ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 May 2021

നാഗസന്യാസിമാർ - 5

നാഗസന്യാസിമാർ - 5

അഘോരികൾ ശ്‌മശാന സാധനയാണ് പൊതുവേ ചെയ്യാറുള്ളതു. രാത്രികാലങ്ങളിലാണ് ഇവരുടെ സാധനകൾ നടക്കുന്നത്. ശവ സാധന നടത്തുന്ന അഘോരികളും ഉണ്ട്. അഘോരികളിൽ ഒരു വിഭാഗം ദുർമന്ത്രവാദവും ചെയ്യാറുണ്ട് എന്നാണ് വിശ്വാസം. ഇത്തരക്കാർ കുംഭമേള സ്നാനത്തിന് വരാറില്ല. പരിശുദ്ധ ജലത്തെ സ്പർശിച്ചാൽ തങ്ങളുടെ മന്ത്രിക സിദ്ധി നഷ്ടപ്പെട്ടുപോകും എന്നാണവരുടെ വിശ്വാസം.

പക്ഷെ പൊതുവിൽ അഘോരികളും നാഗ സന്യാസിമാരും ജനോപകാരപ്രദമായ പ്രവൃത്തികൾ ചെയ്യുന്നവർ ആണ്.

അഘോരി സമ്പ്രദായം ഭാരതത്തിൽ രൂപം കൊണ്ടത് കാശ്മീരിലാണ് എന്ന് വിശ്വസിക്കുന്നു. ബാബാ കിനാരം എന്ന സന്യാസി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആണ് അഘോരി സമ്പ്രദായത്തിനു രൂപം കൊടുത്തതു.  ദത്താത്രേയനാണ് ഇവരുടെ ആദിഗുരു എന്ന് അവധൂത ഗീതയിൽ പറയുന്നു. ദത്രാത്രേയൻ  തൃമൂർത്തികളുടെയും അവതാരമാണെന്നാണ് വിശ്വാസം. അദ്ദേഹം ഗുജറാത്തിലെ ഗിർനാർ പർവതത്തിൽ വച്ചു ബാബ കിനാരാമിന്  ദീക്ഷ നൽകി എന്നും അവധൂത ഗീത പറയുന്നു. ദീക്ഷ നൽകിയതിനു ശേഷം ദത്താത്രേയൻ സ്വന്തം മാംസം ബാബ കിനാരത്തിന്  പ്രസാദമായി നൽകിയത്രേ. (അഘോരികൾ മനുഷ്യമാംസം ഭക്ഷിക്കും എന്ന കഥയുടെ പിന്നിൽ ഇതായിരിക്കാം കാരണം). അതുകൊണ്ടുതന്നെയാണ് ദത്താത്രേയനെ ഇവർ ആദി ഗുരുവായി കണക്കാക്കുന്നത്.

അഘോരികൾ പൊതുവേ മാംസഭുക്കുകളായിരിക്കും. എന്നാൽ നാഗസന്യാസിമാരിൽ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ട്.
അഘോരികൾ തങ്ങൾ ശിവാംശം തന്നെയാണെന്നു വിശ്വസിക്കുന്നു. സ്വഗുരുവിനെ ശിവനായിത്തന്നെയാണ് അവർ കണക്കാക്കുന്നതും. കപാലം (തലയോട്) ഇവർ എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ട് .. പക്ഷെ നാഗ സന്യാസിമാർ ഇത്തരം കാര്യങ്ങളൊന്നും ചെയ്‌തുപോരാറില്ല.

നാഗ സന്യാസിമാർ ഹിമാലയത്തിൽ ജീവിക്കുന്നു എന്നൊരു ധാരണ പൊതുവിലുണ്ട്. പക്ഷെ അവർ സാധാരണയായി സ്വന്തം അഘാടകളിലാണ് താമസിക്കാറുള്ളതു. എല്ലാ സംപ്രദായത്തിലും പെട്ട സന്യാസിമാർ തങ്ങളുടെ സാധനക്കായി ഹിമാലയം തിരഞ്ഞെടുക്കാറുണ്ട്. മനുഷ്യ സഹവാസം ഒഴിവാക്കി പൂർണ സാധനയിൽ മുഴുകാനാണ് അവർ ഹിമാലയത്തെ തിരഞ്ഞെടുക്കുന്നതു. അതി കഠിനമായ തണുപ്പിലും മഞ്ഞിലും ഒരു കൗപീനംധരിച്ചോ അല്ലെങ്കിൽ നഗ്നനായോ സാധനയനുഷ്ഠിക്കുന്ന നിരവധി സന്യാസിമാരെ ഹിമാലയത്തിൽ കാണാം. ഇവർ ഇവിടെ എങ്ങിനെ ജീവിക്കുന്നു എന്നതു നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പ്രാണായാമത്തിന്റേയും യോഗയുടെയും സഹായത്താലാണ് ഇവർ അവിടെ ജീവിക്കുന്നതു.
ശ്രീ എം കെ രാമചന്ദ്രൻ അദ്ദേഹത്തിന്റെ ഹിമാലയൻ യാത്രാ വിവരണങ്ങളിൽ ഇത്തരം നിരവധി സന്യാസിമാരോടൊത്തുള്ള അനുഭവങ്ങൾ രേഖപ്പെടുത്തിയിയിട്ടുണ്ട്.

