്തമ ഗുരുപരമ്പരയിൽ വരികയും സമ്പ്രദായപ്രകാരം ദീക്ഷനേടി യോഗസാധനകൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്കു ഇതു നിഷ്പ്രയാസം സാധിച്ചേക്കും. ഗുരുവാകുന്നു ഒരുവനു ആത്മപ്രകാശം തെളിച്ചു നൽകുന്നത്. യക്ഷഗന്ധർവ്വ സിദ്ധാദികളും ദേവതകളും കൂടി മോക്ഷത്തിനു ഗുരുവിനെ സമീപിക്കുകയും ചെയ്യുന്നു. ഋഷിമാരുടെ കഥകൾ കേൾക്കുക, അവരുടെ തൃപ്പാദപൂജ ചെയ്യുക, അവരെ ഭക്ത്യാദരങ്ങളോടെ സേവിക്കുക വഴി എല്ലാ പാപങ്ങളും കഴുകിപ്പോകും.
പതിനാലുലോകങ്ങളിലും 
ഗുരുവല്ലാതെ മറ്റൊരു രക്ഷകനുമില്ല. ശരണാഗതരുടെ നിത്യശരണ്യനായ അയ്യാഗുരുസ്വാമി തിരുവടികളുടെ തൃപ്പാദങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ശരണം പ്രാപിക്കുന്നവർക്കു ക്രമേണ ആത്മജ്ഞാനം പ്രാപ്തമാകും.


ഗുരുവായൂർ ഭജനമിരിക്കൽ

ഗുരുവായൂർ ഭജനമിരിക്കൽ

ലോകവൈകുണ്ഠമെന്ന ഖ്യാതി നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നവര്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.

ഗുരുപവനപുരിയില്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.

അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയന്‍ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരില്‍ ഭജനമിരിയ്ക്കാന്‍ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലില്‍ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തില്‍ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനര്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം. 

മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരില്‍ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.

മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.

അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോള്‍ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂര്‍.

കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങള്‍ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂര്‍. പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് നടതുറക്കുക. പന്ത്രണ്ട്ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. ഇതോരോന്നും ദര്‍ശിക്കുന്നത് മഹാപുണ്യദര്‍ശനം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.

ദേവന്മാർ

ദേവന്മാർ 

അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന) വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം, സ്വർഗത്തിനും ദേവന്മാർക്കും പര്യായങ്ങൾ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്.

അമരാ നിർജ്ജരാ ദേവാ- സ്ത്രിദശാ വിബുധാസ്സുരാഃ സുപർവാണസ്സുമനസഃ
ത്രിദിവേശാ ദിവൌകസഃ ആദിതേയാ ദിവിഷദോ ലേഖാ അദിതിനന്ദനാഃ
ആദിത്യാ ഋഭവോ സ്വപ്നാ അമർത്യാ അമൃതാന്ധസഃ ബർഹിർമുഖാഃ
ക്രതുഭുജോ ഗീർവാണാ ദാനവാരയഃ വൃന്ദാരകാ ദൈവതാനി പുംസി വാ ദേവതാ സ്ത്രിയാം.

ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് ഗണദേവതകൾ അഥവാ സംഘദേവതകൾ. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയിൽ വിവരിക്കുന്നുണ്ട്:

വസുക്കൾ - 8
വിശ്വദേവന്മാർ - 10
രുദ്രന്മാർ - 11
സാധ്യന്മാർ - 12
ആദിത്യന്മാർ - 12
തുഷിതന്മാർ - 36
അനിലന്മാർ - 49
ആഭാസ്വരന്മാർ - 64
മഹാരാജികന്മാർ - 220

എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടിൽ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടർ ഉണ്ട്. 

1. വിദ്യാധരന്മാർ
2. അപ്സരസ്സുകൾ
3. യക്ഷന്മാർ
4. രക്ഷസ്സുകൾ
5. ഗന്ധർവന്മാർ
6. കിന്നരന്മാർ
7. പിശാചന്മാർ
8. ഗുഹ്യകന്മാർ
9. സിദ്ധന്മാർ
10. ഭൂതങ്ങൾ 
എന്നിവരാണ് ആ പത്തുകൂട്ടർ.

സ്വർഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും അസുരന്മാരും നിരന്തരം മത്സരിച്ചിരുന്നതായി പുരാണങ്ങൾ രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ കശ്യപന് ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്.

കിഴക്ക് - ഇന്ദ്രൻ
തെക്കു കിഴക്ക് - അഗ്നി
തെക്ക് - യമൻ
തെക്കുപടിഞ്ഞാറ് - നിരൃതി
പടിഞ്ഞാറ് - വരുണൻ
വടക്കു പടിഞ്ഞാറ് - വായുദേവൻ
വടക്ക് - കുബേരൻ
വടക്കുകിഴക്ക് - രുദ്രൻ 
എന്നിവരാണ് അവർ. 

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളിൽ മാനിക്കപ്പെടുന്നവരാണ്. സർവവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കർമങ്ങൾ നടത്തുന്നതിന്റെ പേരിൽ മൂന്നായി സങ്കല്പിച്ച് ഭക്തന്മാർ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.

മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവർക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവർക്ക് സാധിക്കുമത്രെ. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാർ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തിൽ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.

