ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2019

തിരിച്ചറിവ്

തിരിച്ചറിവ്

ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ.

സനന്ദനൻ എന്ന് ആ സന്യാസിയുടെ നാമം  പദ്മപാദർ  എന്നായതെങ്ങനെ എന്നറിയുമോ....

ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ  ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ, പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്, അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു.

അങ്ങിനെ  അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്.

അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു. അദ്ദേഹത്തിന്റെ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്.

അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!!

മാത്രവുമല്ല,അദ്ദേഹത്തിന്  താൻ തന്നെയാണ്  നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി..

പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്.

അത് വന്നാൽ, അത് തന്റെ ഭക്തന് കൂടിയാണെങ്കിൽ തീർച്ചയായും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്തിരിക്കും, അങ്ങിനെ ആ വ്യക്തിയെ നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്തിരിക്കും എന്നത്, തർക്കമില്ലാത്ത കാര്യം തന്നെ!

വിചാരമുണ്ടായ ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമിയെ ആരാധിക്കുവാനും, പൂജിക്കുവാനും തുടർന്നു അന്നം, ജലം, വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്യുവാനായി നിശ്ചയിച്ചു കൊണ്ടും ധ്യാനം ആരംഭിച്ചു.

ഒരാഴ്ച അങ്ങിനെ ജപധ്യാനങ്ങളിൽ കടന്നു പോയി…നരസിംഹസ്വമിയുടെ മുഖം മനസ്സിൽ പോലും തെളിയുന്നില്ലെന്നു മനസ്സിലാക്കിയ പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി.

ഒറ്റക്കാലിൽ നിന്നായി പിന്നത്തെ തപസ്സ്...

അതും ദിവസങ്ങളോളം നീണ്ടു. ഒരു ഫലവുമില്ല .

പിന്നെ ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ടായി തപസ്സ്. അതും ഫലം കണ്ടില്ല ..

പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.

എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ  പ്രത്യക്ഷ്പ്പെടുത്തിയില്ലെങ്കിൽ "ആളുകൾ എന്ത് വിചാരിക്കും, തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തുകയില്ലെ, കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?"

എന്നൊക്കെയാണ് സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നു പോയ അദ്ചിന്തിച്ചത്.   

പക്ഷെ  കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.

ഇതൊക്കെ കണ്ടും ശ്രദ്ധിച്ചും ഒരാൾ സദാ ആ കാട്ടിൽ പദ്മപാദർക്ക് അരികിലായിട്ടുണ്ടായിരുന്നു; ഒരു സാധു വേടൻ.

അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന അയാൾക്ക് മര്യാദക്കുള്ള ഒരു വീടോ, വിദ്യാഭ്യാസമോ, ലോകപരിചയമോ, എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല.

എന്നാൽ "മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു ഹൃദയം" അത് മാത്രമായിരുന്നു അയാളുടെ കൈമുതൽ..

അയാൾ നോക്കുമ്പോൾ, ഒരു സന്യാസി ഇരുന്നും, നിന്നും, മനസ്സിലാവാത്ത ഏതോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കി (അത് ഖോരനരസിംഹ മന്ത്രങ്ങളാണെന്ന് പാവത്തിനുണ്ടോ അറിയുന്നു) പട്ടിണി കിടന്നും, വെള്ളം പോലും കുടിക്കാതെയും കിടന്നു കഷ്ടപ്പെടുന്നു..!!!

കുറെ ദിവസമായി രാവിലെയും വൈകീട്ടും അതിലേ കടന്നു പോകുമ്പോൾ ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം, ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു.

എന്നാൽ കുറെ നേരം നിന്ന് ചോദിച്ചെങ്കിലും, ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല.

അതിനാൽ വേടൻ അടുത്ത് കണ്ട, കഴിക്കുവാൻ യോഗ്യമായ കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളംകുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി അദ്ദേഹം ഉണരും വരെ കാത്തു നിന്നു.