ഭാരതത്തിലെ സന്യാസി സമൂഹം എന്നും സനാതന ധർമ്മത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുന്നു. ഇതിനായി അവർ ഒരു കൂട്ടായ്മക്കും രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ തലവൻ മഹാ മണ്ഡലേശ്വർ എന്നാണ് അറിയപ്പെടുന്നത്. ദശനാമി സമ്പ്രദായത്തിലെ എല്ലാ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്യാസിമാരും മഹാമണ്ഡലേശ്വറും എല്ലാ കുംഭമേളക്കും യോഗം ചേരുകയും സമാജത്തിലും സന്യാസി സമൂഹത്തിലും നടപ്പിലാക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു തീരുമാനം എടുക്കുകയുമാണ് ചെയ്യുന്നത്.

ഭാരതത്തിന്റെ അടിത്തറ എന്നുപറയുന്നതു ആത്‍മീയതയാണ്. ഈ പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളും താനും ആ ഏകമായ ശക്തിയുടെ അംശംങ്ങൾ തന്നെയാണെന്നും എല്ലാറ്റിലും ആ ചൈതന്യം നിറഞ്ഞിരിക്കുന്നു എന്നുമാണ് സനാതന ധർമ വിശ്വാസം. ഈ ധർമ്മത്തെ ദിശബോധത്തോടെ എന്നും നയിച്ചിരുന്നത് ഇവിടുത്തെ സന്യാസി സമൂഹവുമാണ്. കലാകാലങ്ങളിൽ വേണ്ട മാറ്റങ്ങളും തിരുത്തലുകളും വരുത്തി അവർ മുന്നിൽ നിന്നു നയിക്കുന്നതു കൊണ്ടാണ് സനാതന സംസ്‌കൃതി ചിരപുരാതനമാണെങ്കിലും നിത്യ നൂതനമായിരിക്കുന്നത്

അവസാനിക്കുന്നു.

പിൻ കുറിപ്പ് : നാഗ , അഘോരി സന്യാസിമാരെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ പുറം ലോകത്തിനുള്ളൂ. അതിൽത്തന്നെ ഒട്ടുമിക്കതും അബദ്ധങ്ങൾ നിറഞ്ഞതുമാണ്. അതിനാൽത്തന്നെ ഈ കുറിപ്പ് പൂർണ്ണമാണെന്നോ തെറ്റുകൾ ഇല്ലാത്തതാണെന്നോ അഭിപ്രായമില്ല. അറിവുള്ളവർ അവരുടെ അറിവുകൾ കൂടി പങ്കു വെച്ചാൽ നമുക്ക് കൂടുതൽ കാര്യങ്ങൾ സമാജത്തിന് നൽകാൻ സാധിക്കും.

വിനോദ് വടകര

നാഗസന്യാസിമാർ - 4

നാഗസന്യാസിമാർ - 4

ഒട്ടുമിക്കപേരെയും ചിന്താകുഴപ്പത്തിലേക്കെത്തിക്കുന്ന  ഒരു കാര്യമാണ് നാഗ സന്യാസിമാരും അഘോരികളും തമ്മിലുള്ള വെത്യാസം.
ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും പല കാര്യങ്ങളിലും ഇവർ തമ്മിലുള്ള സജാത്യവും ആണിതിനു കാരണം.

പക്ഷെ ആരാധന രീതികൾ, ചടങ്ങുകൾ, ഭക്ഷണ രീതികൾ തുടങ്ങി അനവധി വ്യത്യസങ്ങൾ നമുക്ക് ഇവരുടെ ഇടയിൽ  കാണാൻ സാധിക്കും.

ഒരു നാഗ സന്യാസി രൂപം കൊള്ളുന്നതു എങ്ങിനെയെന്നു നമുക്കാദ്യം പരിശോധിക്കാം. ഒരു ചെറിയ കുട്ടിക്കോ പ്രായപൂർത്തിയായ ഒരാൾക്കോ നാഗസന്യാസിയാവാം. അഘാടയിലെത്തി തന്റെ ആഗ്രഹം അറിയിച്ചാൽ അവരെ കാത്തിരിക്കുന്നതു നിരവധി കഠിന പരീക്ഷണങ്ങളാണ്. അതിൽ വിജയിച്ചാൽ ഒരു ഗുരുവിനു കീഴിൽ പന്ത്രണ്ടു വർഷം കഠിന പരിശീലനമാണ്. ഈ പരിശീലനത്തിൽ വിജയിക്കുന്ന ഒരാൾക്ക് മാത്രമേ നാഗ സന്യാസിയാവാൻ കഴിയുകയുള്ളൂ. പരിശീലനം പൂർത്തിയാക്കി
കുംഭമേളയിലെ ഷാഹി സ്‌നാനിന്റെ തലേ ദിവസം രാത്രി അവർ ജപത്തിനായി മാറ്റിവെക്കുന്നു. ഇതിനു ശേഷം തല മുണ്ഡനം ചെയ്യുന്നു. കാലത്തു ദേഹമാസകലം ഭസ്മം പൂശി ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങണം. (ഈ അണിഞ്ഞൊരുങ്ങൽ എല്ലാ സന്യാസിമാർക്കും നിർബന്ധമാണ്. നിർവാണി അഘാടയിലെ ഒരു മഹന്ത് പറഞ്ഞത് ഇപ്രകാരമാണ്  : "ഒരു വധു കല്യാണമണ്ഡപത്തിലേക്കുപോകാൻ എപ്രകാരമാണോ ഒരുങ്ങുന്നതു അതുപോലെ ഒരുങ്ങി വേണം ഷാഹി സ്‌നാനിൽ ഒരു നാഗസന്യാസി  പങ്കെടുക്കാൻ " എന്നാണ്.) ദീക്ഷയെടുക്കുന്ന ആൾ താൻ സ്വയം  ഈ ലോകത്തിൽ നിന്നും മുക്തനായതായി സങ്കൽപ്പിക്കുന്നു. പിന്നീടവർക്ക് കുടുംബമോ മറ്റു ബന്ധങ്ങളോ എന്തിനു വസ്ത്രം പോലുമോ ആവശ്യമില്ല. ഇതേ അവസരത്തിൽ തന്നെ അവർ മികച്ച  അഭ്യസിയുമായി മാറിയിട്ടുണ്ടാകും. തുടർന്നു ഗംഗയിൽ മുങ്ങി ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിക്കും.  രാത്രി നടക്കുന്ന വിജയഹവൻ, തുടർന്നുള്ള ഗംഗാ സ്നാനം തുടങ്ങിയ ചടങ്ങുകളോടെ  അയാൾ ഒരു നാഗ സന്യാസിയായി മാറും. കുണ്ഡലിനി ഹഠയോഗമാണ് നാഗസന്യാസിമാർ പരിശീലിക്കുന്നത്. (സാധാരണയിൽ നിന്നും വ്യത്യസ്‌തമായുള്ള ഒരു പരിശീലനമാണിത്.) NB :- വളരെ ദു:ഖകരമായ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. അന്വേഷിച്ചപ്പോൾ ഇന്ന് ഇത്തരം ചടങ്ങുകൾ പല അഖാഢകളിലും ഇല്ല എന്നാണറിഞ്ഞത്. കാലഘട്ടത്തിനനുസരിച്ച് പലതും ലളിതവൽക്കരിക്കപ്പെട്ടു.