26 May 2022

നിഗൂഢ രഹസ്യങ്ങളുടെ കൊടുമുടി

നിഗൂഢ രഹസ്യങ്ങളുടെ കൊടുമുടി

ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം, ബോണ്‍പു മതം എന്നിങ്ങനെ വിവിധ മതങ്ങളിലെല്ലാം വിശിഷ്ടമെന്നു കരുതുന്ന പര്‍വ്വതമാണ് കൈലാസ പര്‍വ്വതം. ഭൂമിയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി വരെ കീഴടക്കിയ മനുഷ്യന് ഇതുവരെ കടന്നു ചെല്ലാന്‍ കഴിയാത്ത നിഗൂഢതകൂടിയാണ് കൈലാസ പര്‍വ്വതം. ഇന്നുവരെ മനുഷ്യന്റെ മുന്നില്‍ തലകുനിച്ചിട്ടില്ല എന്ന ഖ്യാതിയും അവകാശപ്പെടാന്‍ കഴിയുന്ന ഒരേയൊരു ഭൂമിയിലെ പര്‍വ്വതവും കൈലാസ പര്‍വ്വതമാണ്.

ഒരേ സമയം വിശ്വാസവും ശാസ്ത്രവും ചരിത്രവുമൊക്കെയായി മനുഷ്യനെ ഇന്നും അത്ഭുതപ്പെടുത്തുകയും നിഗൂഢ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ഒരു പേരായി മാറുകയാണ് കൈലാസം. വിശ്വാസിയ്ക്ക് അത് ആത്മീയതയുടെ അവസാന വാക്കാണെങ്കില്‍ ശാസ്ത്രജ്ഞര്‍ക്കും അതുപോലെ പര്യവേഷകര്‍ക്കും ഗവേഷകന്‍മാര്‍ക്കുമൊക്കെ ഇന്നും കീഴടക്കാന്‍ കഴിയാത്ത കൊടുമുടിയും രഹസ്യങ്ങള്‍ അടങ്ങുന്ന നിഗൂഢതകളുമാണ് കൈലാസ പര്‍വ്വതം.

കൈലാസ പര്‍വ്വതം എല്ലാകാലവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ അവരുടെ ഏറ്റവും നല്ല കാലഘട്ടത്തില്‍ അന്നടക്കി ഭരിച്ചിരുന്ന അവിടെയുള്ള ഭരണാധികാരികളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥമാരും അതുപോലെ തന്നെ രഹസ്യാന്വേഷണ എജന്‍സികളുമൊക്കെ കൈലാസ പര്‍വ്വതമടങ്ങുന്ന ടിബറ്റന്‍ മേഖല തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായി ആധിയായി ആഗ്രഹിച്ചിരുന്നു. കൈലാസവും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ടിബറ്റന്‍ വിശ്വാസങ്ങളും ഹിന്ദു മാത വിശ്വാസങ്ങളും ഒക്കെ ഒരു പരിധി വരെ എന്തെങ്കിലുമൊക്കെ സത്യമുണ്ടോ എന്നറിയാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്നവര്‍. അതുപോലെ തന്നെയാണ് പിന്നീട് ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലറും ഈ പറയുന്ന ടിബറ്റന്‍ മേഖലയിലെ കൈലാസ പാര്‍വ്വതവും അവിടെ ഉള്‍പ്പെടുന്ന മേഖലയിലും എന്തൊക്കെയോ നിഗൂഢതകള്‍ ഉണ്ടെന്ന് വിശ്വസിച്ചതായി ചരിത്ര രേഖകളില്‍ പറയുന്നുണ്ട്.
ഒരേ സമയം തന്നെ ടിബറ്റിലേക്ക് രഹസ്യമായും പരസ്യമായുമൊക്കെ തങ്ങളുടെ അനുജരന്‍മാരെ അയച്ചിട്ടുമുണ്ട് ഹിറ്റ്ലര്‍. അതുപോലെ തന്നെ സോവിയറ്റ് യൂണിയനും. ഈ രണ്ടു രാജ്യങ്ങളും അതിയായി വിശ്വസിച്ചിരുന്നു അവിടെ എന്തൊക്കെയോ അമൂല്യമായത് ഉണ്ടെന്ന്. ഹിമാലയന്‍ പര്‍വ്വതങ്ങള്‍ എന്നും നിഗൂഢതകളുടേതാണ് ശംബാല എന്ന രാജ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ആളാണ് ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല, ഹിറ്റ്‌ലര്‍ മാത്രമല്ല സോവിയറ്റ് യൂണിയനും വിശ്വസിച്ചിരുന്നു. അങ്ങനെ ഒരു രഹസ്യ രാജ്യം അവിടെ ഉണ്ടായിരിക്കാമെന്ന് സത്യത്തില്‍ ഈ ടിബറ്റന്‍ മേഘലയും കൈലാസ പര്‍വ്വതവും തങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു ബ്രിട്ടീഷുകാരും. അതിനു പല ശ്രമങ്ങളും ബ്രിട്ടീഷുകാര്‍ നടത്തിയിട്ടുണ്ട് സോവിയറ്റ് യൂണിയനും നടത്തിയിട്ടുണ്ട്.

1812 മുതല്‍ വിദേശ പര്യവേശക സംഘങ്ങള്‍ കൈലാസ് മാനസരോവര്‍ മേഖലകളില്‍ പാര്യടനം നടത്താന്‍ ശ്രമിച്ചിരുന്നു അന്നുവരെ ലോക ഭൂപടത്തില്‍ ഈ പ്രദേശങ്ങള്‍ ശൂന്യമായിട്ടാണ് കിടന്നിരുന്നത് എന്ന് കൂടി ഓര്‍ക്കുക. വിശദമായൊരു സര്‍വേയിലൂടെ ആ ശൂന്യത നികത്തുക എന്നതായിരുന്നു പ്രത്യക്ഷത്തില്‍ അവര്‍ മുന്നോട്ട് വെച്ച ആശയം പക്ഷെ അതിന്റെ പിന്നില്‍ ഒരുപാട് സ്വാര്‍ഥ താല്പര്യങ്ങളുമുണ്ടായിരുന്നു. നിഗൂഢതകള്‍ നിറഞ്ഞ ഈ മണ്ണ് എന്താണ്, ഈ പാര്‍വ്വതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ എന്താണ്? ഇത് കണ്ടെത്തുക എന്നതുതന്നെയാണ് ബ്രിട്ടീഷുകാരന്റെയും ലക്ഷ്യം.