ഉണർന്നപ്പോൾ ഇവയെല്ലാം കാൽക്കൽ വച്ച് തൊഴുതു മാറി നിന്നു കൊണ്ട് ചോദിച്ചു......
"ഏൻ എന്നും കാണുന്നതാ തമ്പ്രാ, ഒന്നും കഴിക്കാതെ, കുടിക്കാതെ, ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത്, എന്താ കാര്യം തമ്പ്രാ. ഏനോട് ശോല്ല്. അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ... അടിയൻ സഹായിക്കാം, കാരണം, ഇപ്പോത്തന്നെ... തമ്പ്രാ... വല്ലാതെ ക്ഷീണിച്ചു... പോയിരിക്കുന്നു. അടിയനിതിനിയും കാണാൻ. വയ്യാത്തോണ്ടാ... ശൊല്ല് തമ്പ്രാ" എന്ന്.

ആദ്യം, "ഈ എട്ടും പൊട്ടും തിരിയാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം" എന്ന് കരുതി പദ്മപാദർ ഒന്നും പറഞ്ഞില്ലെങ്കിലും,
പിന്നീട്നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു,

"നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല,

ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംതപത്തിനൊരുമ്പെട്ടിരിക്കുന്നതു!"

എന്നാൽ ആ പറഞ്ഞതൊന്നും തന്നെ പാവം നമ്മുടെ വേടനു മനസ്സിലായില്ല,

എന്ന് മാത്രമല്ല, നരസിംഹം എന്താണെന്നോ, എങ്ങിനെയിരിക്കുമെന്നൊ അറിയാത്തത് കൊണ്ട് ആ പാവം, വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു.....

"തമ്പ്രാ..അറിയാത്തത് കൊണ്ടാണേ ..
ഈ നരസിങ്കം കാണാൻ എങ്ങിനെയാ..
ഏതു ജീവിയെപ്പോലെയാണ് ?
അല്ല.. ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം..

അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?"

വേടന്റെ വാക്കുകൾ കേട്ടു.....,

വിഡ്ഢിത്തമായി കരുതി, ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു,

"എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട,

പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും, ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്. നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും" എന്ന്.....

കൂടുതലൊന്നും കേൾക്കാതെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു..

തനിക്ക് ഒന്നും കിട്ടാനല്ല... ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം..

ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും, മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി .

അതും "തമ്പ്രാന്റെ സിങ്കേ.. തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?" എന്ന് ചോദിച്ചു കൊണ്ട്...

കാട്ടിലെ എല്ലാ ഗുഹകളിലും,വലിയ മരങ്ങളിലും, മലയടിവാരത്തും എന്ന് വേണ്ട, എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട്

"ഓ! ഇത് നീയായിരുന്നോ.. നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് "

എന്ന് പറഞ്ഞു അതിനെ വിട്ടു കളയും.

ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു..

അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി..

ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു..

എന്നിട്ടും അവൻ "തമ്പ്രാന്റെ സിങ്ക"ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു...

ഒടുവിൽ ആ നിഷ്കളങ്കമായ, അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീവൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി..

സാക്ഷാൽ പന്നഗശ്രേഷ്ടനും, മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി  തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി...

ഒപ്പം എല്ലാവരെയും, ദാരിദ്ര്യതാപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും, ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു.

ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട്  പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി.

സപ്തർഷികൾക്കും, ത്രിമൂർത്തികൾക്കും, എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്തനരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു, ചക്രം, ഗദാപദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ, സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ, തന്നെ അന്വേഷിച്ചലയുന്ന, പരമ സാധുവായ വേടൻ വരുന്ന വഴിയിൽ, അവനായി മാത്രം കാത്ത്  നിന്നു....

"ഭക്തവത്സലൻ" എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ…

പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!!

അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന,

"സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!"

ഒന്ന് കൂടി സൂക്ഷിച്ചു നോക്കി - അതെ.. അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും, പകുതി മനുഷ്യനും ആയ ആൾ തന്നെ.

ഒപ്പം നാല് കൈകളും, ആ കൈകളിലൊക്കെ, എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട് ..

നല്ല ഓമനത്തമുള്ള, മുഖം!!!

തന്നെക്കണ്ട് പേടിച്ചെന്നു കരുതി, ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട്, ആ പാവം ഇങ്ങിനെ പറഞ്ഞു.

"തമ്പ്രാന്റെ സിങ്കേ, തമ്പ്രാന്റെ സിങ്കേ.. ഇത്ര നാളും നീ എങ്കെയായിരുന്നു,

അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു, തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ് .......

നാൻ നിന്നെ ഒന്നും ചെയ്യില്ല.

പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി..

പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ..

അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ .."

എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു താഴെ നിന്നും ഒരു പിടി പുല്ല് പറിച്ചു ഭഗവാനു നേരെ നീട്ടി.

തന്റെ ഏതു ഭക്തനും, യഥാർഥ ഭക്തിയോടെ എന്ത് തന്നാലും, അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല.

അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ കഴിച്ചു .

ഉടനെ, അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ, മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ ബന്ധിച്ചു കൊണ്ട് മുൻപേ നടന്നു.

ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു, സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!!!

ഒടുവിൽ രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി.

വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും അദ്ദേഹത്തെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു

"തമ്പ്രാ.. കണ്ണ് തൊറ.. ദേ.. നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ.. ശരിയല്ലേന്നു കണ്ണ് തൊറന്നു ഒന്ന് ശൊല്ല് തമ്പ്രാ.."

ആദ്യം പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല, കണ്ണ് തുറന്നുമില്ല..

പക്ഷെ ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു.. അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു !!!

വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിച്ച തന്റെ, ചിട്ടയായ, എല്ലാ പൂജകൾക്കും, തപസ്സിനും മുന്നിൽ, പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി, യാതൊരു അറിവോ, വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ നില്ക്കുന്നു. ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ...

ഒരു നിമിഷം പരിഭ്രമം കൊണ്ടും, തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ,

ഭഗവാൻ അദ്ദേഹത്തോട്, "ആദ്യം നിഷ്കാമഭക്തനും, പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി" എന്ന്പറയുന്നു.

അപ്രകാരം, സ്വയം ജ്ഞാനിയെന്നു ധരിച്ച, പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ,

”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല”
എന്ന് ഭഗവാൻ മനസ്സിലാക്കികൊടുക്കുന്നു.

ഓണവില്ല്

ഓണവില്ല്

ഓണവില്ലനെക്കുറിച്ചുള്ള ഐതിഹ്യം

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.

പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയ്യാറാക്കുന്നത് കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ്നിർമ്മിക്കുന്നത്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ ഐെശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്.

അനന്തശയനം.ദശാവതാരം,പട്ടാഭിഷേകം,കൃഷ്ണലീല,ശാസ്താവ്,വിനായകൻ എന്ന ആറു ജോഡി വില്ലുകളാണ്(പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ ഉത്രാടനാൾ കുടുംബക്ഷേത്രത്തിൽ വച്ച് പൂജിച്ച് തിരുവോണനാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ. വലുത് രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു.ദശാവതാരവില്ല്

നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും ശ്രീരാമ വിഗ്രഹത്തിൽ പട്ടാഭിഷേകവില്ലും ശാസ്താവ്,ശ്രീ കൃഷ്ണൻ,വിനായകൻ.എന്നീ വില്ലുകൾ അതത് വിഗ്രഹങ്ങളിലും ചാർത്തുന്നു.
തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം

2 September 2019

സദ്യ വിളമ്പുന്ന രീതി

ഓണമൊക്കെയായില്ലേ... ഇനി വിളമ്പാൻ അറിയില്ലാന്നൊന്നും പറയാൻ നിക്കണ്ട...

ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്..

1) ചിപ്സ്
2) ഉപ്പേരി (ശർക്കര വരട്ടി)
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലൻ
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയൽ
14) കാളൻ
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരൻ
17) അവീൽ
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാർ
23) അടപ്രഥമൻ
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്

സദ്യ വിളമ്പുന്ന രീതി

(അതിഥി ഇരിക്കുന്നതിന് മുന്നേ)

സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയിൽ വാഴയില ഇടുക.
ഇടത് വശത്ത് ഇലയുടെ മുകളിലായി കപ്പ് വെള്ളം വയ്ക്കുക.