നാഗ സന്യാസിമാരെ പോലെ 12 വർഷം തന്നെയാണ് അഘോരികളുടേയും  പരിശീലന കാലാവധി. പക്ഷെ അഘോരിയാവാൻ ഒരുപാടു കടമ്പകൾ കടക്കേണ്ടതുണ്ട്. സന്യാസിയാവാൻ വരുന്ന ഒരാളെ തിരിച്ചു വീട്ടിലേക്കയച്ചു അയാളെ നിരീക്ഷിക്കുന്ന രീതിപോലുമുണ്ട്.

ഈ രണ്ടു വിഭാഗവും ശിവാരാധകരാണ്.

ഈ അവസരത്തിൽ ഭാരതത്തിലെ ശിവാരാധനയെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
ഭാരതത്തിൽ പ്രാചീന കാലം മുതൽക്കെ ശിവ ആരാധന നിലനിന്നിരുന്നു. ഇതിൽ നിന്നുമാണ് ഇന്ന് നാം സാധാരണ കാണുന്ന ശിവ ഉപാസനകൾ രൂപം കൊള്ളന്നത്.  കാലം കഴിഞ്ഞപ്പോൾ ഈ പ്രാചീന സമ്പ്രദായത്തിന്  സമാന്തരമായി മറ്റൊരു ശൈവ സമ്പ്രദായം കൂടി ഇവിടെ നിലവിൽ വന്നു. ഇതിൽ നിന്നും മൂന്ന് പിരിവുകൾ രൂപം കൊണ്ടു .
1. അതി മാർഗം
2. കാപാലിക മാർഗം
3. സിദ്ധാന്ത (സിദ്ധ ) മാർഗം
എന്നിവയാണവ.

അതി മാർഗം പിന്നീട്  പാശുപത മാർഗം, ലാകുല മാർഗം, കാളി മുഖ മാർഗം എന്നിങ്ങനെ രൂപപരിണാമം സംഭവിച്ച് ഒടുവിൽ  ലിംഗായത്ത് സമ്പ്രദായമായി മാറി.

കാപാലിക മാർഗത്തിൽ നിന്നുമാണ് അഘോരി മാർഗം ഉണ്ടാവുന്നത്.  കാപാലിക മാർഗത്തിന്റെ മറ്റു രണ്ടു പിരിവുകളാണ് കൗള മാർഗവും, തൃക മാർഗവും. സിദ്ധാന്ത മാർഗം (സിദ്ധ മാർഗം) ക്രമേണ തമിഴ് ശൈവമാർഗമായി മാറി. ഈ മാർഗവും ലിംഗായത്ത് മാർഗവും പലപ്പോഴും ഒരുമിച്ചോ അല്ലെങ്കിൽ സമാന്തരമായോ സഞ്ചരിക്കുന്നതു കാണാം.

ആഘോരികൾ പൊതുവേ ജനങ്ങളുമായി അകന്നു നിൽക്കാൻ താൽപ്പര്യപ്പെടുന്നവരാണ്. ഇതിനു പ്രധാന കാരണം അവർ പിന്തുടരുന്ന അതി ഗോപ്യമായ ആരാധന സമ്പ്രദായങ്ങളാണ്. ശ്മശാനത്തിലോ വനങ്ങളിലോ ഒക്കെയാണ് അവരുടെ താമസം. ചെറു സംഘങ്ങളായാണ് ഇവർ താമസിക്കാറുള്ളത്.

അഘോരികൾ പൊതുവേ ശ്മശാന വാസികളാണെന്നു പറഞ്ഞല്ലോ. ഇവരിൽ നിരവധി പേര് കാശിയിലെ  അധികമാരും കടന്നു ചെല്ലാത്ത ശ്മശാനങ്ങളിൽ സാധനയുമായി കഴിയുന്നു.
ഒരു അഘോരി അയാൾക്ക്  ഇഷ്ടമല്ലാത്ത ഒരാൾ തന്റെ അടുത്തു വന്നാൽ ഏത് രീതിയിൽ പ്രതികരിക്കുമെന്നതു പ്രവചനാതീതമാണ്. അതുപോലെ അവരുടെ സാധനരീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായാലും അവർ ശക്‌തമായി പ്രതികരിക്കും.

തുടരും...