1816 ല്‍ വില്യം വെബ് എന്ന ബ്രിട്ടീഷ് സര്‍വേയര്‍ ടിബറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ല. 1846 ലും അവര്‍ അവരുടെ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു പിന്നീട് പല തവണ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ മേഖലയില്‍ നിന്ന് കുറച്ചെങ്കിലും വിവരങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചത്. പക്ഷെ അപ്പോഴും പ്രധാനപ്പെട്ട കൈലാസ പര്‍വ്വതത്തിലേക്ക് എത്തിപ്പെടാനോ അവിടെയുള്ള ഹിമാലയത്തിലെ രഹസ്യങ്ങള്‍ എന്തൊക്കെയെന്ന് എല്ലാ അര്‍ഥത്തില്‍ തിരിച്ചറിയാനോ അവര്‍ക്ക് കഴിഞ്ഞില്ല. പലരും പറയുന്നുണ്ട് സാറ്റലൈറ്റുകളുണ്ടല്ലോ എത്രയും ടെക്നോളജി പുരോഗമിച്ചിട്ടില്ലേ പിന്നെയും എന്തുകൊണ്ടാണ് നമുക്കിതൊന്നും കണ്ടെത്താന്‍ കഴിയാത്തതെന്ന്. സത്യത്തില്‍ നമ്മള്‍ കയ്യിലുണ്ടെന്ന് വിശ്വസിക്കുന്ന നമ്മുടെ കണ്ടുപിടിത്തങ്ങള്‍ ഒന്നും എല്ലാ തരത്തിലും പൂര്‍ണ്ണത കൈവരിക്കാന്‍ കഴിയുന്ന ഒന്നല്ല. അതായത് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നു പറയുന്നത് ശരിയാണ് പക്ഷെ അതെ മനുഷ്യനാണ് ഈ ഭൂമിയിലെ കൈലാസ പര്‍വ്വതത്തിന്റെ കൊടുമുടി കീഴടക്കാന്‍ കഴിയാത്തത്.
പ്രകൃതി വളരെ വിചിത്രമാണ് ഭൂമിക്കടിയിലെ നിഗൂഢതകളെ കുറിച്ചോ കടലിന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നിഗുഢതകളെ കുറിച്ചോ മനുഷ്യനിന്ന് കൃത്യമായി ഒന്നും തന്നെ അറിയില്ല. ആ സ്ഥിതിക്ക് നമ്മള്‍ ടെക്നോളജിയെ കൂട്ടുപിടിച്ച്‌ അത് ചെയ്യാന്‍ കഴിയില്ലേ എന്ന് ചോദിക്കുന്നത് സത്യത്തില്‍ മൂഢത്വം മാത്രമാണ്. കൈലാസ പര്‍വ്വതം ഉള്‍പ്പെടുന്ന അല്ലെങ്കില്‍ ഉയര്‍ന്ന മല മേഖലകളില്‍ ഒന്നുംതന്നെ പലയിടങ്ങളിലും മനുഷ്യന്റെ വാഹനങ്ങള്‍ക്ക്, ഹെലികോപ്റ്ററുകള്‍ക്ക്, വിമാനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനു പോലും പരിമിതികളുണ്ട് പ്രയാസങ്ങളുണ്ട് ബുദ്ധിമുട്ടുകളുണ്ട്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പോലും പലപ്പോഴും മലഞ്ചരിവുകളില്‍ തകര്‍ന്നുവീഴുന്നതും ഇത്തരത്തില്‍ ഭൂമി കരുതി വെച്ചിരിക്കുന്ന നിഗൂഢതകളുടെ ഭാഗാമാണ്. യന്ത്ര താകരാറെന്ന് പറഞ്ഞു എഴുതി തള്ളപെടുമ്ബോള്‍ അവിടെ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയാതെ അത് തേഞ്ഞുമാഞ്ഞു പോകുന്നു. ഇതിന് പിന്നില്‍ അന്വേഷണം നടത്താനുള്ള സാഹചര്യമോ ടെക്നോളജിയോ പോലും ഇന്ന് ലോകത്ത് ആരുടെ കൈവശവുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഹിമാലയമൊക്കെ മനുഷ്യന്‍ അടക്കി ഭരിക്കുമായിരുന്നില്ലേ.

