ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 February 2020

പ്രത്യേക നദീ തീരത്ത് ജീവിച്ചവർ അല്ല ഹിന്ദു

പ്രത്യേക നദീ തീരത്ത് ജീവിച്ചവർ അല്ല ഹിന്ദു

ശൈവ ഗ്രന്ഥമായ മേരു തന്ത്രത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇപ്രകാരം പറയുന്നു.

"ഹീനം ച ദൂഷ്യ തേവ ഹിന്ദുരിത്യുച്ഛ തേ പ്രിയേ "

(അജ്ഞാനത്തെയും ഹീനതയേയും ത്യജിക്കുന്നവൻ ഹിന്ദു )

കൽപ്പ ദ്രുമം എന്ന ഗ്രന്ഥത്തിലും ഇപ്രകാരം പറയുന്നു...

"ഹീനം ദുഷ്യതി ഇതി ഹിന്ദു"

പാരിജാത ഹരണത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇങ്ങനെ:

"ഹീനസ്തി തപസാ പാപം ദൈഹീ കാം ദുഷ്ടം
ഹേതേഭിഃ ശത്രു വർഗം ച സ ഹിന്ദുഭിർധിയതേ "

(തന്റെ ശക്തികളാൽ ശത്രു വർഗത്തിന്റെ നാശവും, തപസ്സാൽ ദുഷ്ടരുടെ പാപങ്ങൾ നശിപ്പിക്കുന്നവനാരോ അവൻ ഹിന്ദു).

മാധവ ദിഗ്വിജയത്തിൽ ഹിന്ദു ശബ്ദം ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു.

"ഓങ്കാര മന്ത്രമൂലാഢ്യ പുനർജന്മ ദ്രഢാശ്യ:
ഗോഭക്തോ ഭാരത ഗരുർഹിന്ദുഹിംസന ദൂഷക: "

(ഓങ്കാരത്തെ ജപിക്കുന്നവൻ ,കർമ്മങ്ങളിൽ വിശ്വസിക്കുന്നവൻ,ഗോ ഭക്തൻ, തിന്മകളിൽ നിന്നും അകന്ന് ജീവിക്കുന്നവൻ  ഹിന്ദു)

ഋഗ്വേദത്തിൽ (6:2:42) വിവ ഹിന്ദു എന്ന പേരുള്ള പരാക്രമിയും ദാനിയുമായ ഒരു രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. 46000 ഗോമാതാക്കളെ ഇദ്ദേഹം ദാനം ചെയ്തുവത്രെ...! ഋഗ്വേദ മണ്ഡലത്തിലും ഇതിനെക്കുറിച്ചുള്ള വർണനകൾ കാണാം.

ഹിന്ദു എന്ന വാക്കിന് വാച്യാർത്ഥമായും, മറ്റൊരു വ്യാഖ്യാനം യോഗവാസിഷ്ഠ ഉപനിഷത്തിൽ നൽകിയിട്ടുണ്ട്.

''ഹകാരേണ സൂര്യസാൽ
സകാരേണരിന്ദുരുച്യതേ "

(സൂര്യ - ചന്ദ്ര നാഡികളെ [ഇഡ - പിംഗള] യോഗവൃത്തികളിലൂടെ നിയന്ത്രണത്തിലാക്കുന്നവൻ എന്നർത്ഥം.

ഹിന്ദു എന്നാൽ വേദോപനിഷത്തുക്കളിൽ പോലും എഴുതപ്പെടാത്തതും, ഒരു പ്രത്യേക നദീ തീരത്ത് ജീവിച്ചിരുന്നവർക്ക് ഏതോ ഭാഷയിൽ നൽകപ്പെട്ട പേര് എന്ന നിലയിലും പഠിച്ച് പ്രചരിപ്പിക്കുന്നവരല്ല ശരി എന്നും ഹിന്ദു എന്ന വാക്ക് വേദകാലം മുതൽ പ്രചരിച്ചിരുന്നതാണ് എന്ന് ഇനിയെങ്കിലും മനസിലാക്കപ്പെടട്ടെ....

കണ്ഠ പൂജ (മണിപൂജ)

കണ്ഠ പൂജ (മണിപൂജ)

കണ്ണന്‍ വിടുകള്‍ തോറും കയറി വെണ്ണ കട്ടുതിന്നുന്നു.

ഗോപസ്ത്രികള്‍ യശോദാമ്മയോടു പരാതി പറഞ്ഞു. പക്ഷേ യശോദാമ്മ അതു വിശ്വാസിച്ചില്ല, എന്റെ മകന്‍ അങ്ങനെ ചെയില്ലെന്നു പറഞ്ഞു.

തുടരെ തുടരെ ഗോപസ്ത്രികള്‍ പരാതി പറഞ്ഞപ്പോള്‍ കണ്ണനാണ് വെണ്ണ കക്കുന്നതെങ്കില്‍ കൈയോടെ പിടിച്ചു കാണിക്കാന്‍ പറഞ്ഞു. അതുകൊണ്ട് ഗോപസ്ത്രീകള്‍ എല്ലാവരുംകൂടി ആലോചിച്ചു ഒരു പ്രതിവിധി കണ്ടുപിടിച്ചു.

ഉറിയില്‍ ഒരു മണി കെട്ടിയിടുക എന്നായിരുന്നു അത്. കൃഷ്ണന്‍ ഉറിയില്‍ തോടുമ്പോള്‍ മണി കിലുങ്ങും (മുഴങ്ങും) അപ്പോള്‍ പിടി കൂടാം എന്നായിരുന്നു പദ്ധതി. അങ്ങനെ ഗോകുലത്തിലേ എല്ലാവീടുകളിലും ഉറിയില്‍ മണികെട്ടിയിട്ടു.

ഒരു ഗോപികയുടെ ഗൃഹത്തില്‍ കണ്ണന്‍ വെണ്ണ കട്ടെടുക്കാന്‍ എത്തി. കൂടെ കൂട്ടുകാരുമുണ്ട്. കൃഷ്ണന്‍ ഉറിയില്‍ നോകിയപ്പോള്‍ മണി കണ്ടു. ഭഗവാന്‍ മണിയിലേക്ക് ഉറ്റുനോക്കി. മണി “അടിയന്‍” എന്നു പറഞ്ഞു.

അതിന്റെ പൊരുള്‍ ഞാന്‍ നിന്റെ അടിയനാണെന്നും മണി മുഴങ്ങുകയില്ലെന്നുമാണ്. കണ്ണന് സന്തോഷമായി. കണ്ണന്‍ വെണ്ണ എടുത്തപ്പോള്‍ മണികിലുങ്ങിയില്ല. കൂട്ടുകാര്‍ക്കോക്കേ വെണ്ണ പങ്കുവെച്ചു കൊടുത്തു അപ്പോഴും മണി മുഴങ്ങിയില്ല.