നാഗസന്യാസിമാർ - 3

നാഗസന്യാസിമാർ - 3

മുഗൾ ഭരണത്തിനു ശേഷം നാഗ സന്യാസിമാർ തങ്ങളുടെ സാധനയും മറ്റുമായി ഒതുങ്ങി. ഈ അവസരത്തിലാണ്  ഇവരുടെ ഇടയിൽ രണ്ടു വിഭാഗങ്ങൾ രൂപം കൊണ്ടത്. അസ്ത്ര ധാരികളും ശാസ്ത്ര ധാരികളും അതായതു ആയുധ പരിശീലനത്തിന്  പ്രാധാന്യം കൊടുക്കുന്നവരും തത്വ ചിന്താ പഠനത്തിന് പ്രാധാന്യം കൊടുക്കുന്നവരും.

പക്ഷെ ബ്രിട്ടീഷ് ഭരണത്തിൽ ക്രിസ്ത്യൻ പുരോഹിതർ വ്യാപകമായ രീതിയിൽ മതപരിവർത്തനത്തിനിറങ്ങാൻ തുടങ്ങി. പോർച്ചുഗീസുകാരെപ്പോലെ അപൂർവം ചിലർ മാത്രമാണ് അക്രമണങ്ങളിലൂടെ മതം മാറ്റത്തിനു ശ്രമിച്ചതു. മറ്റുള്ളവർ ഭരണകൂടത്തിന്റെ സഹായത്തോടെ അവരുടേതായ രീതിയിൽ വിദ്യാഭ്യാസം നൽകി പുതു തലമുറയെ തങ്ങളുടെ മതത്തിലേക്ക് ആകർഷിക്കാൻ തുടങ്ങി. കൂടാതെ ഭാരതത്തിൽ ആയിടെ രൂപംകൊണ്ട സ്വതന്ത്ര ചിന്തകർ എന്ന വിഭാഗവും ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചു. ഇതോടൊപ്പം പ്രലോഭനങ്ങളിലൂടെയും ഒരുപാടുപേരെ അവർ വശത്താക്കി.

ഹിന്ദു നേരിടുന്ന അടുത്ത വെല്ലുവിളിയായിരുന്നു ഇത്.  മുഗളർ ബലപ്രയോഗത്തിലൂടെയായിരുന്നു മത പരിവർത്തനം നടത്തിയതെങ്കിൽ ഇതു മറ്റൊരു വിധത്തിൽ ആണെന്ന് മാത്രം. അതുകൊണ്ടു തന്നെ കായിക പരമായി ഈ പ്രശ്നത്തെ നേരിടാനാവില്ലെന്നു അഘാടകൾ തിരിച്ചറിഞ്ഞു.
അവരുടെ യോഗത്തിൽ ഇതിനെതിരായി ഹിന്ദുവിനെ സ്വധർമ്മത്തേക്കുറിച്ച് ബോധവാനാക്കുക എന്നതാണ് പ്രധാന പരിഹാരം എന്ന് കണ്ടെത്തി. സംസ്‌കൃതത്തിനു പ്രചുര പ്രചാരം കൊടുക്കുക, വേദവും വേദാന്തവും എല്ലാവരിലും എത്തിക്കുക എന്നതായിരുന്നു ഇതിന് പരിഹാരമായി അവർ കണ്ടെത്തിയ മാർഗ്ഗം.

അഘാടകളിൽ വേദ, തത്വചിന്തകളിൽ പ്രാവീണ്യമുള്ളവരാണ് അവിടുത്തെ അദ്ധ്യാപകരായി വരുന്നത്. സ്വാഭാവികമായും സന്യാസി സമൂഹത്തിലും ഇവർ വിലയുള്ളവരായി. ഇത്തരക്കാരാണ് പിന്നീട് ആ അഘാടയുടെ മഹന്ത്മാരായി മാറുന്നത്. ഇവരിൽത്തന്നെ കൂടുതൽ പണ്ഡിത്യവും ബുദ്ധിശക്തിയും കഴിവുമുള്ളവരെ മണ്ഡലേശ്വർമാരായി അവരോധിച്ചു. (പണ്ട് ഉണ്ടായിരുന്ന  പരമഹംസർ എന്ന സ്ഥാനമാണ് പിന്നീട് മണ്ഡലേശ്വർ ആയ തെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.) ഓരോ അഘാടക്കും ഇത്തരം മണ്ഡലേശ്വർമാർ ഉണ്ടാവും. മഹാന്തുമാർ ചേർന്നാണ് മണ്ഡലേശ്വരെ തീരുമാനിക്കുക.

സ്വഭാവികമായും  ഒരു വ്യക്തിയുടെ ജ്ഞാനം, ബുദ്ധികൂർമ്മത, കഴിവ് എന്നിവയെമാത്രം അടിസ്ഥാനമാക്കിയാണ് ആ വ്യക്തിയെ മണ്ഡലേശ്വരായി തിരഞ്ഞെടുക്കുക.

ഇത്തരം മണ്ഡലേശ്വർമാർ അവരുടെ അഘാടയിൽനിന്നും പുറത്തു വന്നു പുതിയ  മഠങ്ങൾ തുടങ്ങണം എന്നു അഘാടകൾ തീരുമാനിച്ചു.