പ്രകൃതിയുടെ പല സൗകര്യങ്ങളോടും നമുക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കൊടും തണുപ്പിനെ അതിജീവിച്ച്‌ നിലനില്‍ക്കുന്നതിനും പരിമിതികളുണ്ട് ഇന്നും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്ന പാതിപേരും ജീവന്‍ നഷ്ടമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കൈലാസം എന്ന പേരുകേള്‍ക്കാത്ത ആരും ഒരുപക്ഷെ ഉണ്ടാവില്ല പ്രപഞ്ചത്തിന്റെ അച്യുതണ്ടായ മഹാമേനു പര്‍വ്വതത്തിന്റെ കൂര്‍ദ്ധ രൂപമാണ് കൈലാസമെന്നാണ് വിശ്വാസം. താമരയുടെ ഇലകള്‍ പോലുള്ള വലുതും ചെറുതുമായ പര്‍വ്വത നിരയ്ക്ക് നാടുവിലായിട്ടാണ് കൈലാസത്തിന്റെ നില്‍പ്പെന്ന പറയപ്പെടുന്നു. മഞ്ഞുമൂടി നില്‍ക്കുന്ന കൈലാസം സൂര്യ രശ്മികളേറ്റ് തിളങ്ങുമ്ബോള്‍ താമരയിലിരിക്കുന്ന രത്നം പോലെ തോന്നുന്നു എന്നാണ് കവി ഭാവന. എന്നാല്‍ അതെ സമയം വിശ്വാസ പ്രകാരം ചിന്തിച്ചാല്‍ ഇപ്പോള്‍ ഈ കാണുന്നതല്ല യഥാര്‍ത്ഥ കൈലാസ പര്‍വ്വതം എന്നാണ് പറയപ്പെടുന്നത്. ശംബാല എന്ന് പറയപ്പെടുന്ന സ്ഥലത്താണത്രെ യഥാര്‍ത്ഥ കൈലാസം സ്ഥിതി ചെയ്യുന്നത് ആധ്യാത്മിക തേജസും യോഗ ശക്തികളുമില്ലെങ്കില്‍ അവിടെ ചെന്നെത്താന്‍ കഴിയില്ലേ എന്നാണ വിശ്വാസം. എന്നാല്‍ ഇപ്പോള്‍ നാം കൈലാസാം എന്ന് പേരിട്ടു വിളിക്കുന്ന പര്‍വ്വതവും അതിനോട് ചേര്‍ന്നുള്ള ചില പര്‍വ്വതവും ചേര്‍ന്നുള്ള കൈലാസ നിരകള്‍ ഹിമാലയത്തിന്റെ ഭാഗം തന്നെയാണ്.