കണ്ണന്‍ വെണ്ണയെടുത്തു വായിലേക്ക്‌ കൊണ്ടുപോകേണ്ട താമസം അതാ !! മണി നിർത്താതെ മുഴങ്ങാന്‍ (കിലുങ്ങാന്‍) തുടങ്ങി. കണ്ണന്‍ താന്‍ കബളിപ്പിക്കപ്പെട്ടു (വഞ്ചിക്കപ്പെട്ടു) എന്ന മുഖഭാവത്തോടെ പരിഭവം പൂണ്ടു മണിയോടു ചോദിച്ചു . “നീ അടിയന്‍ എന്നു പറഞ്ഞില്ലേ?” അതിനു മണിയുടെ മറുപടി “കണ്ണാ നീ ദൈവമാണ്. അങ്ങു ഉണ്ണുമ്പോള്‍ ഭഗവാന്‍ നിവേദിക്കപ്പെടുന്നുവെന്നല്ലേ പൊരുള്‍. മണി അടിക്കാതിരിക്കാമോ? അതുകൊണ്ടാണ് തന്നിഷ്ടപ്രകാരം ഞാന്‍ മണി മുഴക്കിയത്” എന്നായിരുന്നു.

[കണ്ഠ പൂജ എന്നാണ് മണിപൂജക്ക്‌ പേര്.]

ക്ഷേത്രങ്ങളില്‍ പൂജാവേളയില്‍ മുഴങ്ങുന്ന മണിക്കും പ്രത്യേക പൂജ ചെയ്യണമെന്നാണ് വിധി. പൂജാമണിയുടെ അധിദേവത വാസുദേവനാണ്. മണിനാക്കിന്റെ അധിദേവത സരസ്വതിയും മണി നാദത്തിന്റെ അധിദേവത ഈശ്വരനാണ്.

അതുകൊണ്ടാണ് മണിയും പൂജിക്കണമെന്നു വിധി

കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി

കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി

"തൃദളം തൃഗുണാകാരം
തൃനേത്രം ച തൃതായുഗം
തൃജന്മ പാപ സംഹാരം
ഏക വില്ല്വം ഭവാര്‍പ്പിതം"

ശിവക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരൂ അര്‍ച്ചന ദ്രവ്യമാണ്‌ കൂവള ദളങ്ങള്‍. പത്ത്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്‌. ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ (BLACK TREE )
എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം (Aegle Mer - Melos) എന്നാണ്‌. സംസ്കൃതത്തില്‍ വില്വ, ശ്രീഫലം, മംഗല്യം, ശൈലൂഷം, സുഭാഫലം, എന്നിങ്ങനെയും ഹിന്ദിയില്‍ ബേല്‍ എന്നും അറിയപ്പെടുന്നു. Rutaceae കുടുംബത്തില്‍ പെട്ട ഇതിന്റെ സര്‍വ്വ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത്‌ സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. പ്രമേഹത്തിന്‌ ഒന്നാംതരം ഔഷധമാണ്‌ കൂവളത്തില. കാസരോഗത്തിനും, ഛര്‍ദ്ദി, അഗ്നിമാന്ദ്യം, അരുചി, ഉദരരോഗങ്ങള്‍ എന്നിവക്കും ഉപയോഗിച്ചു വരുന്നു.

പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌. സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌. കൂവളത്തില്‍ Ephedrine, Adrenalin എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.

അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കൂവളത്തിന്റെ വേര്‌ ദശമൂലാരിഷ്ടം, വില്വാദി കഷായം, വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത്‌ കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്‌. മനുഷ്യ ശരീരത്തിനു ആവശ്യമുള്ള മിക്കവാറും എല്ലാ ജീവകങ്ങളും ധാതുക്കളും കൂവളത്തിലയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകള്‍ക്കും മറ്റുമായി കൃത്രിമ ഗുളികകള്‍ കഴിക്കുന്നത്‌ വൃക്കകള്‍ക്ക്‌ കേടുവരുത്തും. പ്രകൃതിയുടെ "Multi vitamin "ഗുളികയാണ്‌ കൂവളത്തില...

ശ്രീരംഗനാഥൻ

ശ്രീരംഗനാഥൻ

തമിഴ്നാട് ട്രിച്ചിക്കടുത്തു കാവേരി നദിക്കും പോഷക നദിയായ കൊല്ലിടം നദിക്കും മദ്ധ്യേയുള്ള പാവനമായ ശ്രീരംഗം ദ്വീപിലാണ് രംഗനാഥൻ കോവിൽ. നിത്യപൂജയുള്ള മഹാക്ഷേത്രങ്ങളിൽ ലോകത്തെ ഒന്നാമത്തെയും ഏഷ്യയിലെ വലിപ്പമേറിയ ഗോപുരത്തിന്റെ മേന്മയും രംഗനാഥൻ കോവിലിനാണ്. 108 വൈഷ്ണവാലയങ്ങളിൽ, സാക്ഷാൽ വൈകുണ്ഠവും സമുദ്രത്തിനടിയിലെ സാങ്കല്പിക ക്ഷേത്രവും കഴിഞ്ഞാൽ ഒന്നാമത്തെ പുണ്യസ്ഥലമാണ് ഭൂലോകവൈകുണ്ഠപുരമായ ശ്രീരംഗനാഥ സന്നിധി. 

മനോഹരമായ പടിക്കോലങ്ങൾ വരച്ചിട്ട അഗ്രഹാരത്തെരുവുകളും വൈഷ്‌ണവ തിലകം വലിപ്പത്തിൽ വരച്ചിട്ട മതിലുകളും ഇവ്ടുത്തെ പ്രേത്യേകതയാണ്. എല്ല ക്ഷേത്രങ്ങളും ദർശിച്ച ശേഷം വരേണ്ടയിടമാത്രേ ഭൂലോകവൈകുണ്ഠമായ ഇവിടം. 

ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം കാലാന്തരത്തിൽ ത്രേതായുഗേ ശ്രീരാമസമക്ഷം എത്തപ്പെടുകയും, രാവണൻ നിഗ്രഹശേഷം രാമൻ അത് വിഭീഷണന് നൽകയും ചെയ്തു. ലങ്കയിലേക്കുള്ള മാർഗ്ഗമധ്യേ വിഭീഷണൻ വിഗ്രഹം കാവേരിക്കടുത്തുള്ള ചന്ദ്രപുഷ്കരണി തടത്തിൽ വെക്കേം അതവിടെ ഉറച്ചു പോവേം ചെയ്തു. അപ്പൊ തനിക്ക് കാവേരി തടത്തിൽ വസിക്കാനത്രേ ഇഷ്ട്ടം എന്ന്‌ ഭഗവാന്റെ അരുളപ്പാട്  ഉണ്ടാവുകയും ചെയ്തു എന്ന് ഐതീഹ്യം. വർഷത്തിൽ 250 ദിവസ്സവും ഉത്സവം ഉള്ള ഇവിടെ വർഷത്തിൽ പതിനൊന്നു മാസവും കൊല്ലിടം നദിയിലെ വെള്ളത്തിലാണ് ഭഗവാന്റെ നിർമാല്യം. തുലാമാസത്തിൽ മാത്രേ കാവേരിലെ ജലം ഉപയോഗിക്കുന്നത്. ഈ മാസത്തിൽ കാവേരി ഭൂമിയിലെ പുണ്യനദിയായി മാറുന്നു. അന്ന് കാവേരിയിൽ സ്നാനം ചെയ്താൽ എല്ലാ പുണ്യഘട്ടങ്ങളിലും സ്നാനം ചെയ്തതിനു തുല്യമത്രേ. 