ഇലയുടെ ഇടത് വശത്ത് താഴെയായി 1 മുതൽ 4 വരെയുള്ള ഐറ്റംസ് വിളമ്പുക.
1) ചിപ്സ്
2) ഉപ്പേരി (ശർക്കര വരട്ടി)
3) പഴം
4) പപ്പടം

ഇലയുടെ മുകളിൽ ഇടതുവശത്തു നിന്നും തുടങ്ങി 5 മുതൽ 16 ഐറ്റംസ് നിരയായി വിളമ്പുക.
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലൻ
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയൽ
14) കാളൻ
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരൻ

ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പുക.
17) അവീൽ
18) കൂട്ടുകറി

(അതിഥി ഇരുന്നതിന് ശേഷം)

ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടുക. ചോറിന് മുകളിൽ പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാർ കൊണ്ടുപോയി ആവശ്യമുള്ളവർക്ക് ഒഴിച്ചു കൊടുക്കുക.
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാർ

തുടർന്ന് രണ്ടാമത്തെ ട്രിപ്പ് ചോറ് ഇടുകയും കൂടെ സാമ്പാർ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം അടപ്രഥമനും പുറകെ ഗോതമ്പ് പായസവും ഇലയിൽ ഒഴിച്ചു കൊടുക്കുക.
19) ചോറ് [2]
22) സാമ്പാർ [2]
23) അടപ്രഥമൻ
24) ഗോതമ്പ് പായസം

മൂന്നാമത്തെ ട്രിപ്പ് ചോറിടുക (വളരെ കുറച്ച്). പുറകെ പുളിശ്ശേരിയും തുടർന്ന് രസവും അവസാനം മോരും ഒഴിച്ചു കൊടുക്കുക.
25) പുളിശ്ശേരി
26) രസം
27) മോര്

അത്തച്ചമയം

അത്തച്ചമയം

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ്‌ അത്തച്ചമയം.

1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ - കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961-ൽ കേരളാ ഗവൺമെന്റ്‌ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. മഹാരാജാവിന്റെ എഴുന്നള്ളത്ത്‌ മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന്‌ രാമവർമ്മ പരീക്ഷിത്ത്‌ മഹാരാജാവാണ്‌ ഏറ്റവുമൊടുവിൽ ദർശനം നൽകിയത്‌. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട്‌ കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ്‌ 20-ന്‌ നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്‌.

അത്തച്ചമയം അന്ന്

രാജകീയ അത്തച്ചമയത്തിന്‌ മൂന്നു ദിവസം മുൻപ്‌ ആനപ്പുറത്ത്‌ നകാര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതിൽ വീതം മൂന്നു കോട്ടവാതിൽക്കലും ചെന്ന്‌ സർക്കാർ അറിയിപ്പ്‌ വിളംബരപ്പെടുത്തുന്നു. ഇതിന്‌ "ദേശം അറിയിക്കൽ" എന്നാണ്‌ പറയുന്നത്‌. നാലാം ദിവസം അത്തം നാൾ നാടുവാഴികൾ, പ്രഭുക്കൾ, കർത്താക്കൻമാർ, തണ്ടാൻ, അരയൻ, കത്തനാർ തുടങ്ങിയവർ എത്തിച്ചേരണമെന്നാണ്‌ കൽപ്പന. കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ്‌ വയ്പ്‌. അത്തച്ചമയത്തിന്‌ തലേനാൾ(ഉത്രം) മഹാരാജാവിന്‌ ബ്രഹ്മചര്യവ്രതമാണ്‌. വിശേഷാൽ പൂജയും ക്ഷദരവും നടത്തും. അത്തം നാൾ രാവിലെ സ്നാനം ചെയ്‌ത്‌ പൂർണത്രയീശക്ഷേത്ര ദർശനം ചെയ്‌ത്‌ അലങ്കാരമുറിയിൽ പ്രവേശിക്കുന്ന മഹാരാജാവിനെ നമ്പൂരിമാരും തിരുമുൽപ്പാടുകളും ചെങ്ങഴി നമ്പ്യാന്മാരും ചേർന്ന്‌ ആടയാഭരണങ്ങൾ അണിയിച്ച്‌ ഉടവാൾ കൊടുക്കുന്നു. കക്കാട്‌ കാരണവർ മഹാരാജാവിനെ പൂമുഖത്തേക്ക്‌ ആനയിക്കുന്നു.