ഹിമാലയങ്ങളില്‍ നിന്നും ഒരല്‍പം അകന്ന് പടിഞ്ഞാറന്‍ ടിബറ്റിന്റെ ഏകാന്തമായ ഒരു പ്രദേശത്തു ഏറെക്കുറെ ഒറ്റപ്പെട്ടാണ് അത് നിലനില്‍ക്കുന്നത്. ബുദ്ധ മത പുരാണങ്ങളിലും, ജൈന മത പുരാണങ്ങളിലും, ഹിന്ദു മത പുരാണങ്ങളിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൈലാസ പര്‍വ്വതത്തെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്. ഹിന്ദു മത പുരാണത്തില്‍ ഇത് ശിവന്റെ വാസസ്ഥലം എന്ന പേരിലാണ് അറിയപ്പെടുന്നത് ദീന മതത്തില്‍ കൈലാസ പര്‍വ്വതത്തെ അഷ്ടപത പര്‍വ്വതം എന്ന പേരിലാണ് അറിയപ്പെടുന്നത്. മോക്ഷ പ്രാപ്തിക്ക് വേണ്ടി തന്നെയാണ് തപസുചെയ്യാന്‍ അവരും കൈലാസ പര്‍വതത്തെ തിരഞ്ഞെടുക്കുന്നത് കൈലാസ യാത്ര പുണ്യമായിട്ടാണ് അവര്‍ കരുതുന്നത്.
അതെ സമയത്ത് ബുദ്ധ മതത്തില്‍ താന്ത്രിക ബുദ്ധ മത അനിയായികള്‍ കൈലാസ പര്‍വ്വതത്തെ ചക്ര സംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റെബോച്ചിയുമായി കൈലാസ പര്‍വ്വതത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈന മത വിശ്വാസികള്‍ക്ക് കൈലാസ പര്‍വ്വതം അറിവിന്റെ ആദ്യ ഗുരു കൂടിയാണ്. ചുരുക്കി പറഞ്ഞാല്‍ മതങ്ങളില്‍ വളരെ പവിത്രമെന്ന് പറഞ്ഞാല്‍ മോക്ഷം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഒരു പ്രദേശമാണ് ഒരു പര്‍വ്വതമാണ് കൈലാസം പര്‍വ്വതം. അതെ സമയത്ത് ശാസ്ത്രിയമായിട്ട് എന്തുകൊണ്ടാണ് ഈ പര്‍വ്വതത്തെ മനുഷ്യന് കീഴടക്കാന്‍ കഴിയാത്തത് എന്ന് കൂടി നോക്കാം. മത വിശ്വാസികളുടെ അഭിപ്രായത്തില്‍ അവര്‍ പറയുന്നത് ദൈവത്തിന്റെ സന്നിധി ആയതുകൊണ്ട് തന്നെ അവിടെ അങ്ങനെ പെട്ടന്ന് എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല എന്നാണ്. കൊടും തപസ്സില്‍ ഏര്‍പ്പെടുന്ന സന്യാസിമാര്‍ക്കും യോഗിവര്യന്മാര്‍ക്കും ഒക്കെയാണത്രെ കൈലാസ പര്‍വ്വതത്തില്‍ എത്തിപ്പെടാന്‍ കഴിയുക. എന്നാല്‍ ഭൂമി ശാസ്ത്രപരമായി ചില കാര്യങ്ങള്‍ കൂടി നമുക്ക് നോക്കാം, ഗ്വാട്ട്വാര എന്ന ഇന്ത്യന്‍ ഭൂഫാലകവും പൂര്‍വ്വേഷ്യ ഫലകവും കൂട്ടിയിടിച്ചാണ് പര്‍വ്വത നിരകലുണ്ടായത് എന്നാണ് ഭൂമി ശാസ്ത്രപരമായ സിദ്ധാന്തം ഇതിന്റെ പാളികളില്‍ നിന്നാണ് കൈലാസവും ഉണ്ടായതെന്ന് കരുതുന്നു.സിന്ധു സാങ്‌പോ അരികു പാളി എന്നാണ് അറിയപ്പെടുന്നത് ഇതിന്റെ വടക്കന്‍ ഫലകം വളഞ്ഞ് ഉയര്‍ന്നാണ് കൈലാസം രൂപം കൊണ്ടതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ഭൂഫലകങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ ഇന്ത്യയുടെയും പൂര്‍വ്വേഷ്യയുടെയും നടുക്കുണ്ടായിരുന്ന ടെത്തിയന്‍ കടലിന്റെ ഭൂരി ഭാഗവും ഈ ഭൂപാളിയില്‍ നിന്നും പിന്‍വാങ്ങി ഈ ഭാഗങ്ങളെല്ലാം പണ്ട് കടലിന്റെ അടിയിലായിരുന്നുവെന്ന് കണക്കാക്കുന്നു. കൈലാസത്തിനും മനസരോവരത്തിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കടല്‍ കക്കകളുടെ അവശിഷ്ടങ്ങളും സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും മറ്റും കാണപ്പെടുന്നത് ഇതുകൊണ്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൈലാസത്തിന്റെ വടക്കന്‍ സമതലങ്ങളില്‍ ഇപ്പോഴുമുണ്ട് ചില ഉപ്പുതടാകങ്ങള്‍ ടിബറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അലി എന്ന പ്രദേശത്താണ് ഹിമാലയവും കൈലാസ നിരകളും സ്ഥിതി ചെയ്യുന്നത്. കൈലാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗങ്ങളില്‍ പര്‍വ്വതാരോഹര്‍ക്ക് പോലും എത്തിച്ചേരാന്‍ സാധ്യമല്ല.
1926 ല്‍ കൈലാസത്തിന്റെ വടക്കു ഭാഗത്തെ കുറിച്ച്‌ വിശദമായ പഠനങ്ങള്‍ ഉണ്ടായിരുന്നു ഏതാണ്ട് വടക്കു ഭാഗം 6000 അടി കയറുക തികച്ചും ദുഷ്കരമാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് 1936 ല്‍ ഹെര്‍ബര്‍ട്ട് ടിച്ചി കൈലാസ പര്‍വ്വതം കയറുവാന്‍ ശ്രമം നടത്തിയിരുന്നു പക്ഷെ പല സ്ഥലത്തു നിന്നും അദ്ദേഹത്തിന് ലഭിച്ച ഉത്തരം സര്‍വ്വസങ്ക പരിത്യാഗ്യായ ഋഷികള്‍ക്ക് മാത്രമേ കൈലാസ പര്‍വ്വതം കീഴടക്കാന്‍ കഴിയുകയെന്നായിരുന്നു. പിന്നീട് 1980 ല്‍ ചൈന ഗവണ്‍മെന്റെ ഹാള്‍ട്ട് മെസന്നാര്‍ എന്ന പര്‍വ്വതാരോഹന് അനുവാദം നല്‍കിയിരുന്നു. പിന്നീട് 2001ല്‍ ഒരു സ്പാരീസ് സംഘത്തിന് അനുവാദം നല്‍കിയെങ്കിലും അവരും പരാജയപ്പെട്ടു. ഇതിനിടയില്‍ വീരവാദം പറഞ്ഞ് പര്‍വ്വതം കീഴടക്കാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി പലരും കാണാതാവുകയും ചെയ്തു. തുടര്‍ന്ന് നിവര്‍ത്തികെട്ട് ചൈന അങ്ങോട്ട് പര്‍വ്വതാരോഹണം നിരോധിക്കുകയും ചെയ്തു.

ശാസ്ത്രിയ പഠനങ്ങളെല്ലാം പറയുന്നത് ഇന്നും മനുഷ്യന് കൈലാസ പര്‍വ്വതത്തിന്റെ ഉയരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല എന്ന് തന്നെയാണ്. എവറസ്ററ് കൊടുമുടി കീഴടക്കിയ മനുഷ്യന് ഇപ്പോഴും കൈലാസത്തില്‍ എതാന്‍ കഴിയാത്തത് ദുഷ്‌പേര് തന്നെയാണ്. പക്ഷെ അപ്പോഴും ഭൂമിയും പ്രകൃതിയും വിചിത്രമാണ് എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ പലതും ഇപ്പോഴും നേടാന്‍ കഴിഞ്ഞിട്ടില്ലായെന്നും ഇനിയും പലതും ബാക്കിയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയുമാണ് കൈലാസ പര്‍വ്വതം.

രഥസപ്തമി - ചരിത്രവും മഹത്വവും

രഥസപ്തമി - ചരിത്രവും മഹത്വവും

മാഘ മാസത്തിലെ വെളുത്ത പക്ഷ സപ്തമിയാണ് രഥസപ്തമി എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യ ഭഗവാനെ പൂജിക്കുകയും സൂര്യനാരായണനോട് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്. 