അങ്ങിനെ അഘാടകളിൽനിന്നും നിരവധി മണ്ഡലേശ്വർമാർ പുറത്തു വന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഠങ്ങൾ ആരംഭിച്ചു. ഉദാഹരണത്തിനു നിർവാണി അഘാടയിലെ സ്വാമി വിദ്യാനാഥ്  ആണ് അഹമ്മദാബാദിലെ ഗീത മന്ദിരം സ്ഥാപിച്ചത്. ഇദ്ദേഹം പിന്നീട് വാരണാസിയിൽ ഗീത ധർമ പ്രസ്സ് സ്ഥാപിച്ചു. ഈ പ്രസ്സ് ഇന്നും ഹൈന്ദവ ധർമ്മത്തേക്കുറിച്ചും തത്വ ചിന്തയെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുന്നു.
സ്വാമി കൃഷ്ണനന്ദ് അമൃതസറിൽ മഠം സ്ഥാപിച്ചു. ഇങ്ങിനെ നിരവധി മണ്ഡലേശ്വർമാർ നിരവധി മഠങ്ങൾ വിവിധ ഭാഗങ്ങളിലായി  നിർമ്മിച്ചു. ഈ മഠങ്ങൾ പിൽക്കാലത്ത് ആശ്രമങ്ങൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

തുടർ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കാനായി നിർവാണി അഘാടയിലെ പ്രമുഖ സന്യാസി ശ്രേഷ്ഠന്മാർ കപിൽ മുനിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആ യോഗത്തിൽ വേദങ്ങളും ഉപനിഷത്തുകളും തത്വ ചിന്തകളും പഠിപ്പിക്കുന്ന ഒരു സ്കൂൾ തുടങ്ങാൻ ധാരണയായി.

1911 ൽ ഹരിദ്വാറിൽ മഹാ നിർവാണ വേദവിദ്യാലയം സ്ഥാപിച്ചു. 1916 ൽ അത് അലഹബാദിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.. ഇന്നും വളരെയധികം വിജ്ഞാന ദാഹികൾക്ക് അറിവ് പകർന്നുകൊടുക്കുന്ന ഒരു വലിയ സ്ഥാപനമായി അതു
അവിടെ പ്രവർത്തിക്കുന്നു.

നാഗ സന്യാസിമാരുമായി ഏറ്റവുമധികം ബന്ധപ്പെടുത്തി ഉയരുന്ന ഒരു പേരാണ് കുംഭമേള. ഒരുപക്ഷെ നാഗ സന്യാസിമാരെ പൊതുജനം കൂട്ടമായി കാണുന്നത്  ആ അവസരത്തിലായാത് കൊണ്ടായിരിക്കാം ഇങ്ങനെ വരാൻ കാരണം.

12 വർഷം കൂടുമ്പോഴാണ് ഒരുസ്ഥലത്തു മഹാ കുംഭമേള അരങ്ങേറാറുള്ളതു. വിവിധ സന്യാസി സമ്പ്രദായങ്ങളിലെ സന്യാസിമാരൊക്കെ ആ സ്ഥലത്ത് ഒത്തുകൂടുന്നു. അവർ അവിടെ മൈതാനങ്ങളിൽ ടെന്റ് അടിച്ചു കൂട്ടമായി താമസിക്കുന്നു. അഘാട എന്നുതന്നെയാണ് ഇതിനേയും പറയാറ്.
വ്യാഴം കുംഭ രാശിയിലേക്ക് മാറുമ്പോഴാണ് കുംഭമേള നടക്കാറുള്ളതു. കുംഭമേളയിൽ സ്‌നാനത്തിനാണ് പ്രാധാന്യം. 4 ഷാഹി സ്‌നാനമാണ് ഒരു കുംഭമേളയിൽ വരിക. കുംഭമേളയിൽ  പങ്കെടുത്ത് സ്നാനം ചെയ്താൽ ഈ ജന്മത്തിലെ മാത്രമല്ല മുൻ ജന്മങ്ങളിലെ പാപങ്ങൾ കൂടെ ഒഴിവായി പോകുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.

കുംഭമേള എന്ന് തുടങ്ങി എന്നതിന് കൃത്യമായ തെളിവുകൾ ഒന്നുമില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ കുംഭമേള നടന്നതു 1796 ൽ ഹരിദ്വാറിലാണ്.
കുംഭമേളയിൽ ആദ്യം സ്‌നാനം ചെയ്യാനായി സന്യാസി സമൂഹങ്ങൾ തമ്മിൽ രക്ത രൂക്ഷിതമായ ഏറ്റുമുട്ടലുകൾ നടക്കാറുണ്ടായിരുന്നു.
ഒടുവിൽ ബ്രിട്ടീഷ് ഗവർമെന്റ് ഇതിൽ ഇടപെടുകയും ഒരു തീരുമാനത്തിൽ എത്തുകയും ചെയ്തു.
അങ്ങിനെ ആദ്യ സ്നാനത്തിനുള്ള അവകാശം നാഗ സന്യാസിമാർക്ക് ലഭിച്ചു. രണ്ടാമതായി വൈഷ്ണവ ഭൈരാഗി അഘാടക്കാണ് ഇതിനുള്ള അവകാശം മൂന്നാമതായി ഉദാസി നാനാക്ക് പന്തി സിഖുകാരും  നാലാമതായി നിർമ്മല സന്യാസി സമൂഹവുമാണ് സ്നാനം ചെയ്‌തു പോരുന്നത്.. ഈ രീതി ഇന്നും പാലിച്ചു പോരുന്നു. ഇത് ആദ്യമായി പ്രാബല്യത്തിൽ വന്നതും ഹരിദ്വാർ കുംഭമേളയിലായിരുന്നു.

തുടരും...