വലിയ വെള്ളി വിളക്കിനും നിറപറക്കും, പച്ചക്കുല, പഴക്കുല, വീരമദ്ദളം, ചങ്ങലവട്ട, പള്ളിശംഖ്‌ എന്നിവയ്ക്കഭിമുഖമായിരുന്ന വെള്ളിസിംഹാസനത്തിൽ അദ്ദേഹം ഉപവിഷ്ടനാകുന്നു. പെരുമാക്കൻമാരിൽ നിന്ന്‌ പെരുമ്പടപ്പ്‌ സ്വരൂപത്തിന്‌ സിദ്ധിച്ചതും സാമൂതിരിയുമായുണ്ടായ യുദ്ധത്തിൽ വന്നേരിയിൽ നിന്ന്‌ നിഷ്കാസിതരായശേഷം കൊച്ചി രാജാക്കൻമാർ തലയിൽ ചൂടാത്തതുമായ രത്നക്കിരീടം മഹാരാജാവ്‌ മടിയിൽ വയ്ക്കുന്നു. ഇതിനു ശേഷം നഗരപ്രദക്ഷിണത്തിന്‌ മുന്നോടിയായി ശംഖനാദം മുഴങ്ങുന്നു. മഹാരാജാവ്‌ സിംഹാസനത്തിൽനിന്നിറങ്ങി ദന്തപ്പല്ലക്കിൽ കയറുന്നതോടെ പീരങ്കികൾ ആചാരവെടി മുഴക്കും. തുടർന്ന്‌ നഗരപ്രദക്ഷിണം തുടങ്ങുകയായി. എഴുന്നള്ളത്തിന്‌ ചെട്ടിവാദ്യം, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ മൂന്ന്‌ ആനകൾ എന്നിവ അകമ്പടി സേവിക്കും. വലതുഭാഗത്ത്‌ ദിവാനും മന്ത്രിമാരും. ഇടതുവശത്ത്‌ തിരൂപ്പാടും എ.ഡി.സികളും മുന്നിലും പിന്നിലുമായി ചെങ്ങഴി നമ്പ്യാന്മാരും ഊരിപ്പിടിച്ച വാളുകളുമായി അംഗരക്ഷകരും.

നൂറ്റമ്പതു പേരുള്ള ബോയ്സ്‌ സ്കൌട്ട്‌, സ്റ്റേറ്റ്‌ ബാന്റ്‌, സൈന്യാധിപൻ കുതിരപ്പട്ടാളം, 27 വില്ലക്കാരൻമാർ, വാളുമായി സ്ഥാനീയർ, നായർ പട്ടാളം, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം അവയ്ക്കുപിന്നിൽ ദാസിയാട്ടക്കാർ, പൗരപ്രധാനികൾ, ഉദ്യോഗസ്ഥർ. എല്ലാവരും ഔദ്യോഗിക വേഷത്തിലായിരിക്കും. പുറപ്പെട്ടയിടത്തു തന്നെ തിരിച്ച്‌ എത്തുമ്പോൾ ഘോഷയാത്ര പൂർണ്ണമാവുന്നു. വീണ്ടും സിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന മഹാരാജാവ്‌ പ്രധാനികൾക്ക്‌ 'അത്തപ്പണം' നൽകുന്നു. ദിവാന്‌ 101 പുത്തനും (19 പുത്തൻ ഒരു രൂപ) മറ്റുള്ളവർക്ക്‌ 25 പുത്തനും കക്കാട്‌ കാരണവർക്ക്‌ ഓണപ്പുടവയും നൽകും. പ്രത്യേക ക്ഷണിതാക്കൾക്ക്‌ 64 വിഭവങ്ങളുള്ള സദ്യയുമുണ്ട്‌.

കനകക്കുന്നിലേക്ക്‌ ആസ്ഥാനം മാറ്റുംമുൻപ്‌ വരെ അത്തച്ചമയം കളിക്കോട്ടയിൽ തുടങ്ങി തെക്കേ റോഡിൽകൂടി കിഴക്കേ കോട്ടവാതിൽ എത്തി പടിഞ്ഞാറേക്ക്‌ തിരിഞ്ഞ്‌ ശ്രീപൂർണ്ണത്രയീശക്ഷേത്ര നടയിലെത്തി മഹാരാജാവ്‌ ഭഗവാനെ വണങ്ങിയശേഷം തെക്കോട്ട്‌ തിരിഞ്ഞ്‌ കളിക്കോട്ടയിൽ തിരിച്ചെത്തി അവസാനിച്ചിരുന്നു. കനക്കുന്നിലേക്ക്‌ ആസ്ഥാനം മാറിയശേഷം പൂർണത്രയീശ ക്ഷേത്രനടവരെ വന്ന്‌ തിരിച്ചുപോവുകയായിരുന്നു പതിവ്‌. പിന്നീട്‌ ഇത്‌ കനകക്കുന്ന്‌ കൊട്ടാരവളപ്പിൽ മാത്രമായി ഒതുങ്ങി. മഹാരാജാക്കൻമാരുടെ ആസ്ഥാനം എവിടെയാണോ അവിടെവച്ചാണ്‌ അത്തച്ചമയം നടക്കേണ്ടത്‌. ഇക്കാരണത്താൽ ചാഴൂർ കോവിലകത്തുവച്ചും, തൃശൂർ‍, കണയന്നൂർ‍, എറണാകുളം എന്നിവിടങ്ങളിൽ വച്ചും അത്തച്ചമയം നടന്നിട്ടുണ്ട്‌.