കറുപ്പ് നിറത്തിൽ അനന്തശായിയായ രംഗനാഥന്റെ വലിപ്പമേറിയ വിഗ്രഹം കണ്ണുകൾ തുറന്നു പിടിച്ച നിലയിൽ നീണ്ടുനിവർന്നാണിവിടെ. കണ്ണുകൾ തുറന്നു പിടിച്ചു ഭഗവാൻ യോഗനിദ്രയിലാണെന്നാണ് സങ്കൽപ്പം. ആദ്യം ഭഗവാന്റെ പാദം തൊഴുത ശേഷം വേണം മുഖം കാണാൻ. ഭഗവാന്റെ വിഗ്രഹത്തിനു മുന്നിലായി പട്ടും രത്നാഭരങ്ങളാലും അലംകൃതമായ എഴുന്നെള്ളിപ്പ് വിഗ്രഹവും അതിന്റെ ഇരു പാർശ്വത്തുമായി  രംഗനായികയായ ലക്ഷ്മി ദേവിയുടെ രണ്ടു വിഗ്രഹങ്ങളും കുടികൊള്ളുന്നു. ഇവിടെ വൈഷ്ണവ സ്തോത്രം ഉരുവിടുന്ന ചന്ദന ഗെന്ധമുള്ള കാറ്റിനൊപ്പം  വിഷ്ണു പാദം പൂകാനായ്  കാവേരി നദി അനുസ്യുതം ഒഴുകികൊണ്ടേരിക്കണ്‌...

ഭൂലോകവൈകുണ്ഠം വാഴും ശ്രീരംഗനെ.... 
കാന്പവർക്കു എന്നെന്നും ആനന്ദമേ...
ശ്രീരംഗനാഥാ, നിൻ പാദാരവിന്ദം  ദർശിച്ചാൽ  ജന്മപുണ്യം.... 
മുപ്പത്തിമുക്കോടി ദേവകൾ വണങ്ങീടും. 
ദിക്കെട്ടും മുഴങ്ങീടും നിൻ വേദഘോഷം.... 
നാഭിയിൽ കമലത്തിൽ നാന്മുഖനും..... 
നാരദർ തൻ വീണയിൽ നിൻ ദേവഗാനം......

എന്തുകൊണ്ടാണു മരണം സംഭവിക്കുന്നു....?

എന്തുകൊണ്ടാണു മരണം സംഭവിക്കുന്നു....?

ആത്മാവു സര്‍വ്വവ്യാപിയാണെങ്കില്‍ മരിച്ചു കിടക്കുന്ന ആളിലും ചൈതന്യം നിലനിലേ്ക്കണ്ടതല്ലേ? പിന്നെ എന്തുകൊണ്ടാണു മരണം സംഭവിക്കുന്നതു്?

ബള്‍ബ്ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങാത്തതുകൊണ്ടോ, കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന്‍ കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണ്. ഊതിവീര്‍പ്പിച്ചു കെട്ടിപ്പറത്തി വിട്ട ബലൂണ്‍ പൊട്ടി എന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതു് അവിടെത്തന്നെയുണ്ട്. അതുപോലെ, ആത്മാവു സര്‍വ്വവ്യാപിയാണ്. അവിടുന്നു എല്ലായിടവും ഉണ്ട്. മരണം സംഭവിക്കുന്നത് ആത്മാവിന്റെ അഭാവം കൊണ്ടല്ല; ശരീരമാകുന്ന ഉപാധിയുടെ തകരാറുകൊണ്ടാണ്. ഉപാധിയുടെ നാശമാണു മരണം; ആത്മാവിന്റെ ന്യൂനതയല്ല.

ആത്മാവിനു രൂപമില്ലല്ലോ! പിന്നെങ്ങനെയാണു് അതിൻ്റെ സ്വാധീനം മനസ്സിലാക്കുവാന്‍ സാധിക്കുക? 

വായുവിനു രൂപമില്ല. പക്ഷേ, അതിനെ ഒരു ബലൂണിലാക്കിക്കഴിയുമ്പോള്‍ നമുക്കു പൊക്കിയിടുകയും തട്ടിക്കളിക്കുകയും മറ്റും ചെയ്യാം. അതുപോലെ ആത്മാവിനും രൂപമില്ല. അതു സര്‍വ്വവ്യാപിയാണ്. എന്നാല്‍ ഉപാധിയിലൂടെ അതിൻ്റെ സ്വാധീനം അറിയുവാന്‍ കഴിയുന്നു. 

സാക്ഷാത്കാരം കിട്ടിയവരുടെ അവസ്ഥ എങ്ങനെയാണു്? 

ഹൈഡ്രജന്‍ നിറച്ചുവിട്ട ബലൂണ്‍ താഴേക്കു വരുന്നില്ല. മുകളിലേക്കു മാത്രമേ പോകുകയുള്ളൂ. അതുപോലെ ആത്മജ്ഞാനം ലഭിച്ചവര്‍ക്ക് ഉന്നതി മാത്രമേയുള്ളൂ. പതനമില്ല...

29 January 2020

മതഭ്രാന്തനായ ടിപ്പു

മതഭ്രാന്തനായ ടിപ്പു

ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടത്തിയ കൊടും ക്രൂരതകള്‍ അക്ഷരങ്ങള്‍ക്കൊണ്ടു വര്‍ണ്ണിക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷുകാരോട് പോരാടിയ വീരനായകനായിട്ടാണു അവതരിപ്പിക്കപ്പെടുന്നത്. ലക്ഷകണക്കിനു ഹിന്ദുക്കളേയും ക്രിസ്ത്യാനികളെയും പരിപൂര്‍ണ്ണ നഗ്‌നരാക്കി ആനയുടെ കാലില്‍ കെട്ടിയിട്ടു ചവട്ടിയരപ്പിച്ചു. ടിപ്പുവിന്റെ പോരാളികള്‍ ഹിന്ദു സ്ത്രീകളെ കൂട്ടമായി മാനഭംഗപ്പെടുത്തുകയും അവരുടെ പെണ്‍കുട്ടികളെ പോലും ഉപദ്രവിക്കുകയും ചെയ്തു. സ്ത്രീകളെ തൂക്കിലേറ്റുകയും ചെയ്തു. കുട്ടികളേയും വെറൂതെ വിട്ടില്ല അവരു കുരുക്കു അവരുടെ അമ്മയുടെ കഴുത്തില്‍ കെട്ടിയിട്ടു. ഹിറ്റ്‌ലറുപോലും ചെയ്യാന്‍ മടിച്ചിരുന്ന കൊടും ക്രൂരതകളാണ് ടിപ്പു സുല്‍ത്താന്‍ കേരള മണ്ണില്‍ ആടി തിമര്‍ത്തത്. അദ്ദേഹത്തിന്റെ പേരു ഉച്ചരിക്കുന്നതു തന്നെ അന്നു മരിച്ചു പോയ ലക്ഷകണക്കിനു കേരളീയരുടെ ആത്മാക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.

”മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ മണത്തണ എന്ന ഒരു സ്ഥലമുണ്ട്. പുരാതന ക്ഷേത്ര നഗരിയായിരുന്നു ഇത്. 50ലധികം ക്ഷേത്രങ്ങള്‍ നിലകൊണ്ട ഒരു നഗരം. അത് ടിപ്പു തകര്‍ത്തു തരിപ്പണമാക്കി. വിഗ്രഹങ്ങള്‍ എല്ലാം കിണറുകളിലും മറ്റും തള്ളിയത് ചരിത്രം. ഇന്നും തകര്‍ന്നു കിടക്കുന്ന കൊട്ടിയൂര്‍ മഹാ ക്ഷേത്രത്തിന്റെ അമൂല്യ വസ്തുക്കളും, സ്വര്‍ണ്ണവും തങ്കവും സൂക്ഷിച്ചിരുന്ന മണത്തണ കരിമ്പന ഗോപുരത്തിന്റെ നശിപ്പിച്ച പഴയ കെട്ടിടം ആര്‍ക്കും ചെന്നാല്‍ അവിടെ കാണാം. എല്ലാം ടിപ്പുവിന്റെ സംഭാവനയായിരുന്നു. ആ ക്ഷേത്ര നഗരിയേയും അവിടുത്തേ ജനങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുകയായിരുന്നു എന്ന് ചരിത്രം.”

മലബാറില്‍ ടിപ്പു വരുന്നതിനുമുമ്പുള്ള മുസ്ലീം ജനസഖ്യ പത്തു ശതമാനത്തിനു താഴെ ആയിരുന്നു. അവിടെ നായന്‍മാരുടെ നേത്രത്വത്തിലുള്ള നാട്ടു രാജ്യങ്ങളാണു ഉണ്ടായിരുന്നത്. ഇരുപതുശതമാനത്തോളം വരുന്ന സെന്റ് തോമാസ് നസറാണീകളൂം അതിന്റെ അടുത്ത് ബ്രാഹമണന്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ മലബാറില്‍ മേഖലയില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ അവര്‍ കാടുകളീലേക്കു പാലായനം ചെയ്തു അല്ലെങ്കില്‍ അവര്‍ വധിക്കപെട്ടു. മുസ്ലീം മതത്തിലേക്കു മതം മാറിയ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രം ജീവിക്കാന്‍ അനുവദിച്ചു. അങ്ങിനെയുള്ള ഒരാളുടെ ജന്‍മദിനം നമ്മളെന്തിനു ദേശീയ ഉല്‍സവമാക്കി ആഘോഷിക്കണം? അയാളെങ്ങനെ നമ്മുടെ സ്വാതന്ത്ര സമരസേനാനിയാകും?

ചരിത്ര വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ വരികള്‍ തന്നെ അദ്ദേഹത്തിന്റ് ചെയ്തികള്‍ക്കു സാക്ഷ്യം നല്‍കുന്നു. 1790 ജനുവരി 18 തിയ്യതി കുറിച്ചു സയ്യദ് അബ്ദുല്‍ ദുലായ് ക്കു എഴുതിയ കത്തില്‍ ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.

‘അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന്‍ എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ചിലര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെതിരേയും നമ്മള്‍ ജിഹാദ് ചെയ്യേണ്ടതുണ്ടു.’

അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്‍മാന് എഴുതിയ കത്ത് ഇങ്ങനെയാണു

‘ എനിക്കു മലബാറില്‍ മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന്‍ രാമന്‍ നായര്‍( തിരുവിതാം കൂര്‍ മഹാരാജാവു) ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുകയാണൂ.’

പോര്‍ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര്‍ ബരത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

‘മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്‍മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം.കണ്ണീല്‍ കണ്ട ആളുകളെയെല്ലാം അവര്‍ തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേത്രത്വത്തില്‍ പീരങ്കിപട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്‍മാരേയും തൂക്കി കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില്‍ കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില്‍ കെട്ടിയിടുന്നു. ആന ചവിട്ടി അവരെ ചതച്ചരയ്കുന്നു. അമ്പലങ്ങളൂം പള്ളികളൂം തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളില്‍ മേല്‍ മല മൂത്ര വിസ്സര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാമതത്തില്‍ വിശ്വസിക്കാത്തവരെ അപ്പോള്‍ തന്നെ തൂക്കി കൊന്നു. അവിടെ നിന്നു രക്ഷപെട്ട ചില ക്രിസ്ത്യാനികള്‍ പറഞ്ഞ കാര്യമാണിത് , ഫാദര്‍ ബര്‍ത്തലോമിയ കൂട്ടി ചേര്‍ക്കുന്നു. പലരും ടിപ്പുവില്‍ നിന്നു രക്ഷപെടാന്‍ വരാപ്പുഴയിലേക്കു പാലായനം ചെയ്തിരുന്നു. ഫാദര്‍ ബര്‍ത്തലോമിയ അപ്പോള്‍ വരാപ്പുഴയിലായിരുന്നു.കര്‍മ്മലീത്ത മിഷിനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.’

യുദ്ധത്തില്‍ തടവുകാരായിപിടിക്കപെടുന്ന നായന്‍മാരെ നിര്‍ബന്ധിച്ചു പരിച്ഛേദനം( സുന്നത്ത് )കഴിപ്പിക്കാന്‍ ടിപ്പു നല്‍കുന്ന ഉത്തരവുകളും ഭീകരമാണു.അവരെ നിര്‍ബന്ധിച്ചു ബീഫ് തീറ്റിപ്പിച്ചു. ഇതെല്ലാം ഇന്നു ചരിത്രത്തിന്റെ ഭാഗമാണു. ഇരിങ്ങാലകുട ക്ഷേത്രത്തിലെ ചരിത്ര രേഖകളേല്ലാം ടിപ്പു നശീപ്പിച്ചു. തൃശ്ശൂര്‍ വടക്കു നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പശൂവിനെ കൊന്നു അതിന്റെ കുടല്‍ മാല ചാര്‍ത്തി അശുദ്ധമാക്കി. ത്രശ്ശൂരിനടുത്ത് ഒല്ലൂര്‍ പള്ളിക്കു നേരെ പീരങ്കി ആക്രമണം നടത്തി. ഗുരുവായൂരമ്പലത്തിലെ വിഗ്രഹം അമ്പലപുഴയിലേക്കു മാറ്റേണ്ടിവന്നു. ഗുരവായൂര്‍ ക്ഷേത്രം ആക്രമിക്കാതിരിക്കാന്‍ കോടിക്കണക്കിനു രൂപ ടിപ്പുവിന്റെ പടത്തലവന്‍മാര്‍ക്കു കൈക്കൂലി കൊടുക്കേണ്ടിവന്നു. ഇതെല്ലാം മലയാളികള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണു. ഇനി ടിപ്പുവിനെ വീണ്ടും നായകനാക്കി മലയാളി മനസ്സില്‍ വീണ്ടും കനല്‍ കോരിയിടരുത്. ടിപ്പുവിന്റെ ധീരകൃത്യങ്ങള്‍ വിവരിക്കാന്‍ ഒരു ലേഖനത്തിനോ ഒരു പുസ്തകത്തിനോ കഴിയില്ല അതെല്ലാം വേണ്ട വിധത്തില്‍ എഴുതപെട്ടിരുന്നെങ്കില്‍ ജര്‍മ്മനിയിലെ ഹിറ്റ് ലര്‍ എത്രയോ പുറകിലാകുമായിരുന്നു.

ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍

ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍

പലരും ചോദിച്ചു എന്താണ് മനുഷ്യനും ക്ഷേത്രവും ആയിട്ടുള്ള ബന്ധം... അതിനു ഉത്തരമാണ് ഈ ലേഖനം.

ഹൈന്ദവ ക്ഷേത്രങ്ങള്‍ വെറും പ്രാര്‍ഥനാലയങ്ങളായല്ല നിര്‍മ്മിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. എന്നു മാത്രമല്ല തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിന്റെ പ്രതീകങ്ങളാണ്. 

മനുഷ്യ ശരീരം തന്നെ പ്രപഞ്ച തത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം എന്നതു ദേവന്റെ ബാഹ്യ (സ്ഥൂല) ശരീരം ആണ്. 

പൊതുവേ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ ഘടന എപ്രകാരമെന്നു നോക്കാം. 

പുറത്തുനിന്ന് അകത്തേക്കു നോക്കിയാല്‍ പുറം മതില്‍ (പ്രാകാരം) കൊടിമരം ബാഹ്യഹാര അഥവാ ശീവേലിപ്പുര, മദ്ധ്യാഹാര അഥവാ വിളക്കുമാടം, അന്തര്‍ഹാര അഥവാ നാലമ്പലം, അന്തര്‍മണ്ഡലം അഥവാ അകത്തെബലിവട്ടം, ശ്രീകോവില്‍ എന്നീ അംഗങ്ങള്‍ കാണാവുന്നതാണ്. 

ഇത്രയും ഭാഗങ്ങള്‍ ദേവന്റെ സ്ഥൂല ശരീരങ്ങളാണ്. അതിനുള്ളിലെ ദേവ പ്രതിഷ്ടയും, പ്രതിഷ്ഠക്കടിയിലുള്ള ഷഡാധാരങ്ങളും ദേവന്റെ സൂഷ്മ ശരീരങ്ങളാണ്. മേല്പറഞ്ഞ സൂഷ്മ, സ്ഥൂല ശരീരങ്ങള്‍ തമ്മില്‍ ഒരു അനുപാത ക്രമത്തിലാണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം പോലെയാണ്. 

ഈ അനുപാതം തെറ്റുകയാണെങ്കില്‍ അയാള്‍ വികലാംഗനായിത്തീരുന്നു. എന്നു മാത്രമല്ല അയാളുടെ ദൈനംദിന കാര്യങ്ങള്‍ പോലും വേണ്ടവിധം ചെയ്യുന്നതിനു വൈഷമ്യം ഉണ്ടാക്കുന്നു. 

അതുപോലേ മല്‍പ്പറഞ്ഞ ക്ഷേത്ര
അംഗങ്ങള്‍ക്ക് സ്ഥലത്തിനോ, കണക്കിനോ ഒരു പിഴവുണ്ടായാല്‍ പ്രത്യക്ഷരൂപത്തില്‍ ഒരു പക്ഷേ വിരൂപത്തില്‍ മനസ്സിലാകുന്നില്ലങ്കിലും അത് ജനങ്ങള്‍ക്ക് ക്ഷേമത്തിനു പകരം നാശത്തേയും അനര്‍ഥത്തേയും പ്രദാനം ചെയ്യുന്നതായിത്തീരും. 

ഒരു ദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത്
ജനങ്ങളുടെ ആത്മീകവും, ഭൗതീകവുമായ ശ്രേയസ്സിനെ കണക്കാക്കിയാണ്. ക്ഷേത്രനിര്‍മ്മാണം ചെയ്യുമ്പോള്‍ നമ്മുടെ നാശ ദൃഷ്ടിക്ക് ഗോചരങ്ങളല്ലാത്ത പലഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. അതിനായി തച്ചുശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും സേവനം അനിവാര്യമാണ്. 

ആദ്യമായി ക്ഷേത്രനിര്‍മ്മാണത്തിനു അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ക്ഷേത്രനിര്‍മ്മാണം കൊണ്ട് അനുഭവയോഗ്യമായ നല്ലതും ചീത്തയും മായ ഫലങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി, ദുഷ്ഫലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായ ഉപായങ്ങളും സ്വീകരിക്കേണ്ടതായുണ്ട്. എതു ക്ഷേത്രങ്ങളുടെ കര്യത്തില്‍ മാത്രമല്ല
വീടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്.  

പ്രപഞ്ച രഹസ്യങ്ങളും, സത്യങ്ങളും
നിരീക്ഷണത്തിലൂടെയും സാധനയിലൂടെയും അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്‍ മാരുടെ അസാമാന്യ പ്രതിഭയിലൂടെ രൂപപ്പെടുത്തി വികസ്സിപ്പിച്ചെടുത്ത ശാസ്ത്രങ്ങളാണ്, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും.
യുഗങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അത്യാധുനീകങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്രശാഖകളാണ് ഇവ.

ഭാരതീയ ശാസ്ത്രങ്ങളൊക്കയും മനുഷ്യ നന്മയും ആരോഗ്യപരമായ നിലനില്പ്പും ആണ് ലക്ഷ്യം. ആദ്യമായി യജമാനന്‍ (ഉടമസ്ഥന്‍) ഉത്തമനായ ആചാര്യനെ (തന്ത്രിയെ) സാമ്പ്രദായിക ക്രമത്തില്‍ ആചാര്യവരണം ചെയ്യണം. ക്ഷേത്രത്തിനു തച്ചുശാസ്ത്രപ്രകാരം നിശ്ചയപ്പെടുത്തിയിട്ടുള്ള സ്ഥലം തന്ത്രി പുന്നക്കുറ്റി നാട്ടി ഭൂപരിഗ്രഹം ചെയ്യേണ്ടതാണ്. 

ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാസ്തു പുരുഷനോടും ഭൂമിദേവിയോടും പ്രപഞ്ച ജീവ ശക്തിയോടും വാങ്ങിയാണ് ചെയ്യുന്നത്. അതിനു ശേഷം ഏഴു പ്രകാരത്തിലുള്ള ശുദ്ധിക്രീയയാണ് നടക്കുക. 