അനേകം രത്നങ്ങൾ പതിപ്പിച്ച സർണത്തിന്റെ രഥത്തിൽ സൂര്യ ഭഗവാൻ വിരാജിക്കുന്ന ദിവസമാണ് രഥസപ്തമി ആയി ആഘോഷിക്കുന്നത്. സാധന ചെയ്യുവാനായി സൂര്യ ദേവന് സ്ഥിരമായി ഒരിടത്തു തന്നെ നിൽക്കേണ്ടി വരുന്നതുകൊണ്ട് അദ്ദേഹത്തിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലായിരുന്നു. കാലുകൾ കഴയ്ക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ സാധനയിൽ വിഘ്നം വരാൻ തുടങ്ങി. അന്നേരം അദ്ദേഹം പരമേശ്വരനോട് ഇരിക്കുന്നതിനായുള്ള വ്യവസ്ഥ ചെയ്തു തരാനായി അഭ്യർഥിച്ചു. ഞാൻ ഇരുന്നാൽ എന്റെ വേഗത ആര് നിയന്ത്രിക്കും, എന്നും അദ്ദേഹം പരമേശ്വരനോട് ചോദിച്ചു. അപ്പോൾ, സൂര്യദേവന് ഇരിക്കുന്നതിനായി പരമേശ്വരൻ ഏഴ് അശ്വങ്ങളുള്ള സ്വർണ്ണത്തിന്റെ രത്നങ്ങൾ പതിപ്പിച്ച രഥം നൽകി. സൂര്യദേവൻ രഥത്തിൽ ഇരുന്ന ദിവസമാണ് രഥസപ്തമി, അതായത് ഏഴ് കുതിരകളുള്ള രഥം.

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി. ശ്രീവിഷ്ണുവിന്റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ. പ്രപഞ്ചത്തെ തന്റെ തേജസ്സാർന്ന രൂപത്തിലൂടെ പ്രകാശമയമാക്കുന്ന സൂര്യദേവൻ കാരണമാണ് ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കുന്നത്.
സൂര്യൻ ഉത്തരായണത്തിലാണ് എന്ന് സൂചിപ്പിക്കുന്ന ദിവസമാണ് രഥസപ്തമി.
സൂര്യൻ ഉത്തരായണത്തിൽ സ്ഥിതി ചെയ്യുന്ന കാര്യത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് രഥസപ്തമി. ഉത്തരായണം എന്നാൽ വടക്ക് ദിശയിലൂടെ സഞ്ചരിക്കുക. ഉത്തരായണത്തിൽ സൂര്യൻ വടക്കേ ഭാഗത്തേക്ക് തിരിഞ്ഞിരിക്കും. ശ്രീ സൂര്യനാരായണൻ തന്റെ രഥം വടക്കുള്ള അർദ്ധഗോളത്തിൽ തിരിഞ്ഞിരിക്കുന്നു എന്നതാണ് രഥസപ്തമിയെ കുറിച്ച് സങ്കൽപിക്കുന്നത്. രഥസപ്തമി കൃഷിക്കാർക്ക് വിളവിന്റെ ഉത്സവമാണ്. തെക്കൻ ഭാരതത്തിൽ ക്രമേണ വർദ്ധിക്കുന്ന താപനിലയെയും സൂചിപ്പിക്കുന്നു. ഇതോടൊപ്പം വസന്തഋതു അടുക്കുന്നതിനെയും ഈ ഉത്സവം സൂചിപ്പിക്കുന്നു.

സൂര്യൻ ജീവൻ പ്രദാനം ചെയ്യുന്ന അടിസ്ഥാന സ്രോതസ്സ്

ജീവന്റെ അടിസ്ഥാന സ്രോതസ്സ് സൂര്യനാണ്. സൂര്യകിരണങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ ഊർജ്ജവും വിറ്റാമിൻ ഡിയും ലഭിക്കുന്നു. കാലത്തെ കണക്കാക്കുന്നത് സൂര്യനിലൂടെയാണ്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവും നവഗ്രഹങ്ങളിൽ ഒരു ഗ്രഹവുമാണ്. സൂര്യൻ മധ്യഭാഗത്ത് സ്ഥിരതയോടെ നിൽക്കുകയും ബാക്കി ഗ്രഹങ്ങൾ സൂര്യന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. സൂര്യൻ സ്വയം പ്രകാശിയാണ്, മറ്റു ഗ്രഹങ്ങൾ സൂര്യനിൽ നിന്നും പ്രകാശം സ്വീകരിക്കുന്നു.

ഹിന്ദു ധർമത്തിൽ സൂര്യന്റെ ഉപാസനയ്ക്കുള്ള മഹത്ത്വം

ഹിന്ദു ധർമത്തിൽ സൂര്യന്റെ ഉപാസനയ്ക്ക് വളരെയധികം മഹത്ത്വമുണ്ട്. സൂര്യന് നിത്യവും വെളുപ്പിനെ അർഘ്യം നൽകുന്നതിലൂടെ അന്ധകാരം ഇല്ലാതായി ലോകത്തെ പ്രകാശമയ മാക്കുവാനുള്ള ബലം സൂര്യന് പ്രാപ്തമാകുന്നു. (ഭക്തന്റെ ഉപാസനയിലൂടെ ഭഗവാന്റെ വിഗ്രഹം എപ്രകാരമാണോ ജാഗൃതമാകുന്നത്, അതുപോലെയാണിത്.)

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യന്റെ മഹത്ത്വം

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യൻ ആത്മാകാരകമാണ്. മനുഷ്യ ശരീരത്തിലെ പ്രാണൻ, ആത്മീയ ബലം, ചൈതന്യശക്തി ഇവയുടെ ബോധം അതായത് ആത്മബോധം അവന് സൂര്യനിൽ നിന്നും ഉണ്ടാകുന്നു. വ്യക്തിയുടെ ജാതകത്തിൽ രവി (സൂര്യൻ) എത്ര ശക്തിയുള്ളതാണോ, അത്രയും ആ വ്യക്തിയുടെ ആത്മബലവും രോഗ പ്രതിരോധശക്തിയും കൂടുതലായിരിക്കും. രാജാവ്, പ്രമുഖൻ, ഭരണം, അധികാരം, ദൃഢത, തത്ത്വനിഷ്ഠത, കർതൃത്വം, ആദരവ്, കീർത്തി, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവ സൂര്യന്റെ ഗുണങ്ങളാണ്. സൂര്യദേവന്റെ രഥത്തിലുള്ള ഏഴ് അശ്വങ്ങൾ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ സൂചിപ്പിക്കുന്നു. രഥത്തിനുള്ള 12 ചക്രങ്ങൾ 12 രാശികളെ സൂചിപ്പിക്കുന്നു.