അത്തച്ചമയം ഇന്ന്

നാനാജാതിമതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന്‌ ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഔദ്യോഗികതലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ്‌ അത്തച്ചമയം ഇന്ന്‌. തൃക്കാക്കര ക്ഷേത്രത്തിൽ നിന്ന്‌ കൊണ്ടുവരുന്ന ഓണപതാക ഉയർത്തുന്നതോടെയാണ്‌ ഔദ്യോഗിക തുടക്കം. ചമയഘോഷയാത്രയും അതിനോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളുമാണ്‌ ഇപ്പോൾ അത്തച്ചമയത്തിൽ കാണുന്നത്‌. സർക്കാർ വക ബോയ്സ്‌ ഹൈസ്ക്കൂൾ അങ്കണത്തിലാണ്‌ ഘോഷയാത്രയുടെ തുടക്കം. നാടൻകലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി, ഉത്‌പ്ലവന കലാദൃശ്യങ്ങൾ (ഫ്‌ളോട്ടുകൾ), ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്‌.  മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു.

പൂക്കളം

പൂക്കളം

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ്  ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്.

ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു  കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

അത്തം

അത്തം

ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങൾ  ഓണക്കാലത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി തുടങ്ങുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തംനാൾ. ഇനി മഹാബലിയെ വരവേല്‍ക്കാന്‍ നീണ്ട കാത്തിരിപ്പിന്റെ പത്തു നാളുകള്‍...

പൂക്കളം ഒരുക്കേണ്ട ചിട്ടകൾ

പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം. അതിന്റെ പ്രതീകമായാണ് ഇല്ലം നിറ നടക്കുന്നത്.

ഇല്ലം നിറ

കേരളീയഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. 'നിറ'യെന്നും 'പൊലി'യെനും. 'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്ന ആ പ്രാർഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.

പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്. ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെൽക്കതിരുകൾ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.

നിറപുത്തിരി ചടങ്ങുകൾ ശബരിമലയിൽ എല്ലാവർഷവും നടക്കാറുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക് നിറപുത്തിരി നടക്കും. ശ്രീകോവിലിനുള്ളിൽ പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് നൽകും.

രാജഭരണകാലം മുതൽ നടന്നുവന്നതും, പിന്നീട് ജനാധിപത്യ ഭരണ സംവിധാനത്തിലും ഹരിപ്പാട് ട്രഷറി ഓഫിസിൽ നിറപുത്തിരി നടന്നുപോരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും പൂജിച്ച് നൽകുന്ന നെൽകതിർ ആചാര്യ മര്യാദകളോട് എഴുന്നള്ളത്തായി ട്രഷറിയിൽ എത്തി ഖജനാവിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്.

ഇല്ലം നിറ പണ്ട് വീടുകളിൽ ആഘോഷിച്ചിരുന്നത് ഇന്നു ക്ഷേത്രങ്ങളിൽ മാത്രമായി. കർക്കിടകത്തിൽ ദാരിദ്ര്യം മഴയിൽ തകർത്താടുമ്പോൾ ചിങ്ങം ഉണ്ണാനും ഉടുക്കാനുമുളള സമ്പന്നത തന്നിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലമായതുകൊണ്ട് ആഘോഷങ്ങൾക്കു പഞ്ഞവുമില്ല.  അതിനുദാഹരണമാണ് ഇന്നു നമ്മൾ ആഘോഷിക്കുന്ന അത്തച്ചമയവും പുലികളിയും സദ്യയും ഓണപ്പൂക്കളവുമെല്ലാം. ഓണം ഒരു കൊയ്ത്തുൽസവമാണ്.

അത്തപ്പൂവ്

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിരപൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കരതുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.

ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.