ആ ഭൂമിയിലേയും അന്തരീക്ഷത്തിലേയും ദോഷങ്ങള്‍ ഒഴിവാക്കി അവിടം ഒരു സംരക്ഷിത മേഖലയാക്കിത്തീര്‍ക്കുന്നു. ഇനിയും ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായി.

ശ്രീകോവില്‍ എന്നത് യോഗനിദ്രയില്‍ ഇരിക്കുന്ന ഒരു മനുഷ്യ ശരീരവുമായി തുലനം ചെയ്യാവുന്നതാണ്. 

ഈ ശരീരത്തില്‍ എന്തെല്ലാം സ്ഥൂല, സൂഷ്മ അവയവങ്ങള്‍ ഉണ്ടന്ന് നമുക്ക് പരിശോദിക്കാം. ആദ്യമായി ആധാരശിലയുടെ സ്ഥാപനമാണ് നടക്കുക. ഇത് മനുഷ്യ ശരീരത്തിലെ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുക. ഇത് മനുഷ്യശരീരത്തിന്റെ ഏറ്റവും താഴെ ലിംഗത്തിനും ഗുദത്തിനും മദ്ധ്യേ
സ്ഥിതി ചെയ്യുന്നു.

ഇത് ശ്രീകോവിലിന്റെയും ഏറ്റവും അടിയിലത്തെ അവയവമാണ്. ഇതിനു മുകളിലായി ധാന്യങ്ങളെ (വിത്ത്) കൊണ്ട് ഒരു പീഠമുണ്ടാക്കി അതില്‍ നിധികുംഭത്തെ സ്ഥാപിക്കുന്നു.

ധാന്യം കൊണ്ടുള്ള പീഠം സ്വാധിഷ്ടാനചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വാധിഷ്ടാനചക്രം ലിംഗമൂലത്തിലാണ്. ഇവിടെ നിന്നുമാണ് ജീവന്റെയും നാദത്തിന്റേയും ഉത്ഭവം. 

ആധാര ചക്രവും, സ്വാധിഷ്ടാന ചക്രവും ഒരേ ശിലയില്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള നിധികുംഭം ചെമ്പുകൊണ്ടോ കല്ലു കൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. സ്വര്‍ണ്ണവും രത്നവും കൊണ്ട് നിറച്ച ഈ നിധികുഭം മനുഷ്യ ശരീരത്തിലെ മണിപൂരകചക്രത്തെ പ്രതിനിധാനം ചെയ്യുന്നത്. 

സ്വാധിഷ്ടാന ചക്രത്തില്‍ നിന്നും അവ്യക്തമായി ഉത്ഭവിക്കുന്ന ശബ്ദ തരംഗങ്ങള്‍ മണിപൂരക ചക്രത്തില്‍ എത്തുമ്പോള്‍ അത് വ്യക്തമായ ശബ്ദമായി മാറുന്നു. നിധികുംഭത്തിന്റെ മുകളില്‍ ശില കൊണ്ടുള്ള പത്മമാണ്. 

ഈ താമരപ്പൂവ് മനുഷ്യന്റെ ഹ്രദയസ്ഥാനത്തുള്ള അനാഹത ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മണിപൂരക ചക്രത്തില്‍ വ്യക്തമായി ഉത്ഭവിച്ച ശബ്ദതരംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സ്ഫുടമായി സ്ഫുരണം ചെയ്യുന്നു. 

പത്മത്തിന്റെ മുകളില്‍ ശിലകൊണ്ടുള്ള കൂര്‍മ്മമാണ് ഇത് ദേവന്റെ ദര്‍ശ്ശനത്തിന് അനുസരണമായി സ്ഥാപിക്കുന്നു. മനുഷ്യ ശരീരത്തില്‍ അഞ്ച് പ്രകാരത്തിലുള്ള പ്രാണശക്തിയുണ്ട് . 

പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ വിധത്തില്‍ അറിയപ്പെടുന്നത് ഒരേ പ്രാണശക്തിയാണ്. പ്രാണന്‍ കൂര്മ്മം എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രാണശക്തിയാണ് ശിലകൊണ്ടുള്ള കൂര്‍മ്മം പ്രതിനിധാനം ചെയ്യുന്നത്. 

കൂര്‍മ്മത്തിന്റെ മുകളില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ യോഗനാളത്തെ പ്രതിഷ്ടിക്കുന്നു. 

ഇത് ശരീരത്തിലെ വിശുദ്ധിചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കുണ്ഡലിനീ ശക്തിയുടെ ഗമനമാര്‍ഗ്ഗമാണ്. ഇതിനു മുകളില്‍ നപുംസക ശില സ്ഥാപിക്കുന്നു.

ഈ നപുംസകശിലയുടെ അടിഭാഗത്ത് യോഗനാളം വന്നുമുട്ടുന്ന സ്ഥാനം മനുഷ്യശരീരത്തിലെ ആജ്ഞാചക്രം. നപുംസക ശിലയുടെ മുകള്‍ ഭാഗം സഹസ്രാരപത്മമാണ്. 

ആജ്ഞാചക്രം പരമാത്മാവിന്റെ സ്ഥാനം കൂടിയാണ്. ഗുണാതീത തത്വത്തിന്റെ പ്രതീകമാണ് നപുംസകശില. ഇവിടെ മനസ്സിന്റെ ലയനസ്ഥാനവുമാണ്. മഹായോഗികള്‍ക്ക് ദിവ്യ ദൃഷ്ടിയുടെ ദര്‍ശ്ശനവും ഇവിടെത്തന്നെ. ഓങ്കാരം ദൃശ്യമാകുന്നതും ഈ സ്ഥാനത്താണ്.  ഈ നപുംസകശിലയുടെ മുകള്‍ ഭാഗത്താണ് ദേവന്റെ പീഠവും ബിംബവും സ്ഥാപിക്കുന്നത്. 

ദേവവിഗ്രഹം പുരുഷനാണെങ്കില്‍
പീഠം സ്ത്രീ ശിലയും, സ്ത്രീയാണെങ്കില്‍ പീഠം പുരുഷശിലകൊണ്ടും നിര്‍മ്മിച്ചിരിക്കണം. 

മൂലാധാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുണ്ഡലിനീശക്തി ഈ ആറാധാരങ്ങളും ഭേദിച്ച് സഹസ്രാരപത്മത്തില്‍ എത്തിച്ചേരുന്നു. ഈ സഹസ്രാര പത്മത്തിന്റെ സ്ഥാനത്ത് ശ്രീകോവിലും ദേവന്റെ പ്രതിഷ്ഠയുമാണ്. 