രഥസപ്തമിക്ക് ചെയ്യേണ്ട സൂര്യദേവന്റെ ഉപാസന

രഥസപ്തമി ദിവസം പുലർച്ചെ കുളിച്ച് സൂര്യന്റെ 12 നാമങ്ങൾ ജപിച്ച് കുറഞ്ഞത് 12 തവണ സൂര്യനമസ്കാരം ചെയ്യുക. പലകയിൽ രഥത്തിലിരിക്കുന്ന സൂര്യനാരായണന്റെ രൂപം വരച്ച് അതിനെ പൂജിക്കുക. ചുവന്ന പൂക്കൾ അർപ്പിക്കുക. സൂര്യ ഭഗവാനോട് പ്രാർഥിച്ചതിനു ശേഷം ആദിത്യഹൃദയസ്തോത്രം, സൂര്യാഷ്ടകം, സൂര്യകവചം, എന്നിവയിലെ ഒരു സ്തോത്രം ഭക്തിഭാവത്തോടു കൂടി ചൊല്ലുക അഥവ കേൾക്കുക. രഥസപ്തമിക്ക് ആസക്തികളിൽ പെടാതിരിക്കുക. രഥസപ്തമിയുടെ അടുത്ത ദിവസം മുതൽ നിത്യവും സൂര്യദേവനോട് പ്രാർഥിക്കുക, സൂര്യനമസ്കാരം ചെയ്യുക. അതിലൂടെ ഉത്തമ ആരോഗ്യം ലഭിക്കുന്നു.
രഥസപ്തമി ആഘോഷിക്കേണ്ട വിധം
ഈ ദിവസം ലോക സൂര്യനമസ്കാര ദിനമായും ആഘോഷിക്കുന്നു.
സംസ്കൃതത്തിൽ ഒരു ശ്ലോകം ഉണ്ട് :

ആദിത്യസ്യ നമസ്കാരം യേ കുർവന്തി ദിനേ ദിനേ,
ജന്മാന്തരസഹസ്രേഷു ദാരിദ്യ്രം നോപജായതേ.

അർഥം : സൂര്യനമസ്കാരം ചെയ്യുന്ന വ്യക്തിയുടെ 1000 ജന്മങ്ങളിൽ അയാൾക്ക് ദാരിദ്യ്രം അനുഭവിക്കേണ്ടി വരുകയില്ല.
സൂര്യനമസ്കാരം കിഴക്ക് നിന്ന് അതിരാവിലെ നേരിയ സൂര്യപ്രകാശത്തിന് അഭിമുഖമായി ചെയ്യുക.


ജന്മം എന്നത് അനുഭവങ്ങളാണ്

ജന്മം എന്നത് അനുഭവങ്ങളാണ്

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാ‍ൽ അറിയാനുള്ള ശ്രമത്തിനിടയി‍ൽ ഈ ദേഹം വെടിയെണ്ടിവന്നാൽ‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. 

ഈ ജന്മത്തി‍ൽ അപരിചിതമായ കാര്യങ്ങ‍ൾ ആദ്യകാഴ്ചയിൽ‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാർഗത്തോട്‌ അങ്ങേയറ്റം നീതി പുലർ‍ത്തണം. യോഗ രഹസ്യം അറിയാൻ‍ ആഗ്രഹിക്കുന്നവൻ‍ പോലും കർമഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാൾ‍, ജ്ഞാനികളെക്കാൾ‍, കർമ്മങ്ങളെക്ക‍ൾ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേർന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളി‍ൽ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കർ‍മ്മത്തിലും ചേ‍ർച്ചയുണ്ടാകണം.

തന്നെ അറിയുന്നതിലൂടെ സർവ്വം അറിയുകയാണ് ജ്ഞാനം. 

തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. 

ഈശ്വരനെ കുറിച്ച് “കുറിച്ചറിയ‍ൽ” അസാദ്യമാണ്. ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാൻ പറയുന്നു. 

അത് നീ തന്നെയാണ്. (തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. 

ഇത് കേട്ടവർ‍ അറിവ് ബ്രഹ്മമാണ് എന്നും 
(പ്രജ്ഞാനം ബ്രഹ്മ) 

ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) 

മനനം ചെയ്യുന്നു.

അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി - ഞാൻ‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു.

 ആയിരത്തിൽ‍ ഒരാളെ ഇതിനായി യത്നിക്കുന്നുള്ളൂ. അതിൽ‍ ആയിരത്തി‍ൽ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍

ജനനത്തെ കുറിച്ച് ഭാഗവതത്തില്‍ വിശദമായി, 5000 ൽ പരം വർഷങ്ങൾക്ക് മുൻപേ തന്നെ (ശാസ്ത്രം തീരെ വികസിക്കുന്നതിന് വളരെ മുൻപേ തന്നെ) വിവരിക്കുന്നുണ്ട് .......