നാഗസന്യാസിമാർ - 2

നാഗസന്യാസിമാർ - 2

നാഗസന്യാസിമാർ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെ അഘാട എന്നാണ് വിളിക്കുക. കഠിന വ്രതവും സാധനയും നിറഞ്ഞതാണ് അവരുടെ പരിശീലനം. കാലത്തു രണ്ടര മണിക്ക് ഉണർന്നെഴുന്നേറ്റു കുളിച്ചു ജപം ധ്യാനം എന്നിവ തുടങ്ങുന്നു. (അതിനു കാലാവസ്ഥയോ മറൈന്തെങ്കിലുമോ അവർക്ക് തടസ്സമല്ല.) കൂടാതെ കൃത്യമായ അഭ്യാസ പഠനവും അഘാടയിലുണ്ട്. ഏതെങ്കിലും ഒരു അഭ്യാസ വിഷയത്തിൽ ആ സന്യാസി പ്രവീണ്യമുള്ളവനായിരിക്കണം. (അഘാടകളിൽ വ്യത്യസ്‌ത അഭ്യാസമുറകളെ കൂട്ടിയിണക്കിയ ഒരു പരിശീലന പദ്ധതിയാനുള്ളതു.)

1750 ന് മുൻപുള്ള നാഗ സന്യാസിമാരുടെ ലിഖിത രൂപത്തിലുള്ള ചരിത്രം നമുക്ക് ലഭ്യമല്ല. അതുവരെ വാമൊഴിയായിട്ടായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരുന്നതു.
ഇന്ന് അവരെക്കുറിച്ച് ലഭിക്കുന്ന ചരിത്രം നിർവാണി അഘാടയിലെ പുസ്തകത്തിലൂടെയാണ്. ഹിന്ദിയിലാണ് ഇതു എഴുതിയിരിക്കുന്നതു. ഘോഷൻ രാജേന്ദ്ര ഗിരി മഹാരാജിന്റെ കലത്താണ് ഇതെഴുതിയതെന്നാണ് വിശ്വാസം.
ഈ ഗ്രന്ഥത്തിൽ അഘാടകളെക്കുറിച്ചും,  അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും, ആ യുദ്ധങ്ങളിലെ വീരരായ നാഗ സന്യാസിമാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

7 അഘാടകളാണ് നാഗ സന്യാസിമാർക്കായി ഉള്ളതു.
1.ആവാഹൻ അഘാട
2. അടൽ അഘാട
3.നിർവാണി അഘാട
4.ആനന്ദ് അഡാട
5. നിരഞ്ജനി അഘാട
6. ജൂനാ അഘാട
7. അബഹാൻ അഘാട
എന്നിവയാണിവ. ഇതിൽ അടൽ അഘാടയാണ് ഏറ്റവും പഴക്കമേറിയത്.

ഇന്ന് സന്യാസിമാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഏറ്റവും വലിയ അഘാട ജുന അഘാടയാണ്. രണ്ടാം സ്ഥാനത്ത് നിരഞ്ജനി അഘാടയും.

മിക്ക അഘടകളും സാമ്പത്തികമായി മികച്ച സ്ഥിതിയിലാണ്.

നാഗ സമ്പ്രദായം നം ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയതു 16 റാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാൾ സ്വദേശിയായ ശ്രീ മധുസൂദനാനന്ദ സരസ്വതിയുടെ കാലഘട്ടത്തിലാണ്.

അന്ന് ഭാരതം മുഗൾ ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണത്തിനു കീഴിൽ  ഹിന്ദുകൾക്കു പലവിധ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടതായി വന്നു. കൂട്ട മതം മാറ്റം, ക്ഷേത്രങ്ങൾ കൊള്ളയടിക്കലും തകർക്കലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയൊക്കെ സർവവ്യാപകമായി. പൊതുവേ അന്നും എന്നും അസംഘടിതരായ ഹിന്ദു സമൂഹത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. സിക്കുകാരുടെ  പത്താമത്തെ  ഗുരുവായ ഗുരു ഗോവിന്ദ സിംഹന്റെ യുവാക്കളായ രണ്ട് മക്കളെ യുദ്ധത്തിൽ വധിച്ച മുഗളർ അദ്ദേഹത്തിന്റെ ചെറിയ രണ്ടു മക്കളേയും തടവുകാരാക്കി. ആ കുട്ടികളോട് മതം മാറിയാൽ ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു മുഗളരുടെ നിർദേശം. പക്ഷെ അഭിമാനികളായ അവർ അതിനു തയ്യാറായില്ല.   അവർക്കു ചുറ്റും ഇഷ്ട്ടിക ചുമർ കെട്ടി ഒടുവിൽ ശ്വാസം കിട്ടാതെ ഇഞ്ചിഞ്ചായായിരുന്നു അവരുടെ മരണം.

ഈ ക്രൂരതകൾക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കാൻ മധുസൂദനാനന്ദ സരസ്വതി  തീരുമാനിച്ചു. സകലബന്ധങ്ങളും സകല സുഖഭോഗങ്ങളും ത്യജിച്ച് സ്വധർമ്മത്തിനായി പോരാടാനും മരിക്കാനും തയ്യാറായ യുവാക്കളെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സകല സുഖഭോഗങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അവർ സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ചു. വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ എന്നും സമൂഹത്തിൽ ഒരാളുടെ പദവിയും സാമ്പത്തികവും നാം ഗണിക്കുന്നത്. സ്വ ധർമ്മത്തിനായി സകലതും ത്യജിക്കാൻ തയ്യാറായ അവരെ നാഗ സന്യാസിമാർ എന്ന് വിളിച്ചു. നാഗ എന്നതിനു നഗ്നൻ എന്നും അർത്ഥമുണ്ടല്ലോ.