അവിടെ എത്തിച്ചേരുന്ന പ്രാണശക്തി ദിവ്യ തേജസ്സായി പുറത്തേക്ക് പ്രവഹിക്കുന്നതാണ്  (ശ്രീകോവിലില്‍ നിന്നും ഒഴുകി വരുന്ന തീര്‍ത്ഥം). ബിംബത്തിനു മുകളില്‍ ക്ഷേത്രത്തിന്റെ താഴികക്കുടത്തോടും കൂടിയ ഭാഗം മനുഷ്യശിരസ്സില്‍ വെച്ച കിരീടമായി കണക്കാക്കുന്നു. 

താഴികക്കുടങ്ങള്‍ ദേവന് ബ്രഹ്മവുമായി സംവദിക്കാനുള്ള മാര്‍ഗ്ഗമാണ്.
താഴികക്കുടങ്ങളുടെ നിര്‍മ്മാണം മൂലം ഈയിടെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിപ്പിക്കുന്നത് ആയിരുന്നുവല്ലോ?

എനി അന്തര്‍ഹാരയില്‍ മറ്റെന്തല്ലാം ഉണ്ടന്നുകൂടി നമുക്കുനോക്കാം. ഇവിടെ ശ്രീകോവില്‍ ദേവന്റെ ശിരസ്സും, അതിനു ചുറ്റുമുള്ള അകത്തെ ബലിവട്ടം മുഖവുമാണ്. 

അതിനു പുറത്തുള്ള നാലമ്പലം ക്ഷേത്രപുരുഷന്റെ ഹൃദയപ്രദേശമായ നെഞ്ചകമാണ്. 

ശ്രീകോവിലിന്റെയും നാലമ്പലത്തിന്റേയും ഇടക്കുവരുന്ന നമസ്കാര മണ്ഡപം ദേവന്റെ കണ്ഠത്തിന്റെ സ്ഥാനമാണ്. ഇത് വേദജപത്തിനും മന്ത്രോച്ചാരണത്തിനുമുള്ള സ്ഥലമാണ്. 

ഇവിടെ ദേവന്റെ വാഹനവും സ്ഥാപിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം കൂടിയാണ്. മണ്ഡപത്തിന്റെ ക്രമത്തില്‍ ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു. 

ഇത്രയുമാണ് മുഖ്യമായും അന്തര്‍ഹാരിയിലെ അവയവങ്ങള്‍. ഇനിയും മദ്ധ്യഹാരയിലേക്ക് കടക്കാം. ഇത് നാലമ്പലത്തിനു പുറത്തുള്ള വിളക്കുമാടമാണ്. 

ഈ വിളക്കു മാടം അഗ്നിമണ്ഡലമാണ്. അഗ്നിമണ്ഡലത്തോടു ചേര്‍ന്ന് തിടപ്പള്ളി നിര്‍മ്മിച്ചിരിക്കുന്നു. 

അഗ്നിമണ്ഡലം ധാരാളം വിളക്കുകള്‍ കത്തിക്കേണ്ട സ്ഥാനമാണ്. ഇവിടെ ജ്വലിക്കുന്ന ദീപങ്ങളുടെ ചൈതന്യം ബാഹ്യാഹാരയിലേക്കും അന്തര്‍ഹാരയിലേക്കും ഒരുപോലെ പ്രവഹിച്ച് ക്ഷേത്ര ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയും തദ്വാര ദേശത്തു എശ്വര്യവും സമ്രദ്ധിയും ഉണ്ടാക്കുകയും ചെയ്യുന്നു. 

അവിടെ എത്തിച്ചേരുന്ന ഭക്തരുടെ പാപശാന്തിക്ക് ഇത് ഉത്തമമാണ്. ഇനിയും ബാഹ്യാഹാര എപ്രകാരമെന്നു നോക്കാം.
ആദ്യം വലിയ ബലിക്കല്പ്പുരയുടെ സ്ഥാനമാണ്. ഇതിന്റെ ക്രമത്തില്‍ നാലമ്പലത്തിന്റെ പുറത്ത് ചുറ്റുപാടും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതായിക്കാണാം. ഇത് ദേവന്റെ അരക്കെട്ടിന്റെ സ്ഥാനമാണ്. 

ബാഹ്യാകാരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഒരു കാര്യം സ്മരിക്കേണ്ടതാണ്.
നാലു ദിക്കിലേക്കും യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ശരീരത്തെയാണ് ഇവിടെ
പ്രതിനിധാനം ചെയ്യുന്നത്. 

വലിയ ബലിക്കല്ലിനു പുറത്ത് കൊടിമരത്തിന്റെ സ്ഥാനമാണ്.
യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന മനുഷ്യന്റെ മൂലാധാരത്തിന്റെ സ്ഥാനമാണിവിടം.
കുണ്ഡലീനശക്തി ഉറങ്ങിക്കിടക്കുന്ന സ്ഥാനമാണന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ഇത് നട്ടെല്ലിന്റെ ഉത്ഭവമാണ്. ഈ സ്ഥാനത്തു സ്ഥാപിക്കുന്ന കൊടിമരം നട്ടെല്ലിനെയാണ് പ്രതിനിധാനം ചെയ്യുക. അതില്‍ ചെമ്പ് കൊണ്ടോ, ഓടു കൊണ്ടോ, മറ്റ് ലോഹങ്ങള്‍ കൊണ്ടോ പണിതിറക്കുന്ന പറകള്‍ നട്ടെല്ലിന്റെ കശേരുക്കളുടെ ക്രമത്തിലാണ്. 

കൊടിമരം ഉത്ഭവഘട്ടത്തില്‍ മാത്രം സ്ഥാപിച്ചാല്‍ മതിയാകുന്നതാണ്. എന്നാല്‍ സൗകര്യം കണക്കാക്കി സ്ഥിര ധ്വജം സ്ഥാപിക്കുന്നു എന്നു മാത്രം. താല്‍കാലിക ധ്വജം സ്ഥാപിക്കുമ്പോള്‍ കമുകിന്‍ തടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിര ധ്വജത്തിനു തേക്ക്, ദേവദാരു എന്നിവ ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇന്ന് സൗകര്യപ്രദാര്‍ഥം കോണ്‍ക്രീറ്റ് സ്തംഭങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കൊടിമരത്തിന്റെ പൊക്കം ക്ഷേത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

കൊടിമരത്തിന്റെ അടിസ്ഥാനം മൂലാധാരത്തിന്റെ
സ്ഥാനത്താകുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം സഹസ്രാരപത്മം വരെയാണ്, ഇവിടെ സുഷുമ്നാനാഡിയേയും പ്രതിനിധാനം ചെയ്യുന്നു. ഇഡാ-പിംഗലാ നാഡികളെ പ്രതിനിധാനം ചെയ്താണ്
കൊടിമരത്തില്‍ ആലും, മാവും(ഇലയോടുകൂടിയ ചെറുകമ്പുകൾ) ചേർത്ത് കുഴ കെട്ടുന്നത്. 

കൊടിക്കൂറയും അതിലെ മണിയും ശക്തിയേയും അതിലെ നാദത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്. 

മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലീന ശക്തിയെ സാധകന്‍ പ്രാണായാമം കൊണ്ട് മേല്പോട്ടുയര്‍ത്തി സഹസ്രാരപത്മത്തില്‍ എത്തിക്കുന്ന പ്രക്രിയയാണ് ക്ഷേത്രത്തില്‍ കൊടിയേറ്റം നടത്തുമ്പോള്‍ ഉണ്ടാകുന്നത്. 

സാധകന്‍ തന്റെ കുണ്ഡലിനീശക്തിയെ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന നാദവിശേഷത്തേയാണ് കൊടിക്കൂറയിലെ മണി പ്രതിനിധാനം ചെയ്യുന്നത്. 

കൊടിമരത്തിന്റെ പുറത്ത് ബലിവട്ടം. ഈ ബലിവട്ടത്തിന് അകത്തും പുറത്തുമായി ബലിശിലകള്‍ കാണാം. 

ഇത് അരക്കെട്ടിന്റെ ഭാഗമാണ്. ഇതിന്റെ പുറത്തുള്ള മതില്‍ക്കെട്ട് മഹാമര്യാദ അഥവാ പുറംമതില്‍ എന്ന സ്ഥാനമാണ്. ഇത് ദേവന്റെ കാലുകളെ പ്രതിനിധാനം ചെയ്യുന്നു. നാലുദിക്കിലും കാണുന്ന ഗോപുരങ്ങള്‍ ദേവന്റെ പാദങ്ങളാണ്. ഇപ്പോള്‍ ദേവാലയത്തിന്റെ മിക്കവാറും അംഗങ്ങളൊക്കെയായി. മേല്പ്പറഞ്ഞ പ്രകാരം ഷഡാധാരങ്ങളോടുകൂടി  പ്രതിഷ്ഠാപീഠത്തില്‍ സ്ഥിതി ചെയ്യുന്ന വിഗ്രഹം പരമാത്മാവ് തന്നെയാണ്. ഇത് സാക്ഷാല്‍ ഈശ്വര സാനിധ്യമാണ്.

ദേവചൈതന്യം അരൂപമായതിനാല്‍ അതിന് മന്ത്രക്ഷണങ്ങളാലും ബീജക്ഷണങ്ങളാലും രൂപവും ഭാവവും കല്പന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മന്ത്ര സ്പന്ദനത്തോടും ധ്യാനഭാവത്തോടും കൂടി രൂപപ്പെടുത്തിയട്ടുള്ളതാണ് ശ്രീകോവിലിനുള്ളില്‍ നാം കാണുന്ന വിഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ചൈതന്യത്തെ മേല്പറഞ്ഞ പ്രകാരം ശാസ്ത്രീയമായി കേന്ദ്രീകരിച്ച് നിലനിര്‍ത്തിയിട്ടുള്ളതാണ് ദേവാലയങ്ങള്‍. അതിലേക്ക് പ്രത്യേകം ക്രമപ്പെടുത്തിയിട്ടുള്ള
മന്ത്രങ്ങളെ പ്രവഹിപ്പിക്കുമ്പോള്‍ അത്ഭുതാവഹവും അപരിമേയവുമായ പ്രഭ (ചൈതന്യം) പുറത്തേക്ക്
സ്ഫുരിക്കുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ഭൗതീകവും ആത്മീയവുമായ സാക്ഷാത്കാരത്തിന്
അനുഗുണമായിത്തീരുന്നു. ഇപ്രകാരമുള്ള ദേവാലയ സ്ഥാനത്ത് ഏകാഗ്ര ചിത്തനായി ഭജിക്കുന്ന
ഒരു ഭക്തന് തന്റെ  മനോകാമന പൂര്‍ണ്ണമാക്കാനാവുമെന്നതില്‍ സംശയമില്ല.

കാലാകാലങ്ങളില്‍ ശ്രദ്ധാപുരസ്സരം ആചാരങ്ങള്‍ നിലനിര്‍ത്താത്തതുകൊണ്ടും
പില്‍ക്കാലത്തുണ്ടാവുന്ന ആചാരവ്യതാസം കൊണ്ടും ജീര്‍ണ്ണത കൊണ്ടും, മറ്റു പല കാരണങ്ങള്‍ കൊണ്ടും ദേവാലയങ്ങള്‍ക്ക് വൈകല്യം വന്നുകൂടാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അവിടെ നിന്നും അനുകൂല തരമല്ലാത്ത പ്രഭാ സ്ഫുരണം ഉണ്ടാവുകയും, പല പ്രകാരത്തിലുള്ള നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 

ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ അവിടുത്തെ പോരായ്മകള്‍ അറിഞ്ഞു പരിഹരിക്കുന്നതിന് വിദഗ്ധനായ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ സേവനം അനിവാര്യമായിത്തീരുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത പല പോരായ്മകളും വന്നു കൂടാവുന്നതാണ്. 

ഈ ഘട്ടത്തില്‍ വിശദമായ ദേവപ്രശ്നം നടത്തി ഗുണ ദോഷങ്ങളെ വേര്‍തിരിച്ച് ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജ്യോതിശാസ്ത്ര പണ്ഡിതന്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്. 

ആ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ ആചാര്യനാല്‍ പോരായ്മകള്‍ പരിഹരിച്ച് ദേശത്തിന്റെയും ദേശജനങ്ങളുടേയും ഉത്കൃഷ്ടതക്കായി ദേവാലയങ്ങള്‍ പുനരുദ്ധരിക്കേണ്ടതാണ്. 

ഒരു സാധകന്‍ നിത്യം സ്നാനം, ജപം, പ്രാണായാമം മുതലായ നിത്യാചാരങ്ങളും ചെയ്ത് മോക്ഷത്തിനായി യജ്ഞിക്കുന്നതു പോലെ ക്ഷേത്രത്തില്‍ നിത്യാചാരങ്ങളും വാര്‍ഷീകമായി കൊടിയേറ്റ് ഉത്സവം മുതലായവ താന്ത്രികമായി നിർവ്വഹിച്ച് ക്ഷേത്രത്തിനേയും, ദേശത്തിനേയും ആത്മീയ പ്രഭാപൂരണം ചെയ്തുപോരുന്നു. ഇവിടെ മനുഷ്യന്റെ ഒരു വര്‍ഷം ദേവന്റെ ഒരു ദിവസ്സമായി കണക്കാക്കപ്പെടുന്നു.  ഒരു ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പരമാധികാരവും പരിധിയുമുള്ള അഞ്ചുകൂട്ടുകാരുടെ ബന്ധമുണ്ട്. 

യജമാനന്‍-തന്ത്രി- ജ്യോതിശാസ്ത്രജ്ഞന്‍-സ്താപതി ദേവകര്‍ എന്നിവര്‍ അവരവരുടെ പരമാധികാരവും പരിധിയും, നിഷ്ഠയും, സദ്ഭാവനയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ഒരു ക്ഷേത്രം സുഗമമായും എെശ്വര്യമായും സമ്പൂര്‍ണ്ണ അനുഗ്രഹപ്രദമായും നിലനില്‍ക്കുകയുള്ളൂ.