ജീവിക്കുമ്പോൾ ജീവിതം എന്തെല്ലാം അറിഞ്ഞില്ലെങ്കിൽ മരണ ശേഷവും ആ വാസന മനസ്സിൽ നിലനില്ക്കും. അത് മൂലം പിന്നെയും ഓരോരോ ആഗ്രഹ സാഫല്യത്തിനും ജന്മം എടുക്കേണ്ടി വരും.

കാരണം ഇത് ഒരു സമസ്യ ആണ്. നാം മരിക്കുമ്പോൾ നമ്മുടെ കർമത്തിലൂടെ സ്വരൂപിച്ച വാസനകൾ ബീജരൂപത്തിൽ മനസ്സിന്റെ അടിത്തട്ടിൽ കിടക്കും. മരണപെടുമ്പോൾ ആ വാസനകൾ അടങ്ങിയ ആത്മാവ് മനുഷ്യ ദൃഷ്ടിക്ക് ദൃശ്യ മല്ലാത്ത രീതിയിൽ കുറെ കാലം നീങ്ങുകയും... പിന്നിട് അനുകൂലമായ സാഹചര്യത്തിൽ ആ വാസനകൾക്കു യോഗ്യം ആയ ഒരു ശരീരത്തി ൽ പ്രവേശിക്കുകയും ചെയ്യുന്നു....

അങ്ങനെ ഒരു മനുഷ്യ ജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ്‌ പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു.

ഒരു രാത്രി ഗര്‍ഭപാത്രത്തില്‍ സംയോജിച്ച്‌ അഞ്ചു ദിവസങ്ങള്‍ കൊണ്ട്‌ അതൊരു ചെറിയ കുമിളയായിത്തീരുന്നു. പത്തുദിവസം കൊണ്ട്‌ ഒരു ഞാവല്‍പ്പഴത്തിന്റെ വലിപ്പവും, ഒരുമാസം കൊണ്ട്‌ തലയും രണ്ടു മാസമാകുമ്പോള്‍ കൈകാലുകളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട്, മറ്റവയവങ്ങളും നാലു മാസത്തില്‍ മാംസ-രക്താദി വസ്തുക്കളും ഉണ്ടാവുന്നു. ആറാം മാസത്തില്‍, ഗര്‍ഭസ്ഥ ശിശു അനങ്ങിത്തുടങ്ങുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നുമൊരംശം സ്വീകരിച്ചു കൊണ്ട്‌ ഏഴാം മാസമാവുമ്പോള്‍ ശിശുവിന്‌ ബോധമുണ്ടാകുന്നു. കൃമികീടങ്ങളുടെ ആക്രമണം സഹിച്ച്‌ നിര്‍ത്താതെ കരയുന്നു/പുളയുന്നു..

ആ സമയത്ത് ഈശ്വര ചിന്തയും ശിശുവിന്റെ മനസ്സിനെ അപഗ്രഥിക്കും എന്നാണ് പറയുന്നത്. സമയമാവുമ്പോള്‍ കുട്ടി പിറക്കുന്നു. ജനനസമയത്തെ വേദനമൂലം പൂര്‍വ്വസ്മൃതികളോ ഭഗവല്‍ സ്മരണയോ കുട്ടിക്കില്ലാതെ പോവുന്നു. മായയാൽ ഭഗവത് ദർശനവും, എടുത്ത പ്രതിജ്ഞയും മറക്കുന്നു എന്ന് ഭാഗവതം....

ഓരോ ജന്മ ഫലം മൂലം പല അവസ്ഥയില്‍ കിടന്ന് കുട്ടി കരയുന്നു. വളരുന്നു... പല അവസ്ഥാ വിശേഷങ്ങളില്‍ അവന്‍ വളരുന്നു. യൗവനത്തിലേക്ക്‌ വളരുമ്പോള്‍ അവന്‍ പല വിധ ആകര്‍ഷണങ്ങള്‍ക്കും അടിമപ്പെടുന്നു. പല തരത്തിലുള്ള മായകളില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

(സ്ത്രീയോ പുരുഷനോ ആകട്ടെ ഈ ജന്മത്തിൽ ആത്മസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നുയാള്‍ എതിര്‍ ലിംഗത്തില്‍ പ്പെട്ടവരുമായുളള സംസര്‍ഗ്ഗം തീർച്ചയായും വര്‍ജ്ജിക്കണം. അല്ലെങ്ങില്‍ സ്വകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചു കൊണ്ട്‌ ജനന-മരണചക്രങ്ങള്‍ തുടരുന്ന അവസ്ഥ വരും.)

സൂക്ഷ്മശരീരം (ജീവാത്മാവ്‌), ഭൗതികശരീരവുമായി ചേരുമ്പോള്‍ ജനനമായി. എന്നാല്‍ അവ ഒന്നായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മരണവുമായി. ബുദ്ധിമാനായ ഒരുവന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഗര്‍ഭവും ഗര്‍ഭ ചിത്രീകരണവും (ഗർഭച്ഛിദ്രം വരെ) വിവാദമാകുന്ന സമയത്ത് മാതൃ- ശിശു ബന്ധത്തിന്റെ ഊഷ്മളതയാണ് പാര്‍ശ്വവല്ക്കരിക്കുന്നത് എന്ന് നാം ഓർക്കണം.

ഗീതയില്‍ ഭഗവാന്‍ അര്‍ജുന നോടു വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്... നീ എന്നും എന്നെ സേവിക്കാന്‍ തയ്യാറായാല്‍ നിന്റെ മരണ സമയത്ത് ഞാന്‍ നിന്റെ ദാസനായി നിന്നെ സേവിക്കും. അത് മാത്രം പോരെ ഒരു ഭക്തനു ആത്മസാക്ഷാൽക്കാരത്തിന്.