ദിഗംബരന്മാർ എന്നും ഇവർ അറിയപ്പെടുന്നു. ദിക്കിനെ വസ്ത്രമാക്കിയവർക്കു എന്തിനാണ് വേറൊരു വസ്ത്രം.
ശരീര ബോധത്തെ ജയിക്കുക എന്നതാണ് സാക്ഷാത്‌ക്കാരത്തിലേക്കെത്താനുള്ള വഴി. ഞാൻ, എന്റെ തുടങ്ങിയ സങ്കുചിത ചിന്താഗതിക്കപ്പുറം ഞാനും  ഈ പ്രകൃതിയും ആ ഏകമായ സത്യത്തിന്റെ ബഹിർസ്പുരണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവാണല്ലോ മോക്ഷത്തിലേക്കെത്താനുള്ള മാർഗം.
അതുകൊണ്ടു തന്നെ വസ്ത്രം, ഭക്ഷണം, കാലാവസ്ഥ, തുടങ്ങി സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം പരമ പ്രധാനമായി ഗണിക്കുന്ന കാര്യങ്ങളൊക്കെ ഒരു സന്യാസി തൃണവൽക്കരിക്കുന്നു.

അഘാടകളികെ കഠിന സാധനകൾക്കും അഭ്യാസം പരിശീലനത്തിനുമൊടുവിൽ പുറത്തിറങ്ങിയ നാഗ സന്യാസിമാർ മുഗളരുടെ ക്രൂരതകൾക്കെതിരായി പട പൊരുതി. നിർവാണ അഘാടയിലെ ഗ്രന്ഥത്തിൽ വിവരിച്ച ഒരു യുദ്ധമാണ് ജോദ്പൂരിനെ മുഗളർ ആക്രമിച്ചതു. പതിവുപോലെ ഏതൊര് നാട്ടുരാജ്യത്തെയും ആക്രമിക്കുന്നതു പോലെയേ ഇതും  അവർ കണക്കാക്കിയിരുന്നുള്ളു. പക്ഷെ ജോദ്പുർ സൈന്യത്തോടൊപ്പം അണി നിരന്ന നാഗ സന്യാസിമാർ ഒരു വെള്ളിടി പോലെ മുഗളപ്പടക്ക് നേരെ ആഞ്ഞടിച്ചു.  തികച്ചും നഗ്നരായി മേലാസകലം  ഭസ്മം പൂശി ആയുധങ്ങളുമായി ഹര ഹര മഹാദേവ ധ്വനികളോടെ പാഞ്ഞടുത്ത ആ സന്യാസിമാരെ കണ്ടപ്പോൾ തന്നെ മുഗളപ്പട വിരണ്ടുപോയിരുന്നു. ഒടുവിൽ പിടിച്ചു നില്ക്കാനാവാതെ ജീവനും കൊണ്ട് ഓടിയ അവർ പിന്നീട് സ്വപ്നത്തിൽ പോലും  ജോദ്പുർ സ്വന്തമാക്കണമെന്നു ചിന്തിച്ചിട്ടില്ല.

ശിവനാണ് നാഗ സന്യാസിമാരുടെ പ്രധാന ആരാധ്യ ദേവത. പക്ഷെ ചില അഘാടകൾ മറ്റു ചില ദൈവങ്ങളെ പ്രധാന മൂർത്തികളായി ആരാധിക്കുന്നു. ഉദാഹരണത്തിനു നിരഞ്ജനി അഘാടയുടെ ഉപാസന മൂർത്തി ശിവസുതനായ കാർത്തികേയനാണ്. (സുബ്രഹ്മണ്യൻ )
അവരുടെ മാതൃ ദൈവത ആസ്സാമിലെ കാമാക്യയിൽ കുടികൊള്ളുന്ന കാളിയും.

തുടരും...

നാഗസന്യാസിമാർ - 1

നാഗസന്യാസിമാർ - 1

ആരാണ് നാഗസന്യാസിമാർ ?

സ്വന്തം പൈതൃകത്തെ  അവഗണിക്കുക, അപഹസിക്കുക എന്നത് ആധുനിക കാലഘട്ടത്തിൽ പുരോഗമന വാദത്തിന്റെ മുഖമുദ്രയാണെന്നു ചിലർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ തെറ്റിദ്ധരിപ്പിക്കപ്പെടലിനു പിന്നിൽ ചില ഗൂഢ ലക്ഷ്യങ്ങളുമുണ്ട്. സ്വന്തം സംസ്‌കൃതി മോശമാണെന്ന ചിന്ത  ഒരുവനിൽ ഉടലെടുത്താൽ മാത്രമേ ഇതര ചിന്താ ധാരകൾക്ക് ആ ഇടത്തിലേക്കു കടന്നുകയറാൻ കഴിയു.

ഇതിനായി ഏറ്റവും കൂടുതൽ ബലിയാടാക്കപ്പെടുന്ന ഒരു വിഭാഗമാണ് നാഗ സന്യാസിമാർ.

നഗ്നരായി നടക്കുന്ന അവരെ ചൂണ്ടിക്കാണിച്ചു ഹിന്ദു ധർമ്മം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീർക്കേണ്ടതു അവരുടെ ആവശ്യവുമാണ്.

ആരാണ് നാഗ സന്യാസിമാർ? എന്തിനു വേണ്ടി ഇത്തരം ഒരു വിഭാഗം ഭാരതത്തിൽ ഉടലെടുത്തു ? എന്തിനാണവർ നഗ്നരായി നടക്കുന്നത്? നാഗ സന്യാസിമാരും അഘോരികളും ഒന്നാണോ?
പലരും ഈ സംശയവും മനസ്സിലേറ്റി നടക്കുന്നവരായിരിക്കും.
ഈ ചോദ്യങ്ങളുടെ ഉത്തരം തേടുകയാണിവിടെ.

സനാതന ധർമ സംസ്‌കൃതി ഭാരതത്തിൽ നിലനിന്നു പോരുന്നതിന് പ്രധാന കാരണം ഇവിടുത്തെ സന്യാസി പാരമ്പരകളാണ്. ധർമ്മച്ചുതി സംഭവിക്കുമ്പോൾ ഭാരതത്തിൽ അവർ ശരിയായ ദിശബോധത്തിലേക്കു സമൂഹത്തെ നയിക്കാനായി അവതരിക്കുന്നു.
ആദി ശങ്കരാചാര്യരായാലും സ്വാമി വിവേകാനന്ദ നായാലും  ഇങ്ങു കേരളത്തിൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, സ്വാമി അഭേദാനനൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സന്യാസി ശ്രേഷ്ഠ ന്മാരാണ് ഹൈന്ദവ ധർമ്മത്തെ കലാകാലങ്ങളിൽ നേർവഴിക്ക് നയിച്ചവർ.

ഇവരിൽ അഗ്രേസരനാണ് ശങ്കരാചാര്യർ. കുത്തഴിഞ്ഞ ഒരു പുസ്‌തകം പോലെ കിടന്നിരുന്ന ഹൈന്ദവ സമൂഹത്തെ കേട്ടുറപ്പുള്ളതാക്കിയതു ശങ്കരാചാര്യർ ആയിരുന്നു.

അദ്ദേഹം ഭാരതത്തിൽ ഉണ്ടായിരുന്ന സന്യാസിമാരെ പത്തു വിഭാഗങ്ങളാക്കി (ദശനാമി)തിരിച്ചു. അവരുടെ ജീവിത രീതിയേയും ആചാരങ്ങളേയ ചിട്ടപ്പെടുത്തിയതും അദ്ദേഹമാണ്.

ദശനാമി സമ്പ്രദായങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

ഗിരി, പുരി , ഭാരതി, ബാൻ, ആരണ്യ, പർബത് , സാഗർ, തീർത്ഥ, ആശ്രമ, സരസ്വതി  എന്നിവയാണവ. ഈ ഓരോ വിഭാഗത്തിനും അവർ വസിക്കേണ്ട സ്ഥലങ്ങൾ എവിടെയാണെന്നും അവരുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഗിരി മലമുകളിലും പുരി നഗരങ്ങളിലും ആരണ്യ വനങ്ങളിലും പർബത് പാർവങ്ങളിലും വേണം വസിക്കാൻ. അതെസമയം ഭാരതി വിഭാഗം പഠനത്തിനും സരസ്വതി വിഭാഗം അദ്ധ്യാപനത്തിനും പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്യാസി സംപ്രദായങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്യേശത്തോടെയാണ് ഭാരതത്തിന്റെ നാല് ഭാഗങ്ങളിലായി നാലു മഠങ്ങൾ സ്വാമികൾ സ്ഥാപിച്ചതു. തെക്കു  ശൃംഗേരിയിൽ മഠം സ്ഥാപിച്ച്  പുരി, സരസ്വതി, ഭാരതി എന്നീ വിഭാഗങ്ങളെ ഈ മഠത്തിന്നു കീഴിലാക്കി. തന്റെ ശിഷ്യരിൽ ഒരാളായ ഹസ്തമാലകാചാര്യന്  ഇവിടുത്തെ ചുമതലയും കൊടുത്തു.

കിഴക്ക് പുരിയിൽ മറ്റൊരു മഠം സ്ഥാപിച്ച്  ബാൻ, ആരണ്യ എന്നി വിഭാഗക്കരെ ഈ മഠത്തിനു കീഴിലാക്കി. പദ്മപാദ ആചാര്യനായിരുന്നു അവിടെ ചുമതല.

വടക്കു ജോഷി മഠിൽ ത്രോടകാചാര്യരുടെ കീഴിൽ ഗിരി, പർബത്, സാഗർ എന്നിവർ വന്നു.

പടിഞ്ഞാറു ദ്വാരകയിൽ തീർത്ഥ, ആശ്രമ വിഭാഗക്കാർ സ്വരൂപാചാര്യരുടെ കീഴിലുമായി .

ഇങ്ങിനെ തികച്ചും ഒരു ചട്ടക്കൂടിൽ ആചാര്യ സ്വാമികൾ ഭാരതത്തിലെ സന്യാസിമാരെ കൊണ്ടുവന്നു.

ഈ പത്ത് വിഭാഗത്തിനെ വീണ്ടും 52 വിഭാഗങ്ങളായി തിരിച്ചതായി നിർവാണ അഘാടയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ  കാണുന്നു. (നിർഭാഗ്യവശാൽ ചരിത്രത്തെ എഴുതി സൂക്ഷിക്കുന്ന സമ്പ്രദായത്തിന് ഭാരതത്തിലെ ആചാര്യൻമാർ പ്രാധാന്യം കൊടുത്തിരുന്നില്ല.)

ഉദാഹരണത്തിനു ഗിരി വിഭാഗത്തിൽ വരുന്ന മാർഗ്ഗികളിൽ ചിലരാണ് ഓംദത്തി,  ദുർഗാനന്ദി, ആഘോരനാദി തുടങ്ങിയവർ.

ഈ സന്യാസ ശൃംഘലയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നവരായിരുന്നു പരമഹംസ. (പിൽക്കാലത്തു  പരമഹംസ എന്ന പേര് മാറ്റി മണ്ഡലേശ്വർ എന്നാക്കിമാറ്റി)

ഇവിടെ നിന്നുമാണ് നമുക്ക് നാഗസന്യാസിമാരുടെ ചരിത്രത്തിനു തുടക്കം കുറിക്കാൻ കഴിയുക എന്നതിനാലാണ് ഇപ്രകാരം ഒരു വിശദീകരണം നൽകിയത്.

തുടരും...